Devi

Devi

Friday, October 7, 2016

ദിവസം 178 ശ്രീമദ്‌ ദേവീഭാഗവതം. 7. 20. ദക്ഷിണാദാനയത്നം.

ദിവസം 178    ശ്രീമദ്‌ ദേവീഭാഗവതം7. 20. ദക്ഷിണാദാനയത്നം.

അദത്വാ തേ ഹിരണ്യം വൈ ന കരിഷ്യാമി ഭോജനം
പ്രതിജ്ഞാ മേ മുനി ശ്രേഷ്ഠാ വിഷാദം ത്യജ സുവ്രത
സൂര്യവംശ സമുദ്ഭൂത: ക്ഷത്രിയോഹം മഹീപതി:
രാജസൂയസ്യ  യജ്ഞവ്യ കർത്താ വാഞ്ഛിതദോ നൃപ:

ഹരിശ്ചന്ദ്രൻ പറഞ്ഞു: മുനേ വാഗ്ദാനം ചെയ്തതുപോലെ ദക്ഷിണ നൽകാതെ ഞാൻ ഇനി ഭക്ഷണം കഴിക്കില്ല. അതിനായി അങ്ങ് വിഷമിക്കണ്ട. ഞാൻ സൂര്യവംശജനായ ക്ഷത്രിയ രാജാവാണ്. രാജസൂയം ചെയ്ത് ദാനശീലൻ എന്ന പേര് കേട്ടിട്ടുള്ളവനുമാണ് ഞാൻ.  ആലോചിച്ചുറക്കാതെ  ചെയ്ത ദാനമാണെങ്കിലും കൊടുക്കാമെന്നു പറഞ്ഞാൽ അത് ചെയ്യുക തന്നെ വേണം എന്നെനിക്കറിയാം. അതിനായി അങ്ങ്  ഒരൽപം ക്ഷമിക്കണം. ധനം കയ്യിൽ കിട്ടിയാൽ അപ്പോൾത്തന്നെ ഞാനാ കടം വീട്ടിക്കൊള്ളാം.

വിശ്വാമിത്രൻ പറഞ്ഞു: ഇനിയിപ്പോൾ അങ്ങേയ്ക്ക് എവിടുന്നാണ് ധനം കിട്ടുക? നാടും വിത്തവും ബലവും കയ്യിൽ നിന്നും പോയില്ലേ? ഇനി നിർധനനായ അങ്ങയെ ഞാനായിട്ട് കഷ്ടപ്പെടുത്തിയെന്നു വേണ്ട. എന്റെ കയ്യിൽ അങ്ങേയ്ക്ക് ദക്ഷിണ നല്കാനുള്ള സ്വർണ്ണമില്ല. അതുകൊണ്ടു് ദാനം തരാൻ വയ്യ എന്ന് പറഞ്ഞ് അങ്ങ് ഭാര്യാ പുത്രാദികളെ കൂട്ടി എങ്ങോട്ടാണ് പോവേണ്ടതെന്നു വച്ചാൽ ആയിക്കോളൂ. കിട്ടാനിടയില്ലാത്ത കടത്തെപ്പറ്റിയുള്ള  എന്റെ  ആഗ്രഹം ഞാൻ ഉപേക്ഷിച്ചു കൊള്ളാം.

ഉടനെ രാജാവ് പറഞ്ഞു: അതു വേണ്ട ബ്രാഹ്മണാ. ഞാനാ കടം വീട്ടുക തന്നെ ചെയ്യും. എന്റെയീ ദേഹവും ഭാര്യാപുത്രൻമാരുടെ ദേഹവും പണിയെടുക്കാൻ കഴിവുള്ളത് തന്നെയാണ്. ഞങ്ങൾ ഏതെങ്കിലും ധനികന്റെ ദാസൻമാരാകാം. കാശി നഗരത്തിൽ ഞങ്ങളെ വിലയ്ക്ക് വാങ്ങാൻ തീർച്ചയായും ആളുണ്ടാവും. ഈ മൂന്നു തടി വിറ്റാൽ രണ്ടര ഭാരം സ്വർണ്ണം കിട്ടാൻ പാടുണ്ടാവില്ല. അങ്ങേയ്ക്ക് ഇതുമൂലം ദുഖമൊന്നും ഉണ്ടാവരുത്.

രാജാവ് കുടുംബസമേതം വാരാണസി നഗരത്തിലെത്തി. സാക്ഷാൽ ശിവപാർവ്വതിമാർ വാണരുളുന്ന പുണ്യനഗരിയാണ് കാശി. ആദ്യം തന്നെ അദ്ദേഹം ഗംഗയിൽ കളിച്ച് പിതൃബലി നടത്തി. വിശ്വേശ്വരപൂജ ചെയ്ത് ഓരോരോ കാഴ്ചകൾ കണ്ടു. 'ഈ നാടിന്റെ നാഥൻ സാക്ഷാൽ പരമശിവൻ തന്നെ' എന്നദ്ദേഹം മനസ്സിൽ കണ്ടു.

പെട്ടെന്നവിടെ വിശ്വാമിത്രൻ പ്രത്യക്ഷപ്പെട്ടു. രാജാവ് പറഞ്ഞു: ‘എന്റെ പത്നിയും പുത്രനുമടക്കം ഞങ്ങൾ മൂവരും അങ്ങേയ്ക്ക് അധീനമാണ്.’

അങ്ങ് ദക്ഷിണയുടെ കാര്യം മറന്നുവോ? ആ പ്രതിജ്ഞ ചെയ്തിട്ട് മാസമൊന്നു കഴിയാൻ പോവുന്നു.

മാസം കഴിഞ്ഞിട്ടില്ല മഹാമുനേ. ഇനിയും പകുതി ദിവസങ്ങൾ അതിൽ ബാക്കിയുണ്ടു്.

ശരി. എന്നാൽ ഞാൻ പോയി വരാം എന്നായി മഹർഷി. ഇനി അവധി പറഞ്ഞു കളിപ്പിക്കാൻ നോക്കരുത്. അല്ലെങ്കിൽ എന്റെ ശാപശക്തി എത്രയുണ്ടെന്ന് നീ അനുഭവിച്ചറിയും.

ഇനിയെങ്ങിനെ ധനം കണ്ടെത്തും?ആരുടെ കയ്യിൽ നിന്നും സംഭാവന വാങ്ങുന്നത് ശരിയല്ല. പിന്നെ യാചന ചെയ്ത് പണമുണ്ടാക്കുന്നത് അതിലേറെ നിന്ദ്യം. ദാനം, അദ്ധ്യയനം, യജനം എന്നീ രാജവൃത്തികൾ വേണ്ട പോലെ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, ഏറ്റുപോയ ദക്ഷിണാ ദാനം ചെയ്യാതെ പോയാൽ എനിക്ക് പരലോകത്തും ഗതിയുണ്ടാവില്ല. അടുത്ത ജന്മം കൃമിയായോ അധമനായോ ജനിച്ചേക്കാം. അല്ലെങ്കിൽ പുനര്‍ജനിക്കാൻ ഉചിതയോനികൾ കിട്ടാതെ പ്രേതമായി അലഞ്ഞു തിരിയാനും ഇടയായി എന്നു വരാം.

ഇങ്ങിനെ മനപ്രയാസത്തോടെയിരിക്കുന്ന തന്റെ നാഥനെ ഭാര്യ ആശ്വസിപ്പിച്ചു 'ദുഖം വെടിഞ്ഞാലും പ്രഭോ. എന്തുവന്നാലും നമുക്ക് സ്വധർമ്മ പരിപാലനം നടത്തണം.  സത്യം വെടിയുന്ന പുരുഷനെ  ഒരു പിണത്തെയെന്ന പോലെ ഉപേക്ഷിക്കുകയാണ് വേണത്. സത്യ പരിപാലനത്തോളം ശ്രേഷ്ഠമായ മറ്റൊരു കർമ്മവും മനുഷ്യന് അനുഷ്ടിക്കാനില്ല. അഗ്നിഹോത്രം മുതലായ യജ്ഞങ്ങൾ പോലും സത്യം പാലിക്കാൻ കഴിയാതെയിരുന്നാൽ വിഫലമായിത്തീരും. അസത്യം നരകത്തിലേക്ക് നയിക്കുമ്പോൾ സത്യം മോക്ഷദായകമത്രേ. നൂറ് അശ്വമേധവും രാജസൂയവും നടത്തിയിട്ടും ഒരു തവണ അസത്യമുച്ചരിച്ചതു മൂലം മഹാനായ യയാതിക്കുണ്ടായ പതനം എത്ര വലുതായിരുന്നു?

അപ്പോൾ രാജാവ് പറഞ്ഞു. വംശം  നിലനിർത്താൻ നമുക്കൊരു മകനുണ്ടല്ലോ. ഇനി നാമെന്താണ് ചെയ്യേണ്ടത്? നീതന്നെ ഒരു പോംവഴി പറയൂ.

'ഭര്‍ത്താവിനു വംശം നിലനിര്‍ത്താനായി ഒരു മകനെ നൽകുക എന്നത്  ഭാര്യയുടെ കടമയാണ്. അങ്ങേയ്ക്കായി ഞാനൊരു പുത്രനെ തന്നു കഴിഞ്ഞ സ്ഥിതിക്ക് ഇനി എന്റെ ആവശ്യമില്ല. എന്നെ വിറ്റു കിട്ടുന്ന പണം കൊണ്ടു് അങ്ങ് കടം വീട്ടുക.’

രാജ്ഞിയുടെ വാക്കുകൾ കേട്ട് രാജാവ് മോഹാലസ്യപ്പെട്ടു വീണു. ഒടുവിൽ ബോധം വന്നപ്പോൾ ഇങ്ങിനെ വിലപിച്ചു. 'നിനക്കീ കഠിനമായ  കാര്യം പറയാൻ എങ്ങിനെ തോന്നി? നിന്റെ പുഞ്ചിരിയും തേൻമൊഴിയും ഈ പാപിക്ക് മറക്കാൻ കഴിയുമോ?ഭാര്യയെ വിൽക്കുക എന്ന ചിന്ത തന്നെ അസഹനീയമായി രാജാവ് വീണ്ടും മൂർഛിച്ചു വീണു.

കഷ്ടം, മഹാരാജാവേ, മറ്റുള്ളവർക്ക് ആശ്വാസം നൽകേണ്ട അവിടുന്നിങ്ങിനെ ദുർബ്ബലനായിപ്പോയല്ലോ !. അനേകം ബ്രാഹ്മണർക്ക് കൈയയച്ച് ദാനം ചെയ്ത മന്നവനിതാ കൊടിമരം താഴെ വീണതുപോലെ ഭൂമിയിൽ വീണു കിടക്കുന്നു. ഈശ്വരാ, ഇന്ദ്രസമം പ്രതാപവാനായ രാജാവിന്റെ ദുസ്ഥിതി എത്ര പരിതാപകരം!. വിധിയെന്തിനാണ് ഞങ്ങളെ ഇങ്ങിനെയൊരു വിപത്തിൽ വീഴ്ത്തി പീഡിപ്പിക്കുന്നത്? ഇങ്ങിനെ വിലപിച്ചുകൊണ്ടു് രാജ്ഞിയും മോഹാലസ്യപ്പെട്ടു.

അപ്പോഴേക്കും ചെറുബാലനായ മകൻ വിശന്നു കരഞ്ഞുതുടങ്ങി. അച്ഛാ അമ്മേ, വല്ലാതെ വിശക്കുന്നു. എന്തെങ്കിലും കഴിക്കാൻ തരൂ എന്നവന്‍ ആർത്തു നിലവിളിക്കാൻ തുടങ്ങി.

No comments:

Post a Comment