ദിവസം 151. ശ്രീമദ് ദേവീഭാഗവതം. 6. 24 വ്യാസോദന്തം
ഭഗവന്‍സ്ത്വന്‍ മുഖാംബോജാത്
ച്യുതം ദിവ്യകഥാരസം
ന തൃപ്തിമധിഗച്ഛാമി
പിബംസ്തു സുധയാ സമം
വിചിത്ര മിദ മാഖ്യാനം കഥിതം
ഭവതാ മമ
ഹൈഹയാനാം സമുത്പത്തിര്‍
വിസ്തരാദ്വിസ്മയപ്രദാ
ജനമേജയന്‍ പറഞ്ഞു: ഭഗവന്‍, അങ്ങ്
പറയുന്ന കഥകള്‍ എത്രകേട്ടാലും മതിവരാത്തതും അമൃതിനു സമവുമാണ്. ഹൈഹയവംശത്തിന്‍റെ കഥ എത്ര
അത്ഭുതകരം! ഈ കഥയില്‍ ഭഗവാന്‍ വിഷ്ണു
സ്വയം ഒരശ്വമായിത്തീര്‍ന്നുവല്ലോ. സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്കെല്ലാം കാരണനായ
സാക്ഷാല്‍ മഹാവിഷ്ണുപോലും പരതന്ത്രനായിത്തീര്‍ന്നതെങ്ങിനെയാണ്? അങ്ങ്
എല്ലാമറിയുന്നവന്‍. എന്‍റെ ഈ സംശയത്തെയും ദൂരീകരിച്ചാലും.
വ്യാസന്‍ പറഞ്ഞു: പണ്ട്
എന്നോടു നാരദന്‍ പറഞ്ഞ ഒരു കഥ അതുപോലെ തന്നെ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാം.
അങ്ങിനെ നിങ്ങളുടെ സംശയത്തിന് അറുതിവരും എന്നെനിക്ക് ഉറപ്പുണ്ട്. നാരദന്‍ സര്‍വ്വലോകങ്ങളിലും
സഞ്ചരിക്കുന്ന മഹാമുനിയാണ്. ബ്രഹ്മദേവന്‍റെ മാനസപുത്രന്‍. എല്ലാമെല്ലാം അറിയുന്ന ആ
കവി പുംഗവന്‍ ഒരിക്കല്‍ തന്‍റെ വീണയായ മഹതിയില്‍ സാമഗാനങ്ങള്‍ ആലപിച്ചുകൊണ്ട്
ആത്മലയത്തില്‍ നിമഗ്നനായി നടന്ന് എന്‍റെ ആശ്രമത്തിലും എത്തി. ഞാനന്ന്
സരസ്വതീതീര്‍ത്ഥത്തിലുള്ള ശമ്യാപ്രാസത്തില്‍ കഴിയുന്നു. മാമുനിമാര്‍ക്ക് വളരെ
പ്രിയപ്പെട്ട ഒരു പരിപാവനമായ ഇടമാണത്. ബ്രഹ്മപുത്രനായ മഹാത്മാവിനെ ഉപചാരപൂര്‍വ്വം
ഞാന്‍ സ്വീകരിച്ചാനയിച്ചു. അര്‍ഘ്യപാദ്യാദികള്‍ അര്‍പ്പിച്ചശേഷം അദ്ദേഹത്തിനു
സമീപത്തായി ഞാനും ഇരുന്നു.
‘മഹാമുനേ, ഈ സംസാരത്തില്‍ ആര്‍ക്കും
സുഖം എന്നത് കാണുന്നില്ലല്ലോ. എന്‍റെ കാര്യമെടുത്താല്‍ എന്നെ പ്രസവിച്ച ഉടനെ
അമ്മയെന്നെ ഉപേക്ഷിച്ചു. ഞാന്‍ ദ്വീപിലാണല്ലോ ജനിച്ചത്. ആരോരുമില്ലാത്ത ഒരുവനായി
ഞാന്‍ വനങ്ങളിലും മറ്റുമായി വളര്‍ന്നു. തപസ്സു ചെയ്തു. പുത്രന്‍ വേണമെന്നുള്ള
ആഗ്രഹത്തോടെ ശ്രീശങ്കരനെ ഭജനം ചെയ്തു. അതിന്റെ ഫലമായി എനിക്ക് ശുകന്‍ എന്നൊരു
സത്പുത്രന്‍ ഉണ്ടായി. അവനെ വേദസാരമെല്ലാം ഞാന്‍ പഠിപ്പിച്ചു. എന്നാല്‍
അവനാണെങ്കില്‍ ഒടുവില്‍ എന്നെ ഉപേക്ഷിച്ചുപോയി. ഞാനാ വിരഹം താങ്ങാനാവാതെ ഏറെ
വ്യസനിച്ചുനടന്നു. അപ്പോള്‍ അങ്ങാണ് എന്നെ സമാധാനിപ്പിച്ചത്.
ഖിന്നമാനസത്തോടെ ഞാന്‍
മേരുപര്‍വ്വതം വിട്ടു കുരുജംഗാലദേശത്ത് അമ്മയെക്കാണാന്‍ ചെന്നു. സംസാരം
മിഥ്യയാണെന്ന് നന്നായി അറിയുന്ന ഞാന്‍ സ്വയം അതിലേയ്ക്ക് ചെന്ന് വീണു. എന്റെ
മാതാവ് ശന്തനുരാജാവിനെ വിവാഹം കഴിച്ച് രണ്ടു കുട്ടികളും അവര്‍ക്ക് ഉണ്ടായി. വിചിത്രവീര്യനും
ചിത്രാംഗദനും. രാജാവ് സത്കര്‍മ്മങ്ങള്‍ ചെയ്ത് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. അമ്മ
ഭീഷ്മരുടെ സംരക്ഷണത്തില്‍ ആയിരുന്നു. ചിത്രാംഗദനെ രാജാവായി വാഴിച്ചുവെങ്കിലും എന്‍റെ
അനിയന്‍ പെട്ടെന്ന് തന്നെ മരണപ്പെട്ടു. രണ്ടാമത്തെവന്‍ വിചിത്രവീര്യന്‍
സുഖിമാനായിരുന്നു. ജ്യേഷ്ഠന്‍ മരിച്ചപ്പോള്‍ അനിയനെ രാജാവാക്കി. ഭീഷ്മര്‍
അവനുവേണ്ടി കാശിരാജാവിന്റെ രണ്ടു പെണ്‍മക്കളെ പന്തയത്തില്‍ ജയിച്ചു കൊണ്ടുവന്ന്
അനിയന് വിവാഹം ചെയ്തു കൊടുത്തു. കുട്ടികള്‍ ഒന്നും ഇല്ലാതെതന്നെ അവന്‍ ക്ഷയം ബാധിച്ച്
പെട്ടെന്ന് മരിച്ചു പോയി.
രണ്ടു രാജപത്നിമാരും സതി
അനുഷ്ഠിക്കാന്‍ തുടങ്ങവേ ഭീഷ്മര്‍ ഉപദേശിച്ചതനുസരിച്ച് രാജമാതാവായ സത്യവതി അവരെ
അതില്‍ നിന്നും പിന്തിരിപ്പിച്ചു. അമ്മ സ്മരിക്കുന്ന മാത്രയില്‍ എത്തിക്കൊള്ളാം
എന്ന് ഞാന്‍ അമ്മയോട് പറഞ്ഞിരുന്നു. അതിന്‍ പ്രകാരം അമ്മ എന്നെ കാണണമെന്ന് മോഹിച്ചമാത്രയില്‍
ഞാന്‍ കൊട്ടാരത്തിലെത്തി. അമ്മയെ നമസ്കരിച്ച് ‘അമ്മേ നീയാണ് എന്‍റെ സര്‍വ്വവും
പരമദൈവതവും. എന്തിനാണ് എന്നെ വിളിച്ചത്? അങ്ങിനെയാണ് ഈ മകന്‍ അമ്മയെ സേവിക്കുക?’
അപ്പോള്‍ ഭീഷ്മരെ
നോക്കിക്കൊണ്ട് അമ്മ പറഞ്ഞു: ‘നിന്‍റെ അനിയന്‍ രാജാവായിരുന്നല്ലോ? അവന്‍
അകാലത്തില്‍ അനപത്യനായി മരിച്ചു. വംശം നിലനിര്‍ത്താന്‍ ഞാനും ഗംഗാദത്തനും ചേര്‍ന്ന് ഒരു
കാര്യം ആലോചിച്ചു. നിനക്ക് മാത്രമേ ഞങ്ങളുടെ ആഗ്രഹം നടപ്പിലാക്കാന്‍ സാധിക്കൂ.
വംശനാശമെന്ന ദുഃഖം ഇല്ലാതാക്കാന്‍ നീ നിന്റെ അനുജന്‍റെ പത്നിമാരായ
കാശിരാജപുത്രിമാരില്‍ സന്താനങ്ങളെ ജനിപ്പിക്കണം. അവരുമായി സംഗമിച്ച് വംശം നിലനിര്‍ത്താന്‍
സഹായിക്കുക. ഇതാണ് നിനക്ക് അമ്മയ്ക്കായി ചെയ്യാനുള്ള കാര്യം.’
‘അമ്മേ, പരപത്നിയെ
പ്രാപിക്കുന്നതില്‍ തെറ്റുണ്ട്. ഞാന്‍ ധര്‍മ്മം വിട്ടു പ്രവര്‍ത്തിക്കുന്നവനല്ല
എന്ന് അമ്മയ്ക്കറിയാം. അനിയന്‍റെ ഭാര്യയെന്നാല്‍ ഒരുവിധത്തില്‍ മകള്‍ തന്നെയാണ്.
വേദം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഞാന്‍ വ്യഭിചാരം ചെയ്യുന്നതെങ്ങിനെ?
വംശം നിലനിര്‍ത്താന്‍ വേണ്ടി എന്തും ചെയ്യാം എന്ന് പറയുന്ന ശാസ്ത്രം ഞാന്‍
പഠിച്ചിട്ടില്ല.’
എന്നാല്‍ പുത്രശോകത്താല്‍
കരയുന്ന അമ്മ എന്‍റെ ന്യായങ്ങള്‍ ഒന്നും ചെവിക്കൊണ്ടില്ല. ‘സ്വന്തം അമ്മ നിന്നോടു
പറയുന്നു അതില്‍ ദോഷമില്ല എന്ന്. അമ്മയുടെ വാക്കിനോളം വലുതല്ല ഒരു ശാസ്ത്രവും.
ദോഷമുണ്ടെങ്കിലും ഗുരുശാസനം അനുസരിക്കണം എന്നുണ്ടല്ലോ. ഇതിനെ വിമര്‍ശനബുദ്ധ്യാ
കാണേണ്ടതില്ല. വംശം നിലനിര്‍ത്താന്‍ പുത്രനെ ജനിപ്പിച്ച് അമ്മയെ നീ സന്തോഷിപ്പിക്കൂ.’
ഈ സംഭാഷണം കേട്ട് നിന്ന
ഭീഷ്മരും അമ്മയുടെ വാദത്തെ ശരിവച്ചു. ‘ദ്വൈപായനമുനേ, ഇതില്‍ ചിന്തിക്കാന്‍
ഒന്നുമില്ല. അമ്മയുടെ വാക്കനുസരിച്ച് സുഖിയായി വിഹരിച്ചാലും.’
അമ്മയുടെ ആഗ്രഹവും
ഭീഷ്മരുടെ ആദേശവും കേട്ട ഞാന്‍ നിന്ദ്യമായ ആ കര്‍മ്മം ചെയ്യാമെന്ന് സമ്മതിച്ചു. ഋതുകാലത്ത് അംബികയെ പ്രാപിച്ച എന്‍റെ മുനിവേഷം ഇഷ്ടപ്പെടാത്ത അവള്‍
വേഴ്ചസമയത്ത് കണ്ണുകള്‍ അടച്ചുപിടിച്ചിരുന്നു. ‘നിനക്കുണ്ടാവുന്ന പുത്രന്‍
അന്ധനാവട്ടെ’ എന്ന് ഞാന്‍ അവളെ ശപിക്കുകയും ചെയ്തു. പിറ്റേന്ന് അമ്മയെന്നോടു
ചോദിച്ചപ്പോള്‍ ‘അവള്‍ക്ക് അന്ധനായ ഒരു പുത്രനാണ് ഉണ്ടാവുക’ എന്ന് ഞാന്‍ മുഖം
താഴ്ത്തി മറുപടിയും പറഞ്ഞു. അന്ന്‍ അമ്മയെന്നെ വല്ലാതെ ഭര്‍സിച്ചു. ‘എന്തിനാണ്
നീയിങ്ങിനെ ശാപം നല്‍കിയത്?’ എന്നമ്മ ക്രുദ്ധയായി എന്നോടു ചോദിച്ചു.
No comments:
Post a Comment