Devi

Devi

Thursday, March 24, 2016

ദിവസം 127. ശ്രീമദ്‌ ദേവീഭാഗവതം. 5. 35 ദേവീ പ്രത്യക്ഷദര്‍ശനം

ദിവസം 127. ശ്രീമദ്‌ ദേവീഭാഗവതം. 5. 35  ദേവീ പ്രത്യക്ഷദര്‍ശനം

ഇതി തസ്യ വച: ശ്രുത്വാ ദു:ഖിതൌ വൈശ്യപാര്‍ത്ഥിവൌ
പ്രണിപത്യ മുനിം പ്രീത്യാ പ്രശയാവനതൌ ഭൃശം
ഹര്‍ഷണോല്‍ഫുല്ല നയനാവു ചതുര്‍ വാക്യ കോവിദൌ
കൃതാഞ്ജലിപുടൌ ശാന്തൌ ഭക്തിപ്രവണ ചേതസൌ

വ്യാസന്‍ പറഞ്ഞു: മുനിവാക്യം കേട്ട് സമാധാനം കൈവന്ന രാജാവും വൈശ്യനും മുനിയെ നന്ദിയോടെ നമസ്കരിച്ചു. സന്തോഷം കൊണ്ട് അവരുടെ കണ്ണുകള്‍ സജലങ്ങളായിരുന്നു. കൈകൂപ്പിക്കൊണ്ട് രാജാവ് പറഞ്ഞു: ‘ഭഗീരഥനു ഗംഗയാറു നല്‍കിയ ധന്യതയെന്നപോലെയാണ് അങ്ങ് ഞങ്ങള്‍ക്ക് നല്‍കിയ സാരവത്തായ ഈ സരസ്വതീപ്രവാഹം. ഇവിടെയീ തപോഭൂവില്‍ സജ്ജനങ്ങള്‍ മറ്റുള്ളവര്‍ക്ക് സുഖവും ഉപകാരങ്ങളുമേകി മരുവുന്നു. മുജ്ജന്മസുകൃതം കൊണ്ട് മാത്രമേ ഇങ്ങിനെയുള്ള ഒരിടത്ത് വരാന്‍ മനുഷ്യര്‍ക്ക് ഭാഗ്യമുണ്ടാവൂ. സാധാരണ ആളുകള്‍ക്ക് അവരവരുടെ കാര്യം നോക്കാനേ സമയമുള്ളൂ. എന്നാല്‍ അങ്ങ് മറ്റുള്ളവരുടെ ദുഃഖം പോക്കുന്നു. ദുഖിതനായ എനിക്കും ഈ വൈശ്യനും ഈ ആശ്രമം കണ്ടപ്പോള്‍ത്തന്നെ ശരീരത്തിന് ദുഖനിവൃത്തിയായി. പിന്നെ അങ്ങയുടെ വാക്കുകള്‍ കേട്ടപ്പോള്‍ മനസ്സിലെ അഴലുകളും തീര്‍ന്നു. അങ്ങയുടെ കരുണക്കടലില്‍ മുങ്ങിയ ഞങ്ങള്‍ അത്യന്തം കൃതകൃത്യരായിത്തീര്‍ന്നു. ഭവാബ്ധിയില്‍ മുഴുകിയ ഞങ്ങള്‍ക്ക് മന്ത്രദീക്ഷ തരാന്‍ കൂടി ദയവുണ്ടാവണം. അങ്ങിനെ ഈ സംസാരക്കടലില്‍ നിന്നും ഞങ്ങളെ കൈപിടിച്ചു കയറ്റിയാലും. ജഗദംബികയെ പൂജിച്ചു ദര്‍ശനം നേടാനായി എന്ത് തപോനിഷ്ഠകള്‍ വേണമെങ്കിലും അനുഷ്ഠിക്കാന്‍ ഞങ്ങള്‍ തയാറാണ്. നിരാഹാരവ്രതമെടുത്ത് അങ്ങയില്‍ നിന്നും മന്ത്രം സ്വീകരിച്ചുകൊണ്ട് ഞങ്ങള്‍ സദാ നവാക്ഷരം സ്മരിച്ചുകൊള്ളാം

രണ്ടു ശരാണാര്‍ത്ഥികളും ഭക്തിയോടെ അപേക്ഷിച്ചപ്പോള്‍ സുമേധസ്സ് അവര്‍ക്കായി ബീജസഹിതം നവാക്ഷരമന്ത്രോപദേശം നല്‍കി. ഋഷി, ഛന്ദസ്സ്, ബീജം, ശക്തി, ഇവയോട് കൂടിയ ദിവ്യമന്ത്രം ലഭിച്ച സാധകര്‍ മുനിയുടെ അനുവാദത്തോടെ ധ്യാനത്തിനായി നദീതീരത്തെത്തി. വിജനമായ ഒരിടത്ത് ഒട്ടിയവയറുമായി എകാഗ്രചിത്തത്തോടെ അവര്‍ ദേവീമന്ത്രം ജപിച്ചു. സപ്തശതിയും മറ്റും പാരായണം ചെയ്ത് ധ്യാനനിമഗ്രരായി ഒരു മാസം കഴിച്ചു. ദേവിയുടെ പാദപത്മങ്ങളില്‍ ഭക്തിയും സുദൃഢമായ മേധാശക്തിയും അവരില്‍ വളര്‍ന്നുവന്നു. ഗുരുവന്ദനത്തിനായി അവര്‍ ദിനമദ്ധ്യത്തില്‍ ഒരിക്കല്‍ മാത്രം  ധ്യാനഭംഗം വരുത്തി. 

മനസ്സില്‍ മറ്റു കാര്യങ്ങള്‍ യാതൊന്നുമില്ലാതെ അവര്‍ ധ്യാനസപര്യ തുടര്‍ന്നു. അങ്ങിനെ ഒരാണ്ട് കഴിഞ്ഞപ്പോള്‍ അവര്‍ ഫലമൂലങ്ങള്‍ ആഹരിക്കുന്നത് പോലും നിര്‍ത്തി. ഇലകള്‍ മാത്രമായി ഭക്ഷണം. വെയിലെന്നോ മഴയെന്നോ നോക്കാതെ ഉണക്കയിലകള്‍ വല്ലപ്പോഴും ഭക്ഷിച്ചു ജപവും ധ്യാനവും തുടര്‍ന്നു. ഒരാണ്ടുകൂടി കടന്നുപോയി. അങ്ങിനെ ഒരു രാത്രിയില്‍ അവര്‍ക്ക് സ്വപ്നത്തില്‍ ദേവീദര്‍ശനം ഉണ്ടായി. ദേവിയുടെ സുന്ദരരൂപം അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പട്ടുടയാട ധരിച്ചു സര്‍വ്വാഭരണവിഭൂഷിതയായ ദേവി രാജാവിന്‍റെ സ്വപ്നത്തില്‍ ആഗതയയി. 

മനസ്സ് നിറഞ്ഞ്‌ അവര്‍ ഒരു വര്‍ഷംകൂടി തപസ്സു തുടര്‍ന്നു. ഇക്കാലം അവര്‍ ജലം മാത്രമേ കഴിച്ചുള്ളു. ഇങ്ങിനെ മൂന്നാണ്ട് കഴിഞ്ഞപ്പോള്‍ ‘നമുക്കിനിയും ദേവിയെ നേരില്‍ കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയാല്‍ നാമിനി ദേഹത്യാഗം ചെയ്യുക തന്നെ’, എന്നവര്‍ തീരുമാനിച്ചു. രാജാവ് കണക്കൊപ്പിച്ച് മുക്കോണാകൃതിയില്‍ ഒരഗ്നികുണ്ഡം ഒരുക്കി. മറ്റൊരഗ്നിയെ ജ്വലിപ്പിച്ചു വൈശ്യനും ദേഹമുപേക്ഷിക്കാന്‍ തയ്യാറായി. രാജാവ് തന്റെ ദേഹത്തിലെ മാംസം ചെറു കഷണങ്ങളായി അരിഞ്ഞു തീയിലിട്ടു തുടങ്ങി. വൈശ്യനും അപ്രകാരം ചെയ്തു. അങ്ങിനെ ദേവിക്കായി അവര്‍ സ്വദേഹവും ചോരയും സമര്‍പ്പിച്ചു. ഇങ്ങിനെ അതികഠിനമായ യജ്ഞം നടത്തിയ ഭക്തരില്‍ അനുകമ്പയോടെ ദേവി പ്രത്യക്ഷയായി.

‘രാജാവേ, നിനക്ക് ആവശ്യമുള്ള വരം ചോദിക്കൂ. നിന്‍റെ തപസ്സില്‍ ഞാന്‍ സന്തുഷ്ടയാണ്.’ വൈശ്യനോടും ദേവി അഭീഷ്ടവരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. രാജാവ്, ശത്രുക്കള്‍ കൈവശപ്പെടുത്തിയ രാജ്യം തിരികെ വേണമെന്ന ആവശ്യം പറഞ്ഞു. ‘കൊട്ടാരത്തിലേയ്ക്ക് പൊയ്ക്കോള്ളൂ. ശത്രുക്കള്‍ ഇപ്പോള്‍ ക്ഷയിച്ചിരിക്കുന്നു. അവരുടെ പരാജയം സുനിശ്ചിതമാണ്. മന്ത്രിമാരൊക്കെ നിന്‍റെ വാക്ക് വിട്ടു നടക്കുകയില്ല. പതിനായിരം കൊല്ലം നല്ലൊരു രാജാവായി വാണാലും. അതുകഴിഞ്ഞ് സൂര്യപുത്രനായ മനുവായി നിനക്ക് പുനര്‍ജന്മമുണ്ടാവും.’

വൈശ്യന്‍ ദേവിയോട് തൊഴുകയ്യുമായി പറഞ്ഞു: ദേവീ എനിക്ക് ഗൃഹവും പുത്രനും ഒന്നും പ്രയോജനമില്ലാത്തവയാണെന്ന് മനസ്സിലായി. അവ സ്വപ്നംപോലെ ക്ഷണികവും ബന്ധനങ്ങളെ ഉണ്ടാക്കുന്നവയുമാണ്. അതുകൊണ്ട് അമ്മേ, അവിടുന്ന് മോക്ഷപ്രദമായ ജ്ഞാനം തന്ന് എന്നെ അനുഗ്രഹിക്കണം. ഈ സംസാരത്തില്‍ മുങ്ങുന്നവന്‍ മൂഢന്‍ തന്നെ. ഈ ഭവാബ്ധിയെ തരണം ചെയ്യാനാണ് ബുദ്ധിമാന്മാര്‍ ശ്രമിക്കുന്നത്.' 

‘അങ്ങിനെയാകട്ടെ, നിനക്ക് ജ്ഞാനം ഭവിക്കട്ടെ’ എന്ന് ദേവി അയാളെ അനുഗ്രഹിച്ചു മറഞ്ഞു.

രാജാവ് മുനിയെ ചെന്ന് കണ്ടു. അദ്ദേഹത്തെ വന്ദിച്ചു കുതിരപ്പുറത്തേറി മടങ്ങാന്‍ ഒരുങ്ങവേ അദ്ദേഹത്തിന്‍റെ മന്ത്രിമാരും ഭടന്മാരും അവിടെയെത്തി. ‘രാജാവേ, നമ്മുടെ ശത്രുക്കള്‍ പാലായനം ചെയ്തിരിക്കുന്നു. ദുഷ്ടന്മാര്‍ പലരും ഇല്ലാതായി. ശത്രുഭയമില്ലാതെ അങ്ങുതന്നെ രാജ്യം വാഴുക.’ മുനിയെ നമസ്കരിച്ചു രാജാവ് ഭടന്മാര്‍ക്കൊപ്പം കൊട്ടാരത്തിലേയ്ക്ക് മടങ്ങി. അവിടെയദ്ദേഹം വലിയൊരു സാമ്രാജ്യം ഭരിച്ചു സുഖിയായി വാണു. വൈശ്യനും സ്വാഭീഷ്ടപ്രകാരം സംഗരഹിതനായ ജ്ഞാനിയായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ദേവിയുടെ അപദാനങ്ങള്‍ വാഴ്ത്തി നാളുകള്‍ കഴിച്ചുകൂട്ടി.

ദേവീപൂജകള്‍ ഈ രണ്ടുപേര്‍ക്ക് നല്‍കിയ സൌഭാഗ്യങ്ങള്‍ എന്തൊക്കെയെന്നു നിങ്ങള്‍ കണ്ടുവല്ലോ? ദൈത്യവധത്തിനെന്നപോലെ ഭക്തര്‍ക്ക് അഭയവരം നല്‍കാനും ദേവി സദാ സന്നദ്ധയാണ്. ജ്ഞാനം, കീര്‍ത്തി, സുഖം, ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ എന്നിവയ്ക്കെല്ലാം ദേവീസാധനയുടേതായ ഈ ചരിതം വളരെ വിശേഷമാണ്. നിത്യവും ദേവിയുടെ കഥകള്‍ കേള്‍ക്കുന്നവര്‍ക്ക് സംസാരദുഖത്തില്‍ നിന്നും മോചനം ലഭിക്കും.

സൂതന്‍ പറഞ്ഞു: ജനമേജയന്‍ ചോദിച്ചതിനു മറുപടിയായി വ്യാസമുനി പറഞ്ഞുകൊടുത്തതാണ് ശുംഭാസുരനിഗ്രഹം മുതലായ അത്ഭുതകഥകള്‍ നിറഞ്ഞ ഈ ദേവീചരിതം. ഞാനത് എന്നാലാവും വിധം നിങ്ങള്‍ക്ക് പറഞ്ഞു തന്നു.

പഞ്ചമ സ്കന്ധം സമാപ്തം.


No comments:

Post a Comment