Devi

Devi

Sunday, March 6, 2016

ദിവസം 122. ശ്രീമദ്‌ ദേവീഭാഗവതം. 5. 30 നിശുംഭവധം

ദിവസം 122. ശ്രീമദ്‌ ദേവീഭാഗവതം. 5. 30  നിശുംഭവധം

നിശുംഭോ നിശ്ചയം കൃത്വാ മരണായ ജയായ വാ
സോദ്യമ: സബല: ശൂരോ രണേ ദേവീമുപായയൌ
തമാജഗാമ ശുംഭോ fപി സ്വബലേന സമാവൃത:
പ്രേക്ഷകോ fഭുദ്രണേ രാജാ സംഗ്രാമരസപണ്ഡിത:

വ്യാസന്‍ പറഞ്ഞു: ഒന്നുകില്‍ ജയം അല്ലെങ്കില്‍ മരണം എന്നുറച്ച് നിശുംഭന്‍ സധൈര്യം ദേവിയുടെ മുന്നില്‍ ആഗതനായി. അനിയന്‍റെ പോര് കണ്ട് രസിക്കാനായി ശുംഭനും അവിടെ സൈന്യസമേതം എത്തി. മേഘാവൃതമായ ആകാശത്ത് ഇന്ദ്രനും മറ്റു ദേവന്മാരും യുദ്ധക്കാഴ്ച കാണാന്‍ തയ്യാറായി നിരന്നു നിന്നു. നിശുംഭന്‍ തന്‍റെ ശാര്‍ങ്ഗ വില്ലെടുത്ത് ദേവിയെ ഒന്ന് പേടിപ്പിക്കാന്‍ എന്ന മട്ടില്‍ ശരങ്ങള്‍ തൊടുത്തുവിട്ടു. അപ്പോള്‍ ചണ്ഡിക അവനെ നോക്കി ചിരിച്ചുകൊണ്ട് തന്‍റെ വില്ലെടുത്ത് കുലച്ചു. എന്നിട്ട് കാളികയോടു പറഞ്ഞു: ‘മൂര്‍ഖനായ ഇവന്‍ മുന്നില്‍ വന്നു നില്‍ക്കുന്നത് കണ്ടോ? മരണം ഉറപ്പാക്കാന്‍ വന്നു നില്‍ക്കുകയാണ് ജ്യേഷ്ഠനും അനുജനും. അനേകം ദൈത്യന്മാര്‍ മരിച്ചിട്ടും രക്തബീജനെ നാം കൊന്നിട്ടും അവര്‍ക്കിപ്പോഴും വിജയിക്കാന്‍ ആശയുണ്ട്. എല്ലാമെല്ലാം നഷ്ടപ്പെടുമ്പോഴും ആശാപാശം അവരെ വരിഞ്ഞുകെട്ടി നിര്‍ത്തുന്നു. അതും എന്‍റെ മായയാലാണ്. ഇവര്‍ രണ്ടും എന്‍റെ കൈകൊണ്ടു മരിക്കാന്‍ വിധിക്കപ്പെട്ടവര്‍ തന്നെ. ദേവന്മാര്‍ക്ക് കാണാന്‍ പാകത്തിന് ഞാന്‍ ആ വിധി നടപ്പാക്കും.’

ഇങ്ങിനെ കാളികയോട് പറഞ്ഞു ചണ്ഡിക തന്റെ വില്ലിന്റെ ഞാണൊന്നു വലിച്ചു വിട്ടു. നിശുംഭനെ ചണ്ഡിക അസ്ത്രങ്ങളാല്‍ മൂടി. എന്നാല്‍ അസുരനും രണവീരനായിരുന്നു. തന്‍റെ നേര്‍ക്ക് വന്ന ശരങ്ങളെയെല്ലാം അവന്‍ ഖണ്ഡിച്ചു. അപ്പോള്‍ സിംഹം സടകുടഞ്ഞ് സൈന്യമദ്ധ്യത്തിലേയ്ക്ക് ആന വെള്ളത്തിലിറങ്ങുംപോലെ ചാടി വീണു. ആനകളെ മാന്തിപ്പൊളിച്ചു തിന്നുന്നതുപോലെ സിംഹം കണ്ണില്‍ക്കണ്ട അസുരന്മാരെയെല്ലാം ആഹരിച്ചു. അപ്പോഴേയ്ക്കും നിശുംഭന്‍ വില്ലുകുലച്ച് അവിടെയെത്തി. അവന്‍റെ സഹായത്തിന് അനേകം രാക്ഷസരും കോപം കൊണ്ട് ചുവന്ന കണ്ണുകളുമായി അവിടെനിരന്നു. നാവും പല്ലും കടിച്ചു രോഷത്തോടെ ദേവിയെ നശിപ്പിക്കാനായാണ്‌ അവര്‍ ഓടിയണഞ്ഞത്. 

പെട്ടെന്ന് ശുംഭന്‍ കൂടുതല്‍ ആക്രമോല്‍സുകനായി അവിടെയെത്തി. കാളിയെക്കൊന്നു ജഗദംബയെ കൊണ്ടുപോവുകയായിരുന്നു അവന്‍റെ ലക്ഷ്യം. രൌദ്രം, ശൃംഗാരം എന്നിവ സമ്യക്കായി സംയോജിച്ച് സുന്ദരിയായി നില്‍ക്കുന്ന ദേവിയെ കണ്ട മാത്രയില്‍ അവളെ വിവാഹം കഴിക്കണമെന്ന ചിന്തപോലും അവനില്‍ നിന്ന് മറഞ്ഞു. ഇനി ഇവളെ ജയിക്കാന്‍ തനിക്കാവില്ല എന്നൊരു ചിന്ത അവനെ ഗ്രസിക്കുകയും ചെയ്തു. അപ്പോള്‍ അവനോട് മന്ദഹാസത്തോടെ ദേവി ഇങ്ങിനെ പറഞ്ഞു: ‘നിനക്ക് ജീവനില്‍ കൊതിയുണ്ടെങ്കില്‍ ആയുധം വെച്ച് കീഴടങ്ങിയാലും കടലിലോ പാതാളത്തിലോ പോയി നിനക്ക് ജീവിക്കാം. അഥവാ ഈ പോരില്‍ കൊല്ലപ്പെടുകയാണെങ്കിലും നിനക്ക് വിഷമിക്കാനില്ല. അങ്ങിനെ നിനക്ക് സ്വര്‍ഗ്ഗസുഖം കിട്ടുമല്ലോ. ഒരേസമയം ശൂരനും ഭീരുവും ആകാന്‍ പറ്റില്ല. അവസാനമായി നിനക്ക് ഞാന്‍ അഭയം തരുന്നു. പൊയ്ക്കോള്ളൂ.’

ഇത് കേട്ട നിശുംഭന്‍ കൂടുതല്‍ മദഗര്‍വ്വിതനായി അഷ്ടചന്ദ്രപരിചയും വാളുമെടുത്ത് ചെന്ന്  സിംഹത്തെ ആഞ്ഞു വെട്ടി. ദേവി ആദ്യമൊന്നു പകച്ചുവെങ്കിലും പിന്നെ തന്‍റെ ഗദകൊണ്ട് ആ വെട്ട് തടുത്തിട്ട് അവനെ മഴുകൊണ്ട് വെട്ടി. തോളില്‍ വെട്ടേറ്റ വേദനയോടെ അവന്‍ വീണ്ടും ചണ്ഡികയെ ആക്രമിച്ചു. അവനെ നിഗ്രഹിക്കാന്‍ സമയമായി എന്ന് നിശ്ചയിച്ച ചണ്ഡിക സുരപാനം ചെയ്തു. ഘോരഘോരം മണിനാദം മുഴക്കി. എല്ലാവരും ഭീതിദരായി. മാംസഭുക്കുകളായ മൃഗങ്ങള്‍ക്ക് മൃഷ്ടാന്നമാകും വിധം ശവങ്ങള്‍ അവിടെ നിറഞ്ഞു. ചോര തളംകെട്ടി യുദ്ധക്കളം ചുവന്നു. അസുരന്മാര്‍ ചത്തൊടുങ്ങുന്നത് കണ്ട നിശുംഭന്‍ ദേവിയെ ഗദയാല്‍ ആഞ്ഞടിച്ചു. ‘നില്‍ക്കടാ അവിടെ. നിന്നെ ഞാന്‍ ഈ വാളിനിരയാക്കാന്‍ പോകുന്നു’ എന്നലറിക്കൊണ്ട് ചണ്ഡിക നിശുംഭന്റെ തല വെട്ടി മാറ്റി. തല തെറിച്ചു നിലത്തു വീണിട്ടും അവന്‍റെ കയ്യിലുള്ള ഗദ വീണ്ടും അക്രമം തുടര്‍ന്നു. പിന്നീട് ദേവിയുടെ കൂരമ്പ്‌ തറച്ച് ആ ദേഹവും ഭൂമിയില്‍ പതിച്ചു. രാക്ഷസപ്പടയുടെ ദീനരോദനം ചുറ്റുപാടും മാറ്റൊലിക്കൊണ്ടു.

നിശുംഭന്‍ ഹതനായ വിവരം ദൂതന്മാര്‍ ശുംഭനെ അറിയിച്ചു. ‘നിശുംഭനെ ആ ചണ്ഡികയാണ് കൊന്നത്. അങ്ങ് ഇനി ദേവിയുമായി യുദ്ധത്തിനു തുനിയാതിരിക്കയാണ് ബുദ്ധി. ദേവന്മാര്‍ക്ക് സഹായത്തിനായി ദാനവകുലത്തെ മുടിക്കാന്‍ കച്ചകെട്ടിയിറങ്ങിയതാണ് ആ ദേവി. അവള്‍ സാധാരണക്കാരിയല്ല. ആര്‍ക്കും അവളെ പൂര്‍ണ്ണമായി അറിയാന്‍ കഴിയില്ല. നാനാരൂപം ധരിക്കാന്‍ അവള്‍ക്കാവും. ഗൂഢചരിതയാണവള്‍. കൂടെയുള്ളത് കാളരാത്രിയാണ്. സര്‍വ്വായുധങ്ങളും അവള്‍ക്ക് കളിക്കോപ്പാണ്. സര്‍വ്വലക്ഷണസമ്പന്നയായ അവളെ ദേവന്മാര്‍ സദാ സ്തുതിക്കുന്നു. സംസാരത്തിന്നതീതയായ അവള്‍ ദേവന്മാര്‍ക്ക് പോലും അഗമ്യയാണ്. ഇപ്പോള്‍ പാലായനമാണ് കരണീയം എന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. ഇപ്പോള്‍ നമുക്ക് നമ്മുടെ തടി രക്ഷിക്കാം. പിന്നീട് കാലം മാറി മറിയുമ്പോള്‍ ശക്തരായി വന്ന് നമുക്ക് ദേവന്മാരെ കീഴടക്കാം. ബലവാനെ ദുര്‍ബ്ബലനാക്കാനും ദുര്‍ബ്ബലനെ ബലവാനാക്കാനും കാലത്തിനു കഴിയും. ധനികനെ പിച്ചയെടുപ്പിക്കാനും യാചകനെ യജമാനനാക്കാനും കാലത്തിനു കഴിയുമല്ലോ. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ പോലും കാലത്തിനു കീഴിലാണ്. രാജാവേ, ഇപ്പോള്‍ ദേവന്മാരുടെ നല്ല കാലം എന്ന് സമാധാനിക്കുക. ഒരിക്കല്‍ ഉണ്ടായ വിത്തമെല്ലാം മറ്റൊരിക്കല്‍ നശിച്ചേക്കാം. അങ്ങേയ്ക്ക് കപ്പം തന്ന ദേവന്മാര്‍ ഇപ്പോള്‍ വിജയികളായി. നാം ഒരു സ്ത്രീയാല്‍ പരാജിതരായി ഇപ്പോള്‍ നില്‍ക്കുന്നു. ശുഭാശുഭങ്ങള്‍ക്ക് കാരണം കാലമാണ്. കാളിയല്ല. ദേവന്മാരുമല്ല. ഇപ്പോള്‍ കാലം നമുക്ക് അനുകൂലമല്ല. അങ്ങേയ്ക്ക് ഇഷ്ടം പോലെ ചെയ്യാം. ഓടിപ്പോകുന്നത് കൊണ്ട് ദൂഷ്യമില്ല. പണ്ട് ദേവേന്ദ്രനും വരുണനും യമനും വിഷ്ണുവും രുദ്രനുമെല്ലാം ആയുധം വച്ച് അങ്ങില്‍ നിന്നും ഓടി രക്ഷപ്പെട്ടിട്ടില്ലേ? അങ്ങ് പാതാളത്തില്‍ പോയി വസിച്ചാലും. യുദ്ധത്തില്‍ നിന്‍റെ മരണമുണ്ടായാല്‍ ദേവന്മാര്‍ അതാഘോഷിക്കുകതന്നെ ചെയ്യും. അങ്ങേയ്ക്ക് നല്ലത് വരട്ടെ’

No comments:

Post a Comment