Devi

Devi

Wednesday, July 19, 2017

ദിവസം 265. ശ്രീമദ്‌ ദേവീഭാഗവതം. 9- 43 . സ്വാഹോപാഖ്യാനം

ദിവസം 265.  ശ്രീമദ്‌ ദേവീഭാഗവതം. 9- 43 . സ്വാഹോപാഖ്യാനം

നാരായണ മഹാഭാഗ ദേവദേവ മമ പ്രഭോ
രൂപേണൈവ ഗുണേനൈവ മഹസാ തേജസാ ത്വിഷാ
ത്വമേവ ജ്ഞാനിനാം ശ്രേഷ്ഠ: സിദ്ധാനാം യോഗിനാം മുനേ
തപസ്വിനാം മുനീനാം ച പരോ വേദവിദാം വര:

നാരദൻ പറഞ്ഞു: അല്ലയോ മഹാഭാഗാ, നാരായണസമാ, രൂപം, തേജസ്സ്, ഗുണം, ഐശ്വര്യം, കാന്തി, എന്നിവ കൊണ്ടെല്ലാം അങ്ങ് ജ്ഞാനികളിൽ വച്ച് ശ്രേഷ്ഠനാണ്. ഋഷിമുനിമാരിലും യോഗികളിലും അഗ്രഗണ്യനാണ് അവിടുന്ന്. വേദജ്ഞാനവും അങ്ങയോളം മറ്റാർക്കുമില്ല. നിഗൂഢവും അത്യദ്ഭുതകരവുമായ മഹാലക്ഷ്മീ ചരിതം അങ്ങ് പറഞ്ഞു തന്നു. വേദപ്രോക്തമായതും ധർമ്മയുക്തവും എന്നാൽ അത്ര പ്രചാരത്തിൽ ഇല്ലാത്തതുമായ എന്തെങ്കിലും സദ് കഥകൾ ഇനിയുമെനിക്ക് പറഞ്ഞു തന്നാലും പ്രഭോ.

നാരായണൻ പറഞ്ഞു: വേദങ്ങളിൽ വൈവിധ്യമാർന്നതും ഗോപ്യവുമായ കഥകൾ അനേകമുണ്ട്. അവയിൽ ഏതുതരം കഥയാണ് അങ്ങ് കേൾക്കാൻ ആഗ്രഹിക്കുന്നത്?

നാരദൻ പറഞ്ഞു: ഹവിസ്സ് അർപ്പിക്കുന്ന കർമ്മങ്ങളിൽ എല്ലാം സ്വാഹാദേവിക്ക് പ്രമുഖമായ ഒരു സ്ഥാനമുണ്ട്. പിതൃകർമ്മങ്ങളിൽ സ്വധയ്ക്കും എല്ലാ കർമ്മങ്ങളിലും ദക്ഷിണയ്ക്കും പ്രാധാന്യമുണ്ട്. ഈ മൂവരുടെയും ചരിതവും പ്രാധാന്യവുമാണ് എനിക്കിനി അറിയണമെന്നുള്ളത്.

ശ്രീ നാരായണൻ പറഞ്ഞു: പണ്ട് സൃഷ്ടികാലത്ത് ദേവൻമാർ തങ്ങൾക്ക് ആഹാരമാക്കാൻ എന്താണുചിതം എന്നറിയാൻ ബ്രഹ്മസഭയിലേക്ക് പോയി. ബ്രഹ്മാവ് അവരെ സഹായിക്കാമെന്നേറ്റു. അതിനായി ബ്രഹ്മദേവൻ ഭഗവാൻ ശ്രീഹരിയെ ഭജിച്ചു.

നാരദൻ ചോദിച്ചു: ഭഗവാൻ കലാംശം കൊണ്ട് യജ്ഞരൂപനായി അവതരിച്ചിട്ടുണ്ടല്ലോ. ബ്രാഹ്മണർ യജ്ഞത്തിൽ ഹവിസ്സർപ്പിക്കുമ്പോൾ അതെത്തുന്നത് ദേവൻമാരിലേയ്ക്കല്ലേ?

നാരായണൻ പറഞ്ഞു: ശരിയാണ് . എന്നാൽ ബ്രാഹ്മണരും രാജാക്കൻമാരും യജ്ഞത്തിൽ അർപ്പിച്ച ഹവിസ്സ് സുരൻമാർക്ക് കിട്ടാതെ പോയിരുന്നു. അപ്പോഴാണവർ തങ്ങൾക്ക് ആഹാരമൊന്നും കിട്ടുന്നില്ല എന്ന പരാതിയുമായി ബ്രഹ്മാവിനെ സമീപിച്ചത്. അതു കേട്ട വിധി ശ്രീകൃഷ്ണനെ ധ്യാനിച്ചു. പിന്നീട് ഭഗവാന്റെ കല്പനപ്രകാരം ബ്രഹ്മദേവൻ മൂലപ്രകൃതിയായ ദേവിയെ പൂജിച്ചു. ആ ദേവിയുടെ കലാംശമായ ശക്തി അതിസുന്ദരിയും ശ്യാമളയും സർവ്വശക്തിസ്വരൂപിണിയുമായിരുന്നു. സുസ്മേരവദനയായി വരദാനത്തിനു തയ്യാറായി ദേവി ബ്രഹ്മാവിനു മുന്നിൽ അവതരിച്ചു. 'ഹേ വിധാതാവേ, അഭീഷ്ടവരം എന്താണെങ്കിലും ചോദിക്കാം.'

അപ്പോൾ പ്രജാപതിയായ ബ്രഹ്മദേവൻ ഭക്തി സംഭ്രമത്തോടെ പറഞ്ഞു: അഗ്നിയ്ക്ക് ദഹനശക്തി ലഭിക്കാൻ നിന്റെ അനുഗ്രഹം വേണം- നിന്റെ നാമം ജപിച്ച് ബ്രാഹ്മണർ അഗ്നിയിൽ അർപ്പിക്കുന്ന ഹവിസ്സ് ദേവകൾക്ക് എത്തിച്ചേരാൻ അനുഗ്രഹിച്ചാലും. ദേവീ അവിടുന്ന് അഗ്നിയുടെ സമ്പദ് സ്വരൂപയും ശ്രീരൂപയായ ഗൃഹേശ്വരിയും ദേവമർത്ത്യാദികൾക്ക് സംപൂജ്യയും ആയി വിളങ്ങിയാലും.

ബ്രഹ്മാവിന്റെ അപേക്ഷ കേട്ട് ദേവി വിഷണ്ണയായി. എന്നിട്ട് തന്റെ അഭിപ്രായം ഇങ്ങിനെ പറഞ്ഞു:  "ഞാൻ കൃഷ്ണനെ ഭജിച്ചാണ് തപസ്സ് ചെയ്യുന്നത്. ആ ഭഗവാനിൽ നിന്നും അന്യമായി എന്തുണ്ടെന്നു പറഞ്ഞാലും അവയെല്ലാം സ്വപ്നസമാനം വെറും ഭ്രമമത്രേ. അങ്ങ് ധാതാവാകാനും പരമശിവൻ മൃത്യുഞ്ജയനാകാനും ഗണനായകൻ സർവ്വ പൂജിതനാകാനും ധർമ്മൻ ധർമ്മസാക്ഷിയാകാനും കാരണമായതും ആദിശേഷന് ഭൂമിയെ താങ്ങി നിർത്താൻ കഴിവുണ്ടായതും പ്രകൃതി സമ്പൂജ്യയായിരിക്കുന്നതും ആ ദേവപ്രഭുവിന്റെ വരപ്രസാദത്താൽ മാത്രമാണ്. ഋഷിമുനിമാർ പൂജിതരായത് അദ്ദേഹത്തെ സേവിച്ചതിനാൽ മാത്രമാണ്. ഞാൻ ആ ഭഗവദ്പാദങ്ങളെ മാത്രമാണ് സദാ ധ്യാനിക്കുന്നത്. " ഇത്രയും പറഞ്ഞ് കൃഷ്ണ ഭഗവാനെ മാത്രം മനസ്സിലുറപ്പിച്ച് ദേവി തപസ്സിനായി പുറപ്പെട്ടു. ദേവി ഒറ്റക്കാലിൽ നിന്ന് ലക്ഷവർഷം തപസ്സനുഷ്ഠിച്ചു.

അപ്പോൾ ഭഗവാൻ ദേവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. പ്രകൃതിക്ക് അതീതനും നിർഗ്ഗുണനും പരാത്പരനും കാമേശനുമായ ഭഗവാന്റെ കോമളവിഗ്രഹം കണ്ട് ദേവി മോഹാലസ്യപ്പെട്ടു. അവളുടെ ഇംഗിതം അറിഞ്ഞ ഭഗവാൻ അവളെ കൈ കൊണ്ട് കോരിയെടുത്ത് പുണർന്നു. എന്നിട്ടവൾക്ക് വരമരുളി.

ഭഗവാൻ പറഞ്ഞു: "വരാഹ കൽപ്പത്തിൽ നഗ്നചിത്തിന്റെ മകളായി ജനിച്ച് നിനക്കെന്റെ പത്നിയാവാം. ഇപ്പോൾ നീ ദാഹകനായ അഗ്നിയുടെ പത്നിയായി നിലകൊണ്ടാലും. മന്ത്രാംഗമായി നീയും സദാ പൂജിക്കപ്പെടും. അഗ്നിദേവൻ നിന്നെ ഗൃഹദേവതയായി ബഹുമാനിച്ച് പൂജിക്കും. മാത്രമല്ല രാമയും രമണീയയുമായ നീയുമൊത്ത് അഗ്നിദേവൻ നീണ്ടനാൾ രമിച്ചു സുഖിക്കാനും ഇടയാവും."

ഇത്രയും പറഞ്ഞ് ഭഗവാൻ മറഞ്ഞു. അപ്പോൾ ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം അഗ്നിദേവൻ അവിടെ സമാഗതനായി. സാമവേദപ്രകാരം മന്ത്രജപത്തോടെ അഗ്നിദേവൻ ദേവിയെ പാണിഗ്രഹണം ചെയ്തു. ആ ദമ്പതിമാർ നൂറ് ദിവ്യവർഷങ്ങൾ സംഭോഗ സുഖങ്ങൾ അനുഭവിച്ച് കാട്ടിൽ വിഹരിച്ചു. അഗ്നിതേജസ്സിനാൽ അവൾ ഗർഭിണിയായി. പന്ത്രണ്ടു വർഷം നീണ്ടുനിന്ന ഗർഭകാലം കഴിഞ്ഞ് അവള്‍ അഴകും ഗുണവും തികഞ്ഞ മൂന്ന് പുത്രൻമാരെ പ്രസവിച്ചു. ദക്ഷിണാഗ്നി, ഗാർഹപത്യാഗ്നി, ആഹവനീയാഗ്നി എന്നവർ അറിയപ്പെട്ടു. ഋഷിമാരും മുനിവൃന്ദങ്ങളും ക്ഷത്രിയരും മറ്റ് വർണ്ണങ്ങളിൽ ഉള്ളവരും 'സ്വാഹാ' മന്ത്രം ജപിച്ച് യജ്ഞങ്ങളിൽ ഹവിസ്സർപ്പിച്ചു. സ്വാഹായോടു കൂടി വിധിയാംവണ്ണം മന്ത്രം ജപിക്കുന്നവർക്ക് സർവ്വസിദ്ധികളും സ്വായത്തമാവും.

വിഷമില്ലാത്ത സർപ്പം, വേദപഠനമില്ലാത്ത ബ്രാഹ്മണൻ, ഭർത്തൃസേവ ചെയ്യാത്ത നാരി, വിദ്യയില്ലാത്ത പുരുഷൻ, പൂത്ത്കായ്ക്കാത്ത വൃക്ഷം എന്നിവയെപ്പോലെയാണ് സ്വാഹാ ജപം കൂടാതെ ചെയ്യുന്ന യജ്ഞങ്ങൾ. സ്വാഹാ മന്ത്രം നടപ്പിലായതോടെ ദേവൻമാർ സന്തുഷ്ടരായി. അവർക്കുള്ള ആഹുതികൾ ലഭിച്ചതോടെ കർമ്മങ്ങൾ സഫലങ്ങളായി. മോക്ഷദായകമായ സ്വാഹാ ചരിതം ഞാൻ പറഞ്ഞുതന്നു. അങ്ങേയ്ക്ക് ഇനിയും എന്നാണ് അറിയേണ്ടത്?

നാരദൻ പറഞ്ഞു: പ്രഭോ, സ്വാഹാദേവിയുടെ പൂജാവിധി, സ്തോത്രങ്ങൾ, ധ്യാനവിധി എന്നിവയും എനിക്ക് ഉപദേശിച്ചാലും.

ശ്രീ നാരായണൻ പറഞ്ഞു: സാമവേദോക്തമാണ് ആ സ്തോത്ര പൂജാവിധികൾ. യജ്ഞാരംഭത്തിൽത്തന്നെ ഒരു സാളഗ്രാമശിലയിലോ കലശത്തിലോ ദേവിയെ പൂജിച്ച് യജ്ഞ ഫലസിദ്ധി ഉറപ്പാക്കാം. സ്വാഹാദേവിയെ മന്ത്രാംഗയുക്തയും മന്ത്രസിദ്ധ സ്വരൂപിണിയും സിദ്ധിപ്രദയും ശുഭപ്രദയും ആയി ധ്യാനിച്ചുറപ്പിച്ച് പാദ്യാദികൾ സമർപ്പിക്കുക. 'ഓം ഹ്രീം ശ്രീം വഹ്നി ജായായൈ ദേവ്യൈ സ്വാഹ ' എന്ന മന്ത്രത്തോടെ ദേവിയെ പൂജിക്കുന്നവന്റെ അഭീഷ്ടങ്ങൾ  തീര്‍ച്ചയായും നിറവേറും.

വഹ്നി പറഞ്ഞു: ദേവിയുടെ പതിനാറ് നാമങ്ങളായ സ്വാഹാ, വഹ്നിപ്രിയാ, വഹ്നിജയാ, സന്തോഷകാരിണീ,ശക്തി, ക്രിയാ, കാലദാത്രി, പരിപാകകരീ, ധ്രുവാ, ഗതി, ദാഹിക, ദഹനക്ഷമ, സംസാരസാരസ്വരൂപാ, ഘോര സംസാര താരിണീ, ദേഹപോഷണ കാരിണീ, ദേഹജീവനരൂപിണീ എന്നിവ പഠിക്കുന്ന സാധകന് ഇഹലോകത്തും പരലോകത്തും സദ്ഗതിയുണ്ടാവും. അവന്റെ കർമ്മങ്ങൾ ശുഭമായിത്തീരും. ഭാര്യാഹീനന് രംഭയ്ക്ക് തുല്യയായ ഒരുവളെ ഭാര്യയായി ലഭിക്കും. പുത്രനില്ലാത്തവന് പുത്രലാഭമുണ്ടാവും. അവന്റെ ജീവിതം സുഖസമ്പൂർണ്ണമാവും.

No comments:

Post a Comment