Devi

Devi

Tuesday, February 23, 2016

ദിവസം 118. ശ്രീമദ്‌ ദേവീഭാഗവതം. 5. 26 ചണ്ഡമുണ്ഡവധം.

ദിവസം 118. ശ്രീമദ്‌ ദേവീഭാഗവതം. 5. 26 ചണ്ഡമുണ്ഡവധം.
              
ഇത്യാജ്ഞപ്തൌ തദാ വീരൌ ചണ്ഡമുണ്ഡൌ മഹാ ബലൌ
ജഗ്മതുസ്തരസൈവാജൌ സൈന്യേന മഹതാന്വിതൌ
ദൃഷ്ട്വാ തത്ര സ്ഥിതാം ദേവീം ദേവാനാം ഹിത കാരിണീം
ഊചസ്തൌ മഹാവീര്യൌ തദാ സാമാന്വിതം വച:

വ്യാസന്‍ തുടര്‍ന്നു: ശുംഭന്‍റെ ആജ്ഞയനുസരിച്ച് ചണ്ഡമുണ്ഡന്മാര്‍ പടയുമായി പുറപ്പെട്ടു. ദേവന്മാര്‍ക്ക് ഒത്താശചെയ്യുന്ന ദേവിയെക്കണ്ട് അവര്‍ ആദരവോടെ സാമോപായം പരീക്ഷിച്ചുനോക്കി. ‘ഇന്ദ്രാദി വീരന്മാരെയൊക്കെ വിജയിച്ച ശൂരന്മാരായ ശുംഭനിശുംഭന്മാരെപ്പറ്റി, ദേവീ, നീ കേട്ടിട്ടില്ലേ? നീ ഇവിടെ വന്നിട്ടുള്ളത് കൂടെയൊരു കാളികയും കൂട്ടിനൊരു സിംഹവും മാത്രമായാണ്. ശുംഭന്‍റെ സേനാബലം എന്തെന്ന് നിനക്കറിയില്ല. ആ മഹാശക്തനെ ജയിക്കാമെന്ന് നിനക്ക് തോന്നുന്നത് വെറും വ്യാമോഹം മാത്രം. നിനക്ക് നല്ല ഉപദേശം തരാന്‍ ആണായും പെണ്ണായും ഉറ്റവര്‍ ആരുമില്ലാത്തതാണ് നിന്‍റെ പ്രശ്നം. നിന്‍റെ കൂട്ടുകാരാണെങ്കില്‍ ദുര്‍ബ്ബലരായ ദേവന്മാരല്ലേ? അവനവന്‍റെ ബലമറിഞ്ഞു വേണം പ്രവര്‍ത്തിക്കാന്‍. കൈകള്‍ പതിനെട്ടുണ്ട് എന്ന് വച്ച് എല്ലാമായി എന്ന് ധരിക്കരുത്. ശുംഭനോടു യുദ്ധം ചെയ്യാന്‍ നിന്‍റെ കൈകളും അതിലെ ആയുധങ്ങളും പോര. ഐരാവതത്തിന്റെ തുമ്പിക്കൈ അരിയാനും മദയാനയെ തകര്‍ക്കാനും ദേവന്മാരെ പരാജയപ്പെടുത്താനും കഴിവുള്ള ശുംഭന് നീയൊരു ശത്രുവേയല്ല. വെറുതെ ചാവാന്‍ നില്‍ക്കാതെ എന്‍റെ നല്ല വാക്കുകള്‍ കേട്ടാലും. അവനെ സ്വീകരിക്കുന്നതാണ് നിനക്ക് നല്ലത്.

ശാസ്ത്ര തത്വമറിഞ്ഞവര്‍ ദുഃഖം ഒഴിവാക്കി സുഖം ലഭിക്കുന്ന കാര്യങ്ങളെ സ്വീകരിക്കുന്നു. തേന്മൊഴിയായ സുന്ദരീ, ശുംഭന്‍റെ സൈന്യബലം നീയൊന്നു കാണണം. അത് കണ്ടു കഴിഞ്ഞാല്‍പ്പിന്നെ നിനക്ക് സംശയലേശം ഉണ്ടാവുകയില്ല. നിന്നെ വെറുതെ ദ്രോഹിക്കുന്നത് ദേവന്മാര്‍ തന്നെയാണ്. അവര്‍ക്ക് ദൈത്യരെ പേടിയാണല്ലോ. അവരുടെ വാചകമടിയില്‍ നീ കുടുങ്ങി എന്ന് പറഞ്ഞാല്‍ മതി. വെറുതെ പകല്‍ക്കിനാവ് കാണാതെ. കാര്യം കാണാന്‍ സ്വബന്ധുക്കളെ തള്ളിയും ധര്‍മ്മബന്ധുക്കളെ സ്വീകരിക്കാം എന്നല്ലേ ശാസ്ത്രമതം? ദേവന്മാര്‍ സ്വാര്‍ത്ഥത്തിനായി നിന്നെ ഉപയോഗിക്കുകയാണ്. നിന്‍റെ നന്മയ്ക്കായാണ് ഞാനിത് പറയുന്നത്. സുന്ദരനും സുഭഗനും വീരനുമായ ശുംഭന്‍ കാമകലാവിധഗ്ദ്ധനുമാണ്. അവനെ സ്വീകരിക്കുക. മൂന്നുലോകങ്ങളില്‍ കിട്ടാവുന്ന വിലപിടിപ്പുള്ളതെല്ലാം നിന്‍റെ കാല്‍ക്കല്‍ അവന്‍ കൊണ്ട് വന്നു തരും. അവന്‍ നിനക്ക് ഉത്തമനായ ഭര്‍ത്താവായിരിക്കും.’

ചണ്ഡന്‍റെ വാക്കുകള്‍ കേട്ട അംബിക ഇടിവെട്ടുന്നതുപോലെയുള്ള ശബ്ദത്തില്‍ ഒന്നലറി. ‘വെറുതെ വീമ്പു പറയാതെ രാക്ഷസാ. രുദ്രനെയും വിഷ്ണുവിനെയും മറ്റും വേണ്ടെന്നു വെച്ചിട്ട് വെറുമൊരു ദൈത്യനെ വേള്‍ക്കാനാണോ നിന്‍റെ ഉപദേശം? എനിക്ക് ഭര്‍ത്താവിന്‍റെ ആവശ്യമില്ല. ഞാനാണ് എല്ലാറ്റിന്റെയും ഭര്‍ത്ത്രി. (സ്വാമിനി). ഞാനെത്രയോ ശുംഭന്മാരെയും നിശുംഭന്മാരെയും ഇതിനു മുന്‍പേ വകവരുത്തിയിട്ടുണ്ട്! കോടിക്കണക്കിനു ദൈത്യന്മാരും എന്‍റെ കൈകൊണ്ട് ചത്തിട്ടുണ്ട്. ദേവന്മാരും യുഗം തോറും നശിക്കുന്നതിനു ഞാന്‍ സാക്ഷിയാണ്. ദൈത്യന്മാരുടെ അന്ത്യത്തിന് കാലമായി. രക്ഷിക്കാന്‍ ശ്രമിക്കുന്നതെല്ലാം വെറുതെ. എന്നാല്‍ ധര്‍മ്മമാണെന്നു കരുതി പോരിനിറങ്ങുക. അതാണ്‌ മഹാത്മാക്കള്‍ക്ക് കീര്‍ത്തിപ്രദം. ശുംഭനിശുംഭന്മാരെക്കൊണ്ട് നിങ്ങള്‍ക്കെന്തു പ്രയോജനം. നിങ്ങള്‍ക്ക് പിറകെ അവരും കാലപുരി പൂകും എന്ന് നിശ്ചയം. വിഷാദമെല്ലാം വെടിഞ്ഞ് ഉശിരോടെ അടരാടുക. എല്ലാ ദൈത്യരുടേയും അന്ത്യമടുത്തു. വെറുതെ വര്‍ത്തമാനം പറയാതെ ആയുധമെടുത്ത് പോരാടുക. അല്ലെങ്കില്‍ ഓടി രക്ഷപ്പെടാം.’

ദേവി വെല്ലുവിളിച്ചപ്പോള്‍ അസുരസഹോദരന്മാര്‍ പോര് തുടങ്ങി. അവര്‍ ദേവിയുടെ നേരെ ശസ്ത്രജാലം പൊഴിച്ചു. അവരുടെ ഞാണൊലിയും ദേവി മുഴക്കിയ ശംഖുനാദവും ആകാശത്ത് മാറ്റൊലിക്കൊണ്ടു. ഇന്ദ്രാദികള്‍ ആ നാദം കേട്ടു സന്തോഷിച്ചു. ദേവിയും ചണ്ഡമുണ്ഡന്മാരുമായി ഗദ, വാള്‍, ഉലക്ക, അസ്ത്രം എന്നിവ കൊണ്ടുള്ള യുദ്ധം വര്‍ണ്ണനകള്‍ക്കതീതമായി ഭീകരമായിരുന്നു. അസുരന്മാരുടെ അസ്ത്രങ്ങളെ ദേവിയുടെ അസ്ത്രങ്ങള്‍ ഖണ്ഡിച്ചു.

അംബികയുടെ അസ്ത്രങ്ങള്‍ സര്‍പ്പസമാനമായിരുന്നു. പുതുമഴയില്‍ പൂച്ചികള്‍ ആകാശം മൂടി നിറയുന്നതുപോലെ ആകാശത്ത് അമ്പുകള്‍ കൊണ്ടൊരു പുകമറതന്നെ കാണപ്പെട്ടു. അസുരന്മാര്‍ തന്‍റെ നേരെ എയ്യുന്ന അമ്പുകള്‍ കണ്ടിട്ട് ദേവിയുടെ മുഖം കാര്‍മേഘം പോലെ ഇരുണ്ടു. കണ്ണുകള്‍ കദളിപ്പൂപോലെ ചുവന്നു. പുരികം വില്ലുപോലെ വളഞ്ഞു. വിശാലമായ നെറ്റിത്തടത്തില്‍ നിന്നും കാളിക പുറത്തുവന്നു.

പുലിത്തോലുകൊണ്ടുള്ള പാവാട. ആനത്തോലുകൊണ്ടുള്ള ഉത്തരീയം. തലയോട്ടികള്‍ കൊണ്ടുള്ള മാല. വെള്ളം വറ്റിയ കുളം പോലെയുള്ള വയറ്. ഭീകരമായ ആകാരം. നീണ്ടു മൂര്‍ച്ചയേറിയ ദംഷ്ട്രങ്ങള്‍. കയ്യില്‍ വാളും കയറും ഗദയും. മറ്റൊരു കാളരാത്രി മൂര്‍ത്തമായി യുദ്ധക്കളം നിറഞ്ഞു നിന്നു. അസുരന്മാരെ നീണ്ട കൈകള്‍ കൊണ്ട് കൂട്ടിപിടിച്ച്‌ അവള്‍ വായിലിട്ടു ചവച്ചു. 

അലങ്കരിച്ചു വന്ന ആനകളെ ആനക്കാരോടോപ്പം അവള്‍ വായിലാക്കി. അവളുടെ ഗര്‍ജ്ജനം എങ്ങും മുഴങ്ങിക്കേട്ടു. കുതിരകളും ഒട്ടകങ്ങളും അവളുടെ പല്ലിനിടയില്‍പ്പെട്ടു ഞെരിഞ്ഞു. ചണ്ഡമുണ്ഡന്മാര്‍ ശരമാരി വര്‍ഷിച്ചുകൊണ്ടേയിരുന്നു. പെട്ടെന്ന് ചണ്ഡന്‍ സൂര്യസമാനം ജാജ്വല്യപ്രഭയാര്‍ന്ന വിഷ്ണുചക്രം പ്രയോഗിച്ചു. കാളി ആ ചക്രത്തെയും അസുരനേയും ക്ഷണത്തില്‍ ഒരൊറ്റ അമ്പിനാല്‍ മുറിച്ചുപൊടിച്ചു കളഞ്ഞു. ചണ്ഡന്‍ മോഹാലസ്യപ്പെട്ടു. സഹോദരന്‍ വീണത്‌ കണ്ട മുണ്ഡന്‍ ചണ്ഡികയ്ക്ക് നേരെ കൂര്‍ത്ത് മൂര്‍ത്ത അസ്ത്രങ്ങള്‍ തുരുതുരാ വര്‍ഷിച്ചു. ആ അസ്ത്രങ്ങള്‍ എല്ലാം കാളി എള്ളിന്‍ മണികളെന്നപ്പോലെ പൊടിപൊടിയാക്കി. 

പിന്നെ ഒരര്‍ദ്ധചന്ദ്രാസ്ത്ര പ്രയോഗത്താല്‍ കാളിക അവനെയും വീഴ്ത്തി. അസുരന്മാര്‍ ഹാഹാരവവും ദേവന്മാര്‍ ആഹ്ലാദശബ്ദവും പുറപ്പെടുവിച്ചു. അപ്പോഴേയ്ക്കും മോഹാലസ്യം വിട്ടുണര്‍ന്ന ചണ്ഡന്‍ വലിയൊരു  ഗദയുമായി ദേവിയെ ആഞ്ഞടിച്ചു. എന്നാല്‍ ദേവി തന്‍റെ വലം കയ്യുകൊണ്ട് അതിനെ തടുത്തു. ഉടനെതന്നെ ദേവി ബാണപാശം മന്ത്രജപത്തോടെ അയച്ച് അവനെ ബന്ധിച്ചു. അപ്പോഴതാ മോഹാലസ്യം വിട്ട മുണ്ഡന്‍ ഒരു വേലുമായി ദേവിയുടെ നേരെ കുതിച്ചുവരുന്നു. അവനെയും ചണ്ഡിക ബന്ധിച്ചു. കയറില്‍ കെട്ടിത്തൂക്കി മുയല്‍ക്കുഞ്ഞുങ്ങളെ തൂക്കിയെടുക്കുന്നതുപോലെ കാളിക ആ രണ്ടുപേരെയും എടുത്ത് ദേവിയുടെ സവിധമണഞ്ഞു.

‘നിന്‍റെ യുദ്ധയജ്ഞത്തിനായി കൊണ്ടുവന്ന പശുക്കളാണിവര്‍. ഇവരെ എറ്റു വാങ്ങിക്കൊള്ളൂ’ എന്നവള്‍ അംബികയോട് പറഞ്ഞു. അപ്പോള്‍ അംബിക കാളിയോട്‌ ‘ഇവരെ കൊല്ലണ്ട, എന്നാല്‍ വിടുകയും വേണ്ട. യുദ്ധസമര്‍ത്ഥയായ നിനക്ക് ഇഷ്ടം പോലെ ചെയ്യാം.’

‘അതിപ്രശസ്തമായ യുദ്ധത്തില്‍ വാളാണ് പ്രതിഷ്ഠ. അതിനാല്‍ ഹിംസയാകാത്തപോലെ എന്‍റെ വാളുകൊണ്ട് ഞാന്‍ ഇവരെ ബലി കൊടുക്കാം.’ എന്ന് പറഞ്ഞു കാളി അവരുടെ തലകള്‍ അറുത്തു മാറ്റി. അവരുടെ നിണം കാളിക ആചമനം ചെയ്തു. ദൈത്യരുടെ അന്ത്യം കണ്ട് ദേവി സന്തുഷ്ടയായി.

‘ദേവകാര്യം നടത്താനായി നീ ചണ്ഡമുണ്ഡന്മാരെ കൊന്നതിനാല്‍ നീയിനി ചാമുണ്ഡി എന്ന പേരില്‍ വിശ്വമെങ്ങും അറിയപ്പെടും.’ എന്ന്‍ ജഗദംബിക അരുളിച്ചെയ്തു. 

No comments:

Post a Comment