ദിവസം 152. ശ്രീമദ് ദേവീഭാഗവതം. 6. 25. വ്യാസമോഹോപപാദനം
വാസവീ ചകിതാ ജാതാ ശ്രുത്വാ
മി വാക്യ മീദൃശം
ദാശേയീ മാമുവാചേദം പുത്രാര്‍ത്ഥേഭൃശമാതുരാ
അംബാലികാ വധുര്‍ ധന്യാ
കാശിരാജസുതാ സുത
ഭാര്യാ വിചിത്ര വീര്യസ്യ
വിധവാ ശോകസംയുതാ
വ്യാസന്‍ തുടര്‍ന്നു:
പിന്നീട് അമ്മതന്നെ എന്നോട് കാശിരാജാവിന്റെ പുത്രിയായ അംബാലികയില്‍ പുത്രോല്‍പ്പാദനം
നടത്താന്‍ ആവശ്യപ്പെട്ടു. ‘അന്ധന്‍ രാജപദവിക്ക് അര്‍ഹനല്ല. അതുകൊണ്ട് സുന്ദരിയും
സര്‍വ്വഗുണസമ്പന്നയുമായ അവളില്‍ ഒരുത്തമ പുത്രനെ നീ ജനിപ്പിക്കുക’.
അമ്മ പറഞ്ഞതനുസരിച്ച്
ഋതുസ്നാനശേഷം ആ സുന്ദരി എന്‍റെ മുറിയിലെത്തി. ദേഹമെല്ലാം ജരബാധിച്ച താപസനും
ജഡാധാരിയുമായ എന്നെക്കണ്ട് അവളാകെ വിളറിപ്പോയി. അങ്ങിനെ വെറുപ്പോടെ മനസ്സ് തളര്‍ന്നു
നിന്ന അവളോടെനിക്ക് കോപം വന്നു. അതുടനെ ഒരു ശാപവാക്കായി പുറത്തുവരികയും ചെയ്തു.
‘നീ സ്വന്തം സൌന്ദര്യത്തില്‍ മദിച്ച് മുനിയായ എന്നെക്കണ്ടപ്പോള്‍ വിളറിപ്പോയി.
നിനക്കുണ്ടാവുന്ന പുത്രന്‍ പാണ്ഡുവായിത്തീരും എന്ന് പറഞ്ഞുകൊണ്ട് ഞാനവളെ
സന്ധിച്ചു.
പിറ്റേന്ന്തന്നെ ഞാന്‍ അമ്മയോട് യാത്രപറഞ്ഞു കൊട്ടാരം വിട്ടു.
കാലക്രമത്തില്‍ രാജ്ഞിമാര്‍ അന്ധനായ ഒരു പുത്രനും പാണ്ട് രോഗം ബാധിച്ച മറ്റൊരു
പുത്രനും ജന്മം കൊടുത്തു. അവരാണ് ധൃതരാഷ്ട്രരും പാണ്ഡുവും. ഒരുകൊല്ലം കഴിയേ അമ്മ
വീണ്ടും ആകുലചിത്തയായി എന്നെ സ്മരിച്ചു. ‘ഇതുപോലെ വികല ദേഹമുള്ള പുത്രന്മാരാണല്ലോ
വംശരക്ഷയ്ക്കായി പിറന്നത്. അവര്‍ക്ക് രാജപദവി ചേരുകയില്ല. അതിനാല്‍ നീ കോമളനായ
മറ്റൊരു പുത്രനെക്കൂടി ജനിപ്പിക്കുക’’ എന്നമ്മ എന്നോടാവശ്യപ്പെട്ടു.
അമ്മ അംബാലികയോട് ‘നീ
വ്യാസനുമായി ബന്ധപ്പെട്ട് ഒരുത്തമപുത്രനെ ജനിപ്പിക്കണം’ എന്നാവശ്യപ്പെട്ടു.
അംബാലിക മറുപടിയൊന്നും പറഞ്ഞില്ല. അമ്മ പറഞ്ഞതനുസരിച്ചു ഞാന്‍ ശയ്യാഗാരത്തില്‍
ചെന്നപ്പോള്‍ അംബിക തനിക്കുപകരം യൌവനയുക്തയായ ഒരു ദാസിയെയാണ് എന്‍റെയടുക്കല്‍
പറഞ്ഞുവിട്ടത്. ചന്ദനം പൂശി അണിഞ്ഞൊരുങ്ങിയ ദാസി എന്നെ പ്രേമപൂര്‍വ്വം പരിചരിച്ചു.
പുഷ്പമാല്യമണിഞ്ഞ അവളുടെ അന്നനടയും എന്നോടുള്ള അഭിവാഞ്ജയും എന്നെ പ്രസന്നനാക്കി.
അവളുമൊത്ത് സസന്തോഷം രമിച്ച് മടങ്ങുമ്പോള്‍
വരമായി സര്‍വ്വഗുണങ്ങളും തികഞ്ഞ ഒരു പുത്രന്‍ നിനക്കുണ്ടാവും എന്ന് ഞാന്‍
അവള്‍ക്ക് വരം നല്‍കി. ആ സദ്‌പുത്രനാണ് വിദുരന്‍. പരസ്ത്രീകളുമായി
ബന്ധമുണ്ടായപ്പോള്‍ എന്നിലെ മായാമോഹം
കൂടിക്കൂടിവന്നു. ശുകനെ പിരിഞ്ഞതിന്റെ ദുഃഖം എന്നെ വിട്ടകന്നു. ഇപ്പോള്‍ എനിക്ക്
വീരന്മാരായ മൂന്നു പുത്രന്മാര്‍ ഉണ്ടല്ലോ!
ഈ മായയുടെ കെട്ട് അഴിക്കാന്‍
വലിയ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ അമ്മ, മക്കള്‍ എന്നിവയെല്ലാം എനിക്ക്
പ്രാധാന്യമുള്ള കാര്യങ്ങളായിത്തീര്‍ന്നു. മഹാതപസ്വിയെന്നു പേരുകേട്ട എനിക്ക്
ഇവരെപ്പറ്റിയുള്ള ചിന്തകള്‍ മൂലം കാട്ടില്‍പ്പോയി
തപം ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഹസ്തിനാപുരിയില്‍ ഇരിക്കുമ്പോള്‍
സരസ്വതീതീരത്തെ പര്‍ണ്ണശാലയിലെത്താന്‍ മനസ്സ് വെമ്പും. അവിടെയെത്തിയാലോ
കൊട്ടാരത്തിലെത്താനാണ് ധൃതി.
ചിലപ്പോള്‍ ബോധോദയം വരും
‘വ്യഭിചാരത്താല്‍ ഉണ്ടായ മക്കള്‍ എനിക്ക് പിതൃകര്‍മ്മം ചെയ്യാന്‍ ജനിച്ചവരാണോ?
ഇവരെക്കൊണ്ട് എനിക്ക് സുഖം കിട്ടുമോ? അതോ ഈ മായാമോഹം എന്നെ വലിച്ചുലയ്ക്കുന്ന
കാഴ്ചയാണോ ഇതെല്ലാം? ഞാന്‍ അറിഞ്ഞുകൊണ്ടാണ് മായാമോഹമെന്ന അന്ധകൂപത്തില്‍
പതിച്ചതെന്ന് നിശ്ചയം!’ ഇങ്ങിനെ ആലോചിച്ചിരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ മനസ്സിന്
ഏകാഗ്രത കിട്ടും.
പാണ്ഡുവിനെ രാജാവാക്കി.
ധൃതരാഷ്ട്രര്‍ അന്ധനാണല്ലോ. ശൂരസേനപുതിയായ കുന്തിയെ പാണ്ഡു വിവാഹം ചെയ്തു. കൂടാതെ
മാദ്രരാജ്യത്തിലെ രാജകുമാരി മാദ്രിയും അയാള്‍ക്ക് വധുവായി. രണ്ടു യുവസുന്ദരികള്‍
രാജ്ഞികളായി ഉണ്ടായിരുന്നുവെങ്കിലും പാണ്ഡുവിന് ദാമ്പത്യസുഖം
വിധിച്ചിട്ടില്ലായിരുന്നു. അയാളെ ഒരു ബ്രാഹ്മണന്റെ ശാപം പിടികൂടിയിരുന്നു.
കാമത്തോടെ ഒരുവളെ പുല്‍കിയാല്‍ അന്നേരം പാണ്ഡുവിനു മരണം ഉറപ്പായിരുന്നു. അതുകൊണ്ട്
അയാള്‍ വിരക്തനായി കാട്ടില്‍ക്കഴിഞ്ഞു. രാജ്ഞിമാരും കൂടെക്കഴിഞ്ഞുവന്നു. മകന്‍റെ ഈ
ഗതി കണ്ടു ഞാന്‍ സങ്കടപ്പെട്ടു. അവനെ കാട്ടില്‍ ചെന്നു കണ്ടു സമാധാനിപ്പിച്ചു.
ശൂരസേനപുത്രിയായ കുന്തിക്ക്
പണ്ട് കിട്ടിയ വരബലത്താല്‍ ധര്‍മ്മദേവന്‍, വായു, ഇന്ദ്രന്‍ എന്നീ ദേവതകളില്‍
നിന്നായി ധര്‍മ്മപുത്രര്‍, ഭീമന്‍, അര്‍ജ്ജുനന്‍ എന്നീ വീരപുത്രന്മാരെ ലഭിച്ചു.
മാദ്രിക്ക് അശ്വിനീ ദേവകളില്‍ നിന്നും നകുലന്‍, സഹദേവന്‍ എന്നീ പുത്രന്മാരെയും
കിട്ടി.
ഒരുദിവസം കാമപരവശനായ രാജാവ്
മാദ്രിയെ പുല്‍കി ഉടനെതന്നെ മരണമടഞ്ഞു. രാജ്ഞിയായ മാദ്രി ഉടന്തടി ചാടി സ്വയം
മരണത്തെ സ്വീകരിച്ചു. അങ്ങിനെ കുന്തിയും അഞ്ചുപുത്രന്മാരും ബാക്കിയായി. അവരെ
മുനിമാര്‍ ഹസ്തിനാപുരിയില്‍ എത്തിച്ചു. ഭീഷ്മരും വിദുരനും അവര്‍ക്ക് സഹായമരുളി. രാജാവായ
.ധൃതരാഷ്ട്രരും അവരെ സഹായിച്ചു.
ധൃതരാഷ്ട്രരുടെ ഭാര്യ
ഗാന്ധാരി ഭര്‍ത്താവിന്‍റെതുപോലെയുള്ള അന്ധജീവിതം നയിക്കാന്‍ സ്വയം അന്ധത്വം സ്വീകരിച്ചു. അവരുടെ മക്കള്‍,
കൌരവര്‍, ദുര്യോധനന്‍ മുതലായവര്‍ പാണ്ഡവരെ ദ്രോഹിച്ചും കലഹിച്ചും കൊട്ടാരത്തില്‍
കഴിഞ്ഞു വന്നു. ഭീഷ്മര്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ദ്രോണരെ നിയോഗിച്ചു.
കുന്തിയില്‍ കൌമാരകാലത്ത്
സൂര്യപുത്രനായി ജനിച്ച കര്‍ണ്ണന്‍ ജനിച്ചപ്പോഴേ ഉപേക്ഷിക്കപ്പെട്ടിരുന്നു.
സൂതപുത്രനായി വളര്‍ന്ന കര്‍ണ്ണനാണ് ദുര്യോധനന്റെ ഉറ്റമിത്രം. ഏട്ടന്‍ അനിയന്‍
മക്കള്‍ തമ്മില്‍ പരസ്പരം വഴക്കുകള്‍ തുടര്‍ന്നു. അതിനൊരു പരിഹാരമായി രാജാവ്
പാണ്ഡവരെ വാരണാവതനഗരത്തിലേയ്ക്ക് മാറ്റി താമസിപ്പിച്ചു. ദുര്യോധനന്‍ അവിടെ
പാണ്ഡവര്‍ക്ക് വേണ്ടി അരക്കില്ലങ്ങള്‍ പണികഴിപ്പിച്ചു. പാണ്ഡവരെ നശിപ്പിക്കണം
എന്നതായിരുന്നു അവന്റെ ഉദ്ദേശം.
കുന്തിയും മക്കളും
അരക്കില്ലത്തിനു തീപിടിച്ചു വെന്തുമരിച്ചുവെന്ന് കേട്ട ഞാന്‍ ആകുലപ്പെട്ടു
വനത്തില്‍ അലഞ്ഞുനടന്നു. അങ്ങിനെ നടക്കവേ പെട്ടെന്ന് പാണ്ഡവന്‍മാരെ ജീവനോടെ
കണ്ടുകിട്ടി. അവരെ ഞാന്‍ ദ്രുപദരാജാവിന്‍റെ കൊട്ടാരത്തിലേയ്ക്ക് പറഞ്ഞയച്ചു.
വിപ്രവേഷത്തില്‍ മാന്തോലും ധരിച്ചു ക്ഷീണിതരായി നടന്ന പാണ്ഡവന്മാര്‍ ദ്രുപദന്റെ
കൊട്ടാരത്തില്‍ എത്തിയപ്പോള്‍ അവിടെ ദ്രുപദപുത്രിയുടെ വിവാഹപ്പന്തയം നടക്കുന്നു.
അര്‍ജുനന്‍ തന്‍റെ കരവിരുതുകൊണ്ട് ദ്രൌപദിയെ നേടി. അവളെ അഞ്ചുപേര്‍ക്കും ഭാര്യയാക്കാന്‍
കുന്തി പറഞ്ഞത് അവരനുസരിച്ചു. കൊച്ചുമക്കളുടെ വേളി കണ്ടു ഞാന്‍ സന്തോഷിച്ചു.
പാഞ്ചാലിയുമൊത്ത് അവര്‍ ഹസ്തിനാപുരത്ത് ചെന്ന് ധൃതരാഷ്ട്രരെ കണ്ടു. രാജാവ്
ഖാണ്ഡവപ്രസ്ഥം പാണ്ഡവര്‍ക്കായി പതിച്ചുനല്‍കി. ആ വനപ്രദേശം അഗ്നിയില്‍ എരിപ്പിച്ച്
വാസയോഗ്യമാക്കിയത് സാക്ഷാല്‍ വാസുദേവനായിരുന്നു. പിന്നെയവിടെ വലിയൊരു കൊട്ടാരം
പണിത് രാജസൂയം നടത്തി പാണ്ഡവര്‍ സൌഖ്യമായി
വാഴുന്നത് സന്തോഷത്തോടെ ഞാന്‍ കണ്ടു.
മയന്‍ നിര്‍മ്മിച്ച
അത്ഭുതാവഹമായ കൊട്ടാരവും രാജസൂയത്തിന്‍റെ പ്രൌഢിയും കണ്ടു കൌരവര്‍ക്ക് അസൂയയായി.
അവര്‍ പാണ്ഡവരെ ചൂത് കളിക്കാന്‍ ക്ഷണിച്ചുവരുത്തി. ശകുനിയെക്കൊണ്ട് ചൂത്
കളിപ്പിച്ച് അവന്റെ കള്ളച്ചൂതില്‍ ധര്‍മ്മപുത്രനെ തോല്‍പ്പിച്ച് കൌരവര്‍
പാണ്ഡവരുടെ സകല സ്വത്തുക്കളും കൈക്കലാക്കി. രാജ്യവും ധനവും പാഞ്ചാലി പോലും അവരുടെ
അധീനത്തിലായി. എന്‍റെ ദുഃഖം വീണ്ടും വര്‍ദ്ധിച്ചു.
No comments:
Post a Comment