Devi

Devi

Sunday, March 27, 2016

ദിവസം 128. ശ്രീമദ്‌ ദേവീഭാഗവതം. 6. 1. വൃത്രകഥാരംഭം

ദിവസം 128. ശ്രീമദ്‌ ദേവീഭാഗവതം. 6. 1. വൃത്രകഥാരംഭം

ആറാം സ്കന്ധം ആരംഭം

സൂത സൂത മഹാഭാഗ മിഷ്ടം തേ വചനാമൃതം
ന തൃപ്താ സ്മോ  വയം പീത്വാ ദ്വൈപായാന കൃതം ശുഭം
പുനസ്താം പ്രഷ്ടുമിച്ഛാമ: കഥാം പൌരാണികീം ശുഭാം
വേദേ f പി കഥിതാം രമ്യാം പ്രസിദ്ധാം പാപ നാശിനീം 

ഋഷിമാര്‍ പറഞ്ഞു: അല്ലയോ സൂതാ അങ്ങയുടെ ഈ വചനാമൃതം എത്ര സുന്ദരവും ശുഭകരവുമാണ്! സകലപാപങ്ങളെയും ഇല്ലാതാക്കുന്ന അതീവ പുണ്യപ്രദങ്ങളായ ഇക്കഥകള്‍ കേട്ട് ഞങ്ങള്‍ക്കിനിയും മതിയായിട്ടില്ല. ഞങ്ങള്‍ ബ്രഹ്മാവിന്‍റെ പുത്രനായ വൃത്രനെന്നൊരു വീരനെപ്പറ്റി കേട്ടിട്ടുണ്ട്. ഇന്ദ്രനാണല്ലോ അദ്ദേഹത്തെ യുദ്ധത്തില്‍ തോല്‍പ്പിച്ചു കൊലപ്പെടുത്തിയത്. എന്തിനായിരുന്നു അത്? ബ്രഹ്മാവ്‌ ദേവപക്ഷപാതിയാണ് എന്നെല്ലാവര്‍ക്കും അറിയാം. അപ്പോള്‍പ്പിന്നെ എന്തിനാണ് ഇന്ദ്രന്‍ ഈ പ്രവൃത്തി ചെയ്തത്? 

ദേവന്മാര്‍ സത്വഗുണരെന്നും മനുഷ്യര്‍ രജോഗുണരെന്നും, മൃഗങ്ങള്‍ തമോഗുണരെന്നും വേദജ്ഞര്‍ പറയുന്നു. ബ്രഹ്മാവിന്‍റെ പുത്രനെ ഇന്ദ്രന്‍ ചതിച്ചു കൊന്നു എന്ന് പറയുന്നതില്‍ എന്തോ അപാകതയുണ്ട്. ആ കൃത്യം ചെയ്യാന്‍ മഹാവിഷ്ണു ഇന്ദ്രനെ പ്രോത്സാഹിപ്പിച്ചുവത്രേ. സത്യമൂര്‍ത്തിയായ വിഷ്ണു വജ്രായുധത്തില്‍ക്കയറിക്കൂടി ഒരു ചതിപ്രയോഗത്തിലൂടെയാണിതു ചെയ്തത്. അതായത് സാക്ഷാല്‍ വിഷ്ണുവും ഇന്ദ്രനും പോലും സത്യം വിട്ടു പ്രവര്‍ത്തിച്ചു എന്നര്‍ത്ഥം! ഇത്തരം മഹാന്മാര്‍ പോലും മോഹത്തിന് വശഗദരായി ദുഷ്കൃത്യങ്ങള്‍ ചെയ്തു കൂട്ടുന്നു! ദേവന്മാരെ നല്ലവര്‍ എന്ന് നാം പരിഗണിക്കുന്നത് അവര്‍ ചെയ്യുന്ന സദാചാരങ്ങള്‍ കൊണ്ടല്ലേ? എന്നാല്‍ ഇങ്ങിനെ വഞ്ചന കാണിക്കുന്നവരെ എങ്ങിനെ നാം ബഹുമാനിക്കും? ഈ കൊലകൊണ്ട് ഇന്ദ്രന് ന്യായമായും ബ്രഹ്മഹത്യാപാപം ലഭിച്ചിരിക്കണം. എന്നാല്‍ നേരത്തേ അങ്ങ് സൂചിപ്പിച്ചത് വൃത്രനെ വധിച്ചത് ശ്രീദേവിയാണെന്നാണ്. ഇതെങ്ങിനെ ശരിയാവും? ഞങ്ങള്‍ ആകെ ചിന്താക്കുഴപ്പത്തിലാണ്.

ഇനി വൃത്രാസുരവധത്തിന്‍റെ കഥതന്നെ പറയാം എന്നായി സൂതന്‍. ‘ഇതേ ചോദ്യം ജനമേജയന്‍  പണ്ട് വ്യാസ മഹര്‍ഷിയോടു ചോദിച്ചതാണ്.’

ജനമേജയന്‍ ചോദിച്ചു: വിഷ്ണുവിന്‍റെ സഹായത്തോടെ ഇന്ദ്രന്‍ വൃത്രനെ യുദ്ധത്തില്‍ കൊന്നു എന്നതും സാക്ഷാല്‍ ദേവി വൃത്രനെ വധിച്ചു എന്നും രണ്ടു രീതിയില്‍ പറയപ്പെടുന്നുണ്ടല്ലോ. ഒരാളെ രണ്ടുപേര്‍ക്ക് കൊല്ലാന്‍ പറ്റുമോ? ഏതായാലും ഈ കഥ വളരെ ആകാംഷയോടെ കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍. മഹാന്മാരുടെ കഥകള്‍ കേട്ടാല്‍ മതി വരുക എന്നതില്ല. ഇതിപ്പോള്‍ അംബികാചരിതവുമാണല്ലോ!  അതെത്ര കേട്ടാലും മടുപ്പുണ്ടാവുകയില്ല.

വ്യാസന്‍ പറഞ്ഞു: പുരാണകഥ കേള്‍ക്കാന്‍ ഇത്രയധികം താല്‍പര്യമുണ്ടായതിനാല്‍ നീ ധന്യധന്യന്‍ തന്നെ. സദാ അമൃതാസ്വദിക്കുന്ന ദേവന്മാര്‍ക്ക് അതില്‍ ഇത്ര താല്‍പ്പര്യമില്ല. കേള്‍ക്കാനുള്ള ത്വര കൂടുന്നതിന് അനുസരിച്ച് എന്നില്‍ പറയാനുള്ള ഉത്സാഹവും കൂടുന്നു എന്നത്  ഞാന്‍ മറച്ചു വയ്ക്കുന്നില്ല. പുരാണപ്രസിദ്ധമാണ് ഇന്ദ്രനും വൃത്രനുമായുണ്ടായ സംഗരം. പാപരഹിതനായ വൃത്രനെ വധിച്ചതിനാല്‍ ഇന്ദ്രന്‍ പാപിയായിത്തീര്‍ന്നു എന്നതും പ്രസിദ്ധമാണ്. പാപഭീതി പെരുകിയ മാമുനിമാര്‍ പോലും മായാ മോഹിതരായി പലവിധ അക്രമങ്ങളും ചെയ്തിട്ടുണ്ട്. അതുപോലെയാണ് ത്രിശിരസ്സിന്റെ മരണവും വൃത്രവധവും.

സത്വവാനെന്നു പേരുകേട്ട മഹാവിഷ്ണു എത്രയെത്ര അസുരന്മാരെ കൊന്നു? മായാമോഹങ്ങളാണ് മഹാവിഷ്ണുവിനെക്കൊണ്ടും ഇതെല്ലാം ചെയ്യിക്കുന്നത്. എല്ലാവരെയും മോഹവലയത്തിലാക്കുന്ന ജഗജ്ജനനിയെ ജയിക്കാന്‍ ആര്‍ക്ക് കഴിയും? അദ്ദേഹം മത്സ്യത്തില്‍ തുടങ്ങി അനേകം ജന്മങ്ങളെടുത്ത് വിഹിതങ്ങളും അല്ലാത്തതുമായ കര്‍മ്മങ്ങള്‍ ചെയ്തു കൂട്ടിയത് ആരുടെ അനുജ്ഞയാലാണ്? 

‘ഞാന്‍’, ‘എന്‍റെ’ ഗൃഹം, പുത്രന്‍, ഭാര്യ, വിത്തം എന്നിങ്ങനെ നാനാവിധങ്ങളായ മോഹങ്ങള്‍ ഒരുവനെ പുണ്യപാപങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഈ മോഹത്തെ വെന്നവരായി ആരുമില്ല. കാര്യകാരണ വിവേചനം നടത്തി മോഹത്തെ വേറിട്ട്‌ കണ്ടു കീഴടക്കാന്‍ പ്രാപ്തരായി ആരുമിതുവരെ ഉണ്ടായിട്ടില്ല. കാരണം ത്രിഗുണാത്മികയായ ദേവിയുടെ മായയാണ് എല്ലാവരെയും മൂടിയിരിക്കുന്നത്. വിഷ്ണുവും വാസവനും അതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കഴിവുള്ളവരല്ല. അവര്‍ തന്‍കാര്യം നേടാന്‍ വൃത്രനെ ചതിച്ചു കൊന്നു. അത്രതന്നെ.

ഇന്ദ്രനും വൃത്രനും തമ്മില്‍ പണ്ടേയൊരു വൈരമുണ്ടായിരുന്നു. ത്വഷ്ടാവ് അന്ന് പ്രജാപതിയായിരുന്നു. മഹാതപസ്വിയും ദേവകാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സമര്‍ത്ഥനും വിപ്രപ്രിയനുമായിരുന്നു അദ്ദേഹം. ഇന്ദ്രനോടുള്ള രസക്കേടുകൊണ്ട് ബ്രഹ്മാവ്‌ ത്രിശിരസ്സിനെ സൃഷ്ടിക്കുകയായിരുന്നു. വിശ്വരൂപനെന്ന്‍ അവന്‍ വിഖ്യാതനായി. മൂന്നു മുഖങ്ങള്‍ ഉള്ളതിനാല്‍ ഒരേസമയം മൂന്നു കാര്യങ്ങള്‍ ചെയ്യാന്‍ സമര്‍ത്ഥനായിരുന്നു അദ്ദേഹം. ഒരു മുഖം വേദമോതുമ്പോള്‍ മറ്റൊരു മുഖം മദ്യസേവ നടത്തും. മൂന്നാമത്തെ മുഖം കൊണ്ട് ചുറ്റുപാടും നിരീക്ഷിക്കും. 

ഒരിക്കല്‍ അദ്ദേഹം ഭോഗങ്ങള്‍ ത്യജിച്ചു കഠിനമായ തപസ്സാരംഭിച്ചു. വേനല്‍ക്കാലത്ത് പഞ്ചാഗ്നി മദ്ധ്യത്തില്‍ ഇരിക്കുക, മരക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുക, മഞ്ഞുകാലത്ത് തണുത്തുറഞ്ഞ ജലത്തില്‍ ഇരിക്കുക തുടങ്ങി കഠിനമായ സാധനകള്‍ ചെയ്താണ് അദ്ദേഹം തപസ്സു ചെയ്തത്. നിസ്സംഗനും നിരാഹാരനും ജിതേന്ദ്രിയനുമായി തപസ്സുചെയ്യുന്ന ത്രിശിരസ്സിന്‍റെ കാര്യമറിഞ്ഞ് ഇന്ദ്രന് തന്‍റെ പദവി തന്നെ പോയ്പ്പോകുമോ എന്ന് ഭയമായി. ‘ഇവന്‍റെ ശക്തി ഇങ്ങിനെ എറിയേറി വന്നാല്‍ എന്‍റെ കാര്യം കഷ്ടത്തിലാവും. എതിരാളിയുടെ ശക്തിയറിഞ്ഞു പ്രവര്‍ത്തിക്കുന്നതാണ് ബുദ്ധി. ഇവന്റെ തപസ്സു മുടക്കണം. കാമദേവന്‍ വിചാരിച്ചാല്‍ ആരുടെ തപസ്സും മുടക്കാന്‍ കഴിയും. അവനെ ഭോഗലാലസനാക്കണം’ എന്ന് പറഞ്ഞു  വാസവന്‍ ദേവനാരിമാരായ അതിസുന്ദരികളെ തപോവിഘ്നം നടത്താന്‍ നിയോഗിച്ചു. ‘എന്‍റെ ഭയം ദൂരീകരിക്കാന്‍ നിങ്ങള്‍ക്കേ കഴിയൂ, ആ താപസന്‍ എനിക്ക് ഭീഷണിയാണ്. അവനെ പ്രലോഭിപ്പിച്ചു മയക്കി തപസ്സു മുടക്കണം. അവനെ പ്രസാദിപ്പിക്കാനായി ശൃംഗാര ചേഷ്ടകളും വേഷങ്ങളും മേനിപ്രദര്‍ശനവും ഒക്കെയാവാം.'

സ്വന്തം രൂപലാവണ്യത്തില്‍ ഗര്‍വ്വോടെ ആ തരുണികള്‍ ഇന്ദ്രനെ സഹായിക്കാമേന്നേറ്റു. 'പാട്ടും ആട്ടവും കളികളും എല്ലാമായി അദ്ദേഹത്തെ മോഹിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കാം. നാട്യവും നോട്ടവും കൊണ്ട് ആ മുനിയെ ഭോഗാസക്തനാക്കുന്ന കാര്യം ഞങ്ങള്‍ക്ക് വിട്ടു തരിക’ എന്ന് അപ്സരസ്സുകള്‍ ഇന്ദ്രനെ സമാധാനിപ്പിച്ചു.

ദേവനാരിമാര്‍ ത്രിശിരസ്സിന്‍റെ അടുക്കല്‍ പുഷ്പശരങ്ങളുമായി വശ്യഭാവത്തില്‍ വന്നണഞ്ഞു. പല രാഗങ്ങളും അവിടെ ആലപിക്കപ്പെട്ടു. പല രീതികളിലുള്ള നൃത്തങ്ങളും അവതരിപ്പിച്ചു. അതി മോഹനങ്ങളെങ്കിലും ആ പേക്കൂത്തുകള്‍ കൊണ്ടൊന്നും മുനിയുടെ തപസ്സിളകിയില്ല. ത്രിശിരസ്സിന്റെ  ആശ്രമപരിസരത്ത് പാട്ടും കൂത്തുമായി കുറച്ചു നാള്‍ ഈ സുന്ദരിമാര്‍ താമസിച്ചു. തങ്ങളെ മുനിവര്യന്‍ നോക്കുന്നത് പോലുമില്ല എന്ന് കണ്ട് അപ്സരസ്സുകള്‍ ദേവേന്ദ്രന്റെ അടുക്കല്‍ തിരിച്ചെത്തി. ‘ആ മുനിപുംഗവനെ ഇളക്കാന്‍ ഞങ്ങള്‍ ആവുന്നത് ശ്രമിച്ചു. പക്ഷെ അദ്ദേഹത്തെ വശീകരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. തപശ്ശക്തിയാല്‍ ഞങ്ങള്‍ക്ക് അഗമ്യനാണദ്ദേഹം. മറ്റു വഴികള്‍ എന്തെങ്കിലും നോക്കുകയാണ് നല്ലത്. ആ അതുല്യനായ മുനിയുടെ ശാപമേല്‍ക്കാതെ രക്ഷപ്പെട്ടല്ലോ എന്നാ ആശ്വാസത്തിലാണ് ഞങ്ങള്‍ മടങ്ങിയത്.’

മുനിയുടെ തപസ്സു മുടക്കാന്‍ ആവില്ലെന്ന് മനസ്സിലായ ഇന്ദ്രന്‍ വിശ്വരൂപനെ കൊല്ലണം എന്ന തീരുമാനത്തിലെത്തി. ലോകനിന്ദയും പാപഭീതിയും ഒന്നും അദ്ദേഹത്തെ ഈ നീചവൃത്തിയില്‍ നിന്നും പിന്തിരിപ്പിച്ചില്ല.    

Thursday, March 24, 2016

ദിവസം 127. ശ്രീമദ്‌ ദേവീഭാഗവതം. 5. 35 ദേവീ പ്രത്യക്ഷദര്‍ശനം

ദിവസം 127. ശ്രീമദ്‌ ദേവീഭാഗവതം. 5. 35  ദേവീ പ്രത്യക്ഷദര്‍ശനം

ഇതി തസ്യ വച: ശ്രുത്വാ ദു:ഖിതൌ വൈശ്യപാര്‍ത്ഥിവൌ
പ്രണിപത്യ മുനിം പ്രീത്യാ പ്രശയാവനതൌ ഭൃശം
ഹര്‍ഷണോല്‍ഫുല്ല നയനാവു ചതുര്‍ വാക്യ കോവിദൌ
കൃതാഞ്ജലിപുടൌ ശാന്തൌ ഭക്തിപ്രവണ ചേതസൌ

വ്യാസന്‍ പറഞ്ഞു: മുനിവാക്യം കേട്ട് സമാധാനം കൈവന്ന രാജാവും വൈശ്യനും മുനിയെ നന്ദിയോടെ നമസ്കരിച്ചു. സന്തോഷം കൊണ്ട് അവരുടെ കണ്ണുകള്‍ സജലങ്ങളായിരുന്നു. കൈകൂപ്പിക്കൊണ്ട് രാജാവ് പറഞ്ഞു: ‘ഭഗീരഥനു ഗംഗയാറു നല്‍കിയ ധന്യതയെന്നപോലെയാണ് അങ്ങ് ഞങ്ങള്‍ക്ക് നല്‍കിയ സാരവത്തായ ഈ സരസ്വതീപ്രവാഹം. ഇവിടെയീ തപോഭൂവില്‍ സജ്ജനങ്ങള്‍ മറ്റുള്ളവര്‍ക്ക് സുഖവും ഉപകാരങ്ങളുമേകി മരുവുന്നു. മുജ്ജന്മസുകൃതം കൊണ്ട് മാത്രമേ ഇങ്ങിനെയുള്ള ഒരിടത്ത് വരാന്‍ മനുഷ്യര്‍ക്ക് ഭാഗ്യമുണ്ടാവൂ. സാധാരണ ആളുകള്‍ക്ക് അവരവരുടെ കാര്യം നോക്കാനേ സമയമുള്ളൂ. എന്നാല്‍ അങ്ങ് മറ്റുള്ളവരുടെ ദുഃഖം പോക്കുന്നു. ദുഖിതനായ എനിക്കും ഈ വൈശ്യനും ഈ ആശ്രമം കണ്ടപ്പോള്‍ത്തന്നെ ശരീരത്തിന് ദുഖനിവൃത്തിയായി. പിന്നെ അങ്ങയുടെ വാക്കുകള്‍ കേട്ടപ്പോള്‍ മനസ്സിലെ അഴലുകളും തീര്‍ന്നു. അങ്ങയുടെ കരുണക്കടലില്‍ മുങ്ങിയ ഞങ്ങള്‍ അത്യന്തം കൃതകൃത്യരായിത്തീര്‍ന്നു. ഭവാബ്ധിയില്‍ മുഴുകിയ ഞങ്ങള്‍ക്ക് മന്ത്രദീക്ഷ തരാന്‍ കൂടി ദയവുണ്ടാവണം. അങ്ങിനെ ഈ സംസാരക്കടലില്‍ നിന്നും ഞങ്ങളെ കൈപിടിച്ചു കയറ്റിയാലും. ജഗദംബികയെ പൂജിച്ചു ദര്‍ശനം നേടാനായി എന്ത് തപോനിഷ്ഠകള്‍ വേണമെങ്കിലും അനുഷ്ഠിക്കാന്‍ ഞങ്ങള്‍ തയാറാണ്. നിരാഹാരവ്രതമെടുത്ത് അങ്ങയില്‍ നിന്നും മന്ത്രം സ്വീകരിച്ചുകൊണ്ട് ഞങ്ങള്‍ സദാ നവാക്ഷരം സ്മരിച്ചുകൊള്ളാം

രണ്ടു ശരാണാര്‍ത്ഥികളും ഭക്തിയോടെ അപേക്ഷിച്ചപ്പോള്‍ സുമേധസ്സ് അവര്‍ക്കായി ബീജസഹിതം നവാക്ഷരമന്ത്രോപദേശം നല്‍കി. ഋഷി, ഛന്ദസ്സ്, ബീജം, ശക്തി, ഇവയോട് കൂടിയ ദിവ്യമന്ത്രം ലഭിച്ച സാധകര്‍ മുനിയുടെ അനുവാദത്തോടെ ധ്യാനത്തിനായി നദീതീരത്തെത്തി. വിജനമായ ഒരിടത്ത് ഒട്ടിയവയറുമായി എകാഗ്രചിത്തത്തോടെ അവര്‍ ദേവീമന്ത്രം ജപിച്ചു. സപ്തശതിയും മറ്റും പാരായണം ചെയ്ത് ധ്യാനനിമഗ്രരായി ഒരു മാസം കഴിച്ചു. ദേവിയുടെ പാദപത്മങ്ങളില്‍ ഭക്തിയും സുദൃഢമായ മേധാശക്തിയും അവരില്‍ വളര്‍ന്നുവന്നു. ഗുരുവന്ദനത്തിനായി അവര്‍ ദിനമദ്ധ്യത്തില്‍ ഒരിക്കല്‍ മാത്രം  ധ്യാനഭംഗം വരുത്തി. 

മനസ്സില്‍ മറ്റു കാര്യങ്ങള്‍ യാതൊന്നുമില്ലാതെ അവര്‍ ധ്യാനസപര്യ തുടര്‍ന്നു. അങ്ങിനെ ഒരാണ്ട് കഴിഞ്ഞപ്പോള്‍ അവര്‍ ഫലമൂലങ്ങള്‍ ആഹരിക്കുന്നത് പോലും നിര്‍ത്തി. ഇലകള്‍ മാത്രമായി ഭക്ഷണം. വെയിലെന്നോ മഴയെന്നോ നോക്കാതെ ഉണക്കയിലകള്‍ വല്ലപ്പോഴും ഭക്ഷിച്ചു ജപവും ധ്യാനവും തുടര്‍ന്നു. ഒരാണ്ടുകൂടി കടന്നുപോയി. അങ്ങിനെ ഒരു രാത്രിയില്‍ അവര്‍ക്ക് സ്വപ്നത്തില്‍ ദേവീദര്‍ശനം ഉണ്ടായി. ദേവിയുടെ സുന്ദരരൂപം അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പട്ടുടയാട ധരിച്ചു സര്‍വ്വാഭരണവിഭൂഷിതയായ ദേവി രാജാവിന്‍റെ സ്വപ്നത്തില്‍ ആഗതയയി. 

മനസ്സ് നിറഞ്ഞ്‌ അവര്‍ ഒരു വര്‍ഷംകൂടി തപസ്സു തുടര്‍ന്നു. ഇക്കാലം അവര്‍ ജലം മാത്രമേ കഴിച്ചുള്ളു. ഇങ്ങിനെ മൂന്നാണ്ട് കഴിഞ്ഞപ്പോള്‍ ‘നമുക്കിനിയും ദേവിയെ നേരില്‍ കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയാല്‍ നാമിനി ദേഹത്യാഗം ചെയ്യുക തന്നെ’, എന്നവര്‍ തീരുമാനിച്ചു. രാജാവ് കണക്കൊപ്പിച്ച് മുക്കോണാകൃതിയില്‍ ഒരഗ്നികുണ്ഡം ഒരുക്കി. മറ്റൊരഗ്നിയെ ജ്വലിപ്പിച്ചു വൈശ്യനും ദേഹമുപേക്ഷിക്കാന്‍ തയ്യാറായി. രാജാവ് തന്റെ ദേഹത്തിലെ മാംസം ചെറു കഷണങ്ങളായി അരിഞ്ഞു തീയിലിട്ടു തുടങ്ങി. വൈശ്യനും അപ്രകാരം ചെയ്തു. അങ്ങിനെ ദേവിക്കായി അവര്‍ സ്വദേഹവും ചോരയും സമര്‍പ്പിച്ചു. ഇങ്ങിനെ അതികഠിനമായ യജ്ഞം നടത്തിയ ഭക്തരില്‍ അനുകമ്പയോടെ ദേവി പ്രത്യക്ഷയായി.

‘രാജാവേ, നിനക്ക് ആവശ്യമുള്ള വരം ചോദിക്കൂ. നിന്‍റെ തപസ്സില്‍ ഞാന്‍ സന്തുഷ്ടയാണ്.’ വൈശ്യനോടും ദേവി അഭീഷ്ടവരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. രാജാവ്, ശത്രുക്കള്‍ കൈവശപ്പെടുത്തിയ രാജ്യം തിരികെ വേണമെന്ന ആവശ്യം പറഞ്ഞു. ‘കൊട്ടാരത്തിലേയ്ക്ക് പൊയ്ക്കോള്ളൂ. ശത്രുക്കള്‍ ഇപ്പോള്‍ ക്ഷയിച്ചിരിക്കുന്നു. അവരുടെ പരാജയം സുനിശ്ചിതമാണ്. മന്ത്രിമാരൊക്കെ നിന്‍റെ വാക്ക് വിട്ടു നടക്കുകയില്ല. പതിനായിരം കൊല്ലം നല്ലൊരു രാജാവായി വാണാലും. അതുകഴിഞ്ഞ് സൂര്യപുത്രനായ മനുവായി നിനക്ക് പുനര്‍ജന്മമുണ്ടാവും.’

വൈശ്യന്‍ ദേവിയോട് തൊഴുകയ്യുമായി പറഞ്ഞു: ദേവീ എനിക്ക് ഗൃഹവും പുത്രനും ഒന്നും പ്രയോജനമില്ലാത്തവയാണെന്ന് മനസ്സിലായി. അവ സ്വപ്നംപോലെ ക്ഷണികവും ബന്ധനങ്ങളെ ഉണ്ടാക്കുന്നവയുമാണ്. അതുകൊണ്ട് അമ്മേ, അവിടുന്ന് മോക്ഷപ്രദമായ ജ്ഞാനം തന്ന് എന്നെ അനുഗ്രഹിക്കണം. ഈ സംസാരത്തില്‍ മുങ്ങുന്നവന്‍ മൂഢന്‍ തന്നെ. ഈ ഭവാബ്ധിയെ തരണം ചെയ്യാനാണ് ബുദ്ധിമാന്മാര്‍ ശ്രമിക്കുന്നത്.' 

‘അങ്ങിനെയാകട്ടെ, നിനക്ക് ജ്ഞാനം ഭവിക്കട്ടെ’ എന്ന് ദേവി അയാളെ അനുഗ്രഹിച്ചു മറഞ്ഞു.

രാജാവ് മുനിയെ ചെന്ന് കണ്ടു. അദ്ദേഹത്തെ വന്ദിച്ചു കുതിരപ്പുറത്തേറി മടങ്ങാന്‍ ഒരുങ്ങവേ അദ്ദേഹത്തിന്‍റെ മന്ത്രിമാരും ഭടന്മാരും അവിടെയെത്തി. ‘രാജാവേ, നമ്മുടെ ശത്രുക്കള്‍ പാലായനം ചെയ്തിരിക്കുന്നു. ദുഷ്ടന്മാര്‍ പലരും ഇല്ലാതായി. ശത്രുഭയമില്ലാതെ അങ്ങുതന്നെ രാജ്യം വാഴുക.’ മുനിയെ നമസ്കരിച്ചു രാജാവ് ഭടന്മാര്‍ക്കൊപ്പം കൊട്ടാരത്തിലേയ്ക്ക് മടങ്ങി. അവിടെയദ്ദേഹം വലിയൊരു സാമ്രാജ്യം ഭരിച്ചു സുഖിയായി വാണു. വൈശ്യനും സ്വാഭീഷ്ടപ്രകാരം സംഗരഹിതനായ ജ്ഞാനിയായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ദേവിയുടെ അപദാനങ്ങള്‍ വാഴ്ത്തി നാളുകള്‍ കഴിച്ചുകൂട്ടി.

ദേവീപൂജകള്‍ ഈ രണ്ടുപേര്‍ക്ക് നല്‍കിയ സൌഭാഗ്യങ്ങള്‍ എന്തൊക്കെയെന്നു നിങ്ങള്‍ കണ്ടുവല്ലോ? ദൈത്യവധത്തിനെന്നപോലെ ഭക്തര്‍ക്ക് അഭയവരം നല്‍കാനും ദേവി സദാ സന്നദ്ധയാണ്. ജ്ഞാനം, കീര്‍ത്തി, സുഖം, ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ എന്നിവയ്ക്കെല്ലാം ദേവീസാധനയുടേതായ ഈ ചരിതം വളരെ വിശേഷമാണ്. നിത്യവും ദേവിയുടെ കഥകള്‍ കേള്‍ക്കുന്നവര്‍ക്ക് സംസാരദുഖത്തില്‍ നിന്നും മോചനം ലഭിക്കും.

സൂതന്‍ പറഞ്ഞു: ജനമേജയന്‍ ചോദിച്ചതിനു മറുപടിയായി വ്യാസമുനി പറഞ്ഞുകൊടുത്തതാണ് ശുംഭാസുരനിഗ്രഹം മുതലായ അത്ഭുതകഥകള്‍ നിറഞ്ഞ ഈ ദേവീചരിതം. ഞാനത് എന്നാലാവും വിധം നിങ്ങള്‍ക്ക് പറഞ്ഞു തന്നു.

പഞ്ചമ സ്കന്ധം സമാപ്തം.


Thursday, March 17, 2016

ദിവസം 126. ശ്രീമദ്‌ ദേവീഭാഗവതം. 5. 34. സുമേധസ്സിന്‍റെ ഉപദേശം

ദിവസം 126. ശ്രീമദ്‌ ദേവീഭാഗവതം. 5. 34.  സുമേധസ്സിന്‍റെ ഉപദേശം 

ഭഗവന്‍ ബ്രൂഹി മേ സമ്യക്തസ്യാ ആരാധനേ വിധിം
പൂജാവിധിം ച മന്ത്രാംശ്ച തഥാ ഹോമവിധിം വദ
ശൃണുരാജന്‍ പ്രവക്ഷ്യാമി തസ്യാ: പൂജാവിധിം ശുഭം
കാമദം മോക്ഷദം നൃണാം ജ്ഞാനദം ദുഖനാശനം
     
രാജാവ് ചോദിച്ചു: ഭഗവന്‍, ആ ജഗദംബികയെ പൂജിക്കുന്നതിനു യോജിച്ച മന്ത്രങ്ങളും ആരാധനാക്രമങ്ങളും ഹോമവിധിയും ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും.’

ഋഷി തുടര്‍ന്നു. സകലവിധ ദുഖങ്ങളെയും ഇല്ലാതാക്കുന്നതും സര്‍വ്വഭീഷ്ടങ്ങളെയും സാധിപ്പിക്കുന്നതുമായ പൂജാവിധികള്‍ നിങ്ങള്‍ക്കായി ഞാന്‍ പറഞ്ഞു തരാം. സ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ച് ശുഭമായ ഒരു പൂജാസ്ഥാനം കണ്ടെത്തി തറയില്‍ ചാണകം മെഴുകി അതിനുമുകളില്‍ ഒരാസനമിട്ട് അവിടെയിരിക്കുക. മൂന്ന് തവണ ജലം ആചമിക്കുക. അവനവന്‍റെ ധനസ്ഥിതിക്കനുസരിച്ച് പൂജാസാമഗ്രികള്‍ ഒരുക്കി പ്രാണായാമം ചെയ്ത് ഭൂതശുദ്ധി വരുത്തുക. അഞ്ചു ഭൂതങ്ങളെയും ക്രമത്തില്‍ വിലയിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഭൂമിയെ ജലത്തില്‍; ജലത്തെ അഗ്നിയില്‍; അഗ്നിയെ വായുവില്‍; വായുവിനെ ആകാശത്തില്‍; ആകാശത്തെ അഹങ്കാരത്തില്‍; അഹങ്കാരത്തെ മഹത് തത്വത്തില്‍; മഹത് തത്വത്തെ മായയില്‍; മായയെ ആത്മാവില്‍, ഇങ്ങിനെ ക്രമീകമായി ലയിപ്പിക്കുന്നു എന്ന ധാരണയില്‍ ധ്യാനിച്ചുവേണം ഭൂതശുദ്ധി വരുത്താന്‍. 

ഇനി ജപമന്ത്രത്തോടെ ജലം തളിച്ച് പ്രാണപ്രതിഷ്ഠ ചെയ്യുക. ശുഭ്രമായ ഒരു ചെമ്പുതകിടില്‍ ചന്ദനം കൊണ്ട് ആറു കോണുകളുള്ള ഒരു യന്ത്രം, അതിനു ചുറ്റും എട്ടു കോണുകളുള്ള മറ്റൊരു യന്ത്രം എന്നിവ വരയ്ക്കുക. ആ യന്ത്രത്തില്‍ നവാക്ഷരമന്ത്രബീജങ്ങള്‍ ക്രമത്തിലെഴുതി വേദമന്ത്രങ്ങള്‍ ആലപിച്ചു യന്ത്രപ്രാണപ്രതിഷ്ഠയും ചെയ്യണം. യന്ത്രത്തിന് പകരം സ്വര്‍ണ്ണം മുതലായ ലോഹങ്ങള്‍ കൊണ്ടുള്ള ദേവീ വിഗ്രഹത്തെയും പൂജിക്കാം. ശിവോക്തമന്ത്രങ്ങള്‍, വേദമന്ത്രങ്ങള്‍, എന്നിവ ഋഷി, ഛന്ദസ്സ്, ഇവയോടുകൂടി ധ്യാനിച്ച്‌  നവാക്ഷരം ഉരുവിടുക.

ജപസംഖ്യയുടെ പത്തിലൊന്ന്കൊണ്ട് ഹോമിക്കണം. അതിന്റെയും പത്തിലൊന്ന് തര്‍പ്പണം ചെയ്യണം. അതിന്‍റെ പത്തിലൊന്ന് ബ്രാഹ്മണഭോജനം നടത്തണം. സപ്തശതി നിത്യവും പാരായണം ചെയ്യണം. ഇങ്ങിനെയാണ്‌ നവരാത്രി ആചരിക്കേണ്ടത്. തുലാം, മേടം മാസങ്ങളിലെ ശുക്ലപക്ഷത്തിലെ നവരാത്രികാലങ്ങളില്‍ ശുഭാകാംഷികള്‍  ഉപവാസം ചെയ്യണം. നെയ്‌പായസം ഉണ്ടാക്കി ജപമന്ത്രങ്ങള്‍ ഉരുവിട്ട് ഹോമം നടത്തണം. ക്ഷത്രിയര്‍ക്ക് അജമാംസം കൊണ്ട് ഹോമം ആകാം. അരളിപ്പൂക്കള്‍, കൂവളത്തില, ശര്‍ക്കരചേര്‍ത്ത എള്ള് എന്നിവയും ഹോമത്തിനുപയോഗിക്കാം. അഷ്ടമി, നവമി, ചതുര്‍ദശി ദിനങ്ങളില്‍ വിശേഷാല്‍ ദേവീപൂജയും വിപ്രഭോജനവും നടത്തണം.

ഈ പൂജകള്‍ കൊണ്ട് ദരിദ്രന്‍ ധനവാനും രോഗി അരോഗിയും സ്ഥാനംപോയ രാജാവിന് സ്ഥാനവും അപുത്രന് സത്പുത്രനും ഫലം. ശത്രുഭയം ഇല്ലാതാവും. ശ്രദ്ധയോടെ പൂജിക്കുന്ന വിദ്യാര്‍ഥിക്ക് ശുഭവിദ്യകള്‍ സ്വായത്തമാവും. നാല് വര്‍ണ്ണത്തിലുള്ളവരും ശ്രദ്ധയോടെ ജഗദംബയെ പൂജിച്ചാല്‍ സുഖസിദ്ധി ഉറപ്പാണ്. ആണിനും പെണ്ണിനും അഭീഷ്ടസിദ്ധിക്ക് ഇതുത്തമമാണ്.

തുലാമാസത്തിലെ നവരാത്രി അഭീഷ്ടസിദ്ധിക്ക് വിശേഷമാണ്. വിധിപോലെ മണ്ഠപം തീര്‍ത്ത് പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തി കലശം സ്ഥാപിക്കുക. കലശത്തിന് ചുറ്റും ധാന്യം വിതറിയിട്ട് അതിനു മുകളില്‍ യന്ത്രം സ്ഥാപിക്കുക. പുഷ്പാലങ്കാരം ദീപാലങ്കാരം, സുഗന്ധധൂമം എന്നിവ മണ്ഠപത്തെ ഐശ്വര്യപൂര്‍ണ്ണമാക്കട്ടെ. ചാണ്ഡികാ പൂജയ്ക്കുള്ള ഒരുക്കത്തില്‍ അവനവന്‍റെ ധനസ്ഥിതിക്കനുസരിച്ചു പിശുക്കില്ലാതെ ചിലവാക്കണം. പഴങ്ങള്‍, കൊട്ട്, പാട്ട്, വാദ്യങ്ങള്‍, എന്നിവയെല്ലാമൊത്ത ഒരുത്സവം തന്നെയാവണം ഈ പൂജ. കന്യകാ പൂജകൂടി വിധിയാം വണ്ണം നടത്തണം. പൂജക്കിരിക്കുന്ന കന്യകമാരെ സന്തോഷിപ്പിക്കാനായി ചന്ദനം, വസ്ത്രം, ആഭരണങ്ങള്‍, ഭക്ഷ്യപദാര്‍ഥങ്ങള്‍, മാലകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ധാരാളമായി നല്‍കണം. പത്താം ദിനം സദ്യയും നടത്തി പാരണയും ദാനവും വേണം. ഇപ്രകാരം നവരാത്രിയില്‍ വ്രതവും പൂജയും ചെയ്യുന്നവര്‍ക്ക് ഇഹലോകത്തിലെ സുഖഭോഗങ്ങള്‍ മാത്രമല്ല, മോക്ഷകാംഷികള്‍ക്ക് ദേവീലോകവും സിദ്ധിക്കുന്നതാണ്. ഭര്‍ത്താവുള്ള സ്ത്രീക്കും പതിവ്രതയായ വിധവയ്ക്കും, പുരുഷനും എല്ലാം ഈ പൂജകൊണ്ട് ഐശ്വര്യാദി സമ്പത്തുകള്‍ ഉണ്ടാവും. ഉറച്ച ദേവീഭക്തിയുള്ളവന്‍ ഉത്തമകുലങ്ങളില്‍ ജനിച്ചു സുകൃതവാനായിത്തീരും. അങ്ങിനെ നവരാത്രി വ്രതം ഏറ്റവും ഉത്തമമാണെന്ന് പറയപ്പെടുന്നു.

രാജാവേ, ഇങ്ങിനെ അവിടുന്നു ദേവിയെ പൂജിക്കുമെങ്കില്‍ രാജ്യത്തിന്‍റെ അഭിവൃദ്ധി ഉറപ്പാണ്. ശത്രുഭയം ഉണ്ടാവുകയുമില്ല. പൂര്‍ണ്ണമായ ആരോഗ്യവും ഭാര്യാപുത്രസുഖവും അനുഭവിക്കാം. അല്ലയോ വൈശ്യപ്രമുഖാ, നീയും സകലകാമങ്ങളെയും നടത്തിക്കുന്ന ആ ജഗദ്‌ധാത്രിയെ പൂജിക്കൂ. നിന്റെ അഭീഷ്ടങ്ങള്‍ സാധിക്കും. ദുഃഖം ഒഴിഞ്ഞുപോവും. നിനക്ക് സ്വഗൃഹത്തില്‍ ബഹുമാന്യമായ സ്ഥാനം കിട്ടും. സുഖമുണ്ടാവും. എന്നാല്‍ ദേവിയെ പൂജിക്കാത്ത മനുഷ്യര്‍ക്ക് നരകാര്‍ഹത ഉറപ്പിക്കാം. രോഗപീഡയും ശത്രുഭയവും അവനെ വിടാതെ പിന്‍തുടരും. അവര്‍ ശത്രുവിനോടു തോറ്റ് മോഹബാധിതരായി കൊടും ദുഃഖം അനുഭവിക്കാനിടയാകുന്നു. 

കൂവളത്തില, ചമ്പകം, കണവീരം എന്നിവകൊണ്ട് ദേവിയെ പൂജിക്കാന്‍ തയ്യാറാവുന്ന ഭാഗ്യശാലികള്‍ ദേവീഭക്തനിരതരായി നിത്യവും സുഖമനുഭവിക്കുന്നു. വിധിവിഹിതമായ മന്ത്രങ്ങള്‍ സഹിതം ദേവിയെ പൂജിക്കുന്ന മനുഷ്യര്‍ക്ക് എല്ലാവിധ ഐശ്വര്യസമ്പത്തുകളും കീര്‍ത്തിയും വിദ്യയും സിദ്ധിക്കും. രാജാവാണെങ്കില്‍ അയാള്‍ പ്രമുഖനും ആഢ്യനും ആയിത്തീരും. 

Wednesday, March 16, 2016

ദിവസം 125. ശ്രീമദ്‌ ദേവീഭാഗവതം. 5. 33. ദേവീമാഹാത്മ്യം

ദിവസം 125. ശ്രീമദ്‌ ദേവീഭാഗവതം. 5. 33. ദേവീമാഹാത്മ്യം

മുനേ വൈശ്യോ fയമധുനാ വനേ മേ മിത്രതാം ഗത:
പുത്രദാരൈര്‍നിരസ്തതോfയം പ്രാപ്തോfത്ര മമ സംഗമം
കുടുംബ വിരഹേണസൌ ദുഖിതോfതീവ ദുര്‍മനാ:
ന ശാന്തിമുപയാത്യേഷ തഥൈവ മമ സമ്പ്രതം
ഗതരാജ്യസ്യ ദുഖേന ശോകാര്‍ത്തോ fസ്മി മഹാമതേ 

രാജാവ് പറഞ്ഞു: 'മഹാമുനേ, വനത്തില്‍ വെച്ചു ഞാന്‍ പരിചയപ്പെട്ട ഒരു വൈശ്യനാണ് ഇദ്ദേഹം. കുടുംബക്കാരാല്‍ ഉപേക്ഷിക്കപ്പെട്ടു കഴിയുകയാണ്. എന്നെപ്പോലെതന്നെ ഇദ്ദേഹവും ദുഖിതനാണ്. എനിക്ക് രാജ്യം നഷ്ടപ്പെട്ടു ഇദ്ദേഹത്തിനു തന്‍റെതെന്നു വിചാരിച്ചിരുന്ന കുടുംബവും. രണ്ടാളും ശാന്തിയാണ് തേടുന്നത്.

എന്‍റെയുള്ളില്‍ അകാരണമായി ആകുലതകള്‍ വളരുന്നു. എന്‍റെ കുതിരകളും ആനകളും നല്ല തീറ്റ പോലും കിട്ടാതെ വലയുന്നുണ്ടാവും. ശത്രുവിന്‍റെ കയ്യില്‍ അവയ്ക്ക് എത്ര ദുരിതമാവും അനുഭവിക്കേണ്ടി വരിക. എന്‍റെ ഭൃത്യന്മാര്‍ കഷ്ടപ്പെട്ടു മാഴ്കുന്നുണ്ടാവുമോ? എന്‍റെ രാജഭണ്ഡാരം കാലിയായിക്കാണുമോ? ഇങ്ങിനെയുള്ള ചിന്തകളാല്‍ എന്‍റെ മനസുഖം നഷ്ടപ്പെട്ടിരിക്കുന്നു. എനിക്കുറക്കവും ഇല്ല. ഈ ലോകം സ്വപ്നസമാനമാണെന്നും ജഗത്ത് മിഥ്യയാണെന്നും എനിക്കറിയായ്കയില്ല. എങ്കിലും എന്നിലെ മോഹത്തിനവസാനമാകുന്നില്ല. ഈ കുതിരകളും ആനകളും സമ്പത്തുകളും ഞാനും തമ്മില്‍ എന്ത് ബന്ധമാണുള്ളത്? എന്തിനാണവ എന്നെയിങ്ങിനെ ആകുലപ്പെടുത്തുന്നത്? പുത്രകളത്രാദികള്‍ എന്തിനാണെന്‍റെ മനസ്സിനെ ചഞ്ചലപ്പെടുത്തുന്നത്? എന്തുകൊണ്ടാണാ മോഹചിന്തകള്‍ എന്നെ വിട്ടുപോവാത്തത്? അങ്ങ് സര്‍വ്വജ്ഞനും ദയാവാരിധിയുമാണല്ലോ? ഇതിനുള്ള ഹേതു എന്താണെന്ന് പറഞ്ഞു ഞങ്ങളെ പ്രബുദ്ധരാക്കിയാലും’

ഋഷിവര്യനായ സുമേധസ്സ് അവര്‍ക്കായി ശോകമോഹങ്ങള്‍ തീര്‍ക്കാനുതകുന്ന ജ്ഞാനം ഉപദേശിച്ചുകൊടുത്തു. 'പ്രാണികളില്‍ ബന്ധമോക്ഷമോഹാദികള്‍ക്കു കാരണമാകുന്നത് മായയാണ്. ബ്രഹ്മാദികളും ദേവന്മാരും മര്‍ത്യരും, ഗന്ധര്വ്വന്മാരും, ജന്തുകളും മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും രാക്ഷസന്മാരും വൃക്ഷലതകളും എന്നുവേണ്ട എല്ലാമെല്ലാം ഈ മായയുടെ അധീനത്തിലാണ്. മായയാണ് എല്ലാറ്റിനെയും സൃഷ്ടിക്കുന്നത്. എല്ലാവരെയും മോഹക്കെട്ടില്‍ പൂട്ടിയത് ഈ മായയാണ്. മോഹത്താല്‍ നയിക്കപ്പെടുന്ന സകലചരാചരങ്ങളില്‍ നീ രാജ്യം നഷ്ടപ്പെട്ട ഒരു ക്ഷത്രിയ രാജാവ് എന്നേയുള്ളു. രാജസ്സാണ് നിന്നെ വലയം ചെയ്തിരിക്കുന്നത്. മഹാജ്ഞാനികളെക്കൂടി ഈ മായ കീഴ്പ്പെടുത്തുന്നു. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്ക് ജ്ഞാനമുണ്ടെങ്കിലും അവര്‍പോലും മായാവശഗരാണ്.

സത്യയുഗത്തില്‍ ഭഗവാന്‍ ഹരി ശ്വേതദ്വീപില്‍ തപസ്സു ചെയ്യുകയായിരുന്നു. ബ്രഹ്മവിദ്യ ലഭിക്കാനായി പതിനായിരം കൊല്ലം അദ്ദേഹം തപസ്സു ചെയ്തു. പരമസുഖപ്രാപ്തിയും അദ്ദേഹത്തിന്‍റെ തപോലക്ഷ്യമായിരുന്നു. ബ്രഹ്മാവും ഇതുപോലെ മോഹമുക്തി നേടാനായി വിജനമായ ഒരിടത്ത് തപസ്സിരുന്നു. ഒരവസരത്തില്‍ ഭഗവാന്‍ ശ്രീഹരി തന്റെ ധ്യാനം മറ്റൊരിടത്തേയ്ക്ക് മാറ്റാന്‍ വേണ്ടി ഇടമന്വേഷിച്ചു. ആ സമയത്ത് ബ്രഹ്മാവും തപസ്സിനായി മറ്റൊരിടം തേടി വന്നു. അവര്‍ വഴിയില്‍വെച്ച് കണ്ടുമുട്ടി. പരസ്പരം ‘അങ്ങാരാണ്?’ എന്ന് ചോദിച്ചപ്പോള്‍ ബ്രഹ്മാവ്‌, ലോകസൃഷ്ടാവായ ബ്രഹ്മാവാണ് ഞാന്‍ എന്നും ‘എടോ മൂഢാ ജഗത് സൃഷ്ടാവായ അച്യുതനാണ് ഞാന്‍’ എന്ന് ശ്രീഹരിയും പറഞ്ഞു. ‘രജസ്സിനെ സമാശ്രയിക്കുന്ന നീ ഒരു ദുര്‍ബ്ബലന്‍. ഞാന്‍ സത്വത്തിലാണ് നിലകൊള്ളുന്നത്. നിന്നെ യുദ്ധത്തില്‍ സഹായിച്ചത് ഞാനാണ്. മധുകൈടഭന്മാര്‍ നിന്നെ വലച്ചപ്പോള്‍ നീയെന്നെ ശരണം പ്രാപിച്ചല്ലോ! ഇപ്പോള്‍ ഒരു മൂഢനെപ്പോലെ എന്തിനാണ് അഹങ്കാരം ഒരലങ്കാരമായി കൊണ്ട് നടക്കുന്നത്? എനിക്ക് മുകളില്‍ ഈ പ്രപഞ്ചത്തില്‍ ആരുമില്ല എന്ന് നീയറിയുക.’

ബ്രഹ്മാവും വിഷ്ണുവും ഇങ്ങിനെ പരസ്പരം വാക്കുകള്‍ കൊണ്ട് പോരാടി നില്‍ക്കെ അവരുടെ കണ്ണുകള്‍ ചുവന്നു കലങ്ങി. ചുണ്ടുകള്‍ തുടിച്ചു. ശരീരം വിറച്ചു. പെട്ടെന്ന് അവരുടെ മദ്ധ്യത്തില്‍ ഭീമാകാരമായ ഒരു ലിംഗം പ്രത്യക്ഷപ്പെട്ടു. അപ്പോള്‍ത്തന്നെ ആകാശത്തുനിന്നും അശരീരി മുഴങ്ങി. ‘വെറുതെ വാക്പോര് നടത്തണ്ട. നിങ്ങളില്‍ ആരാണോ ഈ ലിംഗത്തിന്റെ ചുവടറ്റവും മുകളറ്റവും ആദ്യമെത്തുന്നത് അയാളായിരിക്കും ശ്രേഷ്ഠന്‍. രണ്ടാളുകള്‍ തര്‍ക്കത്തിലേര്‍പ്പെട്ടാല്‍ മദ്ധ്യസ്ഥം പറയാന്‍ ഒരാള്‍ വേണമല്ലോ. ജയിക്കുന്നയാള്‍ ആകാശത്തെയ്ക്കും മറ്റെയാള്‍ പാതാളത്തിലേയ്ക്കും പോവുക.’

രണ്ടാളും ആ ഭീമാകാരമായ ലിംഗത്തെയളക്കാന്‍ പുറപ്പെട്ടു. വിഷ്ണു താഴേയ്ക്കും ബ്രഹ്മാവ്‌ മേലേയ്ക്കും പോയി. താഴേയ്ക്ക് പോയിപ്പോയി വിഷ്ണുവാകെ തളര്‍ന്നു. ഒടുവില്‍ അദ്ദേഹം പുറപ്പെട്ടിടത്തേയ്ക്ക് തിരികെയെത്തി. ബ്രഹ്മാവ്‌ അളവെടുത്ത് മുകളിലേയ്ക്ക് പോയപ്പോള്‍ ഒടുവില്‍ ശിവശിരസ്സില്‍ നിന്നും ഒരു കൈതപ്പൂവ് കിട്ടി. ‘ഇതാ ലിംഗാഗ്രത്തില്‍ നിന്നും കിട്ടിയ കൈതപ്പൂ’ എന്നദ്ദേഹം വീമ്പു പറഞ്ഞു താഴെയിറങ്ങി. 

‘അങ്ങ് ലിംഗത്തിന്റെ അഗ്രത്തു നിന്നാണിത് കൊണ്ടുവന്നതെന്ന് എങ്ങിനെ തെളിയിക്കും? സത്യസന്ധനും, സദാചാരനും ഭേദബുദ്ധിയില്ലാത്തവനുമായ  ഒരു സാക്ഷി പറഞ്ഞാലേ ഞാന്‍ സമ്മതിക്കൂ’ എന്നായി വിഷ്ണു. വിവാദമവസാനിപ്പിക്കാന്‍ സാക്ഷി വേണം എന്നത് ന്യായമാണല്ലോ.

‘ഈ കേതകിപ്പൂവ് സത്യം പറയട്ടെ’ എന്നായി ബ്രഹ്മാവ്‌. ‘ശിവന്‍റെ ശിരസ്സില്‍ നിന്നും ബ്രഹ്മാവ്‌ എന്നെയെടുത്ത് ഇവിടെ കൊണ്ടുവന്നതാണ്’ എന്നാ പൂവ് സാക്ഷ്യം പറഞ്ഞു. ‘എന്‍റെ വാക്കുകള്‍ പ്രമാണമാക്കാം.’ എന്നു പൂവ് ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ ‘ഞാന്‍ മഹാദേവന്റെ വാക്കുകളേ പ്രമാണമായി അംഗീകരിക്കൂ’ എന്ന് വിഷ്ണു വാശി പിടിച്ചു നിന്നു.

പെട്ടെന്ന് മഹാദേവന്‍ പറഞ്ഞു: ‘കേതകീ നീയെന്തിനു കള്ളം പറയുന്നു? എന്‍റെ ശിരസ്സില്‍ നിന്നും താഴെ വീണപ്പോഴല്ലേ ബ്രഹ്മാവിന് നിന്നെ കിട്ടിയത്? ബ്രഹ്മാവ്‌ എന്‍റെ ശിരോഗ്രംവരെ എത്തിയില്ലല്ലോ. കള്ളം പറഞ്ഞതിനാല്‍ ഇനി നിന്നെ എനിക്ക് വേണ്ട’. അന്ന് മുതല്‍ ശിവപൂജയ്ക്ക് കൈതപ്പൂ വര്‍ജ്യമാണ്‌.

ബ്രഹ്മാവ്‌ പരാജിതനായി വിഷ്ണുവിനെ അംഗീകരിച്ചു. ജ്ഞാനികളെപ്പോലും മയക്കുന്ന മായയുടെ ബലം എന്തെന്ന് മനസ്സിലായില്ലേ? പിന്നെ സാധാരണ മനുഷ്യരുടെ കാര്യം എന്ത് പറയാന്‍? ദേവസഹായത്തിനായി ശ്രീഹരി നാനാ യോനികളില്‍ വന്നു പിറന്ന് പാപഭീതിയൊന്നും ഇല്ലാതെ വഞ്ചന ചെയ്തിട്ടായാലും അസുരനിഗ്രഹം ചെയ്യുന്നു. സാക്ഷാല്‍ വിഷ്ണുവിനെപ്പോലും മായ ഇങ്ങിനെ ബാധിക്കുമെങ്കില്‍ സാധാരണക്കാരുടെ കഥ പറയാനുണ്ടോ? പരമപ്രകൃതിയായ സാക്ഷാല്‍ പരാശക്തി ജ്ഞാനികളെപ്പോലും മോഹത്തില്‍ വലിച്ചിഴക്കുന്നു. മോഹത്തില്‍ ആഴ്ത്തുന്നതും ബന്ധമോക്ഷങ്ങള്‍ക്ക് നിദാനമാവുന്നതും ഭഗവതി തന്നെയാണ്. ദേവി ജഗത്താകെ നിറഞ്ഞു നില്‍ക്കുകയാണ്.

ഭഗവതിയുടെ, സ്വരൂപം, ഉല്‍പ്പത്തി, ദിവ്യശക്തി, എന്നിവയെപ്പറ്റിയെല്ലാം അറിയണമെന്ന് രാജാവഭ്യര്‍ത്ഥിച്ചപ്പോള്‍ ഋഷി തുടര്‍ന്നു: അനാദിയായതിനാല്‍ അവള്‍ക്ക് ഉല്‍പ്പത്തിയുണ്ടാവുക അസാദ്ധ്യം. ആ ദേവി നിത്യയാണ്. കാരണങ്ങള്‍ക്കും കാരണമായിരിക്കുന്നതവളത്രേ. സര്‍വ്വചരാചരങ്ങളുടെയും അന്തര്യാമിയായ ദേവിയാണ് എല്ലാറ്റിനും ശക്തി നല്‍കുന്നത്. അതിനാല്‍ ചിച്ഛക്തി സ്വരൂപമാണവള്‍. ശക്തിഹീനന്‍ വെറും പിണമാണല്ലോ. ദേവകാര്യത്തിനായി വര്‍ത്തിക്കുന്ന ദേവീദേവന്മാരും മനുഷ്യരും പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ സങ്കടം ഇല്ലാതാക്കാന്‍ സ്വേച്ഛയാല്‍ ദേവി അവീര്‍ഭവിക്കുകയാണ് ചെയ്യുന്നത്. അങ്ങിനെയുള്ള ദേവി നാനാരൂപങ്ങള്‍ കൈകൊള്ളുന്നു. അപ്പോഴെല്ലാം ദേവിയുടെ കൂടെ നാനാവിധങ്ങളായ ശക്തികളും പ്രത്യക്ഷപ്പെടുന്നു. 

ജഗദംബിക ദൈവങ്ങള്‍ക്കും കാലങ്ങള്‍ക്കും വിധേയയല്ല. ദൃശ്യമായ ജഗത്ത് അവളുടെ സൃഷ്ടിയാണ്. പുരുഷാര്‍ത്ഥപ്രവര്‍ത്തിനിയാണ് ദേവി. എന്നാല്‍ അതേസമയം അവള്‍ അകര്‍ത്താവും സര്‍വ്വസ്വതന്ത്രയുമാണ്. സ്വാഭീഷ്ടപ്രകാരം ആടുന്ന ഈ ജഗത്തെന്ന ബ്രഹ്മാണ്ഡ നാടകത്തിന്‍റെ സംവിധായികയാണ് അമ്മ. നാടകം ചെയ്തും കണ്ടും തൃപ്തിയായാല്‍ അമ്മ ആ ദൃശ്യങ്ങളെ ക്ഷണത്തില്‍ ഇല്ലാതാക്കുന്നു. നിമിത്തഭൂതരായ ബ്രഹ്മാവിഷ്ണുശിവന്മാര്‍ക്ക് സ്വാംശമായ ശക്തി നല്‍കി സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്ക് വിനിയോഗിച്ച് അമ്മ സദാ ലീലയാടുകയാണ്. ദേവി സ്വയം പരമപുരുഷനുമാകയാല്‍ ഈ ലീലകള്‍ പരംപുരുഷനെ പ്രീതിപ്പെടുത്താനാണെന്നു പറയപ്പെടുന്നു. ത്രിമൂര്‍ത്തികള്‍ക്കു സഹധര്‍മ്മചാരിണികളായി വാണി, രമ, ഗൌരി എന്നീ അംശശക്തികളെ കൂട്ട് നല്‍കിയത് അമ്മ തന്നെയാണ്. സര്‍ഗ്ഗസ്ഥിതിലയങ്ങള്‍ക്ക് കാരണഭൂതയും സര്‍വ്വേശ്വരിയുമായ അമ്മയെ സകലരും ധ്യാനിച്ച്‌ പൂജിക്കുന്നു. ആ ദേവിയുടെ മാഹാത്മ്യം വാക്കിനാലുള്ള വര്‍ണ്ണനകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ ആര്‍ക്കുമാവില്ല. എങ്കിലും എന്‍റെ പരിമിതമായ അറിവ് നിങ്ങള്‍ക്കായി പറഞ്ഞുതരുന്നുവെന്നേയുള്ളൂ.'   

Friday, March 11, 2016

ദിവസം 124. ശ്രീമദ്‌ ദേവീഭാഗവതം. 5.32. രാജവൈശ്യന്‍മാരുടെ കഥ

ദിവസം 124. ശ്രീമദ്‌ ദേവീഭാഗവതം. 5.32. രാജവൈശ്യന്‍മാരുടെ കഥ

മഹിമാ വര്‍ണ്ണ്യതേ സമ്യക് ചണ്ഡികായാസ്ത്വയാ മുനേ
കേന ചാരാധിതാ പൂര്‍വ്വം ചരിത്രത്രയ യോഗത:
പ്രസന്നാ കസ്യ വരദാ കേന പ്രാപ്തം ഫലം മഹത്
ആരാധ്യ കാമദാം ദേവീം കഥയസ്വ  കൃപാനിധേ

ജനമേജയന്‍ പറഞ്ഞു: ‘മഹാമുനേ അങ്ങ് ദേവിയുടെ മാഹാത്മ്യം മൂന്നുവിധത്തില്‍ വര്‍ണ്ണിച്ചു തന്നു. മധുകൈടഭവധത്തില്‍ മഹാകാളിയായും മഹിഷാസുരവധത്തില്‍ മഹാലക്ഷ്മിയായും ശുംഭവധത്തില്‍ മഹാസരസ്വതിയായും അമ്മ വിളങ്ങയല്ലോ. ആ മൂന്നു ഭാവങ്ങളില്‍ അമ്മയെ ആരാധിച്ചവര്‍ ആരൊക്കെയാണ്? ആ ദേവി ആരിലൊക്കെ പ്രസന്നയായി? ആ ദേവീപ്രസാദം സിദ്ധിക്കാനായി നാമനുഷ്ഠിക്കേണ്ട പൂജാവിധികളും ഹോമവിധികളും  എങ്ങിനെയാണ്? കൃപാനിധിയായ അവിടുന്നുതന്നെ ഞങ്ങള്‍ക്കത് പറഞ്ഞു തരണം.’

വ്യാസന്‍ പറഞ്ഞു: മഹാമായയെ പൂജിക്കുവാനുള്ള വിധികള്‍ പറയുന്നതിന് മുന്‍പ് ഒരു കഥകേട്ടാലും. സ്വാരോചിഷമന്വന്തരത്തില്‍ സുരഥനെന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. ധര്‍മിഷ്ഠനും പ്രജാക്ഷേമതല്‍പ്പരനുമായ രാജാവ് കര്‍മ്മകുശലനും ദാനശീലനും സര്‍വ്വഗുണസമ്പന്നനും ആയിരുന്നു. അദ്ദേഹം വാണിരുന്ന കോലാപുരത്തെ ആക്രമിച്ചു കീഴടക്കാന്‍ മലമുകളില്‍ നിന്നുള്ള മദമത്തരായ മ്ലേച്ഛന്മാര്‍ പടയുമായി വന്നെത്തി. സുരഥന്‍ അവരെ വേണ്ടതുപോലെ ചെറുത്തുനിന്നു. എന്നാല്‍ വലിയ സേനയുണ്ടായിട്ടും കാലദോഷം കൊണ്ട് രാജാവ് യുദ്ധത്തില്‍ തോറ്റു. പടക്കളത്തില്‍ നിന്നും അദ്ദേഹമോടി കിടങ്ങുകളും കോട്ടകളും കൊണ്ട് സുരക്ഷിതമായ തന്‍റെ കൊട്ടാരത്തിലെത്തി. അവിടെയെത്തിയപ്പോള്‍ തന്‍റെ മന്ത്രിമാര്‍ ശത്രുവിനോട് കൂറുള്ളവരാണെന്ന് കണ്ടു രാജാവ് മനസ്സ് നൊന്ത് ആലോചിച്ചു. ‘എന്താണ് ചെയ്യുക? ഇവിടെ സുരക്ഷിതമായി കഴിയണോ അതോ യുദ്ധത്തിനു പോകണോ? ചര്‍ച്ചചെയ്ത് തീരുമാനിക്കണമെന്ന് വെച്ചാല്‍ മന്ത്രിമാരാണെങ്കില്‍ ശത്രുപക്ഷക്കാരുമാണ്. അവര്‍ ചിലപ്പോള്‍ തന്നെ ഒറ്റുകൊടുത്ത് ശത്രുവിന് സമ്മാനിക്കാനും മതി. മനുഷ്യന് ലോഭം വന്നാല്‍പ്പിന്നെ എന്ത് ചെയ്യും എന്ന് പറയുക വയ്യ. ഒരുവന്‍ ലോഭത്തിനു വശഗദനായാല്‍ സ്വന്തം മാതാപിതാക്കളെയും സഹോദരനെയും ഗുരുവിനെയും ബ്രാഹ്മണനെയും സുഹൃത്തിനെയും പോലും ദ്രോഹിക്കും. അതുകൊണ്ട് ഇക്കൂട്ടരെ വിശ്വസിക്കാന്‍ വയ്യ.’

ഇങ്ങിനെ മനസ്സുരുകിയ രാജാവ് ഏകനായി ഒരു കുതിരപ്പുറത്തുകയറി കൊട്ടാരം വിട്ടു യാത്രയായി. കുതിരയെ ഓടിച്ചുകൊണ്ട് കാട്ടിലെത്തിയ അദ്ദേഹം അവിടെ സുമേധസ്സ് എന്നൊരു മുനി തപസ്സുചെയ്യുന്ന ആശ്രമമുണ്ടെന്നറിഞ്ഞു. നല്ല തണല്‍ വൃക്ഷങ്ങളുള്ളതും കിളികള്‍ പാടുന്നതും കമനീയമായ മണല്‍ത്തിട്ടയോടു കൂടിയ പുഴയുമെല്ലാമുള്ള ആ കാട്ടില്‍ മൃഗങ്ങള്‍പോലും പരസ്പരം വൈരമില്ലാതെ കഴിഞ്ഞു വന്നു. ആശ്രമത്തില്‍ ശിഷ്യന്മാര്‍ വേദം ചൊല്ലി പഠിക്കുന്നതിന്‍റെ സ്വരവും കാട്ട്പക്ഷികളുടെ പാട്ടും ഈണത്തില്‍ കേള്‍ക്കാം. ചുറ്റുപാടും മാന്‍കൂട്ടം ഓടിക്കളിക്കുന്നതും വരിനെല്‍ച്ചെടി വിളഞ്ഞു കിടക്കുന്നതും കാണാം. ഹോമത്തീയില്‍ നിന്നുള്ള സുഗന്ധം അവിടെയെല്ലാം പരന്നിരുന്നു. സ്വര്‍ഗ്ഗസമാനമായ ഒരിടമായിരുന്നു അത് എന്ന് കണ്ട് ‘ഇവിടെയൊരല്‍പ്പം വിശ്രമിക്കാം’ എന്ന് വിചാരിച്ചു രാജാവ് കുതിരയെ അടുത്തു കണ്ട ഒരു മരത്തില്‍ കെട്ടി. 

അടുത്തുള്ള ഒരു സാലമരത്തിന്‍റെ ചുവട്ടില്‍ ഇരിക്കുന്ന മുനിയെ അദ്ദേഹം കണ്ടു. സ്ഥിരാസനത്തില്‍ ഇരുന്നു ശിഷ്യരെ വേദമഭ്യസിപ്പിക്കുന്ന മുനി അതീവ ശാന്തനും ദ്വന്ദാതീതനും ആയിരുന്നു. ആത്മജ്ഞാനത്തില്‍ ദൃഢചിത്തനായിരുന്ന മുനിയ്ക്ക് മാത്സര്യബുദ്ധിയോ ശത്രുമിത്രഭേദമോ ഉണ്ടായിരുന്നില്ല. മഹര്‍ഷിയുടെ മുന്നില്‍ രാജാവ് സാഷ്ടാംഗം വീണു നമസ്കരിച്ചു. ‘നിനക്ക് മംഗളം ഭവിക്കട്ടെ’ എന്നരുളി മുനി രാജാവിനെ എഴുന്നേല്‍പ്പിച്ചു. ശിഷ്യന്മാര്‍ അദ്ദേഹത്തിനു ദര്‍ഭ കൊണ്ടൊരു ആസനം തയ്യാറാക്കി നല്‍കി. രാജാവിന് വേണ്ട ഉപചാരങ്ങള്‍ നല്‍കി മഹര്‍ഷി അദ്ദേഹത്തെ ബഹുമാനിച്ചു. എന്നിട്ട് ആഗമനോദ്ദേശം ആരാഞ്ഞു: 'അവിടുന്നാരാണ്? എന്താണ് ഇവിടെയെത്താന്‍ കാരണം? ചിന്താകുലനായി കാണപ്പെടുവാന്‍ എന്താണ് കാരണം? എന്ത് തന്നെയായാലും പറയൂ നമുക്ക് നിവൃത്തിയുണ്ടാക്കാം.’

രാജാവ് തന്‍റെ കഥയെല്ലാം പറഞ്ഞു. ‘സുരഥനെന്ന രാജാവാണ് ഞാന്‍. നാടും വീടും സുഖവുമെല്ലാം വെടിഞ്ഞ് അങ്ങയുടെ മുന്നില്‍ അഭയം തേടി വന്നതാണ് ഞാന്‍. ഞാനിനി എന്ത് ചെയ്യണമെന്ന് പറഞ്ഞു തന്നാലും. ശത്രുഭയം കൊണ്ടാണ് ഞാന്‍ ശരണാര്‍ത്ഥിയായി ഇവിടെയെത്തിയത്.’

‘’ഭയം വേണ്ട രാജാവേ, നിന്‍റെ പ്രബലരായ ശത്രുക്കള്‍ ഇവിടെ വരികയില്ല. അങ്ങ് ഇവിടെ ഹിംസയൊന്നും ചെയ്യാതെ ഫലമൂലങ്ങള്‍ ഭക്ഷിച്ചു കഴിഞ്ഞു കൊള്ളുക.’ 

മുനിയുടെ വാക്ക് കേട്ട രാജാവ് മുനിമാരെപ്പോലെ വരിനെല്ലരിച്ചോറും കാട്ടു പഴങ്ങളും കഴിച്ച് അവിടെത്തന്നെ സുഖമായി കഴിഞ്ഞു. ഒരു ദിവസം അദ്ദേഹം ചിന്താമഗ്നനായി മരത്തണലില്‍ ഇരുന്ന് ആലോചിച്ചു. “ആ ദ്രോഹികള്‍ എന്‍റെ നല്ലവരായ നാട്ടുകാരെ ദ്രോഹിക്കുന്നുണ്ടാവും. എന്‍റെ ആനകളും കുതിരകളുമെല്ലാം നല്ല തീറ്റകിട്ടാതെ ശോഷിച്ചുകാണുമിപ്പോള്‍. ഞാന്‍ നല്ലപോലെ നോക്കിയിരുന്ന പരിചാരകരോട് ആ ദുഷ്ടന്മാര്‍ എങ്ങിനെയാണോ പെരുമാറുന്നത്? ഞാന്‍ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ പണം ദുര്‍വ്യയം ചെയ്ത് ചൂതിനും വ്യഭിചാരത്തിനും അവര്‍ ഉപയോഗിക്കുന്നുണ്ടാവും. നല്ലതും ചീത്തയും തിരിച്ചറിയാത്ത ഖലന്മാരായിപ്പോയല്ലോ എന്റെ മന്തിമാര്‍!'

ഇങ്ങിനെ അദ്ദേഹം ചിന്താകുലനായി അവിടെയിരിക്കുമ്പോള്‍ ദുഖിതനായ ഒരു വൈശ്യനും അവിടെയെത്തി. ‘എന്താണ് അങ്ങ് ഇങ്ങിനെ വിളറി വിവശനായിരിക്കുന്നത്? പ്രശ്നമെന്താണെന്നു പറയൂ. ഒന്നിച്ച് ഏഴടി വെച്ചാല്‍ രണ്ട് അപരിചിതര്‍ തമ്മില്‍ ബന്ധുത്വമായി എന്നാണല്ലോ ശാസ്ത്രം.’ എന്ന് രാജാവ് അയാളെ സാന്ത്വനിപ്പിച്ചു.

പങ്കുവെയ്ക്കാന്‍ നല്ലൊരാളെ കിട്ടിയതുകൊണ്ട് വൈശ്യന്‍ തന്‍റെ ദുഖഭാരത്തിന്റെ കെട്ടഴിച്ചു. ‘സുഹൃത്തേ, ഞാന്‍ സമാധി എന്ന് പേര് കേട്ട ധനികനായ ഒരു വൈശ്യനാണ്. നാട്ടിലൊക്കെ ഞാന്‍ സല്‍പ്പേര് മാത്രമേ ഇതുവരെ കേള്‍പ്പിച്ചിട്ടുള്ളു. സത്യധര്‍മ്മാദികള്‍ വിട്ടൊരു കാര്യവും ഞാന്‍ ചെയ്തിട്ടില്ല. എന്നാല്‍ കഷ്ടമെന്നു പറയട്ടേ, എന്‍റെ ഭാര്യക്കും പുത്രന്മാര്‍ക്കും എന്നെയിപ്പോള്‍ വേണ്ട. അവരെന്നെ വീട്ടില്‍ നിന്നും പുറന്തള്ളി. അതാണ്‌ എന്‍റെ കഥ. ആട്ടെ, അങ്ങാരാണ്? അങ്ങും എന്നെപ്പോലെ ദുഖിതനാണെന്ന് മുഖം കണ്ടാലറിയാം’

‘സുരഥനെന്നു പേരായ ഒരു രാജാവാണ് ഞാന്‍. എന്‍റെ മന്ത്രിമാരാണ് എന്നെ വഞ്ചിച്ചത്. ശത്രുഭയം കൊണ്ട് ഞാന്‍ ഇവിടേയ്ക്ക് ഓടി വന്നതാണ്. നിന്നെ ഇവിടെ കണ്ടുമുട്ടിയത് ഭാഗ്യം. ഉത്തമ മരങ്ങള്‍ നിറഞ്ഞ ഈ കാട്ടില്‍ നമുക്ക് അല്ലലില്ലാതെ കഴിയാം. നമുക്ക്ദു ഖം തരാനിവിടെ ആരുമില്ലല്ലോ.’

എന്നാല്‍ വൈശ്യനു തന്‍റെ ദുഃഖം അടക്കാനായില്ല. ‘ഞാനില്ലെങ്കില്‍ വീട്ടിലെ കാര്യം ആകെ തകരാറാവും. ഭാര്യയെങ്ങിനെ സുഖമായി ജീവിക്കും? അവര്‍ക്ക് ആധിയും വ്യാധിയും ഉണ്ടാവും. തല്‍ക്കാലത്തേക്ക് വെറുപ്പ്‌ കാണിക്കുന്ന മകനും വിഷമിക്കും എന്ന് തീര്‍ച്ച. ഇനി ഞാന്‍ എന്‍റെ കുടുംബത്തെ എന്ന് കാണുമോ എന്തോ! വീടിനെപ്പറ്റിയുള്ള ചിന്ത എന്നെ വിട്ടു പോവുന്നേയില്ല.’

‘നീയിപ്പോള്‍ വിഷമിക്കുന്നത് നിന്നെ പുറംതള്ളിക്കളഞ്ഞ ആ ദുര്‍വൃത്തരെയോര്‍ത്താണ് ! സംസ്കാരമില്ലാത്ത അവരെക്കൊണ്ടു നിനക്കെന്തു നേട്ടം? ദ്രോഹിയായ ബന്ധുവിനേക്കാള്‍ നല്ലത് ഹിതം ചെയ്യുന്ന ശത്രുവാണ്. നീ ധൈര്യമായി ഇവിടെ നില്‍ക്കുക’

‘’ഗൃഹചിന്തയാല്‍ എന്‍റെ മനസ്സിലെ ആശങ്കയും ദുഖവും വര്‍ദ്ധിക്കുന്നതേയുള്ളൂ. ഞാനെത് ചെയ്യട്ടെ. എന്റെ മനസ്സുറയ്ക്കുന്നില്ല.’

അപ്പോള്‍ രാജാവ് പറഞ്ഞു: ‘ശരി നമുക്ക് പ്രശാന്തനായ ആ മുനിയോടു തന്നെ ചോദിക്കാം. സത്യം പറഞ്ഞാല്‍ എന്റെ കാര്യവും വിഭിന്നമല്ല. എന്റെ മനസ്സിലും ഞാന്‍ വിട്ടു പോന്ന രാജ്യത്തെപ്പറ്റിയും പ്രജകളെപ്പറ്റിയുമുള്ള അഴലുകള്‍ ഒഴിയുന്നില്ല. ദുഃഖനിവാരണം എങ്ങിനെ നേടാം എന്ന് നമുക്കാ മാമുനിയോടു ചോദിക്കാം.’

രാജാവും വൈശ്യനും മഹര്‍ഷിയെക്കണ്ട് സംശയം ചോദിക്കാമെന്നു തീരുമാനിച്ചു. രാജാവ് ശാന്തചിത്തനായി സംശയമുണര്‍ത്തിച്ചു. 

Tuesday, March 8, 2016

ദിവസം 123. ശ്രീമദ്‌ ദേവീഭാഗവതം. 5. 31 ശുംഭവധം

ദിവസം 123. ശ്രീമദ്‌ ദേവീഭാഗവതം. 5. 31  ശുംഭവധം

ഇതി തേഷാം വച: ശ്രുത്വാ ശുംഭോ ദൈത്യപതിസ്തദാ
ഉവാച സൈനികാനാശു കോപാകുലിതലോചന:
ജാല്മാ കിം ബ്രൂത ദുര്‍വാച്യം കൃത്വാ ജീവിതമുത്സഹേ
നിഹത്യ സചിവാന്‍ ഭ്രാത്യന്‍ നിര്‍ലജ്ജോ വിചരാമി കിം

വ്യാസന്‍ തുടര്‍ന്നു: ഭടന്മാര്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ ശുംഭന്‍ ക്രോധത്തോടെ അവരോടു കയര്‍ത്തു. 'നിങ്ങള്‍ക്കിത് പറയാന്‍ കൊള്ളാവുന്ന കാര്യമാണോ? മൂഢന്മാരേ, എന്‍റെ അനിയനും സൈനിക പ്രമുഖരും മരിച്ചു കഴിഞ്ഞിട്ട് എന്നോടു പോയി സുഖിച്ചു വാഴാന്‍ ഉപദേശിക്കാന്‍ നാണമില്ലേ? നന്മതിന്മകള്‍ ഈശ്വരകൃതമാണെന്നു നമുക്കെല്ലാം അറിയാം. അരൂപിയായ കാലമാണ് ഈശ്വരനെങ്കില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? നടക്കേണ്ടത് നടന്നു തന്നെ ആകണം. എനിക്ക് മരണത്തെപ്പറ്റി ഭയമില്ല. നാം കാലത്തെ പൂജിച്ചതുകൊണ്ടും പ്രയോജനമില്ല. എല്ലാ വര്‍ഷവും ശ്രാവണത്തില്‍ മഴ പെയ്യുന്നുണ്ടോ? ചിലപ്പോള്‍ അകാലത്ത് – കന്നിയിലും മകരത്തിലും പോലും മഴ കാണാറില്ലേ? ദൈവഹിതമനുസരിച്ചല്ലാതെ യാതൊന്നും നടക്കുകയില്ല. മനുഷ്യപ്രയത്നത്തിന്‍റെ പരിമിതികളെപ്പറ്റി എനിക്ക് നനായി അറിയാം. എന്‍റെ രണവീരനായ അനിയന്‍ കാലപുരി പൂകിയില്ലേ? രക്തബീജനും എന്നെ വിട്ടുപോയി. ഇനി ഞാനെന്തിനു ജീവിച്ചിരിക്കണം?

സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവന്‍റെ ആയുസ്സ് പോലും രണ്ടു പരാര്‍ദ്ധമായി നിജപ്പെടുത്തിയിട്ടുണ്ടല്ലോ. ബ്രഹ്മാവിന്റെ ഒരു ദിവസം നാലായിരം യുഗങ്ങള്‍ കൂടിയതാണ്. അക്കാലത്തിനുള്ളില്‍ പതിനാല് ഇന്ദ്രന്മാര്‍ ജനിച്ചു മരിക്കുന്നു. ബ്രഹ്മാവിന്‍റെ ആയുസ്സിന്‍റെ ഇരട്ടിയാണ് വിഷ്ണുവിന്‍റെ ആയുസ്സ്. അതിന്റെയും ഇരട്ടിയാണ് പരമശിവന്‍റെത്. ദൈവനിര്‍മ്മിതിയായ എല്ലാറ്റിനും അവസാനമുണ്ട്. സൂര്യചന്ദ്രാദികളും ഭൂമിയും മലകളും എല്ലാം നശിക്കും. ജനിച്ചവന്‍ മരിക്കും എന്ന് നിശ്ചയം. ഉണ്ടായതൊക്കെ ഇല്ലാതാവും എന്നും ഉറപ്പാണ്. സ്ഥിരകീര്‍ത്തി മാത്രമേ നിലനില്‍ക്കൂ. ജീവിതം ക്ഷണികമാണെങ്കിലും ഈ ദേഹത്തിനു കീര്‍ത്തി നേടാന്‍ കഴിയും. നിങ്ങള്‍ വേഗം എന്‍റെ രഥം തയ്യാറാക്കുക. ഞാന്‍ യുദ്ധസന്നദ്ധനാണ്. ജയവും തോല്‍വിയും ദൈവേച്ഛപോലെ വരട്ടെ.’

ശുംഭന്‍ തന്റെ തേരില്‍ക്കയറി  ജഗദംബികയുടെ സവിധമണഞ്ഞു. ചതുരംഗപ്പടകള്‍ അദ്ദേഹത്തിനു പിന്നില്‍ അണിനിരന്നു. സിംഹവാഹിനിയായ സര്‍വ്വലോകമനോഹരിയെ ശുംഭന്‍ കണ്ടു. സര്‍വ്വാഭരണവിഭൂഷിതയായ ആ ത്രൈലോക്യസുന്ദരിയെ സ്തുതിച്ചും അവള്‍ക്ക് മേല്‍ മന്ദാരപ്പൂവുകള്‍ അര്‍ച്ചിച്ചും ദേവവൃന്ദം ആകാശവീഥികളെ അലങ്കരിച്ചു. ദേവിയാണെങ്കില്‍ മണിനാദവും ശംഖനിനാദവും മുഴക്കുന്നു.

ദേവിയെ കണ്ട മാത്രയില്‍ സ്മരശരപീഡിതനായ ശുംഭന്‍ ആലോചിച്ചു. ‘ഈ സൌന്ദര്യം എത്ര വശ്യം? സൌകുമാര്യവും രണവീര്യവും വൈരുദ്ധ്യമുളവാക്കുന്നവയല്ലേ? എന്നാല്‍ ഈ സുന്ദരിയില്‍ അവയെത്ര സമ്യക്കായി ഒത്തു ചേര്‍ന്നിരിക്കുന്നു. അവളില്‍ കാമഭാവം കാണുന്നില്ല. രതിയുടെ രൂപലാവണ്യമുള്ള ലക്ഷണയുക്തയായ ഈ കൃശഗാത്രിയാണോ മല്ലന്മാരെ വെന്ന് അസുരസൈന്യങ്ങളെ കൊന്നുതിന്നത്? ഇവളെ നേരിടാന്‍ എന്താണ് ഉപായം? അതിനുള്ള മന്ത്രങ്ങളൊന്നും എനിക്ക് തോന്നുന്നില്ലല്ലോ! സാമദാനഭേദങ്ങള്‍ ഇവളുടെ അടുത്ത് വിലപ്പോകില്ല. പാതാളത്തിലേക്ക് ഓടിപ്പോവുന്നത് ദുഷ്കീര്‍ത്തികരമാണ്. സ്ത്രീയുടെ കയ്യാല്‍ മരിക്കാനാവുമോ വിധി? സമാനബലവാന്മാര്‍ തമ്മില്‍ ഏറ്റുമുട്ടി മരിക്കുന്നതില്‍ തെറ്റില്ല. അത് ശ്രേയസ്ക്കരമാണ് താനും. അവളുടെ കയ്യില്‍ അനേകം ആയുധങ്ങള്‍ കാണുന്നു. സാമവാക്യങ്ങളും ദാനവും ഒന്നും അവള്‍ക്ക് വേണ്ട. ഏറ്റുമുട്ടി മരിക്കുക തന്നെ. എന്നെ വിധിക്ക് വിട്ടു കൊടുക്കാം.’

ഇങ്ങിനെ ചിന്തിച്ചുവെങ്കിലും ശുംഭന്‍ ധൈര്യം കൈവെടിഞ്ഞില്ല. ‘ദേവീ, നീ ധൈര്യമായി പോരിനിറങ്ങു. നിന്‍റെ പരിശ്രമം വിജയിക്കാന്‍ പോകുന്നില്ല. വിവരമില്ലാത്ത സ്ത്രീകള്‍ക്ക് യുദ്ധധര്‍മ്മം പറഞ്ഞിട്ടുണ്ടോ? കടക്കണ്ണ്‍ കൊണ്ടുള്ള ശരങ്ങളും ചില്ലി വില്ലുകളും കൊണ്ട് കൊള്ളാവുന്ന പുരുഷനെ എയ്തു വീഴ്ത്താന്‍ നാരികള്‍ വിധഗ്ദ്ധകളാണ്. കുറിക്കൂട്ടുകളാണ് അവരുടെ പടക്കോപ്പ്. മനോരഥമെന്ന രഥത്തിലാണ് യാത്ര. ഭേരീശബ്ദം എന്നത് കളമൊഴികളായി പുറത്തു വരും! സ്ത്രീകള്‍ മറ്റേതെങ്കിലും ആയുധങ്ങള്‍ കയ്യിലേന്തുന്നത് അവലക്ഷണമാണ്. ലജ്ജയാണ് സുന്ദരികള്‍ക്ക് ഭൂഷണം. ധാര്‍ഷ്ട്യം അവള്‍ക്ക് ചേരില്ല. ഞാണ്‍ വലിച്ചു ശരം വിടുമ്പോള്‍ മാറിടം മറയ്ക്കാന്‍ പറ്റുമോ? അരയന്നത്തെപ്പോലെ പതിയെ നടക്കേണ്ട വനിതകള്‍ ഗദയുമെടുത്ത് ഓടുന്നതെങ്ങിനെ? നിനക്ക് ഉപദേശങ്ങള്‍ തന്ന് വഴിതെറ്റിക്കുന്നത് ഈ കാളികയും ചാമുണ്ഠയുമാണ്. ബുദ്ധികെട്ട ആ ചണ്ഡികയുടെ സ്വരം ക്രൂരമാണ്. നിന്‍റെ വാഹനമോ ഭയങ്കരനായ സിംഹം! വീണവായിക്കേണ്ട നീ ഇപ്പോള്‍ മുഴക്കുന്നത് ഘാണ്ടാനാദമാണ്. നിന്റെ യൌവ്വനവും സൌന്ദര്യവും ഈ വക ചുറ്റുപാടുകള്‍കൊണ്ട് നഷ്ടപ്രഭമായിരിക്കുന്നു. യുദ്ധമാണ് നിനക്ക് പ്രിയമെങ്കില്‍ എന്തിനിങ്ങിനെ സുന്ദരഭാവം? വികൃതഭാവത്തില്‍ മുന്നില്‍ വരൂ. കാക്കക്കറുപ്പും ഉന്തിയ പല്ലും പൂച്ചക്കണ്ണും, വികൃത ഭാവവും പൊട്ടക്കണ്ണും വികൃതനഖവും ചേര്‍ന്നൊരു രൂപമാണ് യുദ്ധക്കൊതിയുള്ള നാരിക്ക് യോജിക്കുക. ദേവീ, പേടമാന്‍മിഴിയുമായി രതിലോലഭാവത്തില്‍ നില്‍ക്കുന്ന നിനക്ക് നേരെ ആയുധമെടുക്കാന്‍ എനിക്ക് തോന്നുന്നില്ല.’

ദേവി ചിരിച്ചുകൊണ്ട് പറഞ്ഞു: കാമബാണപരവശനായത് കൊണ്ടാണ് നിനക്കീ വൈക്ലബ്യം. ഞാനിവിടെ കാണിയായി നില്‍ക്കാം. നീയീ കാളികയുമായി അല്ലെങ്കില്‍ ചാമുണ്ഠയുമായി പോരാടുക. അവരാണെങ്കില്‍ യുദ്ധവീര്യത്തില്‍ നിനക്ക് യോജിച്ചവരുമാണ്.’ എന്ന് പറഞ്ഞു ദേവി ‘അവനെ കൊന്നു കളയുക’  എന്ന് കാളിയേയും ചാമുണ്ഠയേയും ആംഗ്യത്താല്‍ ആഹ്വാനം ചെയ്തു.

ദേവിയുടെ ആജ്ഞപ്രകാരം ഗദയുമേന്തി കാളിക രണത്തിനിറങ്ങി. വിണ്ണവര്‍ യുദ്ധക്കാഴ്ച കാണാന്‍ ആകാശത്ത് നിരന്നു നിന്നു. ശുംഭന്‍ ഗദകൊണ്ട് കാളികയെ ആക്രമിച്ചപ്പോള്‍ കാളിക ഒറ്റയടിക്ക് ശുംഭന്റെ സ്വര്‍ണ്ണത്തേര് പൊടിയാക്കി. അവന്‍ കാളികയുടെ മാറിടം നോക്കി പ്രഹരിക്കാന്‍ ശ്രമിച്ചുവെങ്കിലും അത് ലക്‌ഷ്യം കണ്ടില്ല. കാളിക വാളെടുത്ത് അസുരന്‍റെ ഇടം കൈ അറുത്തു. തേര് തകര്‍ന്നു രക്തത്തില്‍ക്കുളിച്ചു നിന്ന അവന്‍റെ മറ്റേക്കയ്യില്‍ ഗദ അപ്പോഴും മുറുകെപ്പിടിച്ചിരുന്നു. ആ ഗദ കാളികയ്ക്ക് നേരെ ഓങ്ങവെ വലത്തേ കയ്യും കാളികയുടെ വാളിനിരയായി. എന്നിട്ടും വീറൊടുങ്ങാത്ത ശുംഭന്‍ കാലുകൊണ്ട്‌ കാളികയെ ചവിട്ടാന്‍ പാഞ്ഞടുത്തു. ഒറ്റവെട്ടിനു കാലുകള്‍ രണ്ടും കാളിക അരിഞ്ഞിട്ടു. എന്നിട്ടും ഉരുണ്ടുരുണ്ട്‌ തന്‍റെ നേര്‍ക്ക് വന്ന ദാനവന്റെ ശിരസ്സറുത്തപ്പോള്‍ അവന്‍ ഒരു മലപോലെ നിപതിച്ചു.  രക്തം പുഴപോലെ ഒഴുകി. ശുംഭന്റെ ജീവന്‍ ഉടല്‍ വിട്ടുപോയി.

യുദ്ധഫലം കണ്ടു തൃപ്തരായ ദേവന്മാര്‍ ആനന്ദിച്ചു. അവര്‍ കാളികയെയും ചാമുണ്ഠയെയും സ്തുതിച്ചു. അന്തരീക്ഷത്തില്‍ ശുഭസൂചകമായ ശാന്തി വിളയാടി. ഹോമാഗ്നികള്‍ ജ്വലിക്കവേ ശേഷിച്ച ദാനവന്മാര്‍ ദേവിയെ പ്രണമിച്ചശേഷം ആയുധങ്ങള്‍ ഉപേക്ഷിച്ച് പാതാളത്തിലേയ്ക്ക് പോയി.

വ്യാസന്‍ തുടര്‍ന്നു: ഇതാണ് ആ ദേവിയുടെ മഹച്ചരിതം. അസുരന്മാരെ വകവരുത്തി ദേവിയെങ്ങിനെ ദേവന്മാര്‍ക്ക് സഹായം ചെയ്തുവെന്ന് ഞാന്‍ പറഞ്ഞുതന്നു. വളരെ വിശേഷമാണീ കഥ. ഈ കഥ കേള്‍ക്കുന്നതുകൊണ്ട്‌ പുത്രദുഃഖം അനുഭവിക്കുന്നവന് പുത്രലാഭവും നിര്‍ധനനു ധനവും ലഭിക്കും. രോഗികള്‍ക്ക് രോഗനിവാരണം സംഭവിക്കും. സാധകന്റെ അഭീഷ്ടങ്ങള്‍ നിറവേറും. ശത്രുഭയം നശിക്കും ശത്രുബാധകള്‍ ഇല്ലാതാകും. ഇക്കഥ നിത്യവും പഠിക്കുന്നവന് അനായാസേന മുക്തിയും ലഭിക്കും.

Sunday, March 6, 2016

ദിവസം 122. ശ്രീമദ്‌ ദേവീഭാഗവതം. 5. 30 നിശുംഭവധം

ദിവസം 122. ശ്രീമദ്‌ ദേവീഭാഗവതം. 5. 30  നിശുംഭവധം

നിശുംഭോ നിശ്ചയം കൃത്വാ മരണായ ജയായ വാ
സോദ്യമ: സബല: ശൂരോ രണേ ദേവീമുപായയൌ
തമാജഗാമ ശുംഭോ fപി സ്വബലേന സമാവൃത:
പ്രേക്ഷകോ fഭുദ്രണേ രാജാ സംഗ്രാമരസപണ്ഡിത:

വ്യാസന്‍ പറഞ്ഞു: ഒന്നുകില്‍ ജയം അല്ലെങ്കില്‍ മരണം എന്നുറച്ച് നിശുംഭന്‍ സധൈര്യം ദേവിയുടെ മുന്നില്‍ ആഗതനായി. അനിയന്‍റെ പോര് കണ്ട് രസിക്കാനായി ശുംഭനും അവിടെ സൈന്യസമേതം എത്തി. മേഘാവൃതമായ ആകാശത്ത് ഇന്ദ്രനും മറ്റു ദേവന്മാരും യുദ്ധക്കാഴ്ച കാണാന്‍ തയ്യാറായി നിരന്നു നിന്നു. നിശുംഭന്‍ തന്‍റെ ശാര്‍ങ്ഗ വില്ലെടുത്ത് ദേവിയെ ഒന്ന് പേടിപ്പിക്കാന്‍ എന്ന മട്ടില്‍ ശരങ്ങള്‍ തൊടുത്തുവിട്ടു. അപ്പോള്‍ ചണ്ഡിക അവനെ നോക്കി ചിരിച്ചുകൊണ്ട് തന്‍റെ വില്ലെടുത്ത് കുലച്ചു. എന്നിട്ട് കാളികയോടു പറഞ്ഞു: ‘മൂര്‍ഖനായ ഇവന്‍ മുന്നില്‍ വന്നു നില്‍ക്കുന്നത് കണ്ടോ? മരണം ഉറപ്പാക്കാന്‍ വന്നു നില്‍ക്കുകയാണ് ജ്യേഷ്ഠനും അനുജനും. അനേകം ദൈത്യന്മാര്‍ മരിച്ചിട്ടും രക്തബീജനെ നാം കൊന്നിട്ടും അവര്‍ക്കിപ്പോഴും വിജയിക്കാന്‍ ആശയുണ്ട്. എല്ലാമെല്ലാം നഷ്ടപ്പെടുമ്പോഴും ആശാപാശം അവരെ വരിഞ്ഞുകെട്ടി നിര്‍ത്തുന്നു. അതും എന്‍റെ മായയാലാണ്. ഇവര്‍ രണ്ടും എന്‍റെ കൈകൊണ്ടു മരിക്കാന്‍ വിധിക്കപ്പെട്ടവര്‍ തന്നെ. ദേവന്മാര്‍ക്ക് കാണാന്‍ പാകത്തിന് ഞാന്‍ ആ വിധി നടപ്പാക്കും.’

ഇങ്ങിനെ കാളികയോട് പറഞ്ഞു ചണ്ഡിക തന്റെ വില്ലിന്റെ ഞാണൊന്നു വലിച്ചു വിട്ടു. നിശുംഭനെ ചണ്ഡിക അസ്ത്രങ്ങളാല്‍ മൂടി. എന്നാല്‍ അസുരനും രണവീരനായിരുന്നു. തന്‍റെ നേര്‍ക്ക് വന്ന ശരങ്ങളെയെല്ലാം അവന്‍ ഖണ്ഡിച്ചു. അപ്പോള്‍ സിംഹം സടകുടഞ്ഞ് സൈന്യമദ്ധ്യത്തിലേയ്ക്ക് ആന വെള്ളത്തിലിറങ്ങുംപോലെ ചാടി വീണു. ആനകളെ മാന്തിപ്പൊളിച്ചു തിന്നുന്നതുപോലെ സിംഹം കണ്ണില്‍ക്കണ്ട അസുരന്മാരെയെല്ലാം ആഹരിച്ചു. അപ്പോഴേയ്ക്കും നിശുംഭന്‍ വില്ലുകുലച്ച് അവിടെയെത്തി. അവന്‍റെ സഹായത്തിന് അനേകം രാക്ഷസരും കോപം കൊണ്ട് ചുവന്ന കണ്ണുകളുമായി അവിടെനിരന്നു. നാവും പല്ലും കടിച്ചു രോഷത്തോടെ ദേവിയെ നശിപ്പിക്കാനായാണ്‌ അവര്‍ ഓടിയണഞ്ഞത്. 

പെട്ടെന്ന് ശുംഭന്‍ കൂടുതല്‍ ആക്രമോല്‍സുകനായി അവിടെയെത്തി. കാളിയെക്കൊന്നു ജഗദംബയെ കൊണ്ടുപോവുകയായിരുന്നു അവന്‍റെ ലക്ഷ്യം. രൌദ്രം, ശൃംഗാരം എന്നിവ സമ്യക്കായി സംയോജിച്ച് സുന്ദരിയായി നില്‍ക്കുന്ന ദേവിയെ കണ്ട മാത്രയില്‍ അവളെ വിവാഹം കഴിക്കണമെന്ന ചിന്തപോലും അവനില്‍ നിന്ന് മറഞ്ഞു. ഇനി ഇവളെ ജയിക്കാന്‍ തനിക്കാവില്ല എന്നൊരു ചിന്ത അവനെ ഗ്രസിക്കുകയും ചെയ്തു. അപ്പോള്‍ അവനോട് മന്ദഹാസത്തോടെ ദേവി ഇങ്ങിനെ പറഞ്ഞു: ‘നിനക്ക് ജീവനില്‍ കൊതിയുണ്ടെങ്കില്‍ ആയുധം വെച്ച് കീഴടങ്ങിയാലും കടലിലോ പാതാളത്തിലോ പോയി നിനക്ക് ജീവിക്കാം. അഥവാ ഈ പോരില്‍ കൊല്ലപ്പെടുകയാണെങ്കിലും നിനക്ക് വിഷമിക്കാനില്ല. അങ്ങിനെ നിനക്ക് സ്വര്‍ഗ്ഗസുഖം കിട്ടുമല്ലോ. ഒരേസമയം ശൂരനും ഭീരുവും ആകാന്‍ പറ്റില്ല. അവസാനമായി നിനക്ക് ഞാന്‍ അഭയം തരുന്നു. പൊയ്ക്കോള്ളൂ.’

ഇത് കേട്ട നിശുംഭന്‍ കൂടുതല്‍ മദഗര്‍വ്വിതനായി അഷ്ടചന്ദ്രപരിചയും വാളുമെടുത്ത് ചെന്ന്  സിംഹത്തെ ആഞ്ഞു വെട്ടി. ദേവി ആദ്യമൊന്നു പകച്ചുവെങ്കിലും പിന്നെ തന്‍റെ ഗദകൊണ്ട് ആ വെട്ട് തടുത്തിട്ട് അവനെ മഴുകൊണ്ട് വെട്ടി. തോളില്‍ വെട്ടേറ്റ വേദനയോടെ അവന്‍ വീണ്ടും ചണ്ഡികയെ ആക്രമിച്ചു. അവനെ നിഗ്രഹിക്കാന്‍ സമയമായി എന്ന് നിശ്ചയിച്ച ചണ്ഡിക സുരപാനം ചെയ്തു. ഘോരഘോരം മണിനാദം മുഴക്കി. എല്ലാവരും ഭീതിദരായി. മാംസഭുക്കുകളായ മൃഗങ്ങള്‍ക്ക് മൃഷ്ടാന്നമാകും വിധം ശവങ്ങള്‍ അവിടെ നിറഞ്ഞു. ചോര തളംകെട്ടി യുദ്ധക്കളം ചുവന്നു. അസുരന്മാര്‍ ചത്തൊടുങ്ങുന്നത് കണ്ട നിശുംഭന്‍ ദേവിയെ ഗദയാല്‍ ആഞ്ഞടിച്ചു. ‘നില്‍ക്കടാ അവിടെ. നിന്നെ ഞാന്‍ ഈ വാളിനിരയാക്കാന്‍ പോകുന്നു’ എന്നലറിക്കൊണ്ട് ചണ്ഡിക നിശുംഭന്റെ തല വെട്ടി മാറ്റി. തല തെറിച്ചു നിലത്തു വീണിട്ടും അവന്‍റെ കയ്യിലുള്ള ഗദ വീണ്ടും അക്രമം തുടര്‍ന്നു. പിന്നീട് ദേവിയുടെ കൂരമ്പ്‌ തറച്ച് ആ ദേഹവും ഭൂമിയില്‍ പതിച്ചു. രാക്ഷസപ്പടയുടെ ദീനരോദനം ചുറ്റുപാടും മാറ്റൊലിക്കൊണ്ടു.

നിശുംഭന്‍ ഹതനായ വിവരം ദൂതന്മാര്‍ ശുംഭനെ അറിയിച്ചു. ‘നിശുംഭനെ ആ ചണ്ഡികയാണ് കൊന്നത്. അങ്ങ് ഇനി ദേവിയുമായി യുദ്ധത്തിനു തുനിയാതിരിക്കയാണ് ബുദ്ധി. ദേവന്മാര്‍ക്ക് സഹായത്തിനായി ദാനവകുലത്തെ മുടിക്കാന്‍ കച്ചകെട്ടിയിറങ്ങിയതാണ് ആ ദേവി. അവള്‍ സാധാരണക്കാരിയല്ല. ആര്‍ക്കും അവളെ പൂര്‍ണ്ണമായി അറിയാന്‍ കഴിയില്ല. നാനാരൂപം ധരിക്കാന്‍ അവള്‍ക്കാവും. ഗൂഢചരിതയാണവള്‍. കൂടെയുള്ളത് കാളരാത്രിയാണ്. സര്‍വ്വായുധങ്ങളും അവള്‍ക്ക് കളിക്കോപ്പാണ്. സര്‍വ്വലക്ഷണസമ്പന്നയായ അവളെ ദേവന്മാര്‍ സദാ സ്തുതിക്കുന്നു. സംസാരത്തിന്നതീതയായ അവള്‍ ദേവന്മാര്‍ക്ക് പോലും അഗമ്യയാണ്. ഇപ്പോള്‍ പാലായനമാണ് കരണീയം എന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. ഇപ്പോള്‍ നമുക്ക് നമ്മുടെ തടി രക്ഷിക്കാം. പിന്നീട് കാലം മാറി മറിയുമ്പോള്‍ ശക്തരായി വന്ന് നമുക്ക് ദേവന്മാരെ കീഴടക്കാം. ബലവാനെ ദുര്‍ബ്ബലനാക്കാനും ദുര്‍ബ്ബലനെ ബലവാനാക്കാനും കാലത്തിനു കഴിയും. ധനികനെ പിച്ചയെടുപ്പിക്കാനും യാചകനെ യജമാനനാക്കാനും കാലത്തിനു കഴിയുമല്ലോ. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ പോലും കാലത്തിനു കീഴിലാണ്. രാജാവേ, ഇപ്പോള്‍ ദേവന്മാരുടെ നല്ല കാലം എന്ന് സമാധാനിക്കുക. ഒരിക്കല്‍ ഉണ്ടായ വിത്തമെല്ലാം മറ്റൊരിക്കല്‍ നശിച്ചേക്കാം. അങ്ങേയ്ക്ക് കപ്പം തന്ന ദേവന്മാര്‍ ഇപ്പോള്‍ വിജയികളായി. നാം ഒരു സ്ത്രീയാല്‍ പരാജിതരായി ഇപ്പോള്‍ നില്‍ക്കുന്നു. ശുഭാശുഭങ്ങള്‍ക്ക് കാരണം കാലമാണ്. കാളിയല്ല. ദേവന്മാരുമല്ല. ഇപ്പോള്‍ കാലം നമുക്ക് അനുകൂലമല്ല. അങ്ങേയ്ക്ക് ഇഷ്ടം പോലെ ചെയ്യാം. ഓടിപ്പോകുന്നത് കൊണ്ട് ദൂഷ്യമില്ല. പണ്ട് ദേവേന്ദ്രനും വരുണനും യമനും വിഷ്ണുവും രുദ്രനുമെല്ലാം ആയുധം വച്ച് അങ്ങില്‍ നിന്നും ഓടി രക്ഷപ്പെട്ടിട്ടില്ലേ? അങ്ങ് പാതാളത്തില്‍ പോയി വസിച്ചാലും. യുദ്ധത്തില്‍ നിന്‍റെ മരണമുണ്ടായാല്‍ ദേവന്മാര്‍ അതാഘോഷിക്കുകതന്നെ ചെയ്യും. അങ്ങേയ്ക്ക് നല്ലത് വരട്ടെ’

Tuesday, March 1, 2016

ദിവസം 121. ശ്രീമദ്‌ ദേവീഭാഗവതം. 5,. 29. രക്തബീജവധവും യുദ്ധോദ്യോഗവും

ദിവസം 121. ശ്രീമദ്‌ ദേവീഭാഗവതം. 5,. 29. രക്തബീജവധവും യുദ്ധോദ്യോഗവും 

വരദാനമിദം തസ്യ ദാനവസ്യ ശിവാര്‍പ്പിതം
അത്യദ്ഭുതതരം രാജന്‍ ശൃണു തത് പ്രബ്രവീമ്യഹം
തസ്യ ദേഹാദ്രക്തബിന്ദുര്‍യദാ പതതി ഭൂതലേ
സമുത്പതന്തി ദൈതേയാസ്തദ്രുപാസ്തത് പരാക്രമാ:

വ്യാസന്‍ പറഞ്ഞു: രാജാവേ, രക്തബീജന് കിട്ടിയ വിശിഷ്ടമായ വരലബ്ധി എന്തായിരുന്നുവെന്ന് ഞാന്‍ പറയാം. പരമശിവനാണ് അവനു വരം നല്‍കിയത്. അവന്‍റെ ചോര താഴെ മണ്ണില്‍ വീണാല്‍ ഓരോ തുള്ളിയില്‍ നിന്നും അവനെപ്പോലെ രണവീരന്മാരായ ഓരോരോ അസുരന്മാര്‍ ഉണ്ടായി വരും.

തപസ്സിനാല്‍ സിദ്ധമായ വരബലം കൊണ്ട് മദമത്തനായ രക്തബീജന്‍ ദേവിയെയും കാളിയെയും ഒരുമിച്ച് ഇല്ലാതാക്കണം എന്ന് നിശ്ചയിച്ചു പോരിനിറങ്ങി. ഗരുഡവാഹനത്തില്‍ കയറിയിരിക്കുന്ന വൈഷ്ണവീദേവിയെക്കണ്ട്‌ കോപത്തോടെ അവന്‍ തന്‍റെ വേലുകൊണ്ട് ആഞ്ഞു ചാട്ടി. വൈഷ്ണവി അവന്റെ വേലിനെ തന്‍റെ ഗദകൊണ്ട് തടുത്തിട്ട് ചക്രം കൊണ്ടവനെ നേരിട്ടു. ചക്രം കൊണ്ടപ്പോള്‍ രക്തബീജന്‍റെ ദേഹം പൊട്ടി ചോര ചീറ്റി. മലമുകളില്‍ നിന്നും ചുവന്ന നിറത്തില്‍ ചോലയൊഴുകിയത്പോലെ അവിടം ചോരക്കളമായി. അവന്‍റെ ചോര മണ്ണില്‍ വീണതും തുല്യശരീരികളായ ആയിരക്കണക്കിന് യോദ്ധാക്കള്‍ അവിടെ ഉയര്‍ന്നുവന്നു. ഐന്ദ്രിക്ക് കോപം വന്ന് തന്‍റെ വജ്രം അവന്‍റെ നേരെ പ്രയോഗിക്കവേ ദൈത്യന്റെ ദേഹത്ത് നിന്നും വീണ്ടും ചൊരപ്പുഴ വാര്‍ന്നു. യുദ്ധക്കൊതി പൂണ്ട അസുരന്മാര്‍ അനേകം അങ്ങിനെയവിടെ സംജാതരായി.

ബ്രാഹ്മണി തന്‍റെ ബ്രഹ്മദണ്ഡുകൊണ്ട് താഡിച്ചപ്പോള്‍ ശാങ്കരി തന്‍റെ ശൂലം അവനുമേല്‍ തറച്ചു. നാരസിംഹിക കൂര്‍ത്തു മൂര്‍ത്ത നഖങ്ങള്‍കൊണ്ട് അസുരനെ മാന്തിപ്പൊളിച്ചു. വാരാഹിയും അവനെ നന്നായി ആക്രമിച്ചു. കൌമാരി വേലെടുത്ത് രക്തബീജന്റെ മാറുനോക്കി ചാട്ടി. ദേവിമാര്‍ ഇങ്ങിനെ അസുരന്‍റെ ദേഹം അമ്പാലും ഗദയാലും മറ്റ് ആയുധങ്ങളാലും ആക്രമിച്ചു. ചണ്ഡിക അസുരന്‍റെ ശരങ്ങള്‍ എല്ലാം തടുത്ത് അവനെ കൂരമ്പുകളാല്‍ പീഡിപ്പിച്ചു. അവനില്‍ നിന്നും പൊട്ടിയ ചോരത്തുള്ളികളില്‍ നിന്നും ആയിരക്കണക്കിന് ദൈത്യയോദ്ധാക്കള്‍ യുദ്ധത്തിനു തയ്യാറായി നിരന്നു. ഈ രക്തബീജപ്പട കാണ്‍കെ ദേവന്മാര്‍ അമ്പരന്നുപോയി. ഇവിടെയിപ്പോള്‍ ഈ പടയെ നശിപ്പിക്കാന്‍ ആര്‍ക്കു കഴിയും എന്നവര്‍ വ്യാകുലപ്പെട്ടു. ഇവിടെയുള്ള ചണ്ഡി, കാളി, ദേവിമാര്‍ എന്നിവര്‍ക്ക് ഈ അസുരപ്പടയെ വെല്ലാന്‍ കഴിയുമോ എന്നവര്‍ ആശങ്കിച്ചു. ഇപ്പോള്‍ ശുംഭനോ നിശുംഭനോ വന്നാല്‍ ആകെ വഷളാവും എന്നവര്‍ ഭയന്നു.

അങ്ങിനെ ഭയപ്പാടോടെ ദേവന്മാര്‍ നോക്കിയിരിക്കെ ദേവി കാളിയോട്‌ പറഞ്ഞു: ‘ചാമുണ്ഡേ എന്‍റെ അമ്പേറ്റു രക്തബീജനില്‍ നിന്നും പൊടിയുന്ന രക്തം നീ അപ്പപ്പോള്‍ കുടിച്ചു വറ്റിച്ചാലും. നിനക്ക് മതിയാവോളം ദാനവന്മാരെ കൊന്നു തിന്നുകയും ചെയ്യാം. ഞാന്‍ ആയുധങ്ങള്‍ കൊണ്ട് അനേകം പേരെ ഇപ്പോള്‍ത്തന്നെ കൊന്നുകളയുന്നത് കണ്ടാലും. ഒരു തുള്ളി രക്തംപോലും ഭൂമിയില്‍ വീഴാന്‍ അനുവദിക്കരുത്. ഇവരെ ഇല്ലാതാക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. ഇങ്ങിനെയീ കൂട്ടരെ ഇല്ലാതാക്കി ഇന്ദ്രന് സിംഹാസനം തിരിച്ചു നല്‍കിയിട്ടേ നാം മടങ്ങുന്നുള്ളൂ.

ഇതുകേട്ട ചാമുണ്ഡി രക്തബീജസൃഷ്ടികളുടെ ദേഹത്തുനിന്നും നിഷ്ക്രമിച്ച രുധിരമെല്ലാം കുടിച്ചു വറ്റിച്ചു. ദേവി ഗദയും വാളും അസ്ത്രവും കൊണ്ട് മുറിച്ചു മാറ്റിയ ദേഹഭാഗങ്ങള്‍ അപ്പപ്പോള്‍ത്തന്നെ ചാമുണ്ഡി ആഹരിച്ചു. ദൈത്യനും വീറോടെ പൊരുതി. കൃത്രിമദൈത്യവീരരെ കൊന്നു വീഴ്ത്തുന്ന മാത്രയില്‍ത്തന്നെ ആ ദേഹങ്ങള്‍ ചാമുണ്ഡിക്ക് ആഹാരമായി. അതിനിടെ സാക്ഷാല്‍ രക്തബീജനെയും ദേവി അരിഞ്ഞു തള്ളി. അസുരന്‍റെ മരണം കണ്ടു ദൈത്യര്‍ ഭയന്ന് പാലായനം തുടങ്ങി. ‘അയ്യയ്യോ രക്തബീജനെ ആ ചാമുണ്ഡി കൊന്നു. അവന്‍റെയും അവനില്‍ നിന്നും ജനിച്ചവരുടെയും രക്തം അവള്‍ പാനം ചെയ്തു.’ എന്ന്‍ ദൈത്യര്‍ ശുംഭനെ ധരിപ്പിച്ചു. ‘ദേവിയുടെ വാഹനമായ സിംഹവും കാളിയും കൂടി  മറ്റുള്ളവരെയും കൊന്നു തിന്നു.' 

'അവളെ വെല്ലാന്‍ ആര്‍ക്കും സാദ്ധ്യമല്ല. യക്ഷകിന്നരഗന്ധര്‍വ, ഉരഗ,രാക്ഷസ വര്‍ഗ്ഗങ്ങള്‍ക്കൊന്നും അതിനുള്ള കഴിവില്ല. ദേവിക്ക് തുണയായി മറ്റു ദൈവത ശക്തികളും അണിനിരന്നിരിക്കുന്നു. അവളുടെ ശക്തി ഒറ്റയ്ക്ക് തന്നെ അപാരം. പിന്നെയീ ദേവിമാര്‍ കൂടെ അവള്‍ക്ക് സഹായം ചെയ്‌താല്‍ പറയാനുണ്ടോ? ഇനി അങ്ങ് എന്താണ് വേണ്ടതെന്നു തീരുമാനിച്ചാലും. ദൈത്യവംശം മുടിക്കുന്നത് ഈ സ്ത്രീയാണെന്ന് തോന്നുന്നു. രക്തബീജന്റെ വധം, ചണ്ഡികയുടെ രക്തപാനം എന്നിവയൊക്കെ അത്യത്ഭുത സംഭവങ്ങളാണ്. അവളെ സേവിക്കുകയാണ് ബുദ്ധി എന്ന്‍ ഞങ്ങള്‍ക്ക് തോന്നുന്നു. ഇവള്‍ സാമാന്യയല്ല എന്ന് നിശ്ചയം. സാക്ഷാല്‍ മഹാമായ തന്നെയാണീ ദേവി.’

യുദ്ധക്കളത്തില്‍ നിന്നും വന്ന ദൈത്യന്മാര്‍ പറഞ്ഞത് കേട്ട് അതീവ കോപത്തോടെ ശുംഭന്‍ അലറി: ‘നിങ്ങള്‍ വേണമെങ്കില്‍ ശത്രുവിന്‍റെ മഹിമയും പറഞ്ഞ് അവളുടെ കാലു പിടിച്ചോളൂ. ഞാന്‍ ഒറ്റയ്ക്ക് പോയി അവളെ കൊല്ലുന്നുണ്ട്. ഞാനും സാധാരണക്കാരനല്ല. ദേവന്മാര്‍ക്ക് എന്നെ ഭയമാണ്. അങ്ങിനെയുള്ള ഞാന്‍ ഒരു പെണ്ണിനെ ഭയന്ന് ഒളിച്ചോടുകയോ? എന്‍റെ പ്രിയപ്പെട്ട വീരയോദ്ധാക്കള്‍ രക്തബീജനടക്കം മരണപ്പെട്ടു. പോരുതിജയിച്ചില്ലെങ്കില്‍ എന്‍റെ കീര്‍ത്തിയും ഇതോടെ തീരും. നിശുംഭാ ഞാന്‍ അവളെ കൊന്നിട്ട് വരാം. നീ സേനയുമായി എനിക്ക് പിറകെ വരിക. ഞാനിപ്പോള്‍ അവളെ ജയിച്ചു കൂട്ടിക്കൊണ്ടുവരാം.’ 

അപ്പോള്‍ നിശുംഭന്‍ ജ്യേഷ്ഠനോട് ‘ഞാന്‍ പോവാം. അവിടുത്തേയ്ക്ക് അവളെപ്പറ്റി ഇനി ചിന്ത വേണ്ട. ഞാനവളെ കൊണ്ട് വന്നു നിന്‍റെ കാല്‍ക്കല്‍ വയ്ക്കാം. എന്‍റെ കയ്യൂക്ക് അങ്ങേയ്ക്കറിയാമല്ലോ. ഈ ലോകം തന്നെ ജയിക്കാന്‍ അത് മതി. നിനക്ക് ഭോഗസുഖത്തിനായി  ആ കൊച്ചു പെണ്ണിനെ ഞാനിപ്പോള്‍ കൊണ്ടുവരാം. ഞാനിരിക്കുമ്പോള്‍ അങ്ങ് പോരിനിറങ്ങുന്നത് ശരിയല്ല.’ എന്ന് വീമ്പടിച്ചു നിശുംഭന്‍ ആയുധങ്ങളുമെടുത്ത് ചാടി പുറപ്പെട്ടു.