Devi

Devi

Sunday, February 28, 2016

ദിവസം 120. ശ്രീമദ്‌ ദേവീഭാഗവതം. 5. 28. രക്തബീജയുദ്ധവിസ്താരം

ദിവസം 120. ശ്രീമദ്‌ ദേവീഭാഗവതം. 5. 28. രക്തബീജയുദ്ധവിസ്താരം

കൃത്വാ ഹാസ്യം തതോ ദേവീ തമുവാച വിശാംപതേ
മേഘഗാംഭീരയാ വാചാ യുക്തിയുക്തമിദം വച:
പൂര്‍വ്വമേവ മയാ പ്രോക്തം മന്ദാത്മന്‍ കോം വികത്ഥസേ
ദൂതസ്യാഗ്രേ യഥായോഗ്യം വചനം ഹിത സംയുതം

വ്യാസന്‍ തുടര്‍ന്നു: ദേവി പുഞ്ചിരിച്ചുകൊണ്ട് എന്നാല്‍ ഘനഗംഭീരമായ സ്വരത്തില്‍ രക്തബീജനോടു പറഞ്ഞു: ‘നീയെന്തിനാണ്‌ ആവശ്യമില്ലാതെ പുലമ്പുന്നത്? നിങ്ങളുടെ ദൂതനോട് ഞാനെന്തിനാണ് ആഗതയായിട്ടുള്ളതെന്നു ഞാന്‍ പറഞ്ഞയച്ചിരുന്നല്ലോ. മാത്രമല്ല എനിക്ക് അനുരൂപനാവാന്‍ യോഗ്യതയുള്ള പുരുഷന്‍ എന്നെക്കാളും ബലവാനും ബുദ്ധിമാനും സമ്പന്നനും ആയിരിക്കണം. എനിക്കങ്ങിനെയൊരു വ്രതമുണ്ടെന്നു നിന്‍റെ രാജാവിനോടും അവന്‍റെ അനുജനോടും പറയുക. അവര്‍ക്ക് എന്നെ ജയിച്ചിട്ടു വിവാഹം കഴിക്കാമല്ലോ! ഇനി നിന്‍റെ കാര്യം – നമുക്ക് ഒന്ന് പൊരുതി നോക്കാം. അതിനു ധൈര്യമില്ലെങ്കില്‍ നിന്‍റെ പ്രഭുവിനോപ്പം നിനക്കും പാതാളത്തിലേയ്ക്ക് ഒടിപ്പോവാം.’

ദേവി ഇങ്ങിനെ പറഞ്ഞപ്പോള്‍ അസുരനില്‍ ക്രോധവും യുദ്ധാവേശവും ഉണ്ടായി. അവന്‍ സിംഹത്തെ ലക്ഷ്യമാക്കി കുറേ അമ്പുകള്‍ എയ്തു. ദേവി ആ സര്‍പ്പതുല്യശരങ്ങളെ ലക്ഷ്യമെത്തുന്നതിന്‍ മുന്‍പ് തന്‍റെ ബാണങ്ങളാല്‍ മുറിച്ചിട്ടു. രക്തബീജന്‍റെ നേര്‍ക്ക് ദേവി അനേകം ശരങ്ങള്‍ തൊടുത്തുവിട്ടു. അവന്‍ പെട്ടെന്ന് തേരില്‍ മോഹാലസ്യപ്പെട്ടു വീണു. അസുരന്മാര്‍ നിലവിളിച്ചുകൊണ്ട് ചുറ്റുംകൂടി. ‘കൊല്ലുന്നേ’ എന്ന് മുഖത്തു കയ്യടിച്ച് അവര്‍ അലമുറയിട്ടു. ശുംഭന്‍ ആ ശബ്ദം കൊട്ടാരത്തിലിരുന്നു കേട്ട് അസുരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ‘കാംബോജരും കാലകേയരുമായ ദാനവന്മാര്‍ സൈന്യസമേതം യുദ്ധത്തിനിറങ്ങട്ടെ’ എന്നയാള്‍ ആജ്ഞാപിച്ചു.

ശുംഭന്‍ സൈന്യബലം വര്‍ദ്ധിപ്പിച്ചു യുദ്ധത്തിനാക്കം കൂട്ടിയപ്പോള്‍ ചണ്ഡിക മണിനാദവും അംബിക ഞാണൊലിയും മുഴക്കി. കാളിക വാ പിളര്‍ന്നലറി. കൂടെ സിംഹവും ഗര്‍ജ്ജിച്ചു. ഈ ശബ്ദകോലാഹലം അസുരന്മാരുടെ വീറു കൂട്ടാന്‍ ഉതകി. അവര്‍ ദേവിയുടെ നേരെ കൂരമ്പുകള്‍ അയച്ചു തുടങ്ങി. അപ്പോള്‍ ബ്രഹ്മാദി ദേവതകള്‍ ചണ്ഡികയുടെ സമീപം അവരവരുടേതായ ദേവ ഭാവത്തില്‍ വേഷഭൂഷകള്‍ അണിഞ്ഞ് അതത് വാഹനങ്ങളില്‍ ആഗതരായി.

അരയന്നത്തിന്റെ പുറത്തുകയറി ബ്രഹ്മാണിയായി അക്ഷസൂത്രവും കമണ്ഡലുവും കയ്യിലെടുത്ത് ബ്രഹ്മശക്തി വന്നെത്തി. ഗരുഡവാഹനത്തില്‍ ശംഖ്, ചക്രം, ഗദ, എന്നിവ ധരിച്ചു പത്മം കയ്യില്‍ പിടിച്ചു മഞ്ഞപ്പട്ടുടുത്ത് വിഷ്ണുശക്തി ആഗതയായി. ശങ്കരശക്തി വൃഷഭാരൂഢയായി ത്രിശൂലം കയ്യിലേന്തി ചന്ദ്രക്കല ചൂടി സര്‍പ്പമാലകള്‍ അണിഞ്ഞു വന്നു. സ്കന്ദകുമാരന്‍ മയില്‍ വാഹനത്തിലേറി തന്റെ വേലും പിടിച്ച് യുദ്ധോല്‍സുകയായ സുന്ദരിയായി വന്നണഞ്ഞു. ഇന്ദ്രാണി പുഞ്ചിരി തൂകി വെള്ളാനപ്പുറത്ത് ആഗതയായി. കയ്യില്‍ വജ്രം പിടിച്ച് ഉള്ളിലുറഞ്ഞ ക്രോധത്തോടെ ഇന്ദ്രാണി യുദ്ധസന്നദ്ധയായി നിന്നു. വാരാഹീ ശക്തി ശവാസനസ്ഥയായി പന്നിയുടെ രൂപത്തില്‍ നിലകൊണ്ടു. അപ്പോള്‍ നരസിംഹഭാവത്തില്‍ നാരസിംഹിക എത്തി. യാമ്യ ഒരു പോത്തിന്‍റെ പുറത്ത് യമദണ്ഡും കയ്യിലേന്തി ഉഗ്രരൂപത്തില്‍ പ്രത്യക്ഷയായി. വാരുണിയും കൌബേരയും അപ്പോഴേയ്ക്ക് അവിടെയെത്തി. എല്ലാ ദേവതകളുടെയും ശക്തി വിശേഷം സമൂര്‍ത്തമായി ആഗതരായത് കണ്ടു ദേവി സംപ്രീതയായി.
   
അപ്പോള്‍ ലോകമംഗളകാരകനായ ശങ്കരന്‍ ചണ്ഡികയോട് ദേവകാര്യത്തിനായി ദൈത്യരെ വധിക്കാനിനി അമാന്തം അരുതേ എന്ന് അഭ്യര്‍ത്ഥിച്ചു. ശുംഭനെയും നിശുംഭനെയും മറ്റ് അസുരപ്പരിഷകളെയും വധിച്ച ശേഷം ദേവതകള്‍ അവരവരുടെ വാസസ്ഥലങ്ങള്‍ തുടര്‍ന്നും അലങ്കരിക്കട്ടെ എന്ന് ശങ്കരന്‍ ആഹ്വാനം ചെയ്തു. അങ്ങിനെ ലോകത്തില്‍ നിന്നും ‘ഈതി ബാധകള്‍’ നിശ്ശേഷം ഇല്ലാതാകട്ടെയെന്നും ഭൂമി ഫലഭൂയിഷ്ടമായി വിളങ്ങട്ടെയെന്നും പരമശിവന്‍ അരുളിച്ചെയ്തു.

അപ്പോള്‍ ചണ്ഡികയുടെ ദേഹത്തുനിന്നും മഹാശക്തി പുറത്തുവന്നു. അതിപ്രചണ്ഡയായ അവളുടെ കൂടെ ഓരിയിടുന്ന അനേകം കുറുനരികളും ഉണ്ടായിരുന്നു. ആ ഘോരരൂപിണി പുഞ്ചിരി തൂകിക്കൊണ്ട് പരമശിവനോട് പറഞ്ഞു: ‘ഭവാന്‍ എന്‍റെയൊരു ദൂതനായി ശുംഭനെയും നിശുംഭനെയും പോയി കാണുക. അവസാനമായി അവര്‍ക്ക് പാതാളഗമനത്തിനായി ഞാന്‍ ഒരവസരം കൂടി നല്‍കാമെന്ന് പറയുക. ദേവന്മാര്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകട്ടെ. ഇന്ദ്രന് സിംഹാസനം തിരികെ ലഭിക്കട്ടെ.  ദേവകള്‍ക്കുള്ള യജ്ഞാംശം അവര്‍ക്ക് തന്നെ ചെന്ന് ചേരട്ടെ. ജീവനില്‍ കൊതിയുണ്ടെങ്കില്‍ അവര്‍ പാതാളവാസം സ്വീകരിക്കട്ടെ. അല്ല, യുദ്ധമാണ് വേണ്ടതെങ്കില്‍ എന്‍റെ കുറുനരികള്‍ക്ക് വിശപ്പടക്കാന്‍ അവരുടെ മാംസം പ്രയോജനപ്പെടും എന്നും അവരെ അങ്ങ് അറിയിക്കുക.'

ശൂലപാണിയായ ശിവന്‍ ഉടനെതന്നെ ശുംഭസദസ്സില്‍ ചെന്നു. ‘ഹിതമായത് നിനക്ക് പറഞ്ഞു തരാനാണ് ഞാന്‍ വന്നിട്ടുള്ളത്. വേഗം തന്നെ നിങ്ങള്‍ പാതാളത്തിലേയ്ക്ക് പൊയ്ക്കൊള്ളുക. അവിടെ പ്രഹ്ലാദനും മഹാബലിയും ഉണ്ട്. അഥവാ നിങ്ങള്‍ക്ക് മരിക്കാനാണ് ആഗ്രഹമെങ്കില്‍ യുദ്ധക്കളത്തിലേയ്ക്ക് വന്നാലും. ആ മഹാരാജ്ഞിയുടെ കല്‍പ്പന ഇതാണ്. നിങ്ങള്‍ക്ക് ശ്രേയസ്ക്കരമായത് പറയാന്‍ എന്നെ ഏല്‍പ്പിച്ചു, ഞാനത് ചെയ്തു.’

ഭഗവാന്‍ ശങ്കരന്‍ ഉടനെ അവിടം വിട്ടു. സാക്ഷാല്‍ ശങ്കരനെ തന്‍റെ ദൂതനാക്കിയ ദേവി ‘ശിവദൂതി’ എന്ന പേരില്‍ പ്രശസ്തയായി. അസുരന്മാരാകട്ടെ യുദ്ധത്തിനിറങ്ങാന്‍ തന്നെ തീരുമാനിച്ചു. പടച്ചട്ടയും ആയുധങ്ങളും അണിഞ്ഞ് അവര്‍ യുദ്ധക്കളത്തിലെത്തി. അവര്‍ ചണ്ഡികയ്ക്ക് നേരെ കൂര്‍ത്തു മൂര്‍ത്ത ശരങ്ങള്‍ വര്‍ഷിച്ചു. കാളികയുടെ ശൂലവും ഗദയും വേലും ആ ശരങ്ങളെ പൊടിച്ചു കളഞ്ഞു. ദാനവരെ കാളിക വായിലിട്ടു ചവച്ചു തുപ്പി. ബ്രഹ്മാണി കമണ്ഡലുവിലെ വെള്ളം തളിച്ച് ദാനവരെ കൊന്നൊടുക്കി. കാളപ്പുറത്തു നിന്നും ശൂലമുപയോഗിച്ചു മഹേശ്വരി അസുരന്മാരെ വകവരുത്തി. ചക്രവും ഗദയും കൊണ്ട് വൈഷ്ണ്വി ദാനവരെ തച്ചുകൊന്നു. ഐന്ദ്ര ഐരാവതത്തിനു മുന്നില്‍ വന്നുപെട്ട അരക്കരെ വജ്രം കൊണ്ട് വീഴ്ത്തി കാലപുരിക്കയച്ചു. വാരാഹി തന്റെ തേറ്റകൊണ്ട്‌ എതിരാളികളെ കുത്തി മലര്‍ത്തി. നാരസിംഹി കൂര്‍ത്ത നഖമുനകള്‍ ആഴ്ത്തി അസുരന്മാരെ കൊന്നു ഭക്ഷിച്ചു. ശിവദൂതി അട്ടഹാസത്തോടെ ദൈത്യസംഹാരം ചെയ്തു. കൌമാരി മയിലിന്‍റെ പുറത്തു പറന്നു വന്നു ശരങ്ങളെയ്ത് അനേകം അസുരന്മാരെ കൊന്നു. വാരുണി തന്റെ കയറുകൊണ്ട് ശത്രുക്കളെ ബന്ധിച്ചു തള്ളി. ഇങ്ങിനെ ‘അമ്മമാര്‍’ ദാനവരെ കൊന്നൊടുക്കവേ, സൈന്യം ഹാഹാരവം മുഴക്കി ഓടിത്തുടങ്ങി. ദേവന്മാര്‍ പുഷ്പവൃഷ്ടി നടത്തി. ദേവന്മാരുടെ ജയജയ ശബ്ദവും ദാനവരുടെ പാലായനവും ദൈത്യ സേനാധിപന്മാരെ അതീവകോപിഷ്ഠരാക്കി. രക്തബീജന്‍ യുദ്ധസന്നദ്ധനായി രംഗത്തിറങ്ങി. കോപത്താല്‍ ചുവന്ന കണ്ണുകളും കയ്യില്‍ ആയുധങ്ങളുമായി അവന്‍ ദേവിയെ ആക്രമിക്കാന്‍ തേരിലേറി. 

No comments:

Post a Comment