ദിവസം 143. ശ്രീമദ് ദേവീഭാഗവതം. 6. 16 ഭൃഗുക്കളുടെ വധം
കുലേ കസ്യ സമുത്പന്നാ:
ക്ഷത്രിയാ ഹൈഹയാശ്ച തേ
ബ്രഹ്മഹത്യാമനാദൃത്യ
നിജഘ്നുര്‍ ഭാര്‍ഗ്ഗവംശ്ച യേ
വൈരസ്യ കാരണം തേഷാം കിം
മേ ബ്രൂഹി പിതാമഹ
നിമിത്തേന വിനാ ക്രോധം കഥം
കുര്‍വന്തി സത്തമാ:
ജനമേജയന്‍ ചോദിച്ചു. ആ
ഹേഹയന്മാര്‍ ഇതു കുലത്തിലാണ് ജനിച്ചത്? അവര്‍ക്ക് വിപ്രന്മാരോട് വൈരം തോന്നാന്‍
കാരണമെന്താണ്? മാന്യന്മാര്‍ യാതൊരു കാരണവുമില്ലാതെ ഇങ്ങിനെ പ്രവര്‍ത്തിക്കുകയില്ലല്ലോ.
എങ്ങിനെയുള്ള ക്ഷത്രിയന്മാരാണ് അകാരണമായി ബ്രാഹ്മണരെ കൊന്ന് ശാപം വരുത്തി
വയ്ക്കാന്‍ ഇഷ്ടപ്പെടുക? എന്താണിതിനു പിറകിലെ കഥ എന്നറിയാന്‍ ഞാന്‍
കാത്തിരിക്കുന്നു. അങ്ങ് പറഞ്ഞുതന്നാലും.’
വ്യാസന്‍ തുടര്‍ന്നു.
പരീക്ഷിത്തിന്‍റെ മകനായ രാജാവേ, ക്ഷത്രിയന്മാരെപ്പറ്റിയുള്ള പുരാതനമായ ഇക്കഥ ഞാന്‍
പറയാം. കാര്‍ത്തവീര്യാര്‍ജ്ജുനനന്‍ എന്ന് പേരായ അതിബലശാലി ഹേഹയരാജാവായി
ഉണ്ടായിരുന്നു. ആയിരം കൈകള്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്. ധര്‍മ്മിഷ്ഠനും വീരനുമായിരുന്നു രാജാവ്. ദത്താത്രേയന്‍റെ ശിഷ്യനും യജ്ഞകാര്യങ്ങളില്‍ ശ്രദ്ധാലുവും ആയ അദ്ദേഹം
ധാരാളം സമ്പത്ത് ദാനം നല്‍കി ഭൃഗുക്കളെക്കൊണ്ട് യജിപ്പിക്കാറുണ്ടായിരുന്നു.
വിഷ്ണുവിന്‍റെ അവതാരംപോലെ ഉത്തമനായിരുന്നു അദ്ദേഹം. ദാനം വാങ്ങിയ ഭൃഗുക്കള്‍
സമ്പന്നരായിത്തീര്‍ന്നു. ആന, കുതിര, രത്നങ്ങള്‍, എന്നിവയെല്ലാം ഭൃഗുക്കള്‍ക്ക്
സ്വന്തമായി. രാജാവ് നിര്യാതനായപ്പോഴേയ്ക്ക് ദാനം കൊടുത്ത്
കൊടുത്ത് ഹേഹയന്‍മാര്‍ നിര്‍ധനരായിത്തീര്‍ന്നിരുന്നു.
ഒരിക്കല്‍ അത്യാവശ്യം
വന്നപ്പോള്‍ സഹായധനത്തിനായി ഹേഹയന്മാര്‍ ഭൃഗുക്കളെ സമീപിച്ചു. ‘നിങ്ങള്‍ക്ക് തരാന്‍
ധനമൊന്നും ഇല്ലേയില്ല’ എന്നവര്‍ ഹേഹയന്മാരെ വെറും കയ്യോടെ പറഞ്ഞയച്ചു. എന്നാല്‍
‘ഈ ക്ഷത്രിയന്മാരെ ഭയക്കണം- അവര്‍ ചിലപ്പോള്‍ ആക്രമിച്ചേക്കും’ എന്ന് വിചാരിച്ച
ചിലര്‍ ധനം ഭൂമിയില്‍ കുഴിച്ചിട്ടു. മറ്റുചിലര്‍ പണം സൂക്ഷിക്കാന്‍ ബ്രാഹ്മണരെ ഏല്‍പ്പിച്ചു.
എന്നിട്ടും ഭയമൊഴിയാതെ അവര്‍ നാടുവിട്ടുപോയി. കഷ്ടപ്പാടില്‍ നില്‍ക്കുന്ന
ഹേഹയന്മാര്‍ക്ക് ധനമൊന്നും കൊടുക്കാതെ അവര്‍ ദൂരെപ്പോയി ഒളിച്ചു താമസിച്ചു.
വീണ്ടും ഹേഹയന്മാര്‍
ധനാഭ്യര്‍ത്ഥനയുമായി ഭൃഗുക്കളുടെ ഗൃഹത്തില്‍ ചെന്നു. അപ്പോള്‍ ആ ഗൃഹങ്ങളില്‍ ആരും
ഉണ്ടായിരുന്നില്ല. എന്നാലിനി ഇവിടം കുഴിച്ചു നോക്കാം എന്ന് കരുതി ഹേഹയന്മാര്‍ ഭൂമി
കിളക്കാന്‍ തുടങ്ങി. അപ്പോള്‍ ഒരു ഭൃഗുവിന്‍റെ ഭൂമിക്കടിയില്‍ നിന്നും ഏറെ ധനം കണ്ടെത്തി.
പിന്നെയവര്‍ മറ്റു ഗൃഹങ്ങളും കുഴിക്കാന്‍ തുടങ്ങി. അവിടെയെല്ലാം അവര്‍ ധനം കുഴിച്ചിട്ടിരുന്നതായി കണ്ടെത്തി. വിവരമറിഞ്ഞ് പാഞ്ഞെത്തിയ വിപ്രന്മാര്‍ ആര്‍ത്തുവിളിച്ചു ബഹളം കൂട്ടി
നിലവിളിച്ചു. അപ്പോള്‍ ഹേഹയന്മാര്‍ ക്രുദ്ധരായി ആ ബ്രാഹ്മണരെ അമ്പെയ്ത്ത്
കൊന്നുകളഞ്ഞു. അതുകൊണ്ടും അരിശം തീരാഞ്ഞ് ബ്രാഹ്മണര്‍ പോയി ഒളിച്ചു
കഴിഞ്ഞിരുന്ന മലനിരകളിലേയ്ക്കും
ഹേഹയന്മാര്‍ ചെന്നു. ഗര്‍ഭസ്ഥശിശുക്കളടക്കം സകലരെയും അവര്‍ കൊന്നൊടുക്കി. ഈ
ക്രൂരകൃത്യം ചെയ്യുമ്പോള്‍ അവരെ പാപഭീതി അലട്ടിയതേയില്ല. അങ്ങിനെ ഭാര്‍ഗ്ഗവവംശം
മുടിഞ്ഞു.
ഗര്‍ഭസ്ഥ ശിശുക്കളെ
നഷ്ടപ്പെട്ട അമ്മമാര്‍ ദീനദീനം വിലപിച്ചു. മുനിമാര്‍ ഹേഹയന്മാരോട് വിപ്രവൈരം
അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ‘ഗര്‍ഭം പോലും നശിപ്പിക്കുന്ന നിങ്ങളുടെ കര്‍മ്മം
അത്യന്തം നിന്ദ്യമാണ്. അതിന്റെ ഫലം ദൂരവ്യാപകമാണ്. നിന്ദ്യകര്‍മ്മം ത്യജിക്കുക
തന്നെ വേണം.’ എന്നവര്‍ ഹിതമോതിക്കൊടുത്തു.
‘നിങ്ങള്‍ എന്തറിയുന്നു? ഈ ദുഷ്ടന്മാര്‍ ചെയ്ത പാപം എന്തെന്നറിയാത്ത സാധുക്കളാണ് നിങ്ങള്‍. ഞങ്ങളുടെ പൂര്‍വ്വികരുടെ
ധനം മുഴുവന്‍ ഈ പാപികള്‍ കള്ളന്മാരെപ്പോലെ അപഹരിച്ചു പിടിച്ചു വാങ്ങി. ഇവര്‍
കൊറ്റികളെപ്പോലെ ചതിയന്മാരാണ്. തഞ്ചം നോക്കി കാര്യം കാണുന്ന വഞ്ചകന്മാര്‍. ഇവരോട്
സഹായമഭ്യര്‍ത്ഥിച്ചു ചെന്ന ഞങ്ങളെ ഇവര്‍ വെറും കയ്യോടെ പറഞ്ഞയച്ചു. കാര്‍ത്തവീര്യന്‍
കൊടുത്ത ധനം ഇവര്‍ സമ്പാദിച്ചു എന്നല്ലാതെ അത് ദാനത്തിനുപയോഗിക്കുകയോ യജ്ഞത്തിന്
വിനിയോഗിക്കുകയോ ചെയ്തില്ല. ബ്രാഹ്മണര്‍ എന്തിനാണ് ധനം കൂട്ടിവയ്ക്കുന്നത്? യാഗവും
ദാനവും ചെയ്ത് സുഖമായി ജീവിക്കുകയാണ് വിപ്രധര്‍മ്മം. അത് വിട്ടു നടന്ന
ബ്രാഹ്മണരെയാണ് ഞങ്ങള്‍ ആക്രമിച്ചത്. ധനം ഉള്ളപ്പോഴാണ് ചോരഭയം, രാജഭീതി, ധൂര്‍ത്ത
ഭീതി, അഗ്നിഭയം എന്നിവയുണ്ടാവുന്നത്. ധനം എപ്പോള്‍ വേണമെങ്കിലും നമ്മെ
വിട്ടുപോവാം. അല്ലെങ്കില്‍ അനുഭവയോഗമില്ലാതെ നാം മരണത്തിനു കീഴടങ്ങിയെന്നും വരാം.
ഞങ്ങള്‍ അവരോടു സഹായം ചോദിച്ചപ്പോള്‍ ചോദിച്ചതിന്റെ കാല്‍ ഭാഗം കൂടി തരാന്‍ അവര്‍ കൂട്ടാക്കിയില്ല. ധനം തീരുന്നത് ദാനത്താലും
ഭോഗത്താലും നാശത്താലുമാണ്. ദാനവും ഭോഗവും പറഞ്ഞിട്ടുള്ളത് സുകൃതികള്‍ക്കാണ്.
പാപികളുടെ ധനമാണ് നശിക്കുന്നത്. ദാനഭോഗങ്ങള്‍ കൂടാതെ ധനം പൂഴ്ത്തി വയ്ക്കുന്നത്
രാജദ്രോഹമാണ്. അങ്ങിനെ ചെയ്യുന്നവനെ രാജാവെന്ന നിലയ്ക്ക് ശിക്ഷിക്കുന്നത് ധര്‍മ്മമാണ്.
മഹാത്മാക്കളായ നിങ്ങള്‍ കോപിക്കരുത്. ഇവര്‍ അധമരായ വിപ്രന്മാരാണ്. ഇവര്‍ക്ക് അര്‍ഹിക്കുന്ന
ശിക്ഷയാണ് ഞങ്ങള്‍ നല്‍കുന്നത്.’
മുനിമാരോട് യുക്തി പറഞ്ഞ്
ഭൃഗുപത്നിമാരെത്തേടി ഹേഹയന്മാര്‍ പോയി. ആ നാരികള്‍ പേടിച്ചു വിറച്ച് കാട്ടിലും
മലയിലും അഭയം തേടി. ഇങ്ങിനെയാണ് ഹേഹയന്മാര്‍ ധനത്തിനായി വിപ്രന്മാരെ
കൊന്നൊടുക്കിയത്. ലോഭമാണ് മനുഷ്യന്‍റെ ശത്രു. സര്‍വ്വദുഖങ്ങള്‍ക്കും കാരണമാവുന്നത്
ലോഭം തന്നെയാണ്. പ്രാണനാശം, ധര്‍മ്മഭ്രംശം, കുലധര്‍മ്മധ്വംസനം എല്ലാറ്റിനും ലോഭം
തന്നെ ഹേതു. സ്വസഹോദരനെയും ഭാര്യയേയും മാതാപിതാക്കളെയും ഗുരുവിനെയും കൊല്ലാന്‍
ലോഭം ബാധിച്ച ഒരുവന്‍ മടിക്കുന്നില്ല. ലോഭത്തിന്റെ കാര്യം കാമം ക്രോധം, മദം
എന്നിവയെക്കാള്‍ ഭയങ്കരമാണ്.
No comments:
Post a Comment