Devi

Devi

Saturday, October 7, 2017

ദിവസം 280 ശ്രീമദ്‌ ദേവീഭാഗവതം. 10-8 . മനുവർണ്ണനം

ദിവസം 280  ശ്രീമദ്‌ ദേവീഭാഗവതം. 10-8 .  മനുവർണ്ണനം

ആദ്യോ മന്വന്തര: പ്രോക്തോ ഭവതാ ചായമുത്തമ:
അന്യേഷാമുദ്ഭവം ബ്രൂഹി മനൂനാം ദിവ്യ തേജസാം
ഏവമാദ്യസ്യ ചോത്പത്തിം ശ്രുത്വാ സ്വായം ഭൂവസ്യ ഹി
അന്യേഷാം ക്രമശസ്തേഷാം സംഭൂതിം പരിപൃച്ഛതി

സൂതൻ പറഞ്ഞു: ദിവ്യതേജസ്വികളായ മറ്റ് മനുക്കളുടെ കഥകളും കേൾക്കണമെന്ന ആഗ്രഹം ദേവീതത്വവിശാരദനായ നാരദൻ ശ്രീനാരായണനെ ഉണർത്തിച്ചു.

ശ്രീ നാരായണൻ പറഞ്ഞു: ആദ്യമനുവായ സ്വായംഭുവമനു ദേവിയെ സംപ്രീതയാക്കി ശത്രുക്കളേതുമില്ലാത്ത രാജ്യത്തിന് അവകാശിയായിത്തീർന്ന കഥ നേരത്തേ പറഞ്ഞുവല്ലോ. ആ മനുവിന് ഉത്താനപാദൻ, സത്യവ്രതൻ എന്നിങ്ങിനെ രണ്ടു മക്കളുണ്ടായി. അതിപ്രതാപവാന്മാരും ബലവാന്മാരുമായിരുന്നു ഈ രാജാക്കന്മാർ.

രണ്ടാമത്തെ മനുവിന്റെ പേര് സ്വാരോചിഷൻ. അദ്ദേഹം പ്രിയവ്രതന്റെ പുത്രനായിരുന്നു. കാളിന്ദീ തീരത്ത് വസിച്ചിരുന്ന ഈ മനു സർവ്വജീവികൾക്കും പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹം ആ നദീതീരത്ത് ഉണക്കയിലകളും മറ്റും മാത്രം ആഹാരമാക്കി കഠിനമായ തപസ്സു ചെയ്തു. ദേവിയുടെ മൃണ്മയവിഗ്രഹമുണ്ടാക്കി  അദ്ദേഹം പന്ത്രണ്ടു വർഷം വനവാസം ചെയ്ത് പൂജകളിൽ മുഴുകി ജീവിച്ചു. സഹസ്രസൂര്യതേജസ്സോടെ ഭഗവതി മനുവിനു മുന്നിൽ പ്രത്യക്ഷയായി. സ്വാരോചിഷ മനുവിന്റെ സ്തുതിയിൽ പ്രസന്നയായ ദേവി അദ്ദേഹത്തിന് ഒരു മന്വന്തരക്കാലം രാജാധിപത്യം അനുഗ്രഹിച്ചു നൽകി. ജഗജ്ജനനിയായ ദേവി 'താരിണി' എന്ന പേരിൽ ലോകപ്രസിദ്ധയായി. ഈ മനുവും താരിണീ ദേവിയെ പൂജിച്ച് ശത്രുരഹിതമായ രാജ്യത്തിന് അവകാശിയായി. അദ്ദേഹം പുത്രന്മാരുമായി ചേർന്ന് ധർമ്മം സ്ഥാപിച്ച് ഭോഗങ്ങൾ വിധിയാംവണ്ണം ആസ്വദിച്ച് ആ മന്വന്തരം കഴിയവേ  മുക്തിയടഞ്ഞു.

മൂന്നാമത്തെ മനു പ്രിയവ്രതപുത്രനായ ഉത്തമനായിരുന്നു. ഗംഗാതീരത്ത് വാഗ്ഭവനിഷ്ഠയോടെ ഭക്തിപുരസ്സരം മൂന്നു വർഷം ദേവീയുപാസന ചെയ്ത് അദ്ദേഹവും ശത്രുക്കളില്ലാത്ത രാജ്യത്തിന്റെ അധിപനായി. അദ്ദേഹത്തിന് ദീർഘായുസ്സുള്ള സന്താനങ്ങൾ ഉണ്ടായി. അദ്ദേഹവും യുഗധർമ്മം അനുഷ്ടിച്ച് ഭോഗങ്ങൾ യഥാവിധി ആസ്വദിച്ച് തന്റെ മന്വന്തരക്കാലം കഴിഞ്ഞ ശേഷം രാജർഷിമാർക്ക് കിട്ടാവുന്ന പരമപദം പ്രാപിച്ചു.

നാലാമത്തെ മനുവും പ്രിയവ്രതപുത്രനായിരുന്നു. 'താമസൻ' എന്ന പേരുള്ള അദ്ദേഹം നർമ്മദാ നദീ തീരത്ത് വച്ച് ജഗന്മയിയായ ദേവിയെ പൂജിച്ചു. ശരത്കാലത്തും വസന്തകാലത്തും ഒൻപതു രാത്രികളിൽ അദ്ദേഹം കാമരാജമഹാമന്ത്രം ജപിച്ച് പൂജിച്ചു. അങ്ങിനെ സ്തോത്രനമസ്ക്കാരങ്ങളാൽ ജലജാക്ഷീദേവിയെ സംപ്രീതയാക്കി അദ്ദേഹവും ദേവിയുടെ വരപ്രസാദത്തിനുടമയായി. അദ്ദേഹത്തിന് ശത്രുരഹിതമായ ഒരു രാജ്യവും വീരന്മാരായ പത്തു പുത്രന്മാരും ഉണ്ടായിരുന്നു. അദ്ദേഹവും ഒരു മന്വന്തരക്കാലം കഴിഞ്ഞ് മുക്തിപദമടഞ്ഞു.

അഞ്ചാമത്തെ മനു താമസന്റെ അനുജനായ രൈവതനായിരുന്നു. അദ്ദേഹവും കാളിന്ദീ തടത്തിൽ ഇരുന്ന് കാമബീജമന്ത്രപുരസ്സരം  മന്ത്രം ജപിച്ച് രാജ്യവും അതുല്യമായ ഐശ്വര്യവും നേടി. അങ്ങിനെ ദേവീകൃപയാൽ രൈവതമനു സർവ്വസിദ്ധികൾക്കും അധിപനായിത്തീർന്നു. അദ്ദേഹവും ആയുസ്സേറിയ പുത്രസമ്പത്തോടെ രാജ്യം ഭരിച്ച് ധാർമ്മികമായ വിഷയസുഖങ്ങൾ ആസ്വദിച്ച് ഒടുവിൽ മഹേന്ദ്രപുരിയിൽ വിശ്രാന്തിയടഞ്ഞു.

Thursday, October 5, 2017

ദിവസം 279 ശ്രീമദ്‌ ദേവീഭാഗവതം. 10-7 . അഗസ്ത്യ വിന്ധ്യോപാഖ്യാനം

ദിവസം 279  ശ്രീമദ്‌ ദേവീഭാഗവതം. 10-7 .  അഗസ്ത്യ വിന്ധ്യോപാഖ്യാനം

ഇതിവാക്യം സമാകർണ്യ വിബുധാനാം ദ്വിജോത്തമ:

കരിഷ്യേ കാര്യമേതദ്വൈ പ്രത്യുവാച തതോ മുനി:
അംഗീകൃതേ തദാ കാര്യേ മുനിനാ കുംഭജന്മനാ
ദേവാ: പ്രമുദിതാ: സർവേ ബഭൂവുർദ്വിജസത്തമാ:

സൂതൻ പറഞ്ഞു: ദേവൻമാരെ സഹായിക്കാമെന്ന് അഗസ്ത്യമഹർഷി സമ്മതിച്ചു. സന്തോഷത്തോടെ അവർ തങ്ങളുടെ വസതികളിലേയ്ക്ക് മടങ്ങിപ്പോയി. 

അഗസ്ത്യൻ തന്റെ പത്നിയായ ലോപാമുദ്രയോട് ഇങ്ങിനെ പറഞ്ഞു: "പ്രിയേ, വിന്ധ്യാചലം അർക്കന്റെ പാത മുടക്കി ഉയർന്നു നിൽക്കുകയാണ്. അതുമൂലം നമുക്ക് അനർത്ഥം വന്നു ചേർന്നിരിക്കുന്നു. മോക്ഷകാംക്ഷികൾ കാശി വിട്ടുപോവരുത് എന്നാണല്ലോ പറയുന്നത്. പക്ഷേ പഴമൊഴിയനുസരിച്ച് കാശിയിലങ്ങിനെ താമസിക്കുന്ന സജ്ജനങ്ങൾക്കു് ഇങ്ങിനെ തടസ്സങ്ങൾ വന്നു കൊണ്ടേയിരിക്കും. അതുപോലെയൊരു വിഘ്നം കാശിവാസികളായ നമ്മെ തേടിയെത്തിയിരിക്കുന്നു." എന്ന്പറഞ്ഞ് മുനി മണി കർണ്ണികയിൽ ഇറങ്ങി കുളിച്ച് വിശ്വനാഥനെ ധ്യാനിച്ചു. 

ദണ്ഡപാണിയെ കൈകൂപ്പി മഹർഷി പ്രാർത്ഥിച്ചു: "കാലഭൈരവാ, ഭക്തരുടെ ഭീതിയകറ്റുന്ന മഹാബാഹോ, എന്തിനാണെന്നെ കാശിയിൽ നിന്നും അകറ്റുന്നത്? ഇവിടെയുള്ളവരുടെ മാലകറ്റുന്നത് അവിടുന്നല്ലേ? ഞാൻ ആരെപ്പറ്റിയും അപവാദം പറഞ്ഞു നടന്നിട്ടില്ല. നുണ പറഞ്ഞിട്ടില്ല. അസത്യം പറഞ്ഞുവെന്ന ദോഷവും എന്നക്കുറിച്ചുണ്ടാവില്ല. പിന്നെയെന്തിനാണ് എന്നെ കാശിയിൽ നിന്നും പറഞ്ഞയക്കുന്നത്? " മഹർഷി പിന്നീട് വിഘ്നേശ്വരനെ ആരാധിച്ചിട്ട് ഭാര്യയോടെപ്പം വാരാണസി വിട്ട് തെക്കു ദേശത്തേക്ക് യാത്ര പുറപ്പെട്ടു. കാശിയെ വിട്ടു പോവുന്നതിൽ മഹർഷിക്ക് വലിയ ദുഃഖമുണ്ടായിരുന്നു.

മുനിയും പത്നിയും ക്ഷണനേരത്തിൽ വിന്ധ്യന്റെ മുന്നിലെത്തി. മഹർഷിയെ അവിചാരിതമായി മുന്നിൽക്കണ്ട പർവ്വതശ്രേഷ്ഠൻ പേടിച്ചു വിറച്ചു. പെട്ടെന്ന് ഭൂമിയോട് എന്തോ പറയാൻ എന്ന ഭാവത്തിൽ വിന്ധ്യൻ തന്റെ തലകുനിച്ചു. പിന്നെ മുനിയെ സാഷ്ടാംഗം നമസ്ക്കരിച്ചു. പ്രസന്നഭാവത്തിൽ മുനി പർവ്വതരാജനോട് പറഞ്ഞു: "ഞാൻ പോയി തിരികെ വരുന്ന സമയം വരെ നീയിങ്ങിനെ താഴ്ന്നു തന്നെ കിടന്നാലും. നിന്റെ കൊടുമുടികൾ കയറിയിറങ്ങാൻ എനിക്ക് കഴിവില്ല." 

മുനി ദക്ഷിണ ദിക്കിലേക്കുള്ള യാത്ര തുടർന്നു. വിന്ധ്യാചലം ചവിട്ടിക്കയറി അഗസ്ത്യമുനി തെക്ക് ദേശത്ത് ശ്രീശൈലം വഴി മലയപർവ്വതത്തിൽ എത്തി അവിടെ ആശ്രമം പണിത് താമസം തുടങ്ങി.  അവിടെ വിന്ധ്യഗിരിയിൽ മനുപൂജിതയായി വാണരുളിയ ദേവിക്ക് വിന്ധ്യാചലവാസിനി എന്നും പേരുണ്ട്.

സൂതൻ തുടർന്നു: അഗസ്ത്യവിന്ധ്യൻമാരുടെ ഈ ചരിതം അതിപാവനമത്രെ. ശത്രുനാശകരവും പാപനാശകരവുമാണ് ഈ കഥ. ബ്രാഹ്മണർക്ക് അറിവ് വർദ്ധിക്കാനും ശൂദ്രർക്ക് സുഖവർദ്ധനവിനും രാജാക്കൻമാർക്ക് വിജയം ഉറപ്പാക്കാനും ഉത്തമമായ ഈ ചരിതം വെറുതെ കേട്ടാൽപ്പോലും അഭീഷ്ടങ്ങൾ നടപ്പാവും. സ്വായംഭുവമനു ഭഗവതിയെ പൂജ ചെയ്ത് രാജ്യം നേടി ഒരു മന്വന്തരക്കാലം ഭൂമിയെ ഭരിച്ചു. ഇതാണ് പ്രഥമ മന്വന്തരത്തിലെ ദേവീകഥ. ഇനിയും അങ്ങേക്ക് എന്താണ് കേൾക്കേണ്ടത്?

ദിവസം 278 ശ്രീമദ്‌ ദേവീഭാഗവതം. 10-6 . അഗസ്ത്യദർശനം

ദിവസം 278  ശ്രീമദ്‌ ദേവീഭാഗവതം. 10-6 .  അഗസ്ത്യദർശനം

ശ്രീശസ്യ വചനാദ്ദേവാ: സന്തുഷ്ടാ: സർവ്വ ഏവ ഹി

പ്രസന്നമനസോ ഭൂത്വാ പുനരേനം സമുചിരേ
ദേവദേവ മഹാവിഷ്ണോ സൃഷ്ടിസ്ഥിത്യന്തകാരണ
വിഷ്ണോ വിന്ധ്യനഗോfർക്കസ്യ മാർഗ്ഗരോധം കരോതി ഹി

സൂതൻ പറഞ്ഞു: ശ്രീപതിയുടെ വാക്കുകൾ കേട്ട് സമാധാനിച്ച് ദേവൻമാർ ഭഗവാനോട് പറഞ്ഞു: "ദേവദേവാ മഹാവിഷ്ണോ, സൃഷ്ടിസ്ഥിതി സംഹാരങ്ങൾക്ക് കാരണമായുള്ള ഭഗവാനേ, വിന്ധ്യ പർവ്വതം ആദിത്യന്റെ മാർഗ്ഗം തടഞ്ഞിരിക്കുന്നു. സൂര്യപ്രകാശം ഇല്ലാത്തതിനാൽ ഞങ്ങൾക്കുള്ള യജ്ഞഭാഗങ്ങൾ ഒന്നും ലഭിക്കുന്നില്ല. ഞങ്ങൾ എന്താണ് ചെയ്യുക?"

ശ്രീഭഗവാൻ പറഞ്ഞു: "ജഗത്തിന്റെ ജനനിയായ, സകലതിന്റെയും കുലവർദ്ധിനിയായ, ഭഗവതിയുടെ പരമഭക്തനായ അഗസ്ത്യമഹർഷി കാശിയിൽ വസിക്കുന്നു. അതിതേജസ്വിയായ മഹർഷി വിചാരിച്ചാൽ വിന്ധ്യന്റെ ശക്തിയെ മറികടക്കാനാവും. പുണ്യകർമ്മങ്ങൾക്ക് ഉത്തമമെന്നു പേരുകേട്ട കാശിയിൽപ്പോയി മഹർഷിയെ സംപ്രീതനാക്കി അപേക്ഷിക്കുക. അദ്ദേഹം നിങ്ങളെ സഹായിക്കും."

ദേവൻമാർ ഭഗവാനെ നമസ്ക്കരിച്ചിട്ട് മുനിയെക്കാണാൻ കാശീപുരിയിൽ ചെന്നു. മണി കർണ്ണികയിൽ ഇറങ്ങി എല്ലാവരും കുളിച്ചു. ദേവൻമാർക്കും പിതൃക്കൾക്കും അവർ തർപ്പണം ചെയ്തു. എന്നിട്ടവർ പരിപാവനമായ അഗസ്ത്യാശ്രമത്തിലെത്തി. ഹിംസ്ര ജന്തുക്കൾ പോലും പ്രശാന്തരായിക്കഴിയുന്ന ആശ്രമപരിസരത്ത് പലതരം പക്ഷിമൃഗാദികൾ വിഹരിക്കുന്നു. കരിമാൻ, പന്നി, കടുവ, കരടി, മാൻ, വാൾപ്പുലി, വണ്ടാരക്കോഴി, മയിൽ, അരയന്നം, ചക്രവാകം, കുളക്കോഴി എന്നിങ്ങിനെ വൈവിദ്ധ്യമാർന്ന പക്ഷിമൃഗാദികൾ ആ വനഭംഗിക്ക് മാറ്റുകൂട്ടി. ദേവഗണം മാമുനിയെ നമസ്ക്കരിച്ചു.

ദേവൻമാർ പറഞ്ഞു: "വാതാപിയെന്ന അസുരന്റെ ബലം കെടുത്തിയ കുംഭസംഭവനായ മുനിശ്രേഷ്ഠാ, അവിടുന്ന് വിജയിച്ചാലും.  ലോപാമുദ്രയുടെ നാഥനായ അവിടുന്ന് മിത്രാവരുണ സംഭവനാണ്. സർവ്വവിദ്യകൾക്കും അധിപതിയാണ്. ആകാശത്തിൽ നക്ഷത്രമായി ആരുദിക്കുമ്പോഴാണോ തോയരാശികൾ വെട്ടിത്തിളങ്ങുന്നത് ആ പ്രതിഭാസത്തെ ഞങ്ങളിതാ കൈകൂപ്പി തൊഴുന്നു. അഗസ്ത്യപുഷ്പം എന്നറിയപ്പെടുന്ന ഓടപ്പൂ വിരിയിക്കുന്ന മഹാമുനേ, വനവാസകാലത്ത് ശ്രീരാമചന്ദ്രന് സഹായം ചെയ്തവനേ, അനേകം ശിഷ്യൻമാരാൽ സമ്പന്നനായവനേ, അങ്ങേയ്ക്ക് നമസ്ക്കാരം. വിണ്ണവർ വാഴ്ത്തുന്ന പത്നീസമേതനായ മഹർഷേ, ഗുണനിധേ, അങ്ങ് മാത്രമാണ് ഞങ്ങൾക്കിനി ഒരാശ്രയം. ഞങ്ങളിൽ സംപ്രീതനായി വിന്ധ്യൻ വരുത്തി വച്ച ഈ ദുർഘടത്തിൽ നിന്നും ഞങ്ങളെ കരകയറ്റിയാലും."

ദേവസ്തുതി കേട്ട് സന്തുഷ്ടനായ മഹർഷി പുഞ്ചിരി തൂകിക്കൊണ്ട് ഇങ്ങിനെ പറഞ്ഞു: "നിങ്ങൾ മൂന്നു ലോകങ്ങൾക്കും അധീശന്മാരും ലോകപാലകരുമാണല്ലോ. നിഗ്രഹാനുഗ്രഹശക്തികളും നിങ്ങൾക്കുണ്ട്. ദേവേന്ദ്രൻ അമരാവതിക്ക് അധീശനും അഷ്ടസിദ്ധികൾ ഉള്ളവനുമാണ്. കയ്യിൽ വജ്രായുധവുമുണ്ട്. ഹവ്യകവ്യങ്ങൾ സദാ വഹിക്കുന്ന വൈശ്വാനരനായ അഗ്നിയും അതിബലവാനാണ്. രക്ഷോഗണാധിപനായ ഭീമനും ദണ്ഡഹസ്തനുമായ നിരൃതിക്ക് അസാധ്യമായി ഒന്നുമില്ല. നിങ്ങൾക്ക് ഇങ്ങിനെയെല്ലാമുള്ള പ്രാഭവമുണ്ടെന്ന് അറിയാമെങ്കിലും നിങ്ങൾ എന്നെത്തിരക്കി വന്നതുകൊണ്ട്  വേണ്ടതെന്തെന്നു പറഞ്ഞാലും. എനിക്കാവുന്നത് ചെയ്തു തരാം."

ദേവൻമാർ അതിവ്യഗ്രതയോടെ മുനിയോട് വിന്ധ്യൻ ആദിത്യന്റെ വഴി മുടക്കുന്ന കാര്യം പറഞ്ഞു. "മൂന്നുലോകവും ജീവനില്ലാത്ത പോലെ വശം കെട്ടിരിക്കുന്നു. അങ്ങയുടെ തപോബലവും തേജസ്സും ഉപയോഗിച്ച് അവന്റെ വളർച്ച തടയണം എന്നതാണ് ഞങ്ങൾ അങ്ങയോട് അഭ്യർത്ഥിക്കുന്നത്."

Sunday, October 1, 2017

ദിവസം 277 ശ്രീമദ്‌ ദേവീഭാഗവതം. 10-5 . വിഷ്ണു സ്തുതി

ദിവസം 277  ശ്രീമദ്‌ ദേവീഭാഗവതം. 10-5 .  വിഷ്ണു സ്തുതി

തേ ഗത്വാ ദേവ ദേവേശം രമാനാഥം ജഗദ് ഗുരും
വിഷ്ണും കമലപത്രാക്ഷം ദദൃശു: പ്രഭയാന്വിതം
സ്തോത്രേണ തുഷ്ടുവുർഭക്ത്യാ ഗദ്ഗദസ്വരസത്കൃതാ:
ജയ വിഷ്ണോ രമേശാദ്യ മഹാപുരുഷപൂർവ്വജ

സൂതൻ പറഞ്ഞു. അവർ വൈകുണ്ഠത്തിലെത്തി ദേവേശനായ കമലാപതിയെ ദർശിച്ചു. ജഗദ്ഗുരുവും താമരക്കണ്ണനും തേജോമയുമായ ദേവേശനെ ദേവഗണം ഗദ്ഗദകണ്ഠരായി സ്തുതിച്ചു വാഴ്ത്തി.

"ആദി പുരുഷനും രമേശനുമായ ഭഗവാനേ. മഹാവിഷ്ണുദേവാ അവിടുന്ന് വിജയിച്ചാലും. അസുരൻമാർക്ക് അങ്ങ് ശത്രുവാണ്. കാമജനകനും മഹാവരാഹനും ഗോവിന്ദനും മഹായജ്ഞ സ്വരൂപകനുമായ അവിടുന്നാണ് ജഗത്തിന്റെ ഉൽപ്പത്തിക്കുതന്നെ കാരണമായത്. മത്സ്യാവതാരമെടുത്തും കൂർമ്മാവതാരമെടുത്തും സൂകരരൂപമെടുത്തും മറ്റും വേദോദ്ധാരണവും ലോകോദ്ധാരണവും നടത്തിയ ഭഗവാനേ, നമസ്കാരം. ദയാനിധേ, ദേവബന്ധോ, അവിടുന്ന് സദാ വിജയിച്ചാലും. നരസിംഹരൂപിയായി മഹാ ദൈത്യനായ ഹിരണ്യകശിപുവിനെ നിഷ്ക്കരണം അവന്റെ മാറു പിളർന്ന് അങ്ങ് നിഗ്രഹിച്ചു. വാമനനായി വന്ന് സ്വന്തം ഐശ്വര്യത്തിൽ മോഹിതനായ മഹാബലിയെ അങ്ങ് കീഴ് പ്പെടുത്തി അവന്റെ ഭൗതികമായ സകലതും കാൽക്കൽ വയ്പ്പിച്ചു. പിന്നീട് പരശുരാമനായി അവതരിച്ച് ക്ഷത്രിയനാശം വരുത്തി കാർത്തവീര്യാർജുനനെ വെന്നു. ദുഷ്ടദശാനനനെ വെല്ലാൻ ദാശരഥിയായും അങ്ങവതരിച്ചു. രാമാവതാരം കൈക്കൊണ്ട ജഗദ് പതേ, നമസ്ക്കാരം. ദുഷ്ടരാജാക്കൻമാരായ കംസൻ, ദുര്യോധനൻ മുതലായവരുടെ പീഢനം കൊണ്ട് പൊറുതിമുട്ടിയ ഭൂമിയെ രക്ഷിക്കാൻ അങ്ങ് കൃഷ്ണാവതാരം കൈക്കൊണ്ടു. ദുഷിച്ച യജ്ഞാചാരങ്ങളും പശുഹിംസയും മറ്റും ഇല്ലാതാക്കാൻ ശ്രീബുദ്ധനായി ജന്മമെടുത്ത ഭഗവാന് നമസ്ക്കാരം. ലോകം മുഴുവൻ മ്ലേച്ഛരും ദുഷ്ടക്കൂട്ടങ്ങളും അഴിഞ്ഞാടുമ്പോൾ ഒടുവിൽ കൽക്കിയായി അവതരിക്കാൻ പോവുന്നതും അവിടുന്ന് തന്നെയാണല്ലോ. അങ്ങയുടെ ദശാവതാരങ്ങളുടെ ലക്ഷ്യം ഭക്തസുരക്ഷയാണ്. ധർമ്മസംസ്ഥാപനമാണ്. ദയാനിധിയായ അങ്ങ് ഭക്തസന്താപം തീർക്കാനായി ജലത്തിലും തീര്യക് യോനികളിൽപ്പോലും ജനിച്ചു. അങ്ങല്ലാതെ ഇത്രമേൽ ദയാനിധിയായി മറ്റാരുണ്ട്?

ദേവഗണങ്ങള്‍ ഇങ്ങിനെ ഭഗവാനെ വാഴ്ത്തി നമസ്ക്കരിച്ചു. സാഷ്ടാംഗം പ്രണമിച്ചു. തന്റെ ഭക്തരായ ആഗതരെ കരുണയോടെ നോക്കി പുഞ്ചിരിച്ച് ഭഗവാൻ ഇങ്ങിനെ പറഞ്ഞു: ദുഖിക്കാതിരിക്കൂ. നിങ്ങളുടെ ഭക്തിയിൽ ഞാൻ പ്രീതനാണ്. നിങ്ങളുടെ ദുഖത്തിന് പരിഹാരവുമുണ്ടാക്കാം. നിങ്ങളീ ചൊല്ലിയ സ്തോത്രവും മഹത്തരമാണ്. പ്രഭാതത്തിൽ ഭക്തിയോടെ ഈ സ്തോത്രം ചൊല്ലുന്നവന്‍റെ ശോകങ്ങൾ ഒഴിഞ്ഞു പോവും. അവന് അകാല മൃത്യു സംഭവിക്കുകയില്ല. ദാരിദ്ര്യവും ദൗർഭാഗ്യവും ദുർന്നിമിത്തവും ഗ്രഹപീഡയും ഉണ്ടാവുകയില്ല. പ്രേതബാധയോ ബ്രഹ്മരക്ഷസ്സ് മുതലായ ശക്തികളിൽ നിന്നുള്ള സ്വാധീനങ്ങളോ അവനെ ബാധിക്കുകയില്ല. ഈ സ്തോത്രം ദിനംതോറും പഠിക്കുന്ന ഗൃഹങ്ങളിൽ സന്താന സൗഭാഗ്യവും ഐശ്വര്യവും വർദ്ധിച്ചു വരും. സർവ്വാർഥസാധകമാണ് ഈ സ്തോത്രമെന്നറിയുക. ഈ സ്തോത്രം ജപിക്കുന്ന ഭക്തന്റെ മുക്തിപദം വിദൂരമല്ല. നിങ്ങളുടെ ദുഖകാരണം പറഞ്ഞാലും. ഞാൻ നിങ്ങളുടെ മാലകറ്റുമെന്ന് ഉറച്ച് വിശ്വസിച്ചാലും.

ഭഗവാന്റെ വാക്കുകൾ കേട്ട് ആശ്വാസഭാവത്തോടെ ദേവൻമാർ മഹാവിഷ്ണുവിനോട് ആഗമനോദ്ദേശം അറിയിച്ചു.

Thursday, September 28, 2017

ദിവസം 276 ശ്രീമദ്‌ ദേവീഭാഗവതം. 10-4 . സങ്കടനിവേദനം

ദിവസം 276  ശ്രീമദ്‌ ദേവീഭാഗവതം. 10-4 .  സങ്കടനിവേദനം

തത : സർവ്വേ സുരഗണാ മഹേന്ദ്രപ്രമുഖാസ്തദാ
പത്മയോനിം പുരസ്കൃത്യ രുദ്രം ശരണമന്വയു:
ഉതസ്ഥു: പ്രണതിഭി: സ്തോത്രൈശ്ചാരുവിഭൂതിഭിഃ
ദേവദേവം ഗിരിശയം ശശിലാളിതശേഖരം

സൂതൻ പറഞ്ഞു: മഹേന്ദ്രനും മറ്റ് പ്രമുഖരായ ദേവന്മാരും കൂടി ബ്രഹ്മാവിനെ മുന്നിൽ നിർത്തി സങ്കടം പറയാൻ രുദ്രദേവനെ സമീപിച്ചു. ചന്ദ്രചൂഡനായ മഹേശ്വരനെ പ്രീതിപ്പെടുത്താൻ അവർ മാഹാത്മ്യമേറുന്ന സ്തോത്രങ്ങൾ ആലപിച്ചു.

ദേവൻമാർ മഹാദേവനെ ഇങ്ങിനെ വാഴ്ത്തി: "പാർവ്വതീദേവിയാൽ ദിനവും തഴുകപ്പെടുന്ന കാൽത്താരിണകൾക്കുടയവനായ മഹേശാ, ഭക്തന് അഭീഷ്ടങ്ങൾ കനിഞ്ഞരുളുന്ന ഈശാ, മഹാമായയ്ക്ക് ഇരിപ്പിടമായുള്ള വെള്ളിമാമലയിൽ വസിക്കുന്ന ദേവാ, പരമാത്മാവേ, കൈലാസവാസീ, വൃഷഭധ്വജനേ, മാന്യനായും, മാനദായിനിയായും, മാനാതീതസ്വരൂപനായും, അജനായും, ബഹുരൂപനായും ഭൂതഗണാധിപനായും, ബ്രഹ്മരൂപനായും, ഗണേശനായും, ഗിരിശനായും, വർത്തിക്കുന്നവനേ, മഹാവിഷ്ണുവിനാൽ സദാ സ്തുതിക്കപ്പെടുന്ന ദേവദേവാ, യോഗികളുടെയും മാഹാവിഷ്ണുവിന്റെയും ഹൃദയകമലത്തിൽ വസിക്കുന്നവനേ, പരനേ, മഹായോഗരതനേ, യോഗനാഥനേ, അങ്ങേയ്ക്ക് നമസ്ക്കാരം. യോഗഗമ്യനും  യോഗങ്ങൾക്കെല്ലാം ഫലമേകുന്നവനുമായ അവിടുന്ന് ദീനാനുകമ്പയുള്ളവനാണ്. ഉഗ്രമൂർത്തിയും ആർത്തി നാശനനും ഗുണമൂർത്തിയും കാലസ്വരൂപനും കാലകാലനുമായ ഭഗവാനേ, ഞങ്ങൾ അവിടുത്തെ മുന്നിൽ കൈകൂപ്പി ശരണം പണിയുന്നു.

ദേവൻമാരുടെ സ്തുതി കേട്ട് സംപ്രീതനായ പരമശിവൻ അവരുടെ അഭീഷ്ടമെന്താണെങ്കിലും അത്  നിറവേറ്റാമെന്ന് അനുഗ്രഹിച്ചു. അപ്പോൾ ദേവൻമാർ അവരുടെ ആഗമനോദ്ദേശം അറിയിച്ചു. "ദേവദേവാ, ആർത്തത്രാണപരായണാ, ഗിരീശാ, തിങ്കൾക്കലാധരാ, ഞങ്ങൾക്ക് ശുഭമണച്ചാലും. വിന്ധ്യനെന്ന മഹാപർവ്വതം മേരുവിനോടുള്ള സ്പർദ്ധ നിമിത്തം അമിതമായി വളർന്ന് ആദിത്യന്റെ ഗതി മുടക്കിയിരിക്കുന്നു. അതെല്ലാവരെയും കഷ്ടത്തിലാക്കിയിരിക്കുന്നു. വിന്ധ്യന്റെയീ അഹങ്കാരമൊടുക്കി അവിടുന്ന് ദിനകരന്റെ സഞ്ചാരം പുനസ്ഥാപിച്ച് ഞങ്ങളെ സംരക്ഷിക്കണം. ഭാനുവില്ലാതെ കാലഗണന അസാദ്ധ്യമാണ്. ഹവ്യകവ്യാദികൾ മുടങ്ങി സ്വാഹയും സ്വധയുമില്ലാതെ ദേവൻമാരും പിതൃക്കളും കഷ്ടത്തിലാണ്. ഗിരിജാപതേ, അങ്ങല്ലാതെ ആരുമില്ലൊരു ശരണം. അവിടുന്ന് ഞങ്ങളിൽ പ്രസാദിച്ചാലും.

ഭഗവാൻ പറഞ്ഞു: വിന്ധ്യനെ തടയാൻ എനിക്ക് കഴിവില്ല. നമുക്ക് ഭഗവാൻ വിഷ്ണുവിനെ ചെന്ന് കണ്ട് സങ്കടമുണർത്തിക്കാം. കാരണാത്മാവായ വൈകുണ്ഠവാസി സകലർക്കും സംപൂജ്യനാണ്. അദ്ദേഹം നിങ്ങളുടെ ദുഖത്തിന് അറുതി വരുത്തും.

ദേവൻമാരും ബ്രഹ്മാവും പരമശിവനെ  മുന്നിൽ നിർത്തി വൈകുണ്ഠത്തിലേയ്ക്ക് പുറപ്പെട്ടു.

Sunday, September 24, 2017

ദിവസം 275 ശ്രീമദ്‌ ദേവീഭാഗവതം. 10-3. രവിമാർഗ്ഗരോധം

ദിവസം 275  ശ്രീമദ്‌ ദേവീഭാഗവതം. 10-3.  രവിമാർഗ്ഗരോധം

ഏവം സമുപദിശ്യായാം ദേവർഷി: പരമ: സ്വരാട്
ജഗാമ ബ്രഹ്മണാലോകം സ്വൈരചാരീ മഹാമുനി:
ഗതേ മുനിവരേ വിന്ധ്യശ്ച ചിന്താം ലേഭേfനപായിനീം
നൈവ ശാന്തിം സ ലേഭേ ച സദാന്ത:കൃതശോചന:


സൂതൻ പറഞ്ഞു: സ്വേച്ഛാചാരിയായ നാരദമുനി മടങ്ങിയ ശേഷം വിന്ധ്യാപർവ്വതം അശാന്തഹൃദയനും ചിന്താകുലനുമായിത്തീർന്നു.  "ആ മേരുപർവ്വതത്തെ എങ്ങിനെയാണ് കീഴടക്കുക? അതിനെപ്പറ്റിയോർത്ത് എന്നിലെ സമാധാനം നഷ്ടപ്പെട്ടിരിക്കുന്നു. ഞാനാർജ്ജിച്ച കീർത്തിയും മാനവും എന്റെ കുലവും ശ്രമവും പൂർവ്വികർ സങ്കൽപ്പിച്ചിരുന്നതുമെല്ലാം വ്യർത്ഥമായിരിക്കുന്നു."  ഇങ്ങിനെ ഖിന്നനായിത്തീർന്ന പർവ്വത രാജന്റെ മനസ്സിൽ ഒരു ദുഷ്ചിന്ത ഉടലെടുത്തു. " ദിവാകരൻ ദിവസവും തന്നെ വലം വയ്ക്കുന്നു എന്ന അഹങ്കാരമാണ് മേരുപർവ്വതത്തിന്. ഞാനെന്റെ ശൃoഗങ്ങളായ കൈകളുയർത്തി സൂര്യന്റെ ചലനപഥത്തെ തടയാൻ പോവുന്നു. അപ്പോൾ ആദിത്യന് മേരുവിനെ പ്രദക്ഷിണം ചെയ്യാനാവില്ലല്ലോ. അങ്ങിനെയവന്റെ അഹങ്കാരത്തിന് ശമനമാവും." വിന്ധ്യൻ പൊടുന്നനെ തന്റെ ശൃoഗങ്ങൾ ആകാശം മുട്ടെ വളർത്തി. പൊക്കമേറിയ കൊടുമുടികൾ ആകാശം നിറഞ്ഞുനിന്നു.

രാത്രി മുഴുവനും സൂര്യന്റെ വരവായോ എന്ന് ആ പർവ്വതരാജൻ കാത്തിരുന്നു. നേരം പുലർന്നപ്പോൾ ഇരുട്ടിനെ വെട്ടിമുറിച്ച് ബാലാർക്കൻ ദിക്കുകളെ പ്രകാശമയമാക്കി. ആകാശം തെളിവുറ്റതായി. താമരകൾ വിരിഞ്ഞുലഞ്ഞു. ആമ്പലുകൾ കൂമ്പിനിന്നു. മനുഷ്യർ അവരവരുടെ കർമ്മങ്ങളിൽ ആമഗ്നരായി. പ്രാഹ്നം, അപരാഹ്നം, മദ്ധ്യാഹ്നം, എന്നിവയെയുണ്ടാക്കുന്ന സൂര്യൻ വിരഹം കൊണ്ട് കരയുന്ന പ്രാചിയെയും വഹ്നിദിക്കിനെയും ആശ്വസിപ്പിച്ച് യമദിക്കിലക്ക് പുറപ്പെടാൻ തയ്യാറായി. പക്ഷെ ആ യാത്ര തുടരാൻ സൂര്യന് സാധിച്ചില്ല.

സൂര്യസാരഥിയായ അരുണൻ പറഞ്ഞു: "അങ്ങ് മേരുവിനെ വലം വയ്ക്കുന്നതിൽ അസൂയപൂണ്ട വിന്ധ്യൻ അങ്ങയുടെ ആകാശമാർഗ്ഗം തടഞ്ഞുവെച്ചിരിക്കുന്നു. മേരുവിനോടുള്ള വിദ്വേഷമാണ് വിന്ധ്യനെ ഗർവ്വിയാക്കുന്നത്."

"രാഹുവിന് പോലും തടയാനാവാത്ത തന്റെ രഥമാർഗ്ഗം തടയാൻ ഇതാ ഈ പർവ്വതത്തിനു സാധിച്ചിരിക്കുന്നു. വിധിയെ ഉല്ലംഘിക്കാൻ ആർക്കു സാധിക്കും" എന്ന് ദിനകരൻ വ്യാകുലപ്പെട്ടു. 

സൂര്യമാർഗ്ഗം തടസ്സപ്പെട്ടപ്പോൾ ദേവാസുരന്മാർക്കും ലോകപാലകൻമാർക്കും എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാതെയായി. ചിത്രഗുപ്തനുപോലും കാലഗണനയും സമയബോധവും നൽകുന്നത് ദിവാകരനാണ്.  ലോകത്ത് ഹവ്യകവ്യാദികൾ നിലച്ചു. സ്വാഹയും സ്വധായും കേൾക്കാതായി. പടിഞ്ഞാറും തെക്കും ദിക്കുകളിൽ സദാ രാത്രിയായി സകലരും ഉറക്കത്തിലാണ്ടു. കിഴക്കും വടക്കും ദിക്കുകളിലുള്ളവർ സദാ സൂര്യതാപമേറ്റ് വലഞ്ഞു. എല്ലായിടത്തും ജീവജാലങ്ങൾ ചത്തൊടുങ്ങാൻ തുടങ്ങി. യജ്ഞങ്ങളും ബലികളും മുടങ്ങി ദേവൻമാരും പിതൃക്കളും വലഞ്ഞു. എല്ലാവരും എന്താണിനി കരണീയമെന്ന് ചിന്താകുലരായി.

Saturday, September 23, 2017

ദിവസം 274 ശ്രീമദ്‌ ദേവീഭാഗവതം. 10-2. വിന്ധ്യചരിതം

ദിവസം 274  ശ്രീമദ്‌ ദേവീഭാഗവതം. 10-2.  വിന്ധ്യചരിതം

ഭൂമിപാല മഹാബാഹോ സർവമേതദ്ഭവിഷ്യതി
യത്ത്വയാ പ്രാർത്ഥിതം തത്തേ ദദാമി മനുജാധിപ
അഹം പ്രസന്നാ ദൈത്യേന്ദ്രനാശനാfമോഘവിക്രമാ
വാഗ്ഭവസ്യ ജപേനൈവ തപസാ തേ സുനിശ്ചിതം


ശ്രീദേവി പറഞ്ഞു: "അല്ലയോ മഹാബാഹോ അങ്ങാഗ്രഹിച്ചതെല്ലാം സഫലമാവാൻ ഞാനിതാ അനുഗ്രഹിക്കുന്നു. നിന്റെ തപസ്സിൽ ഞാൻ തുഷ്ടയാണ്. ദൈത്യരെ നിശ്ശേഷം ഇല്ലാതാക്കാൻ എനിക്കു സാധിക്കും. നിന്റെ രാജ്യത്തിന് ശത്രുക്കൾ ഉണ്ടാവുകയില്ല. പുത്രന്മാരിലൂടെ നിനക്ക് വംശവൃദ്ധിയും ഉണ്ടാവും. അവസാനം എന്നിൽ ഭക്തിയും തദ്വാരാ മുക്തിപദവും പ്രാപിക്കട്ടെ." ദേവി ഇത്രയും അരുളിച്ചെയ്ത് വിന്ധ്യാചലത്തിന് അപ്പുറത്തേക്ക് അപ്രത്യക്ഷയായി. പണ്ട് ഈ വിന്ധ്യാ പർവ്വതം ആകാശംമുട്ടെ വളർന്ന് സൂര്യനെപ്പോലും തടയാൻ ഒരുങ്ങവേ അഗസ്ത്യമുനിയാണ് അതിനെ താഴ്ത്തി നിർത്തിയത്. അവിടെ വാണരുളുന്ന കൃഷ്ണസോദരിയായ ദേവി സകലർക്കും സമ്പൂജ്യയത്രേ.

ഋഷിമാർ പറഞ്ഞു: അങ്ങ് വിന്ധ്യാചലം ആകാശം മുട്ടാൻ തുടങ്ങിയെന്ന് പറഞ്ഞു. അതിന്റെ കഥയെന്താണ്? സൂര്യന്റെ ഗതി മുടക്കാൻ ആ ശൈലം എന്തിനാണ് ശ്രമിച്ചത്? അഗസ്ത്യമുനി എങ്ങിനെയാണ് പർവ്വതത്തെ പഴയ നിലയിലാക്കിയത്? അങ്ങ് ദേവീചരിതം പറയുന്നത് കേൾക്കുമ്പോൾ കൂടുതൽ കേൾക്കാനുള്ള ആഗ്രഹം വർദ്ധിക്കുന്നു.

സൂതൻ പറഞ്ഞു: മഹാവനങ്ങളും വൻവൃക്ഷങ്ങളും വള്ളിച്ചെടികളും ദുഷ്ട-ശിഷ്ട മൃഗസഞ്ചയങ്ങളും നിറഞ്ഞയിടമാണ് വിന്ധ്യാചലം. ദേവകിന്നരവർഗ്ഗങ്ങളും അപ്സരസ്സുകളും അവിടെ യഥേഷ്ടം വിഹരിക്കുന്നു. നദികളും ഫലവൃക്ഷങ്ങളും ഉദ്യാനങ്ങളും നിറഞ്ഞ മനോജ്ഞമായ ഒരിടമാണ് വിന്ധ്യാപർവ്വതം. നാടുചുറ്റിവരുന്ന നാരദമുനി ഒരിക്കലവിടെ എത്തിച്ചേർന്നു. ദേവർഷിയെ കണ്ടപാടെ വിന്ധ്യൻ എഴുന്നേറ്റ് മുനിയെ സ്വീകരിച്ചു. അർഘ്യപാദ്യാദികൾ ഉപചാരപൂർവ്വം നൽകി കുശലം ചോദിച്ചു. 'അങ്ങ് ഇപ്പോളെവിടെ നിന്നു വരുന്നുവെന്നും ഇപ്പോൾ എന്റെയീ ഭവനത്തെ പരിശുദ്ധമാക്കാനായി ആഗതനായത് എന്തുകൊണ്ടാണെന്നും പറഞ്ഞു തന്നാലും അങ്ങും ലോകോപകാരാർത്ഥം സൂര്യനെപ്പോലെ ഭൂമിയെ വലം വയ്ക്കുന്നു.'

നാരദൻ പറഞ്ഞു: ഇന്ദ്രന്റെ ശത്രുവായ രാജാവേ, ഞാനിപ്പോൾ മേരു പർവ്വതത്തിൽ നിന്നുമാണ് വരുന്നത്. അവിടെ ഇന്ദ്രാദി ലോകപാലൻമാരുടെ വസതികൾ കാണുകയുണ്ടായി. അവയുടെ ഐശ്വര്യവും പ്രതാപവും ഒന്നു കാണേണ്ടതു തന്നെ.' ഇത്രയും പറഞ്ഞ് മുനി ഒരു നെടുവീർപ്പിട്ടു. മുനിയെന്തിനാണ് ഇങ്ങിനെ നെടുവീർപ്പിട്ടത് എന്ന് പർവ്വതരാജനായ വിന്ധ്യൻ ചോദിച്ചു. 

അപ്പോൾ നാരദൻ അതിന്റെ കാരണം വിശദീകരിച്ചു. "പർവ്വതരാജനായ ഹിമവാൻ പരമശിവനുമായുള്ള ബന്ധം നിമിത്തം സകലർക്കും ആരാധ്യനാണ്. പ്രത്യേകിച്ച് പർവ്വതങ്ങൾക്ക് ഹിമവാൻ സമ്പൂജ്യനാണ്. അതുപോലെ പരമശിവന്റെ ആസ്ഥാനമാകയാൽ കൈലാസവും സുപ്രസിദ്ധമത്രേ. സകലപാപങ്ങൾക്കും അറുതി വരുത്താൻ കൈലാസദർശനത്തിനു സാധിക്കുമല്ലോ. നിഷേധപർവ്വതം, നീലാദ്രി, ഗന്ധമാദനം, എന്നിവയും അതാതിടങ്ങളിൽ സമ്പൂജ്യരാണ്. എന്നാൽ മേരുപർവ്വതം ഊറ്റം കൊള്ളുന്നത് താനാണ് ഏറ്റവും ശ്രേഷ്ഠൻ എന്നാണ്. കാരണം സഹസ്രകിരണനായ ദിവാകരൻ നക്ഷത്രങ്ങളുടെ അകമ്പടിയോടെ സദാ പ്രദക്ഷിണംചെയ്യുന്നത് തന്നെയാണ് എന്ന് മേരുഗിരി അഹങ്കരിക്കുന്നു. ആ പർവ്വതത്തിന്റെ ഔദ്ധത്യത്തെപ്പറ്റി ഓർത്താണ് ഞാൻ ഖിന്നനായി നെടുവീർപ്പിടുന്നത്. തപോബലമുള്ളവർക്ക് ഇതൊരു വിഷയമല്ല. എങ്കിലും സന്ദർഭവശാൽ അങ്ങു ചോദിച്ചതുകൊണ്ട് പറഞ്ഞുവെന്നേയുള്ളു. എന്നു പറഞ്ഞ് നാരദൻ ബ്രഹ്മലോകത്തേക്കു തിരിച്ചു പോയി.