ദിവസം 147. ശ്രീമദ് ദേവീഭാഗവതം. 6.20. ഹൈഹയോല്‍പ്പത്തി
സംശയോയം മഹാനത്ര ജാതമാത്ര:
ശിശുസ്തഥാ
മുക്ത: കേന ഗൃഹീതോസാവേകാകീ
വിജനേ വനേ
കാ ഗതി സ്തസ്യ ബാലസ്യ ജാതാ
സത്യവതീസുത
വ്യാഘ്രസിംഹാദിഭിര്‍ ഹിംസ്രൈര്‍
ഗൃഹീതോ നാതി ബാലക:
ജനമേജയന്‍ ചോദിച്ചു.
‘മഹാത്മന്‍, ആ കുഞ്ഞിനെ ആരാണ് സംരക്ഷിച്ചത്? കാട്ടിലെ ഹിംസ്ര ജന്തുക്കളായ പുലിയും
സിംഹവുമൊന്നും ഈ ഇളം പൈതലിനെ ഉപദ്രവിച്ചില്ലേ?’
വ്യാസന്‍ പറഞ്ഞു: ‘ലക്ഷ്മീ
നാരായണന്മാര്‍ വിമാനമാര്‍ഗ്ഗം അവിടം വിട്ടു പോയിക്കഴിഞ്ഞപ്പോള്‍ ചമ്പകന്‍ എന്ന്
പേരുള്ള ഒരു വിദ്യാധരന്‍ വിമാനമാര്‍ഗ്ഗെ അതുവഴി വന്നു. അവന്‍റെ കൂടെ മദനാലസ എന്ന്
പേരായ പത്നിയും ഉണ്ടായിരുന്നു. പെട്ടെന്ന് കോമളനായ ഒരു ശിശുവിനെ വനമദ്ധ്യത്തില്‍
കണ്ട് ചമ്പകന്‍ വിമാനത്തില്‍ നിന്നും ചാടിയിറങ്ങി അതിനെ വാരിയെടുത്തു. ദരിദ്രന്
നിധി കിട്ടിയതുപോലെയായിരുന്നു അദ്ദേഹത്തിന്‍റെ സന്തോഷം. പുത്രഭാവേന അതിമനോഹരനായ ആ
ശിശുവിനെ അദ്ദേഹം മദനാലസയുടെ കയ്യില്‍ക്കൊടുത്തു. അവളാ കുഞ്ഞിനെ പുണര്‍ന്നുമ്മവച്ചു.
വിമാനത്തില്‍ തിരികെ കയറി അവള്‍ കുട്ടിയെ മടിയില്‍ ഇരുത്തി. എന്നിട്ട് കാന്തനോട്
ചോദിച്ചു. ‘ഈ സുന്ദരക്കുട്ടന്‍ എങ്ങിനെയിവിടെ വന്നു? ആരുടെ പുത്രനാകുമിവന്‍?
ഏതായാലും സാക്ഷാല്‍ ത്ര്യംബകന്‍ എനിക്ക് തന്ന സൌഭാഗ്യമാണിവന്‍.’
‘ഏതായാലും ദേവദാനവഗന്ധര്‍വ്വന്മാരില്‍
ആരായിരിക്കും ഇവനെന്നു ദേവേന്ദ്രനോടു ചോദിക്കാം. അദ്ദേഹത്തോട് അനുവാദം വാങ്ങി
നമുക്ക് ഇവനെ പുത്രനായി വളര്‍ത്താം. ദേവേന്ദ്രനോടു ചോദിച്ച് അനുവാദം വാങ്ങിയിട്ടേ
നമുക്കിതിന് അനുവാദമുള്ളു.’
കുഞ്ഞുമായി അവര്‍
വിമാനത്തില്‍ ഇന്ദ്രപുരിയില്‍ എത്തിച്ചേര്‍ന്നു. ബാലനെ ഇന്ദ്രന് കാഴ്ചവെച്ച്
കൈതോഴുത് ചമ്പകന്‍ പറഞ്ഞു: ‘കാളിന്ദീ താമസാ സംഗമതീരത്ത് ഞങ്ങള്‍
കണ്ടെടുത്ത സുന്ദരശിശുവാണിത്. ഇവന്‍ ആരുടെ മകനാണെന്ന് അറിയില്ല. അങ്ങനുവദിച്ചാല്‍
ഞങ്ങള്‍ സ്വന്തം പുത്രനായി ഇവനെ വളര്‍ത്തിക്കൊള്ളാം. എന്‍റെ പത്നിക്കാണെങ്കില്‍
ഇവനെ ജീവനാണ്. ശാസ്ത്രപ്രകാരവും ഇങ്ങിനെയൊരു പുത്രനെ സ്വീകരിക്കാം എന്നുണ്ടല്ലോ.’
ഇന്ദ്രന്‍ പറഞ്ഞു: ‘ഇവന്‍
ഭഗവാന്‍ വിഷ്ണു സ്വയം അശ്വരൂപത്തില്‍ ആയിരുന്നപ്പോള്‍ ലക്ഷ്മീദേവിയില്‍ ജനിച്ച ഹൈഹയന്‍
ആണ്. ഇവന്‍ വലുതായാല്‍ ശൂരവീരപരാക്രമിയാവും. പക്ഷെ യയാതിക്ക് കൊടുക്കാന്‍
വേണ്ടിയാണ് ശ്രീഹരി ഇവന് ജന്മം നല്‍കിയത്. ആ രാജാവ് പുത്രാര്‍ത്ഥം ആ പുണ്യതീര്‍ത്ഥത്തില്‍
താമസംവിനാ എത്തിച്ചേരും. അതുകൊണ്ട് യയാതി രാജാവ് അവിടെയെത്തുന്നതിനു മുന്നേ നീയീ
കുഞ്ഞിനെയുമെടുത്ത് അവിടെയെത്തണം. അവനെയാ രാജാവ് വളര്‍ത്തട്ടെ. നിന്‍റെ ആഗ്രഹം
ഉപേക്ഷിക്കുക. എകവീര്യന്‍ എന്ന പേരില്‍
ഇവന്‍ സുപ്രശസ്തനാവും.’
ചമ്പകന്‍ പെട്ടെന്ന് തന്നെ
കുഞ്ഞിനെയെടുത്ത് പുണ്യതീര്‍ത്ഥത്തിലേയ്ക്ക് പോയി. നേരെത്തെ ശിശുവിനെ കണ്ടയിടത്തു
തന്നെയാക്കി അദ്ദേഹം വിമാനത്തില്‍ സ്വധാമത്തിലേയ്ക്ക് മടങ്ങി. ആ സമയത്ത് ഭഗവാന്‍
വിഷ്ണു രമാസമേതനായി യയാതി രാജാവിന്‍റെയടുക്കല്‍ ചെന്നു. വിമാനമിറങ്ങി വരുന്ന
ലക്ഷ്മീനാരായണന്‍മാരെക്കണ്ട് രാജാവ് ദണ്ഡനമസ്കാരം ചെയ്തു. ഭഗവാന്‍ തന്‍റെ ഭക്തനായ
രാജാവിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. രാജാവ് ഭഗവാനെ സ്തുതിച്ചു. ‘സമസ്ത
ലോകത്തിനും അധിപനായ ദേവദേവാ, കൃപാനിധേ, രമേശാ, യോഗിമാര്‍ക്ക് പോലും ദുര്‍ലഭമായ ഈ
ദര്‍ശനം എനിക്കുണ്ടായിരിക്കുന്നത് മഹാത്ഭുതം തന്നെ. വിഷയവൈരാഗ്യം തീര്‍ന്ന, ലോകത്തോടുള്ള ഒട്ടല്‍ വിട്ടൊഴിഞ്ഞ, നിസ്പ്രഹന്മാര്‍ക്ക് മാത്രമല്ലേ ഈ ദര്‍ശനം
ഉണ്ടാവൂ? ആശയാല്‍ ഉഴലുന്ന ഞാനെങ്ങിനെ ഈ അനുഗ്രഹത്തിന് യോഗ്യനാവും?
ഇങ്ങിനെ ഭഗവദ് സ്തുതി
ചെയ്ത രാജാവിനോട് ‘നിനക്കെന്തു വരമാണ് വേണ്ടത്?’ എന്ന് ഭഗവാന്‍ ചോദിച്ചു. ‘നിന്‍റെ
തപസ്സില്‍ ഞാന്‍ സംപ്രീതനാണ്’
‘എന്‍റെ തപസ്സ് ഒരു പുത്രനെ
ലഭിക്കുന്നതിനാണ് ഭഗവാനേ. എന്‍റെ അഭീഷ്ടം നടത്തിത്തന്നാലും’ എന്ന് രാജാവഭ്യര്‍ത്ഥിച്ചു.
‘നീ കാളിന്ദീതമസാ
സംഗമസ്ഥാനത്ത് ചെന്നാലും. അവിടെ ലക്ഷ്മീദേവി പ്രസവിച്ച എന്‍റെ കുഞ്ഞിനെ നിനക്ക്
കാണാനാകും. അവനെ നിനക്ക് സ്വപുത്രനായി വളര്‍ത്താം.’
വരം ലഭിച്ച രാജാവ് സന്തുഷ്ടനായി.
ഭഗവാനും രമയും സ്വധാമത്തിലേയ്ക്ക് മടങ്ങി. രാജാവ് തേരെടുത്ത് ഭഗവാന്‍ പറഞ്ഞ
സംഗമതീര്‍ത്ഥക്കരയില്‍ എത്തി. അവിടെ കാലിന്റെ തള്ളവിരല്‍ വായിലിട്ടു രസിച്ചു
കളിക്കുന്ന അതികോമളനായ ശിശുവിനെക്കണ്ടു. ഭഗവാന്റെ പുത്രനായ സുന്ദരശിശുവിന്‍റെ
മുഖകമലം കണ്ടു രാജാവ് ഹര്‍ഷപുളകിതനായി. പെട്ടെന്ന്‍ അദ്ദേഹമാ കോമളബാലനെ
വാരിയെടുത്ത് മൂര്‍ദ്ധാവില്‍ ചുംബിച്ചു. ‘സാക്ഷാല്‍ ഭഗവാന്‍ വിഷ്ണു നിന്നെ
എനിക്കേകിയതാണ്. പുത്രനെന്ന നിലയില്‍ എന്‍റെ നരകഭീതി പോക്കാനായി നീ
വന്നിരിക്കുന്നു. നിനക്ക് വേണ്ടിയാണ് ഞാന്‍ ഏറെക്കാലം തപം ചെയ്തത്. അങ്ങിനെയാണ്
എനിക്ക് നിന്നെ ലഭിച്ചത്. നിന്‍റെ അമ്മയായ ലക്ഷ്മീദേവി നിന്നെ വിട്ടുപോയത്
ഞങ്ങളുടെ മടിയില്‍ വെച്ചോമാനിക്കാന്‍ ഒരു കുഞ്ഞിനെ നല്‍കി അനുഗ്രഹിക്കാനായി മാത്രമാണ്. ഭവസാഗരത്തില്‍ നിന്നും ഈ അച്ഛനമ്മമാരെ കരകയറ്റാന്‍ വേണ്ടി ലക്ഷ്മീമണാളന്‍ നിന്നെ ഇങ്ങോട്ടയച്ചതാണ്.’ എന്നൊക്കെ സന്തോഷംപൂണ്ട് പറഞ്ഞുകൊണ്ട് രാജാവ് കുഞ്ഞിനെയുമെടുത്ത്
കൊട്ടാരത്തിലേയ്ക്ക് പുറപ്പെട്ടു.
നഗരത്തിലെത്തുന്നതിനു
മുന്‍പേ പുത്രസമേതനായി രാജാവ് വരുന്നതറിഞ്ഞ മന്ത്രിമാരും രാജപ്രമുഖരും
പുരോഹിതന്മാരോടു കൂടി അവരെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നു. അനേകം സമ്മാനങ്ങളും
അവര്‍ കുഞ്ഞിനായി നല്‍കി. ഗായകവൃന്ദവും സ്തുതിപാഠകരും വാദ്യ ഘോഷക്കാരും മറ്റും
രാജാവിന്‍റെ പുത്രലബ്ധി ആഘോഷമായി കൊണ്ടാടി. സ്ത്രീകള്‍ കുഞ്ഞിനു കണ്ണ്
പറ്റാതിരിക്കാന്‍ ഉഴിഞ്ഞിട്ടു.
പൂക്കള്‍ വിരിച്ച
വീഥിയിലൂടെ രാജാവ് മകനെയുമെടുത്ത് കൊട്ടാരത്തിലെത്തി മകനെ രാജ്ഞിക്ക് നല്‍കി.
‘എങ്ങിനെയാണ് അങ്ങേയ്ക്ക് ഇവനെ കിട്ടിയത്? ഇവന്‍റെ പിറവി എവിടെയാണ്? ആരാണീ
സുന്ദരശിശുവിനെ അങ്ങേയ്ക്ക് നല്‍കിയത്? താരമ്പനൊത്ത ഈ കുഞ്ഞ് എന്‍റെ മനസ്സ് കവര്‍ന്നിരിക്കുന്നു.’
പ്രിയേ, സാക്ഷാല്‍ ലക്ഷ്മീനാരായണ സംഭവനാണ് ഈ കുഞ്ഞ്. ഇവനെ എനിക്കായിത്തന്നിട്ട് രമാപതി അപ്രത്യക്ഷനായതാണ്.
ഇനിയിവന്‍ നമ്മുടെ പുത്രനാണ്’ രാജ്ഞിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. രാജാവ്
കുഞ്ഞിന്‍റെ ആഗമനം അതിവിപുലമായ ആഘോഷമായി കൊണ്ടാടി. മകന് എകവീരന്‍ എന്ന പേര് നല്‍കി.
വിപുലമായ ദാനധര്‍മ്മങ്ങള്‍ നടത്തി അദ്ദേഹം ജന്മോല്‍സവത്തെ അവിസ്മരണീയമാക്കി.
ശ്രീഹരിയ്ക്കൊപ്പം തേജസ്സുള്ള എകവീരന്‍ രാജാവിനെ ജന്മഋണത്തില്‍ നിന്നും
മോചിപ്പിച്ചു.
ഇന്ദ്രനെപ്പോലെ വീരനും തേജസ്സുറ്റവനുമായ
രാജാവിന്‍റെ കൊട്ടാരത്തില്‍ ഏകവീരന്‍ സസുഖം വാണു.
No comments:
Post a Comment