ദിവസം 184 ശ്രീമദ് ദേവീഭാഗവതം. 7.26. ഹരിശ്ചന്ദ്രപത്നീ സമാഗമം
തഥോfഥ ഭൂപതി: പ്രാഹ രാജ്ഞീം സ്ഥിത്വാ ഹൃധോമുഖ:
അത്രോപവിശ്യതാം ബാലേ പാപസ്യ പുരതോ മമ
ശിരസ്തേ ഛേദയിഷ്യാമി ഹന്തും ശക്നോതി
ചേത്കര:
ഏവമുക്ത്വാ സമുദ്യമ്യ ഖഡ്ഗം ഹന്തും ഗതോ നൃപഃ
തന്‍റെ യജമാനനായ ചണ്ഡാളന്‍ വീണ്ടും ആജ്ഞാപിച്ചപ്പോള്‍ ഹരിശ്ചന്ദ്രൻ മുഖം കുനിച്ച് അവളോടു്, 'ഈ പാപിയുടെ മുന്നിൽ വന്നിരിക്ക് പെണ്ണേ' എന്നു
പറഞ്ഞു.
‘എന്റെ കൈ പൊങ്ങുമെങ്കിൽ ഈ വാളുകൊണ്ട് നിന്റെ തല ഞാൻ ഇപ്പോൾത്തന്നെ അറുത്തേക്കാം.' ഇത്രയും പറഞ്ഞു് അദ്ദേഹം വാളുയർത്തി. അപ്പോഴും അവർ പരസ്പരം അറിഞ്ഞില്ല.
‘എന്റെ കൈ പൊങ്ങുമെങ്കിൽ ഈ വാളുകൊണ്ട് നിന്റെ തല ഞാൻ ഇപ്പോൾത്തന്നെ അറുത്തേക്കാം.' ഇത്രയും പറഞ്ഞു് അദ്ദേഹം വാളുയർത്തി. അപ്പോഴും അവർ പരസ്പരം അറിഞ്ഞില്ല.
രാജ്ഞി പറഞ്ഞു. ‘അല്ലയോ ചണ്ഡാളാ, ദയവു ചെയ്ത് മനസ്സുണ്ടായി എന്റെ വാക്കുകൾ കേട്ടാലും. കാശി നഗരത്തിനു വെളിയിൽ പെരുവഴിയിൽ
ഒരിടത്ത് എന്റെ മകൻ മരിച്ചു കിടക്കുന്നുണ്ട്. അവന്റെ ദേഹം കൊണ്ടുവന്നു
സംസ്കരിക്കുവോളം സാവകാശം തന്നാലും. അതിനു ശേഷം ഈ വാൾ എന്റെ കഴുത്തിൽ
വീണുകൊള്ളട്ടെ.’
‘ശരി നീ വേഗം പോയി ആ പിണം കൊണ്ടുവാ’, എന്ന് ചണ്ഡാളൻ സമ്മതിച്ചു.
മകന്റെ ദേഹത്തിനരികെ അവളോടിയെത്തി വിങ്ങിപ്പൊട്ടിക്കരഞ്ഞു. വിലപിച്ച് ഓരോന്നു പറഞ്ഞു് കരഞ്ഞുകൊണ്ടു് ആ മെലിഞ്ഞുണങ്ങിയ ബാലദേഹം അവൾ ചുടലക്കാട്ടിൽ എടുത്തുകൊണ്ടുവന്നു കിടത്തി.
മകന്റെ ദേഹത്തിനരികെ അവളോടിയെത്തി വിങ്ങിപ്പൊട്ടിക്കരഞ്ഞു. വിലപിച്ച് ഓരോന്നു പറഞ്ഞു് കരഞ്ഞുകൊണ്ടു് ആ മെലിഞ്ഞുണങ്ങിയ ബാലദേഹം അവൾ ചുടലക്കാട്ടിൽ എടുത്തുകൊണ്ടുവന്നു കിടത്തി.
'രാജാവേ, കൂട്ടുകാരുമൊത്ത് കാട്ടിൽപ്പോയ നമ്മുടെ മകൻ
സർപ്പദംശനമേറ്റ് മരിച്ചു കിടക്കുന്നത് കണ്ടുവോ?.' എന്നെല്ലാം പറഞ്ഞു് രാജ്ഞി
വിലപിക്കുന്നതു കേട്ട ഹരിശ്ചന്ദ്രൻ മൃതദേഹത്തിന്റെ മുഖം മൂടിയിരുന്ന തുണി മാറ്റി
നോക്കി.
രാജാവും രാജ്ഞിയും പരസ്പരം കണ്ടാൽ അറിയാത്ത വിധം രൂപം കെട്ടു് മാറിപ്പോയിരുന്നു. രാജാവ് മുടിയെല്ലാം
ജടപിടിച്ചും ദേഹം ചടച്ചുമെല്ലിച്ചുണങ്ങി കറുത്തിരുണ്ടും പോയിരുന്നു. എന്നാൽ
വിഷബാധയേറ്റ് കിടക്കുന്ന ബാലൻ ക്ഷീണിതനെങ്കിലും രാജലക്ഷണങ്ങൾ ഉളളവനാണെന്ന് ആ
ശ്മശാന ജോലിക്കാരനായ ഹരിശ്ചന്ദ്രന് തോന്നി. ഉയർന്ന മൂക്ക്, പൂർണ്ണചന്ദ്രാഭ തിളങ്ങുന്ന മുഖം, കണ്ണാടി
പോലെ മിന്നുന്ന കവിൾത്തടം, കറുത്ത് നീണ്ടിടതൂർന്ന മുടി, ചെന്തൊണ്ടിപ്പഴച്ചുണ്ടുകൾ,
വിശാലമായ മാറും നീണ്ട ബാഹുക്കളും, കുഴിഞ്ഞ നാദിച്ചുഴി, ഉയർന്ന തടിച്ച കഴുത്ത്,
മൃദുവായ പാദങ്ങൾ. ‘കഷ്ടം!, ഇവനെ കണ്ടിട്ട് ഒരു രാജകുമാരനെപ്പോലെ തോന്നുന്നു.’
പെട്ടെന്ന് ഇവൻ തന്റെ മകനാണ് എന്നാ ഹതഭാഗ്യൻ തിരിച്ചറിഞ്ഞു.
‘ഭയങ്കരനായ യമൻ ഇവനെ എടുത്തല്ലോ’ എന്നദ്ദേഹം മനസാ വിലപിച്ചു മൗനം പൂണ്ടുനിന്നു.
അപ്പോൾ രാജ്ഞി ഇങ്ങിനെ ഓരോന്ന് ചൊല്ലി കരയാൻ തുടങ്ങി. ‘ആരുടെ
പാപഫലമാണീശ്വരാ ഇവനീ ഗതി വന്നത്? ഹാ കാന്താ, അങ്ങിപ്പോൾ എവിടെയാണ്? രാജ്യം പോയി,
സുഹൃത്തുക്കൾ നഷ്ടപ്പെട്ടു, ഭാര്യയേയും മകനേയും വില്ക്കേക്കണ്ടതായി വന്നു. എന്‍റെ നാഥനായ രാജാ ഹരിശ്ചന്ദ്രന് എന്തൊക്കെ
ദുരിതങ്ങളാണ് സഹിക്കേണ്ടി വന്നത്?’
ഇതു കേട്ടപ്പോൾ അദ്ദേഹത്തിന് തന്റെ പ്രിയ പത്നിയെ
തിരിച്ചറിയാനായി. രാജ്ഞിയും അദ്ദേഹത്തെ തിരിച്ചറിഞ്ഞപാടേ മോഹാലസ്യപ്പെട്ടു താഴെ
വീണു. പിന്നീടു് ബോധം തെളിഞ്ഞപ്പോൾ ദുഖപാരവശ്യത്തിൽ ആർത്തരായി രണ്ടാളും ദീനദീനം
വിലപിച്ചു.
‘ഹാ മകനേ,
കുറുനിരകൾ കൊണ്ട് മനോഹരമായിരുന്ന നിന്റെ മുഖം ഇങ്ങിനെ കണ്ടിട്ടും എന്റെ ഹൃദയം എന്തു കൊണ്ടു് താനേ പിളരുന്നില്ല?
നീ അച്ഛാ എന്നു വിളിച്ച് ഓടി വരുമ്പോൾ, മോനേയെന്നു വിളിച്ചു നിന്നെ പുണരുവാന ഇനിയെനിക്കാവില്ലല്ലോ.
നിന്റെ കാൽമുട്ടിലെ മണ്ണും പൊടിയും എന്റെ ഉത്തരീയത്തെ അഴുക്കാക്കാൻ ഇനി
കഴിയില്ലല്ലോ. എനിക്ക് നിന്നെ താലോലിച്ച് മതി വന്നിട്ടില്ല. അങ്ങിനെയുള്ള നിന്നെ
ഞാൻ കേവലം ധനത്തിനായി വിറ്റവനാണ്. എന്റെ രാജ്യവും ധനവുമെല്ലാം നഷ്ടപ്പെട്ടു. ഇപ്പോളിതാ സർപ്പദംശനമേറ്റ നിന്റെ മുഖകമലം ഇങ്ങിനെ
കാണാനും ഇടയായി. വിധിയുടെ ഘോരസർപ്പത്തിന്റെ വിഷം എന്നെയും തീണ്ടിയിരിക്കുന്നു’ എന്നു പറഞ്ഞ് ആ നൃപൻ ബാലന്റെ
ദേഹത്തിനു മുകളിൽ മൂർച്ഛിച്ചു വീണു.
'ഇദ്ദേഹം, നരവ്യാഘ്രമായി വിലസിയിരുന്ന എന്റെയാ രാജാവ് തന്നെ.
ശബ്ദം കേട്ടാൽ അറിയാം. എന്നാൽ അദ്ദേഹമെങ്ങിനെ ഈ ചുടുകാട്ടിൽ പണിയെടുക്കുന്നു?
എള്ളിൻ പൂവു പോലുള്ള നാസികയും മുല്ലപ്പൂദന്തങ്ങളും ഇപ്പോഴും തിരിച്ചറിയാം.’
പെട്ടെന്നവൾ ഭർത്താവിനെ തിരികെ കിട്ടിയതിൽ ഒന്നു സന്തോഷിച്ചു. പിന്നെ
അത്ഭുതപ്പെട്ടു. ദുഖം താങ്ങാനാവാതെ വീണ്ടും മൂർച്ഛിച്ചു വീണു.
ബോധം തെളിഞ്ഞ പാടേ അവൾ വിലാപം തുടർന്നു. ‘വിധിയെത്ര ക്രൂരൻ!
ദേവതുല്യനായ രാജാവിനെ നീ ചണ്ഡാളനാക്കി. നിന്ദ്യനും കാരുണ്യമില്ലാത്തവനുമാണ് വിധി.
നാടും ധനവും അപഹരിച്ച് ഭാര്യയെയും പുത്രനെയും വില്പിച്ച് അദ്ദേഹത്തെ നിസ്വനാക്കി.’
നാട്ടിലെ പ്രഭുക്കളും സാമന്തരും അവരുടെ ഉത്തരീയം കൊണ്ടു്
അദ്ദേഹത്തിന്റെ നടപ്പാത പോലും തുടച്ചു കൊടുക്കുമായിരുന്നു. ആ രാജാവിപ്പോൾ
ശവക്കോടിയും തലയോടും മൺകലവും ശവമാലയും കൈകാര്യം ചെയ്യുന്നു. ചാരം, പാതിവെന്ത അസ്ഥി,
മജ്ജ, വസ, എന്നിവയാൽ അദ്ദേഹത്തിന്‍റെ
മുടി മലിനമായി ഒട്ടിയും തലയില്‍ പൊറ്റ പിടിച്ചുമിരിക്കുന്നു. അദ്ദേഹത്തിനിവിടെ
കൂട്ടിന് കഴുകനും കറുനരിയും ശവം തിന്നാനെത്തുന്ന തടിച്ചുകൊഴുത്ത പക്ഷിമൃഗാദികളും
മാത്രം. ശവപ്പുക കൊണ്ട് കറുത്ത കരിമ്പടക്കെട്ടുയർത്തിയ അന്തരീക്ഷം.’
‘രാജാവേ ഇത് സത്യമാണോ? അതോ സ്വപ്നമോ?’ എന്നു പറഞ്ഞു കൊണ്ടു്
അവർ രാജാവിന്റെ കഴുത്ത് തന്റെ കൈകളാൽ തഴുകി. ഇത് സത്യമാണെങ്കിൽ ‘ധർമ്മം എന്നും രക്ഷിക്കും’
എന്നു പറയുന്നത് ശരിയല്ല എന്ന് പറയേണ്ടതായി വരും. ബ്രാഹ്മണപൂജ ചെയ്തിട്ടും ദേവൻമാർക്ക്
അർഘ്യം നൽകിയിട്ടും എന്താണ് ഫലം? മഹാധർമിഷ്ഠനായ നിനക്കിതാണല്ലോ അനുഭവം. നേരും
നെറിയും അഹിംസയും ആർജ്ജവവും ദയയുമെല്ലാം ആവശ്യമില്ലാത്ത കാര്യങ്ങളാണെന്ന് ഇപ്പോൾ
തെളിഞ്ഞു.’
രാജാവ് തന്റെ അവസ്ഥ ഭാര്യയെ പറഞ്ഞു കേൾപ്പിച്ചു. സ്വയം ചണ്ഡാളന് വിറ്റതും.
ചുടലക്കാരനായതുമായ കഥ അദ്ദേഹം ഭാര്യയോട് പറഞ്ഞു. പുത്രന്റെ മരണവൃത്താന്തം
രാജ്ഞിയും പറഞ്ഞു. രാജാവ് വീണ്ടും മോഹാലസ്യപ്പെട്ടു. മകന്റെ ജഡത്തെ പുൽകി.
ചുംബിച്ചു.
അപ്പോൾ സധൈര്യം രാജ്ഞി പറഞ്ഞു. ‘ഇനി അങ്ങയുടെ യജമാനൻ
പറഞ്ഞതുപോലെ എന്റെ ഗളച്ഛേദം നടത്തുക. സ്വാമിദ്രോഹി എന്നൊരു ചീത്തപ്പേര്
അങ്ങേയ്ക്ക് ഉണ്ടാവരുത്.’
‘നിഷ്ഠൂരമായ ഇക്കാര്യം പറയാൻ നിനക്കെങ്ങിനെ സാധിച്ചു? പറയാൻ
പോലും മടിക്കുന്ന കാര്യം എങ്ങിനെയാണ് എനിക്കു ചെയ്യാനാവുക’ എന്ന് ഹരിശ്ചന്ദ്രൻ വിലപിക്കേ അദ്ദേഹം വീണ്ടും മോഹാലസ്യപ്പെട്ടു
‘ഞാൻ ഭഗവതിയെയും ദേവൻമാരെയും ബ്രാഹ്മണരെയും എന്നും പൂജിച്ചിട്ടേ യുള്ളൂ . അടുത്ത
ജന്മത്തിലും അങ്ങെന്റെ കാന്തനായിരിക്കും എന്നെനിക്കുറപ്പുണ്ട്.’ എന്നവള്‍ ആശ്വസിപ്പിച്ചു.
‘എനിക്കീ ദുഖം താങ്ങാനുള്ള കഴിവില്ല ദേവീ. ഞാനിപ്പോൾ എന്റെ വരുതിയിലല്ല.
എന്റെ ഭാഗ്യദോഷം നോക്കൂ. സ്വയം തീയിൽ ചാടി മരിക്കാമെന്നു വച്ചാൽ ചണ്ഡാളന്റെ അനുവാദമില്ലാതെ
പോയിട്ട് വീണ്ടും ചണ്ഡാളദാസനായി പുനര്‍ജനിക്കേണ്ടി വരും. അതുകഴിഞ്ഞാലും രൗരവ നരകം
അങ്ങിനെയുള്ളവർക്കാണ്. എന്റെ കുലം നിലനിർത്താനായി ഒരു മകനുണ്ടായി. എന്നാൽ അവന്റെ
ഗതി കണ്ടില്ലേ?’
‘ഞാനെങ്ങിനെ ഈ പ്രാണനുപേക്ഷിക്കും? എന്നാല്‍ ഈ അഴൽക്കടൽ
തന്നെ എന്റെ പ്രാണനെടുത്തേക്കും എന്ന് തോന്നുന്നു. അസിപത്രവന നരകം, വൈതരണി, ഇവകളിലെ കഠിനജീവിതം പുത്രദുഖത്തിനു തുല്യം
ദുരിതമയമാവില്ല എന്നു തീർച്ച. എന്റെ മകനെ ദഹിപ്പിക്കുന്ന പട്ടടയിൽ ചാടി ഞാനും
ജീവനൊടുക്കും. നീയെന്നെ തടുക്കരുത്. പ്രിയേ എന്നോടു് ക്ഷമിക്കുക.എനിക്കിനി ഈ ദുഖം
താങ്ങാൻ വയ്യ.’
‘ഞാൻ പറയുന്ന ഒരു കാര്യം മാറി കൂടാതെ നീ അനുസരിക്കണം. നിന്നെ ഞാൻ കൊല്ലാതെ വിടുന്നു. നീ നിന്റെ യജമാനനായ ബ്രാഹ്മണന്‍റെ ഗൃഹത്തിലേക്ക് തിരികെപ്പോയാലും. ഈ ജന്മത്തില്‍ ഗുരുക്കൻമാരെ തൃപ്തരാക്കിയും ദാനം
നൽകിയും ഞാൻ എന്തെങ്കിലും പുണ്യമാർജ്ജിച്ചുവെങ്കിൽ പരലോകത്ത് ഞാൻ നിന്നെയും മകനെയും സന്ധിക്കും. നിന്നോടു് കളിയായി ഞാൻ എന്തെങ്കിലും അഹിതം പറഞ്ഞിട്ടുണ്ടെങ്കിൽ,
അല്ലെങ്കിൽ നേരമ്പോക്കിന് നിന്നോട് അരുതാത്തതെന്തെങ്കിലും ചെയ്തു
പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. അവിടെ, ആ വിപ്രഗൃഹത്തിൽ രാജപത്നിയാണെന്ന ഭാവം നീ
കാണിക്കരുത്. ഞാന്‍ നിന്നെ അവര്‍ക്ക് വിറ്റതാണല്ലോ. ദാസിയെന്ന നിലയിൽ അവരെ പ്രസാദിപ്പിക്കലാണ്
നിന്റെ കടമ.’
അപ്പോൾ രാജ്ഞി പറഞ്ഞു. ‘ഞാനും ഈ ചിതയിൽ ചാടി മരിക്കാൻ
പോവുന്നു. പ്രഭോ അങ്ങയോടൊപ്പം സ്വർഗ്ഗനരകങ്ങൾ അനുഭവിക്കാൻ എന്നെ അനുവദിച്ചാലും.’
‘എന്നാലങ്ങിനെയാവട്ടെ’ എന്ന് ഹരിശ്ചന്ദ്രന്‍ സമ്മതം നൽകി.
No comments:
Post a Comment