Devi

Devi

Tuesday, April 19, 2016

ദിവസം 135. ശ്രീമദ്‌ ദേവീഭാഗവതം. 6. 8. ഇന്ദ്രാണീ ശോകം

ദിവസം 135. ശ്രീമദ്‌ ദേവീഭാഗവതം. 6. 8. ഇന്ദ്രാണീ ശോകം

നഹുഷസ്ത്വഥ താം ശ്രുത്വാ ഗുരോസ്തു ശരണം ഗതാം
ചക്രോധ സ്മരബാണാര്‍ത്തസ്തമാംഗിരസമാശു വൈ
ദേവാനാഹാംഗിരാ സുനുര്‍ ഹന്ത വ്യോയം മയാ കില
സ ഇന്ദ്രാണീം ഗൃഹേ ഗൂഢോ രക്ഷതീതി മായാ ശ്രുതം

വ്യാസന്‍ തുടര്‍ന്നു: ഇന്ദ്രപത്നി ശചിയ്ക്ക് ദേവഗുരു അഭയം നല്‍കിയതായി അറിഞ്ഞ നഹുഷന്‍ ക്രുദ്ധനായി. ‘ആ വ്യാഴത്തെ ഞാനിന്നു കൊല്ലുന്നുണ്ട്‌. ഇന്ദ്രാണിയെ അയാളുടെ വീട്ടില്‍ വെച്ചു പോറ്റാന്‍ ഞാന്‍ സമ്മതിക്കില്ല.’

മുനിമാര്‍ അവനോടു സദുപദേശം നല്‍കി. ‘കാമാവേശം കൊണ്ട് വെറുതേ കോപിക്കാതെ രാജാവേ. പാപബുദ്ധി ദൂരെക്കളയൂ. അന്യസ്ത്രീഗമനം ധര്‍മ്മശാസ്ത്രത്തിനു നിരക്കാത്തതും മഹാ പാപവുമാണ്. ശക്രന്റെ പത്നിയാണെങ്കില്‍ ഒരു സതീരത്നമാണ്. ശക്രന്‍ ജീവിച്ചിരിക്കെ അവള്‍ മറ്റൊരാളെ വരിക്കുകയില്ല. ഇന്ദ്രപദവിയില്‍ ഇരിക്കുന്ന നീയാണ്നാട്ടില്‍  ധര്‍മ്മം നടപ്പാക്കേണ്ടവന്‍. അങ്ങിനെയുള്ള നീ ഇങ്ങിനെ തുടങ്ങിയാല്‍ എന്താവും സ്ഥിതി? നിനക്ക് രമിക്കാന്‍ ശചിയോളം പോന്ന സ്വര്‍ഗ്ഗതരുണികള്‍ വേറെ ഉണ്ടല്ലോ? അവര്‍ക്ക് പതിവ്രതാ പരിധികള്‍ നോക്കേണ്ട കാര്യവുമില്ല. രതിക്ക് പ്രധാനം ശൃംഗാരം തന്നെയാണ്. പിടിച്ചുപറിച്ചു ബലാല്‍ക്കാരമായി നടത്തുന്ന രതിയില്‍ സുഖമുണ്ടോ? പരസ്പരം മുറ്റിത്തഴയ്ക്കുന്ന പ്രേമവായ്പ്പ് രതിയിലേയ്ക്ക് എത്തുമ്പോള്‍ മാത്രമേ രണ്ടാള്‍ക്കും സുഖമുണ്ടാവൂ. അതുകൊണ്ട് അന്യനാരിയുമായി ബന്ധപ്പെടാനുള്ള വാഞ്ഛയുപെക്ഷിച്ച് ഇന്ദ്രന്‍റെ പദവിയ്ക്ക് ചേര്‍ന്ന രീതിയില്‍ പെരുമാറുക. അല്ലെങ്കില്‍ സുകൃതം ക്ഷയിക്കും, ദുഷ്കൃതം വര്‍ദ്ധിക്കുകയും ചെയ്യും.’

അപ്പോള്‍ നഹുഷന്‍ പറഞ്ഞു: ‘ഗൌതമന്‍റെ ഭാര്യയെ ഇന്ദ്രന്‍ കൊണ്ടുപോയി ഭോഗിച്ചപ്പോള്‍ നിങ്ങളൊക്കെ ഈ ഉപദേശങ്ങള്‍ കൊടുക്കാന്‍ മറന്നുപോയോ? എല്ലാവര്ക്കും അന്യരെ ഉപദേശിക്കാന്‍ വലിയ ഉത്സാഹമാണ്. എന്നാല്‍ സ്വയം ആ ഉപദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നവര്‍ എത്ര ദുര്‍ലഭം! ശചി എന്നെ പ്രാപിക്കുന്നതുകൊണ്ട് ആര്‍ക്കും കുഴപ്പമുണ്ടാവില്ല. മറിച്ച് നിങ്ങള്‍ക്കുമെനിക്കും അത് ഹിതകരമാവും. ആ ദേവിയും അങ്ങിനെ ഞാനുമായി രമിച്ചു സുഖിച്ചുകൊള്ളട്ടെ. എനിക്കിപ്പോള്‍ മറ്റാരും വേണ്ട. മറ്റൊന്നിനാലും എന്‍റെ ആഗ്രഹം തീരുകയില്ല. അനുനയിച്ചോ അത്തിനു കഴിഞ്ഞില്ലെങ്കില്‍ ബലമായോ ശചിയെ കൂട്ടിക്കൊണ്ടു വരിക.

നഹുഷന്‍ ഇങ്ങിനെ ദൃഢമായി  പ്രസ്താവിച്ചപ്പോള്‍ ദേവന്മാരും മുനിമാരും സംഭീതരായി ‘ഞങ്ങള്‍ അവളെ അനുനയിപ്പിച്ച് ഇവിടെ കൊണ്ടുവരാം’ എന്നു സമ്മതിച്ചു.

അവര്‍ ഗുരുവിന്‍റെ ഗൃഹത്തില്‍ച്ചെന്ന് കാര്യം അവതരിപ്പിച്ചു. ‘ശചി അവിടുത്തെ ശരണാഗതയാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ നാം തന്നെ ഇന്ദ്രപദവിയില്‍ വാഴിച്ച നഹുഷന്‍ ശചിയെ വരിക്കണമെന്നു നിര്‍ബ്ബന്ധം പിടിക്കുന്നു. അവളെ നഹുഷന് കൊടുത്താലും’ ഇത് കേട്ട ഗുരു ‘എന്നില്‍ ശരണാഗതയായ ഇവളെ വിട്ടു തരുന്ന പ്രശ്നമില്ല.’ എന്ന് തീര്‍ത്തു പറഞ്ഞു.

‘എന്നാല്‍ അങ്ങ് തന്നെ അവനെ പ്രീതിപ്പെടുത്തുക. അവന്‍റെ കോപം നമുക്ക് താങ്ങാനാവുകയില്ല’ എന്നായി ദേവന്മാര്‍.

അപ്പോള്‍ ഗുരു പറഞ്ഞു: ‘ഇന്ദ്രാണി കൊട്ടാരത്തിലേയ്ക്ക് പോവട്ടെ. അവിടെച്ചെന്ന് വാക്കുകള്‍ കൊണ്ട് നഹുഷനെ പരമാവധി പ്രലോഭിപ്പിക്കട്ടെ. 

‘ശക്രന്‍ മരിച്ചുവെന്നുറപ്പായാല്‍ ഞാന്‍ അങ്ങയെ വരിക്കാം. കാന്തന്‍ ജീവിച്ചിരിക്കുമ്പോള്‍ അന്യനെ വരിക്കാന്‍ വയ്യ. ഞാനദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ എന്നറിയാന്‍ ഒരു യാത്ര പോവുകയാണ്. വിവാഹം യാത്രകഴിഞ്ഞു വരുമ്പോള്‍ ആവാം’.

ഗുരുവും ദേവന്മാരും നഹുഷനെ വഞ്ചിക്കാന്‍ തന്നെ തീരുമാനിച്ചു. അവര്‍ കൊട്ടാരത്തിലേയ്ക്ക് ഇന്ദ്രാണിയെ കൂട്ടിക്കൊണ്ടു ചെന്നു. ഇന്ദ്രാണിയെക്കണ്ട്‌ അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു: ‘പ്രിയേ, ഇപ്പോഴാണ് ഞാന്‍ ശരിക്കും ഇന്ദ്രനായത്. എന്നെ സേവിക്കൂ. അങ്ങിനെ സുഖിച്ചു ജീവിക്കൂ’.

‘അങ്ങയോട് എനിക്കൊരപേക്ഷയുണ്ട് ദേവാധിപാ. എന്‍റെ കാന്തന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ? എനിക്കാകെ ശങ്കയുണ്ട്. അത് തീര്‍പ്പാക്കുന്നത് വരെ അങ്ങ് കാത്തിരിക്കണം. ശക്രന്‍ എവിടെയാണോ ആവോ!’ നഹുഷന്‍ സമ്മതിച്ചു.

ഇന്ദ്രനെ കണ്ടുപിടിച്ചു കൂട്ടിക്കൊണ്ടു വരാന്‍ ശചി ദേവന്മാരോട്‌ ആവശ്യപ്പെട്ടു. ദേവന്മാര്‍ക്ക് ആ വാക്കുകളിലെ സാരസ്യം മനസ്സിലായി. അവരുടനെ മഹാവിഷ്ണുവിനെ ചെന്ന് കണ്ടു സ്തുതിച്ചു. ആദിദേവനും ജഗന്നാഥനും ദീനവല്‍സലനുമായ ഭഗവാനെ ദേവന്മാര്‍ ഉചിതമായ പദങ്ങള്‍ കൊണ്ട് കീര്‍ത്തിച്ചു. എന്നിട്ടവര്‍ ആവലാതി പറഞ്ഞു: ‘ഭഗവാനേ, ബ്രഹ്മഹത്യാപാപഭയം കൊണ്ട് വലഞ്ഞ ശക്രന്‍ എവിടെയോ പോയി അലയുകയാണ്. അങ്ങയുടെ സഹായത്താല്‍ ഇന്ദ്രന്‍ ചതിവിലാണല്ലോ വൃത്രനെ കൊന്നത്. ഇപ്പോള്‍ പാപഭീതിയാല്‍ ഒളിവില്‍ക്കഴിയുന്ന ഇന്ദ്രനെ കണ്ടുപിടിക്കണം ഞങ്ങളെ രക്ഷിക്കണം. എന്താണൊരു പരിഹാരം?’

‘ശക്രന്റെ പാപവിമുക്തിക്കായി ഒരശ്വമേധയാഗം നടത്തണം. ഇങ്ങിനെ പാപമുക്തനായാല്‍പ്പിന്നെ ഇന്ദ്രന്‍ വീണ്ടും തന്‍റെ പദവിയലങ്കരിക്കും. അശ്വമേധത്തിനാല്‍ പ്രീതിപ്പെടുത്തുന്ന പക്ഷം ജഗദംബിക ബ്രഹ്മഹത്യാപാപങ്ങള്‍ നശിപ്പിച്ച് ഇന്ദ്രനെ സംരക്ഷിക്കും. ദേവിയെ പ്രീതിപ്പെടുത്തലാണ് അശ്വമേധത്തിന്റെ ഉദ്ദേശം. ശചിയും ദേവിയെ ഉപാസിക്കട്ടെ. അങ്ങിനെ ദുഃഖനിവൃത്തിയുണ്ടാവും. ജഗദംബികയുടെ മായയില്‍ മോഹിച്ചാണ് അയാള്‍ പാപം ചെയ്തത്. തന്‍റെ തന്നെ പാപഫലത്താല്‍ നഹുഷനു നാശമുണ്ടാവും. ഇന്ദ്രന് തന്‍റെ സ്ഥാനം തിരികെ കിട്ടും. കൂടെ ആ പദവിയുടെ പ്രതാപവും വന്നു ചേരും.’

വിഷ്ണുവിന്‍റെ വാക്കുകള്‍ കേട്ട ദേവന്മാരും ഗുരുവും ഇന്ദ്രന്‍ ഒളിച്ചു കഴിയുന്ന സ്ഥലത്ത് ചെന്ന് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഇന്ദ്രനെക്കൊണ്ട് അവര്‍ അശ്വമേധയാഗം നടത്തിച്ചു. ഭൂമിക്കും, നാരികള്‍ക്കും, മരങ്ങള്‍ക്കും നദികള്‍ക്കുമായി ബ്രഹ്മഹത്യാപാപത്തെ വിഭജിച്ച്‌ നല്‍കി ഇന്ദ്രനെ അവര്‍ മുക്തനാക്കി. എങ്കിലും കാലം ശരിയാവാത്തതുകൊണ്ട് ശക്രന്‍ കുറേക്കാലം കൂടി താമരത്തണ്ടിനുള്ളില്‍ ഒളിച്ചു തന്നെ കഴിഞ്ഞു. ആര്‍ക്കും അദ്ദേഹത്തെ പുറമേയ്ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല.

‘യജ്ഞം ചെയ്തിട്ടും എന്‍റെ കാന്തനെ കാണാത്തതെന്തേ’ എന്ന് ശചി ഗുരുവിനോട് ചോദിച്ചു. അദ്ദേഹത്തെ കാണാനുള്ള മാര്‍ഗ്ഗം പറഞ്ഞു തരണം എന്നവള്‍ അപേക്ഷിച്ചു.

‘പൌലോമീ, നീയാ മംഗളമൂര്‍ത്തി ജഗബംബികയെ ആരാധിക്കുക. ആ ദേവി നിനക്ക് നിന്‍റെ കാന്തനെ കാണിച്ചു തരും’ എന്ന് ഗുരു അവളെ ഉപദേശിച്ചു. ‘നഹുഷനെ തടയാനും അവനെ സ്വസ്ഥാനത്തു നിന്നും നിഷ്ക്കാസിതനാക്കാനും ദേവിയുടെ അനുഗ്രഹം വേണം.’ ഇത്രയും പറഞ്ഞു ഗുരു അവള്‍ക്ക് ദേവീ ഉപാസനയ്ക്കുള്ള മന്ത്ര ദീക്ഷ നല്‍കി.

ശചി ഭഗവതിയെ ആരാധിച്ചു. ബലി, പുഷ്പാര്‍ച്ചന, എന്നിവയാല്‍ അവള്‍ അംബികാപൂജനം ചെയ്തു. ഭോഗങ്ങള്‍ ഉപേക്ഷിച്ചു താപസ വേഷധാരിണിയായി ശചി ചെയ്ത സാധനയില്‍ ദേവി സംപ്രീതയായി. ഹംസവാഹനത്തില്‍ സൌമ്യഭാവത്തില്‍ ദേവി അവള്‍ക്ക് മുന്നില്‍ പ്രത്യക്ഷയായി. കോടി ചന്ദ്രന്മാരുടെ കുളുര്‍മ്മയും കോടി സൂര്യന്മാരുടെ പ്രഭയും ഒരുമിച്ചു വിളങ്ങുന്ന വേദപ്രകീര്‍ത്തിതയായ ദേവി പാശാങ്കുശവരാഭയങ്ങള്‍ അലങ്കരിക്കുന്നവളും കാലടിവരെ നീണ്ടുകിടക്കുന്ന മുത്തുമണിമാല ചാര്‍ത്തിയവളും പുഞ്ചിരിയലങ്കരിച്ച മുഖത്തോട് കൂടിയവളും മൂന്നു തിളക്കമാര്‍ന്ന നേത്രങ്ങള്‍ ഉള്ളവളും ശാന്തി, ആനന്ദം എന്നിവ നിറഞ്ഞ കുചകുംഭദ്വയങ്ങള്‍ ഉള്ളവളും ആബ്രഹ്മകീടജനനിയുമായ അമ്മ കൃപയുടെ കേദാരമായി അവിടെ വിളങ്ങി.

ജഗദംബിക മേഘഗംഭീര സ്വരത്തില്‍ ഇങ്ങിനെ മൊഴിഞ്ഞു: ‘ശചീ അഭീഷ്ടവരം എന്താണെങ്കിലും ചോദിച്ചാലും. നിന്നില്‍ ഞാന്‍ പ്രസീദയാണ്. എന്നെക്കാണുക എന്നത് ക്ഷിപ്രസാദ്ധ്യമല്ല. അനേകകോടി ജന്മങ്ങളിലെ ആര്‍ജ്ജിതപുണ്യപരിപാകം കൊണ്ടേ അതുണ്ടാവൂ.’

‘അമ്മേ, ഭര്‍ത്തൃദര്‍ശനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നഹുഷനില്‍ നിന്നുള്ള പേടി ഇല്ലാതാക്കണം. ഇന്ദ്രന് തന്‍റെ സ്ഥാനം തിരികെ കിട്ടണം’ ശചി ആഗ്രഹമുണര്‍ത്തിച്ചു.

‘അങ്ങിനെയാകട്ടെ’ എന്ന് ദേവി അനുഗ്രഹിച്ചു. നീ ഈ ദൂതിയെക്കൂട്ടി മാനസസരസ്സില്‍ ചെല്ലുക. അവിടെ വിശ്വകാമാ എന്ന് പേരായ ഒരു മൂര്‍ത്തിയായി ഞാനുണ്ട്. അവിടെയാണ് ദുഖാകുലനായ ഇന്ദ്രന്‍ ഭയപ്പാടോടെ കഴിയുന്നത്. ഞാന്‍ നഹുഷനെ മോഹിപ്പിച്ച് അവന്‍റെ ഇന്ദ്രസിംഹാസനവാസം അവസാനിപ്പിക്കാം. അപ്പോള്‍ ഇന്ദ്രന് വീണ്ടുമാ പദവിയലങ്കരിക്കാം. അങ്ങിനെ നിനക്ക് സ്വസ്ഥയാവാം.’

ശചിയെക്കൂട്ടി ദേവിയുടെ ദൂതി മാനസസരസ്സില്‍ ഇന്ദ്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. അവിടെ ഒളിച്ചുകഴിയുന്ന ഇന്ദ്രനെ ദര്‍ശിച്ചു. ഏറെക്കാലമായി കാണാതിരുന്ന കാന്തനെ കണ്ട് അവള്‍ ആമോദം പൂണ്ടു.

Saturday, April 16, 2016

ദിവസം 134. ശ്രീമദ്‌ ദേവീഭാഗവതം. 6. 7. നഹുഷാഭിഷേകം

ദിവസം 134. ശ്രീമദ്‌ ദേവീഭാഗവതം. 6. 7. നഹുഷാഭിഷേകം

അഥം തം പതിതം ദൃഷ്ട്വാ വിഷ്ണുര്‍ വിഷ്ണുപുരീം യയൌ
മനസാ ശങ്കമാനസ്തു തസ്യ ഹത്യാകൃതം ഭയം
ഇന്ദ്രോ fപി ഭയ സന്ത്രസ്തോ യയാവിന്ദ്രപുരീം തത:
മുനയോ ഭയ സംവിഗ്നാ ഹൃഭവന്നിഹതേ രിപൌ 
വ്യാസന്‍ തുടര്‍ന്നു. വൃത്രന്‍ മരിച്ചു വീണു കഴിഞ്ഞപ്പോള്‍ ശ്രീഹരി വൈകുണ്ഠത്തിലേയ്ക്ക് മടങ്ങി. തെറ്റായ വിധത്തില്‍ വൃത്രനെ കൊന്നതില്‍ അദ്ദേഹത്തിനു ഭയവും ആശങ്കയും ഉണ്ടായി. ഇന്ദ്രനും സ്വര്‍ഗ്ഗത്തിലെത്തിയപ്പോള്‍ സമാധാനമില്ലായിരുന്നു. മുനിമാര്‍ക്കും കുറ്റബോധം കൊണ്ട് ആകെ ഭയമായി. ‘ഒരുവനെ ചതിച്ചു കൊല്ലാന്‍ നമ്മള്‍ ഇന്ദ്രന് കൂട്ട് നിന്നു. മുനിമാര്‍ എന്ന് സ്വയം വിളിക്കാന്‍ പോലും നമുക്കിനി അര്‍ഹതയില്ല. നമ്മള്‍ പറഞ്ഞതുകൊണ്ടാണ് വൃത്രന്‍ ഇന്ദ്രനുമായി മൈത്രിയുണ്ടാക്കിയത്. വിശ്വാസവഞ്ചന ചെയ്ത ശക്രന്റെ കൂടെ കൂടിയ നമ്മളും പാപികള്‍ തന്നെ. മമത കൊണ്ട് ഇത്തരം അനര്‍ത്ഥങ്ങള്‍ ഉണ്ടാവുന്നു. കള്ളശപഥത്തിനു കൂട്ടുനിന്ന ഋഷിമാരാണ് നമ്മള്‍! പാപകൃത്യം ചെയ്യുന്നവന്‍ മാത്രമല്ല അതില്‍ ഏതെങ്കിലും വിധത്തില്‍ പങ്കുള്ളവനും പാപി തന്നെ. പ്രേരണ ചെലുത്തുന്നവന്‍, ബുദ്ധിയോതിക്കൊടുക്കുന്നവന്‍, ഫലഭോക്താക്കള്‍ എല്ലാവറം പാപഭാക്കുകള്‍ തന്നെയാണ്. 

വജ്രത്തിനുള്ളില്‍ പ്രവേശിച്ച് വധത്തിനു കൂട്ട് നിന്ന ‘സത്വസ്വരൂപനായ’ ശ്രീഹരിക്കും ഇതില്‍ പങ്കുണ്ട്. ഇന്ദ്രനുമായുള്ള കൂട്ടുകെട്ടില്‍ സാക്ഷാല്‍ വിഷ്ണുപോലും പാപിയയി. മമതാ ബന്ധമാണിതിനു കാരണം. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളില്‍ ധര്‍മ്മത്തിനും മോക്ഷത്തിനും ഇപ്പോള്‍ സ്ഥാനമില്ല എന്നായിരിക്കുന്നു. എല്ലാവര്ക്കും വേണ്ടത് കാമവും അര്‍ത്ഥവും മാത്രം. ധര്‍മ്മചര്‍ച്ചയൊക്കെ പണ്ഡിതന്മാര്‍ക്ക് വെറും ഡംബുകാണിക്കാനുള്ള വേദിയാണ്.’ മുനിമാരുടെ മനസ്ഥൈര്യം നശിച്ചു. തപസ്സില്‍ മുഴുകാന്‍ അവര്‍ക്കാവുന്നില്ല.

ത്വഷ്ടാവ് മകന്‍റെ മരണവൃത്താന്തം അറിഞ്ഞപ്പോള്‍ മനം നൊന്തു കരഞ്ഞു. അദ്ദേഹത്തിന് ആകെ വിരക്തിയായി. എങ്കിലും അദ്ദേഹം മകന്‍റെ ഭീമാകാരമായ ദേഹത്തിനു മുന്നില്‍ച്ചെന്ന് അവനു വേണ്ട ഉദകക്രിയകള്‍ ഉചിതമായി ചെയ്തു. എന്നിട്ട് മനസ്സ് നൊന്ത് ശക്രനെ ശപിച്ചു, ‘സ്വമിത്രത്തെ ചതിച്ചു കൊന്ന ഇന്ദ്രന് വിധിവശാല്‍ ഇതുപോലെയുള്ള മനോദുഖം ഉണ്ടാവട്ടെ.’. പിന്നീടദ്ദേഹം മഹാമേരുവില്‍പ്പോയി ഉഗ്രതപസ്സില്‍ മുഴുകി.

ജനമേജയന്‍ ചോദിച്ചു: വൃത്രനെ കൊന്ന ഇന്ദ്രന്‍റെ സ്ഥിതി പിന്നെയെന്തായി? അവനു പിന്നീട് സുഖമായിരുന്നോ അതോ ദുഖജീവിതമായിരുന്നോ?

വ്യാസന്‍ പറഞ്ഞു: ഇതില്‍ സംശയം വേണ്ട. പാപഫലം അനുഭവിച്ചല്ലേ തീരൂ? ബലിഷ്ഠനായാലും ദുര്‍ബ്ബലനായാലും ദേവനായാലും മനുഷ്യരായാലും അസുരനായാലും പാപം ചെയ്തോ? അതിന്റെ ഫലം ഇന്നല്ലെങ്കില്‍ നാളെ അനുഭവിക്കണം. വൃത്രനെ കൊല്ലാനുള്ള ബുദ്ധി ഉപദേശിച്ചതും അതിനായി ഒത്താശചെയ്തതും മഹാവിഷ്ണുവാണല്ലോ? എന്നാല്‍ ആപത്തില്‍പ്പെട്ടപ്പോള്‍ വിഷ്ണുപോലും ഇന്ദ്രന്‍റെ രക്ഷക്കെത്തിയില്ല. 

നമ്മുടെ സമയം നന്നായിരിക്കുമ്പോള്‍ നിറയെ ബന്ധുക്കള്‍ വരും. അല്ലാത്തപ്പോള്‍ തിരിഞ്ഞു നോക്കാന്‍ കൂടി ആരുമുണ്ടാവില്ല. അതിപ്പോള്‍ മാതാപിതാക്കളോ സഹോദരങ്ങളോ ആരും നമുക്ക് കൂട്ടുണ്ടാവില്ല. ദൈവഹിതം നമുക്കനുകൂലമല്ലെങ്കില്‍ പുത്രനോ ബന്ധുവോ ഭൃത്യനോ ഭാര്യയോ ആര്‍ക്കും നമ്മെ സഹായിക്കാന്‍ കഴിയില്ല. ദുര്‍വൃത്തി ചെയ്തതുമൂലം വൃത്രനെ കൊന്നവരുടെയെല്ലാം തേജസ്സ് നിഷ്പ്രഭമായി. ഇന്ദ്രനെ ബ്രഹ്മഹന്താവെന്നു വിളിച്ച് ദേവന്മാര്‍പോലും ഇന്ദ്രനെ ശപിക്കാന്‍ തുടങ്ങി. 

‘വിശ്വാസവഞ്ചന കാട്ടി മിത്രമായ മുനിയെ ഇന്ദ്രന്‍ കൊന്നതിന്‍റെ കഥ ഗന്ധര്‍വ്വന്മാര്‍ കൂടുന്ന വെടിവട്ടങ്ങളില്‍ ചര്‍ച്ചയായി. ‘കൊല്ലാന്‍ ഇന്ദ്രന്‍ മിടുക്കനാണ്. അതിനു വേണ്ടി അയാള്‍ ആരുടെ കൂട്ടും കൂടും. മുനിമാര്‍പോലും ഇന്ദ്രന് വേണ്ടി കള്ളം പറഞ്ഞു. വേദപ്രമാണം വിട്ടു ഹിംസയുടെ ബൌദ്ധമാര്‍ഗ്ഗമാണ് അവരും തിരഞ്ഞെടുത്തത്. സ്വന്തം വാക്ക് മാറ്റി ഇങ്ങിനെ ഒരാളെ കൊല്ലണമെങ്കില്‍ അത് ഇന്ദ്രനോ ഹരിക്കോ മാത്രമേ പറ്റൂ.’ ഗന്ധര്‍വ്വന്മാരുടെ ഇടയിലും മറ്റും ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത് ഇന്ദ്രനും അറിഞ്ഞു. കീര്‍ത്തികെട്ട ജീവിതം എന്തിനു കൊള്ളാം? പുറത്തിറങ്ങി നടക്കുമ്പോള്‍ മറ്റുള്ളവര്‍ പുച്ഛിച്ചു ചിരിക്കുന്നു. ഇന്ദ്രദ്യുമ്നന്‍ എന്ന രാജര്‍ഷി പോലും കീര്‍ത്തി നശിച്ചതിനാല്‍ സ്വര്‍ഗ്ഗത്തു നിന്നും വീണുപോയില്ലേ?

ഇന്ദ്രദ്യുമ്നനാണെങ്കില്‍ യാതൊരു പാപവും ചെയ്യാത്തവനായിരുന്നു. അപ്പോള്‍ പാപികളുടെ കഥ പറയാനുണ്ടോ? ചെറിയൊരു തെറ്റിന്റെ പേരില്‍ യയാതിക്ക് പതിനെട്ടു യുഗം വെറുമൊരു ഞണ്ടായി കഴിയേണ്ടി വന്നു. ഭൃഗുപത്നിയുടെ ഗളഛേദം ചെയ്ത സാക്ഷാല്‍ ശ്രീഹരിക്കും മുനി ശാപം മൂലം മീനാദി മൃഗയോനികളില്‍ പിറക്കേണ്ടതായി വന്നു. മഹാബലിക്കു മുന്നില്‍ കൈ നീട്ടി യാചിക്കേണ്ടി വന്നു. ദുഷ്കൃതം ചെയ്തവന് ശ്രീരാമനുണ്ടായ ദുഖത്തില്‍പ്പരം എന്ത് ശിക്ഷയാണ് കിട്ടുക? കാട്ടില്‍ ജീവിക്കുക, ഭാര്യയെ നഷ്ടപ്പെട്ടു കേഴുക എന്നിവയെല്ലാം ശ്രീഹരി അനുഭവിക്കേണ്ടി വന്നത് ഭൃഗു മുനിയുടെ ശാപം കൊണ്ടാണ്.

വിപ്രഹത്യാപാപഭയം ഇന്ദ്രനെ വിടാതെ പിടികൂടി. വീട്ടിലും പുറത്തും യാതൊരു സ്വൈര്യവും ഇല്ലാതായി.  ആരെയും കാണാന്‍ കൂട്ടാക്കാതെ വീട്ടിനു പുറത്തിറങ്ങാതെ പേടിച്ചു വീര്‍പ്പിട്ടു നില്‍ക്കുന്ന കാന്തനെ കണ്ടു ശചി ചോദിച്ചു: 'എന്തിനാണ് അങ്ങ് വിഷമിക്കുന്നത്? അവനെ വധിച്ചതോടെ ശത്രുഭയം തീര്‍ന്നല്ലോ? ശത്രുതാപനായ അങ്ങ് എന്തിനാണ് പ്രാകൃതനെപ്പോലെ മാഴ്കുന്നത്?'

അപ്പോള്‍ ഇന്ദ്രന്‍ പറഞ്ഞു: ‘എനിക്കിപ്പോള്‍ കിടനില്‍ക്കാന്‍ പറ്റിയ ശത്രുക്കള്‍ ആരുമില്ല എന്നത് ശരി തന്നെ. പക്ഷെ എനിക്ക് സുഖമില്ല, സമാധാനവുമില്ല. ബ്രഹ്മഹത്യാപാപഭീതിയാണ് എന്നെയിപ്പോള്‍ അലട്ടുന്നത്. നന്ദനോദ്യാനവും കാടും വീടും അമൃതുപോലും എന്നെ സംപ്രീതനാക്കുന്നില്ല. ഗന്ധര്‍വഗാനങ്ങളും അപ്സരസ്സുകളുടെ ചുവടുവെയ്പ്പും എന്നെ സന്തോഷിപ്പിക്കുന്നില്ല. എനിക്ക് കാമധേനുവും കല്‍പ്പവൃക്ഷവും വേണ്ട. എനിക്ക് മന:സുഖം ലഭിക്കാന്‍ എന്തുചെയ്യണം എന്നാലോചിച്ചു കരയുകയാണ് ഞാന്‍.’

പത്നിയോട് ഇങ്ങിനെ വേവലാതി പറഞ്ഞിട്ട് ഇന്ദ്രന്‍ മാനസസരസ്സില്‍ ചെന്ന് അവിടെയൊരു താമരത്തണ്ടിനുള്ളില്‍ക്കയറി ഇരുന്നു. പാപഫലങ്ങള്‍ വരുമ്പോള്‍ ഒളിക്കാന്‍ പറ്റിയ ഒരിടമാണ് അതെന്നയാള്‍ വെറുതെ വിചാരിച്ചു. വെള്ളത്തില്‍ക്കഴിയുന്ന ഒരു നീര്‍ക്കോലിപോലെ നിഷ്പ്രഭനായി അയാള്‍ അവിടെ നീന്തിക്കഴിഞ്ഞുകൂടി. ഇന്ദ്രനെ കാണാഞ്ഞു ദേവലോകം ആശങ്കാകുലരായി. ദുര്‍നിമിത്തങ്ങള്‍ എങ്ങും കണ്ടുതുടങ്ങി. എല്ലാടവും അരാജകത്വം കാണപ്പെട്ടു. ഗന്ധര്‍വ്വന്മാരും മുനികളും മറ്റും ഭയവിഹ്വലരായി. ഭൂമിയില്‍ മഴ നിന്നു. വിഭവങ്ങള്‍ ഉണ്ടാകാതെയായി. തടാകങ്ങള്‍ വെള്ളം വറ്റി ഭൂമി ഉണങ്ങിവരണ്ടു. ഇന്ദ്രനെ കണ്ടു കിട്ടാഞ്ഞ് മുനിമാര്‍ നഹുഷനെപ്പിടിച്ചു രാജാവാക്കി. 

നഹുഷന്‍ ധര്‍മ്മിഷ്ഠനായിരുന്നുവെങ്കിലും രാജപദവി അയാളെ വിഷയാസക്തനും കാമപീഡിതനുമാക്കി. അയാള്‍ അപ്സരനാരിമാരോടോത്ത് രമിച്ചു കഴിഞ്ഞു. ഇന്ദ്രന്‍റെ ഭാര്യയായ ശചിയുടെ ഗുണഗണങ്ങള്‍ കേട്ടറിഞ്ഞ നഹുഷന്‍ മുനിമാരെ വിളിച്ചു ചോദിച്ചു: ‘നിങ്ങള്‍ എനിക്ക് ഇന്ദ്രന്‍റെ സ്ഥാനം തന്നു. അപ്പോള്‍ ഇന്ദ്രാണിയും എനിക്ക് സ്വന്തമാവണമല്ലോ? എന്നെ സേവിക്കാനായി ശചിയെ കൊട്ടാരത്തിലേയ്ക്ക് പറഞ്ഞയക്കുക. ഞാന്‍ ദേവേന്ദ്രനും ലോക നാഥനുമല്ലേ? ഇക്ഷണം എനിക്ക് ശചിയെ വേണം. നിങ്ങള്‍ അതിനുള്ള ഒത്താശകള്‍ ചെയ്താലും.’

ദേവന്മാരും മുനിമാരും കൂടി ഇന്ദ്രാണിയെ ചെന്ന് കണ്ടു വിവരം ധരിപ്പിച്ചു. ‘ഞങ്ങള്‍ എന്ത് ചെയ്യട്ടെ! അവന്‍ ഇന്ദ്രനും ഞങ്ങള്‍ അവന്‍റെ വാക്ക് കേള്‍ക്കാന്‍ വിധിക്കപ്പെട്ടവനുമാണ്.’ എന്നവര്‍ നിസ്സഹായരായി. അപ്പോള്‍ ശചി ഗുരുവായ ബൃഹസ്പതിയോട് പരാതി പറഞ്ഞു. ‘നഹുഷനില്‍ നിന്നും അങ്ങെന്നെ രക്ഷിക്കണം.'

'നിന്നെ സത്യത്തിനും ധര്‍മ്മത്തിനും എതിരായി നഹുഷനു വിട്ടുകൊടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല' എന്ന് ഗുരു അവള്‍ക്ക് വാക്ക് കൊടുത്തു. 'ശരണാഗതനെ കൈവിടുന്നവനു നരകത്തില്‍ നിന്നും ഒരിക്കലും മോചനമില്ല. നിന്നെ ഞാന്‍ കൈവിടുകയില്ല. നിനക്ക് സമാധാനമായി ഇരിക്കാം.'

Tuesday, April 12, 2016

ദിവസം 133. ശ്രീമദ്‌ ദേവീഭാഗവതം. 6. അദ്ധ്യായം 6 വൃത്രാസുരവധം

ദിവസം 133. ശ്രീമദ്‌ ദേവീഭാഗവതം. 6. അദ്ധ്യായം 6  വൃത്രാസുരവധം

ഏവം പ്രാപ്തവരാ ദേവാ ഋഷയശ്ച തപോ ധനാ:
ജഗ്മു: സര്‍വ്വേ ച സംമന്ത്ര്യ വൃത്രസ്യാശ്രമമുത്തമം
ദദൃശുസ്തത്ര തം വൃത്രം ജ്വലന്തമിവ തേജസാ

ഇങ്ങിനെ ദേവിയില്‍ നിന്നും അഭീഷ്ടവരം സിദ്ധിച്ച ദേവന്മാര്‍ വൃത്രന്‍ തപസ്സു ചെയ്തിരുന്ന ഇടത്തേയ്ക്ക് ചെന്നിട്ട് മധുരസ്വരത്തില്‍ സാമവാദങ്ങള്‍ പറയാന്‍ തുടങ്ങി. വൃത്രന്‍ ഇരുന്നിടം അദ്ദേഹത്തിന്‍റെ തപോബലത്തില്‍ ജ്വലിച്ചു തിളക്കമാര്‍ന്നിരുന്നു. വിണ്ണവരെ ഒറ്റയടിക്ക് വിഴുങ്ങാനും മൂന്നുലകങ്ങളും ജ്വലിപ്പിക്കാനും പോന്ന ആ താപസന്‍റെയടുക്കല്‍ച്ചെന്ന് ഋഷിമാര്‍ രസകരമായും അദ്ദേഹത്തിനു ഹിതകരമായും സംസാരിക്കാന്‍ തുടങ്ങി. 

‘അല്ലയോ മഹാഭാഗാ, സകലലോകങ്ങള്‍ക്കും അങ്ങയെ ഭയമാണ്. നീയാണെങ്കില്‍ ബ്രഹ്മാണ്ഡം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. ശക്രനോടുള്ള നിന്‍റെ വൈരം രണ്ടാള്‍ക്കും നല്ലതിനല്ല. രണ്ടാള്‍ക്കും അതുകൊണ്ട് സ്വൈരക്കേടാണ് എപ്പോഴും. വൈരിയായി ഒരാളുണ്ടെങ്കില്‍ സമാധാനം പോയി എന്നര്‍ത്ഥം. ഉറങ്ങാന്‍കൂടി പറ്റാത്ത അവസ്ഥ. പരസ്പരം വൈരികളായി ഇരിക്കുന്നുവെങ്കിലും തമ്മില്‍ ഒന്ന് പോരടിച്ചിട്ടും കാലം കുറേയായി. നിങ്ങള്‍ തമ്മിലുള്ള ഈ വൈരം കൊണ്ട് മറ്റുള്ള ദേവന്മാര്‍ക്കും മാനുഷര്‍ക്കും അസുരന്മാര്‍ക്കും ആകെ ബുദ്ധിമുട്ടാണ്. എപ്പോഴും ദുഖിച്ചു പേടിച്ചു കഴിയാനാണോ ഈ ജീവിതം? സുഖമാസ്വദിച്ചു കഴിയേണ്ട ജന്മം ഇങ്ങിനെ പാഴാക്കുന്നതെന്തിനാണ്? യുദ്ധക്കൊതിയന്മാരായ ചിലര്‍ അതിനെ വാഴ്ത്തിയെന്നുവരാം. എന്നാല്‍ പണ്ഡിതന് യുദ്ധമെന്നാല്‍ അത് എല്ലാവരും തോല്‍ക്കുന്ന വൃഥാപ്രയത്നം മാത്രമാണ്. പ്രപഞ്ചത്തിലെ സുഖമാകെ കെടുത്താന്‍ രണ്ടു കൂട്ടര്‍ തമ്മിലുള്ള പോരിനു കഴിയും. ഭോഗവിഷയങ്ങള്‍ എല്ലാവര്ക്കും അങ്ങിനെ അപ്രാപ്യമാവുകയും ചെയ്യും. കളിയായി പൂക്കള്‍കൊണ്ടുള്ള തല്ലുപോലും നല്ലതല്ല. പിന്നെയാണ് അമ്പുകള്‍ കൊണ്ടുള്ള തീക്കളി!

യുദ്ധത്തില്‍ വിജയിക്കുമോ പരാജയപ്പെടുമോ എന്നാര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. എന്നാല്‍ ദേഹത്ത് അമ്പുകൊണ്ടാല്‍ മുറിയും എന്നതില്‍ സംശയമേയില്ല. എല്ലാം ദൈവാധീനമാണ്. ജയപരാജയങ്ങള്‍ നമ്മുടെ കയ്യില്‍ അല്ലാത്തപ്പോള്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ട് എന്തുകാര്യം? സുഖമായി ഉണ്ട് കുളിച്ചുറങ്ങി ഭാര്യയുടെ ശുശ്രൂഷ ആസ്വദിച്ച് കഴിയുന്നതോ വാള്‍പ്പയറ്റില്‍ ദേഹത്ത് മുറിവുണ്ടാവുന്നതോ സുഖപ്രദം? വാസ്തവത്തില്‍ കൂരമ്പേറ്റു മരിക്കുന്നവന് സ്വര്‍ഗ്ഗം ലഭിക്കും എന്നൊക്കെയുള്ള പറച്ചില്‍ എല്ലാം വെറുതെ. വെറുതെ ദേഹത്ത് ചോരയുമൊലിപ്പിച്ച് കാക്കയ്ക്കും കഴുകാനും കൊത്തിപ്പറിക്കാന്‍ ഇട്ടുകൊടുക്കേണ്ടി വരുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. അങ്ങ് ശക്രനോടു സന്ധി ചെയ്യുകയാണ് നല്ലത്. അങ്ങിനെ രണ്ടാള്‍ക്കും സുഖമായി ജീവിക്കാം. ഞങ്ങള്‍ മാമുനിമാര്‍ക്കും ദേവന്മാര്‍ക്കും അതൊരാശ്വാസമാകും. നിങ്ങള്‍ പോരില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് സമാധാനമായി സുഖമനസ്സോടെ സ്വന്തം ഭവങ്ങളില്‍ കഴിയാന്‍ സാധിക്കുമോ? ഞങ്ങള്‍ മുനിമാരുടെ മദ്ധ്യസ്ഥം നിങ്ങള്‍ക്ക് സ്വീകാര്യമാവും എന്ന് കരുതുന്നു. രണ്ടാളും പരസ്പരം ശപഥം ചെയ്തു പിണക്കം തീര്‍ക്കണം. മഹാനായ നിന്‍റെ മനസ്സിന് യോജിച്ചവണ്ണം ശക്രന്‍ ശപഥം ചൊല്ലും. നീയും അതുപോലെ ചെയ്യുക. ഭൂമിയുടെ നിലനില്‍പ്പ്‌ തന്നെ സത്യത്തിലാണല്ലോ. സത്യമാണ് സൂര്യന് നിദാനം. കാറ്റ് വീശുന്നത് സത്യം കൊണ്ടാണ്. സമുദ്രം പരിധി ലംഘിക്കാത്തതിനും കാരണം മറ്റൊന്നല്ല. നിങ്ങള്‍ രണ്ടാളും സഖ്യം ചെയ്ത് പരസ്പരം വൈരം മറന്ന് ആത്മസുഹൃത്തുക്കളെപ്പോലെ ഊണും വിശ്രമവും ഒന്നിച്ചാവുന്ന കാലം അനതിവിദൂരമാണ്.'

ഇത്രയും കേട്ടപ്പോള്‍ വൃത്രന്‍ പറഞ്ഞു: ‘നിങ്ങള്‍ എല്ലാവരോടും എനിക്ക് ബഹുമാനമുണ്ട്. കാരണം മുനിമാര്‍ കള്ളം പറയില്ലല്ലോ. കുടിലതയറിയാത്ത സത്യവൃത്തന്മാരാണ് ഋഷിമാര്‍. എങ്കിലും നിങ്ങള്‍ക്ക് കാപട്യമെന്തെന്നറിയാന്‍ വയ്യാത്തതുകൊണ്ട് ഒന്ന് മനസ്സിലാക്കണം. ബുദ്ധിയുള്ളവന്‍ സഖ്യം ചെയ്യുമ്പോള്‍ എതിര്‍ കക്ഷിയുടെ സ്വഭാവം നോക്കും. കള്ളനുമായും, ലജ്ജയില്ലാത്തവനുമായും സദാചാരവിരുദ്ധനുമായും സദ്‌വൃത്തനായ ഒരുവന്‍ സഖ്യത്തില്‍ ഏര്‍പ്പെടുകയില്ല. നിങ്ങള്‍ ശാന്തശീലരായതുകൊണ്ട് ലോകത്തിന്‍റെ രീതികള്‍ നിങ്ങള്‍ക്കറിയില്ല.’

അപ്പോള്‍ മുനിമാര്‍ പറഞ്ഞു: ‘നന്മതിന്മകളുടെ ഫലം ദേഹമെടുത്ത എല്ലാവരും അനുഭവിക്കുകതന്നെ ചെയ്യും. വിശ്വാസവഞ്ചകര്‍ക്ക് നരകം ഉറപ്പാണ്. ദ്രോഹം ശീലമാക്കിയവന് ശാന്തി കിട്ടുകയുമില്ല. ബ്രഹ്മഹത്യക്കും മദ്യപാനത്തിനും മറ്റും പ്രായശ്ചിത്തം ചെയ്യാന്‍ വിധിയുണ്ട്. എന്നാല്‍ മിത്രദ്രോഹം, വിശ്വാസവഞ്ചന എന്നിവയ്ക്ക് പ്രായശ്ചിത്തം ഇല്ലേയില്ല. അതുകൊണ്ട് അങ്ങ് പറയൂ നിബന്ധനകള്‍. ആ വ്യവസ്ഥ രണ്ടാള്‍ക്കും സ്വീകാര്യമാവട്ടെ. അപ്പോള്‍ സന്ധിചെയ്യാന്‍ തടസ്സമില്ലല്ലോ.’

കല്ലുകൊണ്ട്, വജ്രം കൊണ്ട്, മരം കൊണ്ട്, നനഞ്ഞതോ ഉണങ്ങിയതോ ആയ യാതൊന്നും കൊണ്ടും ഇന്ദ്രന്‍ എന്നെ കൊല്ലരുത്. രാത്രിയും പകലും അരുത്. ഇത്തരത്തിലൊരു സന്ധി ഇന്ദ്രനുമായി ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്.’

‘അങ്ങിനെയാവാം’ എന്ന് മുനിമാര്‍ വൃത്രന് വാക്ക് കൊടുത്തു. ഇന്ദ്രനോട് വിവരം പറഞ്ഞു. സന്ധിവ്യവസ്ഥ അംഗീകരിപ്പിച്ചു. മുനിമാരുടെ സാന്നിദ്ധ്യത്തില്‍ അഗ്നിസാക്ഷിയായി ഇന്ദ്രന്‍ സത്യം ചെയ്തു. വൃത്രന്‍ സന്തോഷിച്ചു. പരസ്പരം ചെയ്ത സന്ധിയിലും സത്യശപഥത്തിലും വിശ്വാസമര്‍പ്പിച്ച് വൃത്രന്‍ ഇന്ദ്രനെ മിത്രമാക്കി. അവര്‍ ഒരുമിച്ചു നന്ദനാരാമങ്ങളില്‍ വിഹരിച്ചും ഗന്ധമാദനത്തില്‍ ഉലാത്തിയും കടല്‍ത്തീരത്തു മേളിച്ചും അവരുടെ മൈത്രീബന്ധം ഉറപ്പിച്ചു. വൃത്രന്‍ തുറന്ന മനസ്സോടെ ഇന്ദ്രനെ വിശ്വസിച്ചു കഴിഞ്ഞു.

എന്നാല്‍ ഇന്ദ്രന്‍റെ വക്രബുദ്ധി വൃത്രനെ എങ്ങിനെ വധിക്കാം എന്നു തന്നെ ചിന്തിക്കുകയായിരുന്നു. എന്തെങ്കിലും ഒരു പഴുതിനു വേണ്ടി ഇന്ദ്രന്‍ ഉഴന്നുനടന്നു. ശപഥം കഴിഞ്ഞ് ഒരു വര്‍ഷം കടന്നുപോയി. ഇന്ദ്രന്‍റെ ആകാംഷ കൂടിവന്നു. ആയിടയ്ക്ക് ത്വഷ്ടാവ് മകനോട് പറഞ്ഞു: ‘വൃത്രാ, ഞാന്‍ നിനക്ക് ഹിതം പറയാന്‍ വന്നതാണ്. ശത്രുതയില്‍ക്കഴിഞ്ഞവന്‍ സുഹൃത്തായാല്‍ അവനെ പൂര്‍ണ്ണമായും വിശ്വസിക്കരുത്. ഇന്ദ്രന്‍ അസൂയക്കാരനാണ്. നിന്നോടുള്ള വൈരം പോയതായി അഭിനയിക്കുകയാണ് ആ സ്ത്രീലമ്പടന്‍. അവന്‍ ദ്രോഹം ചെയ്യാന്‍ തരം നോക്കി നടക്കുന്ന മായാവിയാണ്. വാശിക്കാരനും മത്സരബുദ്ധിയുള്ളവനുമാണ്. അമ്മയുടെ വയറ്റില്‍ക്കിടക്കുന്ന കുഞ്ഞിനെ നശിപ്പിച്ച ദുഷ്ടനാണ്‌ അവന്‍. ആ ശിശുവിനെ അവന്‍ ഏഴു കഷണമാക്കിയ കഥ നീ കേട്ടിട്ടില്ലേ? ഒരിക്കല്‍ പാപം ചെയ്തവന് അതാവര്‍ത്തിക്കാന്‍ മടി കാണില്ല.’

അച്ഛന്‍ ഇത്ര വിശദമായി പറഞ്ഞിട്ടും വൃത്രന് ഇന്ദ്രനോട് വിശ്വാസക്കുറവ് തോന്നുകയുണ്ടായില്ല. അവന്‍റെ കാലമടുത്തതായിരിക്കും അതിനു കാരണം. കടല്‍ത്തീരത്ത് ഉലാത്തിക്കൊണ്ടിരുന്ന വൃത്രനെക്കണ്ട് ഇന്ദ്രന്‍ വിചാരിച്ചു. ‘ഇത് നല്ല തക്കമാണ്. ഇത് രുദ്രസന്ധ്യയാണല്ലോ, പകലുമല്ല, രാത്രിയുമല്ല. വിജനമാണീ സ്ഥലം. ഇവനെ കൊന്നുകളയണം.’ ഉടനെതന്നെ ബ്രഹ്മാദി ദേവതകള്‍ തനിക്ക് നല്‍കിയ വരത്തെപ്പറ്റി ഇന്ദ്രന്‍ ആലോചിച്ചു. ഭഗവാന്‍ ഹരിയെ സ്മരിച്ചു. ഭഗവാന്‍ അദൃശ്യനായി വജ്രായുധത്തില്‍ പ്രവേശിച്ചു. ‘ഇവനെ കൊല്ലാനുള്ള ഉപായമെന്താവും? സകല ദേവന്മാരെയും വെല്ലാനുള്ള കഴിവ് വൃത്രനുണ്ട്. ഇവനെ ചതിയില്‍പ്പെടുത്തി കൊല്ലുക തന്നെ. ശത്രു ജീവനോടെയിരിക്കുമ്പോള്‍ സുഖമെവിടെ?’

അപ്പോള്‍ ആ സമുദ്രത്തില്‍ ഭീമാകാരമായ ഒരു നുര പൊന്തി വന്നു. ‘ഇതുണങ്ങിയതോ നനഞ്ഞതോ അല്ല. ഇതൊരായുധവുമല്ല’ എന്ന് നിശ്ചയിച്ച്  ഇന്ദ്രന്‍ ആ നുര കയ്യില്‍ കോരിയെടുത്തു. പരമഭക്തിയോടെ പരാശക്തിയെ സ്മരിച്ചു. ദേവിയും ആ നുരയ്ക്കുള്ളില്‍ ശക്തിയായി പ്രവേശിച്ചു. ആ നുരകൊണ്ട് ഭഗവാന്‍ ഹരി ഒളിച്ചിരുന്ന വജ്രത്തെ മൂടിയിട്ട് ഇന്ദ്രന്‍ അത് വൃത്രന് നേരെ പ്രയോഗിച്ചു. വജ്രമേറ്റ് വൃത്രന്‍ മരിച്ചു വീണു. ശക്രന്‍ സന്തോഷിച്ചു. ആരുടെ കനിവാലാണോ ഇന്ദ്രന് തന്‍റെ ശത്രുവിനെ വകവരുത്താന്‍ കഴിഞ്ഞത്, ആ പരാശക്തിയെ മഹര്‍ഷിമാര്‍ വാഴ്ത്തി. ഇന്ദ്രന്‍ യഥാവിഥി ദേവിയെ പൂജിച്ചു. ദേവോദ്യാനത്തില്‍ ഒരു ക്ഷേത്രം പണിത് മാണിക്ക്യക്കല്ലുകൊണ്ട് വിഗ്രഹം തീര്‍ത്ത് ഇന്ദ്രന്‍ ദേവീപൂജ നടത്തി. ദേവന്മാര്‍ക്കങ്ങിനെ ദേവി കുലദേവതയായി. വൃത്രന്റെ മരണം സാധിപ്പിച്ചതിനാല്‍ ശക്രന്‍ മഹാവിഷ്ണുവിനെയും പൂജിച്ചു. ദേവഭയം ഇല്ലാതാക്കാനാണല്ലോ ശ്രീഹരി ഇന്ദ്രനെ സഹായിച്ചത്. ആകാശവാസികള്‍ സന്തോഷിച്ചു.

പരാശക്തിയുടെ ശക്തിവിശേഷം ചേര്‍ന്ന കടല്‍പ്പതകൊണ്ട് മൂടി ദേവി വൃത്രനെ മോഹിപ്പിച്ചതിനാലാണ് ശക്രന് അവനെ വധിക്കാന്‍ കഴിഞ്ഞത്. വൃത്രനെ വധിച്ചത് ദേവിയാണെന്നും അല്ല, ശക്രനാണ് വൃത്രഹന്താവെന്നും ലോകര്‍ രണ്ടു വിധത്തില്‍ പറഞ്ഞു വരുന്നുണ്ട്.

Saturday, April 9, 2016

ദിവസം 132. ശ്രീമദ്‌ ദേവീഭാഗവതം. 6. 5. ദേവവരദാനം

ദിവസം 132. ശ്രീമദ്‌ ദേവീഭാഗവതം. 6. 5. ദേവവരദാനം

തഥാ ചിന്താതുരാന്‍ വീക്ഷ്യ സര്‍വാന്‍ സര്‍വ്വാര്‍ത്ഥ തത്ത്വ വിത്
പ്രാഹ പ്രേമ ഭാരോദ് ഭ്രാന്താന്‍ മാധവോ മേദിനീ പതേ
കിം മൌന മാശ്രിതാ യൂയം ബ്രുവന്തു കാരണം സുരാ:
സദസദ്വാ പി തച്ഛ്രുത്വാ യതിഷ്യേ തന്നിവാരണേ

ദേവന്മാര്‍ ചിന്താകുലരായി നില്‍ക്കുന്നത് കണ്ടു ശ്രീഹരി അവരോടു വീണ്ടും ആഗമനോദ്ദേശം എന്തെന്ന് പറയാന്‍ ആവശ്യപ്പെട്ടു. എന്തിനാണെങ്കിലും പരിഹാരം ഉണ്ടാക്കാം എന്നവര്‍ക്ക് പ്രത്യാശ നല്‍കി.

‘ഈ മൂന്നു ലോകത്തും അങ്ങേയ്ക്ക് അറിയാത്തതായി എന്തെങ്കിലും സംഭവിക്കുന്നുണ്ടോ? പിന്നെ എന്തിനാണീ ചോദ്യം? പണ്ട് വാമാനാവതാരമെടുത്ത് ബലിയില്‍ നിന്നും മൂന്നുലോകവും അളന്നെടുത്ത് ഇന്ദ്രന് നല്‍കിയത് അങ്ങാണ്. അതിനും മുന്‍പ് അമൃത് കൊണ്ടുവന്ന് അസുരന്മാരെ പറ്റിച്ചു ദേവഹിതം ചെയ്തതും അങ്ങ് തന്നെ. ഇപ്പോഴത്തെ ആപത്തിനും അങ്ങല്ലാതെ മറ്റാരുണ്ട് ഞങ്ങള്‍ക്ക് രക്ഷചെയ്യാന്‍?’ എന്നായി ദേവന്മാര്‍.

അപ്പോള്‍ വിഷ്ണു പറഞ്ഞു: ‘മനസ്സിലായി. നമുക്ക് വഴിയുണ്ടാക്കാം. അവനെ കൊല്ലാനുള്ള മാര്‍ഗ്ഗം നമുക്ക് കണ്ടെത്താം. നിങ്ങള്‍ക്ക് ഹിതം ചെയ്യാന്‍ ബുദ്ധിയോ ചതിയോ സൂത്രമോ എന്താണെന്ന് വച്ചാല്‍ അത് ഞാന്‍ പ്രയോഗിക്കും. സാമ,ദാന,ഭേദ,ദണ്ഡങ്ങളായ ഉപായങ്ങള്‍ ബന്ധുക്കളിലും ശത്രുക്കളിലും അവരവരുടെ തരം പോലെ സന്ദര്‍ഭാനുസരണം ഉപയോഗിക്കണം എന്നാണു ശാസ്ത്രമതം. ബ്രഹ്മാവ്‌ അവന്‍റെ തപസ്സില്‍ സംപ്രീതനായാണ് വരം നല്‍കിയത്. അതിന്‍റെ പ്രഭാവം അവനെ ദുര്‍ജ്ജയനാക്കിയിരിക്കുന്നു. ത്വഷ്ടാവ് അവനെ നിര്‍മ്മിച്ചിരിക്കുന്നത് അവന്‍റെ യുദ്ധപരാക്രമം രണത്തില്‍ ഉത്തരോത്തരം വര്‍ദ്ധിക്കുന്നതരത്തിലാണ്. ഇവനെ കീഴടക്കാനും വധിക്കാനും സാമം തന്നെ മാര്‍ഗ്ഗം. അതായത് സാമത്താല്‍ അവനെ വശത്താക്കിയിട്ട് ചതിയില്‍ക്കൂടി മാത്രമേ അവനെ ജയിക്കാനാവു. ഗന്ധര്‍വ്വന്മാര്‍ പോയി അവനെ വശീകരിക്കട്ടെ. വൃത്രനുമായി മിത്രത്വം ഭാവിച്ച് അവനു വിശ്വാസം വരുന്നതുപോലെ ഇടപെടുക. അങ്ങിനെ സമയമാകുമ്പോള്‍ ഇന്ദ്രന്‍റെ വജ്രായുധത്തില്‍ ഒളിച്ചിരുന്ന് ഞാന്‍ വേണ്ട സഹായം ചെയ്യാം. ഇതൊക്കെയാണെകിലും അവന്‍റെ ആയുസ്സ് തീരും വരെ നാം കാത്തിരിക്കണം.

ഋഷിമാരും ഗന്ധര്‍വ്വന്മാരും ചേര്‍ന്ന് വൃത്രനുമായി മൈത്രീബന്ധം സ്ഥാപിക്കുക. 'കാര്യസാദ്ധ്യത്തിനു കള്ളമാവാം.!' കാരണം അവനെ ശൌര്യം കൊണ്ട് കൊല്ലാനാവില്ല. ഇങ്ങിനെയൊരു കാര്യം ഞാന്‍ ബലിയുടെ കാര്യത്തില്‍ ചെയ്തിട്ടുണ്ട്. മോഹിനീ വേഷത്തില്‍ അസുരരെ മുഴുവന്‍ ഞാന്‍ കൊതിപ്പിച്ചു വഞ്ചിച്ചിട്ടുമുണ്ട്. നിങ്ങള്‍ ഏവരും ചേര്‍ന്ന് ജഗദംബികയായ യോഗമായയെ പ്രീതിപ്പെടുത്തുക. ഞാനും ആ അമ്മയെ വാഴ്ത്തി സ്തുതിക്കാം. ശത്രു സംഹാരവിജയത്തിനായി ഇന്ദ്രന്‍ ജഗന്മോഹിനിയായ ശിവയെ പൂജിക്കട്ടെ. ശത്രുവിനെ മോഹവലയത്തിലാക്കാന്‍ യോഗമായക്ക് നിഷ് പ്രയാസം കഴിയും. മായക്കടിമയായാല്‍പ്പിന്നെ അവനെ കൊല്ലുക എളുപ്പമാവും. മായാ ദേവിയുടെ ഒത്താശയില്ലാതെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. അംബികാപ്രസാദം മാത്രമാണ് കാര്യസാദ്ധ്യത്തിനുതകുക. 

പരയായ ആ ജഗന്മാതാവിനെ, പ്രകൃതിയെ സത്വഗുണഭാവത്തോടെ പൂജിക്കുക. സകലഭൂതങ്ങളുടെയും അന്തര്യാമി അവളാണ്. ഞാനും എന്തെങ്കിലും സാധിക്കണമെങ്കില്‍ ആ ദേവിയെയാണ് ആശ്രയിക്കുന്നത്. മധുകൈടഭന്മാരെ കൊല്ലാന്‍ എനിക്ക് അയ്യായിരം കൊല്ലം വേണ്ടിവന്നു. അന്ന് ഞാന്‍ മൂലപ്രകൃതിയെ പ്രീതയാക്കിയാണ് അവരെ മോഹവലയത്തിലാക്കിയത്. മദഗര്‍വ്വിതരായ അവരെ അങ്ങിനെയാണ് ചതിവില്‍ ഞാന്‍ നിഹനിച്ചത്. അതുകൊണ്ട് ആ പരാപ്രകൃതിയെ ഭജിക്കുക മാത്രമേ കരണീയമായുള്ളു.”

മഹാവിഷ്ണുവിന്‍റെ ആദേശപ്രകാരം ദേവന്മാര്‍ മന്ദാരവൃഷങ്ങള്‍ നിറഞ്ഞ മേരുപര്‍വ്വതത്തില്‍ച്ചെന്നു തപസ്സാരംഭിച്ചു. സര്‍വ്വാര്‍ത്ഥപ്രദായികയായ ദേവിയെ, ജഗന്മാതാവായ സൃഷ്ടിസ്ഥിതിസംഹാരകാരിണിയെ സ്തുതിച്ചു.

"ദേവീ ഭഗവതീ വൃത്രാസുരന്‍റെ പീഡനത്താല്‍ വലയുന്ന ദേവന്മാരായ ഞങ്ങളെ രക്ഷിക്കണേ. ദീനജനത്തിന്റെ ഏകാശ്രയമായ അമ്മ അഭയമരുളും എന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ഞങ്ങളെ അവിടുത്തെ മക്കളായി കണക്കാക്കിയാലും. അമ്മയ്ക്ക് അറിയാത്തതായി മൂന്നു ലോകത്തും ഒന്നുമില്ല. എന്നിട്ടും ഞങ്ങള്‍ വലയുന്നത് അമ്മ അറിയുന്നില്ലേ? ബ്രഹ്മാണ്ഡം നിന്റെ സൃഷ്ടിയാണ്. അതിലെ കാര്യകര്‍ത്താക്കളായ ത്രിമൂര്‍ത്തികളും നിന്‍റെ സൃഷ്ടികളാണ്. അതുകൊണ്ട് അവര്‍ സ്വതന്ത്രരായല്ല വര്‍ത്തിക്കുന്നതെന്ന് ഞങ്ങള്‍ അറിയുന്നു. അവര്‍ വിഹരിക്കുന്നത് നിന്‍റെ പുരികക്കൊടിയുടെ ചലനം അവരെ പ്രവര്‍ത്തനനിരതരാക്കുന്നത് കൊണ്ട് മാത്രമാണ്. തെറ്റ് ചെയ്ത പുത്രന്മാരെപ്പോലും ഒരമ്മ ഉപേക്ഷിക്കുന്നില്ല അപ്പോള്‍പ്പിന്നെ നിരപരാധികളായ ഞങ്ങളെ രക്ഷിക്കാന്‍ അമ്മയെന്താണമാന്തിക്കുന്നത്? അല്ല, ഇനി അമ്മയുടെ അനുഗ്രഹാശിസ്സുകള്‍ നേടിയിട്ടും ഞങ്ങള്‍ ഭക്തിഹീനരായി സുഖലോലുപതയില്‍ മുഴുകി കഴിയുന്നു എന്ന് കരുതി ഞങ്ങളെ ഇനി കാണുകയേ വേണ്ട എന്നാണോ അവിടുന്നു നിനയ്ക്കുന്നത്? ഇങ്ങിനെയൊരു പരിഭവം സൃഷ്ടാവിന്  സ്വന്തം സൃഷ്ടികളെക്കുറിച്ചുണ്ടാവുമോ?

അവിടുന്ന് പണ്ട് മഹിഷാസുരനെ വധിച്ചു ഞങ്ങളെ രക്ഷിച്ചു. അതുപോലെ ഈ വൃത്രനെയും കൊന്നു ഞങ്ങള്‍ക്ക് അഭയം നല്‍കിയാലും. ശുംഭനിശുംഭ സോദരന്മാരെ ഹനിച്ചതും അമ്മയാണല്ലോ. അതുപോലെ വരലാഭം കിട്ടിയതിനാല്‍ മദഗര്‍വ്വോടെ ഞങ്ങളെ പീഡിപ്പിക്കുന്ന ഈ ദുഷ്ടനെയും അമ്മ ഹനിക്കണം. ദൈത്യപീഡയാല്‍ വലയുന്ന ദേവന്മാരുടെ അഴല്‍ തീര്‍ക്കാന്‍ ശക്തിയുള്ള മറ്റാരെയും ഞങ്ങള്‍ക്കറിയില്ല. അമ്മയല്ലാതെ ഞങ്ങള്‍ക്ക് മറ്റാരും ആശ്രയമില്ല. 

അമ്മയെന്ന നിലയ്ക്ക് വൃത്രനോടും അവിടുന്നു ദയ കാണിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആയിക്കോളൂ. പക്ഷെ അവനിലെ പാപബുദ്ധി ഒന്ന് മാറ്റിയെടുക്കണം. അവനെ ശുദ്ധനാക്കൂ. അല്ലെങ്കില്‍ അവനു നരകം തന്നെ ഗതി. പോരില്‍ നിന്‍റെ അമ്പുകള്‍ ഏറ്റു മരണമടയുന്നവര്‍ നേരെ അമരാവതിയിലേയ്ക്ക് പോവുകയാണല്ലോ ചെയ്യുന്നത്? അങ്ങിനെ നിന്‍റെ ശത്രുക്കള്‍ക്ക് പോലും സദ്ഗതി ലഭിക്കുന്നു. എന്നാല്‍പ്പിന്നെ അമ്മെ, ഇവനും സദ്ഗതി കൊടുത്ത് ഞങ്ങളെ രക്ഷിച്ചുകൂടേ? ഈ മഹാപാപി അവിടുത്തെ ഭക്തനാവാന്‍ യാതൊരു സാദ്ധ്യതയുമില്ല. കാരണം അങ്ങിനെയുള്ള ഒരാള്‍ ദേവന്മാരെ ഇങ്ങിനെ ഉപദ്രവിച്ചു വലയ്ക്കുമോ?

അമ്മെ, അവിടുത്തെ ഞങ്ങള്‍ എങ്ങിനെയാണ് പൂജിക്കുക? പൂക്കള്‍ എടുത്ത് അര്‍ച്ചിക്കാമെന്ന് വച്ചാല്‍ ആ പൂക്കളും എല്ലാ അര്‍ച്ചന വസ്തുക്കളും അമ്മയുടേത് മാത്രമല്ലേ?  മന്ത്രങ്ങളും ഞങ്ങള്‍ അടക്കം എല്ലാ ജീവജാലങ്ങളും അവിടുത്തെ ശക്തിരൂപങ്ങള്‍ തന്നെയല്ലേ? അതുകൊണ്ട് അമ്മയുടെ കാല്‍ക്കല്‍ കുമ്പിട്ടു നമസ്കരിക്കുകയല്ലാതെ മറ്റൊന്നും ഉചിതമാവുകയില്ല. ഞങ്ങള്‍ മാത്രമല്ല രാഗാദി ദോഷങ്ങള്‍ തൊട്ടു തീണ്ടാത്ത മാമുനിമാര്‍ പോലും പണിയുന്നത് അവിടുത്തെ കാലടികളല്ലേ? സംസാരമാവുന്ന അലകടല്‍ കടക്കാനുള്ള ഒരേയൊരു തോണി അമ്മയുടെ തൃപ്പാദകമലങ്ങള്‍ മാത്രമാകുന്നു എന്ന് ആ മഹാന്മാര്‍ക്ക് നല്ലവണ്ണം അറിയാം. ഹോമകര്‍മ്മങ്ങള്‍ ചെയ്യുന്നവരും നിന്നെയാണ് ഭജിക്കുന്നത്. ആ കര്‍മ്മങ്ങളില്‍ ദേവന്മാര്‍ക്കുള്ള ‘സ്വാഹാ’യും പിതൃക്കള്‍ക്കുള്ള ‘സ്വധ’യും സ്മരിക്കപ്പെടുന്നുണ്ട്. വാസ്തവത്തില്‍ ഇവ രണ്ടും ദേവിയുടെ തന്നെ രണ്ടു ഭാവങ്ങളാണ്.

അവിടുന്നാണ് ബുദ്ധിശക്തിയും, കാന്തിയും ശാന്തിയും. മനുഷ്യരില്‍ തെളിയുന്ന ബോധത്തിനു നിദാനമാവുന്നതും ലോകാംബയായ അവിടുന്നു തന്നെയാണ്. മൂന്നുലോകത്തുമുള്ള സകലവിഭവങ്ങളും നിന്റെ കരവിരുത് തന്നെയാണ്. ആ വിഭവങ്ങള്‍ ഉള്ളതുകൊണ്ട് അമ്മേ, അവിടുത്തെ ഭക്തന്മാര്‍ സുഭിക്ഷമായി കഴിയുന്നു.”

ഇങ്ങിനെ വാഴ്ത്തി സ്തുതിക്കുന്ന ദേവന്മാര്‍ക്ക് മുന്നില്‍ സര്‍വ്വാഭരണ വിഭൂഷിതയായി മനോജ്ഞ ഭാവത്തില്‍ ഒരു കന്യകയായി ദേവി പ്രത്യക്ഷപ്പെട്ടു. നാല് തൃക്കൈകളില്‍ പാശം, അങ്കുശം, വരം, അഭയം എന്നിവയും അരക്കെട്ടില്‍ ചാര്‍ത്തിയ കണകണ ശബ്ദമുണ്ടാക്കുന്ന കിങ്ങിണിക്കൂട്ടവും ദേവിയുടെ ചാരുരൂപത്തെ അതിമോഹനമാക്കി.  കുയിലിന്‍റെതു പോലുള്ള മധുരനാദമാണ് ദേവിയുടേത്. കൈവളകളും കാല്‍ത്തളകളും ചിലുമ്പുന്ന നാദവും അതിമനോഹരം. അമ്പിളിക്കീറുകൊണ്ടുണ്ടാക്കിയ കിരീടത്തില്‍ വിശിഷ്ട രത്നങ്ങള്‍ തിളങ്ങുന്നു. പൂപ്പുഞ്ചിരി പൊഴിക്കുന്ന മുഖ കമലം. മൂന്നു കണ്ണുകള്‍, പാരിജാതപ്പൂവിന്‍റെ നീലനിര്‍മ്മല പ്രഭാപൂരം പൊഴിച്ച് ചുവന്ന പട്ടു ഞൊറിഞ്ഞുടുത്ത സുപ്രസന്നരൂപം. കരുണാസമുദ്രം.

സര്‍വ്വസൃഷ്ടികള്‍ക്കും നിദാനമായ പരയും ദ്വൈതപ്രപഞ്ച കാരണയുമായ അമ്മ സര്‍വ്വശൃംഗാരപ്രൌഢി നിറഞ്ഞ സര്‍വ്വജ്ഞയും സര്‍വ്വവേദാന്തങ്ങളുടെയും സത്തയുമാണ്. സച്ചിദാനന്ദം മോഹനരൂപം ധരിച്ചു മുന്നില്‍ നില്‍ക്കുന്നത് കണ്ട് ദേവന്മാര്‍ എല്ലാവരും താഴെവീണു നമസ്കരിച്ചു.

‘എന്താണ് നിങ്ങള്‍ക്ക് വേണ്ടത്’ എന്ന് ദേവി അവരോടു ചോദിച്ചു.

‘ദേവന്മാരെ പീഡിപ്പിക്കുന്ന വൃത്രനെ മോഹിപ്പിച്ചാലും. അവനു ദേവന്മാരില്‍ വിശ്വാസം ജനിപ്പിക്കണം. വജ്രായുധത്തിന് അസുരനിഗ്രഹശക്തിയും തന്നു ഞങ്ങളെ അനുഗ്രഹിക്കണം’ എന്ന് ദേവന്മാര്‍ ആവശ്യപ്പെട്ടു.  


‘അങ്ങിനെയാവട്ടെ’ എന്ന് ദേവി സംപ്രീതയായി അവരോടു പറഞ്ഞു.  

Thursday, April 7, 2016

ദിവസം 131. ശ്രീമദ്‌ ദേവീഭാഗവതം. 6. 4. ദേവപരാജയം

ദിവസം 131. ശ്രീമദ്‌ ദേവീഭാഗവതം. 6. 4. ദേവപരാജയം

നിര്‍ഗതാസ്തേ പരാവൃത്താസ്തപോ വിഘ്നകരാ; സുരാ:
നിരാശാ: കാര്യ സംസിദ്ധ്യൈ തം ദൃഷ്ട്വാ ദൃഢ ചേതസം
ജാതേ വര്‍ഷശതേ പൂര്‍ണ്ണേ ബ്രഹ്മാ ലോക പിതാമഹ:
തത്രാജഗാമ തരസാ ഹംസാരൂഢശ്ചതുര്‍മുഖ:

വ്യാസന്‍ തുടര്‍ന്നു:  വൃത്രന്റെ സുദൃഢമനസ്സോടെയുള്ള തപോനിഷ്ഠ കണ്ട ദേവന്മാര്‍ വിഷണ്ണരായി മടങ്ങി. അദ്ദേഹത്തിന്‍റെ തപസ്സു മുടക്കാന്‍ അവര്‍ക്ക് സാധിച്ചില്ലല്ലോ. നൂറുകൊല്ലം തപസ്സു ചെയ്തു കഴിഞ്ഞപ്പോള്‍ വൃത്രന്‍റെ മുന്നില്‍ ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെട്ടു. ‘ഇനി നിന്‍റെ ധ്യാനം മതിയാക്കാം. തപസ്സുകൊണ്ട് ക്ഷീണിച്ച നിന്‍റെ ദേഹം കണ്ടു ഞാന്‍ സംതൃപ്തനായിരിക്കുന്നു. നിനക്ക് എന്ത് വരമാണ് വേണ്ടത്?

സ്വപിതാവായ ബ്രഹ്മാവ്‌ തന്‍റെ മുന്നില്‍ വന്നു നിന്നപ്പോള്‍ അദ്ദേഹം ധ്യാനാസനത്തില്‍ നിന്നും എഴുന്നേറ്റു. പിതാവിനെ നമസ്കരിച്ച ശേഷം ഗദ്ഗദകണ്ഠനായി പറഞ്ഞു. ‘പ്രഭോ, അങ്ങയുടെ ദര്‍ശനം തന്നെ എനിക്കുള്ള വരലാഭം. എങ്കിലും ദുഷ്പ്രാപ്യമായ ഒരാഗ്രഹം എന്‍റെയുള്ളില്‍ നാമ്പിടുന്നത് അങ്ങേയ്ക്ക് അറിയാതെപോവില്ല. എന്‍റെ മൃത്യു ലോഹം കൊണ്ടോ, തടികൊണ്ടോ ഉണങ്ങിയതോ നനഞ്ഞതോ ആയ ഏതെങ്കിലും വസ്തുക്കള്‍ കൊണ്ടോ ആവാന്‍ പാടില്ല. വീരരായ ദേവന്മാരോടേറ്റുമുട്ടുമ്പോള്‍ അവരേക്കാള്‍ എന്‍റെ വീര്യം വര്‍ദ്ധിക്കണം.’

മകന്‍റെ വരാപേക്ഷ കേട്ട ചതുര്‍മുഖന്‍ ‘അങ്ങിനെയാകട്ടെ’ എന്നവനെ അനുഗ്രഹിച്ചു. ബ്രഹ്മാവ്‌ സത്യലോകത്തേയ്ക്കും വൃത്രന്‍ ത്വഷ്ടാവിന്‍റെ അടുക്കലേയ്ക്കും മടങ്ങിപ്പോയി. ബ്രഹ്മാവില്‍ നിന്നും വരം വാങ്ങി വന്ന വൃത്രനോട് ത്വഷ്ടാവ് പറഞ്ഞു: ‘നീ ശക്രനെ കൊന്നു വിജയശ്രീലാളിതനായി വരിക. അങ്ങിനെ നീ ദേവാധിനാഥനായാല്‍ എന്‍റെ പുത്രദുഃഖം ഇല്ലാതാകും. ജീവിച്ചിരിക്കുമ്പോള്‍ അച്ഛന്‍ പറയുന്നത് അനുസരിക്കുക, ക്ഷീണാവസ്ഥയില്‍ അച്ഛനെ സംരക്ഷിക്കുക, മരിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തിനായി ഗയാശ്രാദ്ധം ചെയ്യുക എന്നിവയാണ് ഒരു മകന്‍റെ കടമകള്‍. ഉത്തമപുത്രന്‍റെ ലക്ഷണങ്ങള്‍ ഈ മൂന്നുമാണ്. യാതൊരു തെറ്റും ചെയ്യാത്ത പരമസാത്വികനായ എന്‍റെ മകനെ ആ കശ്മലന്‍ കൊന്നുകളഞ്ഞില്ലേ?’

പിതാവിന്‍റെ വാക്കുകള്‍ കേട്ട് വൃത്രന്‍ അവിടെ നിന്നും പുറപ്പെട്ടു. യുദ്ധവ്യഗ്രനായി അവന്‍ രണഭേരി മുഴക്കി. പെരുമ്പറയൊച്ച മുഴങ്ങി. ‘ഞാനാ ശക്രനെ കൊന്നു ദേവലോകം കീഴടക്കും’ എന്ന് സേവകരോടു പറഞ്ഞുകൊണ്ടായിരുന്നു അവന്‍റെ യാത്ര. അവന്‍റെ വരവറിഞ്ഞ് അമരാവതി നഗരമാകെ ഞെട്ടിവിറച്ചു. 

വൃത്രന്‍റെ ആഗമനം അറിഞ്ഞ ദേവേന്ദ്രന്‍ തന്‍റെ സേനാനായകന്മാരുമായി കൂടിയാലോചിച്ചു. കഴുകന്മാരുടെ ഒരു വ്യൂഹം ചമച്ച് ഇന്ദ്രന്‍ യുദ്ധത്തിനു തയ്യാറായി നിന്നു. അപ്പോഴേയ്ക്ക് വൃത്രന്‍ എത്തിച്ചേര്‍ന്നു. ദേവന്മാരും ദാനവന്മാരും തമ്മില്‍ യുദ്ധം തുടങ്ങി. വൃത്രനും ശക്രനും തമ്മില്‍ നേര്‍ക്കുനേര്‍ പോരാരംഭിച്ചു. വാള്‍, കവണ, പാര, മഴു, പട്ടിശം തുടങ്ങിയ ആയുധങ്ങള്‍ പ്രയോഗിക്കപ്പെട്ടു. ദേവന്മാര്‍ ചിന്തിച്ചു നില്‍ക്കെ അസുരപ്പട നിന്നാര്‍ത്തുവിളിച്ചു. വൃത്രന്‍ ദേവേന്ദ്രനെ പിടികൂടി കവചങ്ങളും ആയുധങ്ങളും  വലിച്ചു ദൂരെയെറിഞ്ഞ്‌ അദ്ദേഹത്തെ തന്‍റെ വായിലിട്ടു വിഴുങ്ങി. ശക്രന്‍ അപ്രത്യക്ഷനായതറിഞ്ഞു സുരന്മാര്‍  എന്തുചെയ്യണം എന്നറിയാതെ ഉഴറി. അവര്‍ പെട്ടെന്ന് ഗുരുവായ ബൃഹസ്പതിയെ ചെന്ന് കണ്ടു സങ്കടം പറഞ്ഞു. ‘ശക്രന്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ക്കാരുണ്ട് ? എങ്ങിനെയെങ്കിലും അദ്ദേഹത്തെ രക്ഷിക്കണം.’

‘വാസവന്‍ വൃത്രന്‍റെ വയറ്റില്‍ എത്തിക്കഴിഞ്ഞല്ലോ? ഇനി ഞാനെന്തു ചെയ്യും?’ എന്നായി ഗുരു. പെട്ടെന്ന് ദേവന്മാര്‍ ഇന്ദ്രനെ വായില്‍ നിന്നും പുറത്തിറക്കാന്‍ ഉപായം തേടി. അതിനായി ജൃംഭ എന്നൊരു സത്വത്തെ അവര്‍ ഉണ്ടാക്കി. ആ മഹാസത്വം വൃത്രനെ പീഡിപ്പിക്കെ അവന്‍ തന്‍റെ വായ്‌ തുറന്ന് വലിയൊരു കോട്ടുവായിട്ടു. ഇന്ദ്രന്‍ അപ്പോള്‍ സൂത്രത്തില്‍ വൃത്രന്‍റെ വായിലൂടെ പുറത്തു ചാടി. അന്നുമുതലാണ് ജീവികളില്‍ ‘കോട്ടുവായ’ പതിവായത്. 

യുദ്ധം വീണ്ടും തുടര്‍ന്നു. ഒരു പതിനായിരം കൊല്ലം ഈ രണം നീണ്ടു നിന്നു. വൃത്രന്റെ വീര്യം പോര് മുറുകുന്നതിനനുസരിച്ചു കൂടിക്കൊണ്ടിരുന്നു. അതാണല്ലോ അവനു കിട്ടിയ വരബലം. വിണ്ണവര്‍ ആ യുദ്ധവീര്യത്തിനു മുന്നില്‍ പകച്ചുപോയി. ദേവന്മാര്‍ പടയില്‍ തോറ്റ് ഇന്ദ്രനുമൊത്ത് ഓടിപ്പോയി. വൃത്രന്‍ നാകലോകത്തെ കീഴടക്കി. ഐരാവതം അവന്‍റെ കയ്യിലായി. ദേവന്മാരുടെ നന്ദനോദ്യാനങ്ങള്‍ അവന്‍റെ കേളീവിഹാരങ്ങളായി. ദേവന്മാരുടെ വിമാനങ്ങളും ഉച്ചൈശ്രവസ് എന്ന കുതിരയും ഇപ്പോള്‍ വൃത്രന്‍റെ നിയന്ത്രണത്തിലാണ്. അപ്സരസ്സുകളും കാമധേനുവും എന്നുവേണ്ട സകല സമ്പത്തും നഷ്ടപ്പെട്ട ദേവന്മാര്‍ ഇപ്പോള്‍ കാട്ടിലും മലയിലും ഒളിച്ചു പാര്‍ക്കുകയാണ്. മകന്‍റെ ജയത്തില്‍ ത്വഷ്ടാവും ആഹ്ലാദിച്ചു. വൃത്രനുമൊത്ത്  അദ്ദേഹവും നാകലോകത്ത് സുഖിച്ചു കഴിഞ്ഞു.

ഇനിയെന്തുചെയ്യും എന്നാലോചിക്കാന്‍ ദേവന്മാരും മുനിവൃന്ദവും കൈലാസത്തില്‍ മഹേശ്വരനെ ചെന്ന് കണ്ടു. ‘ദേവ ദേവ, വൃത്രനോടു തോറ്റ് വലയുന്ന ഞങ്ങളെ രക്ഷിക്കണേ. ആ ശഠന്‍ നാകലോകം കീഴടക്കി വാഴുന്നു. മറ്റൊരാശ്രയമില്ലാത്ത ഞങ്ങള്‍ എന്തുചെയ്യണം? എങ്ങോട്ടാണ് പോകേണ്ടത്? ആ വരബലമത്തനായ വൃത്രനെ കൊന്നു ഞങ്ങളുടെ സങ്കടം തീര്‍ത്താലും മഹേശ്വരാ’ എന്നവര്‍ അഭ്യര്‍ഥിച്ചു. ‘നമുക്ക് ബ്രഹ്മാവിനെയും കൂട്ടി മഹാവിഷ്ണുവുമായി ആലോചിച്ചു വേണ്ടത് ചെയ്യാം’ എന്ന് പരമശിവന്‍ ഉറപ്പുനല്‍കി. ‘ജനാര്‍ദ്ദനന്‍, വാസുദേവന്‍, മഹാശക്തന്‍, കരുണാകരന്‍, ഇങ്ങിനെയൊക്കെ അറിയപ്പെടുന്ന വിഷ്ണുവിന് സാധിക്കാത്തതായി ഒന്നുമില്ല.’


ദേവന്മാര്‍ മഹേശ്വരനെയും ബ്രഹ്മദേവനെയും കൂട്ടി വൈകുണ്ഠത്തിലെത്തി. പുരുഷസൂക്തം ജപിച്ചു ഭഗവാനെ അവര്‍ വാഴ്ത്തി സ്തുതിച്ചു. ‘എന്താണ് നിങ്ങളുടെ ആഗമനോദ്ദേശം? എന്ന് കമലാപതി അന്വേഷിച്ചു. അപ്പോഴും ദേവന്മാര്‍ ഒന്നും മിണ്ടാതെ ചിന്താവിവശരായി കൂപ്പുകൈകളോടെ അവിടെത്തന്നെ നിര്‍നിമേഷരായി നിന്നതേയുള്ളു. 

Monday, April 4, 2016

ദിവസം 130. ശ്രീമദ്‌ ദേവീഭാഗവതം. 6. 3. വൃത്ര തപസ്സ്

ദിവസം 130. ശ്രീമദ്‌ ദേവീഭാഗവതം. 6. 3. വൃത്ര തപസ്സ്

കൃത സ്വസ്ത്യയനോ വൃത്രോ ബ്രാഹ്മണൈര്‍ വേദ പാരഗൈ:
നിര്‍ജഗാമ രഥാരൂഢോ ഹന്തും ശക്രം മഹാബല:
തദൈവ രാക്ഷസാ: ക്രൂരാ: പുരാ ദേവ പരാജിതാ:
സമാജഗ്മുശ്ച സേവാര്‍ത്ഥം വൃത്രം ജ്ഞാത്വാ മഹാബലം

വേദപാരംഗതരായ ബ്രാഹ്മണരുടെ അനുഗ്രഹത്തോടെ വൃത്രന്‍ ശക്രനെ വധിക്കക്കാനായി തേരില്‍ക്കയറി സ്വര്‍ഗ്ഗദേശത്തെയ്ക്ക് പുറപ്പെട്ടു. പണ്ട് ദേവന്മാരോടു തോറ്റ് ഒതുങ്ങി നിന്ന രാക്ഷസന്മാര്‍ വൃത്രന് തുണയായി എത്തി. ഇന്ദ്രന്‍റെ ചാരന്മാര്‍ വൃത്രന്റെ യുദ്ധസന്നാഹവൃത്താന്തം അദ്ദേഹത്തെ അറിയിച്ചു. 

‘രാക്ഷസപ്പടയുമൊത്ത് യുദ്ധോല്‍സുകനായി തേരില്‍ക്കയറി വൃത്രന്‍ വരുന്നുണ്ട്. ബ്രഹ്മദേവന്‍ ആഭിചാരം കൊണ്ട് അവനെ സൃഷ്ടിച്ചത് സ്വപുത്രനെ കൊന്നവനോടു പകരാന്‍ വീട്ടാനാണ്. മലപോലെ വലിയൊരുത്തനാണ് വൃത്രന്‍. അവന്‍റെ ഹുങ്കാരം ഇതാ ഇങ്ങടുത്തെത്തിപ്പോയി. അവന്‍റെ കൂടെ രാക്ഷസപ്പടയും ഉണ്ട്.’

ഇങ്ങിനെ ദൂതവാക്കുകള്‍ കേട്ടിരുന്ന ഇന്ദ്രന്‍റെയടുത്ത് ഭയചകിതരായ ദേവന്മാര്‍ ഓടിയെത്തി സങ്കടം പറഞ്ഞു: ‘പ്രഭോ, എങ്ങും ദുര്‍നിമിത്തങ്ങളാണ്. കിളികള്‍ വല്ലാതെ ചിലയ്ക്കുന്നു. പരുന്തും കാക്കയും കഴുകനും വികൃതമായ നാദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ആകാശത്ത് തലങ്ങും വിലങ്ങും പറക്കുന്നു. ‘ചീ’, ‘കൂ’, ‘ചീ’, എന്നിങ്ങിനെ പക്ഷിക്കൂട്ടങ്ങള്‍ കരയുന്നു. ആനകളുടെയും കുതിരകളുടെയും കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നു. വീടുകളുടെ മച്ചിന്‍പുറങ്ങളില്‍ നിന്നും അസുരനാരിമാരുടെ അലമുറകള്‍ കേള്‍ക്കുന്നു. കാറ്റടിക്കാതെതന്നെ കൊടിക്കൂറകള്‍ നിലത്ത് വീഴുന്നു. ഭൂമിയിലും ആകാശത്തും ദുശ്ശകുനങ്ങള്‍ കാണുന്നു. കരിമംഗല്യം ബാധിച്ച പെണ്ണുങ്ങള്‍ ‘പോ’, ‘പോ’, എന്നാട്ടിക്കൊണ്ട് വീടുതോറും നടക്കുന്നു. രാക്ഷസപ്പെണ്ണുങ്ങള്‍ വീട്ടില്‍ക്കിടന്നുറങ്ങുന്ന സ്ത്രീകളുടെ മുടി പിടിച്ചു വലിക്കുന്നു. ഭൂമികുലുക്കവും കൊള്ളിമീന്‍ മിന്നലും കുറുക്കന്മാരുടെ ഓരിയിടലും ഓന്തുകള്‍ ഒാടിനടക്കുന്നതും ദേഹാവയവങ്ങള്‍ തുടിക്കുന്നതും എല്ലാം ദുര്‍ലക്ഷണം തന്നെയാണ്, നിശ്ചയം.’

ദേവന്മാരുടെ വേവലാതികള്‍ കേട്ട് ചിന്താകുലനായ ഇന്ദ്രന്‍ ഗുരുവിനോട് അഭിപ്രായം ചോദിച്ചു. ‘ഭഗവന്‍, എന്താണീ ദുര്‍നിമിത്തങ്ങള്‍ക്ക് കാരണം? കാറ്റ് വല്ലാതെ വീശുന്നു. ആകാശത്തു നിന്നും തലമുടി പറന്നു വീഴുന്നു. സര്‍വജ്ഞനായ അങ്ങ് ഞങ്ങള്‍ക്ക് ആചാര്യനാണ്. അതി ബുദ്ധിമാനുമാണ്. ശത്രുനാശത്തിനുള്ള ഉപാധികള്‍ പറഞ്ഞു തന്നാലും.’

‘ഞാനെന്തു ചെയ്യാനാണ് ഇന്ദ്രാ, നീ അതിക്രമം ചെയ്തുപോയില്ലേ? ആ നിരപരാധിയായ ത്രിശിരസ്സിനെ വെറുതെ കൊന്നുകളഞ്ഞില്ലേ? അത്യുഗ്രമായ പാപ പുണ്യങ്ങള്‍ക്ക് അപ്പപ്പോള്‍ത്തന്നെ ഫലമുണ്ടാവും. അതിനാല്‍ ഈ യുദ്ധം വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം. അന്യനെ ഹിംസിക്കുക, അന്യനു ദൂഷ്യം വരുന്ന കര്‍മ്മം അനുഷ്ടിക്കുക എന്നതൊന്നും നല്ലതിനല്ല. പരദ്രോഹിക്ക് സുഖമുണ്ടാവുന്നതെങ്ങിനെ? ലോഭവും മോഹവും നിന്നെ പൊതിഞ്ഞിട്ടാകണം നീ ബ്രഹ്മഹത്യ ചെയ്തത്. അതിന്റെ ഫലമിപ്പോള്‍ ഇതാ വന്നണഞ്ഞു. ഈ വൃത്രന്‍ അവധ്യനാണ്. അവന്‍റെ കയ്യില്‍ വജ്രായുധത്തിനു തുല്യമായ ആയുധങ്ങള്‍ അനേകമുണ്ട്. എല്ലാം അവന്റെ പിതാവ് നല്‍കിയതാണ്. തേരില്‍ക്കയറി അവധ്യനായ അവന്‍ എന്തിനും തയ്യാറായി വരികയാണ്.’

ഗുരുവിങ്ങിനെ പറഞ്ഞു കൊണ്ടിരിക്കേ, ഗന്ധര്‍വ്വന്മാരും യക്ഷന്മാരും മുനിമാരുമൊക്കെ സ്വന്തം ഗൃഹങ്ങള്‍ ഉപേക്ഷിച്ച്‌ ബഹളം വെച്ച് ഓടിവന്നു. ഇതുകണ്ട ശക്രന്‍ സൈന്യങ്ങളെ അണിനിരത്താന്‍ ആവശ്യപ്പെട്ടു. വസുക്കള്‍, ആദിത്യന്മാര്‍, രുദ്രര്‍, വായു, പാശി, ഭഗന്‍, കുബേരന്‍, എല്ലാവരേയും കൂട്ടി ആയുധങ്ങളുമായി വിമാനങ്ങളില്‍ കയറി പോരിനു തയ്യാറായി. ‘അവനോടു പോരിനിറങ്ങാന്‍ പറയൂ’ എന്നാഹ്വാനം ചെയ്ത് ഇന്ദ്രന്‍ ആനപ്പുറത്തു കയറി. ദേവന്മാര്‍ അവരവരുടെ വാഹനങ്ങളുമായി മാനസോത്തരം എന്ന പര്‍വ്വതത്തില്‍ ഇടം പിടിച്ചു. മരങ്ങള്‍ നിറഞ്ഞ ആ മലമുകളില്‍ ദേവന്മാരും അസുരന്മാരും യുദ്ധോല്‍സുകരായി അണിനിരന്നു.

ഗുരുവിന്‍റെ നേതൃത്വത്തില്‍ ഇന്ദ്രനും അവിടെയെത്തിയ വൃത്രനും തമ്മില്‍ ഘോരമായ യുദ്ധം നടന്നു. ഗദ, വാള്‍, മുസലം, വേല്‍, അമ്പ്‌, പാശം എന്നിവയെല്ലാം പരസ്പരം പ്രയോഗിച്ചു യുദ്ധം കൊടുമ്പിരിക്കൊണ്ടു. മനുഷ്യരുടെ ഒരു നൂറുവര്‍ഷം ഈ യുദ്ധം നീണ്ടു നിന്നു. വരുണനും, വായുവും, അഗ്നിയും ഒടുവില്‍ ശക്രനും യുദ്ധക്കളത്തില്‍ നിന്നും തോറ്റോടി. വൃത്രന്‍ സന്തോഷത്തോടെ വിശ്വകര്‍മ്മാവിനെ ചെന്ന് കണ്ടു. ‘പിതാവേ, അങ്ങയുടെ ആജ്ഞപ്രകാരം ഞാനിതാ ഇന്ദ്രനെ തോല്‍പ്പിച്ചിരിക്കുന്നു. സിംഹത്തെക്കണ്ട ആനകളെപ്പോലെ ഇന്ദ്രനും കൂട്ടരും തോറ്റമ്പിയിരിക്കുന്നു. ഇന്ദ്രന്‍റെ ഐരാവതത്തെയും യുദ്ധത്തില്‍ തോറ്റവരെയും പിടിച്ചു കെട്ടിയവരെയും മറ്റും കൊല്ലുന്നത് ശരിയല്ലല്ലോ. ഇനി എന്താണ് ചെയ്യേണ്ടത്?’

പുത്രന്‍റെ വാക്കുകള്‍ കേട്ട ത്വഷ്ടാവ് സന്തോഷത്തോടെ പറഞ്ഞു: ‘എന്‍റെ ജീവിതത്തിനു സാഫല്യമായി. എന്‍റെ മനസ്സിലെ വിഷമങ്ങള്‍ തീര്‍ക്കാന്‍ നിന്നെപ്പോലൊരു പുത്രനെ എനിക്ക് കിട്ടിയല്ലോ! നിന്‍റെ പ്രഭാവം കണ്ട് അമ്പരന്നു നില്‍ക്കുകയാണ് ഞാന്‍. ഇനി നിനക്ക് നന്മയുണ്ടാകുന്ന കാര്യം പറഞ്ഞു തരാം. സമാധാനമായി കുറച്ചുകാലം സ്ഥിരാസനസ്ഥനായി സ്വസ്ഥമായ ഒരിടത്തിരുന്ന് നീ തപസ്സു ചെയ്താലും. ദേവേന്ദ്രന്‍ നിന്റെ ശത്രുവാണ്. വിശ്വസിക്കാന്‍ കൊള്ളാത്തവനാണ്. തപസ്സുകൊണ്ട് നിനക്ക് സമ്പത്തും രാജ്യവും ശക്തിയും ലഭിക്കും. ബ്രഹ്മാവിനെ തപസ്സുചെയ്ത് പ്രീതിപ്പെടുത്തി നീ ഇഷ്ടവരം വാങ്ങുക. വിശ്വയോനിയെന്നു പ്രശസ്തനായ ബ്രഹ്മാവ്‌ നിനക്കായി ‘അവധ്യത്വം’ വരമായി നല്‍കും. അപ്പോള്‍ നിനക്ക് ഇന്ദ്രനെ കൊല്ലാം. അയാള്‍ എന്‍റെ മകനെ കൊന്നതിനു പകരമായി അവനെ ഇല്ലാതാക്കി എന്‍റെ ദുഖത്തെ നീ ശമിപ്പിക്കണം.

അച്ഛന്‍ പറഞ്ഞതനുസരിച്ച് വൃത്രന്‍ തപസ്സിനായി പുറപ്പെട്ടു. ഗന്ധമാദനപര്‍വ്വതത്തിലെ  ദേവഗംഗയില്‍ കുളിച്ച് ദര്‍ഭ വിരിച്ച് അദ്ദേഹം സ്ഥിരാസനത്തില്‍ തപസ്സു തുടങ്ങി. നിരാഹാരനായി വിശ്വയോനിയെ മാത്രം ധ്യാനിച്ച്‌ വൃത്രന്‍ തപസ്സു ചെയ്യുന്ന വാര്‍ത്ത ഇന്ദ്രന്‍റെ ചെവിയിലുമെത്തി. നാഗഗന്ധര്‍വ്വയക്ഷന്മാരെയും അപ്സരസ്സുകളേയും വിദ്യാധരന്മാരെയും വൃത്ര തപോവിഘ്നം വരുത്താന്‍ ഇന്ദ്രന്‍ നിയോഗിച്ചു. എന്നാല്‍ ഇവര്‍ക്കൊന്നും വൃത്രതപസ്സിനെ ഇളക്കാന്‍ ആയില്ല. അവരുടെ മായാപ്രയോഗങ്ങള്‍ വൃത്രനില്‍ ഏശിയില്ല.

Saturday, April 2, 2016

ദിവസം 129. ശ്രീമദ്‌ ദേവീഭാഗവതം. 6. 2 വൃത്രോല്‍പ്പത്തി

ദിവസം 129. ശ്രീമദ്‌ ദേവീഭാഗവതം. 6. 2  വൃത്രോല്‍പ്പത്തി
അഥ സ ലോഭ മുപേത്യ സുരാധിപ:
സമധി ഗമ്യ ഗജാസനസംസ്ഥിത:
ത്രിശിരസം പ്രതി ദുഷ്ടമതിസ്തദാ
മുനിമപശ്യദമേയപരാക്രമം

ലോഭം നിറഞ്ഞ മനസ്സോടെ ദേവേന്ദ്രന്‍ ത്രിശിരസ് തപസ്സു ചെയ്യുന്നിടത്ത് ചെന്ന് അദ്ദേഹത്തെ കണ്ടു. സ്ഥിരസമാധിയില്‍ മുഴുകി യാതൊരു ചലനവും ഇല്ലാതെ അകമേ അതീവ ശാന്തനായിരിക്കുന്ന മുനിയുടെ തേജസ് ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന ആദിത്യന് സമമായിരുന്നു. അഗ്നിയെന്നപോലെ പ്രോജ്വലശോഭയോടെ അദ്ദേഹം നിലകൊണ്ടു. 

‘ഇയാളെ ഞാനെങ്ങിനെ നശിപ്പിക്കും! ആളാണെങ്കില്‍ ഉത്തമനായ താപസന്‍. ജനസമ്മതന്‍. എങ്കിലും ശത്രുവിനെ ഇങ്ങിനെ ബാലമാര്‍ജ്ജിക്കാന്‍ വിട്ടാല്‍ അതും നമുക്ക് നല്ലതിനല്ല.’ എന്ന്‍ ഇന്ദ്രന്‍ വേവലാതിപ്പെട്ടു. ഇങ്ങിനെ ആലോചിച്ചുകൊണ്ട്‌ ഇന്ദ്രന്‍ തന്റെ കയ്യിലുള്ള പരമായുധമായ വജ്രത്തെ മുനിക്ക് നേരെ പ്രയോഗിച്ചു. മലയിടിഞ്ഞത് പോലെയുള്ള ശബ്ദഘോഷത്തോടെ മുനി ക്ഷണത്തില്‍ മരിച്ചു വീണു.

ദേവേന്ദ്രന് സന്തോഷമായി എങ്കിലും മുനിവരന്മാര്‍ പ്രതിഷേധിച്ചു. ‘ഈ വാസവനെന്തു പറ്റി? ഇത്തരം ദുഷ്ടവൃത്തികള്‍ ചെയ്യാന്‍?! യാതൊരു തെറ്റുമില്ലാത്ത ഈ താപസനെ കൊന്നതിന്‍റെ പാപഫലം ഇന്ദ്രന്‍ അനുഭവിച്ചേ തീരൂ.’ 

മുനിയുടെ ദേഹം ജീവന്‍ പോയിട്ടും തിളക്കമാര്‍ന്നു കാണപ്പെട്ടു. ഇന്ദ്രന്‍ ദേവലോകത്തേയ്ക്ക് തിരിച്ചു പോയി. ജീവനറ്റ ദേഹത്തിന്‍റെ തിളക്കം ഇന്ദ്രന്‍റെ ഉറക്കം കെടുത്തി. ‘അതിനി എഴുന്നേറ്റ് വന്നാലോ’ എന്നദ്ദേഹം ഭയപ്പെട്ടു. അദ്ദേഹം ഒരു തച്ചന്‍റെ അടുക്കല്‍ ചെന്ന് ഇങ്ങിനെ ആവശ്യപ്പെട്ടു. ‘നീ ചെന്ന്‍ ആ മുനിയുടെ തലകള്‍ മൂന്നും അറുത്തെടുക്കണം. ഇനിയൊരിക്കലും അത് ജീവിക്കരുത്’. 

എന്നാല്‍ തച്ചന്‍ ദേവേന്ദ്രന്റെ വാക്കുകള്‍ വില വച്ചില്ല. ‘എന്‍റെ മഴുവിന് ആ കഴുത്ത് മുറിക്കാനാവില്ല. അത്രയ്ക്ക് വലുപ്പമുണ്ടതിന്.’ എന്നൊരു ന്യായം പറഞ്ഞ് അവന്‍ പിന്മാറി. 

അവന്‍ വീണ്ടും പറഞ്ഞു: ‘സജ്ജനങ്ങള്‍ക്ക് പറ്റുന്ന പണിയാണോ അങ്ങ് ചെയ്തത്? എന്നിട്ടിപ്പോള്‍ എന്നെക്കൂടി പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു!. ചത്തവന്‍റെ ദേഹത്തെ വീണ്ടും ഉപദ്രവിക്കുന്നതും പാപം തന്നെയാണ്. ദേവേന്ദ്രാ മുനി മരിച്ചു കഴിഞ്ഞല്ലോ, ഇനിയെന്തിനാണീ നികൃഷ്ടകൃത്യം ചെയ്യുന്നത്? എന്തിനാണ് അങ്ങിത്ര പേടിക്കുന്നത്?’

‘ആ ദേഹത്ത് ഇനിയും ചൈതന്യമുള്ളത് പോലെ എനിക്ക് തോന്നുന്നു. എന്‍റെ ശത്രുവായ അവന്‍ ജീവിക്കരുത്.’

‘അങ്ങേയ്ക്ക് ഇതില്‍ ലജ്ജയില്ലേ? ബ്രഹ്മഹത്യാ പാപം ഉണ്ടാവുമെന്ന ഭയവുമില്ലേ?’

‘അതിനെന്താ പ്രായശ്ചിത്തം ചെയ്‌താല്‍ മതിയല്ലോ!. ശത്രുവിനെ കൊല്ലാന്‍ ചതിയൊക്കെ ആവാം എന്നുണ്ട്’

‘അങ്ങീ പാപം ചെയ്യുന്നത് ലോഭിതനായാണ്. എന്നാല്‍ എന്നില്‍ ലോഭമില്ലല്ലോ പിന്നെന്തിനു ഞാന്‍ പാപം ചെയ്യണം? എനിക്കെന്താണ് അങ്ങയെ സഹായിച്ചാല്‍ നേട്ടമുണ്ടാവുക?’

‘ഞാന്‍ നിനക്ക് യജ്ഞഭാഗം നല്‍കാം. ഇനിമുതല്‍ യജ്ഞത്തില്‍ ഹോമിക്കുന്ന പശുവിന്‍റെ തല നിനക്ക് തരാം. അതാണ്‌ നിനക്കുള്ള പ്രതിഫലം. ഇനി എന്‍റെ അഭീഷ്ടം നിറവേറ്റാമല്ലോ?’

ആ തച്ചന്‍ പോയി മുനിയുടെ തലകള്‍ അറുത്തു മുറിച്ചു. പെട്ടെന്ന് ചൈതന്യവത്തായിരുന്ന ആ മൂന്നു തലകളില്‍ നിന്നും ആയിരക്കണക്കിന് കിളിക്കൂട്ടങ്ങള്‍ ആകാശത്തേയ്ക്ക് പറന്നുപോയി. കപിഞ്ജലപ്പക്ഷികള്‍, തിത്തിരിപ്പക്ഷികള്‍, കുരുവികള്‍ എന്നീ മൂന്നുതരം പക്ഷികളാണ് ആ തലകളില്‍ നിന്നും പറന്നകന്നത്. വേദം ചൊല്ലുകയും സോമം കുടിക്കുകയും ചെയ്യുന്ന മുഖത്തു നിന്നുമാണ് കപിഞ്ജലപ്പക്ഷികള്‍ പറന്നു പൊങ്ങിയത്. സര്‍വ്വദിക്കുകളെയും പാനം ചെയ്യുന്നതുപോലെ നിരീക്ഷിച്ചുകൊണ്ടിരുന്ന മുഖത്തുനിന്നും തിത്തിരിപ്പക്ഷികള്‍ പൊങ്ങിപ്പറന്നുപോയി. സുരാപാനം ചെയ്യുന്ന മുഖത്തുനിന്നും കുരുവിക്കൂട്ടങ്ങള്‍ പറന്നകന്നു.

ഇക്കാഴ്ച കണ്ടു ദേവേന്ദ്രന്‍ സംതൃപ്തനായി മടങ്ങി. തച്ചനും ദേവയജ്ഞത്തിന്‍റെ ഒരു ഭാഗം തനിക്കും കിട്ടുമല്ലോ എന്ന് സന്തോഷിച്ചു. അപ്പോഴും താന്‍ ചെയ്ത ബ്രഹ്മഹത്യാപാപത്തെപ്പറ്റി വാസവന്‍ ചിന്തിച്ചത് പോലുമില്ല.

എന്നാല്‍ തന്‍റെ മഹാതാപസനായ പുത്രനെ ഇന്ദ്രന്‍ വധിച്ചതറിഞ്ഞ ബ്രഹ്മാവ്‌ കോപിഷ്ഠനായി. ‘തെറ്റൊന്നും ചെയ്യാത്ത എന്‍റെ മകനെ കൊന്ന പാപിയെ വധിക്കാന്‍ ഞാന്‍ മറ്റൊരുത്തനെ സൃഷ്ടിക്കാന്‍ പോകുന്നു. എന്‍റെ ബലം ഈ ദേവന്മാര്‍ കാണാന്‍ പോകുന്നതേയുള്ളു. ഇന്ദ്രന് സ്വപാപത്തിന്റെ ഫലം അനുഭവിക്കാനിടയാവട്ടെ.’ 

പ്രജാപതി പുത്രസൃഷ്ടിക്കായി ഹോമം തുടങ്ങി. എട്ടുനാള്‍ ഹോമം കഴിഞ്ഞപ്പോള്‍ അഗ്നിയില്‍ നിന്നും തേജസ്സുറ്റ ഒരാള്‍ പൊങ്ങിവന്നു. അഗ്നികുണ്ഡത്തില്‍ നിന്നും പൊങ്ങിവന്ന പുത്രനെ ത്വഷ്ടാവ് ആശീര്‍വദിച്ചു: ‘ഇന്ദ്രശത്രോ, എന്റെ തപോബലത്താല്‍ നീ പെട്ടെന്ന് വളരുക’. 

അച്ഛന്‍റെ വാക്കുകളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പുത്രന്‍ അഗ്നിസ്ഫുലിംഗങ്ങള്‍ പോലെ വളര്‍ന്നു പൊങ്ങി. മലപോലെ വളര്‍ന്നു മാനം മുട്ടിയ മകന്‍ അച്ഛനോട് ചോദിച്ചു: ‘ഞാന്‍ എന്താണ് ചെയ്യേണ്ടത്?’ എന്‍റെ നാമമെന്താണ്? വ്രതനിഷ്ഠനായ അങ്ങേയ്ക്ക് വേണ്ടി എന്തു ചെയ്യുകയാണ് എന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യം? അങ്ങ് എന്തുകൊണ്ടാണ് ചിന്താധീനനായി കാണപ്പെടുന്നത്? ഞാന്‍ അങ്ങേയ്ക്കായി കടല്‍ കുടിച്ചു വറ്റിക്കണോ? ഞാന്‍ തയാര്‍. പര്‍വ്വതങ്ങളെ തവിടു പോടിയാക്കണോ? എന്നോടു പറഞ്ഞാല്‍ മാത്രം മതി. അല്ല, ഉദിച്ചുപൊങ്ങുന്ന സൂര്യനെ തടയണോ, അതിനും എനിക്കാവും. ഇന്ദ്രന്‍, യമന്‍, എന്നുവേണ്ട, എല്ലാ ദേവന്മാരെയും ഞാന്‍ അങ്ങേയ്ക്ക് പടവെട്ടി വേണ്ടി തോല്‍പ്പിക്കാം. ഈ ഭൂമിയെ കുത്തിപ്പൊടിച്ചു കടലില്‍ എറിയാനും അങ്ങ് പറഞ്ഞാല്‍ മാത്രം മതി.’

പുത്രന്‍ എന്തിനും സന്നദ്ധനായി നില്‍ക്കുന്നത് കണ്ടു വിധാതാവ് സന്തുഷ്ടനായി. ‘എന്നെ ദുഖത്തില്‍ നിന്നും മോചിപ്പിക്കുന്നവന്‍ (വൃജിനത്തില്‍ നിന്നും ത്രാണനം ചെയ്യുന്നവന്‍) ആകയാല്‍ നിനക്ക് ഞാന്‍ വൃത്രന്‍ എന്ന് പേരിടുന്നു. നിനക്ക് ജ്യേഷ്ഠനായി ത്രിശിരസ് എന്നൊരു മഹാ താപസന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ അസൂയമൂത്ത ഇന്ദ്രന്‍ വധിച്ചു. പോരാഞ്ഞു അവന്റെ ദേഹത്ത് നിന്നും തലകള്‍ മൂന്നും അറുത്ത് മാറ്റുകയും ചെയ്തു. ബ്രഹ്മഹത്യാ പാപം ചെയ്ത ഇന്ദ്രന്‍ ഖലനാണ്. അവനെ നീ എനിക്കുവേണ്ടി വധിക്കണം.’

ഇത്രയും പറഞ്ഞു മകന് നല്‍കാന്‍ ബ്രഹ്മാവ്‌ അനവധി ആയുധങ്ങള്‍  നിര്‍മ്മിച്ചു. വാള്‍, ശൂലം, ഗദ, വേല്‍, പാര, ഉലക്ക, വില്ല്, ആയിരം മുനയുള്ള സഹസ്രാര ചക്രം, എന്ന് വേണ്ട അറിയപ്പെടുന്ന എല്ലാ നല്ല ആയുധങ്ങളും ബ്രഹ്മാവ്‌ മകനു നല്‍കി. അമ്പൊടുങ്ങാത്ത ആവനാഴികള്‍ രണ്ടെണ്ണം, തിളക്കമേറിയ കവചങ്ങള്‍, ഭാരം പെറാന്‍ കരുത്തും വേഗതയുമുള്ള ഒരു രഥം, എന്നിവയെല്ലാമൊരുക്കിക്കൊടുത്ത് ക്രുദ്ധനായ ആ പിതാവ് പുത്രനെ യുദ്ധത്തിനൊരുക്കി.