Devi

Devi

Saturday, December 31, 2016

ദിവസം 213. ശ്രീമദ്‌ ദേവീഭാഗവതം. 8. 15. സൂര്യചാരം

ദിവസം 213. ശ്രീമദ്‌ ദേവീഭാഗവതം. 8. 15. സൂര്യചാരം

അത: പരം പ്രവക്ഷ്യാമി ഭാനോർഗമന മുത്തമം
ശ്രീഘ്ര മാന്ദ്യാദിഗതിഭി സ്ത്രിവിധം ഗമനം രവേ:
സർവ്വ ഗ്രഹാണാം ത്രീണ്യേവ സ്ഥാനാനി സുരസത്തമ
സ്ഥാനം ജാരദ്ഗവം മധ്യം തഥൈരാവതമുത്തമം

ശ്രീ നാരായണൻ പറഞ്ഞു: സൂര്യന്റെ ഗതി മാർഗ്ഗങ്ങളെപ്പറ്റി ഇനി ഞാൻ പറയാം. ശീഘ്രം, സമം, മന്ദം എന്നീ മൂന്നു ഗതിവേഗത്തിലാണ് ഭാനുമാന്റെ സഞ്ചാരം. ഗ്രഹങ്ങൾക്കെല്ലാം മൂന്നു സ്ഥാനങ്ങളാണ് പറഞ്ഞിട്ടുള്ളത്. വടക്ക് ഐരാവതം, തെക്ക് വൈശ്വാനരം, മദ്ധ്യസ്ഥാനം ജാരദ്ഗവം. അശ്വതി, ഭരണി, കാർത്തിക എന്നീ മൂന്നു നക്ഷത്രങ്ങൾ കൂടിയ മാർഗ്ഗത്തിന് നാഗവീഥി എന്നാണ് പറയുന്നത്. രോഹിണി, മകയിരം, തിരുവാതിര എന്നിവ ചേർന്ന് ഗജവീഥി. പുണർതം, പൂയം, ആയില്യം എന്നിവ ചേർന്ന് ഐരാവത വീഥീ. ഈ മൂന്നു വീഥികളും ചേർന്നുളള വീഥിക്ക് ഉത്തരായണമെന്നാണ് പേരു്.

മകം, പൂരം, ഉത്രം എന്നിവ ചേർന്ന് ആർഷഭ വീഥി. അത്തം, ചിത്തിര, ചോതി എന്നിവ ചേർന്ന് ഗോവീഥി. വിശാഖം, അനിഴം, കേട്ട, എന്നിവ ചേർന്ന് ജാരദ്ഗവ വീഥി. ഈ മൂന്നു വീഥികളും ചേർന്ന മദ്ധ്യമാർഗ്ഗമാണ് ജാരദ് ഗവം.

മൂലം, പൂരാടം, ഉത്രാടം എന്നിവ ചേർന്ന് അജവീഥി. തിരുവോണം, അവിട്ടം, ചതയം, എന്നിവ ചേർന്ന് മൃഗവീഥി. പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി, എന്നിവ ചേർന്ന് വൈശ്വാനര വീഥി. ഈ മൂന്നും ചേർന്ന് ദക്ഷിണായനം എന്നറിയപ്പെടുന്നു.

സൂര്യൻ ഉത്തരമാർഗ്ഗത്തിൽ സഞ്ചരിക്കുമ്പോൾ വായുബദ്ധമെന്ന ഞാൺ കയർ രണ്ടും വലിഞ്ഞു മുറുകി കയറ്റം കയറുന്നതിനാൽ യാത്ര അല്പം മന്ദഗതിയിലാവും. അപ്പോൾ പകൽ കൂടിയും രാത്രി കുറഞ്ഞുമിരിക്കും. ദക്ഷിണായനത്തിൽ ഇറക്കമാണ്. അപ്പോൾ ഞാൺ  അയച്ചു വിട്ടു് ഗതിവേഗം കൂടുന്നതിനാൽ പകൽ കുറഞ്ഞും രാത്രി കൂടിയുമിരിക്കും. എന്നാൽ വിഷുവത് ദിനങ്ങളിൽ ദിനരാത്രങ്ങൾ ഏകദേശം സമമായിരിക്കും. രണ്ടു ഞാണുകളിലും മുറുക്കവും അയവുമില്ലാത്ത സമാവസ്ഥയാണത്.

ഉത്തരായണത്തിൽ ധ്രുവത്തിൽ ഞാണുകൾ മുറുകെ വലിച്ചുപിടിക്കുമ്പോൾ സൂര്യന്റെ സഞ്ചാരം മണ്ഡലങ്ങൾക്കുള്ളിലാണ്. എന്നാൽ കയറുകൾ അയക്കുമ്പോൾ സൂര്യസഞ്ചാരം ബാഹ്യ മണ്ഡലത്തിലാവും.

മേരു പർവ്വതത്തിന്റെ കിഴക്ക് ഇന്ദ്രപുരിയായ ദേവധാനിക, തെക്ക് യമന്‍റെ സംയമനി, പടിഞ്ഞാറ് വരുണന്റെ നിമ്ളോചിനി, വടക്ക് കുബേരന്റെ വിഭാവരി, എന്നിവയാണ്. ഒരുദിവസം ഇന്ദ്രപുരിയിൽ ഉദിക്കുന്ന സൂര്യൻ ഉച്ചസമയത്ത് സംയമനിയിലെത്തി, സന്ധ്യക്ക് നിമ്ളോചിനി വഴി, അർദ്ധരാത്രി വിഭാവരിയിലെത്തുന്നു. ജീവജാലങ്ങൾ പ്രവർത്തിക്കുന്നത് സൂര്യന്റെ ഈ സഞ്ചാരത്തിനാലാണ്.

മേരുവിൽ ഉള്ളവർക്ക് എപ്പോഴും സൂര്യനെക്കാണാം. സൂര്യൻ സുവർണ്ണമായ മേരുവിനെ വലം വയ്ക്കുകയാണ്. അതു കൊണ്ട് അവിടെ ഉദയവും അസ്തമനവും ഒരേ നിശ്ചിത സമയത്തു തന്നെ ദിനവും കാണാകുന്നു. ഒരാൾക്ക് ആദിത്യനെ ദിനത്തിൽ എപ്പോൾ ആദ്യമായി കാണാൻ സാധിക്കുന്നുവോ അതാണ് ഉദയം. അയാള്‍ക്ക് സൂര്യനെ കാണാതായിത്തുടങ്ങുന്നതെപ്പോഴാണോ അതാണ് അസ്തമയം. വാസ്തവത്തിൽ സൂര്യൻ ഉദിക്കുന്നുമില്ല അസ്തമിക്കുന്നുമില്ല. കാണപ്പെടുക, കാണാതാവുക എന്നീ അവസ്ഥകൾ ഉദയാസ്തമയങ്ങൾ ആയി അറിയപ്പെടുന്നു മാത്രമേയുള്ളു.

ഇന്ദ്രപുരിയിൽ നില്കുമ്പോൾ, സൂര്യൻ മൂന്നു പുരങ്ങളേയും രണ്ട് കോണുകളെയും സ്പർശിക്കുന്നു. സൂര്യൻ കോണിൽ നില്ക്കുമ്പോൾ മുക്കോണും ത്രിപുരങ്ങളും തൊടുന്നു. സകലദ്വീപുകളുടെയും വടക്കായി മേരുപർവ്വതം നിലകൊള്ളുന്നു. ഒരാൾക്ക് എവിടെയാണോ ആദ്യമായി സൂര്യൻ പ്രത്യക്ഷനാവുന്നത് അതാണ് കിഴക്ക്. ആ ദിക്കിന് ഇടതു വശത്താണ് മേരുപർവ്വതം (വടക്ക്). ഇന്ദ്രപുരിയിൽ നിന്നും പതിനഞ്ചു നാഴിക സഞ്ചരിച്ച് സൂര്യൻ യമപുരത്തിൽ എത്തുന്നു. അതാണ് സംയമനി. അപ്പോഴേക്ക് ഭാനുമാൻ രണ്ടു കോടി മുപ്പത്തിയേഴ് ലക്ഷത്തി അറുപതിനായിരം യോജന സഞ്ചരിച്ചു കഴിയും. സൂര്യൻ ഇതു പോലെ സഞ്ചരിച്ച് വരണപുരിയിലും സൗമ്യപുരിയിലും തിരികെ ഇന്ദ്രപുരിയിലും എത്തുന്നു. ജീവജാലങ്ങളിൽ കാലബോധം ഉണ്ടാക്കാനാണീ യാത്ര.

സൂര്യനെപ്പോലെ സോമൻ മുതലായ ഗ്രഹങ്ങളും ഉദിച്ച് അസ്തമിക്കുന്നുണ്ട്. ഒരു മുഹൂർത്തം കൊണ്ടു് സൂര്യന്റെ രഥം മുപ്പത്തിനാലു ലക്ഷത്തി എണ്ണൂറ് യോജന സഞ്ചരിക്കുന്നു. പ്രവഹൻ എന്ന വായുവിനാൽ നാലു ദിക്കിലുള്ള നാലുപുരങ്ങളിൽ ഭാനുമാൻ ചുറ്റിക്കൊണ്ടേയിരിക്കുന്നു. സൂര്യന്റെ രഥത്തിന് ഒരു ചക്രവും പന്തണ്ട് ആരവും (മാസങ്ങൾ) മൂന്നു നാഭിയും (ചാതുർ മാസങ്ങൾ) ഉണ്ടു്. ഇവയും ആറ് ഋതുക്കളാകുന്ന അരപ്പട്ടകളും ചേർന്ന ഒരു സംവത്സരചക്രത്തെപ്പറ്റി ജ്ഞാനികൾ പറഞ്ഞിട്ടുണ്ടു്.

ഈ ചക്രത്തിന്റെ അച്ചുതണ്ട് സ്ഥാപിച്ചിരിക്കുന്നത് ഒരറ്റം മേരു ശിഖരത്തിലും മറ്റേ അറ്റം മാനസോത്തരഗിരിയിലുമാണ്. എണ്ണയാട്ടുന്ന ചക്രം പോലെ ഇത് സദാ ചുറ്റിക്കൊണ്ടിരിക്കുന്നു. മാനസോത്തരത്തിനു മുകളിലായി സൂര്യൻ സ്വമാർഗ്ഗത്തിൽ ഭ്രമണം ചെയ്യുന്നു. ഈ ചക്രത്തിനു സമീപം ഒരറ്റവും മറ്റേയറ്റം ധ്രുവത്തിലുമായി മറ്റൊരു അക്ഷം മുകളിലുമുണ്ട്. തൈലയന്ത്രത്തിന്റെ നുകത്തണ്ടുപോലെ വായു പാശം കൊണ്ടു് ഈ അക്ഷത്തെ ബന്ധിച്ചു നിര്‍ത്തിയിരിക്കുന്നു.

സൂര്യരഥക്കൂടിന്റെ ഉയരം മുപ്പത്തിയാറ് ലക്ഷം യോജനയാണ്. അതിന്റെ നാലിലൊന്നു നീളമാണ് ആ നുകത്തണ്ടിന്. അതിലാണ് ഛന്ദസ്സുകൾ എന്നറിയപ്പെടുന്ന ഏഴ് കുതിരകളെ ബന്ധിച്ചിരിക്കുന്നത്. സൂര്യദേവനു മുന്നിലിരുന്ന് അരുണൻ തെളിക്കുന്ന രഥത്തെ ഈ ഏഴ് കുതിരകളാണ് ഓടിക്കുന്നത്. അരുണൻ ഗരുഡപുത്രനാണ്. തള്ളവിരലിന്റെ അംശത്തോളം മാത്രം വലുപ്പമുള്ള അറുപതിനായിരം ബാലഖില്യൻമാർ വേദസൂക്തങ്ങൾ കൊണ്ടു് ആദിത്യനെ വാഴ്ത്തുന്നു. മാത്രമല്ല മറ്റ് ഋഷികളും ഗന്ധർവ്വാദികളും അപ്സരസ്സുകളും ദൈത്യൻമാരും ഉരഗങ്ങളും ഗ്രാമണികളും ദേവൻമാരുമെല്ലാം സൂര്യദേവനെ ഏഴു വിഭാഗമായി നിന്ന് ഓരോ മാസത്തിലും സ്തുതിക്കുന്നു.

ഭൂമണ്ഡലത്തിന്റെ നീളം തൊള്ളായിരത്തി അൻപതുലക്ഷം യോജനയാണ്. സർവ്വവ്യാപിയായ രവി രണ്ടായിരത്തി അഞ്ഞൂറ് യോജനയും ക്രോശദ്വയവും ക്ഷണനേരം കൊണ്ട് നിരന്തരം സഞ്ചരിച്ചു തീർക്കുന്നു.

Tuesday, December 20, 2016

ദിവസം 212. ശ്രീമദ്‌ ദേവീഭാഗവതം. 8. 14. ലോക ലോകാചല വർണ്ണനം

ദിവസം 212. ശ്രീമദ്‌ ദേവീഭാഗവതം. 8. 14. ലോക ലോകാചല വർണ്ണനം

തത: പരസ്താദചലോ ലോകാലോകേതി നാമക:
അന്തരാളേ ച ലോകാലോകയോര്‍യ: പരികല്പിത:
യാവദസ്തി ച ദേവര്‍ഷേ ഹൃന്തരം മാനസോത്തരാത്
സുമേരോസ്ഥാവതീ ശുദ്ധാ കാഞ്ചനീ ഭൂമിരസ്തി ഹി

ശ്രീ നാരായണൻ തുടർന്നു: ഇതിനെല്ലാം അപ്പുറത്ത് ലോകാലോകങ്ങൾക്കിടക്ക് ലോകാലോകം എന്നു പേരായ ഒരു പർവ്വതനിരയുണ്ടു്. നാരദരേ, മാനസോത്തരത്തിൽ നിന്നും സുമേരുവിലേയ്ക്കുള്ളത്ര സ്ഥലം ശുദ്ധസ്വർണ്ണമയമായി കിടക്കുകയാണ്. കണ്ണാടി പോലെ തിളക്കമാർന്ന ഇവിടെ പ്രാണികളില്ല. പുല്ലു പോലും അവിടെ വളരുന്നില്ല. ദേവൻമാരുടെ വിഹാരഭൂമിയായ ഇവിടെ എന്ത് കൊണ്ടിട്ടാലും തിരികെ കിട്ടില്ല. ജീവനുള്ള ഒന്നുമവിടെയില്ല. കാരണം അവിടെയെത്തിയാൽ എല്ലാം സ്വർണ്ണമായിത്തീരും. ലോകാലോകങ്ങൾക്കിടയിലാണ് സർവ്വപ്രാണികളും ഉപേക്ഷിച്ച ഈ സ്ഥലം. മൂന്നു ലോകങ്ങൾക്കും അതിർത്തിയായി ഇതിനെ കണക്കാക്കുന്നു. ഈശ്വരന്റെ കല്പനയങ്ങിനെയത്രേ!

ഈ പർവ്വതനിരകൾ സൂര്യരശ്മികളെപ്പോലും തടഞ്ഞു നിർത്താൻ കഴിയുന്ന ഒരു പ്രതിഭാസമാണ്. അവയ്ക്ക് അത്ര വിസ്താരവും ഉയരവുമുണ്ട്താനും. അൻപതുകോടിയോജനയാണ് ജ്ഞാനികൾ ഭൂഗോളത്തിന്റെ വലുപ്പമായി കണക്കാക്കി വച്ചിട്ടുള്ളത്. ഭൂഗോളത്തിന്റെ നാലിലൊന്നു വലുപ്പമാണ് ഈ പർവ്വതത്തിന്. അതിന്റെ മുകളിൽ നാലു ദിക്കുകളിൽ ഋഷഭൻ, പുഷ്പചൂഡൻ, വാമനൻ, അപരാജിതൻ എന്നീ പേരുകളുള്ള ദിഗ്ഗജങ്ങളെ നിർത്തിയിരിക്കുന്നത് സാക്ഷാൽ ബ്രഹ്മാവ് തന്നെയാണ്.

ലോകത്തിന്റെ നിലനില്പിനു കാരണക്കാരാണ് ഈ നാൽവർ എന്ന് പറയപ്പെടുന്നു. ഇവർക്കും ലോകപാലകരായ മഹേന്ദ്രാദികൾക്കും ചൈതന്യം പകരാനായി ഭഗവാൻ ഹരി തന്റെ പാർഷദൻമാരോടൊത്ത് അവിടെ നിലകൊള്ളുന്നു. അഷ്ടസിദ്ധികൾ അകമ്പടിയും വിഷ്വക്സേനാദികൾ സേവകരും ആയി വരദാഭയമുദ്രകൾ ധരിച്ച് സകല ലോകങ്ങൾക്കും മംഗളമേകാനാണ് ഭഗവാനവിടെ മരുവുന്നത്. ആത്മമായാവിരചിതമായ ലോകത്തെ പരിരക്ഷിക്കാനായി കല്പാന്തകാലം ഭഗവാൻ ഹരി അവിടെ വസിക്കുന്നു.

ഭൂഗോള വിസ്താരം അൻപതുകോടിയും ഉയരം ഇരുപത്തിയഞ്ചുകോടിയും യോജനകളാണെന്ന് ജ്ഞാനികൾ കണക്കാക്കി വച്ചിരിക്കുന്നു. ലോകാലോകത്തിന്റെ അന്തർ വിസ്താരം പന്ത്രണ്ടരക്കോടിയോജനയാണ്. യോഗേശ്വരൻമാരായ കൃഷ്ണാർജുനൻമാർ ലോകാലോക പർവ്വതങ്ങൾക്കുമപ്പുറം യാത്ര പോയിട്ടുണ്ട് എന്നു പറയപ്പെടുന്നു. (സന്താനഗോപാലം)

ഭൂമിയുടെയും സ്വർഗ്ഗത്തിന്റെയും നടുക്ക് അണ്ഡമദ്ധ്യത്തിലാണ് സൂര്യൻ നിലകൊള്ളുന്നത്. അചേതനവും മൃതവുമായ അണ്ഡത്തിൽ നിന്നും ഉൽപ്പന്നമായതിനാൽ സൂര്യന് മാർത്താണ്ഡൻ എന്ന പേരും ഉണ്ടു്. സൂര്യനും അണ്ഡഗോളത്തിന്നും ഇടയ്ക്കുളള ദൂരം ഇരുപത്തിയഞ്ച് കോടിയോജനയാണ്. ഇതേ സൂര്യനെ സ്വർണ്ണാണ്ഡത്തിൽ നിന്നും  ഉദ്ഭൂതനാകയാൽ ഹിരണ്യഗർഭൻ എന്ന പേരിലും വിളിക്കുന്നു.

ആദിത്യനാണ് ദിക്കുകളെയും അന്തരീക്ഷത്തെയും ആകാശത്തെയും ഭൂമിയെയും വേർതിരിക്കുന്നത്. യോഗമോക്ഷദേശങ്ങൾ, സ്വർഗ്ഗനരകങ്ങൾ, ഭൂമി, അതലാദിലോകങ്ങൾ, എന്നിവയെ തരം തിരിച്ചു വച്ചതും സൂര്യനാണ്. സകലജീവജാലങ്ങൾക്കും ജീവനും കാഴ്ചയുമേകുന്നതും സൂര്യൻ തന്നെ. ഭൂമണ്ഡലസ്ഥിതി ഇങ്ങിനെയൊക്കെയാണ്.

രണ്ടിലകൾ ഉള്ള ചേറ്റുവൃക്ഷത്തിന്റെ ഒരില കണ്ടാൽ മറ്റേതും കണ്ടതു പോലെയായി. അതുപോലെ ഭൂസ്വർഗ്ഗങ്ങൾക്കിടയിൽ അന്തരീക്ഷം നിലകൊള്ളുന്നു. അന്തരീക്ഷമദ്ധ്യത്തിലുള്ള തേജോഗോളമായ സൂര്യൻ മൂന്നുലോകത്തിനും വെളിച്ചവും ചൂടും നൽകി വിളങ്ങുന്നു. സൂര്യന്റെ ഉത്തരായണവേളയിൽ ഗതിമാന്ദ്യവും ദക്ഷിണായനത്തിൽ ഗതിവേഗവും കാണപ്പെടുന്നു. ഇടവം തൊട്ട് അഞ്ചു രാശികളുള്ള ഉത്തരായനത്തിൽ പകൽസമയം ഏറിയും വിഷുവത് ദിനങ്ങളെന്നറിയപ്പെടുന്ന മേടം, തുലാം രാശികളിൽ രാത്രി പകലുകൾ സമമായും, വൃശ്ചികം തൊട്ട് അഞ്ചു രാശികളുള്ള ദക്ഷിണായനത്തിൽ പകൽ സമയം കുറഞ്ഞും കാണപ്പെടുന്നു.

Monday, December 19, 2016

ദിവസം 211. ശ്രീമദ്‌ ദേവീഭാഗവതം. 8. 13. ക്രൗഞ്ചദ്വീപാദി വർണ്ണനം

ദിവസം 211. ശ്രീമദ്‌ ദേവീഭാഗവതം. 8. 13. ക്രൗഞ്ചദ്വീപാദി വർണ്ണനം

ശിഷ്ട ദ്വീപ പ്രമാണം ച വദ സര്‍വ്വാര്‍ത്ഥ ദര്‍ശന
യേന വിജ്ഞാതമാത്രേണ പരമാനന്ദമയോ ഭവേത്
കുശദ്വീപസ്യ പരിതോ ഘൃതോദാവരണം മഹത്
അതോ ബഹി:ക്രൌഞ്ചദ്വീപോ ദ്വിഗുണ:സ്യാത് സ്വമാനത
:

നാരദൻ പറഞ്ഞു. 'സർവ്വജ്ഞനായ ഭവാൻ ബാക്കിയുള്ള ദ്വീപുകളെപ്പറ്റിയും ഞങ്ങൾക്ക് പറഞ്ഞു തന്നാലും.'

ശ്രീ നാരായണൻ തുടർന്നു: 'കുശദ്വീപിനെ ചൂഴ്ന്നു കിടക്കുന്ന നെയ് സമുദ്രത്തിനപ്പുറം ഇരട്ടി വലുപ്പത്തിൽ ക്രൗഞ്ചദ്വീപാണ് ഉള്ളത്. ക്രൗഞ്ചദ്വീപിനു ചുറ്റും പാൽക്കടൽ. ക്രൗഞ്ചപർവ്വതം നിൽക്കുന്ന ദ്വീപായതിനാലാണ് ഇതിനു ക്രൌഞ്ചദ്വീപ് എന്ന പേരുണ്ടായത്.

പണ്ടു് ശ്രീഗുഹന്റെ വേലു കൊണ്ട് ക്രൗഞ്ചഗിരിയുടെ ഉദരം പിളർന്നു പോയി. എന്നാൽ വരുണൻ പാൽക്കടലിലെ ജലം കൊണ്ട് കഴുകി ആ മലയെ കാത്തു രക്ഷിച്ചു. പ്രിയവ്രതപുത്രനായ ഘൃതപൃഷ്ഠനാണ് ദ്വീപിന്റെ അധിപൻ. അദ്ദേഹം ദ്വീപിനെ ഏഴായി വിഭജിച്ചു മക്കളെ ഭരിക്കാൻ ഏല്പിച്ച ശേഷകാലം യോഗനിരതനായി ജീവിച്ച് ഒടുവിൽ ഭഗവദ് പദമണഞ്ഞു.

ആമം, മധുരൂഹം, മേഘപൃഷ്ഠം, സുധാമകം, ഭ്രാജിഷ്ഠം, ലോഹിതാർണ്ണം, വനസ്പതി എന്നിവയാണ് ആ ഏഴു ഭൂവിഭാഗങ്ങൾ. അവിടങ്ങളിലെ സപ്തഗിരികൾ ശുക്ളം, വർദ്ധമാനം, ഭോജനം, ഉപബർഹണം, നന്ദം, നന്ദനം, സർവ്വതോഭദ്രം എന്നീ പേരുകളിൽ അറിയപ്പെടുന്നു. അവിടെയുള്ള ഏഴു നദികൾ അഭയാ, അമൃതൗഘാ, ആര്യകാ, തീർത്ഥവതി,വൃത്തിരൂപവതി, ശുക്ളാ, പവിത്രവതികാ എന്നിവയാണ്.

ഇവിടെ ജീവിക്കുന്ന ഋഷഭൻ, പുരുഷൻ, ദ്രവിണൻ, ദേവകാഭിധൻ എന്നീ നാലുവർണ്ണത്തിൽ പെടുന്ന മനുഷ്യരും ഈ നദികളെയാണ് ജീവസന്ധാരണത്തിനായി ആശ്രയിക്കുന്നത്.

"ഭൂl, ഭുവര്‍ലോകം, സ്വര്‍ലോകം' എന്നവയെ പവിത്രമാക്കിത്തീർക്കുന്ന നദികളേ, ഈശ്വരചൈതന്യവാഹകരേ, നിങ്ങളെ സ്പർശിക്കുന്ന ഞങ്ങൾ ഓരോരുത്തരിലെയും പാപങ്ങൾ തീർത്തു തന്നാലും" എന്നവർ വരുണ ദേവനെ സ്തുതിക്കുന്നു.

പാൽക്കടലിനുമപ്പുറമാണ് വിഖ്യാതമായ ശാകദ്വീപം. മുപ്പത്തിരണ്ടു ലക്ഷം യോജനയാണ് അതിന്റെ വിസ്തീർണ്ണം. ദ്വീപിലുള്ള ശാകവൃക്ഷം മൂലമാണ് ശാകദ്വീപം എന്ന പേരതിനു വന്നത്. ,അതിനു ചുറ്റും ദധിസമുദ്രമാണ്. പ്രിയവ്രതപുത്രനായ മേധാതിഥിയാണ് ഈ ദ്വീപിന് അധിപൻ. സ്വയം യോഗഗതി പൂകുന്നതിനു മുൻപ് അദ്ദേഹം ദ്വീപിനെ ഏഴാക്കിത്തിരിച്ച് ഏഴു മക്കളെ അവയുടെ അധിപരാക്കി.

പുരോജവം, മനോജവം, പവമാനം, ധൂമ്രാനീകം, ചിത്രരേഫം, ബഹുരൂപം, വിശ്വധൃക് എന്നിവയാണാ വർഷങ്ങൾ. അവിടെയുള്ള ഏഴ് അതിർത്തി പർവ്വതങ്ങളും ഏഴ് നദികളും വളരെ പ്രശസ്തങ്ങളാണ്. ഈശാനം, ഊരു ശൃംഗം, ബലഭദ്രം, ശതകേസരം, സഹസ്രസ്രോതകം, ദേവപാലം, മഹാശനം എന്നിങ്ങിനെയാണ് ആ ഗിരിനാമങ്ങൾ. നദികൾ, അനഘാ, ആയുർദാ, ഉഭയസൃഷ്ടി, അപരാജിതാ, പഞ്ചപദി, സഹസ്രശ്രുതി, നിജധൃതി എന്നിവയാണ്.

സത്യവ്രതർ, ക്രതുവ്രതർ, ദാനവ്രതർ, അനുവ്രതർ എന്നീ നാലു ജാതി മനുഷ്യർ അവിടെ വാഴുന്നു. പ്രാണായാമം ചെയ്ത് പരമപുരുഷനായ ശ്രീ ഹരിയെ അവർ ഭജിക്കുന്നു. "സകലജീവികൾക്കുള്ളിലും പ്രാണവായുവായി നിലകൊണ്ടു് അവരെ ചൈതന്യവത്താക്കുന്നവനും ജഗത്തിനെ നിയന്ത്രിക്കുന്നവനുമായ ഭഗവാൻ ഞങ്ങളെ കാക്കുമാറാകട്ടെ" എന്നാണവരുടെ പ്രാർത്ഥന.

ദധിസമുദ്രത്തിനപ്പുറം ശാകദ്വീപിന്റെ ഇരട്ടി വലുപ്പമുള്ള പുഷ്കരദ്വീപ് നിലകൊള്ളുന്നു. അതിനു ചുറ്റും ശുദ്ധജലം നിറഞ്ഞ സമുദ്രമാണ്. അവിടെ പത്തുകോടി സ്വർണ്ണദളങ്ങൾ വിതാനിച്ച് അഗ്നിജ്വാലപോലെ പ്രോജ്വലിച്ചു വിളങ്ങുന്ന ഒരു ദിവ്യ താമരയുണ്ട്. ഭൂലോകസൃഷ്ടിക്കായി ലോകഗുരുവായ ഭഗവാൻ സ്വയം നിർമ്മിച്ച ഇരിപ്പിടമാണത്.

ഇവിടെ ഈ ദ്വീപിനെ അപ്പുറമെന്നും, ഇപ്പുറമെന്നും തിരിക്കുന്ന മാനസോത്തരം എന്ന പേരുള്ള ഒരു പർവ്വതമുണ്ട്. പതിനായിരം യോജന വിസ്തൃതിയും ഉയരവും ഉണ്ടതിന്. ഇന്ദ്രാദി ലോകപാലൻമാർക്ക് വേണ്ടിയുള്ള നാലു നഗരങ്ങൾ നാലു ദിക്കുകളിലായി ഇതില്‍ ലകൊള്ളുന്നു. അവയ്ക്കും മുകളിലാണ് രണ്ടു് അയനങ്ങളിലായി ആദിത്യന്റെ പ്രദക്ഷിണം നടക്കുന്നത്.

പ്രിയവ്രതപുത്രനായ വീതിഹോത്രൻ ഈ ദ്വീപിനെ രമണം, ധാതകി എന്നീ രണ്ട് വർഷങ്ങളാക്കി തിരിച്ചു തന്റെ രണ്ടു പുത്രൻമാരെ ഏല്പിച്ചു. പൂർവ്വികർ ചെയ്തിരുന്നതു പോലെ ഈ വർഷപാലകൻമാരും യോഗവിധിപ്രകാരം ബ്രഹ്മസ്വരൂപിയായ പരമേശ്വരന്‍റെ ലിംഗത്തെ പൂജിക്കുന്നു. കർമഫല രൂപിയും  ഏകാന്തവും അദ്വയവും പ്രശാന്തവുമായ ബ്രഹ്മലിംഗത്തെയാണവർ നിത്യവും തൊഴുതു പൂജിക്കുന്നത്.

Saturday, December 17, 2016

ദിവസം 210 .ശ്രീമദ്‌ ദേവീഭാഗവതം. 8. 12. പ്ലക്ഷ ദ്വീപവര്‍ണ്ണനം

ദിവസം 210 .ശ്രീമദ്‌ ദേവീഭാഗവതം. 8. 12. പ്ലക്ഷ ദ്വീപവര്‍ണ്ണനം

ജംബുദ്വീപോ യഥാ ചായം യത് പ്രമാണേന കീർത്തിത:
താവതാ സർവ്വത: ക്ഷാരോദധീനാ പരിവേഷ്ടിത:
ജംബ്വാഖ്യേന യഥാ മേരുസ്തഥാ ക്ഷാരോദകേന ച
ക്ഷാരോദധിസ്തു ദ്വിഗുണ: പ്ലക്ഷാഖ്യേനോപവേഷ്ടിത:

ശ്രീ നാരായണൻ തുടർന്നു: ജംബുദ്വീപിനു ചുറ്റുമുള്ള ക്ഷാരസമുദ്രത്തിനും ജംബു ദ്വീപിനെപ്പോലെതന്നെ ലക്ഷം യോജന വിസ്താരമുണ്ട്. അതിന്റെ ഇരട്ടി വിസ്തൃതിയുള്ള പ്ലക്ഷദ്വീപ് ഈ ക്ഷാരസമുദ്രത്തെ ചുറ്റി നിലകൊള്ളുന്നു. പ്ലക്ഷദ്വീപിൽ പ്ലക്ഷം എന്ന പേരായ ഒരു വൻ വൃക്ഷമുണ്ട്. ജംബു ദ്വീപിലെ ജംബു വൃക്ഷത്തിന്റെയത്ര വലുപ്പമുണ്ട് ഈ മരത്തിനും. ഒരു കിടങ്ങിനെ വനം എന്ന പോലെയീ വൃക്ഷം സമുദ്രത്തെ ചൂഴ്ന്നു നില്ക്കുന്നു.

പ്ലക്ഷവൃക്ഷത്തിനു ചുവട്ടിലായി സപ്തജിഹ്വൻ എന്നു പേരായ അഗ്നിയും ആ ഭൂമിയുടെ നാഥനായി പ്രിയവ്രതപുത്രനായ ഇദ്ധ്മജിഹ്വൻ എന്ന മഹാനും വാഴുന്നു. അദ്ദേഹം തന്റെ ഏഴു പുത്രൻമാർക്കായി ഈ ദ്വീപ് വിഭജിച്ചു നൽകിയിട്ട് ആത്മസാധനയിൽ മുഴുകി ഭഗവാനെ പ്രാപിച്ചു. ശിവം, യവസം, ഭദ്രം, ശാന്തം, ക്ഷേമം, അമൃതം, അഭയം എന്നിങ്ങിനെയാണ് ആ ഏഴു വർഷങ്ങൾ.

അവിടെ ഏഴു നദികളും ഏഴു പർവ്വതങ്ങളുമുണ്ട്. മണികൂടം, വജ്രകൂടം, ജ്യോതിഷ്മാൻ, ഇന്ദ്രസേനൻ, സുപർണ്ണൻ, ഹിരണ്യഷ്ഠീവൻ, മേഘമാലൻ എന്നിവയാണ് ആ പർവ്വതങ്ങൾ. അരുണാ, നൃമ്ണാ, അംഗീരസി, സാവിത്രി, സുപ്രഭാതിക, ഋതംഭര, സത്യംഭര എന്നിവയാണാ സപ്തനദികൾ. ഈ നദികൾ അവിടെയുള്ള ജനങ്ങളിലെ രാജസീകവും താമസികവുമായ എല്ലാ ഗുണങ്ങളെയും ഇല്ലാതാക്കിയിരിക്കുന്നു.

ഹംസൻ, പതംഗൻ, സത്യാംഗൻ, ഊർധായനൻ എന്നീ നാലു വർണ്ണങ്ങളിൽ ആ ദ്വീപിലെ ജനങ്ങൾ അറിയപ്പെടുന്നു. ദേവസമരായ അവർക്ക് ആയിരം വർഷത്തെ ആയുസ്സുണ്ട്. അവർ സ്വർഗ്ഗദ്വാരമെന്നു പുകൾപെറ്റ ആദിത്യനെ വേദമാർഗ്ഗത്തിൽ യജിക്കുന്നു. 'പുരാണപുരുഷനും സത്യധർമ്മവേദസ്വരൂപനും ശുഭാത്മകനും വിഷ്ണുരൂപനുമായ സൂര്യദേവനെ ഞങ്ങൾ നമസ്കരിക്കുന്നു.' എന്നവർ പ്രാർത്ഥിക്കുന്നു.

ആയുസ്സ്, ഇന്ദ്രിയബലം, ഓജസ്സ്, ബുദ്ധി, സിദ്ധി, ശൗര്യം തുടങ്ങിയ ഗുണങ്ങൾ പ്ലക്ഷാദികളായ ആറു ദ്വീപുകളിൽ ജനിക്കുന്നവർക്കും ജന്മനാ ലഭിക്കുന്നു.

പ്ലക്ഷദ്വീപിനുമപ്പുറം ഇക്ഷുരസോദമെന്ന കരിമ്പു സമുദ്രമാണ്. അതിനുമപ്പുറം പ്ലക്ഷദ്വീപിന്റെ ഇരട്ടി വിസ്താരമുള്ള ശാല്മലദ്വീപ്. അതിനു ചുറ്റും അതേ വിസ്തീർണ്ണമുള്ള സുരോദമെന്ന കടലാണ്. അവിടെ വലിയൊരു ഇലവുമരമുണ്ട്. പ്ലക്ഷദ്വീപിന്റെയത്ര വലുപ്പത്തിലാണ് ഈ മരത്തിന്റെ ശാഖാവിതാനം. പക്ഷീരാജനായ ഗരുഡൻ വാഴുന്നയിടമാണീ വൃക്ഷം .

ശാല്മലിദ്വീപിന്‍റെ നാഥൻ പ്രിയവ്രതപുത്രനായ യജ്ഞബാഹുവാണ്. അദ്ദേഹം തന്റെ ഏഴു മക്കൾക്കുമായി ഈ ദ്വീപ് വിഭജിച്ചു നൽകി. സരോചനം, സൗമനസ്യം, രമണം, ദേവവർഷകം, പാരിഭദ്രം, ആപ്യായനം, വിജ്ഞാതം, എന്നിവയാണ് ആ ഭൂഭാഗങ്ങൾ. അവയിൽ ഏഴു പർവ്വതനിരകളും ഏഴു നദികളുമുണ്ട്. സരസം, ശതശൃംഗം, വാമദേവകം, കന്ദകം, കുമുദം, പുഷ്പവർഷം, സഹസ്രശ്രുതി എന്നിവയാണാ പർവ്വതങ്ങൾ. അനുമതി, സീനിവാലി, നന്ദ, രാകാ, കൂഹൂ, സരസ്വതി, രജനി എന്നിവയാണ് അവിടെയുള്ള ഏഴു നദികൾ .

ശാൽമലിദ്വീപിലെ ആളുകൾ ശ്രുതധരൻമാർ, വീര്യധരൻമാർ, വസുന്ധരൻമാർ, ഇഷൂന്ധരൻമാർ എന്നീ നാലു വർണ്ണങ്ങളിൽപെട്ടവരാണ്. അവർ ഭഗവാൻ സോമനെയാണ് ആരാധിക്കുന്നത്. "പിതൃക്കൾക്ക് കൃഷ്ണപക്ഷത്തിലും ശുക്ളപക്ഷത്തിലും സ്വന്തം പ്രകാശരശ്മികൾ വിഭജിച്ചു നല്കുന്ന സോമൻ ഞങ്ങൾക്ക് മംഗളമരുളട്ടെ" എന്നാണവർ പ്രാർത്ഥിക്കുന്നത്.

സുരസമുദത്തിനപ്പുറം എട്ടുലക്ഷം യോജന വിസ്താരത്തിൽ ഉള്ള ഘൃതസമുദ്രത്താൽ ചുറ്റപ്പെട്ട് കുശദ്വീപം നിലകൊള്ളുന്നു. സൂരോദത്തിന്റെ ഇരട്ടിയാണ് ഘൃതസമുദ്രത്തിന്റെ വലുപ്പം. കുശദ്വീപിന് ആ പേരുണ്ടാവാൻ കാരണമായ കുശവനം അവിടെയാണ്. ആ വനത്തിലെ വൃക്ഷശാഖകൾ ദിക്കുകളെ പ്രകാശിപ്പിച്ചു നില കൊള്ളുന്നു. പ്രിയവ്രതപുത്രനായ ഹിരണ്യരേതസ്സാണ് ഈ ദ്വീപിന്റെ നാഥൻ. അദ്ദേഹവും തന്റെ ഏഴു മക്കൾക്ക് ദ്വീപ് വിഭജിച്ചു നല്കി.

വസുദാനൻ, ദൃഢരുചി, വസു, നാഭിഗുപ്തൻ, വിവിക്തൻ, വാമദേവൻ , സ്തുത്യവ്രതൻ എന്നിവരാണ് ഹിരണു രേതസ്സിന്റെ പുത്രൻമാർ. ഇവിടെയും പ്രഖ്യാതമായ ഏഴു പർവ്വതങ്ങളുണ്ട്. ചതുശ്ശൃംഗം, കപിലം, ചക്രം, ചിത്രകൂടം, ദേവാനീകം, ദ്രവിണം, ഊർദ്ധരോമാവ്, എന്നിവയാണ് ഈ ഏഴു മലനിരകൾ. അവിടത്തെ ഏഴു നദികൾ രസകുല്യാ, മധുകുല്യാ, മിത്രവിന്ദ, ശ്രുതവിന്ദ, ദേവഗർഭ, ഘൃതച്യുത്, മന്ദമാലിക എന്നിവയാണ്. അവിടെയുള്ളവർ കുശലർ, കോവിദർ, അഭിയുക്തർ, കുളകർ, എന്നീ ഗോത്രങ്ങളിൽ പെട്ടവരാണ്. അവർ സത്കർമ്മനിരതൻമാരും അഗ്നിരൂപത്തിലുള്ള ദേവനെ ആരാധിക്കുന്നവരുമാണ്. "പരബ്രഹ്മത്തിന്റെ ഹവിസ്സ് വഹിക്കുന്ന അഗ്നിദേവാ,അംഗദേവൻമാർക്കു വേണ്ടി  ഞങ്ങൾ ചെയ്യുന്ന ആഹൂതികൾ അങ്ങ് ആ പരംപുരുഷനിൽ എത്തിക്കണേ." എന്നാണവർ അഗ്നിദേവനോടു പ്രാർത്ഥിക്കുന്നത്.

Friday, December 16, 2016

ദിവസം 209. ശ്രീമദ്‌ ദേവീഭാഗവതം. 8- 11. ഭാരത വര്‍ണ്ണനം

ദിവസം 209. ശ്രീമദ്‌ ദേവീഭാഗവതം. 8- 11. ഭാരത വര്‍ണ്ണനം

ഭാരതാഖ്യേ ച വർഷേ f സ്മിന്നഹമാദിജ പുരുഷ :
തിഷ്ഠാമി ഭവതാ ചൈവ സ്തവനം ക്രിയതേ f നിശം
ഓം നമോ ഭഗവതേ ഉപശമശീലായോപരതാനാത്മ്യായ
നമോ f കിഞ്ചന വിത്തായ ഋഷി ഋഷഭായ നരനാരായണായ
പരമഹംസ പരമഗുരവേ ആത്മാരാമാധിപതയേ നമോ നമ ഇതി

ശ്രീ നാരായണൻ തുടർന്നു. "ഭാരതമെന്ന വർഷത്തിൽ ഞാനാണ് ആരാധനാമൂർത്തി. അവിടെയിരുന്ന് അങ്ങ് എന്നെയാണല്ലോ സദാ സ്തുതിക്കുന്നത്."

നാരദസ്തുതി: "തപസ്സ്, ശമാദികൾ എന്നിവയുടെ ഇരിപ്പിടമായ ശാന്തശീലനും അഹങ്കാരരഹിതനുമായ അവിടുന്ന് ദരിദ്രൻമാർക്ക് ധനമായും മുനികൾക്ക് വരേണ്യനായും ആത്മാരാമൻമാർക്ക് അധീശനായും പരമഹംസനായും വിളങ്ങുന്നു. അങ്ങിനെയുള്ള ഭഗവാനെ ഞാൻ നിത്യവും കൈകൂപ്പി നമസ്കരിക്കുന്നു.

സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ക്ക് കാരണമാണെങ്കിലും അവയിലൊന്നിലും ബദ്ധനാവാതെ, വിവിധ ദേഹങ്ങളിൽ കുടികൊള്ളുന്നുവെങ്കിലും വിശപ്പും ദാഹവും ഒന്നും ബാധിക്കാതെ, സദാ സാക്ഷി ഭാവത്തിൽ വർത്തിക്കുമെങ്കിലും ദൃശ്യങ്ങളുടെ ദോഷമേതുമേൽക്കാത്ത ആ സാക്ഷി സ്വരൂപചിദ്ഘനത്തിനു മുന്നില്‍ ഞാൻ കുമ്പിടുന്നു. യോഗേശ്വരനായ ഹിരണ്യഗർഭൻ ഭഗവാൻ അരുളിച്ചെയ്തിട്ടുള്ളത് അന്ത്യകാലത്ത് ദേഹാഭിമാനം കളഞ്ഞ് നിർഗ്ഗുണനായ മഹേശനിൽ അഭയം പ്രാപിക്കണം എന്നാണ്. എന്നാൽ ഭാര്യാപുത്രഗൃഹാദികളിൽ ആസക്തി പൂണ്ടിരിക്കുന്ന മനുഷ്യർക്ക് ദേഹ സംബന്ധിയായ ഭോഗസുഖങ്ങൾ ഉപേക്ഷിക്കുക എന്നത് വളരെ ദുഷ്ക്കരമത്രേ. അങ്ങിനെ കഴിയുന്ന മനുഷ്യന്‍റെ എല്ലാ പ്രയത്നങ്ങളും നിർഫലമാണ്.

പ്രഭോ അങ്ങയുടെ മായാശക്തി കൊണ്ടു് എന്റെയീ കുത്സിത ദേഹത്തിൽ 'ഞാൻ,എന്റേത്', തുടങ്ങിയ ചിന്താഭ്രമങ്ങൾ വിട്ടു പോകാത്ത വിധം ഒട്ടിച്ചേര്‍ന്നു നില്ക്കുന്നു. ഭഗവാനേ, ദേഹത്ത് വേരുറപ്പിച്ചിട്ടുള്ള അവയെ നീക്കം ചെയ്യാനുതകുന്ന യോഗമാർഗ്ഗം  എനിക്ക് ഉപദേശിച്ചു തന്നാലും." സകലവേദത്തിന്‍റെയും സാരാമൃതം പാനം ചെയ്തിട്ടുള്ള നാരദൻ ശ്രീനാരായണനെ ഇങ്ങിനെയൊക്കെയാണ് സ്തുതിക്കുന്നത്.

ശ്രീനാരായണന്‍ തുടര്‍ന്നു: "ആ ഭാരതഭൂവിൽ നിറയെ പർവ്വതങ്ങളും നദികളും മറ്റുമുണ്ടു്. അവയെപ്പറ്റിയെല്ലാം ഞാൻ പറയാം. ശ്രദ്ധിച്ചു കേട്ടുകൊള്ളൂ. മലയം, മംഗള പ്രസ്ഥം, മൈനാകം, ത്രികൂടം, ഋഷഭം, കുടകം, കോല്ലം, സഹ്യൻ, ദേവഗിരി , ഋഷ്യമൂകം, ശ്രീശൈലം, വേങ്കടാദ്രി, മഹേന്ദ്രം, വാരിധാരം, വിന്ധ്യൻ, മുക്തിമാൻ, ഋക്ഷം, പാരിയാത്രം, ദ്രോണം, ചിത്രകൂടഗിരി, ഗോവർദ്ധനം, രൈവതകം, കകുഭം, നീലപർവതം, ഗൗരമുഖം, ഇന്ദ്രകീലം, കാമഗിരി, തുങ്ങിയ ഗിരിനിരകളും മറ്റു് പുണ്യപർവ്വതങ്ങളും ഭാരതത്തിലുണ്ട്. ഈ മലനിരകളിൽ നിന്നും പുറപ്പെടുന്ന നദികളും അരുവികളും നൂറായിരക്കണക്കിനാണുള്ളത് . ഈ പുണ്യനദികളിൽ സ്നാനം ചെയ്താൽത്തന്നെ മനുഷ്യരുടെ ത്രിവിധ പാപങ്ങൾക്ക് ശമനമാവും. ഇവയെ ദർശിക്കുക, ഇവയിലെ ജലം പാനം ചെയ്യുക, ഇവയെ പ്രകീർത്തിക്കുക, തുടങ്ങിയ പ്രവൃത്തികൾ പുണ്യ പ്രദമത്രെ.

താമ്രപർണ്ണി, ചന്ദ്രവശ, കൃതമാല, വടോദക, കാവേരി, വൈഹായസി, വേണ, പയസ്വിനി, തുംഗഭദ്ര, കൃഷ്ണവേണ, ശർക്കരാവർത്തക, ഗോദാവരി, ഭീമരഥി, നിർവിന്ധ്യാ, പയോഷ്ണിക, താപി, രേവ, സുരസാ, നർമ്മദ, സരസ്വതി, ചർമ്മണ്വതി, സിന്ധു, അന്ധ, ശോണ, ഋഷി കുല്യ, ത്രിസാമ, വേദസ്മൃതി, കൗശികി, യമുനാ, മന്ദാകിനി, ദൃഷദ്വതി, ഗോമതി, സരയു, രോധവതി, സപ്തവതി, സുഷോമ, ശതദ്രു, ചന്ദ്രഭാഗ, മരുദ് വൃധ, വിതസ്ത, അസിക്നി, വിശ്വാ എന്നിവയാണ് ഭാരത വർഷത്തിലെ പ്രമുഖ നദികൾ .

ഈ ഭാരത വർഷത്തിൽ ജനിക്കാൻ ഭാഗ്യം സിദ്ധിച്ച മനുഷ്യർ സാത്വിക, രാജസ, താമസ കർമ്മങ്ങളുടെ ശക്തിവിശേഷങ്ങൾ കൊണ്ടു് യഥായോഗ്യം സ്വർഗ്ഗനരകങ്ങളെ നേടുന്നു. ഇവിടെ വസിക്കുന്ന എല്ലാവർക്കും വൈവിദ്ധ്യമാർന്ന ഭോഗാനുഭവങ്ങൾ ആർജ്ജിക്കാം. അവർക്ക് ക്രമീകമായി വർണ്ണാശ്രമധർമ്മാനുഷ്ഠാനം ചെയ്ത് മോക്ഷവും നേടാം. മോക്ഷപ്രാപ്തിക്ക് ഉത്തമമായ ഇടമായാണ് ദേവൻമാരും സ്വർഗ്ഗവാസികളും ഭാരതവർഷത്തെ കണക്കാക്കുന്നത്.

പ്രാണിവർഗ്ഗങ്ങളിൽ ഭാരത വർഷത്തിൽ ജനിച്ചവരുടെയത്ര പുണ്യങ്ങൾ മറ്റാരും ചെയ്തിട്ടുണ്ടാവില്ല. അവിടെ ഭഗവാൻ ശ്രീഹരി സ്വയം വന്നവതരിച്ച് അവരിൽ കൃപ ചൊരിയുന്നുവല്ലോ. അവിടെ ജനിച്ചവർക്ക് മുകുന്ദ സേവ ചെയ്യാൻ അവസരം ലഭിക്കുന്നു. നാമാണെങ്കിൽ ആ ഭഗവാനെ സേവിക്കാൻ അവസരം കാത്തു കഴിയുകയുമാണ്.

നമുക്ക് സ്വർഗ്ഗപദവി കിട്ടിയത് തീവ്രമായ തപസ്സും യാഗങ്ങളുമൊക്കെ ചെയ്തതിനാലാണ്. പക്ഷെ അത് ശ്രീഹരിയുടെ പാദസേവ ചെയ്യാനുള്ള അവസരത്തിനോളം വരികയില്ല. ഭാരതത്തില്‍ ആ ഭാഗ്യം ലഭിക്കും. സ്വർഗ്ഗത്തിൽ ഇന്ദ്രിയഭോഗങ്ങള്‍ മാത്രമല്ലേ ലഭിക്കൂ.

സ്വർഗ്ഗത്തിൽ ഒരു കല്പാന്തം സുഖിച്ചു കഴിയാം എന്നതു ശരി. എന്നാൽ ആ കാലം കഴിഞ്ഞ് വീണ്ടും ജന്മമെടുത്ത് പുണ്യമാർജിക്കണമല്ലോ. അതുകൊണ്ടു് ഇവിടുത്തെ വാസത്തെക്കാൾ അഭികാമ്യം ഭാരതഭൂവിലെ ജന്മം തന്നെയാണ്. ഭാരതത്തിൽ ജനിച്ച വിവേകശാലികൾക്ക് കർമഭാരമൊക്കെ തീർത്ത് ഹരിപദമണയാൻ ക്ഷണനേരം മതി.

എവിടെ ഭഗവാൻ ഹരിയുടെ കഥകൾ നിത്യവും പാരായണം ചെയ്യപ്പെടുന്നില്ലയോ, എവിടെ ഭഗവാന്റെ ഭക്തൻമാരില്ലയോ, എവിടെ ഭഗവാന്റെ ഉത്സവങ്ങൾ കൊണ്ടാടപ്പെടുന്നില്ലയോ, അവിടം ബ്രഹ്മലോകമാണെങ്കിൽക്കൂടി വാസയോഗ്യമല്ലതന്നെ.

ജ്ഞാനം, ദ്രവ്യം, കർമ്മം എന്നിവയാൽ മനുഷ്യ ജന്മം ധന്യമത്രെ. ഭാരതത്തിൽ ഇങ്ങിനെയൊരു ധന്യമായ നരജന്മം ലഭിച്ചിട്ടും മുക്തിക്കായി പ്രവർത്തിക്കാത്തവന്റെ ജീവിതം വീണ്ടും വീണ്ടും വലയിൽ കുടുങ്ങുന്ന പക്ഷികളുടേതുപോലെയാണ്. വേടന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട പക്ഷി വീണ്ടും അവന്റെ പിടിയിൽത്തന്നെ ചെന്നു ചേരുന്ന അവസ്ഥയാണത്. ഭാരതത്തിൽ പിറന്നിട്ടും മായാബന്ധനത്തിൽ ചുറ്റിത്തിരിയുകയാണവർ.

വിധിയാംവണ്ണം യാഗാഗ്നിയിൽ സമർപ്പിക്കുന്ന ഹവിസ്സ് പല പല ദേവതകൾക്കായി നൽകപ്പെടുന്നുവെങ്കിലും അനന്തനാമങ്ങളുള്ള ഒരേ ഒരു പരമപ്രഭുവാണത് സ്വീകരിച്ചു ഭുജിക്കുന്നത്. അനന്തനും പരിപൂർണ്ണനുമാണവൻ.

മനുഷ്യൻ അർത്ഥിക്കുന്നതാണ് ഭഗവാൻ നൽകുന്നത്. എന്നാൽ ഇങ്ങിനി ഒരിക്കലും ഒന്നും അർത്ഥിക്കേണ്ടി വരാത്ത വിധത്തിലുള്ള ആ ഒന്നിനെ ഭഗവാൻ അര്‍ത്ഥിക്കുന്നവന് നല്കുന്നില്ല. നിഷ്കാമഭക്തൻ ആവശ്യപ്പെടാതെ തന്നെ അവന്റെ എല്ലാ ആവശ്യങ്ങളും നിറവേറപ്പെടുന്നു. മാത്രമോ അങ്ങിനെയുള്ള ഭക്തന് ഭഗവാന്റെ പദകമലവും ലഭിക്കുന്നു

ഇതുവരെ ചെയ്ത സാധനകൾ ഞങ്ങളെ സ്വർഗ്ഗവാസികളാക്കി. അതിന്റെ ഭോജ്യങ്ങൾ ഞങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. എങ്കിലും ആ പുണ്യത്തിൽ അല്പമെങ്കിലും ബാക്കിയുണ്ടെങ്കിൽ ഭാരതഭൂമിയിൽ ജനിക്കാൻ ഞങ്ങൾക്കും അവസരം കിട്ടണമേ എന്നാണ് പ്രാർത്ഥന. ഭാരതത്തിൽ ശ്രീഹരിയെ ഭജിക്കുന്നവർക്ക് സദ്ഗതി ഉറപ്പാണ്."

ശ്രീ നാരായണൻ പറഞ്ഞു. ഇങ്ങിനെയൊക്കെയാണ് ദേവൻമാരും സിദ്ധൻമാരും ഋഷികളും ഭരതവർഷത്തിന്റെ മഹാത്മ്യം വർണ്ണിക്കുന്നത്. നാരദരേ, ജംബൂദ്വീപിന് എട്ട് ഉപദ്വീപുകൾ ഉണ്ടു്. പണ്ടു് യാഗാശ്വത്തെ തേടി നടന്ന സാഗരൻമാർ ഉണ്ടാക്കിയതാണിവ.സ്വർണ്ണപ്രസ്ഥം, ചന്ദ്രശുക്രം, ആവർത്തനം, രമാണകം, മന്ദരം, ഹരിണം, പാഞ്ചജന്യം, സിംഹളം എന്നിവയാണ് ആ എട്ട് ദ്വീപുകൾ.

ഇനി പ്ലക്ഷാദികളായ ആറു ദ്വീപുകളെപ്പറ്റിയാണ് വിവരിക്കാനുള്ളത്.

Wednesday, December 14, 2016

ദിവസം 208 ശ്രീമദ്‌ ദേവീഭാഗവതം. 8. 1൦. ഹിരണ്‍മയാദിവര്‍ഷ വര്‍ണ്ണനം

ദിവസം 208.  ശ്രീമദ്‌ ദേവീഭാഗവതം. 8. 10. ഹിരണ്‍മയാദിവര്‍ഷ വര്‍ണ്ണനം

ഹിരണ്മയേ നാമ വർഷേ ഭഗവാൻ കൂർമ രൂപ ധൃക്
ആസ്തേ യോഗ പതി: സോf യ മര്യമ്ണാ പൂജ്യ ഈഡ്യതേ
ഓം നമോ ഭഗവതേ അകൂപാരായ സർവ്വസത്വ
ഗുണവിശേഷണായ നോപലക്ഷിതസ്ഥാനായ നമോ
വർഷ്മണേ നമോ ധൂമ്നേ നമോ f വസ്ഥാനായ നമസ്തേ

ശ്രീ നാരായണൻ പറഞ്ഞു: ഹിരണ്മയ വർഷത്തിൽ കൂർമരൂപത്തിൽ ഭഗവാൻ നിലകൊള്ളുന്നു. പിതൃഗണങ്ങളുടെ അദ്ധ്യക്ഷനായ ആര്യമാവിനാൽ പൂജിതനായി യോഗനാഥനായി അദ്ദേഹം വിരാജിക്കുന്നു.

ആര്യമാവ് ഭഗവാനെ ഇങ്ങിനെ സ്തുതിക്കുന്നു: "ഓം. കാലാതീതനും എല്ലാവിധ സത്വഗുണങ്ങൾക്കും ആധാര നിലയനായി കൂർമ്മരൂപം പൂണ്ട് സകലതിനും ആധാരമായി സർവ്വവ്യാപിയായി നിലകൊള്ളുന്ന ഭഗവാന് നമസ്കാരം. എല്ലാടവും നിറഞ്ഞ് വിളങ്ങുന്നതിനാൽ അങ്ങ് എവിടെയാണ് എന്നാർക്കുമറിയാൻ ആവുകയില്ല. വൈവിദ്ധ്യമാർന്നു കാണപ്പെടുന്ന ഈ പ്രപഞ്ചം നിന്റെ സ്വരൂപമാണ്. എന്നാൽ അസംഖ്യനും അവാച്യനുമായി ഈ മായാജഗത്തിൽ യാതൊന്നുമായും ബന്ധമില്ലാതെ അവിടുന്ന് നിലകൊള്ളുകയാണ്.

പെറ്റും, മുളച്ചും, മുട്ടയിട്ടും, വിയർപ്പ് കൊണ്ടും ചരാചരങ്ങൾ ഉണ്ടാവുന്നു. അവയും, ജഗത്തിനെ നിയന്ത്രിക്കുന്ന തത്വങ്ങളും, ദേവർഷികളും പിതൃക്കളും, നക്ഷത്രജാലങ്ങളും, ദീപങ്ങളും, പർവ്വതനിരകളും, നദികളും, സമുദ്രങ്ങളും എല്ലാം അവിടുത്തെ എണ്ണമറ്റ നാമരൂപഭാവങ്ങൾ മാത്രമാണ്. നിന്നിൽത്തന്നെ ഈ നാമരൂപങ്ങളെ സങ്കല്പിക്കാൻ കപില മുനി മുതലായ വിദ്വാൻമാർക്ക് കഴിയുന്നുണ്ട്‌. എന്നാൽ അവയെ എല്ലാറ്റിനെയും ക്രമീകമായി നിരാകരിച്ചു മാത്രമേ അപ്രമേയനും വേദപ്പൊരുളുമായ അവിടുത്തെ സാക്ഷാത്ക്കരിക്കാൻ ആവുകയുള്ളു. അങ്ങിനെയുള്ള ഭഗവാനെ ഞാനിതാ നമസ്കരിക്കുന്നു." വർഷപാലകൻമാരും ആര്യമാവും ചേർന്ന് ദേവേശനും സർവ്വ സൃഷ്ടാവുമായ ഭഗവാനെ സ്തുതിക്കുന്നത് ഇങ്ങിനെയൊക്കെയാണ്.

വടക്കേ കുരു വർഷത്തിൽ വരാഹമൂർത്തിയെ സദാ ധ്യാനിച്ചുകൊണ്ട് ഭൂമീദേവി നിലകൊള്ളുന്നു. ദൈത്യ സംഹാരാർത്ഥം വരാഹമൂർത്തിയായ ഭഗവാനെ ഭൂമീദേവി സ്തുതിക്കുന്നത് ഇങ്ങിനെയാണ്. "മഹാവരാഹമായി മന്ത്രതത്വയജ്ഞസ്വരൂപനായി യാഗം അവയവമായിരിക്കുന്ന ഭഗവാനെ ഞാൻ നിത്യവും നമസ്കരിക്കുന്നു. മൂന്നു യുഗത്തിലും കർമ്മകൗശലത്തോടെ അവതരിച്ചു വർത്തിക്കുന്ന ഭഗവാനെ ഞാനിതാ തൊഴുന്നു.

ക്രിയാർത്ഥങ്ങളുടെ പൊരുളറിഞ്ഞ വിദ്വാൻമാർ നിന്റെ രൂപത്തെ ദേഹേന്ദ്രിയാദികളിൽ അന്യോഷിക്കുന്നത് അഗ്നിയുണ്ടാവാൻ കടയുന്ന അരണിയിൽ അഗ്നിയെ എന്നതു പോലെയാണ്. സാധനകളാൽ മനസ്സു കടഞ്ഞ് പ്രത്യക്ഷമാകുന്ന ആത്മസ്വരൂപത്തെയാണവർ കാണുന്നത്. അങ്ങിനെ സാക്ഷാത്ക്കരിക്കുന്ന ആത്മസ്വരുപത്തിനായി നമസ്കാരം.

ദ്രവ്യങ്ങൾ, ക്രിയകൾ, കാലം, ദേഹം, ദേവതമാർ, അഹങ്കാരം എന്നിങ്ങിനെ പ്രത്യക്ഷത്തിൽ മായാ ഗുണബദ്ധനായി കേവലസാധകർക്ക് കാണപ്പെടുന്ന അവിടുന്ന് യമാദികൾ ശീലിച്ച സ്ഥിരപ്രജ്ഞർക്ക് നിർഗ്ഗുണബ്രഹ്മമായിത്തന്നെ വർത്തിക്കുന്നു. അങ്ങിനെയുള്ള ഭഗവാനെ ഞാനിതാ കൈകൂപ്പി വണങ്ങുന്നു.

നിന്റെ ഇച്ഛയാൽ എന്നു പറയാൻ വയ്യ, എങ്കിലും നിന്റെ സാന്നിദ്ധ്യം കൊണ്ടു് ലോഹച്ചീളുകളെ കാന്തമെന്നപോലെ വിശ്വത്തെ ചലിപ്പിച്ച് സൃഷ്ടി,സ്ഥിതി,സംഹാരാദികൾ നടപ്പിലാക്കുന്നതിൽ നിന്റെ പങ്ക് ഗുണകർമ സാക്ഷീഭാവത്തിലാണെന്ന് ഞാനറിയുന്നു. അങ്ങിനെയുള്ള ഭഗവാന് നമസ്കാരം.

ഭീമാകാരനായ അസുരനെ തോല്പിച്ച് എന്നെ വീണ്ടെടുത്ത് തേറ്റമേൽ കയറ്റി വയ്ച്ച് ഒരാനയെപോലെ സമുദ്രത്തിൽ നിന്നും കയറിവന്ന വരാഹ രൂപിയായ ഭഗവാന് എന്റെ നമസ്കാരം."

കിംപുരുഷം എന്ന വർഷത്തിൽ ദശരഥപുത്രനായ ശ്രീരാമനെ ഹനുമാൻ ഭഗവാനെ ഇങ്ങിനെ സ്തുതിക്കുന്നു: "ഓം. ഉത്തമശ്ലോകനായ ഭഗവാനേ, ആര്യ ലക്ഷണശീലവ്രതങ്ങൾ ശീലിക്കുന്ന സാധുസംരക്ഷകനായ ഭഗവാനേ, നമസ്കാരം. ലോകരെ സേവിക്കുന്ന ബ്രാഹ്മണഭക്തനായ മഹാപുരുഷന് പ്രണാമം.

വിശുദ്ധാനുഭവപ്രശാന്തനായിരിക്കുന്ന സകല ജീവജാലങ്ങൾക്കുള്ളിലും ദ്യോതിക്കുന്ന ദിവ്യജ്യോതിസ്സായ അവിടുന്ന് ത്രിഗുണാതീതനും ത്രികാലാതീതനുമാണ്. ജ്ഞാനം കൊണ്ടു മാത്രം എത്തിച്ചേരാനാവുന്ന, നാമരൂപദേഹപരിമിതികൾ ഇല്ലാത്ത നിരഹങ്കാര ചൈതന്യമായ ശ്രീരാമമൂർത്തിയെ ഞാൻ നമസ്കരിക്കുന്നു.

രാക്ഷസവധാർത്ഥംമാത്രമാണ് അവിടുന്ന് മർത്യജന്മം കൈക്കൊണ്ടത് എന്നെനിക്കു തോന്നുന്നില്ല. സുഖദുഖാദികൾ എന്നിവ വന്നും പോയുമിരിക്കുന്ന അവസ്ഥകൾ മാത്രമാണെന്ന സത്യം മനുഷ്യരെ പഠിപ്പിക്കാൻ കൂടിയാണ് അവിടുന്ന് അവതരിച്ചത്. അല്ലെങ്കിൽ ചിന്മയനായ ഭഗവാന് സീതാവിരഹദുഃഖം അനുഭവിക്കേണ്ടതായി വരുമായിരുന്നോ?

ആത്മജ്ഞാനികൾക്ക് നീ ബന്ധുവാണ്. മൂന്നു ലോകങ്ങളിലും മുഴുകിയിരിക്കുമ്പോഴും നിന്നെയവ ബാധിക്കുന്നില്ല. സീതാവിരഹദുഃഖം, ലക്ഷ്മണത്യാഗവിഷാദം എന്നിവ ലോകത്തെ കാണിക്കാനുള്ള ലീലകള്‍ മാത്രമായിരുന്നില്ലേ?

രൂപം, കുലം, ജാതി, ജ്ഞാനം, എന്നിവ കൊണ്ടൊന്നുമല്ല അവിടുത്തെ പ്രീതിക്ക് പാത്രമാവാൻ കഴിയുക. അല്ലെങ്കിൽ വനജീവികളും വാനരൻമാരുമായ ഞങ്ങളെ ഭഗവാൻ സഖാക്കളാക്കുമോ?

സുരനോ നരനോ ആകട്ടെ. അസുരനോ വാനരനോ ആകട്ടെ, ഭഗവാൻ രാഘവനെ ഭക്തിപൂർവ്വം ഭജിക്കുമെങ്കിൽ അവൻ ഭഗവാന് അയോദ്ധ്യാവാസികളെന്നപോലെ സ്വീകാര്യനാണ്. മനുജാകൃതി പൂണ്ട ഭഗവാന്റെ കൃപയാൽ അവർക്ക് ദിവ്യഗതി സുസാദ്ധ്യമാണ്." ഇങ്ങിനെ കിംപുരുഷവർഷത്തിൽ ഭഗവാൻ ശ്രീരാമചന്ദ്രനെ ഹനുമാൻ ആടിയുംപാടിയും ആനന്ദചിത്തനായി സദാ ഭജിച്ചു കൊണ്ടിരിക്കുന്നു. ശ്രീ രാമചന്ദ്രചരിതം കേട്ടുകൊണ്ടിരിക്കുന്ന മനുഷ്യന് സർവ്വപാപവിനിർമുക്തിയും രാമസാലോക്യവും ഉണ്ടാവും.

Sunday, December 11, 2016

ദിവസം 207. ശ്രീമദ്‌ ദേവീഭാഗവതം. 8- 9. ഹരിവര്‍ഷാദി വര്‍ണ്ണനം

ദിവസം 207. ശ്രീമദ്‌ ദേവീഭാഗവതം. 8- 9. ഹരിവഷാദി വര്‍ണ്ണനം

ഹരിവർഷേ ച ഭഗവാൻ നൃഹരി: പാപനാശന:
വർത്തതേ യോഗയുക്താത്മാ ഭക്താനുഗ്രഹ കാരക:
തസ്യ തദ്ദയിതം രൂപം മഹാഭാഗവതോ fസുര:
പശ്യൻ ഭക്തിസമായുക്ത: സ്തൗതി തദ്ഗുണ തത്ത്വവിദ്

ശ്രീ നാരായണൻ തുടർന്നു. നരസിംഹരൂപത്തിൽ ഹരിവർഷത്തിൽ ശ്രീഹരി യോഗനിരതനും പാപനാശകനുമായി നിലകൊള്ളുന്നു. ഭക്തവത്സലനായ ഭഗവാന്റെ രൂപം സ്മരിച്ചു കൊണ്ട് പ്രഹ്ളാദൻ അവിടെ വാഴുന്നു. പ്രഹ്ളാദന് ഏറ്റവും പ്രിയങ്കരമാണ് നൃസിംഹരൂപം എന്നത് പ്രസിദ്ധമാണല്ലോ.

പ്രഹ്ളാദ സ്തുതി: എല്ലാ തേജസ്സുകൾക്കും തേജസ്സായ ഭഗവാനേ, അങ്ങേയ്ക്ക് നമസ്കാരം. ഓങ്കാരസ്വരൂപനായ വജ്രദംഷ്ട്രാ, എന്റെ മുന്നിൽ അങ്ങ് വീണ്ടും അവതരിച്ചാലും. പ്രഭോ, എന്റെയുള്ളിലെ കർമ്മവാസനകളുടെ വേരറുത്ത് മനസ്സിലെ ഇരുട്ടകറ്റിയാലും. അവിടുന്ന് എന്റെ അന്തഃകരണത്തിൽ അഭയപ്രദനായി എന്നെന്നും  വിരാജിച്ചാലും.

ലോകത്തിന് മംഗളമുണ്ടാവട്ടെ. മൂർഖസര്‍പ്പങ്ങളും ക്രൗര്യം ഉപേക്ഷിക്കട്ടെ. ജീവജാലങ്ങൾ സമഭാവത്തിൽ വർത്തിച്ച് പരസ്പരം ശുഭം നേരട്ടെ. മനസ്സുകൾ ശാന്തമായി ഞങ്ങളിൽ ഭക്തി നിറയട്ടെ. വിത്തഗൃഹാദികളിൽ ആസക്തിയുണ്ടാവാതെ ആ സ്നേഹഭാവം ഭഗവദ് ഭക്തൻമാരിലേക്ക് ഉന്മുഖമായിത്തീരട്ടെ. ഗൃഹാദികളിൽ ആസക്തനായവന് മുക്തി ലഭിക്കുവാൻ സംയമശീലമുളളവന് വിരക്തിയുണ്ടാവുന്നതു പോലെ എളുപ്പമല്ല .

ജലസ്നാനം കൊണ്ടു് ദേഹത്തെ ചെളികളയാം. എന്നാൽ മനോമാലിന്യം നീക്കാൻ അന്തരംഗത്തിൽ ഭഗവാൻ പ്രതിഷ്ഠിതനാകണം. സത്സംഗത്തിനാൽ ഭഗവാന്റെ ആത്മോദ്ധാരണപ്രദമായ കഥകൾ കേൾക്കാൻ സാധിക്കും. അങ്ങിനെ മനോമാലിന്യം ഇല്ലാതാക്കാം. ഭഗവാന്റെ ഭക്തർ സർവ്വരാലും സമാരാദ്ധ്യരത്രെ. എന്നാൽ ഭോഗസുഖങ്ങളുടെ പിന്നാലെ പായുന്നവന്  മഹാപുരുഷ ഗുണങ്ങൾ എങ്ങിനെ കൈവരും?

മത്സ്യങ്ങൾക്ക് ജലമെന്ന പോലെ ശ്രീഹരിയാണ് ശരീരമെടുത്ത എല്ലാവരുടെയും ആശ്രയകേന്ദ്രം. അപ്പോൾപ്പിന്നെ ഭഗവാനെ മറന്ന് ജീവിക്കുന്നവർക്ക് വെറുതേ വയസ്സ്  കൂടിവരുന്നു  എന്നൊരു മഹത്വം മാത്രമേ ഉണ്ടാവൂ. തൃഷ്ണ, രാഗം, ദ്വേഷം, വിഷാദം, കോപം, അഭിമാനം, ആഗ്രഹം, ഭയം, തുടങ്ങിയ മോഹങ്ങൾക്ക് കാരണമായിരിക്കുന്ന ഗൃഹം ഉപേക്ഷിച്ച് സാക്ഷാൽ നരസിംഹ പ്രഭുവിനെ അഭയം പ്രാപിച്ചവർക്ക് ഭയം ഉണ്ടാവുമോ? ഇങ്ങിനെയൊക്കെയാണ് ദാനവരുടെ നായകനായ പ്രഹ്ളാദൻ നിത്യവും ഭഗവാനെ സ്തുതിക്കുന്നത്.

കേതുമാലത്തിൽ ഭഗവാൻ കാമരൂപത്തിൽ സർവ്വാരാദ്ധ്യനായി വിളങ്ങുന്നു. പാൽക്കടലിന്റെ മകളായ രമയാണ് ആ വർഷത്തിന്റെ നാഥ. അവളും സ്തോത്രങ്ങളാൽ ഭഗവാനെ സദാ വാഴ്ത്തുന്നു.

രമാദേവി ഭഗവാനെ ഇങ്ങിനെ സ്തുതിക്കുന്നു. ‘ഓം. ഹ്രാം, ഹ്രീം, ഹ്രൂം ഓം. പതിനാറു കലകൾക്കും അധീശനായി എല്ലാ ഉത്തമഗുണങ്ങൾക്കും ഉടയവനായി സങ്കല്പജ്ഞാനവിജ്ഞാനങ്ങൾക്കു് നിദാനമായി അമൃതം, കാന്തി, തേജസ്സ് , ബലം ഇവകൾക്കെല്ലാം ആധാരമായി വർത്തിക്കുന്ന കാമരൂപനായ ഹൃഷീകേശനെ ഞാനിതാ കുമ്പിടുന്നു. അങ്ങയുടെ മുന്നിലും പിന്നിലും അകത്തും പുറത്തും ഞാൻ നമസ്കരിക്കുന്നു.

ഈ ലോകത്തിലെ സ്ത്രീകൾ നല്ല കാന്തൻമാരെ ലഭിക്കാനായി അങ്ങയെ പ്രാർത്ഥിക്കുന്നു. ഇന്ദ്രിയങ്ങൾക്കെല്ലാം നാഥൻ അങ്ങാണല്ലോ. അങ്ങിനെ ലഭിക്കുന്ന ഭർത്താക്കൻമാർക്ക് സ്വയം അവരവരുടെ കുടുംബത്തെ രക്ഷിക്കാൻ കഴിയുന്നുണ്ടോ? പരതന്ത്രൻ എങ്ങിനെ പതിയാവും? അങ്ങ് മാത്രമാണ് പരതന്ത്രനല്ലാതെ എല്ലാം ഭരിച്ചു സംരക്ഷിക്കാൻ കഴിവുള്ള പതി. അങ്ങേയ്ക്ക് ആത്മലാഭമല്ലാതെ മറ്റൊരു ലക്ഷ്യമില്ല എന്നു നിശ്ചയം.

അങ്ങയെ ലഭിക്കുക എന്നതല്ലാതെ മറ്റ് ആശകൾ ഉള്ള സ്ത്രീജനങ്ങൾക്കും അങ്ങ് അവരുടെ കാലനിബദ്ധ മായ ആഗ്രഹങ്ങൾ പോലും സാധിപ്പിച്ചു കൊടുക്കുന്നു. എന്നാൽ നിഷ്കാമഭക്തികൊണ്ടു് സ്ത്രീകൾക്ക് എല്ലാമെല്ലാം നേടാനാകും.

ഇന്ദ്രിയ വിഷയാർത്ഥം ബ്രഹ്മാവും രൂദ്രനും പോലും എന്നെ തപസ്സുചെയ്തു നേടാൻ നോക്കുന്നുണ്ട്. എന്നാൽ അവിടുത്തെ പാദരേണുക്കളെ പണിയാത്ത ഒരാൾക്കും -അത് ദേവനോ അസുരനോ ആകട്ടെ - എന്നെ ലഭിക്കുകയില്ല. എന്റെ ഇരിപ്പിടം അങ്ങയുടെ ഹൃദയമാണെന്ന് അവരറിയുന്നില്ല.

ഭക്തരുടെ ശിരസ്സിൽപ്പതിയുന്ന അവിടുത്തെ തൃക്കരങ്ങൾ എന്റെ തലയിലും പതിയട്ടെ. എന്നെ സ്വന്തമാക്കിയിരിക്കുന്ന അവിടുത്തെ സാമർത്ഥ്യം ശ്ലാഘനീയം തന്നെ. നിന്റെ ഭക്തരുടെ അഭീഷ്ടലാഭത്തിനു വേണ്ടി ഞാന്‍ ശ്രീലക്ഷ്മിയായി നിന്റെ മാറിൽ കുടി കൊള്ളുന്നു.

പ്രജാപതി മുതലുള്ള വർഷനാഥൻമാരെല്ലാം കാമസിദ്ധിക്കായി കാമദേവനെ ആരാധിക്കുന്നു.

രമ്യകവർഷത്തിൽ ദേവാസുരൻമാർ മത്സ്യരൂപത്തിൽ ഭഗവാനെ വാഴ്ത്തുന്നു. അവിടുത്തെ മനു നിരന്തരം ഭഗവാനെ സ്തുതിക്കുന്നതിങ്ങിനെയാണ്: ‘ഓം.സർവ്വോത്കൃഷ്ടനും, സത്വമൂർത്തിയും ബലിഷ്ഠനും ഓജസ്സിന്റെ ഇരിപ്പിടവുമായ മത്സ്യരൂപനെ ഞാൻ നമിക്കുന്നു. ദിക് പാലകർക്ക് നീ അദൃശ്യനാണ്. എന്നാൽ വേദസ്വരത്തിന്റെ രൂപത്തിൽ നീയെല്ലാടവും നിറഞ്ഞിരിക്കുന്നു. നിനക്കീ വിശ്വം കൈയ്യിലെ കളിപ്പാവ പോലെയാണ്.

ദിക് പാലകരും മറ്റും ഒറ്റക്കും കൂട്ടമായും പരിശ്രമിച്ചിട്ടും അവർക്ക് പ്രളയസമുദ്രത്തില്‍ നിന്നും പശുക്കൂട്ടങ്ങളെയോ മറ്റ് ജീവജാലങ്ങളെയോ സ്ഥാവര വസ്തുക്കളെയോ ഒന്നും പരിരക്ഷിക്കാൻ സാധിച്ചില്ല. എന്നാൽ മഹാപ്രളയകാലത്ത് ഔഷധങ്ങളും ചെടികളുമടക്കം ഭൂമിയെയും എന്നെയും രക്ഷിച്ചത് അവിടുന്നാണ്. പ്രഭോ, ജഗത്പ്രാണദാതാവേ, നമസ്കാരം.'

ഭഗവദ് ധ്യാന പരിശീലനം കൊണ്ടു് സകലപാപങ്ങളെയും ഇല്ലാതാക്കിയ ഭാഗവതോത്തമനായ മനു പാർത്ഥിവോത്തമനും ദേവദേവേശനും മത്സ്യരൂപമെടുത്തവനുമായ ഭഗവാനെ സദാ ഭജിക്കുന്നു.

Saturday, December 10, 2016

ദിവസം 206 ശ്രീമദ്‌ ദേവീഭാഗവതം. 8. 8. ഇളാവൃത വൃത്താന്തം

ദിവസം 206 ശ്രീമദ്‌ ദേവീഭാഗവതം. 8. 8. ഇളാവൃത വൃത്താന്തം

തേഷു വർഷേഷു ദേവേശാ: പൂർവോക്തൈ: സ്തവനൈ: സദാ
പൂജയന്തി മഹാദേവിം ജപധ്യാന സമാധിഭി:
സർവ്വർത്തു കുസുമശ്രണീ ശോഭിതാ വനരാജയ:
ഫലാനാം പല്ലവാനാം ച യത്രശോഭാ നിരന്തരം

ശ്രീ നാരായണൻ തുടർന്നു: ഈ ദിക്കുകളിൽ മുൻപ് പറഞ്ഞിട്ടുള്ള സ്തുതിഗീതങ്ങൾ കൊണ്ടും ജപധ്യാനങ്ങൾ കൊണ്ടും ദേവൻമാർ ജഗജ്ജനനിയെ പൂജിക്കുന്നു. ഇവിടെയുള്ള ഓരോ താഴ് വരയിലുമുള്ള വൃക്ഷലതാദികൾ എല്ലാ കാലത്തും പൂത്തുലഞ്ഞു നില്ക്കുന്നു. നിറയെ കായ്കനികളാൽ സമ്പന്നമാണ് അവിടെയുള്ള വൃക്ഷങ്ങൾ. ജഗദംബികയെ പൂജിച്ച് അമ്മയ്ക്ക് നിവേദിക്കാൻ ദേവൻമാർ ഈ കായ്കനികൾ ഉപയോഗിക്കുന്നു. നല്ല തെളിനീർ നിറഞ്ഞ പൊയ്കകളിൽ ഹംസങ്ങൾ ഒഴുകി നടക്കുന്നു. അവിടെ വിടർന്നുല്ലസിച്ചു നില്ക്കുന്ന താമരകൾ ആ തടാകങ്ങൾക്ക് ചാരുതയേറ്റുന്നു. സദാ പാട്ട് മൂളുന്ന കിളിക്കൂട്ടങ്ങൾ ഉണ്ടവിടെ.

സുന്ദരതരുണിമാരുമായി ജലക്രീഡയിൽ ഏർപ്പെടുന്ന ദേവൻമാരും ദേവനാരികളുടെ ക്രീഡാ ഗൃഹങ്ങളിൽ സുഖിച്ചു വാഴുന്നവരും സ്വൈരമായി വിഹരിക്കുന്നവരും നിറഞ്ഞ ഈ ഒൻപതു രാജ്യങ്ങളിലും സദാ അനുഗ്രഹം ചൊരിഞ്ഞു കൊണ്ടു് ആദിപുരുഷനായ ഭഗവാൻ നാരായണൻ ദേവീ ഉപാസനയോടെ കഴിയുന്നു. ഭഗവാൻ ഇവിടെ മൂർത്തി ഭേദങ്ങളോടെ പൂജിക്കപ്പെടുന്നു.

ബ്രഹ്മാവിന്റെ ഭ്രൂമദ്ധ്യത്തിൽ നിന്നും പിറന്ന ‘ഭവന്’ ആയ പരമശിവൻ തന്റെ കാന്തയായ ‘ഭവാനി’യുമൊത്ത് ഇളാവൃതത്തിൽ ഏകനായി വാഴുന്നു. അവർ വാഴുന്ന ഇടത്തിൽ മറ്റാർക്കും പ്രവേശനമില്ല. അവിടെ പ്രവേശിക്കുന്ന പുരുഷൻമാർ അപ്പോൾത്തന്നെ സ്ത്രീകളായി മാറും. ഭവാനീദേവിയുടെ ഗണകോടികളാൽ സദാ പരിസേവിതനായ ഹരൻ സർവ്വഭൂതഹിതത്തിനായി ദേവീധ്യാനയോഗത്തിൽ നിലകൊള്ളുന്നു. ദേവിയുടെ ആത്മപ്രകൃതിയും തുരീയവുമായ താമസശക്തിയേയും മഹാദേവൻ ഉപാസിക്കുന്നു.

ശ്രീ ഭഗവാൻ പറഞ്ഞു: മഹാപുരുഷനും അപ്രമേയനും സർവ്വഗുണപ്രഭാവനും അനന്തനും അവ്യക്തനും ആയ ദേവനെ ഞാനിതാ നമിക്കുന്നു. ഭക്തജനത്തിനു സത്യത്തിന്റെ തിരിനാളം തെളിയിക്കുന്നവനും സകലവിധ ഐശ്വര്യങ്ങൾക്കും ഇരിപ്പിടമായവനും സംസാരദു:ഖത്തെ ഇല്ലാതാക്കുന്നവനും ഭവത്തിനു കാരണഭൂതനായവനും സർവ്വർക്കും ആശ്രയമായവനുമായ ദേവദേവേശന് നമസ്കാരം.

ക്രോധാദിദോഷങ്ങളെ ജയിച്ച ഞങ്ങൾക്ക് പോലും ഈ മായാജഗത്തിനെ നിയന്ത്രിക്കാനാവില്ല. എന്നാൽ അങ്ങ് മായയാൽ മോഹിതനാവാതെ തന്നെ ജഗത്തിനെ നിയന്ത്രിക്കുന്നു. അങ്ങിനെയുള്ള നിന്റെ ചിദ്രൂപത്തെ ഏതൊരു മുമുക്ഷുവാണ് ആശ്രയിക്കാതിരിക്കുക?

നിന്റെ കണ്ണുകൾ ചുവന്നു കലങ്ങിയത് മദ്യപിച്ചു മദോന്മത്തനായതുകൊണ്ടാണെന്ന് മായാമോഹിതർക്ക് തോന്നിയേക്കാം. നാഗസ്ത്രീകൾക്ക് നിന്റെ പാദങ്ങളെ പൂജിക്കാൻ ലജ്ജയാണെന്നും വരാം. എന്നാൽ അങ്ങ് സൃഷ്ടിയുടെ ബന്ധനങ്ങൾ ഒന്നുമേർപ്പെടാതെ സകല സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്കും കാരണമാകുന്നു. അനന്തനെന്ന് അങ്ങയെ വിളിക്കുന്നത് വെറുതെയല്ല. ആദിയും അന്തവുമില്ലാത്തയാളാണല്ലോ ഭഗവാൻ. ഭൂമണ്ഡലത്തെ ആയിരം ഫണങ്ങളിൽ ഏതോ ഒന്നിലൊരു കടുകുമണി പോലെ മാത്രം കണക്കാക്കുന്ന ഭഗവാന് നമസ്കാരം.

ആരുടെ മഹത്തത്വങ്ങൾ ഉടലാണ്ടാണ് സത്വപ്രധാനനായ ഹരിയും ബ്രഹ്മാവും ഉണ്ടായത്, ഏതിന്റെ പ്രഭാവത്താലാണ് ഞാനും ത്രിഗുണങ്ങൾ ആർജിച്ച് സൃഷ്ട്യാദികളിൽ ഭാഗഭാക്കാവുന്നത്, ആ ഭഗവാനെ ഞാൻ നമസ്ക്കരിക്കുന്നു. അങ്ങയുടെ നിയന്ത്രണത്തിനു വിധേയമായി ഞങ്ങൾ യന്ത്രപ്പാവകളെപ്പോലെ ദേവൻമാരടക്കമുള്ള ജീവജാലങ്ങളെ സൃഷ്ടിക്കുന്നു. മഹത്തത്വവും, ഇന്ദ്രിയങ്ങളും, ഭൂതസഞ്ചയങ്ങളും അവിടുത്തെ ആജ്ഞപ്രകാരമാണ് ഞങ്ങൾ പ്രകടമാക്കിയത്.

അങ്ങ് ഏല്പിച്ചതായ ഈ സൃഷ്ടികർമ്മം എന്ന മായാവിനോദത്തിൽ ഏർപ്പെട്ടതിനാൽ മോഹിതരായിത്തീർന്ന ഞങ്ങൾക്ക് ഈ കർമ്മപർവ്വത്തിൽ നിന്നും പുറത്ത് കടക്കാൻ ആവുന്നില്ല. ഈ അറിവില്ലായ്മയ്ക്ക് കാരണവും അവിടുന്നു തന്നെ. അങ്ങിനെയുള്ള വിലയോദയസ്വരൂപിയായ നിന്നെ ഞാൻ നമസ്കരിക്കട്ടെ.

ശ്രീ നാരായണൻ തുടർന്നു. ദേവീഗണപരിസേവിതനായ രുദ്രൻ ഇളാവൃതത്തിന്റെ ദേവനായ സങ്കർഷണനെ ഉപാസിക്കുന്നു. അതുപോലെ ധർമ്മപുത്രനായ ഭദ്രശ്രവസ്സും സേവകരും ഭദ്രാശ്വവർഷത്തിൽ ഭഗവാന്റെ മൂർത്തി ഭേദമായ ഹയഗ്രീവനെ പൂജിക്കുന്നു. സമാധിയൊഴികെയുള്ള വ്യാപാരങ്ങളെ ഭക്തിപൂർവ്വമുള്ള പൂജകൾ കൊണ്ട് തടഞ്ഞാണ് അവര്‍ ഭഗവാനെ ഉപാസിക്കുന്നത്.

ഭദ്രശ്രവസ്സുകൾ പറഞ്ഞു: എത്ര വിചിത്രമാണ് മനുഷ്യന്റെ പ്രവൃത്തികൾ ! മൃത്യു തൊട്ടുമുന്നിൽ വന്നിട്ടും അവരതറിയുന്നില്ല. അച്ഛനെയും മകനെയും പട്ടടയിൽ വെച്ചിട്ടു പോലും ഭോഗേച്ഛകൊണ്ടു് അവർ പാപികളായി വാഴുന്നു. ജ്ഞാനികൾ ഈ ലോകം നശ്വരമാണെന്ന് പറയുന്നു. അവരത് കാണുന്നുണ്ട്. എങ്കിലും അവിടുത്തെ മായാ വൈഭവത്താൽ മനുഷ്യർ മോഹബദ്ധരാവുന്നു. അവിടുത്തെ മഹാത്ഭുതമായ ലീലാവിലാസത്തെ ഞാനിതാ കുമ്പിട്ടു നമസ്കരിക്കുന്നു.

ഈ ജഗത്തിന്റെ കാരണമായിരിക്കുമ്പോഴും നിന്നെയത് ബാധിക്കുന്നില്ല. ബന്ധിക്കുന്നില്ല. അങ്ങാണല്ലോ എല്ലാറ്റിന്റെയും ആത്മസത്ത. പണ്ട് വേദങ്ങളെ ദൈത്യൻമാർ അപഹരിച്ചപ്പോൾ ഹയഗ്രീവനായി വന്ന് അവയെ രസാതലത്തിൽ നിന്നും ഉയർത്തിക്കൊണ്ടുവന്ന് ബ്രഹ്മദേവനെ ഏല്പിച്ച ഹയഗ്രീവഭഗവാനെ ഞങ്ങൾ നമസ്കരിക്കുന്നു.

ഭദ്രശ്രവസ്സുകൾ ഭഗവാനെ വർണ്ണിച്ചു സ്തുതിക്കുന്ന ഭാഗം പഠിക്കുന്നവർക്കും കേൾക്കുന്നവർക്കും പാപമൊഴിഞ്ഞ് ജഗദംബികയുടെ ഇരിപ്പിടമായ മണിദ്വീപത്തിൽ എത്തുവാൻ കഴിയും.

Friday, December 9, 2016

ദിവസം 205 ശ്രീമദ്‌ ദേവീഭാഗവതം. 8- 7. മഹാമേരു വര്‍ണ്ണനം

ദിവസം 205 ശ്രീമദ്‌ ദേവീഭാഗവതം. 8 - 7. മഹാമേരു വര്‍ണ്ണനം

ഗിരിം മേരും തു പൂർവേണ ദ്വൗ ചാഷ്ടാദശ യോജനൈ:
സഹസ്രൈരായതൗ ചോദഗ്ദ്വിസഹസ്രം പൃഥുച്ചകൗ
ജഠരോ ദേവകൂടശ്ച താവേതൗ ഗിരിവര്യകൗ
മേരോ: പശ്ചിമതോf ദ്രീ ദ്വൗ പാവമാനസ്തഥാപര:

ശ്രീനാരായണൻ തുടർന്നു: വടക്കോട്ട് പതിനെണ്ണായിരം യോജന നീളവും രണ്ടായിരം യോജന വീതം വണ്ണവും പൊക്കവും ഉള്ള രണ്ട് മലനിരകൾ മേരുപർവ്വതത്തിന്റെ കിഴക്കായി നീണ്ടു വിസ്താരമാര്‍ന്നു കിടക്കുന്നു. അവ ജഠരം, ദേവകൂടം എന്നീ പേരുകളിൽ അറിയപ്പെടുന്നു. മേരുവിന്റെ പടിഞ്ഞാറായി പവമാനം, പാരിയാത്രം എന്നീ രണ്ടു പർവ്വതനിരകളും ഉണ്ടു്. മേരുവിന്റെ തെക്കായി കിഴക്കോട്ട് നീണ്ടു കിടക്കുന്ന പർവ്വതങ്ങളാണ് കൈലാസവും കരവീരവും. വടക്കുഭാഗത്തുള്ളവയ്ക്ക് ത്രിശൃംഗം, മകരം എന്നാണ് പേരുകൾ. ഇങ്ങിനെ നാലു ദിക്കുകളിലുമായി എട്ടു മലനിരകളാൽ ചുറ്റപ്പെട്ട മേരുപർവ്വതം കത്തിജ്വലിക്കുന്ന സൂര്യന്റെ കാന്തിയോടെ നിലകൊള്ളുന്നു.

മേരുവിന്റെ ഉച്ചിയിലാണ് പതിനായിരം യോജന വിസ്താരമുള്ള ബ്രഹ്മനഗരം നിലകൊള്ളുന്നത്. സുവർണ്ണമയമെന്ന് മഹാത്മാക്കൾ പറയുന്ന അവിടം സമചതുരത്തിലാണ് വിന്യസിച്ചിട്ടുള്ളത്. ബ്രഹ്മപുരത്തെ സംരക്ഷിച്ചുകൊണ്ടു് അഷ്ടദിക് പാലകരുടെ സ്വർണ്ണമയമായ നഗരങ്ങൾ നിലകൊള്ളുന്നു. രണ്ടായിരത്തി അഞ്ഞൂറ് യോജന വിസ്താരമുള്ള ഈ പുരങ്ങൾ ഓരോന്നിന്റെയും നിറം അതത് ദിക് പാലകന്റെ നിറഭേദമനുസരിച്ചാണ് ഉള്ളത്. അങ്ങിനെ മനോവതി, അമരാവതി, തേജോവതി, സംയമനി, കൃഷ്ണാംഗന, ശ്രദ്ധാവതി, ഗന്ധവതി, മഹോദയാ, യശോവതി എന്നിവയാണ് ആ ഒൻപത് നഗരങ്ങൾ. മനോവതി ബ്രഹ്മാവിന്റെ പുരമാണ്.

മേരുവിന്റെ മൂർദ്ധാവിൽ കാണപ്പെടുന്ന വലിയൊരു കുഴി വാമനരൂപത്തിൽ മഹാവിഷ്ണു മഹാബലിയുടെ യജ്ഞത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഉണ്ടാക്കിയതാണ്. ത്രിവിക്രമനായ വിഷ്ണുവിന്റെ ഇടതുകാലിലെ പെരുവിരൽ നഖം കൊണ്ടുണ്ടായ ആ കുഴിയിൽ നിന്നുമാണ് ഗംഗാനദി ഉത്ഭവിച്ചത്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന പുണ്യതീർത്ഥമാണല്ലോ ഗംഗ. വിഷ്ണുപദി എന്നാണീ നദി അറിയപ്പെടുന്നത്.

ലോകത്തിന്റെ നെറുകയിൽ എത്തിയ ഗംഗാദേവി അവിടെത്തന്നെ ഏറെക്കാലം നിന്നിരുന്നു. ആ സ്ഥാനം വിഷ്ണുപദം എന്ന പേരിൽ പ്രശസ്തമാണ്. ഉത്താനപാദന്റെ മകനായ ധ്രുവൻ രാജർഷിയായി വിഷ്ണുപദധൂളികൾ ശിരസ്സിലണിഞ്ഞ് വാഴുന്നത് ഇവിടെയാണ്. വിഷ്ണുപദത്തിന്റെ മഹിമയറിയുന്ന സപ്തർഷികളും ഇവിടെത്തന്നെയാണ് വിരാജിക്കുന്നത്. ഗംഗാനദി, തപസ്സനുഷ്ഠിക്കുന്നവർക്ക് സിദ്ധികളെ പ്രദാനം ചെയ്യുന്ന പുണ്യനദിയാണെന്നറിയുന്ന ഋഷിമാർ തങ്ങളുടെ ജടാ ജൂടങ്ങളോടെ നിത്യവും അതില്‍ മുങ്ങി നീരാടുന്നു.

വിഷ്ണുപദത്തിൽ നിന്നും പുറപ്പെടുന്ന ഗംഗ, ദേവയാനത്തിലൂടെ സഞ്ചരിച്ച് ചന്ദ്രമണ്ഡലത്തെ നനച്ച് ഒടുവിൽ ബ്രഹ്മലോകത്ത് വന്നെത്തുന്നു. അവിടെ നിന്ന് ഗംഗാദേവി നാല് പ്രവാഹങ്ങളായി പിരിഞ്ഞാണ് സമുദ്രത്തെ ലക്ഷ്യമാക്കി ഒഴുകുന്നത്. സീതാ, ചക്ഷു, അളകനന്ദാ, ഭദ്രാ എന്നീ നാമങ്ങളിൽ അവ സുപ്രസിദ്ധങ്ങളാണ്.

ദേവപൂജിതയായ സീതാനദി ബ്രഹ്മപുരത്തിൽ നിന്നുമൊഴുകിയിറങ്ങി സുമേരുവിന്റെ കേസരം പോലുള്ള പാർശ്വങ്ങളിൽ കൂടി ഭദ്രാശ്വവർഷത്തിലൂടെ കടന്ന് ഒടുവിൽ ക്ഷാരസമുദ്രത്തിൽ പതിക്കുന്നു. മാല്യവാന്റെ നിറുകയിൽ നിന്നാണ് ചക്ഷുനദി പുറപ്പെടുന്നത്. അത് കേതുമാലത്തിലൂടെ ഒഴുകി പടിഞ്ഞാറുളള കടലിൽ ചെന്നു വീഴുന്നു. മൂന്നാം ഗംഗയായ അളകനന്ദ ബ്രഹ്മലോകത്തു നിന്ന് പുറപ്പെട്ട് തെക്കോട്ട് ഒഴുകി മലകളെയും കാടുകളെയും അതിക്രമിച്ച് ഹേമകൂടം വഴി ഭാരതഭൂവിനെ വേണ്ട പോലെ നനച്ച് ഫലഭൂയിഷ്ടമാക്കി തെക്കേസമുദ്രത്തിൽ ചെന്നു വീഴുന്നു. ഈ പുണ്യ നദിയിലെ സ്നാനം രാജസൂയം, അശ്വമേധം, എന്നിവയുടെ ഫലം സാധകന് നേടിക്കൊടുക്കുന്നു. ശൃംഗവാനിൽ നിന്നും പുറപ്പെടുന്ന നാലാം ഗംഗയായ ഭദ്രാനദി ഉത്തരകുരു പ്രദേശങ്ങളെ നനച്ചുകൊണ്ടു് വടക്കേ കടലിൽ പതിക്കുന്നു. മൂന്നു ലോകങ്ങളെയും പവിത്രമാക്കാൻ പോന്നതാണ് ഈ പ്രവാഹം.

മേരു-മന്ദരപർവ്വതങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന അനേകം നദികൾ വേറെയുണ്ടു്. ഓരോരോ രാജ്യങ്ങൾ തോറും ഒഴുകുന്ന ചെറിയ നദികൾ ഇനിയുമുണ്ട്. ഈ പറഞ്ഞയിടങ്ങളിൽ ഭാരതം മാത്രമേ കർമ്മഭൂമിയായി അറിയപ്പെടുന്നുള്ളു. മറ്റുളള എട്ട് വർഷങ്ങളും ഭൂമിയിലുളളവർക്ക് സ്വർഗ്ഗാനുഭവം നല്‍കാനായി നിലകൊള്ളുന്നു. അവിടങ്ങളിലാണ് മനുഷ്യർ കർമ്മഫലങ്ങൾക്കനുസൃതമായി പൂണ്യങ്ങൾ അനുഭവിക്കുന്നത്. അവിടെയെത്തുന്നവർ ദേവതുല്യരായി പതിനാറായിരം വർഷം ആയുസ്സോടെ, പതിനായിരം ആനകളുടെ കരുത്തോടെ, ഭാര്യാസമേതം രമിച്ചു സസുഖം വാഴുന്നു.  അവിടുത്തെ സ്ത്രീകൾ ആയുസ്സ് തീരുന്നതിന് ഒരു കൊല്ലം മുമ്പ് പോലും ഗർഭം ധരിക്കാനാവുന്ന വിധത്തിൽ യുവത്വമുള്ളവരാണ്. ആ ലോകങ്ങളിലെ ജീവിതം എന്നും ത്രേതായുഗസമമത്രേ.

Sunday, December 4, 2016

ദിവസം 204 ശ്രീമദ്‌ ദേവീഭാഗവതം. 8- 6. ജംബ്വാദി വൃക്ഷവര്‍ണ്ണനം

ദിവസം 204 ശ്രീമദ്‌ ദേവീഭാഗവതം. 8- 6. ജംബ്വാദി വൃക്ഷവര്‍ണ്ണനം

അരുണോദാനദീ യാതു മയാ പ്രോക്താ ച നാരദ
മന്ദരാന്നിപതന്തീ സാ പൂർവേണേളാവൃതം പ്ളവേത്
യജ്ജോഷണാദ്ഭവാന്യാശ്ചാനുചരീണാം സ്ത്രിയാമപി
യക്ഷഗന്ധർവ്വപത്നീനാം ദേഹഗന്ധവഹോ fനില:

ശ്രീ നാരായണൻ പറഞ്ഞു. മന്ദരഗിരിയിൽ നിന്നും ഉത്ഭവിക്കുന്ന അരുണാനദി ഇളാവൃതത്തിനു കിഴക്കായി ഒഴുകുന്നു. ഭവാനീദേവിയും തോഴിമാരും ഇതിൽ നീരാടുന്നതിനാൽ അവരുടെ ദേഹങ്ങൾ സൌരഭ്യം നിറഞ്ഞതായിരിക്കുന്നു. ആ ശരീരങ്ങളെ തഴുകി വീശുന്ന കാറ്റിലും സുഗന്ധമുണ്ട്. പത്തുയോജന വിസ്താരത്തിൽ ആ പരിമളം പരന്നൊഴുകുന്നു.

ജംബൂഫലങ്ങൾ ഉയരെയുള്ള ശിഖരങ്ങളിൽ നിന്നും അടർന്നു താഴെവീണു പൊട്ടിച്ചിതറി അതിലെ പഴച്ചാറ് ഊറിക്കൂടി ജംബൂ നദിയുണ്ടായി. അത് മേരുവിൽ നിന്നും ഉത്ഭവിച്ച് ഇളാവൃതത്തിന്റെ തെക്കേദിക്കിലൂടെ ഒഴുകുന്നു. ജംബ്വാനി ദേവി അവിടെയുള്ള ദേവൻമാർക്കും താപസർക്കും നാഗൻമാർക്കും രാക്ഷസർക്കും ഒരുപോലെ അഭിവന്ദ്യയാണ്. ദേവി അവരിൽ കാരുണ്യവർഷം ചൊരിയുന്നു. പാപികളെ പരിശുദ്ധരാക്കുന്നു. രോഗങ്ങളെ ഇല്ലാതാക്കുന്നു. വിഘ്നങ്ങളെ നശിപ്പിക്കുന്നു.

കോകിലാക്ഷി, കാമകലാ, കരുണാ, കാമപൂജിത, കഠോര വിഗ്രഹാ, ധന്യാ, നാകമാന്യാ, ഗഭസ്തനീ, മുതലായ നാമങ്ങൾ കൊണ്ടു് മനുഷ്യർ ഈ ദേവിയെ പൂജിക്കുന്നു. ഈ നദിക്കരയിലെ മണ്ണ് ഞാവൽപ്പഴത്തിന്റെ നീരു വീണു കുഴഞ്ഞ് കാറ്റും വെയിലും കൊണ്ട് ഉണങ്ങി കട്ടിപിടിച്ചു വജ്രം പോലെ തിളങ്ങുന്നതിനാൽ അതെടുത്ത് വിദ്യാധര സ്ത്രീകൾ ആഭരണങ്ങൾ ഉണ്ടാക്കി അണിയുന്നു.

ജംബൂ നദിക്കരയിൽ നിന്നു കിട്ടുന്ന സ്വർണ്ണം ദേവനിർമിതമെന്നു് പറയപ്പെടുന്നു. അതെടുത്ത് ദേവൻമാർ തങ്ങളുടെ കാന്തകൾക്കായി കിരീടം, അരഞ്ഞാണം, തോൾവള എന്നിവയെല്ലാം ഉണ്ടാക്കി സമ്മാനിക്കുന്നു.

സുപാർശ്വപർവ്വതത്തിൽ ഒരു വലിയ കടമ്പുമരമുണ്ട്. അതിന്റെ ശിഖരങ്ങളിൽ നിന്നും അഞ്ചു ധാരകൾ മലയുടെ ഉച്ചിയിൽ വീണ് മധു പ്രവാഹമായി ഇളാവൃതത്തിന്റെ പടിഞ്ഞാറ് വശത്ത് ഒഴുകുന്നു. ഈ അരുവികളിലെ ജലം സേവിക്കുന്ന ദേവൻമാരിൽ നിന്നും നിർഗ്ഗളിക്കുന്ന പരിമണം വീശി അവിടമെല്ലാം സുഗന്ധമയമായിരിക്കുന്നു. അവിടെ ദേവി ധാരേശ്വരിയായി കുടികൊള്ളുന്നു. മഹാനന, ദേവപൂജ്യാ, കാലരൂപാ, മഹോത്സാഹാ, കർമ്മഫലദാ, കാമകോടി പ്രവർത്തിനി, കാന്താരഗ്രഹണേശ്വരി എന്നിങ്ങിനെയുള്ള നാമങ്ങളാൽ ദേവി പ്രകീർത്തിക്കപ്പെടുന്നു. സർവ്വ ദേവൻമാരും അവളെ പൂജിക്കുന്നു.

കുമുദപർവ്വതത്തിൽ ശതബലം എന്ന പേരിൽ ഒരു കൂറ്റൻ ആൽമരമുണ്ട്. അതിൽ നിന്നും താഴോട്ട് തൂങ്ങിക്കിടക്കുന്ന വേടുകളിലൂടെ പാൽ, തൈര്, തേൻ, നെയ്യ്, ശർക്കര, അന്നം, വസ്ത്രം, ശയ്യകൾ, ആസനം, ആഭരണം എന്നിവ ഒഴുകിയിറങ്ങുന്നു. അങ്ങിനെ സകലവിധത്തിലുള്ള ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റാൻ പോന്നതാണീ വടവൃക്ഷം. ഇവയൊഴുകുന്ന സ്ഥലത്തിന്റെ ദേവതയാണ് മീനാക്ഷീദേവി. സ്വർഗ്ഗവാസികളായ ദേവൻമാരുടെ അഭീഷ്ടങ്ങൾ സാധിപ്പിക്കുന്ന മീനാക്ഷീദേവിക്ക് നീലക്കാർകൂന്തലും നീലത്തുകിലും ചാരുതയേറ്റുന്നു. എന്നാലവൾ രൗദ്രമുഖിയുമാണ്. മീനാക്ഷീദേവി, അതിമാന്യാ, അതിപൂജാ, മത്തമാതംഗഗമിനി, മാനപ്രിയാ, മാനപ്രിയാന്തരാ, മദനോൻമാദിനി, മാരവേഗധരാ, മാരപൂജിതാ, മാരമാദിനി, മയൂരവരശോഭാഢ്യാ, മയിൽവാഹനനെ ഗർഭം ധരിച്ചവൾ, എന്നിത്യാദി നാമഗുണസ്തുതികളാൽ ദേവി പൂജിക്കപ്പെടുന്നു. അവളുടെ നാമസ്മരണയും ജപവും സാധകർക്ക് ആത്മവിശ്വാസം നൽകുന്നു.

ഈ നദികളിലെ വെള്ളം കുടിക്കുന്നവർക്ക് ജരാനരകളോ ക്ഷീണമോ വിയർപ്പോ ദുർഗ്ഗന്ധമോ ഉണ്ടാവുകയില്ല. അവരിൽ മൃത്യുഭയവും ഉണ്ടാവുകയില്ല. ചൂടും ശീതക്കാറ്റുമൊന്നും അവരുടെ മുഖത്തിന്റെ സൗന്ദര്യം മങ്ങാനിടയാക്കുകയില്ല. അവർക്ക് സുഖികളായി ജീവിക്കാം.

സുവർണ്ണവര്‍ണ്ണത്തിലുള്ള മഹാഗിരിയായ സുമേരുവിനെപ്പറ്റിപ്പറഞ്ഞാൽ അതിവിശേഷമാണ്. അതിനു ചുവടെയായി ഇരുപതു പർവ്വതനിരകളുണ്ട്. പൂക്കളിലെ ബീജകോശകേസരങ്ങൾ പോലെ അവയുടെ ശിഖരങ്ങൾ അവിടെ പൊങ്ങി നില്ക്കുന്നു. കുരംഗം, കുരഗം, കുസുഭം, വികങ്കതം, ത്രികൂടം, ശിശിരം, പതംഗം, രുചകം, നിഷധം, ശീതി, വാസം, കപിലം, ശംഖം, വൈഡൂര്യം, ചാരുധി, ഋഷഭം, ഹംസം, നാഗം, കാലഞ്ജരം, നാരദം എന്നീ നാമങ്ങളിൽ ആ പാര്‍വ്വതശിഖരങ്ങള്‍  അറിയപ്പെടുന്നു.

Saturday, December 3, 2016

ദിവസം 203 ശ്രീമദ്‌ ദേവീഭാഗവതം 8-5. ഭുവനലോക വര്‍ണ്ണനം

ദിവസം 203 ശ്രീമദ്‌ ദേവീഭാഗവതം 8-5. ഭുവനലോക വര്‍ണ്ണനം

ദേവർഷേ ശൃണു വിസ്താരം ദ്വീപവർഷ വിഭേദിത:
ഭൂമണ്ഡലസ്യ സർവസ്യ യഥാ ദേവപ്രകല്പിതം
സമാസാത്സം പ്രവക്ഷ്യാമി നാലം വിസ്തരത: ക്വചിത്
ജംബുദ്വീപ: പ്രഥമത: പ്രമാണേ ലക്ഷയോജന:

ശ്രീ നാരായണൻ പറഞ്ഞു: ഈശ്വരകൽപ്പിതമായി ഭൂമിയെ എങ്ങിനെയൊക്കെയാണ് ദ്വീപവ്യവസ്ഥ ചെയ്ത് വെച്ചിരിക്കുന്നതെന്ന് ഇനി ചുരുക്കത്തിൽ പറഞ്ഞു തരാം. ആദ്യമായുള്ളത് ലക്ഷം യോജന വലുപ്പമുള്ള ജംബു ദ്വീപം . അതിവിശാലവും താമരയല്ലിപോലെ വൃത്താകാരവുമായ ഇതിൽ ഒൻപത് ഭൂഭാഗങ്ങളുണ്ട്. അവയോരോന്നും ഒൻപതിനായിരം യോജന വലുപ്പമുള്ളതാണ്. നീണ്ടു കിടക്കുന്ന എട്ട് പർവ്വതനിരകളാൽ ഇവ വേർതിരിക്കപ്പെട്ടിരിക്കുന്നു. ഇതിന്‍റെ തെക്കും വടക്കുമുള്ള ഭൂവിഭാഗങ്ങൾ വില്ലുപോലെ വളഞ്ഞ് കിടക്കുന്നു. നാലെണ്ണം നീളത്തിലാണ്. മദ്ധ്യ ഭാഗത്തുള്ള ഇളാവൃതം ചതുരത്തിലാണ്. അതിന്റെ ഒത്ത നടുക്ക് ലക്ഷം യോജന ഉയരത്തിൽ സുവർണ്ണനിറത്തോടെ സുമേരു പർവ്വതം നിലകൊള്ളുന്നു. ഭൂഗോളമെന്ന താമരയുടെ ബീജകോശം പേലെയാണ് സുമേരു നില്‍ക്കുന്നത്. ഇതിന്റെ മേൽത്തട്ടിന് മുപ്പത്തീരായിരം യോജന വിസ്തൃതിയുണ്ട്. ഭൂമിക്കടിയിലുള്ള ഭാഗത്തിന് പതിനാറായിരം യോജനയാണ് വലുപ്പം.

സുമേരുവിന് വടക്കായി നീലം, ശ്വേതം, ശൃംഗവാൻ എന്നീ മൂന്നു പർവ്വതങ്ങൾ വേറെയുമുണ്ട്. ഇവയെല്ലാം അതിർത്തികളാണ്. രമ്യകം, ഹിരണ്മയം, കുരുവർഷം എന്നീ രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്നത് ഈ പർവ്വതനിരകളാണ്. ഇവയുടെ അറ്റങ്ങൾ ഉപ്പുവെള്ളം നിറഞ്ഞ സമുദ്രത്തെ തൊട്ടു കിടക്കുന്നു. നീല പർവ്വതത്തിന് രണ്ടായിരം യോജനയാണ് നീളം. അതിനെക്കാൾ പത്തു ശതമാനം നീളം കുറവാണ് ശ്വേതാദ്രിക്ക്. അതിലും പത്തു ശതമാനം കുറഞ്ഞ നീളമാണ് ശൃംഗവാനുള്ളത്. ഈ പർവ്വതനിരകളിൽ നിറയെ നദികളും തടാകങ്ങളുമുണ്ട്.

ഇളാവൃതത്തിനു തെക്കായി നിഷേധം, ഹേമകൂടം, ഹിമാലയം എന്നീ പർവ്വതങ്ങൾ നിലകൊള്ളുന്നു. കിഴക്കോട്ട് നീണ്ടു കിടക്കുന്ന ഇവയ്ക്ക് പതിനായിരം യോജനയാണ് ഉയരം. ഇവ ഹരിവർഷം, കിംപുരുഷം, ഭാരതം എന്നിങ്ങിനെ മൂന്നു രാജ്യങ്ങളെ വേര്‍തിരിച്ചു നിലകൊള്ളുന്നു. ഇളാവൃതത്തിനു പടിഞ്ഞാറായി മാല്യവാൻ, കിഴക്ക് ഗന്ധമാദനം എന്നീ പര്‍വ്വതനിരകളാണുള്ളത്. ഇവ രണ്ടും മുൻപു് പറഞ്ഞ നീലപർവ്വതം മുട്ടുവോളം രണ്ടായിരം യോജന നീളത്തിൽ നീണ്ടു കിടക്കുന്നു. കേതുമാലം, ഭദ്രാശ്വം എന്നീ വർഷങ്ങളെ തിരിച്ചു നിൽക്കുന്നതും ഈ പർവ്വതങ്ങളാണ്.

സുമേരുവിന്റെ കീഴെയായി മന്ദരഗിരി, മേരുമന്ദാരം, സുപാർശ്വകം എന്നീ മലനിരകളുണ്ട്. പതിനായിരം യോജന വിസ്താരവും ഉയരവും തികഞ്ഞ ഈ മലനിരകൾ സുമേരുവിന്റെ ചുറ്റുമായി വ്യാപിച്ചുകിടക്കുന്നു. മേരുവിനെ താങ്ങി നിൽക്കുന്ന തൂണുകൾ എന്ന പോലെ ആയിരം യോജന ഉയരവും നൂറ് യോജന വണ്ണവും ഉള്ള വൻമരങ്ങൾ ഇവിടെയുണ്ടു്. തേന്മാവ്, ഞാവൽ, കടമ്പ്, ആൽ എന്നിവയാണീ വന്‍വൃക്ഷങ്ങൾ. പർവ്വതങ്ങൾക്ക് ചേർന്ന കൊടിമരങ്ങൾ പോലെ ഇവ ശോഭിക്കുന്നു.

ഈ മരങ്ങളുടെ ശിഖരളേക്കാൾ വിസ്താരമേറിയ ദിവ്യസരസ്സുകൾ അവിടെ കാണാം. നന്ദനം, ചൈത്രരഥം, ബൈഭ്രാജം, സർവ്വഭദ്രം എന്നിങ്ങിനെ നാലു പൂങ്കാവനങ്ങൾ അവിടെയുണ്ട്. അവയ്ക്ക് ചുറ്റുമുള്ള തടാകങ്ങളിൽ പാൽ, തേൻ, കരിമ്പുനീർ, തെളിനീർ എന്നിവയാണ് നിറഞ്ഞു കിടക്കുന്നത്. ഇവയിലെ ജലം ആസ്വദിച്ച് ദേവൻമാർ ഐശ്വര്യ സമ്പത്തിനുടമകളാവുന്നു. രതിക്രീഡയ്ക്ക് ഉത്തമമാണ് നേരത്തേ പറഞ്ഞ നാലു പൂങ്കാവനങ്ങൾ. ഉപദേവതകളുടെ സ്തുതികൾ കേട്ട് ദേവൻമാർ അവിടെ സസുഖം വാഴുന്നു.

മന്ദരത്തിന്റെ ചുവട്ടിലുള്ള തേന്മാവിൽ നിന്നും താഴെ വീണു ചിതറുന്ന ഭീമാകാരങ്ങളായ മധുരഫലങ്ങളിൽ നിന്നും ഉതിരുന്ന പഴച്ചാറ് ഊറിക്കൂടിയാണ് അരുണാനദിയുണ്ടായത്. രക്തവർണ്ണത്തിലുള്ള ആ നദിയെ ദേവൻമാരും ദൈത്യന്മാരുമെല്ലാം പൂജിക്കുന്നു. സർവ്വപാപങ്ങളെയും ഇല്ലാതാക്കുന്ന അരുണാദേവി അവിടെ കുടികൊള്ളുന്നു. ദേവൻമാരും മറ്റും നാനാവിധ കാഴ്ചകളുമായി വന്ന് അരുണാദേവിയെ സ്തുതിക്കുന്നു. ദേവിയുടെ കടാക്ഷമൊന്നു കൊണ്ടു മാത്രം സാധകർക്ക് ക്ഷേമൈശ്വര്യങ്ങൾ ലഭിക്കുന്നു.

അരുണാദേവിയെ ആദ്യാ, മായാ, അതുലാ, അനന്താ, പുഷ്ടി, ഈശ്വരമാലിനി, ദുഷ്ടനാശിനി, കാന്തിദായിനി, എന്നിങ്ങിനെയെല്ലാം സ്തുതിച്ചുപൂജിച്ചുവരുന്നു. ആ ദേവിയുടെ പ്രഭാവമാണ് ഭൂമിയിൽ സ്വർണ്ണലോഹം കാണപ്പെടുവാനുള്ള കാരണമെന്ന് പറയപ്പെടുന്നു.

ദിവസം 202 ശ്രീമദ്‌ ദേവീഭാഗവതം. 8- 4. സപ്തദ്വീപവിഭാഗം

ദിവസം 202 ശ്രീമദ്‌ ദേവീഭാഗവതം. 8- 4. സപ്തദ്വീപവിഭാഗം

മനോ: സ്വായംഭുവസ്യാസീത് ജ്യേഷ്ഠ: പുത്ര: പ്രിയ വ്രത:
പിതു: സേവാപരോ നിത്യം സത്യധർമ്മപരായണ:
പ്രജാപതേർദുഹിതരം സുരൂപാം വിശ്വകർമ്മണ:
ബർഹിഷ്മതീം ചോപയമേ സമാനാം ശീലകർമ്മഭി:

നാരായണമുനി പറഞ്ഞു: സ്വായംഭുവ മനുവിന്റെ ജ്യേഷ്ഠപുത്രനായ പ്രിയവ്രതൻ ധർമാനുസാരം പിതാവിനെ ശുശ്രൂഷിച്ച് കഴിഞ്ഞുവന്നു. അദ്ദേഹം വിശ്വകർമ്മാവിന്റെ മകളായ ബഹിഷ് മതിയെ വിവാഹം കഴിച്ചു. സുന്ദരിയും സുശീലയുമായിരുന്നു അവൾ. അവർക്ക് പത്തുപുത്രൻമാരും ഊർജസ്വതി എന്നു പേരായ ഒരു പുത്രിയും ഉണ്ടായി. അഗ്നീധ്രൻ, ഇധ്മജിഹ്വൻ, യജ്ഞബാഹു, മഹാവീരൻ, രുക്മശുക്ളകൻ, ഘൃതപൃഷ്ഠൻ, സവനൻ, മേധാതിഥി, വീതിഹോത്രൻ, കവി, എന്നിങ്ങിനെ അഗ്നിനാമം പേറുന്ന പത്ത് പേരായിരുന്നു അവരുടെ പുത്രൻമാർ.

ഇവരിൽ കവി, സവനൻ, മഹാവീരൻ എന്നീ മൂന്നു പേർ പൂർണ്ണ വിരക്തരായി ആത്മവിദ്യാമാർഗ്ഗത്തിൽ മുഴുകി പരഹംസാശ്രമത്തിൽ കഴിഞ്ഞു. പ്രിയവ്രതന് മറ്റൊരു ഭാര്യയിൽ ഉത്തമൻ, താമസൻ, രൈവതൻ എന്നീ മൂന്നു പുത്രൻമാർ കൂടി ഉണ്ടായിരുന്നു. ഈ വീരൻമാർ മന്വന്തരാധിപതികളായി. പ്രിയവ്രതൻ ഭൂമിയെ ഐശ്വര്യ സമ്പൂർണ്ണമായി നൂറ്റിപ്പത്തുകോടി വർഷം ഭരിച്ചു.

ഒരിക്കൽ പ്രിയവ്രതൻ ഇങ്ങിനെ ചിന്തിച്ചു – ‘സൂര്യകിരണങ്ങള്‍ പതിക്കുന്നതുകൊണ്ട് ഭൂമിയിൽ ഒരു ഭാഗത്ത് വെളിച്ചവും മറുഭാഗത്ത് ഇരുട്ടമാണല്ലോ എപ്പോഴും ഉള്ളത്? ഈ വ്യത്യാസം എന്റെ യോഗബലത്താൽ ഇല്ലാതാക്കി ലോകത്ത് ഇരുട്ടിനെ തീരെ നശിപ്പിക്കണം. ഞാൻ രാജാവായിരിക്കുമ്പോൾ തമസ്സിനെ പ്രത്യക്ഷപ്പെടാൻ അനുവദിച്ചുകൂടാ.’

ഈ വിചാരത്തോടെ അദ്ദേഹം സൂര്യപ്രഭ മിന്നുന്ന ഒരു രഥമേറി ഭൂമിയെ ഏഴു വട്ടം അതിവേഗം പ്രദക്ഷിണം ചെയ്തു. അങ്ങിനെ ആ സമയത്ത് രഥം ഭൂമിയെ സദാ പ്രകാശിപ്പിച്ചു നിലകൊണ്ടു. ആ യാത്രയിൽ രഥചക്രങ്ങൾ പതിഞ്ഞ ഭൂഭാഗങ്ങൾ ആഴികളായി. ആ ഏഴു സമുദ്രങ്ങളൊഴിഞ്ഞുള്ള ഭൂമി ഏഴു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടു. ജംബൂ ദ്വീപം, പ്ലക്ഷദ്വീപം, ശാൽമലിദ്വീപം, കുശദ്വീപം, ക്രൗഞ്ചദ്വീപം, ശാകദ്വീപം, പുഷ്കരദ്വീപം എന്നീ ഏഴു ദ്വീപുകൾ ഓരോന്നും ക്രമത്തിൽ ഒന്നിനൊന്ന് ഇരട്ടി വലുപ്പമാണ്.

ഈ ദ്വീപങ്ങളെ ചുറ്റിയുള്ള സമുദ്രങ്ങളിൽ യഥാക്രമം ഉപ്പ് നീർ, കരിമ്പുനീർ, മദ്യം, നെയ്യ്, പാല്, തൈര്, തെളിനീര്, എന്നിവയാണുള്ളത്. ഇവയാണ് സപ്തസമുദ്രങ്ങൾ. പ്രിയവ്രതന്‍ ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട ജംബൂ ദ്വീപത്തിന്റെ അധിപതിയായി മകനായ അഗ്നീധ്രനെ നിയമിച്ചു. കരിമ്പുനീരാൽ ചുറ്റപ്പെട്ട പ്ലക്ഷദ്വീപത്തിന്റെ അധിപതി ഇധ്മജിഹ്വൻ. ചുറ്റിലും മദ്യം നിറഞ്ഞ ശാൽമലിദ്വീപത്തിന്റെ അധിപതി യജ്ഞബാഹുവായിരുന്നു. കുശദ്വീപിനു ചുറ്റും നെയ്യാണ്. അതിന്റെ അധിപൻ ഹിരണ്യരേതസ്സ്. പാൽക്കടലിനു മദ്ധ്യത്തിലുള്ള ക്രൗഞ്ചദ്വീപത്തിന്റെ രാജാവ് ഘൃതപ്രഷ്ഠൻ. തൈരിനാൽ ചുറ്റപ്പെട്ട ശാകദ്വീപിന്റെ അധിപൻ മേധാതിഥി. ശുദ്ധജലത്താൽ ചുറ്റപ്പെട്ട ദ്വീപായ പുഷ്കരത്തിന്റെ അധിപതി വീതിഹോത്രനായിരുന്നു.

പ്രിയവ്രതൻ തന്റെ പുത്രിയായ ഊർജ്ജസ്വതിയെ ശുക്രന് വിവാഹം ചെയ്തു കൊടുത്തു. അവരുടെ മകളാണ് ദേവയാനി.

സപ്തസമുദ്രങ്ങളും ദ്വീപുകളും സംരക്ഷിച്ചു ഭരിക്കാനായി പുത്രൻമാരെ ഏൽപ്പിച്ച് പ്രിയവ്രതൻ വിവേകപൂർവ്വം യോഗമാർഗ്ഗം കൈക്കൊണ്ടു.

Friday, December 2, 2016

ദിവസം 201 ശ്രീമദ്‌ ദേവീഭാഗവതം. 8-3. മനുവംശ കീര്‍ത്തനം

ദിവസം 201 ശ്രീമദ്‌ ദേവീഭാഗവതം. 8-3. മനുവംശ കീര്‍ത്തനം

മഹീം ദേവ: പ്രതിഷ്ഠാപ്യ യഥാസ്ഥാനേ ച നാരദ
വൈകുണ്ഠലോകമഗമദ് ബ്രഹ്മോവാച സ്വമാത്മജം
സ്വായംഭൂവ മഹാബാഹോ പുത്ര തേജസ്വിനാം വര
സ്ഥാനേ മഹീമയേതിഷ്ഠ പ്രജാ: സൃജ യഥോചിതം

നാരായണമുനി തുടർന്നു. ഭൂമിയെ യഥാസ്ഥാനത്ത് പ്രതിഷ്ഠിച്ച ശേഷം ശ്രീഹരി വൈകുണ്ഠത്തിലേയ്ക്ക് പോയി എന്നു പറഞ്ഞല്ലോ. ആ സമയത്ത് ബ്രഹ്മദേവൻ സ്വപുത്രനായ സ്വായംഭുവമനുവിനോട് ഇങ്ങിനെ പറഞ്ഞു. ‘മഹാബാഹോ സ്വായംഭൂവമനു, നീ ഭൂമിയിൽ വസിച്ച് സൃഷ്ടികർമ്മം സമാരംഭിക്കുക. യജ്ഞപുരുഷനായ ഭഗവാനെ കാലദേശങ്ങൾക്കു് ചേർന്ന രീതിയിൽ യഥോചിതം പൂജിക്കുക. ഭാഗവാനായി യജ്ഞദ്രവ്യങ്ങൾ അർച്ചിക്കുക. വർണ്ണാശ്രമധർമ്മങ്ങൾ വഴി പോലെ ആചരിച്ച് പ്രജാസൃഷ്ടി നടത്തുക. ഭഗവാനെ പ്രസീദനാക്കിയാൽ നിനക്കും പ്രജകൾക്കും ഉത്തരോത്തരം അഭിവൃദ്ധിയുണ്ടാകും.

നിന്നോളം തന്നെ ഗുണം, തേജസ്സ്, കീർത്തി, തുടങ്ങിയവ ഒത്തുചേർന്ന പുത്രൻമാരെ ജനിപ്പിച്ച് അവരെ വിദ്യാവിനയസമ്പന്നരാക്കി വളർത്തിയാലും. എന്നിട്ട് ആ കീർത്തിമാൻമാർക്ക് ചേർന്ന ഉത്തമ കന്യകളെ കണ്ടുപിടിച്ച് സഹധർമ്മചാരിണികളാക്കുക. പരമപുരുഷനിൽ മനസ്സ് ഏകാഗ്രമാക്കി നിർത്തി ഭക്തിയോഗസാധനയാൽ നീയും മഹായോഗികൾക്ക് മാത്രം പ്രാപ്യമായ പരമപദത്തെ പ്രാപിച്ചാലും.’

ഇത്രയും പറഞ്ഞ് ബ്രഹ്മാവ് സ്വധാമത്തിലേക്ക് മടങ്ങി. പ്രജാസൃഷ്ടി നടത്താൻ പിതാവ് ആജ്ഞാപിച്ചതിനനുസരിച്ച് സ്വായംഭുവമനു പ്രജാസർഗ്ഗം സമാരംഭിച്ചു. പ്രിയവ്രതൻ, ഉത്താനപാദൻ എന്നീ പുത്രൻമാരും ആകൂതി, ദേവഹൂതി, പ്രസൂതി എന്നീ പുത്രിമാരും അദ്ദേഹത്തിനുണ്ടായി. ആകൂതിയെ രുചിയും ദേവഹൂതിയെ കർദ്ദമനും പ്രസൂതിയെ ദക്ഷനും വിവാഹം ചെയ്തു. രുചിയുടെ പുത്രൻ ആദിപുരുഷനായ യജ്ഞനാണ്. കർദ്ദമപുത്രൻ കപിലൻ. അദ്ദേഹം സാംഖ്യാചാര്യനെന്ന നിലയിൽ പ്രസിദ്ധനായി. ദക്ഷനും പ്രസൂതിക്കും അനേകം പുത്രിമാരുണ്ടായി.

ഈ പരമ്പരയിൽ നിന്നാണ് ദേവൻമാരും മനുഷ്യരും മൃഗങ്ങളുമെല്ലാം ജനിച്ചു പെരുകി ഭൂമിയാകെ നിറഞ്ഞത്. സ്വായംഭുവ മന്വന്തരത്തിൽ പ്രജകളെ യാമ്യൻമാർ എന്നറിയപ്പെട്ട ദേവഗണത്തിന്റെ സഹായത്തോടെ ഭഗവാൻ യജ്ഞന്‍ രക്ഷോഗണരക്ഷചെയ്തു സംരക്ഷിച്ചു. കപിലൻ മഹായോഗിയായി സ്വമാതാവിനു ജ്ഞാനോപദേശം നൽകി. അദ്ധ്യാത്മജ്ഞാനത്തെ ഊട്ടി ഉറപ്പിക്കുന്ന ധ്യാനയോഗത്തിന്റെ ഉപദേഷ്ടാവെന്ന നിലയിൽ കപിലന്റെ ശാസ്ത്രപദ്ധതി കാപിലം എന്നു പ്രസിദ്ധമായി.

അദ്ദേഹം അമ്മയ്ക്ക് തത്വോപദേശം നൽകിയിട്ട് പുലഹാശ്രമത്തിലേക്ക് പോയി. അവിടെ അദ്ദേഹം ഇപ്പോഴും ആചാര്യനായി കഴിയുന്നു. ആ മഹർഷിവര്യന്റെ നാമസ്മരണയൊന്നു കൊണ്ടു തന്നെ സാംഖ്യയോഗം കരസ്ഥമാക്കാം. കപിലമുനിക്ക് എന്‍റെ നമസ്കാരം.

മനുവിന്റെ കന്യാവംശത്തെപ്പറ്റിയാണല്ലോ ഇതുവരെ പറഞ്ഞത്. ഇനി മനുവിന്റെ പുത്ര പരമ്പരയെപ്പറ്റി പറയാം. ആ ചരിതം കേൾക്കുന്നതുകൊണ്ടു് തന്നെ പരമപദപ്രാപ്തി ലഭ്യമത്രെ. അവരാണ് ഭൂമിയെ ദ്വീപ്, വർഷം, സമുദ്രം മുതലായവയാക്കി തിരിച്ച് വ്യവഹാര വ്യവസ്ഥകളും സർവ്വഭൂതസുഖത്തിനായുള്ള മറ്റ് കാര്യങ്ങളും നടപ്പിലാക്കിയത്.

Thursday, December 1, 2016

ദിവസം 200 ശ്രീമദ്‌ ദേവീഭാഗവതം. 8- 2. ധരോദ്ധാരാ കഥ

ദിവസം 200 ശ്രീമദ്‌ ദേവീഭാഗവതം. 8- 2. ധരോദ്ധാരാ കഥ

ഏവം മീമാംസതസ്തസ്യ പത്മയോനേ: പരന്തപ
മന്വാദിഭിർമുനിവരൈർ മരീച്യാദ്യൈ: സമന്തത:
ധ്യായതസ്തസ്യ നാസാഗ്രാദ്വിരിഞ്ചേ: സഹസാനഘ
വരാഹപോതോ നിരഗാദേകാംഗുലപ്രമാണത:

നാരായണ മുനി പറഞ്ഞു. മരീചി മുതലായ മുനിമാരും മനുവും ചുറ്റുമിരിക്കവേ ബ്രഹ്മാവ് ധ്യാനത്തിലാണ്ട് നിലകൊണ്ടു. ധ്യാനത്തിലിരിക്കുന്ന ബ്രഹ്മാവിന്റെ മൂക്കിൽ നിന്നും വിരൽ വലുപ്പത്തിൽ ഒരു പന്നിക്കുട്ടി പുറത്തുവന്നു. എന്നാൽ ഏവരും നോക്കി നിൽക്കേ ആ പന്നി ഭീമാകാരനായി വളര്‍ന്ന് ആകാശം മുട്ടി നിന്നു. ആകാശം മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു. അപ്പോൾ ഭൂമി ഉണ്ടായിരുന്നില്ലല്ലോ.

സനകാദികളും ബ്രഹ്മാവുമെല്ലാം പന്നിയുടെ രൂപം കണ്ടു് സന്ദേഹത്തിലായി. 'എങ്ങിനെയിത് ബ്രഹ്മാവിന്‍റെ മൂക്കിൽ നിന്നും ഉണ്ടായി? എങ്ങിനെയിത് നിമിഷ നേരം കൊണ്ടു് ഭീമാകാരമായി?’ എന്നെല്ലാം അവർ വിസ്മയപ്പെട്ടു. ‘ഇത് ഭഗവാന്റെ യജ്ഞമൂർത്തി തന്നെയാവുമോ?' ഇങ്ങിനെ അവർ ചിന്താകുലരായിരിക്കുമ്പോൾ ആ സൂകരം ഉച്ചത്തിൽ മുക്രയിട്ടു.

അലർച്ചകേട്ട് എല്ലാവരും മോദത്തോടെ പന്നിയെ നോക്കി. ആ ഒച്ച ദിഗന്തങ്ങളിൽ പ്രതിധ്വനിച്ചു. അവരുടെ ദു:ഖത്തെ ഇല്ലാതാക്കുന്ന ആ ഘുർഘുരാരവം ജനലോകത്തും തപോലോകത്തും സത്യലോകത്തും വസിക്കുന്ന സജ്ജനങ്ങൾക്ക് സന്തോഷമേകി. അവർ ഋക്, സാമം, അഥർവം എന്നിവയിലെ മന്ത്രങ്ങൾ കൊണ്ട് ആദി പുരുഷനെ സ്തുതിച്ചു.

ആദിപുരുഷനും ഈശ്വരനുമായ ഭഗവാൻ ഹരിയാണല്ലോ പന്നിയായി വന്നത്. അദ്ദേഹം, തന്നെ സ്തുതിക്കുന്ന മാമുനിമാരെ നോക്കിയൊന്നു പുഞ്ചിരിച്ച് പ്രളയജലത്തിലേക്ക് കുതിച്ചു ചാടി. ആ ചാട്ടത്തിൽ പന്നിയുടെ സടാ രോമജാലം വാരിധിയെ പീഡിപ്പിച്ചു. വാരിധി ഭഗവാനോടു് ‘രക്ഷിക്കണേ!’ എന്നപേക്ഷിച്ചു. ജലമിങ്ങിനെ അപേക്ഷിച്ചപ്പോൾ ഹരി ജലജീവികളെ തള്ളിമാറ്റി ആഴിയുടെ അടിത്തട്ടിലേക്ക് ഊളിയിട്ടു. അവിടെ ചുറ്റും മണത്തു നോക്കി നടക്കേ ഭഗവാൻ ഭൂമിയെ കണ്ടെത്തി.

വാരിധിക്കടിയിൽ ഭൂമിയെ കണ്ട ഭഗവാൻ തന്റെ തേറ്റ കൊണ്ട് സർവ്വജീവരാശികൾക്കും ആധാരമായ അതിനെ പൊക്കിയെടുത്തു. ദംഷ്ട്രയുടെ അറ്റത്ത് ഗോളാകൃതിയുള്ള ഭൂമിയെ താങ്ങി നിൽക്കുന്ന വരാഹരൂപത്തിലുള്ള ഹരി തുമ്പിക്കൈയ്യിൽ താമരപ്പൂ പിടിച്ചു നിൽക്കുന്ന ആനയെപ്പോലെ അവിടെ നിലകൊണ്ടു. തേറ്റ കൊണ്ടു് ധരയെ താങ്ങി നിൽക്കുന്ന ഭഗവാനെ ബ്രഹ്മാവും മന്വാദി മുനികളും ഇങ്ങിനെ വാഴ്ത്തി സ്തുതിച്ചു.

‘ഹേ സരോജാക്ഷ, ഭക്താർത്തി നാശന, സർവ്വ കാമഫലപ്രദ, സ്വർഗ്ഗത്തേക്കാളും ഉന്നതനായ ആദിദേവാ, ഭഗവാനേ, നമസ്കാരം. അവിടുന്ന് ജയിച്ചരുളിയാലും. അങ്ങ് ഭൂമിയെ ഇങ്ങിനെ താങ്ങി നിൽക്കുന്നത് കാണുമ്പോൾ താമരമൊട്ട് തുമ്പിക്കൈയ്യിൽ ഏന്തി നിൽക്കുന്ന കൊമ്പനാനയെ ഞങ്ങള്‍ക്ക് ഓർമ്മ വരുന്നു. ദേവേശനും ദാനവനിഗ്രഹാർത്ഥം നാനാ രൂപങ്ങൾ കൈക്കൊണ്ടവനുമായ അങ്ങേയ്ക്ക് നമസ്കാരം. നിന്റെ മുന്നിലും പിന്നിലും ഞങ്ങള്‍  വീണു നമസ്കരിക്കുന്നു. ഹേ ദേവപ്രഭോ, ഞങ്ങള്‍ അങ്ങയുടെ ആജ്ഞാനുവർത്തികളാണ്. അങ്ങ് നിശ്ചയിക്കുന്നത് അനുസരിച്ച് ബ്രഹ്മാവായ ഞാൻ സൃഷ്ടി നടത്തുകയും നടത്താതിരിക്കുകയും ചെയ്യുന്നു.

അങ്ങയുടെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് സുരർ അമൃതപാനം ചെയ്തത്. ഇന്ദ്രൻ ദേവരാജാവായത് നിന്റെ ഇച്ഛയാലാണ്. അഗ്നി ദേവാസുരനരവർഗ്ഗങ്ങൾക്ക് ജഡരാഗ്നിയായി തൃപ്തി നൽകുന്നതും അങ്ങയുടെ അനുഗ്രഹമാണ്. ധർമ്മരാജാവ് സർവ്വകർമ്മങ്ങൾക്കും സാക്ഷിയായി, കർമ്മഫലദാതാവായി പിതൃക്കൾക്ക് നാഥനായി വാഴാനും അങ്ങയുടെ കൃപയാണ് കാരണം.

യക്ഷകനായ നിരൃതി വിഘ്നവിനായകനായതും സർവ്വജീവരാശികളുടെ കർമ്മസാക്ഷിയായതും അങ്ങയുടെ പ്രാഭവം കൊണ്ടു മാത്രമാണ്. ജലാധിപനായ വരുണൻ ലോകത്തിന്റെ അധിപനായി വിളങ്ങുന്നത് അങ്ങയുടെ ആജ്ഞാബലം ഒന്നുകൊണ്ടു മാത്രമാണ്.

കാറ്റ് സുഗന്ധവാഹിയായതും പ്രാണികൾക്ക് പ്രാണവായുവായി നിലകൊള്ളുന്നതും ജഗദ്ഗുരുവായും നിന്റെ കല്പനപ്രകാരം മാത്രമാണ്. കുബേരൻ യക്ഷകിന്നരാദികളുടെ നാഥനായതും ദിക് പാലർക്ക് മുന്നിൽ മാന്യനായതും നിന്റെ കൃപയാലാണ്. സർവ്വ രുദ്രൻമാർക്കും അധിപനായ ഈശൻ മൃത്യുകാരകനായി സർവ്വദേവാധിപസ്ഥാനമലങ്കരിക്കുന്നതും നിന്റെ കല്പനയാൽ മാത്രം. കോടിക്കണക്കായ ദേവൻമാരിൽ ആരുടെ അംശങ്ങളാണോ പ്രോജ്വലിക്കുന്നത്, ആ ദേവദേവന് നമസ്കാരം

നാരായണമുനി തുടര്‍ന്നു: ബ്രഹ്മസ്തുതി കേട്ട് പ്രസീദനായ ഭഗവാൻ തന്റെ ലീലാകടാക്ഷം കൊണ്ടു് എല്ലാവരെയും അനുഗ്രഹിച്ചു. ആ സമയത്ത് ഭഗവാന്റെ മാർഗ്ഗം തടഞ്ഞു കൊണ്ടു് പ്രത്യക്ഷനായ ഹിരണ്യാക്ഷനെ ക്ഷണത്തിൽ ഹരി തന്റെ ഗദയാൽ വകവരുത്തി. അസുരന്റെ രക്തം ഭഗവാന്റെ ദേഹമാകെ ചുവപ്പിച്ചു. പിന്നീട് ഭഗവാൻ ഭൂമിയെ തേറ്റ കൊണ്ടുയർത്തി ജലത്തിനു മുകളിലായി ഉറപ്പിച്ചു നിർത്തിയിട്ട് സ്വധാമത്തിലേക്ക് മടങ്ങി. ഇതാണ് ഭഗവാൻ ഹരി ഭൂമിയെ ഉദ്ധാരണം ചെയ്തതിന്റെ വിസ്മയ കഥ. ഈ ഉത്തമ ചരിതം കേൾക്കുന്നവർക്ക് സർവ്വ പാപവിനിർമുക്തിയും വിഷണുപദസിദ്ധിയും ഉണ്ടാവും.