Devi

Devi

Tuesday, August 22, 2017

ദിവസം 269. ശ്രീമദ്‌ ദേവീഭാഗവതം. 9- 47. മംഗള ചണ്ഡീകഥ

ദിവസം 269.  ശ്രീമദ്‌ ദേവീഭാഗവതം. 9- 47. മംഗള ചണ്ഡീകഥ

കഥിതം ഷഷ്ഠ്യൂപാഖ്യാനം ബ്രഹ്മപുത്ര യഥാഗമം
ദേവീ മംഗളചണ്ഡീ ച തദാഖ്യാനം നിശാമയ
തസ്യാ: പൂജാദികം സർവ്വം ധർമ്മവക്ത്രേണ യച്ഛ്രുതം
ശ്രുതിസമ്മതമേവേഷ്ടം സർവ്വേഷാം വിദുഷാമപി

ശ്രീ നാരായണൻ പറഞ്ഞു: ആഗമ ശാസ്ത്രങ്ങളിൽ വിവരിച്ചപ്രകാരം ഷഷ്ഠീ പൂജ ചെയ്യേണ്ടത് എങ്ങിനെയെന്ന് ഞാൻ പറഞ്ഞല്ലോ. മംഗള ചണ്ഡികയുടെ ചരിതം ധർമ്മൻ പറഞ്ഞതുപോലെ ഞാൻ ഇനി വിവരിക്കാം. വേദ സമ്മിതമായ മംഗളചണ്ഡീ പൂജയും സ്തോത്രവും വിദ്വാൻമാർക്ക് പ്രിയംകരമത്രേ.

കല്യാണദായനിയും മംഗളപ്രദായകയും ആയതിനാൽ ആ ദേവിക്ക് മംഗളചണ്ഡി എന്ന പേരുണ്ടായി. മാത്രമല്ല ഭൂമീപുത്രനായ മംഗളന്റെ അഭീഷ്ടദേവതയുമാണ് ദേവി. അതുപോലെ മനുവംശത്തിലെ സപ്തദ്വീപേശനായ മറ്റൊരു മംഗളന്റെയും ഇഷ്ടദേവതയാണ് മംഗളചണ്ഡിക .

മൂർത്തിഭേദംകൊണ്ട് ദുർഗ്ഗയാണ് ഈ ദേവി. നാരികൾക്ക് ഇഷ്ടദേവതയുമാണ് മംഗളചണ്ഡിക. മാത്രമല്ല സാക്ഷാൽ മഹേശ്വരൻ പോലും പൂജിക്കുന്നവളാണ് ഈ ദേവി. ത്രിപുരൻ എന്ന അസുരനുമായി ശ്രീശങ്കരൻ ഘോരമായൊരു യുദ്ധം നടത്തി. അസുരൻ തന്റെ രഥത്തെ ആകാശത്തുനിന്നും താഴെ വീഴ്ത്തിയതിൽ ഖിന്നനായ മഹാദേവനെ ബ്രഹ്മാവും വിഷ്ണുവും ഉപദേശിച്ചതനുസരിച്ചാണ് ശിവൻ ആദ്യമായി ദേവിയെ പൂജിച്ചത്. അപ്പോൾ ദുർഗ്ഗാരൂപത്തിൽ ദേവി പ്രത്യക്ഷയായിട്ടു ശിവനെ സമാധാനിപ്പിച്ചു. "പ്രഭോ ഭയം വേണ്ട. മഹാവിഷ്ണു ഒരു കാളയായി അങ്ങയുടെ വാഹനമാകും. ശുദ്ധ ശക്തിസ്വരൂപമായി ഞാനും അങ്ങയെ സഹായിക്കാം. അങ്ങിനെ ശ്രീഹരിയുടെ സഹായത്താൽ ദൈത്യനെ വധിച്ചാലും." ഇത്രയും പറഞ്ഞ് ദേവി  ശംഭുവിന്റെ ശക്തിയായി നിലകൊണ്ടു. വിഷ്ണു നൽകിയ ആയുധം കൊണ്ട് ശിവൻ ത്രിപുരനെ കൊന്ന് ത്രിപുരാന്തകൻ എന്ന പേരിനുടമയായി. സൂരൻമാരും മാമുനി വൃന്ദവും ആഹ്ളാദിച്ചു. ആകാശത്തുനിന്നും പുഷ്പവൃഷ്ടിയുണ്ടായി.

ബ്രഹ്മാവും വിഷ്ണുവും ശംഭുവിനെ ആശീർവദിച്ചു. ശിവൻ സ്നാനശേഷം മംഗളചണ്ഡികാ പൂജ നടത്തി. പാദ്യാർഘ്യാദികൾ, വസ്ത്രങ്ങൾ, പുഷ്പങ്ങൾ, ചന്ദനങ്ങൾ, നൈവേദ്യങ്ങൾ, ധൂപങ്ങൾ, എന്നിവ സമർപ്പിച്ചതുകൂടാതെ ആട്, ചെമ്മരിയാട്, മാൻ, പോത്ത്, പക്ഷികൾ, എന്നിവയെ ബലിയർപ്പിച്ചു. വസ്ത്രാലങ്കാരങ്ങൾ, മാലകൾ, പായസങ്ങൾ, തേൻ, പാൽ, പഴവർഗ്ഗങ്ങൾ, സംഗീതനൃത്തവാദ്യഘോഷങ്ങൾ, നാമസങ്കീർത്തനങ്ങൾ, എന്നിവയാൽ മാദ്ധ്യംദിന പ്രകാരമുള്ള പൂജകളാണ് ശംഭു ചെയ്തത്.

"ഓം ഹ്രീം ക്ലീം സർവ്വസമ്പൂജ്യേ, ദേവീ മംഗള ചണ്ഡികേ, ഹും ഹും ഫട് സ്വാഹ" എന്ന ഇരുപത്തിയൊന്ന് അക്ഷരമുള്ള മന്ത്രം ഭക്തൻമാരുടെ അഭീഷ്ടങ്ങളെ സാധിപ്പിക്കുന്നത്ര ദിവ്യശക്തിയുള്ളതാണ്. ദശലക്ഷം തവണ ഈ മന്ത്രം ജപിച്ചാൽ സാധകന് മന്ത്രസിദ്ധിയുണ്ടാകും.

ഇനി വേദോക്തമായ ധ്യാനം  എങ്ങിനെയെന്ന് പറഞ്ഞു തരാം . "എന്നും പതിനാറു വയസ്സുള്ള നിത്യയൗവനയുക്തയും ബിംബോഷ്ഠവും ഉത്തമമായ ദന്തനിരകളുള്ളവളും ശരത്കാല പങ്കജത്തിന്റെ മുഖശോഭയുള്ളവളും വെളുത്ത ചെമ്പകപ്പൂ നിറമോലുന്ന ദേഹകാന്തിയുള്ളവളും നീലത്താമരക്കണ്ണുകൾക്കുടമയും ജഗത്തിന് മാതാവും സർവ്വസമ്പദ്പ്രദായിനിയും സാധകന് ഘോര സംസാരസാഗരത്തെതരണം ചെയ്യാനുതകുന്ന കൈവിളക്കുമായ ദേവിയെ ഞാൻ സ്തുതിക്കുന്നു, സദാ ഭജിക്കുന്നു."

മഹാദേവൻ പറഞ്ഞു: "ലോകമാതാവേ കാത്തു കൊള്ളുക, ദേവീ മംഗളചണ്ഡികേ. ആപത്തുകൾ നീക്കുന്ന ഹർഷമംഗളദായിനീ, എന്നെ രക്ഷിച്ചാലും.

മംഗളചണ്ഡികയായ നീ ശുഭയും മംഗള ദക്ഷയും മംഗളയും മംഗളാർഹയും സർവ്വമംഗള മംഗളയുമാകുന്നു. മംഗളദാനമാണ് ദേവിയുടെ സ്വഭാവം. സകലരുടെയും മംഗള നിദാനം നീയാകുന്നു.

മംഗളത്തിന്റെ അധിഷ്ഠാതൃദേവതയായ നിന്നെ മംഗളവാരത്തിലാണ് പൂജിക്കേണ്ടത്. മംഗളമയിയായ നിന്നെ പൂജിച്ചാണ് ലോകത്ത് മംഗളമുണ്ടാവുന്നത്. സംസാര മംഗളാ ധാരേ, സർവ്വകർമ്മാധി ദേവതേ , സർവ്വമംഗളേ, ബഹുസുഖപ്രദേ, നമസ്ക്കാരം."

ആദ്യം പരമശിവൻ ഈ സ്തുതികൾ കൊണ്ട് ദേവിയെ പൂജിച്ചു. മംഗളവാരം തോറും ശംഭു ഇത് തുടരുന്നു. പിന്നീട് പൂജിച്ചത് ചൊവ്വാഗ്രഹരൂപിയായ മംഗളനായിരുന്നു. പിന്നെ മംഗളൻ എന്ന രാജാവ് മംഗള ചണ്ഡികയെ പൂജിച്ചു. നാലാമതായി സുന്ദരിമാരും അഞ്ചാമതായി മംഗള കാംക്ഷികളായ മറ്റുള്ളവരും ചണ്ഡികയെ പൂജിച്ചു. അങ്ങിനെ വിശ്വേശ്വനാൽ പൂജിതയായ ദേവിയെ എല്ലായിടത്തും പൂജിക്കാൻ ആരംഭിച്ചു. മാമുനിമാരും ദേവൻമാരും സാധാരണ മനുഷ്യരും മനുക്കളും പരമേശ്വരിയായ മാതാവിനെ പൂജിക്കുന്നു. മംഗളപ്രദമായ ഈ സ്തോത്രം കേൾക്കുന്നതു പോലും മംഗളപ്രദമാണ്. ഈ സ്തുതി കേൾക്കുന്നിടത്ത് അമംഗളം ഉണ്ടാവുകയില്ല. അവിടെ പുത്രപൗത്രാദി ഐശ്വര്യങ്ങൾ ദിനം തോറും വർദ്ധിക്കും.

ശ്രീ നാരായണൻ തുടർന്നു: ഷഷ്ഠി ദേവി, മംഗളചണ്ഡിക എന്നീ രണ്ടു ദേവിമാരുടെ ചരിതങ്ങളും സ്തുതിക്രമവും ഞാൻ പറഞ്ഞുവല്ലോ. ഇനി മാനസാ ദേവിയുടെ ചരിതവും സ്തുതിയും പറയാം. ധർമ്മനിൽ നിന്നു തന്നെയാണ് ഞാൻ ഇതും പഠിച്ചത്.

മഹർഷി കശ്യപന്റെ മാനസപുത്രിയായ ദേവിക്ക് മനസാ എന്ന പേര് അനുയോജ്യം തന്നെ. സാധകന് മനസാ അറിയാൻ കഴിയുന്ന ദേവി എന്ന നിലയ്ക്കും ആ നാമം യുക്തമാണ്. മനസാദേവി സദാ സമയം ശ്രീകൃഷ്ണഭഗവാനെ ധ്യാനിച്ചുകൊണ്ടിരുന്നു. സിദ്ധയോഗിനിയും ആത്മാരാമയും ആയിരുന്നു മനസാ ദേവി. അവൾ ആ യുഗക്കാലം ഭഗവാനെ തപസ്സു ചെയ്ത് സ്വശരീരത്തെ ജീർണ്ണിപ്പിച്ച് അവശമാക്കി. അതിനാൽ ശ്രീകൃഷ്ണഭഗവാൻ അവൾക്ക് ജരത്കാരു എന്ന പേരു   നൽകി.  ഭഗവാൻ ദേവിയുടെ ആഗ്രഹങ്ങൾ എല്ലാം നിവർത്തിച്ചു കൊടുത്തു. മാത്രമല്ല, മനസാ ദേവീപൂജ സ്വയം ചെയ്യുകയും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തു.

സുന്ദരിയും ശുഭാംഗിയും ഗൗരവർണ്ണിനിയും ആയ ദേവി ജഗത് മുഴുവൻ നിറഞ്ഞു നിൽക്കുന്നതിനാൽ ജഗദ്ഗൗരിയെന്നു പ്രസിദ്ധയായി. ശിവന്റെ ശിഷ്യയായതിനാൽ അവൾ ശൈവിയായി. വിഷ്ണുഭക്തയായതിനാൽ അവൾ വൈഷ്ണവിയായി. ജനമേജയൻ നടത്തിയ നാഗസത്രത്തിൽ വച്ച് നാഗങ്ങളുടെ രക്ഷ ചെയ്തതിനാൽ ദേവി നാഗേശ്വരി എന്നും പ്രസിദ്ധയായി. വിഷം നശിപ്പിക്കാനുള്ള കഴിവുള്ളതിനാൽ അവൾ വിഷഹാരിണി എന്നും അറിയപ്പെടുന്നു. ശിവൻ സിദ്ധയോഗം പഠിപ്പിച്ച് അവളെ സിദ്ധയോഗിനിയാക്കി. കടാതെ മൃതസഞ്ജീവനീ വിദ്യ, ജ്ഞാനയോഗം, എന്നിവ പഠിക്കയാൽ അവൾ മഹാജ്ഞാനവതി എന്നും പ്രഖ്യാതയായി. ദേവിക്ക് ആസ്തീകന്റെ അമ്മയെന്ന പേരും പ്രസിദ്ധമാണ്. വിശ്വവന്ദ്യനായ ജരത് കാരുമുനിയുടെ പത്നിയെന്ന നിലയിലും ദേവി സുപ്രസിദ്ധയാണ്.

ജരത്കാരു, ജഗദ് ഗൗരി, ജരത്കാരുമുനിപ്രിയ, നാഗ സോദരി, നാഗേശി, മനസാ, സിദ്ധയോഗിനി, ശൈവി, വൈഷ്ണവി, ആസ്തീക മാതാ, വിഷഹാരിണീ, മഹാജ്ഞാന എന്നീ പന്ത്രണ്ടു പേരുകളിൽ ദേവി അറിയപ്പെടുന്നു. ഈ നാമങ്ങൾ പൂജാസമയത്ത് ചൊല്ലുന്ന സാധകന് സർപ്പഭീതിയുണ്ടാവുകയില്ല. അവന്റെ വംശം പോലും ആ ഭീതിയിൽ നിന്നും രക്ഷനേടും. നിത്യമീ സ്തോത്രം ജപിക്കുന്നവനെ സർപ്പങ്ങൾ തീണ്ടുകയില്ല.  പത്തുലക്ഷം തവണ ഈ സ്തോത്രം ജപിച്ച് സാധകന് മന്ത്രസിദ്ധി വരുത്താവുന്നതാണ്. സ്തോത്ര സിദ്ധി ലഭിച്ചവന് വിഷം ഭുജിക്കാൻ പോലുമുള്ള കഴിവുണ്ടാവും. നാഗങ്ങളെ അവന് വാഹനവും ആഭരണവുമാക്കാം. നാഗാസനനും നാഗതൽപനും, മഹാ സിദ്ധനുമായി മാറുന്ന സാധകന് അന്ത്യകാലത്ത് മഹാവിഷ്ണുവുമൊത്ത് രമിക്കാനും സാധിക്കും.

Sunday, August 13, 2017

ദിവസം 268. ശ്രീമദ്‌ ദേവീഭാഗവതം. 9- 46. ഷഷ്ഠ്യൂപാഖ്യാനം

ദിവസം 268.  ശ്രീമദ്‌ ദേവീഭാഗവതം. 9- 46. ഷഷ്ഠ്യൂപാഖ്യാനം

അനേകാനാം ച ദേവീനാം ശ്രുതമാഖ്യാനമുത്തമം
അന്യാസാം ചരിതം ബ്രഹ്മൻ വദവേദവിദാം വര
സർവ്വാസാം ചരിതം വിപ്ര വേദേഷു ച പൃഥക് പൃഥക്
പൂർവോക്താനാം ച ദേവീനാം കാസാം ശ്രോതുമിഹേച്ഛസി

നാരദൻ പറഞ്ഞു: ഭഗവൻ, അങ്ങ് അനേകം ദേവിമാരെപ്പറ്റി വിവരിച്ചു പറഞ്ഞു തന്നു. വേദവിത്തമനായ അങ്ങ് ഇനിയും മറ്റുള്ള ദേവിമാരെക്കുറിച്ച് കൂടി എനിക്ക് പറഞ്ഞു തന്നാലും. മൂലപ്രകൃതിയുടെ കലാംശങ്ങളായ ഷഷ്ഠി, മംഗളചണ്ഡിക, മനസാദേവി എന്നിവരെപ്പെറ്റിയും  വിശദമായി അറിയാൻ എനിക്കാഗ്രഹമുണ്ട്.

ശ്രീനാരായണൻ പറഞ്ഞു: വേദങ്ങളിൽ ദേവിമാരുടെ ചരിതങ്ങൾ വെവ്വേറെ പ്രതിപാദിച്ചിരിക്കുന്നു. മൂലപ്രകൃതിയുടെ ആറിൽ ഒരംശം കലയായി വന്ന ദേവിയാണ് ഷഷ്ഠി. വിഷ്ണുമായ എന്നറിയപ്പെടുന്ന ഷഷ്ഠീദേവി സന്താന സൗഭാഗ്യത്തെ നൽകുന്നവളാണ്. ബാലൻമാരുടെ അധിഷ്ഠാന ദേവതയാണവൾ. ദേവസേനയെന്ന പേരിൽ പ്രശസ്തയായ ദേവി സ്കന്ദന്റെ പത്നിയാണ്. മാതാക്കളിൽ ഏറ്റവും പ്രശസ്തയായ ഷഷ്ഠീ ദേവിയാണ് ബാലൻമാർക്ക് ആയുസ്സ് നൽകുന്നത്. സ്വന്തം അമ്മയെപ്പോലെ കുഞ്ഞുങ്ങൾക്ക് രക്ഷ നൽകുന്ന ദേവി അവരുടെ സമീപത്ത് സദാ വർത്തിക്കുന്നു. ഞാൻ ധർമ്മന്റെയടുക്കൽനിന്ന് ഷഷ്ഠീദേവിയെ എങ്ങിനെയണ് പൂജിക്കണ്ടത് എന്നു പഠിക്കുകയുണ്ടായി. സുഖസന്താനവർദ്ധകമായ ആ പൂജാവിധികൾ ഇപ്രകാരമാണ്.

സ്വായംഭുവമനുവിന്റെ പുത്രൻ പ്രിയവ്രതൻ സദാ തപസ്സിൽ മുഴുകി അവിവാഹിതനായി കഴിഞ്ഞിരുന്നു. എന്നാൽ ബ്രഹ്മാവിന്റെ അനുജ്ഞയനുസരിച്ച് അദ്ദേഹത്തിന് മാലിനിയെന്ന രാജകുമാരിയെ വേൾക്കേണ്ടി വന്നു. കശ്യപൻ പുത്രകാമേഷ്ടിയാഗം ചെയ്ത് നൽകിയ പ്രസാദത്തിന്റെ അനുഗ്രഹത്താൽ ആ രാജ്ഞി ഗർഭിണിയായി.അവൾ ആ ദിവ്യഗർഭത്തെ പന്ത്രണ്ട് വർഷം ചുമന്നു. എന്നാൽ അവൾ പ്രസവിച്ചത് രൂപത്തിൽ എല്ലാം തികഞ്ഞതെങ്കിലും ഒരു ചാപിള്ളയെ ആയിരുന്നു. അന്തപ്പുരത്തിലെ സ്ത്രീകൾ നിലവിളിച്ചു. രാജ്ഞി ബോധംകെട്ടു വീണുപോയി. മകനെ കൈകളിലെടുത്ത് രാജാവ് ശ്മശാനത്തിലെത്തി.  മകനെ കെട്ടിപ്പിടിച്ചു കരഞ്ഞ രാജാവ് തന്റെ ദേഹവും പുത്രന്റെ ജഡത്തിനൊപ്പം ഉപേക്ഷിക്കാം എന്നു തീരുമാനിച്ചു. ദു:ഖത്തിലാണ്ട രാജാവിന് ആ സമയത്ത് താൻ പഠിച്ചുറപ്പിച്ച ജ്ഞാനയോഗം സ്മൃതിയിൽ വന്നില്ല.

അപ്പോളവിടെ സഫടിക നിർമ്മിതവും രത്നഖചിതവുമായ ഒരു വിമാനം വന്നിറങ്ങി. പട്ടും പൂവും അങ്കരിച്ച ആ ആകാശരഥത്തിൽ അതിനോഹരിയായ ഒരു ദേവി ഇരിപ്പുണ്ടായിരുന്നു. ഭക്താനുഗ്രഹവ്യഗ്രയായി പ്രത്യക്ഷപ്പെട്ട ദേവിയെക്കണ്ട് പ്രിയവ്രതൻ പുത്രന്റെ ദേഹം താഴെ വച്ചു. അദ്ദേഹം ദേവിയെ വാഴ്ത്തി പൂജിച്ചു. പ്രശാന്തയും എന്നാൽ ഗ്രീഷ്മകാല സൂര്യന്റെ കാന്തിയുമുള്ള ആ സ്കന്ദപത്നിയെക്കണ്ട് രാജാവ് ചോദിച്ചു. "ദേവീ, അവിടുന്ന് ആരാണ്? ആരുടെ പുത്രിയാണ്? സ്ത്രീകളിൽ വച്ച് ധന്യയും മാന്യയുമായ അവിടുന്ന് ഏതു കുലത്തെയാണ് ജന്മം കൊണ്ട് അനുഗ്രഹിച്ചത്? ആരുടെ പത്നി പദമാണ് നീയലങ്കരിക്കുന്നത്?"

ജഗദ് മംഗളചണ്ഡികയും ദേവൻമാർക്കു വേണ്ടി യുദ്ധം നടത്തുന്നവളുമായ ദേവി സ്വയം ദേവസേനയായിത്തീർന്ന് സുരൻമാരെ അസുരൻമാരുമായുള്ള യുദ്ധത്തിൽ സഹായിച്ചവളാണ്. അങ്ങിനെയുള്ള ദേവി രാജാവിനോട് പറഞ്ഞു: "ഞാൻ ബ്രഹ്മാവിന്റെ മാനസപുത്രിയായ ദേവസേനയാണ്. എന്നെ ബ്രഹ്മാവ് സ്കന്ദന് വിവാഹം കഴിച്ചു നൽകി. ഷഷ്ഠിയെന്ന് പ്രസിദ്ധയായ ഞാൻ മൂലപ്രകൃതിയുടെ കലാംശമാണ്. ഞാൻ പുത്രനില്ലാത്തവർക്ക് പുത്രനേയും ഭാര്യയില്ലാത്തവർക്ക് പത്നിയേയും നൽകുന്നു. ദരിദ്രർക്ക് ധനവും കർമ്മികൾക്ക് കർമ്മഫലും നൽകുന്നത് ഞാനാണ്.

കർമ്മമാണ് സന്താനസമ്പന്നതയ്ക്കും ഐശ്വര്യത്തിനും ആപത്തിനുമെല്ലാം കാരണമാകുന്നത്. സുഖദുഖാദികളും ഹർഷവും മംഗളവും ഭയവും ശോകവുമെല്ലാം കർമ്മത്തിന്റെ ഫലമായുണ്ടാവുന്നു. ഒരുവൻ രൂപവാനാകുന്നതും രോഗിയാകുന്നതും കർമ്മഫലങ്ങൾ കൊണ്ടാണ്. വ്യാധിക്കും ആരോഗ്യത്തിനും കാരണം കർമ്മം തന്നെ. ബഹുപുത്രത്വം, ബഹുഭാര്യത്വം, വംശഹീനത്വം, മൃതപുത്രത, വിഭാര്യത്വം, അംഗഹീനത, എന്നിവയ്ക്കെല്ലാം കർമ്മമാണ് ഹേതു. അതുകൊണ്ട് കർമ്മം തന്നെയാണ് ഏറ്റവും മഹത്തരമായത് എന്ന് വേദങ്ങൾ ഉദ്ഘോഷിക്കുന്നു.

ഇത്രയും പറഞ്ഞ് ദേവി രാജാവിന്റെ മൃതപുത്രനെ കയ്യിലെടുത്തു. ദേവിയാ കുഞ്ഞിന് പുതുജീവൻ നൽകി. കുഞ്ഞിന്റെ പുഞ്ചിരി കണ്ടു മയങ്ങി നിന്ന രാജാവിനോട് ചോദിച്ചിട്ട് ദേവസേന അവനെയും കൂട്ടിക്കൊണ്ട് സ്വർഗ്ഗത്തിലേക്ക് തിരിക്കാൻ തയ്യാറായി. വിറയാർന്ന ചുണ്ടുകളോടെ രാജാവ് ദേവിയെ വാഴ്ത്തി സ്തുതിച്ചു. ദേവി സന്തുഷ്ടയായി വേദവിഹിതമായ കർമ്മത്തെപ്പറ്റി രാജാവിന് പറഞ്ഞു കൊടുത്തു.

ദേവി പറഞ്ഞു: "അങ്ങ് സ്വായംഭുവമനുവിന്റെ പുത്രനും മൂലോകങ്ങളിലും പുകഴ് പെറ്റ രാജാവുമാണല്ലോ. നീ എനിക്കായി പൂജകൾ ചെയ്യുക. മാത്രമല്ലാ ആ പൂജകൾ മറ്റുള്ളവരെക്കൊണ്ടു് ചെയ്യിക്കുകയും വേണം. അങ്ങിനെ ചെയ്യുമെങ്കിൽ ഈ ഓമൽക്കുമാരനെ ഞാനങ്ങേയ്ക്ക് തിരികെത്തരാം. ഇവൻ അങ്ങയുടെ വംശത്തിനു തന്നെ അലങ്കാരമായിരിക്കും. ഇവർ നാരായണാംശജനാണ്. ഇവന് മുജ്ജന്മ സ്മരണയുണ്ടാവും. മാത്രമല്ല ഇവൻ പണ്ഡിതോത്തമനും യോഗിവര്യനും സുവ്രതന്നെ പേരിൽ വിഖ്യാതി നേടിയ ഗുണവാനുമായിത്തീരും. ആ യോഗങ്ങൾ ചെയ്യുന്ന ശ്രേഷ്ഠന്നെന്ന് പേരു നേടി ഇവൻ വിദ്വത് പ്രിയനും സകലലോകങ്ങളിലും കീർത്തി നേടിയവനും ആയിത്തീരും. ഇവൻ സർവ്വസമ്പത് പ്രദാതാവായി യോഗികൾക്കും താപസർക്കും സിദ്ധിരൂപനായി വിരാജിക്കുന്നതാണ്." ഇത്രയും പറഞ്ഞനുഗ്രഹിച്ച് ദേവി മകനെ രാജാവിന്റെ കൈയ്യിൽ തിരികെ നൽകി. പ്രിയവ്രതൻ ദേവീപൂജകൾ യഥാവിധി ചെയ്യാമെന്ന് സമ്മതിച്ച് കൊട്ടാരത്തിലേക്ക് മടങ്ങി.ദേവി വാനിൽ അപ്രത്യക്ഷയായി.

രാജാവ് അതീവസന്തുഷ്ടനായി കൊട്ടാരത്തിലെത്തി പുത്രനെ തിരികെ കിട്ടിയ വൃത്താന്തങ്ങൾ മറ്റുള്ളവരെ അറിയിച്ചു. സ്ത്രീപുരുഷഭേദമന്യേ പ്രജകൾ എല്ലാവരും ദേവീപൂജകൾ ചെയ്യാൻ തുടങ്ങി. രാജാവ് വിധിപോലെ മാസം തോറും ശുക്ളഷഷ്ഠി ദിനത്തിൽ ദേവിയെ പൂജിച്ച് ഷഷ്ഠീ മഹോത്സവം കൊണ്ടാടി. ബ്രാഹ്മണർക്ക് ദാനം നല്കി . രാജാവ് നാട്ടിലെങ്ങും ഷഷ്ഠീ പൂജ നടത്തിച്ചു. സൂതികാ ഗൃഹങ്ങളിൽ ആറാം ദിനത്തിലും ഇരുപത്തിയൊന്നാം ദിനത്തിലും ഷഷ്ഠീപൂജ നിർബ്ബന്ധമാക്കി.

ഇനിയാ പൂജാക്രമങ്ങൾ എങ്ങിനെയെന്നു നോക്കാം. കണ്വശാഖോക്തമായ പൂജാവിധികൾ ഞാൻ മനസ്സിലാക്കിയത് ധർമ്മനിൽ നിന്നാണ്. സാളഗ്രാമം, കുടം, വടമൂലം എന്നിവയിൽ ഏതെങ്കിലുമൊന്നിൽ ദേവീരൂപം ആവാഹിച്ച് അല്ലെങ്കിൽ ചുമരിൽ ഒരു ദേവീരൂപം വരച്ചു വച്ച് പൂജകൾ ചെയ്യാം. അങ്ങിനെ മൂല പ്രകൃതിയുടെ ഷഷ്ഠാംശയായ ദേവിയെ പ്രതിഷ്ഠിക്കുക.  "സത്പുത്രദായിനിയായ ദേവീ, ലോകമാതാവേ, ദയാത്മികേ, ചെമ്പകപ്പൂവിന്റെ നിറമുള്ളവളേ, രത്നാഭരണവിഭൂഷിതേ, പവിത്ര രൂപയായ ദേവസേനയെ ഞാനിതാ പൂജിക്കുന്നു" എന്നുറപ്പിച്ച് സാധകൻ സ്വശിരസ്സിൽ പൂ ചൂടുക. വീണ്ടും ദേവിയെ ധ്യാനിച്ച് പാദ്യം, അർഘ്യം, ആചമനീയം, ഗന്ധം, പുഷ്പം, ദീപം എന്നിവയോടെ അഷ് ടാക്ഷരമന്ത്രം ജപിക്കുക. "ഓം ഹ്രീം ഷഷ്ഠിദേവ്യൈ സ്വാഹാ" എന്നതാണാ മന്ത്രം.

അഷ്ടാക്ഷരമന്ത്രം യഥാശക്തി ജപിച്ച് ദേവിയെ നമിക്കുക. സാമവേദോക്തമായ ഈ സ്തോത്രം പുത്രലാഭഫലം നൽകാൻ കെൽപ്പുള്ളതാണ്. ഇത് ലക്ഷം തവണ ജപിക്കുന്നവന് സത്പുത്രലാഭം നിശ്ചയം. സർവ്വ മംഗളദായകവും സർവ്വാഭീഷ്ടപ്രദവുമാണീമന്ത്രം.

ഇനി വേദഗൂഢമായ സ്തോത്രം കേൾപ്പിക്കാം. "നമോ ദേവീ മഹാദേവീ, സിദ്ധി ശാന്തി സ്വരൂപിണീ, ദേവസേനാ ദേവീ, ഷഷ്ഠി ദേവീ, നമസ്കാരം. നമസ്ക്കാരം"

"ഹേ വരദേ, പുത്രദായിനീ, നമസ്ക്കാരം നമസ്ക്കാരം. സുഖദേ മോക്ഷപ്രദേ നമസ്ക്കാരം
മായേ സിദ്ധയോഗിനീ സാരേ, സാരപ്രദേ, പരാദേവീ നിനക്കു നമസ്ക്കാരം"

"ബാലൻമാരുടെ അധിഷ്ഠാതൃ ദേവതയായ ദേവിക്ക് നമസ്ക്കാരം. കല്യാണീ, കർമ്മഫലപ്രദേ സ്ക്കന്ദപ്രിയേ, ഷഷ്ഠീദേവീ,  നമസ്ക്കാരം."

"ഭക്തർക്ക് സദാ പ്രത്യക്ഷയായ ദേവീ സംപൂജ്യേ, ഷൺമുഖ വല്ലഭേ, നമസ്ക്കാരം.
ദേവരക്ഷകയും ശുദ്ധസത്വസ്വരൂപയുമായ സർവ്വ വന്ദിതയായ ദേവീ, നമസ്കാരം
ഹിംസാ ക്രോധവർജിതേ, ഷഷ്ഠീ ദേവീ, സുരേശ്വരീ, ധനഭാര്യാപുത്ര സൗഭാഗ്യങ്ങൾ തന്ന് അനുഗ്രഹിച്ചാലും."

"ദേവീ, മാനവും ജയവും ശത്രു നാശവും കീർത്തിയും ധർമ്മവും വിദ്യയും സൽപ്പുത്രഭാഗ്യവും നൽകി അനുഗ്രഹിച്ചാലും. ശുഭവും ജയവും നൽകി അനുഗ്രഹിച്ചാലും. വിദ്യയും ഭൂമിയും സൽപ്രജാസമ്പത്തും നൽകി അനുഗ്രഹിച്ചാലും. "

ഇങ്ങിനെ ഷഷ്ഠീദേവിയെ സ്തുതിച്ച് പൂജിച്ച പ്രിയവ്രതന് ഉത്തമനായ ഒരു പുത്രൻ ഉണ്ടായി. ഈ ഷഷ്ഠീസ്തോത്രം ആരെങ്കിലും ഒരു വർഷം പഠിക്കുന്നതായാൽ അവന് ആയുഷ്മാനായ ഒരുത്തമപുത്രൻ ജനിക്കും. ഒരു വർഷമീ സ്തോത്രം കേട്ട് പൂജിച്ചാൽ വന്ധ്യകൾക്ക് പോലും പുത്രഭാഗ്യം കൈവരും. വീരനും യശസ്വിയും ഗുണവാനുമായ ഒരു പുത്രനെ അവൾക്ക് ലഭിക്കും. രോഗബാധിതനായ കുഞ്ഞിന്റെ രോഗം ഇല്ലാതാവാൻ മാതാപിതാക്കൾ ഒരു മാസക്കാലം ഈ സ്തുതി കേട്ടാൽ മതി.

Sunday, August 6, 2017

ദിവസം 267. ശ്രീമദ്‌ ദേവീഭാഗവതം. 9- 45. ദക്ഷിണോപാഖ്യാനം

ദിവസം 267.  ശ്രീമദ്‌ ദേവീഭാഗവതം. 9- 45. ദക്ഷിണോപാഖ്യാനം

ഉക്തം സ്വാഹാ സ്വധാഖ്യാനം പ്രശസ്തം മധുരം പരം
വക്ഷ്യാമി ദക്ഷിണാഖ്യാനം സാവധാനോ നിശാമയ
ഗോപീ സുശീലാ ഗോലോകേ പുരാff സീത് പ്രേയസീ ഹരേ:
രാധാ പ്രധാനാ സധ്രീചി ധന്യാ മാന്യാ മനോഹരാ

ശ്രീ നാരായണൻ പറഞ്ഞു: അതിമധുരതരങ്ങളായ സ്വാഹോപാഖ്യാനവും സ്വധോപാഖ്യാനവും ഞാൻ പറഞ്ഞുവല്ലോ. ഇനി ഞാൻ ദക്ഷിണാദേവിയുടെ ചരിതം പറയാം. പണ്ട് സുശീല എന്നു പേരുള്ള ഒരു ഗോപിക ശ്രീഹരിക്ക് പ്രിയപ്പെട്ടവളായി ഗോലോകത്ത് വാണിരുന്നു. അവൾ രാധാദേവിയെപ്പോലെ ധന്യയും മാന്യയുമായിരുന്നു. രാധാദേവിയുടെ തോഴിയായ സുശീല വിദ്യാസമ്പന്നയും അഴകിനോടൊപ്പം സദ്ഗുണങ്ങളും ഒരുപോലെ തികഞ്ഞ ഒരു സതീമണി തന്നെയായിരുന്നു. കോമളാംഗിയും സദാ പുഞ്ചിരി തൂകുന്നവളും ഹംസഗാമിനിയുമായ  അവള്‍ക്ക് കമലനയനങ്ങളും ഉയർന്ന സ്തനങ്ങളും ചെന്തൊണ്ടിപ്പഴച്ചുണ്ടുകളും ചമ്പകപ്പൂവിന്റെ നിറവും രത്ന ഭൂഷകളും ഉണ്ടായിരുന്നു. ഹരിവല്ലഭയായ സുശീല സുകുമാരകലകളിലും കാമശാസ്ത്രത്തിലും വിചക്ഷണയായിരുന്നു.

പണ്ടൊരിക്കൽ സുശീല രാസേശ്വരനായ ഭഗവാന്റെ മടിത്തട്ടിൽ ഇടതുഭാഗത്തായി രാസതൽപ്പരയായി വിലസുന്നത് രാധാദേവി കാണുകയുണ്ടായി. രാധയെക്കണ്ട് ഭഗവാൻ പേടിച്ച് തല താഴ്ത്തി. രാധയാണെങ്കിൽ കോപം കൊണ്ട് ചുവന്ന കണ്ണുകളോടെ, തുടിക്കുന്ന ചുണ്ടുകളോടെ, അവരുടെ അടുത്തേക്ക് നടന്നടുക്കുന്നത് കണ്ട് ഭഗവാൻ പെട്ടെന്ന് പോയി ഒളിച്ചുകളഞ്ഞു. രാധ തന്നോട് പിണങ്ങിയേക്കും എന്ന പേടിയാലാണ് ഭഗവാൻ മാറി നിന്നത്. ഭഗവാൻ മറഞ്ഞതു കണ്ട് സുശീലയും മറ്റ് ഗോപികമാരും പേടിച്ചരണ്ടു.

സുശീലയില്‍ ആസക്തനായി വിലസിയിരുന്ന കൃഷ്ണനെ നോക്കി വിസ്മയത്തിലാണ്ടിരുന്ന ഗോപികമാർ ദേവീ രക്ഷിക്കണേ എന്ന് നിലവിളിച്ചു കൊണ്ട് രാധാദേവിയുടെ പാദങ്ങളിൽ വീണു. അവർ പല തവണ രാധയുടെ മുന്നിൽ നമസ്ക്കരിച്ചു. സുദാമാവ് മുതലായ ഗോപൻമാരും രാധയുടെ ചരണങ്ങളിൽ അഭയം തേടി. മൂന്നു കോടിയിൽ അധികം ഗോപൻമാർ അവിടെയുണ്ടായിരുന്നു. തന്റെ നാഥൻ ഓടി മറഞ്ഞു എന്നറിഞ്ഞ രാധ സുശീലയെ ശപിച്ചു. സുശീലയും അവിടെ നിന്ന് ഓടി മറയാൻ ഒരുങ്ങുകയായിരുന്നു. "ഇനിയിവൾ ഗോലോകത്ത് കാലുകുത്തിയാൽ അക്ഷണം അവൾ ചാമ്പലായിത്തീരട്ടെ" എന്നായിരുന്നു രാധയുടെ ശാപം.

കോപത്തോടെയാ രാസേശ്വരി രാസേശ്വരനായ ഭഗവാനെ സഭാമദ്ധ്യത്തിലേക്ക്  വിളിച്ചു. എന്നാല്‍ ഭഗവാൻ എത്താൻ വൈകുന്ന നിമിഷങ്ങൾ അവൾക്ക് യുഗങ്ങളായിത്തോന്നി. ഭഗവാനെ പിരിഞ്ഞിരിക്കുന്നതിന്റെ വേദന പൊറുക്കാൻ അവൾക്കായില്ല.

"ഹേ കൃഷ്ണാ, പെട്ടെന്നു തന്നെ എന്റെ ചാരത്ത് വന്നിരിക്കൂ. പ്രാണനാഥാ അവിടുത്തെ പിരിഞ്ഞതിനാൽ എന്റെ പ്രാണൻ വിട്ടു പോവുമോ എന്നാണ് എന്റെ ഭയം.  ഉത്തമനായ ഒരു ഭർത്താവിനെ കിട്ടുമ്പോൾ സ്ത്രീക്ക് ഗർവ്വം ഉണ്ടാവും.  അവളുടെ സൗഭാഗ്യവും സുഖവും ദിനംപ്രതി വർദ്ധിക്കും. അതുകൊണ്ട് ഭർത്തൃശുശ്രൂഷ ചെയ്യുകയാണ് അവൾക്ക് ശ്രേയസ്കരം. കുലാംഗനമാർക്ക് ഭർത്താവാണ് ബന്ധുവും കുലദേവതയും ഐശ്വര്യവും ഭോഗവും ഗതിയും എല്ലാമായിരിക്കുന്നത്. അവൾക്ക് ധാർമ്മികമായ സുഖവും പ്രീതിയും ശാന്തിയും മാനവും നൽകുന്നത് ഭർത്താവാണ്. അവളുടെ മാനം കെടുത്തുന്നതും ഭർത്താവു തന്നെ. സ്ത്രീക്ക് ഭർത്താവിനേക്കാൾ ശ്രേഷ്ഠനായ മറ്റൊരു ബന്ധുവില്ല. ഭാര്യയെ ഭരിക്കുന്നത് കൊണ്ട് ഭർത്താവാണയാൾ. സുഖദായകനാകയാൽ ബന്ധുവാണ്. പ്രീതി നൽകുന്നതിനാൽ പ്രിയനാണ്. കാമപ്രദനാകയാൽ കാന്തനാണ്. ഐശ്വര്യദായകനാകയാൽ ഈശനാണ്. പ്രാണേശനാകയാൽ പ്രാണനായകനാണ്. രതിപ്രദനാകയാൽ രമണനാണ്. ഭർത്തൃബീജത്താലാണല്ലോ അവൾക്ക് പുത്രനുണ്ടാകുന്നത്. അതിനാൽ അവള്‍ക്ക് പ്രിയനാണയാൾ. കുലസ്ത്രീകൾക്ക് ഭർത്താവാണ് നൂറ് പുത്രൻമാരേക്കാൾ പ്രിയൻ. കുലമറ്റ സ്ത്രീകൾ മാത്രമേ സ്വന്തം ഭർത്താവിനെ മാനിക്കാതിരിക്കൂ.

പുണ്യതീർത്ഥസ്നാനം, ദക്ഷിണ,  ഭൂപ്രദക്ഷിണം, വ്രതങ്ങൾ, മഹാദാനങ്ങൾ, ഉപവാസങ്ങൾ, ഗുരുസേവ, ബ്രാഹ്മണ സേവ, വേദപഠനം, എന്നിവയെല്ലാം പുണ്യ പ്രവൃത്തികൾ തന്നെയാണെങ്കിലും അവക്കൊന്നും ഭർത്തൃ സേവയുടെ പതിനാറിലൊന്നു ഫലം പോലും ഉണ്ടാവില്ല. ഗുരു, ദേവൻമാർ, ബ്രാഹ്മണർ എന്നിവരേക്കാൾ സ്ഥാനം ഭർത്താവിനുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വിദ്യാദാതാവിന്റെ മഹത്വം ഭർത്താവിനുണ്ട്. ലക്ഷം കോടി ഗോപീ ഗോപൻമാർക്കും ബ്രഹ്മാണ്ഡത്തിനും അവിയാലുള്ള എണ്ണിയാലൊടുങ്ങാത്ത ജീവനിർജീവ ജാലങ്ങൾക്കും ഈശ്വരിയായി ഞാനിരിക്കുന്നത് ആരുടെ കാരണ്യാതിരേകത്താലാണോ ആ കാന്തനെ എനിക്കിപ്പോള്‍ കാണാനാകുന്നില്ല. എന്നിൽ സഹജമായുള്ള ചാപല്യമാണ് ഭഗവാൻ മറയാനുള്ള കാരണം. നാഥ, ഭഗവാനേ എന്റെ മുന്നിലൊന്ന് വരൂ." എന്ന് കരഞ്ഞുകൊണ്ട് രാധാദേവി കൃഷ്ണധ്യാനത്തിൽ മുഴുകി.

സുശീല ഗോലോകത്ത് നിന്നും പോയിട്ട് ലക്ഷ്മീദേവിയിൽ വിലയിച്ചു. ആ സുശീലയാണ് ദക്ഷിണാദേവി. ദേവഗണം ഏറെ യജ്ഞങ്ങൾ ചെയ്തിട്ടും ദക്ഷിണാദേവി പ്രത്യക്ഷയായില്ല. അവർ സങ്കടം പറയാൻ ബ്രഹ്മസഭയിലെത്തി.  പിതാമഹൻ ദേവൻമാരുടെ പരാതികൾ കേട്ട് അവ പരിഹരിക്കാമെന്ന് വാക്കു നൽകി. വിധാതാവ് ഭഗവാൻ നാരായണനെ ധ്യാനിച്ച് ദക്ഷിണാദേവിയെ തിരികെ കൊണ്ടുവന്നു. ഭഗവാൻ നാരായണൻ ലക്ഷ്മീദേവിയിൽ വിലീനയായിരുന്ന ദക്ഷിണാ ദേവിയെ ബ്രഹ്മാവിന് നല്കി. ബ്രഹ്മാവ് കാമപൂരണാർത്ഥം അവളെ യജ്ഞന് നൽകി.

യജ്ഞനവളെ ആദരപൂർവ്വം സ്വീകരിച്ച് സ്തുതിച്ച് വാഴ്ത്തി. ഉരുക്കിയ തങ്കത്തിന്റെ നിറവും ഭംഗിയുള്ള അവൾക്ക് താമരപ്പൂവദനവും ചെന്തൊണ്ടിപ്പഴച്ചുണ്ടുകളും മനോഹരമായ മന്ദഹാസവും അലങ്കാരമായി. ബ്രഹ്മാവിനുപോലും സംപൂജ്യയായ അവൾ മാലതീ മാല്യം ചാർത്തി അഴകോടെ രത്നാഭരണവിഭൂഷിതയായി വിരാജിച്ചു. തടിച്ചുയർന്ന മാറിടവും ജഘനവും അവളെ  മുനിമാരെപ്പോലും മയക്കുന്ന മോഹിനിയാക്കി. നെറ്റിത്തടത്തിലവൾ ചെറിയൊരു സിന്ദൂരപ്പൊട്ടു് തൊട്ടിരുന്നു. കാമബാണ പീഡിതയായ അവളെക്കണ്ട് യജ്ഞൻ മോഹാലസ്യപ്പെട്ടു.

ബ്രഹ്മാവ് അവളെ യജ്ഞന് വിവാഹം കഴിച്ചു കൊടുത്തു. നൂറ് വർഷം യജ്ഞൻ അവളുമായി വിജനദേശത്ത് സ്വതന്ത്രരായി രസിച്ചുരമിച്ചു വിലസി നടന്നു. ഒടുവിലവൾ ഗർഭിണിയായി. പന്ത്രണ്ട് വർഷം ആ ഗർഭം നീണ്ടുനിന്നു. അവൾ പ്രസവിച്ച പുത്രനാണ് കർമ്മഫലം. യജ്ഞൻ ദക്ഷിണയോടും പുത്രനോടും ചേർന്ന് കർമ്മികൾക്ക് ഫലം നൽകുന്നു. ദേവൻമാർ സന്തുഷ്ടരായി മടങ്ങി.

ഒരു കർമ്മം പൂർത്തിയായാൽ അതിന്റെ പരിസമാപ്തിക്കായി ദക്ഷിണ കൂടി നൽകണം. അങ്ങിനെ ചെയ്താലേ ആ കർമ്മത്തിന് ഫലമുണ്ടാവൂ. കർമ്മത്തിന്റെ അവസാനം ഏതെങ്കിലും കാരണത്താൽ ദക്ഷിണ നൽകാൻ കഴിയാതെ വീഴ്ച വരുന്ന പക്ഷം ക്ഷണനേരം കഴിയുമ്പോൾ ഇരട്ടി ദക്ഷിണ നൽകണം. ഒരു രാത്രി സമയം കഴിഞ്ഞാൽ മൂന്നു കോടിയിരട്ടിച്ചു നൽകണമെന്നാണ് നിയമം. മൂന്നുനാൾ കഴിഞ്ഞാൽ അതിന്റെ മൂന്നിരട്ടിയും ഏഴു നാൾ കഴിഞ്ഞാൽ അതിന്റെ രണ്ടിരട്ടിയും ഒരു മാസം കഴിഞ്ഞാൽ അതിന്റെ ലക്ഷം മടങ്ങുമാണ് ദക്ഷിണയായി നൽകേണ്ടത് . ഒരു വർഷം കഴിഞ്ഞാൽ അതിന്റെയും മൂന്നു കോടിയിരട്ടിയാവും. വേണ്ടപോലെ ദക്ഷിണ ചെയ്യാത്ത പക്ഷം ഒരുവൻ ചെയ്യുന്ന കർമ്മങ്ങൾക്ക് ഫലമുണ്ടാവുകയില്ല.

ദക്ഷിണ നൽകാത്തവൻ ബ്രഹ്മസ്വം അപഹരിച്ചവനത്രേ. അവനു ശുദ്ധ കർമ്മങ്ങൾ ചെയ്യാൻ അവകാശമില്ല. അവന് ദാരിദ്ര്യവും രോഗവും സഹിക്കേണ്ടി വരും. ലക്ഷ്മീദേവി ശാപത്തോടെ അവനെ വിട്ടു പോവും. പിതൃക്കൾ അവന്റെ തർപ്പണം സ്വീകരിക്കുകയില്ല. നിശ്ചിതമായ ദാനം നൽകാത്തവനും അത് സ്വീകരിക്കാത്ത വിപ്രനും കയററ്റ കുടം പോലെ നരകത്തിൽ വീഴും. ദക്ഷിണ നൽകാത്ത യജമാനൻ ബ്രാഹ്മണരുടെ വസ്തു മോഷ്ടിക്കുന്ന കള്ളനത്രേ. കുംഭീപാകമെന്ന നരകത്തിൽ ഒരു ലക്ഷം വർഷം താഡനമേറ്റ് കഴിയാനാണവന്റെ വിധി. അടുത്ത ജന്മം അവൻ ദരിദ്രനായ ഒരു ചണ്ഡാലനായി ജനിക്കും. അവൻ തനിക്ക് മുൻപും പിൻപുമുള്ള ഏഴു തലമുറകളെ നശിപ്പിക്കും.

നാരദമുനേ, ഇനിയും എന്നാണങ്ങേയ്ക്ക് അറിയാനുള്ളത്?

നാരദൻ ചോദിച്ചു: ദക്ഷിണ കൂടാതെ ചെയ്യുന്ന കർമ്മങ്ങൾക്ക് എന്താണ് ഫലം? ആരാണവ അനുഭവിക്കുക? യജ്ഞൻ ദക്ഷിണാ ദേവിയെ എങ്ങിനെയൊക്കെയാണ് പൂജിച്ചത്?

ശ്രീ നാരായണൻ പറഞ്ഞു: ദക്ഷിണയില്ലാതെ കർമ്മികൾക്ക് യജ്ഞഫലം ഉണ്ടാവുകയില്ല.  ആ ഫലങ്ങൾ അനുഭവിക്കുന്നത് മഹാബലിയാണ്. പണ്ട് വാമനനാണ് മഹാബലിക്ക് ആ വരം നല്കിയത്.

അശ്രോത്രിയൻ ചെയ്യുന്ന ശ്രാദ്ധം, അശ്രദ്ധയോടെ ചെയ്യുന്ന ദാനം, വൃഷലീപതികൾ ചെയ്യുന്ന നൈവേദ്യം, അശുദ്ധിയുള്ളവർ ചെയ്യുന്ന യജ്ഞം, ശുചിയില്ലാത്തവർ ചെയ്യുന്ന പൂജ, ഗുരുഭക്തിയില്ലാത്തവർ ചെയ്യുന്ന കർമ്മങ്ങൾ ഇവയുടെയെല്ലാം ഫലമനുഭവിക്കുന്നത് മഹാബലിയാണ്.

ദക്ഷിണാ ദേവിയെ സ്തുതിക്കേണ്ടുന്ന സ്തോത്രവും പൂജാക്രമവും കണ്വശാഖയിൽ പ്രതിപാദിച്ചിട്ടുണ്ട്.  അതിസുന്ദരിയായ ദക്ഷിണാ ദേവിയെ ലഭിച്ച യജ്ഞൻ കാമാതുരനായി അവളുടെ സൗന്ദര്യത്തിൽ മയങ്ങി അവളെ സ്തുതിച്ചു.

"നീ പണ്ട് ഗോലോകത്ത് പ്രമുഖയായ ഒരു ഗോപികയായി വിലസിയിരുന്നു. നീയപ്പോൾ രാധാസഖിയും കൃഷ്ണപ്രേയസിയും ആയിരുന്നു. ആ കാർത്തികാ പൂർണ്ണിമയുടെ രാത്രിയിൽ രാസണ്ഡലത്തിൽ വച്ച് ലക്ഷ്മീദേവിയുടെ വലത് തോളിൽ നിന്നുമുത്ഭവിച്ചതിനാൽ നിനക്ക് ദക്ഷിണ എന്ന പേരുണ്ടായി. സൗശീല്യ ഗുണസമ്പന്നയായ നീ പണ്ട് സുശീല എന്ന നാമത്തിലവിടെ ഗോലോകത്ത് വാണിരുന്നല്ലോ.

രാധയുടെ ശാപം മൂലമാണ് നിനക്ക് ഗോലോകത്ത് നിന്നും നിഷ്കാസിതയാകേണ്ടി വന്നത്. എങ്കിലും അതെനിക്ക് പരമഭാഗ്യമായിത്തീര്‍ന്നു. കാരണം നിന്നെയെനിക്ക് കിട്ടിയല്ലോ. കർമ്മഫലദായിനിയായ നീയെന്നെ കാന്തനാക്കിയാലും. നീയെല്ലെങ്കിൽ കമ്മങ്ങളെല്ലാം വിഫലം. കർമ്മങ്ങൾക്ക് ശോഭയേകാൻ നീ കൂടിയേ തീരൂ. ദിക്പാലകർ വിചാരിച്ചാലും ത്രിമൂർത്തികൾ നിനച്ചാലും നിന്നെക്കൂടാതെയുള്ള കർമ്മങ്ങൾ സഫലങ്ങളാക്കാൻ കഴിയുകയില്ല.

ബ്രഹ്മാവ് കർമ്മരൂപിയാണ്. മഹേശ്വരൻ ഫലരൂപിയും വിഷ്ണുവായ ഞാൻ യജ്ഞരൂപനും ആണ്. ഈ മൂവരുടെയും സാരരൂപിണിയായി വർത്തിക്കുന്നത് നീയാണ്. പരബ്രഹ്മമാണ് ഫലം നൽകുന്നത്. പ്രകൃതീശ്വരിയാണെങ്കിൽ നിർഗുണയാണ്. നീയില്ലെങ്കിൽ ഭഗവാൻ കൃഷ്ണൻ പോലും അശക്തനാണ്. ഓരോരോ ജന്മത്തിലും എനിക്ക് ശക്തിയാകുന്നത് നീയാണ്. നീ കൂടെയുണ്ടെങ്കിൽ ഞാൻ ഏതു കർമ്മത്തിനും ശക്തനാവുന്നു."

യജ്ഞസ്തുതി കേട്ട് പ്രസന്നയായ ദക്ഷിണാദേവി യജ്ഞനെ വരിച്ചു. ഈ ദക്ഷിണാസ്തവം യജ്ഞകാലത്ത് ചൊല്ലുന്നവന് സർവ്വയജ്ഞ ഫലങ്ങളും ലഭിക്കും.

രാജസൂയം, വാജപേയം, ഗോമേധം, നരമേധം, അശ്വമേധം, ലാംഗലം, വിഷ്ണു യജ്ഞം, ധനദാനം, ഭൂമി ദാനം, കിണർ കുഴിക്കൽ പോലുള്ള പൂർത്തകർമ്മഫലദാനം, ഗജമേധം, ലോഹ യജ്ഞം, സ്വർണ്ണ യജ്ഞം, താമ്രയജ്ഞം, ശിവയജ്ഞം, രുദ്രയജ്ഞം, ശക്രയജ്ഞം, മഴ പെയ്യിക്കാനുള്ള വരുണ യാഗം, കണ്ടക യജ്ഞം, ശുചി യജ്ഞം, ധർമ്മയജ്ഞം, പാപമോചന യജ്ഞം, ബ്രഹ്മാണി കർമ്മയാഗം, യോനിയജ്ഞം, തുടങ്ങി പ്രസിദ്ധങ്ങളായ കർമ്മങ്ങൾ തുടങ്ങുമ്പോൾ ഈ സ്തോത്രം ജപിക്കുന്നത് ശുഭകരവും നിർവ്വിഘ്നം കർമ്മങ്ങൾ നടത്താൻ അത് സഹായകരവുമാണ്.

ഇനി ദക്ഷിണാദേവി ധ്യാനവും പൂജാവിധിയും പറഞ്ഞു തരാം . സാളഗ്രാമശിലയിലോ കലശത്തിലോ ദേവിയെ ആവാഹിച്ചു വേണം പൂജ ചെയ്യാൻ. "ലക്ഷ്മീദേവിയുടെ ദക്ഷിണാംശ സംഭൂതയായ ദേവീ, കമലയുടെ കലാംശമായ ദേവീ, സർവ്വകർമ്മങ്ങൾക്കും സമർത്ഥയായവളേ, സർവ്വകർമ്മങ്ങൾക്കും ഫലദായിനിയായവളേ , വിഷ്ണുവിന്റെ ശക്തി സ്വരൂപേ, സർവ്വപൂജിതേ, വന്ദിതേ, ശുഭേ, ശുദ്ധിപ്രദേ, ശുദ്ധിസ്വരൂപേ, അവിടുത്തെ ഞാൻ നമസ്ക്കരിക്കുന്നു. പൂജിക്കുന്നു." എന്നു സങ്കൽപ്പിച്ച് വേദോക്തമായ പാദ്യാദികൾ സമർപ്പിച്ച് ദക്ഷിണാദേവിയുടെ മൂലമന്ത്രം ജപിക്കണം.

"ഓം ശ്രീം ക്ലീം ഹ്രീം ദക്ഷിണായൈ സ്വാഹാ: " എന്നതാണാ മന്ത്രം. സുഖപ്രദവും പ്രീതിജന്യവുമായ ഈ ദക്ഷിണാദേവി ചരിതം ശ്രദ്ധയോടെ കേട്ടുകൊണ്ട് ഭാരതഭൂമിയിൽ കർമ്മം ചെയ്യുന്നവന്റെ കർമ്മങ്ങളിൽ ന്യൂനതകൾ കാണുകയില്ല. പുത്രനില്ലാത്തവന് പുത്രനും, ഭാര്യാ ഹീനന് ഭാര്യയും ഇതുകൊണ്ട് ലഭിക്കും. സ്ത്രീയ്ക്ക് പുത്രഭാഗ്യവും ലഭിക്കും. അവൾ വിനീതയും പ്രിയംവദയും പതിവ്രതയും ശുഭയും ശ്രേഷ്ഠയും ആയിരിക്കും. മൂർഖൻ വിദ്യാവാനാകും. ദരിദ്രൻ സമ്പന്നനാകും. ഭൂരഹിതൻ ഭൂസ്വത്തിനുടമയാകും. സങ്കടത്തിലും ബന്ധു നാശത്തിലും ആപത്തിലും ഒരു മാസക്കാലം ഈ കഥ കേൾക്കുന്നവൻ വിഷമവിമുക്തനാവും എന്നതിൽ സംശയമില്ല.