ദിവസം 102. ശ്രീമദ് ദേവീഭാഗവതം. 5. 10 ദൂതസംവാദം
ഇതി തസ്യ വച്ച: ശ്രുത്വാ
പ്രഹസ്യ പ്രമദോത്തമാ
തതുവാച മഹാരാജ മേഘഗംഭീരയാ
ഗിരാ
മന്ത്രിവര്യ സുരാണാം വൈ
ജനനീ വിദ്ധി മാം കില
മഹാലക്ഷ്മീതി ഖ്യാതാം സര്‍വ്വ
ദൈത്യ നിഷൂദിനീം
മന്ത്രി മുഖ്യന്‍റെ വാക്കുകള്‍ കേട്ട് ആ മഹിളാരത്നം ചിരിച്ചുകൊണ്ട് മേഘനാദം പോലുള്ള സ്വരത്തില്‍
ഇങ്ങിനെ പറഞ്ഞു: 'അല്ലയോ മന്ത്രിമുഖ്യാ, ഞാന്‍ ദൈത്യനാശത്തിനായി ജനിച്ച
മഹാലക്ഷ്മിയാണ്. സുരന്മാര്‍ക്ക് ഞാനവരുടെ മാതാവാണ്. ദൈത്യര്‍ പീഡിപ്പിച്ചു
വലച്ചതിനാല്‍ അവരെ രക്ഷിക്കാന്‍ ദേവന്മാര്‍ എന്നോടഭ്യര്‍ത്ഥിച്ചു. ഞാനത്
സാധിപ്പിക്കാന്‍ നിന്‍റെ യജമാനനായ മഹിഷനെ വധിക്കാനായി വന്നിരിക്കുകയാണ്. എനിക്ക്
വേറെ സൈന്യസന്നാഹങ്ങള്‍ ആവശ്യമില്ല. ഞാനൊറ്റക്കാണ് അക്കാര്യം സാധിക്കാന്‍
പോവുന്നത്. നീയെന്നെ അഭിസംബോധന ചെയ്തതും സംസാരിച്ചതും ആദരവോടെയാണ്. അതില്‍ ഞാന്‍
സന്തുഷ്ടയുമാണ്. അല്ലെങ്കില്‍ എന്‍റെ കണ്ണിലെ തീ പാറുന്ന രശ്മികള്‍ മതി നിന്നെ
ക്ഷണത്തില്‍ ചാമ്പലാക്കാന്‍ എന്ന് നീയറിയണം. വാക്കിന്‍റെ മാധുര്യം ആരെയാണ്
സന്തോഷിപ്പിക്കാതിരിക്കുക? നീ പോയി ആ അസുരനോട് ഞാന്‍ ഇങ്ങിനെ ചൊന്നതായി പറയുക – 'മഹിഷാ, ജീവനില്‍
ആശയുണ്ടെങ്കില്‍ നീ പാതാളത്തിലേയ്ക്ക് മടങ്ങിപ്പോവുക. അല്ലെങ്കില്‍ എന്നോടു
പോരിട്ടു മരിക്കാന്‍ തയ്യാറാവുക. അമ്പുകൊണ്ട് മുറിഞ്ഞ ദേഹവുമായി യമപുരി പൂകാന്‍
ആശയുണ്ടെങ്കില്‍ മാത്രം എന്നോടെതിര്‍ത്താല്‍ മതി. ദേവന്മാര്‍ നിന്‍റെ മരണം
കാത്തിരിക്കുന്നു. നിന്‍റെ മരണം നടന്നാല്‍ ആ നിമിഷം അവര്‍ സ്വര്‍ഗ്ഗം
സ്വന്തമാക്കും. അതുകൊണ്ട് ബുദ്ധിയുണ്ടെങ്കില്‍ എന്‍റെ അമ്പുകള്‍ നിന്നെ തറച്ചു
കൊല്ലുന്നതിനു മുന്‍പ് ഭൂമിയെ വിട്ടു പാതാളത്തിലേയ്ക്ക് പോവുക. അല്ല, യുദ്ധമാണ്
നിനക്ക് വേണ്ടതെങ്കില്‍ വരൂ, കിങ്കരന്മാരെയെല്ലാം കൂട്ടിത്തന്നെ വരണം. എല്ലാവരെയും
ചേര്‍ത്ത് കാലനൂര്‍ക്ക് പറഞ്ഞയക്കാമല്ലോ! നിന്നെപ്പോലുള്ള അനേകരെ മറ്റു യുഗങ്ങളില്‍
ഞാന്‍ കൊന്നുകളഞ്ഞിട്ടുണ്ട്. നിന്‍റെ കാര്യത്തില്‍ പ്രത്യേകതകള്‍ ഒന്നുമില്ല.
എന്നോടു യുദ്ധത്തിന് ആശയുണ്ടെങ്കില്‍ കാമാര്‍ത്തനായ നീ താമസിയാതെ ഇവിടെയെത്തുക.
ബ്രഹ്മാവില്‍ നിന്നും ഒരു വരം കിട്ടിയെന്നു വച്ച് നീയെത്ര അഹങ്കരിക്കുന്നു.
ദേവന്മാരെ എത്രയാണ് നീ ഉപദ്രവിച്ചത്? സ്ത്രീവധ്യനാണ് നീ. അത് നടപ്പിലാക്കാന്‍
വന്നവളാണ് ഞാന്‍. ജീവനില്‍ കൊതിയുണ്ടെങ്കില്‍ സര്‍പ്പങ്ങള്‍ വാഴുന്ന പാതാളമാണ്
നിനക്ക് പറ്റിയ ഇടം എന്ന് ഞാന്‍ വീണ്ടും നിന്നെ ഓര്‍മ്മിപ്പിക്കുന്നു.’
ദേവിയുടെ വാക്കുകള്‍ കേട്ട്
നയചതുരനായ മന്ത്രി പറഞ്ഞു: ’ഭവതി എന്തറിഞ്ഞിട്ടാണ് പറയുന്നത്? മദബലത്താല്‍ സാധാരണ
സ്ത്രീകള്‍ പറയുന്ന വിണ്‍വാക്കുകളാണല്ലോ അവിടുന്നിപ്പോള്‍ പറയുന്നത്. മഹാബലവാനായ മഹിഷനെവിടെ? അബലയായ നാരിയെവിടെ! നീയാണെങ്കില്‍ യൌവ്വനയുക്തയും എകയുമായ ചെറിയൊരു പെണ്ണ്. അവനോ
ഭീമാകാരന്‍. കൂടാതെ ആന, കുതിര, അശ്വം, കാലാള്‍ എല്ലാം ചേര്‍ന്ന സൈന്യങ്ങള്‍
അനവധിയാണ് അവനെ സേവിക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. പിച്ചിപ്പൂവു ഞെരിച്ചു
കളയാന്‍ ആനയ്ക്ക് എന്താണ് പ്രയാസം? ഞാനായിട്ട് നിന്നോടു പരുഷമായ വാക്കൊന്നും
പറയുന്നില്ല. നിങ്ങള്‍ തമ്മിലുള്ള ശൃംഗാരത്തിനു രസഭംഗമുണ്ടാക്കരുതല്ലോ. ഞങ്ങളുടെ
പ്രഭുവിന് നിന്നില്‍ ആശ തോന്നിയതുകൊണ്ട് സാമദാനഭേദങ്ങള്‍ പടിപടിയായി
പ്രയോഗിക്കുകയാണ് ഞങ്ങള്‍ കിങ്കരന്മാരുടെ ധര്‍മ്മം. അല്ലെങ്കില്‍ ഇങ്ങിനെ
ഭള്ളുപറയുന്നൊരു നാരിയെ ഞാന്‍ വെച്ചേക്കുമോ? സൌന്ദര്യമുണ്ടെന്നു കരുതി ഇത്രയ്ക്ക്
അഹമ്മദി നാരികള്‍ക്ക് ഭൂഷണമല്ല. ഏതായാലും നിനക്ക് പ്രിയമായത് മാത്രമേ ഞാനിപ്പോള്‍
പറയുന്നുള്ളൂ. നീ മനസ്സുവച്ചാല്‍ നാടും സ്വത്തുമെല്ലാം മഹിഷന്‍ നിന്‍റെ കാല്‍ക്കല്‍
വയ്ക്കും. നിന്‍റെ രോഷമെല്ലാം കളഞ്ഞ് ആ ചക്രവര്‍ത്തിയെ വരിച്ചാലും. ഞാന്‍ നിന്‍റെ
കാലടി വണങ്ങി നമസ്കരിക്കാം. നിനക്ക് സംസാരസുഖമെല്ലാം വേണ്ടപോലെ നുകര്‍ന്ന് സുഖമായി
കഴിയാം. എന്‍റെയീ വാക്കുകള്‍ ചെവിക്കൊണ്ടാല്‍
മൂലോകവും നിനക്ക് സ്വന്തമാണ്.’
അപ്പോള്‍ ദേവി പറഞ്ഞു: ‘മന്ത്രിപ്രവര, എന്‍റെ വാക്കുകള്‍ നീ ശ്രദ്ധിച്ചുതന്നെ കേള്‍ക്കണം. മഹിഷന്‍റെ
മന്ത്രിയാവാന്‍ നീ യോഗ്യന്‍ തന്നെ. മൃഗത്തിന്‍റെ സ്വഭാവവും ബുദ്ധിയും നിനക്കുമുണ്ട്.
നിങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചയും ഉത്തമം തന്നെ. അത് വിധിനിശ്ചയമായിരിക്കും. ഞാന്‍
വെറും പെണ്ണാണ് എന്ന് നീ പറഞ്ഞില്ലേ, അതീ രൂപം മാത്രമേയുള്ളൂ. പുരുഷന്‍റെ
സ്വഭാവമാണ് എനിക്കുള്ളത്. പെണ്ണിന്‍റെ കൈകൊണ്ടു മാത്രമേ മരിക്കാവൂ എന്ന് വരം നേടിയ
മഹിഷന്‍ എത്ര മൂര്‍ഖനാണ്! വീരന് ചേര്‍ന്നൊരു വരഭിക്ഷയാണോ അത്? അത് പോത്തിന്‍റെ
ബുദ്ധി തന്നെ. ആണും പെണ്ണും കെട്ടവന്‍റെ വാക്കുകളാണത്. അവന്‍റെ ആഗ്രഹം
നടത്തിക്കൊടുക്കാന്‍ തയ്യാറായി വന്നതാണ് ഞാന്‍. അങ്ങിനെയുള്ള ഞാന്‍ നിന്‍റെ
വാക്കിനെ അനുസരിക്കണോ? വിധിയുടെ തീര്‍പ്പനുസരിച്ച് പുല്ലിനു വജ്രത്തിന്റെ കാഠിന്യം
ഉണ്ടാവാം അല്ലെങ്കില്‍ വജ്രത്തിന് പുല്ലിന്റെ മൃദുത്വം കൈവരാം. എത്ര
പടക്കോപ്പുണ്ടായാലും മരണം അടുത്താല്‍ അവയൊന്നും ഉപകരിക്കില്ല. ജീവനും ദേഹവുമായ
ബന്ധം ഉണ്ടാകുമ്പോഴേ അവ തമ്മില്‍ വേര്‍പെടുന്ന കാര്യവും തീരുമാനിച്ചിട്ടുണ്ട്.
മരണം എങ്ങിനെ വേണമെന്ന വിധിയുടെ നിശ്ചയം ആര്‍ക്കും മാറ്റാനാവില്ല. ബ്രഹ്മാദികള്‍ക്ക്
പോലും മരണം സുനിശ്ചിതമാണ്. അപ്പോള്‍പ്പിന്നെ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ?
മൃത്യുവിനെതിരായ വരം ആ ശുംഭന്‍ നേടിയത് മൃത്യുവശഗതരുടെ കയ്യില്‍ നിന്നല്ലേ? അതില്‍പ്പരം
മന്ദബുദ്ധികള്‍ ആരുണ്ട്? ഞാനിപ്പറഞ്ഞതെല്ലാം നീ പോയി മഹിഷനെ അറിയിക്കുക. ഇന്ദ്രന്
സ്വര്‍ഗ്ഗം വിട്ടുകൊടുത്ത് യജ്ഞവീതം ദേവന്മാര്‍ക്ക് നല്‍കുക. അവനോടു തന്‍റെ
കൂട്ടരുമൊത്ത് പാതാളത്തില്‍ പോയി വസിക്കാന്‍ പറയുക. അല്ല, പോരാണവന് വേണ്ടതെങ്കില്‍
ഞാനുമായൊന്നു പോരിടട്ടെ. വിഷ്ണുതൊട്ടാരും നിന്നെ തോല്‍പ്പിക്കുകയില്ല എന്ന ഹുങ്ക്
ഇനി വേണ്ട. അതെല്ലാം വരബലത്താല്‍ ഇതുവരെ സാധിച്ചുവെന്നെയുള്ളു.’
ഇത്രയും കേട്ടപ്പോള്‍
മന്ത്രിക്ക് സംശയമായി. ‘ഇവളുമായി ഏറ്റുമുട്ടണോ അതോ രാജാവിന്‍റെയടുത്ത് ഈ
ദൂതെത്തിക്കണോ?. ഇവളെ വേളിപ്പെണ്ണായി കൊണ്ടുവരാനാണ് രാജാവ് കല്‍പ്പിച്ചിരിക്കുന്നത്.
ഏതായാലും ഇവളോടിപ്പോള്‍ ഇടയണ്ട. രാജാവിനെ വിവരങ്ങള്‍ അറിയിക്കാം. രാജാവിന് അത്
പ്രിയമായില്ലെങ്കിലോ? മഹിഷന്‍ അതിബുദ്ധിമാനായതുകൊണ്ട് മറ്റുമന്ത്രിമാരുമായി ചര്‍ച്ച
ചെയ്ത് വേണ്ടത് ചെയ്യും. ഈ മനോഹരാംഗിയെ ഞാന്‍ കൊന്നാലും അവള്‍ എന്നെ
ഇല്ലാതാക്കിയാലും രാജഹിതം നടക്കുകയില്ല. അതിനാല്‍ മടങ്ങുക തന്നെ’ എന്നാലോചിച്ച്
മന്ത്രി അവിടെ നിന്നും തിരിച്ചുപോയി മഹിഷന്‍റെ കൊട്ടാരത്തിലെത്തി.
മന്ത്രി പറഞ്ഞു: ‘മഹാരാജന്‍,
ആ സുന്ദരി സിംഹത്തിനു മുകളിലാണ് യാത്ര ചെയ്യുന്നത്. പതിനെട്ടു കൈകളില്‍ ദിവ്യാഭരണങ്ങള്‍
ധരിച്ചിരിക്കുന്നു. അവളോടു ഞാന്‍ അങ്ങേയ്ക്ക് വേണ്ടി ഹിതം പറഞ്ഞു. മൂന്നുലോകങ്ങളും
വാഴുന്ന മഹിഷചക്രവര്‍ത്തിയുടെ രാജ്ഞിയാവാന്‍ അവളെ ഞാന്‍ ക്ഷണിച്ചു. അങ്ങിനെ
സ്ത്രീകളില്‍വച്ച് ഏറ്റവും ഉന്നതയായി നിനക്ക് വാഴാം എന്ന് ഞാന്‍ ഉറപ്പുകൊടുത്തു.
എന്നാല്‍ കഷ്ടം!, ആ സുന്ദരാംഗി ഗര്‍വ്വിഷ്ഠയായി എന്നോടു പറഞ്ഞത് ഇതാണ്: 'ദേവകാര്യാര്‍ത്ഥം
മഹിഷിയുടെ പുത്രനായ ആ അധമനെ ഞാന്‍ വധിക്കാനാണ് വന്നിട്ടുള്ളത്'. 'എരുമയ്ക്കുണ്ടായ അവനെ ഞാന്‍ കാളിക്ക് ബലി കൊടുക്കും' എന്നുമവള്‍ വീമ്പു പറഞ്ഞു. 'പോത്തിനെ ഭര്‍ത്താവാക്കാന്‍ ആര്‍ക്കാണ് ആഗ്രഹമുണ്ടാവുക' എന്നുമവള്‍ ചോദിച്ചു. 'എന്നെപ്പോലുള്ള ഒരുവള്‍ വെറും പശുവാകാന്‍ കൊതിക്കുമോ? അതിനു പറ്റിയ എരുമകളെ
കണ്ടെത്തണം. നിന്നെ പോരില്‍ ഞാന്‍ തോല്‍പ്പിച്ചു ദേവരക്ഷ ചെയ്യും. എന്നാല്‍
മരണത്തില്‍ പേടിയുണ്ടെങ്കില്‍ നിനക്ക് പാതാളത്തിലേയ്ക്ക് പോവാം.' എന്നൊക്കെ അവള്‍ ഇത്രയ്ക്ക്
മദമത്തയായി പുലമ്പിയതിനാല്‍ ഒന്നും ഉരിയാടാതെ ഞാന്‍ മടങ്ങിപ്പോന്നു. അങ്ങേയ്ക്ക് താല്‍പര്യം
ഉള്ളൊരു നാരിയെ ഞാന്‍ ഭര്‍സിക്കുന്നത് ശരിയല്ലല്ലോ. എങ്കിലും അവള്‍
സാധാരണക്കാരിയല്ല എന്ന് ഞാന്‍ മനസ്സിലാക്കി. പ്രബലയാണവള്‍. ഇനിയെന്താണ് സംഭവിക്കുക എന്നെനിക്കറിയില്ല.
മന്ത്രങ്ങളല്ല, അങ്ങയുടെ ഹിതവും ആജ്ഞയുമാണ് ഞങ്ങള്‍ക്ക് പ്രമാണം. യുദ്ധം ചെയ്യണോ,
പാതാളത്തിലേക്ക് ഓടിപ്പോകണോ? അവിടുന്നു തന്നെ ആജ്ഞാപിച്ചാലും.’
No comments:
Post a Comment