ദിവസം 155. ശ്രീമദ് ദേവീഭാഗവതം. 6. 28. മായാദര്‍ശനം
നിശാമയ മുനിശ്രേഷ്ഠ ഗദതോ മമ സദ്കഥാം
മയാബലം സുദുര്‍ ജ്ഞേയം
മുനിഭിര്‍ യോഗ വിത്തമൈ:
മായയാ മോഹിതം സര്‍വം ജഗത്
സ്ഥാവര ജംഗമം
ബ്രഹ്മാദി സ്തംബ
പര്യന്തമജയാ ദുര്‍വിഭാവ്യയാ
നാരദന്‍ പറഞ്ഞു: മായയുടെ
പ്രബലത ആര്‍ക്കും മനസ്സിലാക്കാന്‍ ആവില്ല തന്നെ. യോഗജ്ഞാനികള്‍ക്കും അത്
അജ്ഞേയമത്രേ. ബ്രഹ്മാവുമുതല്‍ പുല്‍ക്കൊടിവരെയുള്ള എല്ലാമെല്ലാം അനാദ്യന്തമായ
മായയാല്‍ മോഹിതമായി വര്‍ത്തിക്കുന്നു. ഞാനാ മായയുടെ വൈഭവം ചില സത്കഥകളായി വര്‍ണ്ണിക്കാന്‍
ശ്രമിക്കാം.
ഒരിക്കല്‍ ഞാന്‍ ഭഗവാന്‍
വിഷ്ണുവിനെ കാണാന്‍ വൈകുണ്ഠത്തിലേയ്ക്ക് പോയി. മഹാവിഷ്ണുവിനെ കണ്ടു നമസ്കരിക്കണം
എന്നൊരു മോഹം മാത്രമേ അപ്പോള്‍ എന്നിലുണ്ടായിരുന്നുള്ളു. സദാ എന്‍റെ കയ്യിലുള്ള മഹതിയെന്ന
ദിവ്യവീണയില്‍ സ്വരതാനഭാവ ഗരിമയുള്ള ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ഞാന്‍ ആകാശമാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. ശംഖ് ചക്രം ഗദ പങ്കജം എന്നിവയാല്‍ അലങ്കൃതനായ സാക്ഷാല്‍ മഹാവിഷ്ണുവിനെ
ഞാന്‍ കാണുമ്പോള്‍ മഞ്ഞപ്പട്ടുടയാടയും കിരീടവും തോള്‍വലകളും എല്ലാമാണിഞ്ഞ
ദിവ്യരൂപത്തിലായിരുന്നു ഭഗവാന്‍. കൂടെ അതിസുന്ദരിയും സര്‍വ്വഗുണസമ്പന്നയുമായ
ലക്ഷ്മീദേവിയുമുണ്ടായിരുന്നു. എന്നാല്‍ എന്നെ കണ്ടയുടനെ ദേവി പെട്ടെന്ന് പൂന്തുകിലും
പുതച്ച് അവിടം വിട്ടുപോയി.
അപ്പോള്‍ ഞാന്‍ ഭഗവാനോട്
ചോദിച്ചു: ‘ഭഗവന്‍, എന്നെ കണ്ടയുടനെ ദേവി എന്താണ് മറഞ്ഞുകളഞ്ഞത്? ഞാന്‍ വിടനോ അത്ര മോശക്കാരനോ ഒന്നും അല്ലല്ലോ? എന്നെക്കണ്ട് നാണിക്കാന്‍ എന്തിരിക്കുന്നു? പോരെങ്കില്‍ ജിതേന്ദ്രിയന്‍, മഹാതപസ്വി എന്നെല്ലാം നാലാളുടെ കൂട്ടത്തില്‍ അറിയപ്പെടുന്ന ഒരു മഹര്‍ഷിയല്ലേ ഞാന്‍?’
നാരദന്‍റെ സ്വാഭിമാനം കലര്‍ന്ന
വാക്കുകള്‍ കേട്ട് ഭഗവാന്‍ ഒന്ന് പുഞ്ചിരിച്ചു. ‘നാരദാ, സ്വന്തം ഭര്‍ത്താവിന്‍റെ
മുന്നിലല്ലാതെ കുലാംഗനമാര്‍ സ്വാതന്ത്ര്യത്തോടെ നില്‍ക്കുകയില്ലല്ലോ. മാത്രമല്ല പ്രാണായാമം മുതലായ
യോഗവിദ്യകള്‍ അഭ്യസിച്ചും ധ്യാനത്തില്‍ ആമഗ്നരായും വാഴുന്ന യോഗിവര്യന്മാര്‍ പോലും
മായാമോഹങ്ങള്‍ക്ക് വശംവദരാണ് എന്ന് കേള്‍ക്കുന്നു. ദേഹമുള്ളിടത്തോളം മായയെ കീഴടക്കുക അസാദ്ധ്യം.
നാരദരേ, ‘ഞാന്‍ മായയെ ജയിച്ചവന്‍’ എന്നൊന്നും ഒരിക്കലും പറയാന്‍ പാടില്ല. ഞങ്ങള്‍ ഹരനും ഞാനുമെല്ലാം മായയുടെ കീഴിലാണ്. അങ്ങിനെയിരിക്കേ നിനക്ക് മായയെ ജയിക്കാനായി എന്ന് തീര്‍ത്തുപറയാന്‍ പറ്റുന്നതെങ്ങിനെ? ദേഹമെടുത്ത ദേവാസുരനരതിര്യഗ് വര്‍ഗ്ഗങ്ങളില്‍ ഒന്നിനും അനാദിയായ മായയെ വെല്ലാന്‍ കഴിഞ്ഞിട്ടില്ല. കാരണം ജീവികളെല്ലാം ത്രിഗുണങ്ങളാല്‍ നയിക്കപ്പെടുകയാണ്. ജഗത്ത് രൂപരഹിതമായ കാലത്തിനു കീഴടങ്ങി നില്‍ക്കുന്നു എന്ന് ചിലര്‍ പറയുമെങ്കിലും കാലം പോലും മായയുടെ വരുതിയിലാണ് എന്നതത്രേ സത്യം. ഉത്തമ വിദ്വാനായാലും മദ്ധ്യമനായാലും അധമനായാലും എല്ലാവരും മായാബദ്ധര്‍ തന്നെ.’

ഭഗവാന്‍ പോലും ഇത്ര
അസന്നിഗ്ദ്ധമായി മായയെ പ്രകീര്‍ത്തിച്ചപ്പോള്‍ ഞാന്‍ വിസ്മയചകിതനായി. ‘ഭഗാവാനേ, ആ
മായയുടെ രൂപമെന്താണ്? അവളുടെ ശക്തിയെങ്ങിനെയറിയാം? എവിടെയാണ് അവള്‍ വസിക്കുന്നത്?
ആരെയാശ്രയിച്ചാണ് അവള്‍ നിലകൊള്ളുന്നത്? എനിക്കീ മായയെ ഒന്ന് കണ്ടാല്‍ക്കൊള്ളാം.
അങ്ങേയ്ക്കതിനു കഴിയുമല്ലോ?’
വിഷ്ണുഭഗവാന്‍ പറഞ്ഞു: ‘മായ
എങ്ങും നിറഞ്ഞിരിക്കുന്നു. സ്വയം നിരധാരയും മറ്റുള്ള എല്ലാറ്റിനും ആധാരവുമാണ് മായ.
നാനാരൂപയാണ്. സകലരാലും ആരാദ്ധ്യയാണ്. ജഗത്ത് നിറഞ്ഞു നില്‍ക്കുന്നതവളാണ്. നാരദാ, അങ്ങേയ്ക്ക് അവളെ കാണണം എന്നുണ്ടെങ്കില്‍ എന്റെ കൂടെ ഗരുഡവാഹനത്തില്‍ കയറിക്കോളൂ.
നമുക്കൊരു യാത്രപോവാം. ആര്‍ക്കും വെല്ലാനരുതാത്ത മായയെ ഞാന്‍ കാണിച്ചു തരാം. മഹാമുനേ, അങ്ങ് അവളെക്കണ്ട് വിഷമിക്കരുത്, കേട്ടോ?’
ഭഗവാന്‍ സ്മരിച്ച മാത്രയില്‍ ഗരുഡന്‍ അടുത്തെത്തി. ഭഗവാന്‍ മുന്നിലും ഞാന്‍ പിറകിലുമായി ഞങ്ങള്‍ പുറപ്പെട്ടു.
ഗരുഡന്‍റെ വേഗത അപാരമാണ്. ഭഗവാന്‍ ഇച്ഛിച്ചപോലെ മഹാവനങ്ങളും മുനിവാടങ്ങളും
ഗ്രാമങ്ങളും തടാകങ്ങളും അരുവികളും പൂഞ്ചോലകളും രമ്യങ്ങളായ പൂങ്കാവനങ്ങളും കടന്നു
ഞങ്ങള്‍ കന്യാകുബ്ജത്തിനടുത്തൊരു ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. അവിടെയൊരു
മനോഹരമായ താമരപ്പൊയ്കയില്‍ അരയന്നങ്ങളും ചക്രവാകങ്ങളും മരുവുന്നു. നാനാവിധ
പക്ഷിമൃഗങ്ങള്‍ യഥേഷ്ടം വിഹരിക്കുന്ന മനോഹരമായ ഒരിടം. വണ്ടുകളുടെ മുരള്‍ച്ച,
കിളികളുടെ പാട്ട്, തെളിഞ്ഞു കളകളാരവം പൊഴിച്ചൊഴുകുന്ന കാട്ടാറ്. താമരയും ആമ്പലും നിറഞ്ഞ തടാകങ്ങള്‍.
എല്ലാംകൊണ്ടും സ്വര്‍ഗ്ഗസമാനമായ
അവിടം കണ്ടപ്പോള്‍ ഭഗവാന്‍ പറഞ്ഞു: ‘നാരദാ, അതാ നോക്കൂ ചക്രവാകങ്ങള്‍ ഗാനമാലപിക്കുന്ന ആ പൊയ്കയില്‍ ജലം കാണാനാവാത്ത വിധത്തില്‍ താമരവിടര്‍ന്നു നില്‍ക്കുന്നത് അങ്ങ് കണ്ടുവോ? അതിനിടയില്‍ കാണുന്ന ജലമാണെങ്കില്‍
പളുങ്ക് പോലെ തിളങ്ങുന്നു. നമുക്കിവിടെ കുളിയും ജപവും കഴിഞ്ഞിട്ടാവാം ഇനി യാത്ര.
കന്യാകുബ്ജം ഇവിടെയടുത്താണ്.’
ഗരുഡന്‍ തടാകത്തിനടുത്ത് അനായാസം വന്നിറങ്ങി. രണ്ടാളെയും താഴെയിറക്കി. എന്‍റെ കൈപിടിച്ച് ആ ദിവ്യസരസ്സിനെ സ്തുതിക്കുന്ന സ്ത്രോത്രമുരുവിട്ടുകൊണ്ട് ഭഗവാന്‍ എന്നെ വെള്ളത്തിലേയ്ക്ക് ഇറക്കി. ‘അങ്ങ് ആദ്യം കുളിച്ചുവരൂ. സാധുക്കളുടെ മനസ്സുപോലെ പവിത്രമാണിതിലെ ജലം.’

ഭഗവാന്‍ ഇങ്ങിനെ
പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ വീണയും മാന്‍തോലും താഴെവച്ച് വെള്ളത്തിലിറങ്ങി. കാലും
മുഖവും കഴുകി. തലമുടി ഒന്നഴിച്ചു കെട്ടി. ദര്‍ഭ പറിച്ച് ആചമിച്ചു. എന്നിട്ട്
ജലത്തില്‍ മുങ്ങി. മുങ്ങിയെഴുന്നേറ്റപ്പോള്‍ ഞാന്‍ ഒരു സ്ത്രീയായിരിക്കുന്നു. പിന്നെ തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് ഭഗവാന്‍ എന്‍റെ വീണയും വസ്ത്രവും എടുത്ത് ഗരുഡന്‍റെ
മേലേറി പോകുന്ന കാഴ്ചയാണ്.
അങ്ങിനെ ഞാന്‍ നാരീരൂപത്തില്‍ നില്‍ക്കുമ്പോള്‍
എന്‍റെയുള്ളില്‍ നിന്നും പൂര്‍വ്വസ്മൃതിയാകെ പെട്ടെന്ന് മറഞ്ഞു പോയി. നല്ല സ്വര്‍ണ്ണാഭരണങ്ങള്‍
അണിഞ്ഞ് സുന്ദരരൂപത്തില്‍ ആ പൊയ്കയില്‍ നില്‍ക്കുമ്പോള്‍ എന്‍റെ മനതാരില്‍
നിന്നും മഹാവിഷ്ണുവും നാരദനും തീരെ മറഞ്ഞുപോയിരുന്നു.
ഞാനങ്ങിനെ വിസ്മയത്തോടെ നില്‍ക്കുമ്പോള്‍ മന്മഥസമനായ ഒരു രാജാവ് ആന കുതിര, രഥം എന്നിവയോടു കൂടി അവിടെ ആഗതനായി. താലധ്വജന്‍ എന്നാണാ രാജാവിന്റെ പേര്. ദേവനാരിപോലെ സുന്ദരിയായ എന്നെക്കണ്ട് രാജാവ് ആകാംഷാഭരിതനായി ചോദിച്ചു: ‘ആരാണ് നീ? ദേവകന്യയോ? അതോ മനുഷ്യസ്ത്രീയോ? എങ്ങിനെയാണ് നീയിവിടെ വന്നത്? എന്തിനാണീ പൊയ്കയില്‍ നോക്കി നില്‍ക്കുന്നത്? നിന്‍റെ മംഗല്യം കഴിഞ്ഞതാണോ? മന്മഥനു പോലും മനസ്സിളകാന്‍ നിന്‍റെ ഒരു നോട്ടം മതി. ഒന്ന് കണ്ടപ്പോഴേ ഞാന്‍ നിന്നില്‍ അനുരക്തനായിക്കഴിഞ്ഞിരിക്കുന്നു. എന്നെ ഭര്‍ത്താവാക്കിയാലും. എന്‍റെ കൂടെ വരൂ. നമുക്ക് സകല സുഖഭോഗങ്ങളും അനുഭവിച്ചു രമിച്ചുവാഴാം.