Devi

Devi

Saturday, July 15, 2017

ദിവസം 264. ശ്രീമദ്‌ ദേവീഭാഗവതം. 9- 42. ലക്ഷ്മീധ്യാനസ്തോത്രാദികഥനം

ദിവസം 264.  ശ്രീമദ്‌ ദേവീഭാഗവതം. 9.42.  ലക്ഷ്മീധ്യാനസ്തോത്രാദികഥനം

ഹരേരുത് കീർത്തനം ഭദ്ര ശ്രുതം തത് ജ്ഞാനമുത്തമം
ഈപ്സിതം ലക്ഷ്മ്യൂപാഖ്യാനം ധ്യാനം സ്തോത്രം വദപ്രഭോ
സ്നാത്വാ തീർത്ഥേ പുരാ ശക്രോ ധൃത്വാ ധൗതേ ച വാസസീ
ഘടം സംസ്ഥാപ്യ ക്ഷീരോദേ ഷഡ്ദേവാൻ പര്യപൂജയേത്

നാരദൻ പറഞ്ഞു: മംഗള പ്രദമായ ഹരി കീർത്തനം, അതിന്റെ പുറകിലുള്ള തത്വജ്ഞാനം, ലക്ഷ്മീ ഉപാഖ്യാനം, എന്നിവയെല്ലാം എനിക്ക് കേൾക്കാൻ ഭാഗ്യമുണ്ടായി. ഇനി ദേവിയെ സ്തുതിക്കാനായി ഏതെല്ലാം ധ്യാനങ്ങളും സ്തോത്രങ്ങളുമാണ് ഉത്തമം എന്നുകൂടി എനിക്കു പറഞ്ഞു തന്നാലും.

ശ്രീ നാരായണൻ പറഞ്ഞു: ഇന്ദ്രൻ പണ്ട് പാലാഴിയിൽ തീർത്ഥസ്നാനം ചെയ്ത് ശുഭ്രവസ്ത്രധാരിയായി ആ സമുദ്രതീരത്ത് ഒരു കലശം സ്ഥാപിച്ച് ഗണേശൻ, ഭാസ്ക്കരൻ, അഗ്നി, വിഷ്ണു, ശിവൻ, ഭുവനേശ്വരി എന്നീ ആറ് ദേവതമാരെ പുഷ്പഗന്ധാദികൾ കൊണ്ട് പൂജിക്കുകയുണ്ടായി. പിന്നീട് ഇന്ദ്രൻ മഹാലക്ഷ്മിയെയും ഘടത്തിൽ ആവാഹിച്ചു. ബ്രഹ്മാവും ബൃഹസ്പതിയും ആ പൂജയിൽ പങ്കെടുത്തു. മാത്രമല്ല അനേകം മാമുനിമാരും ബ്രാഹ്മണരും സാക്ഷാൽ ഹരിയും ഹരനുമെല്ലാം അവിടെ സന്നിഹിതരായിരുന്നു.

ഒരു പാരിജാതപ്പൂവ് ചന്ദനച്ചാറിൽ മുക്കി ദേവേന്ദ്രൻ മഹാലക്ഷ്മിയെ പൂജിച്ചു. പണ്ട് മഹാവിഷ്ണു ബ്രഹ്മാവിന് ഉപദേശിച്ചു കൊടുത്ത സാമവേദോക്തമായ ധ്യാനത്താലാണ് വാസവൻ ദേവിയെ ധ്യാനിച്ചത്. ആ ധ്യാനം അങ്ങേയ്ക്ക് പറഞ്ഞു തരാം.

"സഹസ്രദളപത്മത്തിന്റെ ബീജകോശത്തിൽ കുടികൊള്ളുന്നവളും കോടി ശരത്കാലപൂർണ്ണചന്ദ്രൻമാരുടെ കാന്തിയുള്ളവളുമായ ദേവി സ്വതേജസ്സിനാൽ പ്രോജ്വലിച്ചു കാണപ്പെടുന്നു. അഴകിന്റെ നിറകുടമായ ദേവിയുടെ മേനിക്ക് കാച്ചിയെടുത്ത തങ്കത്തിന്റെ നിറമാണ്. മഞ്ഞപ്പൂന്തുകിലും രത്നഭൂഷകളും അണിഞ്ഞ് പൂപ്പുഞ്ചിരിയും തൂകി നില്കുന്ന ദേവി സദാ നവയൗവന സമ്പന്നയത്രേ. സർവ്വസമ്പത്തുകൾക്കും ഉടമയായ ദേവി നാനാഗുണങ്ങൾക്കും ആശ്രയമാണ്. "

ഈ ധ്യാനത്തോടെ ദേവേന്ദ്രൻ വേദവിധിപ്രകാരം മന്ത്രാച്ചാരണത്തോടെയാണ് ഷോഡശാചാരപൂജ ചെയ്തത്. വാസവൻ ദേവിക്കായി മന്ത്രപുരസ്സരം ഓരോരോ അർഘ്യങ്ങൾ സമര്‍പ്പിച്ചു. അത്യുൽകൃഷ്ടങ്ങളായ ആ ഉപചാരങ്ങൾ അതിപ്രശസ്തവും അമൂല്യവും ആയിരുന്നു. "കിടയറ്റ രത്നങ്ങൾ പതിച്ച് വിശ്വകർമ്മാവ് നിർമ്മിച്ച ഈ ദിവ്യസിംഹാസനം ദേവീ അവിടുന്ന് സ്വീകരിച്ചാലും. സകലരും വണങ്ങുന്ന ശുദ്ധമായ ഗംഗാജലവും അവിടുന്ന് സ്വീകരിക്കൂ. പൂവും കറുകയും ചന്ദനവും ചേർന്ന ജാഹ്നവീജലം  ശംഖിൽ നിറച്ച് അവിടുത്തെ മുന്നിലിതാ ഞാനർച്ചിക്കുന്നു. ദേഹകാന്തി വർദ്ധിപ്പിക്കാൻ സുഗന്ധപുഷ്പ തൈലം, നെല്ലിക്കാപ്പൊടി എന്നിവയും ഉടുക്കാൻ പരുത്തി വസ്ത്രം, പട്ടുസാരി എന്നിവയും ഇതാ ഞാൻ സമർപ്പിക്കുന്നു. ദേവീ, ദേഹത്തിനഴകേറ്റുന്ന രത്ന ഭൂഷണങ്ങൾ സ്വീകരിച്ചാലും. സുഗന്ധദ്രവ്യങ്ങളും, ചന്ദനം, അകിൽ എന്നിവയും ചേർത്തൊരുക്കിയ ധൂപമിതാ സ്വീകരിച്ചാലും. കുളിരേകുന്ന ചന്ദനക്കൂട്ട് ഇതാ നിനക്കായി കൊണ്ടു വന്നിരിക്കുന്നു. സുരേശ്വരീ, അവിടുന്ന് ഇരുട്ടകറ്റുന്ന ഈ ദീപത്തെ കൈക്കൊണ്ടാലും. നാനാ രസങ്ങൾ സമ്യക്കായി ഒരുക്കിയ സ്വാദിഷ്ടങ്ങളായ ഈ നൈവേദ്യങ്ങളെയും അവിടുന്ന് സ്വീകരിച്ചാലും. ബ്രഹ്മസ്വരൂപമായ അന്നം പ്രാണരക്ഷയ്ക്ക് കാരണമാകുന്നു. തുഷ്ടിയും പുഷ്ടിയുമേകുന്ന ഈ ഹവിസ്സ് ഞാനവിടുത്തേക്കായി നിവേദിക്കുന്നു.

വരിനെല്ലരി, ശർക്കര, നറുനെയ്യ് എന്നിവ ചേർത്ത് തയ്യാറാക്കിയ ഈ പായസ നൈവേദ്യം ദേവീ, അവിടുന്ന് സ്വീകരിക്കുക. ശർക്കര, നെയ്യ്, എന്നിവ ചേർത്തൊരുക്കിയ സ്വസ്തികവും അവിടുന്ന് കൈക്കൊള്ളുക. പലതരം പഴവർഗ്ഗങ്ങളും കാമധേനുവായ സുരഭിയുടെ അകിടിൽ നിന്നും ഇപ്പോൾ കറന്നെടുത്ത നറുംപാലും അച്യുതപ്രിയേ, അവിടുന്ന് കൈക്കൊണ്ടാലും. കരിമ്പുനീര് തീയിൽ വറ്റിച്ചെടുത്ത ഗുളവും, ഗോതമ്പും യവവും ശർക്കര ചേർത്ത് നെയ്യിൽ കുറുക്കിയെടുത്ത സുപക്വാന്നവും ഞാനിതാ നിവേദിക്കുന്നു. ധാന്യപ്പൊടികളും സ്വസ്തികവും ചേർത്തൊരുക്കിയ മറ്റൊരു  നിവേദ്യവും ഞാൻ ഭക്തിയോടെ സമർപ്പിക്കട്ടെ.

അവിടുത്തെ ദാഹം ശമിപ്പിക്കുന്ന കുളിർതെന്നലേകാനായി ആലവട്ടവും വെഞ്ചാമരവും ഞാനിതാ സമർപ്പിക്കുന്നു. കർപ്പൂരാദികൾ ചേർത്ത് സുഗന്ധപൂരിതമാക്കിയ താംബൂലമിതാ സ്വീകരിച്ചാലും. ദാഹംകെടുത്താൻ സുഗന്ധമുള്ള തണുത്ത ജലവുമിതാ കൊണ്ടു വന്നിരിക്കുന്നു. ദേഹകാന്തി വർദ്ധിപ്പിക്കുന്ന തിളങ്ങുന്ന പട്ടുചേലയും, രത്നം, സ്വർണ്ണം എന്നിവ കൊണ്ടു് പണിതൊരുക്കിയ ആഭരണങ്ങളും അവിടുന്ന് സ്വീകരിച്ചാലും. ആറ് ഋതുക്കളിലും ശോഭ കെടാത്ത നവകുസുമങ്ങൾ കൊരുത്ത പൂമാലയിതാ അവിടുത്തെ  മേനി അലങ്കരിക്കാനായി കൊണ്ടു വന്നിരിക്കുന്നു. 

കൃഷ്ണകാന്തേ, അവിടുന്ന് ഈ വിശുദ്ധമായ പുണ്യജലം ആചമിച്ചാലും. അനർഘരത്നങ്ങൾ പതിച്ച പുഷ്പചന്ദനാദികൾ വിതറി മനോഹരമാക്കിയ ഈ തല്പത്തെ അവിടുന്ന് സ്വീകരിക്കുക. ഭൂമിയിൽ അമൂല്യമായുള്ള ദിവ്യ വസ്തുക്കൾ എല്ലാമെല്ലാം ദേവീ അവിടുത്തേയ്ക്കുള്ള നൈവേദ്യമാണ്. അവയെല്ലാം ഞാനിതാ അവിടുത്തെ മുൻപിൽ പരമഭക്തിയോടെ സമർപ്പിക്കുന്നു." 

വിധിയാംവണ്ണം ദേവേന്ദ്രൻ ബ്രഹ്മാവ് ഉപദേശിച്ച മഹാലക്ഷ്മീമന്ത്രം, ദശലക്ഷം തവണ ഭക്തിപൂർവ്വം ഉരുക്കഴിച്ചു. കല്പതരുസമമായ മഹാലക്ഷ്മീ മന്ത്രം, ലക്ഷ്മീബീജം, മായാബീജം, കാമ ബീജം എന്നീ ബീജങ്ങള്‍ ചേര്‍ന്നതാണ്.  ശ്രീം, ഹ്രീം, ക്ളീം, ഐം, കമലാ വാസിന്യൈ സ്വാ ഹാ എന്ന വേദപ്രസിദ്ധമായ ഈ മന്ത്രം അത്യുത്തമമത്രേ. കുബേരൻ പരമൈശ്വര്യവാനായത് ഈ മന്ത്രജപത്തിനാലാണ്. ദക്ഷൻ രാജരാജേശ്വരനായതും, സാവർണ്ണി മനുവായതും, മംഗളൻ സപ്തദ്വീപാധിപനായതും പ്രിയവ്രതൻ, ധ്രുവൻ, കേദാരനൃപൻ, തുടങ്ങിയവർ സിദ്ധരായതും ഈ മന്ത്രത്തിന്റെ പ്രാഭവത്താലാണ്.

മന്ത്രസിദ്ധി കിട്ടിയ ഇന്ദ്രനു മുന്നിൽ ദേവി പ്രത്യക്ഷയായി. വരപ്രദയായി അനർഘരത്നഖചിതമായ ഒരാകാശ വിമാനത്തിൽ പ്രത്യക്ഷയായ ദേവിയുടെ കാന്തി സപ്തദ്വീപുകളോടുകൂടിയ ഭൂമിയെ പ്രോജ്വലത്താക്കി. തൂവെള്ളച്ചെമ്പകപ്പൂവിന്റെ നിറത്തോടെ നാനാ വേഷവിഭൂഷകൾ അണിഞ്ഞ് പുഞ്ചിരി തൂകി അതിപ്രസന്നയായി ഭക്താനുഗ്രഹവ്യഗ്രതയോടെ ദേവിയവിടെ പ്രത്യക്ഷയായി. കോടിചന്ദ്രൻമാർക്ക് തുല്യമാണാ മുഖശോഭ. ദേവിയെക്കണ്ട് ഭക്തി പാരവശ്യത്തോടെ ദേവേന്ദ്രൻ കണ്ണീർ വാർത്തു. പുളകിതഗാത്രനായി കൈകൂപ്പിക്കൊണ്ടു് അദ്ദേഹം ദേവിയെ സ്തുതിച്ചു. ബ്രഹ്മാവാണ് സർവ്വാഭീഷ്ടപ്രദമായ ഈ വൈദികസ്തോത്രം ഉപദേശിച്ചത്.

ദേവേന്ദ്രൻ പറഞ്ഞു: "നാരായണപ്രിയേ കമലവാസിനീ, നാരായണീ, ദേവീ, അവിടുത്തേക്ക് നമസ്കാരം. കൃഷ്ണപ്രിയയായ ദേവീ, ഞാനിതാ കൈകൂപ്പുന്നു. താമരപ്പൂവിതൾ പോലുള്ള കണ്ണുകളോടെ താമരപ്പൂവിൽ വസിക്കുന്ന കമലാനനയായ ദേവീ നമസ്ക്കാരം. പത്മാസനാ, പത്മിനി, വൈഷ്ണവി, എന്നീ നാമങ്ങളിൽ പ്രശസ്തയായ ദേവീ, നമസ്ക്കാരം. സർവ്വാരാദ്ധ്യയാണ് ദേവി. സർവ്വസമ്പദ്പ്രദായനീ ഞാനിതാ കൈതൊഴുന്നു. ഭക്തന് ഹരിഭക്തിയും ഹർഷവും നൽകുന്നതും നീയല്ലേ?

കൃഷ്ണന്റെ മാറിൽ കുടികൊള്ളുന്നവളും കൃഷ്ണേശയുമായ ദേവീ, നിന്നെ ഞാന്‍  കൈതൊഴുന്നു. ശോഭനേ, രത്നപത്മേ, ചന്ദ്രശോഭാസ്വരൂപിണീ, സമ്പദദൃഷ്ഠാതൃദേവതേ,  ബുദ്ധിസ്വരൂപേ, ബുദ്ധിദായിനീ, ദേവീ, നമസ്ക്കാരം, നമസ്ക്കാരം

വൈകുണ്ഠത്തിൽ മഹാലക്ഷ്മിയായും, ക്ഷീരസാഗരത്തിൽ ലക്ഷ്മിയായും, ഇന്ദ്രപുരിയിൽ സുരലക്ഷ്മിയായും, രാജഗൃഹത്തിൽ രാജലക്ഷ്മിയായും, ഗൃഹസ്ഥന് ഗൃഹലക്ഷ്മിയായും, ഗൃഹത്തിൽ ഗൃഹ ദേവതയായും, സാഗരജന്യയായ കാമധേനുവായും, യജ്ഞകാമിനിയായ ദക്ഷിണയായും, ദേവമാതാവായ അദിതിയായും, കമലാലയയായ കമലയായും , നീ വിളങ്ങുന്നു. ഹവിർദാനത്തിൽ സ്വാഹാദേവി,  പിതൃക്കൾക്ക് കവ്യം നല്കമ്പോൾ സ്വധ, സർവ്വാധാരയായ വസുന്ധര, വിഷ്ണുസ്വരൂപ, ശുദ്ധസത്വസ്വരൂപ, നാരായണപര, ക്രോധ ഹിംസാദി രഹിത, വരദ, ശാരദ, ശുഭ, പരമാർത്ഥപ്രദായക, ഹരിദാസ്യപ്രദ എന്നിങ്ങിനെ നാനാവിധത്തിൽ ദേവി പ്രകടമാകുന്നു.

നിന്റെ അഭാവത്തിൽ ഭൂമി വെറും ചാരം. ജീവച്ഛവം. നീയെല്ലാവർക്കും അമ്മയാകുന്നു. സകലർക്കും നീ ബന്ധുവാണ്. മുലകുടി മാറാത്ത കുട്ടികൾക്ക് അമ്മയെങ്ങിനെയോ അങ്ങിനെ സകലർക്കും ഓരേ വിധത്തിൽ അമ്മ തന്നെയാണ് നീ. മനുഷ്യന്റെ കുട്ടി ചിലപ്പോൾ മുലകുടിക്കാതെ ജീവിച്ചുവെന്നു വരാം. എന്നാൽ ദേവീ നിന്നെക്കൂടാതെ ഒരുവനും ജീവിക്കയില്ല.

അമ്മേ എന്നിൽ കരുണ കാണിക്കൂ. സുപ്രസന്നയായി ശത്രുക്കൾ കീഴടക്കി വെച്ചിട്ടുള്ള എന്റെ രാജ്യം തിരികെ തന്നാലും. നീയില്ലെങ്കിൽ എനിക്കെവിടെയാണ് സമ്പത്ത് ? നീയില്ലാത്തതിനാൽ  ഞാനൊരു ഭിക്ഷുവും ബന്ധുഹീനനുമായി.  പത്മജേ, വിഷ്ണുവല്ലഭേ, എനിക്ക് ജ്ഞാനവും ധർമ്മവും സർവ്വസൗഭാഗ്യങ്ങളും, യുദ്ധത്തിൽ ജയവും, പരാക്രമവും, ഐശ്വര്യവും, പ്രതാപവും നഷ്ടപ്പെട്ട അധികാരവും നൽകിയാലും."

ഇങ്ങിനെ സ്തുതിച്ച് പ്രാർത്ഥിച്ച് ഇന്ദ്രൻ ദേവിയെ വീണ്ടും വീണ്ടും നമസ്ക്കരിച്ചു. മറ്റു ദേവൻമാരും ദേവിയെ സ്തുതിച്ചു വന്ദിച്ചു.ശങ്കരനും ബ്രഹ്മാവും വിഷ്ണുവും ശേഷനും ധർമ്മനും ദേവിയെ നമിച്ചു. ദേവൻമാർക്ക് അഭീഷ്ടവരവും വിഷ്ണുവിന് ഒരു പൂമാല്യവും നല്കി ദേവി പാലാഴിയിൽ ഹരിസവിധമണഞ്ഞു. ദേവൻമാർ സന്തുഷ്ടരായി. ബ്രഹ്മാദികളും ദേവൻമാരെ അനുഗ്രഹിച്ച ശേഷം അവരവരുടെ ഇടങ്ങളിലേക്ക് മടങ്ങി. 


ഈ മന്ത്രം മൂന്നു സന്ധ്യകളിലും ചൊല്ലുന്ന മനുഷ്യർക്ക് കുബേരനു തുല്യം സമ്പത്തുണ്ടാകും. അവൻ രാജപദവിയലങ്കരിക്കും. അഞ്ചു ലക്ഷം തവണ ഈ മന്ത്രം ജപിച്ചാൽ സാധകന് മന്ത്രസിദ്ധിയുണ്ടാവും.  ഒരുവൻ ഈ മന്ത്രം ഒരു മാസം തുടർച്ചയായി ജപിച്ചാൽ അവൻ മഹാസുഖിയും രാജേന്ദ്രനുമായിത്തീരും.

No comments:

Post a Comment