Devi

Devi

Monday, February 15, 2016

ദിവസം 113. ശ്രീമദ്‌ ദേവീഭാഗവതം. 5. 21. ശുംഭാസുര കഥ

ദിവസം 113. ശ്രീമദ്‌ ദേവീഭാഗവതം. 5. 21. ശുംഭാസുര കഥ
         
ശൃണു രാജന്‍ പ്രവക്ഷ്യാമി ദേവ്യാശ്ചരിതമദ്ഭുതം
സുഖദം സര്‍വ്വജന്തൂനാം സര്‍വ്വപാപപ്രണാശനം
യഥാ ശുംഭോ നിശുംഭശ്ചഭ്രാതരൌ ബലവത്തരൌ
ബഭൂവതുര്‍മഹാവീരൌ അവദ്ധ്യൌ പുരുഷൈ: കില

വ്യാസന്‍ പറഞ്ഞു: ‘സര്‍വ്വപാപഹരവും സര്‍വ്വപ്രാണികള്‍ക്കും സുഖദായകവുമായ   ദേവീ ചരിതം ഞാന്‍ പറയാം. പണ്ട് ശുംഭനെന്നും നിശുംഭനെന്നും പേരായി രണ്ടു രാക്ഷസന്മാര്‍ അജയ്യരായി വളര്‍ന്നു വന്നു. ആ അസുരവീരന്മാര്‍ ദേവന്മാര്‍ക്ക് സദാ ഭീഷണിയായിരുന്നു. വലിയ സൈന്യവും പരിചാരകവൃന്ദവും സ്വന്തമായുള്ള അവരുടെ ശല്യം ദേവന്മാര്‍ക്ക് അസഹ്യമായിത്തീര്‍ന്നു. ദേവന്മാര്‍ക്ക് സഹായകമായി അവരെ, സൈന്യസമേതം കാലപുരിക്കയച്ചത് ദേവിയാണ്. രക്തബീജന്‍ എന്നൊരു ഭയങ്കരനും ചണ്ഡമുണ്ഡന്മാര്‍ എന്നറിയപ്പെട്ടിരുന്ന രണ്ടു മല്ലന്മാരും, ധൂമ്രലോചനന്‍ എന്നുപേരുള്ള ഒരസുരവീരനും ആ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അങ്ങിനെ ദേവകള്‍ ഹിമാദ്രിയിലെത്തി ഭയമൊഴിഞ്ഞു ദേവിയെ പൂജിച്ചു പ്രകീര്‍ത്തിച്ചു.’

അപ്പോള്‍ ജയമേജയന്‍ ചോദിച്ചു. 'ആരാണീ ദാനവവീരന്മാര്‍? അവരുടെ ആവീര്‍ഭാവം എങ്ങിനെയാണ്? അവരെങ്ങിനെ ഇത്ര ശക്തരായി? ആരാണവര്‍ക്ക് വരങ്ങള്‍ നല്‍കിയത്? അവരുടെ തപസ്സ് എതുവിധമായിരുന്നു? ഇവയെല്ലാമറിയാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്.

വ്യാസന്‍ തുടര്‍ന്നു: സര്‍വ്വപാപഹരമാണാ ദേവിയുടെ സച്ചരിതം. സകല കാമനകളെയും ഇല്ലാതാക്കുന്ന ദിവ്യകഥകളെക്കൊണ്ട് സമ്പന്നമാണത്. പണ്ട് രണ്ടു സഹോദരന്മാര്‍ - ശുംഭനും നിശുംഭനും പാതാളം വിട്ടു ഭൂമിയിലെത്തി. അതി സുന്ദരന്മാരായ അവര്‍ യൌവനമായപ്പോള്‍ അന്നപാനാദികള്‍ ഉപേക്ഷിച്ച് പുഷ്കരം എന്നയിടത്തു തീവ്രമായ തപസ്സനുഷ്ഠിച്ചു. അതേ ദിക്കില്‍ത്തന്നെയിരുന്ന്‍ പതിനായിരമാണ്ട് തപസ്സുചെയ്ത സഹോദരന്മാര്‍ക്ക് മുന്നില്‍ ബ്രഹ്മദേവന്‍ സംപ്രീതനായി പ്രത്യക്ഷപ്പെട്ടു. ഇഷ്ടമുള്ള വരങ്ങള്‍ എന്തും ചോദിക്കാം എന്നത് കേട്ട ദൈത്യര്‍ ബ്രഹ്മാവിനെ വലംവച്ചു. ദീര്‍ഘദണ്ഡനമസ്കാരം ചെയ്തു വന്ദിച്ചു. എന്നിട്ട് ഗദ്ഗദകണ്ഠരായി പറഞ്ഞു. “പ്രഭോ ഞങ്ങളില്‍ പ്രീതിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് അമരത്വം നല്‍കിയാലും. മൃത്യുഭയമാണല്ലോ ലോകത്തിലേയ്ക്ക് വച്ച് ഏറ്റവും വലിയ ഭയം. ക്ഷമാനിധിയും ജഗത്തിന്റെ കാരണവുമായ അങ്ങ് ഞങ്ങളില്‍ ദയ കാണിക്കണം. ഞങ്ങളുടെ മരണഭീതി അവസാനിപ്പിക്കാന്‍ അങ്ങേയ്ക്ക് മാത്രമേ കഴിയൂ.’

ബ്രഹ്മാവ്‌ പറഞ്ഞു: ‘നിങ്ങള്‍ ആവശ്യപ്പെട്ട വരം ഒരിക്കലും ആര് വിചാരിച്ചാലും നല്‍കാന്‍ സാധിക്കാത്ത ഒന്നാണ്. കാരണം ജനിച്ചിട്ടുള്ളവര്‍ക്കെല്ലാം മരണം സുനിശ്ചയമാണ്. ജനിച്ചുപോയോ, മരണം ഉറപ്പ്. അത് അനാദിയായുള്ള ധര്‍മ്മ വ്യവസ്ഥിതിയാണ്. മറ്റു വരങ്ങള്‍ വേണമെങ്കില്‍ ചോദിക്കൂ. ഇത് നടപ്പില്ലതന്നെ.

വ്യാസന്‍ തുടര്‍ന്നു: ‘ബ്രഹ്മാവ്‌ ഇങ്ങിനെ പറഞ്ഞപ്പോള്‍ അസുരന്മാര്‍ പരസ്പരം ഒന്ന് കൂടിയാലോചിച്ചു. എന്നിട്ട് പറഞ്ഞു: ‘പ്രഭോ ഞങ്ങളെ ദേവതകളായാലും മനുഷ്യരായാലും മൃഗങ്ങളായാലും പുരുഷന്മാര്‍ ആരും വധിക്കരുത്. ഞങ്ങള്‍ക്ക് വരമായി അതുമതി. പെണ്ണുങ്ങളില്‍ ഞങ്ങളെ വെല്ലാന്‍ ആരും ഉണ്ടാവില്ല. നാരികള്‍ ജന്മനാ അബലകള്‍. അവറ്റകളെ ആര് പേടിക്കാന്‍?’ അവര്‍ പറഞ്ഞതിന് ‘തദാസ്തു’ എന്ന് അനുഗ്രഹം നല്‍കി ബ്രഹ്മാവ്‌ മറഞ്ഞു.

അസുരന്മാര്‍ തിരികെ സ്വഗൃഹത്തിലെയ്ക്ക് മടങ്ങിപ്പോയി. ശുക്രാചാര്യരെ ഗുരുവാക്കി വാഴിച്ച് അവര്‍ പൂജാദികള്‍ നടത്തി. ശുക്രന്‍ സ്വര്‍ണ്ണം കൊണ്ടൊരു സിംഹാസനം തീര്‍ത്ത് ജ്യേഷ്ഠനായ ശുംഭനെ രാജാവാക്കി. അസുരന്മാര്‍ അവനെ തങ്ങളുടെ നേതാവായി പരിഗണിക്കുകയും ചെയ്തു.

ചണ്ഡമുണ്ഡന്മാര്‍ തങ്ങളുടെ സൈന്യവുമായി എത്തി ശുംഭന്‍റെ സാമന്തനായി. ധൂമ്രലോചനനും അപ്രകാരം ശുംഭന് തുണയായി. അതിബലവാനായ രക്തബീജനും അവരുടെ കൂടെ ചേര്‍ന്നു. രക്തബീജന് ഒരക്ഷൌഹിണി പടയുണ്ട്. മാത്രമല്ല, അവന് വിശേഷമായൊരു സിദ്ധിയുമുണ്ട്. യുദ്ധത്തില്‍ അവന്‍റെ ദേഹത്തുനിന്നും പൊടിയുന്ന ഓരോ രക്തബിന്ദുക്കളില്‍ നിന്നും അവന്‍റെയത്ര രണവീരരായ അനേകം പടയാളികള്‍ ആയുധധാരികളായി ഉയിര്‍ത്തുവരും. അവര്‍ക്കെല്ലാം ഒരേ രൂപവും വീര്യവുമായിരിക്കും. അവരുടെ പോരും ഒരുപോലെയായിരിക്കും. അതുകൊണ്ട് ഈ രക്തബീജന്‍ അവധ്യന്‍ തന്നെയാണ് എന്ന് പറയാം. 

ഇതുപോലെ അനേകം രാക്ഷസവീരന്മാര്‍ ശുംഭനെ സര്‍വ്വാത്മനാ അംഗീകരിച്ചു. ബലം വര്‍ദ്ധിച്ച ശുംഭന്‍ തന്‍റെ സാമ്രാജ്യം വലുതാക്കാന്‍ ഭൂമിയിലെ രാജ്യങ്ങളെല്ലാം പടവെട്ടി കീഴടക്കി. ഒടുവില്‍ വിണ്ണവരെ തന്‍റെ കീഴിലാക്കാന്‍ ഇന്ദ്രനോട് യുദ്ധം ചെയ്തു. നിശുംഭന്‍റെ ആക്രമണത്തെ  ഇന്ദ്രന്‍ വീറോടെ ചെറുത്തു. ഇന്ദ്രന്‍ അവന്‍റെ മാറില്‍ വജ്രായുധം തന്നെ പ്രയോഗിച്ചു. അവന്‍ മോഹാലസ്യപ്പെട്ടു താഴെ വീണു. പടയില്‍ അനിയന്‍ വീണതറിഞ്ഞു കൊപിഷ്ഠനായ ശുംഭന്‍ ദേവന്മാര്‍ക്ക് നേരെ ശരമാരി പൊഴിച്ചു. ഒടുവില്‍ ഇന്ദ്രനും കൂട്ടരും ഈ ദൈത്യരോടു തോറ്റ് തുന്നം പാടി. ദേവലോകവും കാമധേനുവും കല്‍പവൃക്ഷവും എല്ലാം അസുരന്മാരുടെ വരുതിയിലായി. മൂന്നുലോകങ്ങളും അവന്‍ ജയിച്ചു. യജ്ഞഭാഗങ്ങള്‍ അവന്‍ തട്ടിയെടുത്തു.

വിജയമദത്തോടെ നന്ദനോദ്യാനങ്ങളില്‍ സുരപാനം നടത്തി അവനങ്ങിനെ സുഖിച്ചു വിഹരിച്ചു. കുബേരനെ അവന്‍ കീഴടക്കി. സൂര്യചന്ദ്രന്‍മാരെയും യമനെപ്പോലും അവന്‍റെ ആജ്ഞാനുവര്‍ത്തികളാക്കി. വരുണന്‍, വായു, അഗ്നി, എല്ലാം അവനു വശംവദരായി. രാജ്യവും ഐശ്വര്യവും നശിച്ച ദേവന്മാര്‍ ഗുഹകളിലും വനങ്ങളിലും പോയി ഒളിച്ചു കഴിഞ്ഞു. നിസ്തേജരും നിരാലംബരുമായ അവര്‍ക്ക് എവിടെയും സമാധാനം കിട്ടിയില്ല. സ്ഥാനവും മാനവും നഷ്ടപ്പെട്ട അവര്‍ ഊഷരമായ ഭൂമികള്‍ തോറും അലഞ്ഞു നടന്നു. 

സുഖലാഭകാര്യമൊക്കെ ദൈവാധീനം എന്നേ പറയേണ്ടൂ. കാലത്തിന്‍റെ കയ്യിലെ പാവകളാണ് എല്ലാവരും. വിദ്വാനായാലും മഹാനായാലും അവര്‍ക്കും കഷ്ടകാലം വരാം. കാലചക്രത്തിന്‍റെ തിരിച്ചിലില്‍ രാജാവ് പിച്ചക്കാരനും പിച്ചക്കാരന്‍ രാജാവുമാകുന്നത് കാണാം. ദാനം ചെയ്തു ഖ്യാതി നേടിയവന്‍ യാചകനും, ബലവാന്‍ ദുര്‍ബ്ബലനും, ശൂരന്‍ ഭീരുവും ആകുന്നത് കാലമെത്ര വട്ടം കണ്ടിരിക്കുന്നു.

നൂറുനൂറു യാഗങ്ങള്‍ ചെയ്തിട്ട് ഒരുവന്‍ ഇന്ദ്രപദവി നേടുന്നു. എന്നാല്‍ അതും ശാശ്വതമല്ല. മനുഷ്യനെ ധര്‍മ്മിഷ്ഠനും ജ്ഞാനിയുമാക്കുന്നത് കാലമാണ്. അവനെ പാപിയും മൂഢനുമാക്കുന്നതും കാലം. അതുകൊണ്ട് കാലദോഷം എന്നതില്‍ വിസ്മയം വേണ്ട. ബ്രഹ്മാദികള്‍ക്ക് പോലും ഇതില്‍ നിന്നും വിടുതലില്ല. അവര്‍ക്കും കഷ്ടകാലം വരാം. വിഷ്ണുവിന്റെ കാര്യം അറിയാമല്ലോ! അദ്ദേഹത്തിന് പന്നി പോലുള്ള മൃഗങ്ങളായി ജനിക്കേണ്ടിവന്നില്ലേ? ശിവനോ, കാപാലിയായില്ലേ? കാലത്തിന്റെ ശക്തി ആര്‍ക്ക് നിര്‍ണ്ണയിക്കാനാകും!  

No comments:

Post a Comment