Devi

Devi

Monday, June 27, 2016

ദിവസം 154. ശ്രീമദ്‌ ദേവീഭാഗവതം. 6. 27 നാരദന്‍റെ വിവാഹം

ദിവസം 154. ശ്രീമദ്‌ ദേവീഭാഗവതം. 6. 27  നാരദന്‍റെ വിവാഹം

തത് പുത്ര്യാ വചനം ശ്രുത്വാ രാജാ ധാത്രീമുഖാത്തത:
ഭാര്യം പ്രോവാച കൈകെയീം സമീപസ്ഥാം സുലോചനാം
യദുക്തം വചനം കാന്തേ ധാത്ര്യാ തത്തു ത്വയാ ശ്രുതം
വൃതോയം നാരദ: കാമം മുനിര്‍ വാനര വക്ത്രഭാക് 

നാരദന്‍ തുടര്‍ന്നു: കുമാരിയുടെ ആഗ്രഹം ധാത്രിയില്‍ നിന്നും അറിഞ്ഞ രാജ്ഞി രാജാവിനെ വിവരമറിയിച്ചു. അപ്പോള്‍ രാജാവ് പരിഹാസഭാവത്തില്‍ ഇങ്ങിനെ പറഞ്ഞു: ‘നമ്മുടെ പുത്രി ആ നാരദമുനിയെ വരിച്ചുപോലും! വാനരമുഖമല്ലേ ആ വടുവിനുള്ളത്? ഞാനെങ്ങിനെയാണ് അവനെന്റെ സുന്ദരിയായ മകളെ നല്‍കുക? എന്താണവള്‍ ചിന്തിച്ചത്? പ്രിയേ, ആ മുനിയില്‍ മോഹം പൂണ്ടിരിക്കുന്ന മകളോട് ശാസ്ത്രവും യുക്തിയും പറഞ്ഞ് അവളെ അതില്‍ നിന്നും പിന്തിരിപ്പിക്കണം.’

ഭര്‍ത്താവിന്‍റെ ആഗ്രഹമനുസരിച്ച് രാജ്ഞി മകളെ ഉപദേശിച്ചു. ‘നീയെവിടെ? ആ ഭിക്ഷുവെവിടെ? അയാളുടെ ദേഹം ചാരം പൂശി പരുപരുത്തതും അയാളുടെ രൂപം അത്യന്തം ഗര്‍ഹണീയവുമല്ലേ? മിടുക്കിയായ നീയെങ്ങിനെ ആ കുരൂപനില്‍ താല്‍പ്പര്യമുള്ളവളായി? നിനക്ക് നല്ലൊരു രാജകുമാരനാണ് ചേരുക. വാനരമുഖനായ ഈ മുനിയില്‍ നിനക്കെങ്ങിനെ പ്രീതിയുണ്ടാവാനാണ്? നിന്‍റെ അച്ഛന്‍ ആകെ വിഷമിച്ചിരിക്കുന്നു. കോമളമായ പിച്ചകവല്ലിയെങ്ങിനെ മുള്ളുമരത്തില്‍ ചേര്‍ന്ന് പടരും? അത് കണ്ടാല്‍ ബുദ്ധിയുള്ള ആര്‍ക്കും മനസ്സൊന്നു പിടയ്ക്കും. ഒട്ടകത്തിനു തിന്നാന്‍ ആരാണ് വെറ്റിലത്തളിര് നല്‍കുക? വിരൂപനായ നാരദന്‍ നിന്‍റെ കരം പിടിച്ചു നില്‍ക്കുന്ന വേളീ ചിത്രം ആര്‍ക്ക് സഹിക്കാനാവും? മാത്രമല്ല കുമുഖനായ ഒരുവനുമൊത്ത് ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടുക എന്നത് ഓര്‍ക്കാന്‍ കൂടി വയ്യ.’

അമ്മയുടെ വാക്കുകള്‍ കേട്ട് കുമാരി ദുഖിതയായി. എങ്കിലും അവള്‍ മുനിയെത്തന്നെ വരിക്കണമെന്നുള്ള ദൃഢമായ തീരുമാനത്തില്‍ എത്തിയിരുന്നു. ‘മൂര്‍ഖനായ ഒരുവന്‍ സുന്ദരനായിട്ടെന്തു കാര്യം? കഴിവുകെട്ട കോമളരാജകുമാരനെക്കൊണ്ട് രാജ്യത്തിനെന്താണ് നേട്ടം? കാട്ടിലെ മാന്‍പേടകള്‍ പാട്ടിന്‍റെ വശീകരണശക്തിയാല്‍ ആകര്‍ഷിക്കപ്പെട്ട് അപകടത്തില്‍ ചെന്ന് ചാടുന്നു. മൂര്‍ഖനായ ഒരാളുടെ ഭാര്യയാവുന്നത് മാന്‍പേടയുടെ ദുര്‍വിധിയെക്കാള്‍ കഷ്ടമാണ്. അമ്മേ, നാരദമുനിയുടെ സംഗീതം അഭൌമമാണ്. അത്തരം നാദവിദ്യ അറിയുന്നതായി മഹാദേവനും ഈ മുനിയുമല്ലാതെ മൂന്നാമതൊരാളില്ല. സ്വരസഞ്ചാരം, രാഗരസവിന്യാസങ്ങള്‍ എല്ലാം അറിയാവുന്ന ചിലരൊക്കെ ഉണ്ടാവാം. എന്നാല്‍ എട്ടു രസങ്ങളും അറിഞ്ഞവര്‍ ദുര്‍ലഭമാണ്. അങ്ങിനെയുള്ളവര്‍ ചിലപ്പോള്‍ ഭൌതീകമായി ദുര്‍ബലരായിരിക്കാം.

ഒരുവനെ കൈലാസത്തിലേയ്ക്കാനയിക്കുന്ന പുണ്യതീര്‍ത്ഥങ്ങളാണ് ഗംഗയും സരസ്വതിയും എന്ന് പ്രസിദ്ധം. അങ്ങിനെയുള്ള ഒരു പുണ്യതീര്‍ത്ഥമാണ് സ്വരജ്ഞാനിയായ മനുഷ്യന്‍. സ്വരമാനം അറിയുന്നവന്‍ ദേവന്‍ തന്നെയാണ്. സ്വരജ്ഞാനിയല്ലെങ്കില്‍ ഇന്ദ്രന്‍ പോലും മൃഗസമന്‍. സംഗീതത്തില്‍ മതിമയങ്ങുന്ന പാവം മാന്‍പേടകളല്ല മൃഗനാമത്തിനര്‍ഹര്‍. സ്വരവിസ്താരം, താനം, മൂര്‍ച്ഛനം എന്നിവയില്‍ ഹൃദയമുരുകാത്തവനാണ് മൃഗം. കാതില്ലെങ്കിലും സംഗീതം ആസ്വദിക്കുന്ന സര്‍പ്പങ്ങള്‍ ചെവിയുണ്ടായിട്ടും സ്വരസൌന്ദര്യം ആസ്വദിക്കാത്ത മനുഷ്യരേക്കാള്‍ എത്രയോ ശ്രേഷ്ഠരാണ്? ചെറുപൈതങ്ങള്‍ പോലും സ്വരമാധുരിയില്‍ വിലീനരാവും. എന്നാല്‍ അതിനു കഴിവില്ലെങ്കില്‍ വെറുതെ പ്രായമേറിയിട്ടു കാര്യമില്ല.

അച്ഛന് നാരദമുനിയുടെ ഗുണഗണങ്ങള്‍ അറിയില്ല. മൂന്നുലോകത്തും സാമഗാനപ്രാവീണ്യം ഇത്രത്തോളം മറ്റാര്‍ക്കുമില്ല. ഞാന്‍ അദ്ദേഹത്തെ മനസാ വരിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്‍റെ മുഖ വൈരൂപ്യം ശാപവശാല്‍ വന്നു ചേര്‍ന്നതാണ്. ദേവസംഗീതജ്ഞരായ കിന്നരന്മാര്‍ക്ക് കുതിരമുഖമല്ലേ? എന്നിട്ടവരെ ആരെങ്കിലും വെറുക്കുന്നുണ്ടോ? ഏതായാലും ഞാനാ മുനിവര്യനെ വരിച്ചുകഴിഞ്ഞു എന്ന് പിതാവിനെ അറിയിക്കൂ.’

പുത്രിക്ക് നാരദനിലുള്ള ഉല്‍ക്കടമായ അഭിനിവേശം കണ്ട രാജ്ഞി രാജാവിനെ വിവരമറിയിച്ചു. ‘ഇനി നാം കുമാരിയെ നല്ല നാള് നോക്കി മുനിക്ക് നല്‍കുകയാണ് നല്ലത്’.

രാജാവ് വിധിപൂര്‍വ്വകം നാരദനും ദമയന്തിയുമായുള്ള വിവാഹം നടത്തി.

നാരദന്‍ തുടര്‍ന്നു: ആ കൊട്ടാരത്തില്‍ വാനരമുഖനായ ഞാന്‍ മനോദുഖത്തോടെ കഴിഞ്ഞുവന്നു. രാജകുമാരി എന്‍റെയടുക്കല്‍ വരുമ്പോള്‍ ഞാന്‍ എന്‍റെ വിരൂപമുഖത്തെപ്പറ്റി ആലോചിച്ചു ദുഖിതനാകും. എന്നാല്‍ എന്നെക്കണ്ട് കുമാരി ഒരിക്കലും മുഖം കറുപ്പിച്ചില്ല. അവള്‍ സംതൃപ്തയായിരുന്നു. എന്‍റെ വൈരൂപ്യം അവളെ തെല്ലും അലട്ടിയില്ല.

ഇങ്ങിനെ കുറച്ചു കാലം കഴിയവേ പര്‍വ്വതമുനി കൊട്ടാരത്തില്‍ വന്നു ചേര്‍ന്നു. അദേഹത്തെ ഞാന്‍ ഉപചാരപൂര്‍വ്വം സ്വീകരിച്ചിരുത്തി. വേളികഴിഞ്ഞു ചിന്താകുലനായിരിക്കുന്ന എന്നോട് അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ഒരു നിമിഷത്തെ കോപം കൊണ്ട് അങ്ങയെ ശപിച്ചുപോയി. ആ രാജകുമാരി എന്തിനാണിത് സഹിക്കുന്നത്? എന്നാല്‍ ഇപ്പോള്‍ത്തന്നെ അതിനു പരിഹാരം ചെയ്യാം. എന്‍റെ പുണ്യം മുഴുവന്‍ ഉപയോഗിച്ച് നിനക്ക് സുന്ദരമായ മുഖം തിരികെ ലഭിക്കട്ടെ.’

നാരദനും പര്‍വ്വതന് പണ്ട് കൊടുത്തിരുന്ന ശാപം ഒഴിവാക്കി. ‘നിനക്ക് സ്വര്‍ഗ്ഗത്തില്‍ വീണ്ടും പ്രവേശനം ലഭിക്കട്ടെ. നിന്നിലെ മനോവിഷമങ്ങള്‍ ഇല്ലാതെയാകട്ടെ’

നാരദന്‍ തുടര്‍ന്നു: എന്‍റെ മുഖം സുന്ദരമായിത്തീര്‍ന്നു. രാജകുമാരി സന്തോഷത്തോടെ അമ്മയോട് വിവരം പറഞ്ഞു. രാജ്ഞി രാജാവിനെയും വിവരമറിയിച്ചു. രാജാവ് എനിക്കും പര്‍വ്വതനും വേണ്ടത്ര സമ്മാനങ്ങള്‍ നല്‍കി. മായയുടെ മാഹാത്മ്യം വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല. ദേഹമെടുത്ത ആര്‍ക്കും മായയുടെ പിടിയില്‍ നിന്നും മോചനമില്ല. അവര്‍ക്കൊന്നും പരിപൂര്‍ണ്ണ സുഖം എന്നത് ഇല്ലേയില്ല. മായയുടെ പിടിപാട് എത്ര പ്രബലമാണെന്ന് ഞാനങ്ങിനെ അനുഭവം കൊണ്ട് മനസ്സിലാക്കി.

അതിബലശാലികളായ കാമക്രോധമദമോഹലോഭമാത്സര്യങ്ങള്‍ പൂര്‍ണ്ണമായി വിട്ടകന്ന ആരും ത്രിലോകങ്ങളില്‍പ്പോലും ഇല്ല.  സത്വ-രജസ്-തമോ ഗുണങ്ങള്‍ മൂലമാണ് ദേഹം ഉല്‍പ്പന്നമാവുന്നത്. അതിനൊപ്പംതന്നെ മോഹാദികളും ഉണ്ടാവുന്നു.

ഒരിക്കല്‍ മഹാവിഷ്ണുവുമൊത്ത് കാട്ടില്‍ നടക്കുമ്പോള്‍ തമാശയ്ക്ക് ഞാനൊരു സ്ത്രീയായി മാറി. തല്‍ക്ഷണം ഞാന്‍ ഒരു രാജപത്നിയായിത്തീര്‍ന്നു. രാജകൊട്ടാരത്തില്‍ ജീവിച്ചു വന്ന ഞാന്‍ അവിടെ അനേകം കുട്ടികള്‍ക്ക് ജന്മം നല്‍കി.

വ്യാസന്‍ ചോദിച്ചു: മഹാമുനേ, ഇതതിശയകരമായിരിക്കുന്നു. അതീവജ്ഞാനിയായ അങ്ങെങ്ങിനെ നാരിയായി?  ഏതു രാജാവിന്‍റെ പത്നിയായാണ് അങ്ങ് പുത്രന്മാര്‍ക്ക് ജന്മം നല്‍കിയത്? പിന്നെടെങ്ങിനെ വീണ്ടും പുരുഷനായി? ചരാചരമായ സകലതിനെയും മോഹിപ്പിക്കുന്നതാരാണ്? ആ മായാ ദേവിയുടെ ചരിതം വിവരിച്ചുതന്നെ പറഞ്ഞു തന്നാലും. സര്‍വ്വജ്ഞാനസാരമാണല്ലോ അങ്ങയുടെ കഥകളില്‍ നിന്നും നിര്‍ഗ്ഗളിക്കുന്നത്. അതുകൊണ്ട് അങ്ങയുടെ കഥാരസമാകുന്ന അമൃത് എത്ര കുടിച്ചാലും മതിവരുന്നില്ല.   

No comments:

Post a Comment