Devi

Devi

Wednesday, May 25, 2016

ദിവസം 145. ശ്രീമദ്‌ ദേവീഭാഗവതം. 6. 8. ഹൈഹയ കഥ

ദിവസം 145. ശ്രീമദ്‌ ദേവീഭാഗവതം. 6. 8. ഹൈഹയ കഥ

ഇതി ശപ്താ ഭഗവതാ സിന്ധുജാ കോപയോഗത:
കഥം സാ ബഡവാ ജാതാ രേവന്തേന ച കിം കൃതം
കസ്മിന്‍ ദേശേfബ്ധിജാ ദേവീ ബഡവാ രൂപധാരിണീ
സംസ്ഥിതൈകാകിനീ ബാലാ പരോഷിത്പതികാ യഥാ

ജനമേജയന്‍ ചോദിച്ചു: ഭഗവാന്‍ ഹരിയുടെ ശാപമേറ്റ് ദേവിയൊരു പെണ്‍കുതിരയായതെങ്ങിനെ? രേവന്തന് പിന്നീട് എന്ത് സംഭവിച്ചു? പാലാഴിയില്‍ നിന്നും ഉണ്ടായ ദേവി അശ്വമായി എവിടെയാണ് ജനിച്ചു ജീവിച്ചത്? ദേവി എത്രകാലം ഭഗവാന്‍ ഹരിയെപ്പിരിഞ്ഞ് കഴിഞ്ഞു? ഭഗവാനുമായി എപ്പോഴാണ് ലക്ഷ്മീദേവിക്ക് പുന:സമാഗമം ഉണ്ടായത്? ഭഗവാന്‍ കൂടെയില്ലാതെ എങ്ങിനെയാണ് ദേവിക്ക് ഒരു പുത്രനുണ്ടായത്? ഇക്കഥയുടെ ബാക്കി കേള്‍ക്കാന്‍ ഞങ്ങള്‍ അത്യുല്‍സുകരാണ്.

വ്യാസന്‍ പറഞ്ഞു: കര്‍ണ്ണപീയുഷം തന്നെയാണ് ഭാഗവാന്റെയും ദേവിയുടെയും കഥകള്‍. ദേവിയെ ഭഗവാന്‍ ഹരി ശപിച്ചത്‌ കണ്ടു ഭയന്ന രേവന്തന്‍ പെട്ടെന്ന് തന്നെ ഭഗവാനെ വണങ്ങി അവിടം വിട്ടു പോയി. വൈകുണ്ഠത്തില്‍ നടന്ന സംഭവങ്ങള്‍ രേവന്തന്‍ അച്ഛനായ ആദിത്യന് പറഞ്ഞു കൊടുത്തു

മനുഷ്യലോകത്തെത്തിയ ദേവി അശ്വമായിത്തീര്‍ന്നത് സൂര്യപത്നി തപസ്സനുഷ്ടിച്ചിരുന്ന ഇടത്താണ്. സുപര്‍ണ്ണാക്ഷത്തിനു വടക്ക് കാളിന്ദിയും തമസയും ചേരുന്ന ചാരുവായ ഒരു വനഭൂമിയായിരുന്നു അത്. പെണ്‍കുതിരയായ ദേവി പരമശിവനെ പ്രീതിപ്പെടുത്താനായി അവിടെ ഘോരമായ ഒരു തപസ്സാരംഭിച്ചു. പത്തു കയ്യും അഞ്ചു മുഖവും പാതി പാര്‍വ്വതീ മെയ്യും കര്‍പ്പൂര നിറവും മൂന്നു കണ്ണും നീലകണ്‍ഠവും പുലിത്തോല്‍ പുടവയും പാമ്പ് മാലയും ഉള്ള പരമശിവനെ സദാ ധ്യാനിച്ചുകൊണ്ട് അവള്‍ രണ്ടായിരം കൊല്ലം കഠിനമായ തപസ്സു ചെയ്ത് പരമ വൈരാഗ്യസിദ്ധിയുണ്ടാക്കി. താമസംവിനാ പാര്‍വ്വതീസമേതനായി മഹാദേവന്‍ കാളപ്പുറത്ത് കയറിയെത്തി അവള്‍ക്ക് ദര്‍ശനം നല്‍കി.

‘ഭവതി എന്തിനായാണ് തപം ചെയ്യുന്നത്? സര്‍വ്വാര്‍ത്ഥങ്ങളെയും നടത്തുന്ന നിന്‍റെ നാഥന്‍ ഉള്ളപ്പോള്‍ നീയെന്തിനായാണ്‌ ആഗ്രഹിക്കുന്നത്? ഭക്തിമുക്തികളേകാന്‍ സാക്ഷാല്‍ ശ്രീഹരിയുള്ളപ്പോള്‍ എന്തിനാണെന്നെ ശരണം പണിയുന്നത്? നാരികള്‍ക്ക് കണവനാണ് ദൈവം എന്ന് പറയപ്പെടുന്നു. പിന്നെ അന്യനായ എന്നെ ധ്യാനിച്ചതെന്തിന്? ആരെ ഭര്‍ത്താവായി കിട്ടിയാലും സ്ത്രീകള്‍ക്ക് ഭര്‍തൃശുശ്രൂഷതന്നെയാണ് മുഖ്യധര്‍മ്മം. ശുഭമാഗ്രഹിക്കുന്ന സ്ത്രീകള്‍ ഭര്‍ത്താവിന്റെ ഹിതമറിഞ്ഞു വേണം പ്രവര്‍ത്തിക്കാന്‍. ഭഗവാന്‍ നാരായണന്‍ സകലര്‍ക്കും സംപൂജ്യനാണ്. എന്നിട്ടുമെന്തേ നീയെന്നെ ഭജിക്കാന്‍?’

അപ്പോള്‍ ദേവി പറഞ്ഞു: മഹേശാ, ആശുതോഷാ, എന്നെ എന്‍റെ നാഥന്‍ ശപിച്ചു. അതില്‍ നിന്നും മോചനം നേടാനാണ് ഞാന്‍ തപം ചെയ്യുന്നത്. ശാപമോചനമാര്‍ഗ്ഗവും അദ്ദേഹം പറഞ്ഞു തന്നു. എപ്പോഴാണോ എനിക്കൊരു പുത്രനുണ്ടാവുന്നത് അന്നെനിക്ക് മോചനമാവും. അപ്പോള്‍ എനിക്ക് വൈകുണ്ഠത്തിലേയ്ക്ക് മടങ്ങാന്‍ കഴിയും. സകലകാമങ്ങളെയും സാധിപ്പിക്കാന്‍ കഴിവുള്ള അങ്ങയെ ഞാന്‍ ആശ്രയിച്ചു വന്നിരിക്കുന്നു. മഹേശാ, പതിയുമായി സംഗം കൂടാതെ പുത്രനുണ്ടാവാന്‍ എന്താണ് മാര്‍ഗ്ഗം? യാതൊരു തെറ്റും ചെയ്യാത്ത ഭാര്യയെ ശപിച്ചു പറഞ്ഞയച്ചിട്ട് അദ്ദേഹം വൈകുണ്ഠത്തില്‍ സുഖിച്ചു കഴിയുന്നു. അങ്ങെന്നെ അനുഗ്രഹിച്ചാലും. ഹരിയും ഹരനും രണ്ടല്ല എന്നെനിക്ക് നന്നായറിയാം. അതെനിക്ക് മനസ്സിലാക്കിത്തന്നത് എന്‍റെ നാഥന്‍ തന്നെയാണ്. ശിവന്‍ തന്നെ വിഷ്ണു; വിഷ്ണു തന്നെ ശിവന്‍. നിങ്ങളെ രണ്ടാളെയും ഏകഭാവത്തിലാണ് ഞാന്‍ കാണുന്നത്. അതാണ്‌ അങ്ങയെ ഞാന്‍ ആശ്രയിക്കാന്‍ കാരണം അതുകൊണ്ടെനിക്ക് ദോഷമൊന്നുമില്ല.’

പരമശിവന്‍ ചോദിച്ചു: ‘ദേവീ എങ്ങിനെയാണ് നീ ഞങ്ങള്‍ രണ്ടും ഒന്നാണെന്ന് മനസ്സിലാക്കിയത്? ഹരിഹരന്മാര്‍ ഒന്നാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത അജ്ഞാനികള്‍ ഇപ്പോഴും തമ്മില്‍ തര്‍ക്കിച്ചു കഴിയുന്നു. വേദജ്ഞന്മാരും ജ്ഞാനികളുമെല്ലാം രണ്ടു കൂട്ടത്തിലുമുണ്ട്. ഹരിയെ നിന്ദിക്കുന്നവരായി ശൈവഭക്തന്മാരും എന്നെ നിന്ദിക്കുന്ന വിഷ്ണുഭക്തരുമുണ്ട്. കലികാലത്തില്‍ ഇത്തരം വിചിത്രമായ കലഹങ്ങള്‍ സഹജമാണ്. ഞങ്ങളുടെ എകഭാവത്തെ അറിഞ്ഞവര്‍ വിരളമത്രേ.’

പരമശിവന്റെ വാക്കുകള്‍ ദേവിയെ സംപ്രീതയാക്കി. ദേവി തനിക്ക് ഹരിഹരരഹസ്യം അറിഞ്ഞതെങ്ങിനെയെന്ന് പറഞ്ഞു: ഒരു ദിവസം ഭഗവാന്‍ ഹരി ഒരു വിജനപ്രദേശത്ത്  പത്മാസനസ്ഥനായി ധ്യാനത്തില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു. ഭഗവാന്‍ ധ്യാനശേഷം കണ്ണുതുറന്നു തുഷ്ടനായിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ‘ഭഗവന്‍, ദേവന്മാരും ദൈത്യന്മാരും ചേര്‍ന്ന് പാല്‍ക്കടല്‍ കടഞ്ഞപ്പോഴാണല്ലോ ഞാന്‍ അവതരിച്ചത്? അന്ന് എനിക്ക് പറ്റിയ ഒരു വരനെ ഞാന്‍ നോക്കിയപ്പോള്‍ ഏറ്റവും ശ്രേഷ്ഠതയുള്ള പുരുഷനായി കണ്ടത് അങ്ങയെ ആണ്. അങ്ങിനെയുള്ള അങ്ങ് ആരെയാണ് ധ്യാനിക്കുന്നതെന്നാണ് എന്റെ സംശയം! പറയൂ അങ്ങേയ്ക്ക് പോലും ധ്യാനിക്കാന്‍ യോഗ്യനായി ആരാണുള്ളത്?’

മഹാവിഷ്ണു പറഞ്ഞു: ‘പ്രിയേ, ഞാന്‍ ആശുതോഷനായ ഗിരിജാവല്ലഭനെയാണ് ധ്യാനിക്കുന്നത്. അദ്ദേഹം എന്നെയും ധ്യാനിക്കുന്നുണ്ട്. ത്രിപുരവൈരിയായ ശംഭുവിനെ ഞാന്‍ സദാ ധ്യാനിക്കുന്നതുപോലെ അദ്ദേഹവും എന്നെ സദാ സ്മരിക്കുന്നു. എനിക്ക് പരമശിവന്‍ എത്ര പ്രിയനാണോ അതുപോലെയാണ് തിരിച്ചും. ഞങ്ങളില്‍ യാതൊരു ഭേദവുമില്ലതന്നെ. എന്‍റെ ഭക്തന്മാരില്‍ ആരാണോ ശങ്കരനെ നിന്ദിക്കുന്നത്, അവനു നരകമാണ് വിധി.’ ഇതാണ് എന്‍റെ നാഥന്‍ എനിക്ക് പറഞ്ഞു തന്നിട്ടുള്ളത്‌.

മഹേശ്വരാ, ഈ അറിവുള്ളില്‍ വച്ചാണ് ഞാന്‍ അങ്ങയെ ധ്യാനിച്ചത്. പ്രിയനുമായുള്ള സമാഗമം എത്രയും വേഗം സാധിക്കാന്‍ അങ്ങെന്നെ അനുഗ്രഹിച്ചാലും.’

ലക്ഷീദേവിയുടെ അപേക്ഷകേട്ട്  ശങ്കരന്‍ ദേവിയെ സമാധാനിപ്പിച്ചു. ‘ദേവി സ്വസ്ഥയായിരുന്നാലും. ഞാന്‍ നിന്നില്‍ സംപ്രീതനാണ്. നിന്‍റെ നാഥനുമായുള്ള സമാഗമം അടുത്തിരിക്കുന്നു. എന്‍റെ പ്രേരണയാല്‍ ശ്രീഹരിയിപ്പോള്‍ അശ്വരൂപത്തില്‍ എത്തി നിന്‍റെ അഭീഷ്ടം നിറവേറ്റും. മധുസൂദനന്‍ കാമാര്‍ത്തിയുള്ള കുതിരയായി വന്നു നിന്നെ ആനന്ദിപ്പിക്കും. അങ്ങിനെ വിഷ്ണുസമനായൊരു പുത്രന്‍ നിങ്ങള്‍ക്കുണ്ടാവട്ടെ. അവന്‍ എല്ലാവരാലും വാഴ്ത്തപ്പെടുന്ന ഒരു രാജാവായി ഏറെക്കാലം വാഴുന്നതാണ്. പുത്രലാഭം ഉണ്ടായിക്കഴിഞ്ഞാല്‍പ്പിന്നെ നിനക്ക് വിഷ്ണുവിനോടു ചേര്‍ന്ന് വാഴാം. നിന്‍റെ പുത്രന്‍ എകവീരന്‍ എന്നപേരില്‍ ഹൈഹയ വംശം പോഷിപ്പിച്ചു വിഖ്യാതനായിത്തീരും. നിന്‍റെ മനോമണ്ഡലത്തില്‍ വിരാജിക്കുന്ന പരമേശ്വരിയെ വിസ്മരിക്കയാലാണ് നിനക്കീ അവസ്ഥ വന്നത്. അതുകൊണ്ട് ഹേ ലക്ഷ്മീദേവീ, നീ സദാ സര്‍വ്വാത്മനാ ആ ജഗദംബയെ ശരണം പണിഞ്ഞാലും. ഹൃദയനിവാസിയായ പരാശക്തിയിലൂടെ മാത്രമേ നിന്‍റെ മനസ്സിന്  ആ ഹയോത്തമനിലേയ്ക്ക്  എത്തിച്ചേരാന്‍ കഴിയൂ.’

വ്യാസന്‍ തുടര്‍ന്നു: പരമേശ്വരന്റെ വരം ലഭിച്ച രമ ഭഗവതിയെ ധ്യാനിച്ചുകൊണ്ട് അവിടെത്തന്നെ കഴിഞ്ഞു. അനേകം ദേവാസുരന്മാരുടെ കിരീടങ്ങളിലെ രത്നങ്ങള്‍ ഭഗവതിയുടെ നഖാവലികളില്‍ പ്രതിഫലിക്കുന്നു. പ്രേമപൂര്‍വ്വം ഗദ്ഗദയായി ലക്ഷ്മീദേവി പരമേശ്വരിയെ സ്തുതിച്ചു. തന്‍റെ നാഥന്‍ ഒരു കുതിരയായി വന്നണയുന്നതും കാത്ത് എകാഗ്രചിത്തയായി അശ്വത്തിന്‍റെ രൂപത്തില്‍ ആ പൂങ്കാവനത്തില്‍ വാണു.

No comments:

Post a Comment