Devi

Devi

Saturday, October 1, 2016

ദിവസം 177 ശ്രീമദ്‌ ദേവീഭാഗവതം. 7. 9. രാജ്യഹരണം

ദിവസം 177    ശ്രീമദ്‌ ദേവീഭാഗവതം7. 9. രാജ്യഹരണം

ഇതി തസ്യ വച: ശ്രുത്വാ  ഭൂപതേ: കൗശികോ മുനി:
പ്രഹസ്യ പ്രത്യുവാചേദം ഹരിശ്ചന്ദ്രം തദാ നൃപം
രാജംസ്തീർത്ഥമിദം പുണ്യം പാവനം പാപനാശനം
സ്നാനം കുരു മഹാഭാഗ പിതൃണാം തർപ്പണം തഥാ

രാജാവിന്റെ വാക്കുകൾ കേട്ട് കൗശികൻ പുഞ്ചിരിച്ചുകൊണ്ടു് പറഞ്ഞു. ‘രാജാവേ, ഇതൊരു പുണ്യതീർത്ഥമാണ്. പരിപാവനമായ ഈ തീർത്ഥത്തിൽ സ്നാനം ചെയ്ത് പിതൃക്കൾക്കായി പിണ്ഡമർപ്പിക്കുന്നത് അതിവിശേഷമാണ്. ഇപ്പോള്‍  അതിനു പറ്റിയ മുഹൂർത്തവുമാണ്. ഇവിടെയെത്തിയിട്ട് ശ്രാദ്ധ കർമ്മം നടത്താതെ മടങ്ങുന്നത് ആത്മഹത്യക്ക് തുല്യമാണെന്ന് സ്വയംഭുവമനു പോലും പറഞ്ഞിട്ടുണ്ട്. ഇവിടെ വന്നെത്തിയ സ്ഥിതിക്ക് ശ്രാദ്ധമൊക്കെ  ചെയ്ത് ദാനവും  നടത്തി കൊട്ടാരത്തിലേക്ക് മടങ്ങുന്നതാണ്‌ നല്ലത്. കർമ്മം നടത്താൻ ഞാൻ സഹായിക്കാം അതു കഴിഞ്ഞ് നഗരത്തിലയ്ക്കുള്ള വഴി ഞാൻ തന്നെ കാണിച്ചു തരാം. എന്നിട്ട് ഞാനും അങ്ങേയ്ക്കൊപ്പം കൊട്ടാരത്തിലേയ്ക്ക് വരാം.

കപട വേഷത്തിലാണ് ഈ ബ്രാഹ്മണൻ എന്നറിയാതെ ഹരിശ്ചന്ദ്രൻ കുതിരയെ അടുത്തുള്ള മരത്തില്‍ കെട്ടിയ ശേഷം വസ്ത്രമഴിച്ച് പിതൃകർമ്മത്തിനായി നദിയിലിറങ്ങി. കർമ്മാവസാനം ദക്ഷിണയ്ക്ക് സമയമായി. രാജാവ് പറഞ്ഞു: ‘ഇനി അങ്ങേയ്ക്ക് ദാനമായി എന്തു വേണം എന്ന് പറയൂ. ആനയോ കുതിരയോ പശുക്കളേയോ ഭൂമിയോ എന്തും ചോദിച്ചു കൊള്ളൂ. രാജസൂയം നടത്തിയ സമയത്ത് ഞാനൊരു പ്രതിജ്ഞയെടുത്തിരുന്നു. അതു പ്രകാരം അങ്ങ് ചോദിക്കുന്നതെന്തും തരാൻ ഞാൻ ബാദ്ധ്യസ്ഥനാണ്. ഇപ്പോഴീ പുണ്യതീർത്ഥത്തിൽ അങ്ങേയ്ക്ക് ദാനം ചെയ്യാനുള്ള അവസരം ഞാൻ വേണ്ട പോലെ വിനിയോഗിക്കാം.’

വിശ്വാമിത്രൻ പറഞ്ഞു: ‘കേട്ടിട്ടുണ്ടു് മഹാരാജാവേ, കേട്ടിട്ടുണ്ട്. അങ്ങയുടെ ദാനശീലം ലോകം മുഴുവൻ പ്രസിദ്ധമല്ലേ? മാത്രമല്ലാ മഹർഷി വസിഷ്ഠൻ പറഞ്ഞിട്ടുള്ളത് ത്രിശങ്കുപുത്രനായ അങ്ങയെപ്പോലെ ദാനശീലനായി മറ്റാരുമില്ല, ഇനിയുണ്ടാകാനും പോകുന്നില്ല എന്നാണ്. സൂര്യവംശത്തിൽ അങ്ങയെപ്പോലെ മറ്റൊരാൾ ഉണ്ടായിട്ടില്ല. എന്റെ ആഗ്രഹം ചെറുതാണ്. മകന്റെ വേളിക്കായി കുറച്ചു ധനം വേണം.അതേയുള്ളൂ.’

രാജാവ് പറഞ്ഞു: 'അതിനെന്താ വേളി നടത്തിക്കൊള്ളൂ. അതിനായി എത്ര ധനം വേണമെങ്കിലും ഞാൻ തരാം.’

രാജാവിനെ വഞ്ചിക്കുവാനുളള ഉദ്ദേശത്തോടെ വിശ്വാമിത്രൻ തന്റെ മായാ ശക്തി കൊണ്ടു് ഒരു ബ്രാഹ്മണ യുവാവിനെയും പത്തു വയസ്സുള്ള കന്യകയെയും  ഉണ്ടാക്കിയിട്ട്  അവരുടെ വിവാഹമാണ് നടത്തേണ്ടത് എന്നറിയിച്ചു. കള്ളത്തരം മനസ്സിലാവാഞ്ഞ രാജാവ് ബ്രാഹ്മണൻ പറഞ്ഞതുപോലെ  എല്ലാം ചെയ്തു. 

‘ബ്രാഹ്മണ വിവാഹം നടത്തിക്കൊടുക്കുന്നത് അതീവ പുണ്യ പ്രദമാണെന്നും' അദ്ദേഹം രാജാവിനെ ധരിപ്പിച്ചു.

വിവാഹശേഷം ബ്രാഹ്മണൻ കാട്ടിക്കൊടുത്ത വഴിയിലൂടെ രാജാവ് കൊട്ടാരത്തിലെത്തി. പിന്നീട് കൗശികൻ കൊട്ടാരത്തിലെത്തി രാജാവിനെ കണ്ടു.

അഗ്നിഹോത്ര ശാലയിൽ വച്ച് വിവാഹ വേളയില്‍ അങ്ങ് വധൂവരൻമാർക്ക് നല്കാമെന്നു പറഞ്ഞ ദാനം ഇപ്പോൾ ചെയ്താലും. എന്തൊക്കെ നേടിയാലും പറഞ്ഞ വാക്ക് പാലിക്കുക എന്നത് ഒരുവന്റെ യശസ്സ് നിലനിർത്താൻ അത്യന്താപേക്ഷിതമാണ്.’

ദാനമായി എന്തും ആവശ്യപ്പെടാം’ എന്നു രാജാവ് പറഞ്ഞപ്പോൾ ബ്രാഹ്മണൻ പറഞ്ഞു: ‘ആനയും കുതിരയും തേരുമൊക്കെയുള്ള ഒരു രാജ്യമാണ്‌ ഈ പവിത്ര വേദിയിൽ വച്ച് വിപ്രകുമാരന് കൊടുക്കേണ്ടത്.'

ഞാനിതാ രാജ്യം ദാനം ചെയ്യുന്നു’ എന്ന്  രാജാവിന്റെ  വായിൽ നിന്നും വാക്കുകൾ അറിയാതെ പുറത്തുവന്നു. 'ഞാനിതാ രാജ്യം സ്വീകരിക്കുന്നു’ എന്ന് വിപ്രനും പറഞ്ഞു.  

‘ദാനത്തിനു യോജിച്ച ദക്ഷിണയും കൊടുത്താലും’ എന്നായി കൗശികൻ.

ദക്ഷിണ എത്ര വേണം?’ എന്നു ചോദിക്കെ ‘രണ്ടര ഭാരം സ്വർണ്ണമായിക്കോട്ടെ’ എന്നായി കൌശികന്‍. 

‘അങ്ങിനെയാകട്ടെ,’ എന്ന് രാജാവും സമ്മതിച്ചു.

ദാനമെല്ലാം കഴിഞ്ഞ് അന്തപുരത്തിലെത്തിയ രാജാവിന് തനിക്കു പറ്റിയ അമളി മനസ്സിലായി. ‘ഒരു കാട്ടുകൊള്ളക്കാരനെപ്പോലെ, ബ്രാഹ്മണൻ നയത്തില്‍ തന്റെ രാജ്യം പിടിച്ചടക്കിയിരിക്കുന്നു. പോരാഞ്ഞ് ഇനി രണ്ടര ഭാരം സ്വർണ്ണം കൂടി കൊടുക്കാമെന്ന് ഏറ്റും പോയി. ദൈവഹിതം എന്തെന്ന് ആർക്കറിയാം?

ചിന്താകുലനായി വിഷമിച്ചിരിക്കുന്ന രാജാവിനോടു് രാജ്ഞി ചോദിച്ചു. ‘ഇനിയും അങ്ങേയ്ക്ക് എന്താണ് ദു:ഖം? മകൻ കാട്ടിൽ നിന്നു വന്നു. വരുണദേവൻ പ്രസന്നനാവുകയും ചെയ്തു. രാജസൂയം ചെയ്ത് അങ്ങയുടെ പ്രശസ്തി എങ്ങും പരന്നിരിക്കുന്നു. ആരാണ് അങ്ങേയ്ക്ക് ഇനിയും ശത്രുവായുള്ളത്?

രാജ്ഞി ഇതൊക്കെ പറഞ്ഞിട്ടും രാജാവിന്റെ മനസ്സ് കലങ്ങിയിരുന്നു. ഊണും ഉറക്കവും ഇല്ലാതായി. പിറ്റേന്ന് രാവിലെ തന്നെ കൗശികൻ കൊട്ടാരത്തിൽ വന്ന് ദാനം നൽകിയ രാജ്യം വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടു. 'കൂടെ ദക്ഷിണയായ രണ്ടര ഭാരം സ്വർണ്ണവും വേണം.’ ബ്രാഹ്മണൻ ഓർമ്മിപ്പിച്ചു.

ശരി. ഞാനിതാ രാജ്യം വിട്ടു തന്ന് മറ്റേതെങ്കിലും ഇടത്ത് പോയി ജീവിച്ചു കൊള്ളാം.പക്ഷേ ദക്ഷിണ തരാൻ എന്റെ പക്കൽ പണമില്ല. അതുണ്ടാകുന്ന കാലത്ത് അങ്ങേയ്ക്കത് തീര്‍ച്ചയായും കൊണ്ടു വന്നു തന്നുകൊള്ളാം.’

രാജ്യം ദാനമായി നൽകുവാനുണ്ടായ സാഹചര്യം രാജാവ് രാജ്ഞിയോടു് പറഞ്ഞു. അദ്ദേഹം മകനേയും ഭാര്യയായ മാധവിയേയും കൂട്ടി കൊട്ടാരത്തിൽ നിന്നുമിറങ്ങി. ഈ മൂന്നു പേരൊഴികെ അയോദ്ധ്യ മുഴുവനും ഇപ്പോള്‍ ആ ബ്രാഹ്മണന്റെയും മകന്‍റെയും  കൈവശമായി.

രാജാവിന്റെ ദുരവസ്ഥയിൽ അയോദ്ധ്യാവാസികൾ ദുഖിതരായി. കാട്ടിൽ കഴിയാൻ പോകുന്ന രാജാവിനെ പിൻതുടർന്നു പോവാൻ നഗരവാസികൾ പലരും തയ്യാറായി.അവർ ദുരാഗ്രഹിയായ മുനിയെ വെറുത്തു.

നഗരം വിടാൻ തയ്യാറായി നിന്ന രാജാവിനെ തടുത്ത് നിർത്തി വിശ്വാമിത്രൻ പറഞ്ഞു: ‘ദാനത്തിനൊപ്പം നൽകാനുള്ള ദക്ഷിണ നൽകാതെ പോയാൽ എങ്ങിനെ? അത് കിട്ടുമെന്ന് എങ്ങിനെയാണ് ഞാനുറപ്പിക്കുക? അല്ല, ഇനി വാക്കുപാലിക്കാൻ ഭാവമില്ലെങ്കിൽ രാജ്യവും തിരികെ വേണമെന്ന് പറഞ്ഞാൽ മതി. സൂര്യവംശത്തിലെ  ദാനശീലന്റെ വിശേഷം ലോകം മുഴുവനും അറിയട്ടെ. അല്ലെങ്കിൽ ദാനവും ദക്ഷിണയും പൂർത്തിയാക്കിയിട്ടു്  ഇവിടം വിട്ടു പോയാൽ മതി.’

ഇങ്ങിനെ വാശി പിടിച്ച് നില്ക്കുന്ന കൗശികന്റെ മുന്നിൽ നമസ്കരിച്ച ശേഷം കൈകൂപ്പിക്കൊണ്ടു് ഹരിശ്ചന്ദ്രൻ  തല താഴ്ത്തി നിന്നു.

No comments:

Post a Comment