Devi

Devi

Monday, June 6, 2016

ദിവസം 149. ശ്രീമദ്‌ ദേവീഭാഗവതം. 6. 22. എകാവലീ ചരിതം

ദിവസം 149. ശ്രീമദ്‌ ദേവീഭാഗവതം. 6. 22. എകാവലീ ചരിതം

പ്രാതരുത്ഥായ തന്വംഗീ ചലിതാ ച സഖീയുതാ
ചാമരൈര്‍ വീജ്യമാനാസാ രക്ഷിതാ ബഹുരക്ഷിഭി:
സായുധൈശ്ചാതി സന്നദ്ധൈ: സഹിതാ വരവര്‍ണ്ണിനീ
ക്രീഡാര്‍ത്ഥമത്ര രാജേന്ദ്ര സമ്പ്രാപ്താ നളിനീം ശുഭാം

യശോവതി പറഞ്ഞു: എകാവലി ഒരു ദിവസം സഖിമാരോടു കൂടി നല്ലൊരു പോയ്കയിലെത്തി. കൂടെ സുരക്ഷാഭടന്മാരും ഉണ്ടായിരുന്നു. ഞാനും ആ കൂട്ടത്തില്‍ കളിച്ചു വിഹരിക്കാന്‍ ഉണ്ടായിരുന്നു. ഞങ്ങളും അപ്സരസ്സുകളും രാജകുമാരിയുമൊത്ത് താമരപ്പൂക്കള്‍ ഇറുത്ത് നില്‍ക്കവേ അതിബലവാനായ ഒരു രാക്ഷസന്‍ അവിടെയെത്തിച്ചേര്‍ന്നു. കാലകേതു എന്നാണവന്‍റെ പേര്. കയ്യില്‍ നാനാവിധ ആയുധങ്ങളുമേന്തി കുറേ കൂട്ടുകാരുമായാണ് അവന്‍ അവിടെയെത്തിയത്. താമരയും കയ്യിലേന്തി, മറ്റൊരു രതീദേവിയാണോ എന്ന് തോന്നുമാറ് സൌന്ദര്യമുള്ള രാജകുമാരിയെ അവന്‍ ശ്രദ്ധിച്ചു.

ഞാന്‍ പെട്ടെന്ന് ‘ആരാണീ ദൈത്യന്‍? നമുക്ക് ഏതായാലും രാജഭടന്മാരുടെ ഇടയിലേയ്ക്ക് പോകാം’ എന്നു കുമാരിയോടു പറഞ്ഞു. എകാവലിയും സഖിമാരും പേടിച്ചുവിറച്ച് സൈന്യമദ്ധ്യത്തില്‍ ചെന്ന് നിന്നു. കാലകേതു കുമാരിയെക്കണ്ട് മോഹഭരിതനായി തന്റെ ഗദയുമെടുത്ത് സൈന്യമദ്ധ്യത്തിലേയ്ക്ക് ചാടി. കരയുന്ന എകാവലിയെ അവന്‍ ബലമായി കടന്നു പിടിച്ചു. ‘കുമാരിയെ വെറുതെ വിടൂ. ഞാന്‍ പകരം വരാം’ എന്ന് ഞാന്‍ കെഞ്ചി നോക്കി. എന്നെ അവഗണിച്ച് ആ ദുഷ്ടന്‍ കുമാരിയും കൊണ്ട് കടന്നു കളഞ്ഞു.

രാജഭടന്മാര്‍ അവനുമായി മല്ലിട്ടു. അവന്‍റെ കൂട്ടുകാരും അക്രമത്തില്‍ മോശമായിരുന്നില്ല. കാലകേതുവും കൂട്ടരും കൂടി രക്ഷാഭടന്മാരെയെല്ലാം കൊന്നു കുമാരിയെ കൊണ്ടുപോയി. എന്‍റെ സഖിയുടെ കൂടെ ഞാനുമുണ്ട് എന്ന് പറഞ്ഞു ഞാന്‍ കൂടെ ഓടിച്ചെന്നു. ഞാന്‍ കൂടെയുണ്ടെന്ന് കണ്ട് കുമാരിക്ക് ഒരല്‍പം ആശാസം വന്നു. അടുത്തു ചെന്നപ്പോള്‍ അവളെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.

അപ്പോള്‍ കാലകേതു എന്നോടു പറഞ്ഞു: ‘നീയാ കുമാരിയെ ആശ്വസിപ്പിക്കൂ അവളാകെ പേടിച്ചിരിക്കുന്നു.’ അവരെല്ലാവരുംകൂടി രാക്ഷസന്‍റെ നഗരത്തിലെത്തി. 

കാലകേതു സൌമ്യനായി രാജകുമാരിയോടു പറഞ്ഞു: ‘പ്രിയേ, നാം നമ്മുടെ ദേവലോകത്തിലെത്തിക്കഴിഞ്ഞു. ‘ഇനി ഞാന്‍ നിന്‍റെ രതിദാസനാണ്. വെറുതേ ദുഖിക്കുന്നതെന്തിനാണ്?’

കാലകേതു എന്നെയും കുമാരിയും ഒരു മണിമാളികയില്‍ ആക്കി. കാവലിനു രാക്ഷസ പ്രമുഖന്മാരെ ഏര്‍പ്പാട് ചെയ്തു. അയാള്‍ എന്നെ വിളിച്ച് പറഞ്ഞു: ‘നീയാ സുന്ദരിയോട്‌ സ്വസ്ഥമായിരിക്കാന്‍ പറയൂ. അവളോട് എന്‍റെ പത്നിയായി സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക എന്നറിയിച്ചാലും.’

എന്നാല്‍ എനിക്കവളോട് അപ്രിയം പറയാന്‍ വയ്യ എന്ന് പറഞ്ഞപ്പോള്‍ കാലകേതു സ്വയം അവളെ ചെന്ന് കണ്ടു. ‘സുന്ദരീ നിന്നിലുള്ള ഏതോ മായാശക്തി എന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു. ഞാന്‍ നിനക്ക് അടിമയാണിപ്പോള്‍. മാരതാപം എന്നെ വിവശനാക്കുന്നു. ഈ യൌവനകാലം ദുര്‍ലഭമാണ്. അതുകൊണ്ട് നിന്റെ യൌവനത്തെ പാഴാക്കാതെ എന്നെ ഭര്‍ത്താവാക്കി സുഖമാസ്വദിച്ചു ജീവിച്ചാലും.’

അപ്പോള്‍ എകാവലി പറഞ്ഞു: ‘ഹൈഹയന്‍ എന്ന രാജകുമാരന് വേണ്ടി എന്നെ എന്‍റെ പിതാവ് വാക്ക് പറഞ്ഞു വച്ചിരിക്കുന്നു. ഞാനും മനസാ അവനു വഴങ്ങിയിരിക്കുന്നു. അങ്ങ് ശാസ്ത്രമറിയുന്ന ആളാണല്ലോ. ധര്‍മ്മം വിട്ട് ഒരു കന്യക എങ്ങിനെ മറ്റൊരാളെ സ്വീകരിക്കും? കന്യകമാര്‍ എന്നും പരതന്ത്രയാണ്. അച്ഛന്‍ നിശ്ചയിക്കുന്ന ആളാണ്‌ അവള്‍ക്ക് വരന്‍.’

ഇത്രയൊക്കെപ്പറഞ്ഞിട്ടും അവന്‍ ഞങ്ങളെ വിട്ടില്ല. പാതാളത്തിലുള്ള അവന്‍റെ നഗരം വലിയ സന്നാഹങ്ങളുള്ള ഇടമാണ്. ചുറ്റും കോട്ടകളും കിടങ്ങുകളുമുണ്ട്. രാജകുമാരി അവിടെ തടങ്കലില്‍ കഴിയുന്നതിനാലാണ് ഞാനിങ്ങിനെ ദുഖിച്ചു കരയുന്നത്.

ഏകവീരന്‍ പറഞ്ഞു: ‘അപ്പോള്‍ നീയെങ്ങിനെ രക്ഷപ്പെട്ട് ഇവിടെയെത്തി? ഹൈഹയനായി കുമാരിയെ പറഞ്ഞു വെച്ചിട്ടുണ്ട് എന്ന് നീ പറഞ്ഞുവല്ലോ. ആ ഹൈഹയന്‍ ഞാനാണ്. അതായത് നിന്‍റെ തോഴി എനിക്കായി കാത്തു നില്‍ക്കുന്നു എന്നാണോ നീ പറയുന്നത്? ഞാന്‍ പോയി ആ ദുഷ്ടനെ കൊന്ന് കുമാരിയെ കൂട്ടിക്കൊണ്ടു വരാം. അവളെ കൊണ്ടുപോയ സ്ഥലം നിനക്കറിയാമെങ്കില്‍ കാണിച്ചു തരിക. കുമാരിയെ രാക്ഷസന്‍ കൊണ്ട്പോയ കാര്യം നീ അവളുടെ പിതാവിനെ അറിയിച്ചില്ലേ? അങ്ങിനെയെങ്കില്‍ അദ്ദേഹം എന്താണവളെ രക്ഷിക്കാന്‍ പുറപ്പെടാത്തത്? നിന്‍റെ കൂട്ടുകാരിയുടെ കാര്യം കേട്ടപ്പോള്‍ത്തന്നെ എന്നിലും പ്രേമം മൊട്ടിട്ടിരിക്കുന്നു. അവളെ രക്ഷിച്ചിട്ടു തന്നെ കാര്യം. എങ്ങിനെയാണ് ആ നഗരത്തിലെത്തിച്ചേരുക? എല്ലാം വിശദമായി പറയൂ’

യശോവതി പറഞ്ഞു: രാജാവേ, എനിക്ക് ചെറുപ്പത്തിലേ ഒരു സിദ്ധനില്‍ നിന്നും ദേവീബീജമന്ത്രം ദീക്ഷയായി കിട്ടിയിരുന്നു. അവിടെ രാക്ഷസന്‍റെ തടങ്കലില്‍ ഇരിക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ ഇങ്ങിനെ പ്രാര്‍ത്ഥിച്ചു. ‘അമ്മേ, ചണ്ഡികേ നിന്നെ ഞാനിതാ പൂജിക്കുന്നു. നിന്നില്‍ ഞാന്‍ ആശ്രയം തേടുന്നു. ബന്ധമോക്ഷം നല്‍കുന്ന അമ്മ എന്തിനും ഏതിനും പോന്ന ശക്തിസ്വരൂപിണിയാണല്ലോ.' വിശ്വം ചമച്ചും പാലിച്ചും സംഹരിച്ചും വിലസുന്ന നിരാകാരയും നിരാശ്രയയും ആയ അമ്മയെ ഞാന്‍ മനസാ ധ്യാനിച്ചു. ചെമ്പട്ടുടുത്ത് രക്തഛവിയില്‍ ജ്വലിച്ചു വിളങ്ങുന്ന ഭഗവതിയെ ഞാന്‍ മന്ത്രജപത്തോടെ ഉപാസിച്ചു. 

അങ്ങിനെ ദേവീധ്യാനത്തില്‍ ഞാന്‍ ഒരുമാസം കഴിഞ്ഞു. അങ്ങിനെയിരിക്കെ ഉറക്കത്തില്‍ അമ്മ എന്നെയുണര്‍ത്തിയിട്ട് ‘നീ ഗംഗാതീരത്ത് പോയി ശത്രുവംശം മുടിക്കാന്‍ പോന്ന വീരനും മഹാബാഹുവുമായ ഏകവീരനെ കാണുക. അവന്‍ ഹൈഹയന്‍ എന്നാണ് അറിയപ്പെടുന്നത്. ആ വീരന് ദാത്താത്രേയനില്‍ നിന്നും എന്‍റെ മഹാവിദ്യാമന്ത്രം  ലഭിച്ചിട്ടുണ്ട്. അവനും ദേവീ ഉപാസകനാണ്. സര്‍വ്വ ജീവരാശികളിലും അവന്‍ കാണുന്നത് എന്നെയാണ്. നിന്‍റെ ദുഃഖം തീര്‍ക്കാന്‍ ലക്ഷ്മീസുതനായ അവന്‍ മതി. ദുഷ്ടദാനവനെ വെന്ന് നിന്‍റെ തോഴിയായ രാജകുമാരിയെ ഹൈഹയന്‍ മോചിപ്പിക്കും.’

ദേവി മറഞ്ഞുകഴിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു. കുമാരിയോടു ദേവീ ദര്‍ശനവിശേഷങ്ങള്‍ പറഞ്ഞപ്പോള്‍ അവള്‍ക്കും സന്തോഷമായി. ‘നീ വേഗം പുറപ്പെടൂ’ എന്നവള്‍ ധൃതി കൂട്ടി. ‘ജഗദംബികയുടെ വാക്ക് പാഴാവുകയില്ല. നമുക്ക് മോചനം ഉടനെയുണ്ടാവും’

അവിടെനിന്നും ഓടിപ്പോന്ന എനിക്ക് വഴിയില്‍ തടസ്സങ്ങള്‍ ഒന്നും ഉണ്ടായില്ല. ഞാന്‍ എന്‍റെ കാര്യങ്ങള്‍ എല്ലാം പറഞ്ഞു. എന്‍റെ ദുഃഖവര്‍ത്തമാനമെല്ലാം അങ്ങ് കേല്‍ക്കുകയും ചെയ്തു. വീരരാജകുമാരാ ഇനി അങ്ങയെപ്പറ്റി എല്ലാം പറഞ്ഞാലും. ആരുടെ മകനാണങ്ങ്? ഞാന്‍ തേടുന്നയാള്‍ അങ്ങ് തന്നെയാണോ?’

No comments:

Post a Comment