Devi

Devi

Friday, March 11, 2016

ദിവസം 124. ശ്രീമദ്‌ ദേവീഭാഗവതം. 5.32. രാജവൈശ്യന്‍മാരുടെ കഥ

ദിവസം 124. ശ്രീമദ്‌ ദേവീഭാഗവതം. 5.32. രാജവൈശ്യന്‍മാരുടെ കഥ

മഹിമാ വര്‍ണ്ണ്യതേ സമ്യക് ചണ്ഡികായാസ്ത്വയാ മുനേ
കേന ചാരാധിതാ പൂര്‍വ്വം ചരിത്രത്രയ യോഗത:
പ്രസന്നാ കസ്യ വരദാ കേന പ്രാപ്തം ഫലം മഹത്
ആരാധ്യ കാമദാം ദേവീം കഥയസ്വ  കൃപാനിധേ

ജനമേജയന്‍ പറഞ്ഞു: ‘മഹാമുനേ അങ്ങ് ദേവിയുടെ മാഹാത്മ്യം മൂന്നുവിധത്തില്‍ വര്‍ണ്ണിച്ചു തന്നു. മധുകൈടഭവധത്തില്‍ മഹാകാളിയായും മഹിഷാസുരവധത്തില്‍ മഹാലക്ഷ്മിയായും ശുംഭവധത്തില്‍ മഹാസരസ്വതിയായും അമ്മ വിളങ്ങയല്ലോ. ആ മൂന്നു ഭാവങ്ങളില്‍ അമ്മയെ ആരാധിച്ചവര്‍ ആരൊക്കെയാണ്? ആ ദേവി ആരിലൊക്കെ പ്രസന്നയായി? ആ ദേവീപ്രസാദം സിദ്ധിക്കാനായി നാമനുഷ്ഠിക്കേണ്ട പൂജാവിധികളും ഹോമവിധികളും  എങ്ങിനെയാണ്? കൃപാനിധിയായ അവിടുന്നുതന്നെ ഞങ്ങള്‍ക്കത് പറഞ്ഞു തരണം.’

വ്യാസന്‍ പറഞ്ഞു: മഹാമായയെ പൂജിക്കുവാനുള്ള വിധികള്‍ പറയുന്നതിന് മുന്‍പ് ഒരു കഥകേട്ടാലും. സ്വാരോചിഷമന്വന്തരത്തില്‍ സുരഥനെന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. ധര്‍മിഷ്ഠനും പ്രജാക്ഷേമതല്‍പ്പരനുമായ രാജാവ് കര്‍മ്മകുശലനും ദാനശീലനും സര്‍വ്വഗുണസമ്പന്നനും ആയിരുന്നു. അദ്ദേഹം വാണിരുന്ന കോലാപുരത്തെ ആക്രമിച്ചു കീഴടക്കാന്‍ മലമുകളില്‍ നിന്നുള്ള മദമത്തരായ മ്ലേച്ഛന്മാര്‍ പടയുമായി വന്നെത്തി. സുരഥന്‍ അവരെ വേണ്ടതുപോലെ ചെറുത്തുനിന്നു. എന്നാല്‍ വലിയ സേനയുണ്ടായിട്ടും കാലദോഷം കൊണ്ട് രാജാവ് യുദ്ധത്തില്‍ തോറ്റു. പടക്കളത്തില്‍ നിന്നും അദ്ദേഹമോടി കിടങ്ങുകളും കോട്ടകളും കൊണ്ട് സുരക്ഷിതമായ തന്‍റെ കൊട്ടാരത്തിലെത്തി. അവിടെയെത്തിയപ്പോള്‍ തന്‍റെ മന്ത്രിമാര്‍ ശത്രുവിനോട് കൂറുള്ളവരാണെന്ന് കണ്ടു രാജാവ് മനസ്സ് നൊന്ത് ആലോചിച്ചു. ‘എന്താണ് ചെയ്യുക? ഇവിടെ സുരക്ഷിതമായി കഴിയണോ അതോ യുദ്ധത്തിനു പോകണോ? ചര്‍ച്ചചെയ്ത് തീരുമാനിക്കണമെന്ന് വെച്ചാല്‍ മന്ത്രിമാരാണെങ്കില്‍ ശത്രുപക്ഷക്കാരുമാണ്. അവര്‍ ചിലപ്പോള്‍ തന്നെ ഒറ്റുകൊടുത്ത് ശത്രുവിന് സമ്മാനിക്കാനും മതി. മനുഷ്യന് ലോഭം വന്നാല്‍പ്പിന്നെ എന്ത് ചെയ്യും എന്ന് പറയുക വയ്യ. ഒരുവന്‍ ലോഭത്തിനു വശഗദനായാല്‍ സ്വന്തം മാതാപിതാക്കളെയും സഹോദരനെയും ഗുരുവിനെയും ബ്രാഹ്മണനെയും സുഹൃത്തിനെയും പോലും ദ്രോഹിക്കും. അതുകൊണ്ട് ഇക്കൂട്ടരെ വിശ്വസിക്കാന്‍ വയ്യ.’

ഇങ്ങിനെ മനസ്സുരുകിയ രാജാവ് ഏകനായി ഒരു കുതിരപ്പുറത്തുകയറി കൊട്ടാരം വിട്ടു യാത്രയായി. കുതിരയെ ഓടിച്ചുകൊണ്ട് കാട്ടിലെത്തിയ അദ്ദേഹം അവിടെ സുമേധസ്സ് എന്നൊരു മുനി തപസ്സുചെയ്യുന്ന ആശ്രമമുണ്ടെന്നറിഞ്ഞു. നല്ല തണല്‍ വൃക്ഷങ്ങളുള്ളതും കിളികള്‍ പാടുന്നതും കമനീയമായ മണല്‍ത്തിട്ടയോടു കൂടിയ പുഴയുമെല്ലാമുള്ള ആ കാട്ടില്‍ മൃഗങ്ങള്‍പോലും പരസ്പരം വൈരമില്ലാതെ കഴിഞ്ഞു വന്നു. ആശ്രമത്തില്‍ ശിഷ്യന്മാര്‍ വേദം ചൊല്ലി പഠിക്കുന്നതിന്‍റെ സ്വരവും കാട്ട്പക്ഷികളുടെ പാട്ടും ഈണത്തില്‍ കേള്‍ക്കാം. ചുറ്റുപാടും മാന്‍കൂട്ടം ഓടിക്കളിക്കുന്നതും വരിനെല്‍ച്ചെടി വിളഞ്ഞു കിടക്കുന്നതും കാണാം. ഹോമത്തീയില്‍ നിന്നുള്ള സുഗന്ധം അവിടെയെല്ലാം പരന്നിരുന്നു. സ്വര്‍ഗ്ഗസമാനമായ ഒരിടമായിരുന്നു അത് എന്ന് കണ്ട് ‘ഇവിടെയൊരല്‍പ്പം വിശ്രമിക്കാം’ എന്ന് വിചാരിച്ചു രാജാവ് കുതിരയെ അടുത്തു കണ്ട ഒരു മരത്തില്‍ കെട്ടി. 

അടുത്തുള്ള ഒരു സാലമരത്തിന്‍റെ ചുവട്ടില്‍ ഇരിക്കുന്ന മുനിയെ അദ്ദേഹം കണ്ടു. സ്ഥിരാസനത്തില്‍ ഇരുന്നു ശിഷ്യരെ വേദമഭ്യസിപ്പിക്കുന്ന മുനി അതീവ ശാന്തനും ദ്വന്ദാതീതനും ആയിരുന്നു. ആത്മജ്ഞാനത്തില്‍ ദൃഢചിത്തനായിരുന്ന മുനിയ്ക്ക് മാത്സര്യബുദ്ധിയോ ശത്രുമിത്രഭേദമോ ഉണ്ടായിരുന്നില്ല. മഹര്‍ഷിയുടെ മുന്നില്‍ രാജാവ് സാഷ്ടാംഗം വീണു നമസ്കരിച്ചു. ‘നിനക്ക് മംഗളം ഭവിക്കട്ടെ’ എന്നരുളി മുനി രാജാവിനെ എഴുന്നേല്‍പ്പിച്ചു. ശിഷ്യന്മാര്‍ അദ്ദേഹത്തിനു ദര്‍ഭ കൊണ്ടൊരു ആസനം തയ്യാറാക്കി നല്‍കി. രാജാവിന് വേണ്ട ഉപചാരങ്ങള്‍ നല്‍കി മഹര്‍ഷി അദ്ദേഹത്തെ ബഹുമാനിച്ചു. എന്നിട്ട് ആഗമനോദ്ദേശം ആരാഞ്ഞു: 'അവിടുന്നാരാണ്? എന്താണ് ഇവിടെയെത്താന്‍ കാരണം? ചിന്താകുലനായി കാണപ്പെടുവാന്‍ എന്താണ് കാരണം? എന്ത് തന്നെയായാലും പറയൂ നമുക്ക് നിവൃത്തിയുണ്ടാക്കാം.’

രാജാവ് തന്‍റെ കഥയെല്ലാം പറഞ്ഞു. ‘സുരഥനെന്ന രാജാവാണ് ഞാന്‍. നാടും വീടും സുഖവുമെല്ലാം വെടിഞ്ഞ് അങ്ങയുടെ മുന്നില്‍ അഭയം തേടി വന്നതാണ് ഞാന്‍. ഞാനിനി എന്ത് ചെയ്യണമെന്ന് പറഞ്ഞു തന്നാലും. ശത്രുഭയം കൊണ്ടാണ് ഞാന്‍ ശരണാര്‍ത്ഥിയായി ഇവിടെയെത്തിയത്.’

‘’ഭയം വേണ്ട രാജാവേ, നിന്‍റെ പ്രബലരായ ശത്രുക്കള്‍ ഇവിടെ വരികയില്ല. അങ്ങ് ഇവിടെ ഹിംസയൊന്നും ചെയ്യാതെ ഫലമൂലങ്ങള്‍ ഭക്ഷിച്ചു കഴിഞ്ഞു കൊള്ളുക.’ 

മുനിയുടെ വാക്ക് കേട്ട രാജാവ് മുനിമാരെപ്പോലെ വരിനെല്ലരിച്ചോറും കാട്ടു പഴങ്ങളും കഴിച്ച് അവിടെത്തന്നെ സുഖമായി കഴിഞ്ഞു. ഒരു ദിവസം അദ്ദേഹം ചിന്താമഗ്നനായി മരത്തണലില്‍ ഇരുന്ന് ആലോചിച്ചു. “ആ ദ്രോഹികള്‍ എന്‍റെ നല്ലവരായ നാട്ടുകാരെ ദ്രോഹിക്കുന്നുണ്ടാവും. എന്‍റെ ആനകളും കുതിരകളുമെല്ലാം നല്ല തീറ്റകിട്ടാതെ ശോഷിച്ചുകാണുമിപ്പോള്‍. ഞാന്‍ നല്ലപോലെ നോക്കിയിരുന്ന പരിചാരകരോട് ആ ദുഷ്ടന്മാര്‍ എങ്ങിനെയാണോ പെരുമാറുന്നത്? ഞാന്‍ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ പണം ദുര്‍വ്യയം ചെയ്ത് ചൂതിനും വ്യഭിചാരത്തിനും അവര്‍ ഉപയോഗിക്കുന്നുണ്ടാവും. നല്ലതും ചീത്തയും തിരിച്ചറിയാത്ത ഖലന്മാരായിപ്പോയല്ലോ എന്റെ മന്തിമാര്‍!'

ഇങ്ങിനെ അദ്ദേഹം ചിന്താകുലനായി അവിടെയിരിക്കുമ്പോള്‍ ദുഖിതനായ ഒരു വൈശ്യനും അവിടെയെത്തി. ‘എന്താണ് അങ്ങ് ഇങ്ങിനെ വിളറി വിവശനായിരിക്കുന്നത്? പ്രശ്നമെന്താണെന്നു പറയൂ. ഒന്നിച്ച് ഏഴടി വെച്ചാല്‍ രണ്ട് അപരിചിതര്‍ തമ്മില്‍ ബന്ധുത്വമായി എന്നാണല്ലോ ശാസ്ത്രം.’ എന്ന് രാജാവ് അയാളെ സാന്ത്വനിപ്പിച്ചു.

പങ്കുവെയ്ക്കാന്‍ നല്ലൊരാളെ കിട്ടിയതുകൊണ്ട് വൈശ്യന്‍ തന്‍റെ ദുഖഭാരത്തിന്റെ കെട്ടഴിച്ചു. ‘സുഹൃത്തേ, ഞാന്‍ സമാധി എന്ന് പേര് കേട്ട ധനികനായ ഒരു വൈശ്യനാണ്. നാട്ടിലൊക്കെ ഞാന്‍ സല്‍പ്പേര് മാത്രമേ ഇതുവരെ കേള്‍പ്പിച്ചിട്ടുള്ളു. സത്യധര്‍മ്മാദികള്‍ വിട്ടൊരു കാര്യവും ഞാന്‍ ചെയ്തിട്ടില്ല. എന്നാല്‍ കഷ്ടമെന്നു പറയട്ടേ, എന്‍റെ ഭാര്യക്കും പുത്രന്മാര്‍ക്കും എന്നെയിപ്പോള്‍ വേണ്ട. അവരെന്നെ വീട്ടില്‍ നിന്നും പുറന്തള്ളി. അതാണ്‌ എന്‍റെ കഥ. ആട്ടെ, അങ്ങാരാണ്? അങ്ങും എന്നെപ്പോലെ ദുഖിതനാണെന്ന് മുഖം കണ്ടാലറിയാം’

‘സുരഥനെന്നു പേരായ ഒരു രാജാവാണ് ഞാന്‍. എന്‍റെ മന്ത്രിമാരാണ് എന്നെ വഞ്ചിച്ചത്. ശത്രുഭയം കൊണ്ട് ഞാന്‍ ഇവിടേയ്ക്ക് ഓടി വന്നതാണ്. നിന്നെ ഇവിടെ കണ്ടുമുട്ടിയത് ഭാഗ്യം. ഉത്തമ മരങ്ങള്‍ നിറഞ്ഞ ഈ കാട്ടില്‍ നമുക്ക് അല്ലലില്ലാതെ കഴിയാം. നമുക്ക്ദു ഖം തരാനിവിടെ ആരുമില്ലല്ലോ.’

എന്നാല്‍ വൈശ്യനു തന്‍റെ ദുഃഖം അടക്കാനായില്ല. ‘ഞാനില്ലെങ്കില്‍ വീട്ടിലെ കാര്യം ആകെ തകരാറാവും. ഭാര്യയെങ്ങിനെ സുഖമായി ജീവിക്കും? അവര്‍ക്ക് ആധിയും വ്യാധിയും ഉണ്ടാവും. തല്‍ക്കാലത്തേക്ക് വെറുപ്പ്‌ കാണിക്കുന്ന മകനും വിഷമിക്കും എന്ന് തീര്‍ച്ച. ഇനി ഞാന്‍ എന്‍റെ കുടുംബത്തെ എന്ന് കാണുമോ എന്തോ! വീടിനെപ്പറ്റിയുള്ള ചിന്ത എന്നെ വിട്ടു പോവുന്നേയില്ല.’

‘നീയിപ്പോള്‍ വിഷമിക്കുന്നത് നിന്നെ പുറംതള്ളിക്കളഞ്ഞ ആ ദുര്‍വൃത്തരെയോര്‍ത്താണ് ! സംസ്കാരമില്ലാത്ത അവരെക്കൊണ്ടു നിനക്കെന്തു നേട്ടം? ദ്രോഹിയായ ബന്ധുവിനേക്കാള്‍ നല്ലത് ഹിതം ചെയ്യുന്ന ശത്രുവാണ്. നീ ധൈര്യമായി ഇവിടെ നില്‍ക്കുക’

‘’ഗൃഹചിന്തയാല്‍ എന്‍റെ മനസ്സിലെ ആശങ്കയും ദുഖവും വര്‍ദ്ധിക്കുന്നതേയുള്ളൂ. ഞാനെത് ചെയ്യട്ടെ. എന്റെ മനസ്സുറയ്ക്കുന്നില്ല.’

അപ്പോള്‍ രാജാവ് പറഞ്ഞു: ‘ശരി നമുക്ക് പ്രശാന്തനായ ആ മുനിയോടു തന്നെ ചോദിക്കാം. സത്യം പറഞ്ഞാല്‍ എന്റെ കാര്യവും വിഭിന്നമല്ല. എന്റെ മനസ്സിലും ഞാന്‍ വിട്ടു പോന്ന രാജ്യത്തെപ്പറ്റിയും പ്രജകളെപ്പറ്റിയുമുള്ള അഴലുകള്‍ ഒഴിയുന്നില്ല. ദുഃഖനിവാരണം എങ്ങിനെ നേടാം എന്ന് നമുക്കാ മാമുനിയോടു ചോദിക്കാം.’

രാജാവും വൈശ്യനും മഹര്‍ഷിയെക്കണ്ട് സംശയം ചോദിക്കാമെന്നു തീരുമാനിച്ചു. രാജാവ് ശാന്തചിത്തനായി സംശയമുണര്‍ത്തിച്ചു. 

No comments:

Post a Comment