Devi

Devi

Tuesday, May 23, 2017

ദിവസം 256. ശ്രീമദ്‌ ദേവീഭാഗവതം 9- 34. നരകാര്‍ഹലക്ഷണം

ദിവസം 256.  ശ്രീമദ്‌ ദേവീഭാഗവതം 9- 34.  നരകാര്‍ഹലക്ഷണം 

ഛിനത്തി ജീവം ഖഡ്ഗേന ദയാഹീന: സുദാരുണ:
നരഘാതീ ഹന്തി നരമര്‍ത്ഥ ലോഭേന ഭാരതേ
അസിപത്രേ വസേത് സൊfപി യാവദിന്ദ്രാശ്ചതുര്‍ദശ
തേഷു യോ ബ്രാഹ്മണാന്‍ ഹന്തി   ശതമന്വന്തരം വസേത് 

യമൻ പറഞ്ഞു: ഭാരതഭൂമിയിൽ ധനമോഹത്തോടെ അന്യനെ വാളുകൊണ്ട് വെട്ടിക്കൊല്ലുന്ന ഘാതകൻ പതിന്നാല് ഇന്ദ്രൻമാരുടെ കാലത്തോളം അസിപത്ര നരകത്തിൽ കഴിയേണ്ടിവരും. കൊന്നതൊരു ബ്രാഹ്മണനെയാണെങ്കിൽ അവന്‍ നൂറു് മന്വന്തരക്കാലം അവിടെക്കിടന്ന് നരകിക്കേണ്ടി വരും. അവിടെ യമഭടൻമാർ വാൾത്തല കൊണ്ട് ദേഹമാകെ കീറി വരയുകയും താഡിക്കുകയും ചെയ്യും. ആഹരിക്കാൻ ഒന്നും കിട്ടാതെ കിടന്നുവലഞ്ഞ് അവൻ വാവിട്ടു കരയും. അതു കഴിഞ്ഞ് നൂറ് ജന്മം വീതം മെരുവായും പന്നിയായും ഏഴു ജന്മം വീതം കോഴിയായും കുറുക്കനായും കടുവയായും തവളയായും മൂന്നു ജന്മം ചെന്നായായും പിറക്കണം. ഒടുവിൽ ഭാരതത്തിൽ ഒരു പോത്തിന്റെ ജന്മമെടുത്ത് അവൻ ശുദ്ധനാവും.

ഗ്രാമങ്ങളോ നഗരങ്ങളോ തീവെച്ചു നശിപ്പിക്കുന്നവൻ മൂന്ന് യുഗക്കാലം ക്ഷുരധാരാകുണ്ഡത്തിൽ കിടക്കേണ്ടി വരും. അവിടെ അവന്റെ അവയവങ്ങൾ യമഭടന്മാര്‍ കൊത്തി മുറിക്കും. അതു കഴിഞ്ഞാലവൻ ഒരു കൊള്ളിപിശാചായി ലോകം ചുറ്റും. പിന്നെ ഏഴു ജന്മങ്ങൾ വീതം അമേധ്യം തിന്നുന്നവനായും മാടപ്പിറാവായും മഹാശൂലവ്യാധി പിടിച്ചവനായും കുഷ്ഠരോഗിയായും ജനിച്ചു ജീവിച്ച് ശുദ്ധനാവും.

അന്യന്റെ കുറ്റം പറഞ്ഞ് ഏഷണി കൂട്ടുന്നവനും, അന്യന്റെ ദോഷങ്ങളെ വാഴ്ത്തുന്നവനും ദേവബ്രാഹ്മണരെ നിന്ദിക്കുന്നവനും സൂചിമുഖ നരകത്തിലാണ് എത്തുക. അവിടെ കൂർത്ത സൂചികൾ അവനെ കുത്തിക്കീറും.പിന്നെ ഏഴു ജന്മങ്ങൾ വീതം തേള്, സർപ്പം വജ്ര കീടം, ഭസ്മ കീടം എന്നീ വക ജന്തുക്കളായി ജീവിച്ച് ഒടുവിൽ മഹാരോഗം പിടിപെട്ട മനുഷ്യനായി ജനിച്ച് ശുദ്ധതയെ പ്രാപിക്കും.

ഒരു ഗൃഹസ്ഥന്റെ ഭവനം ആക്രമിച്ച് അവിടെയുള്ള ആടുമാടുകളെ മോഷ്ടിക്കുന്നവന് ഗോകാമുഖനരകത്തിലാണ് ശിക്ഷയനുഭവിക്കേണ്ടത്. അവൻ മൂന്നുയുഗങ്ങൾ യമഭടന്മാരുടെ തല്ലുകൊണ്ട് അവിടെക്കഴിയണം. പിന്നെ മാറാവ്യാധി പിടിപെട്ട പശുവായി ഏഴു ജന്മവും അതു കഴിഞ്ഞ് മൂന്നു ജന്മങ്ങൾ വീതം ആട് ചെമ്മരിയാട് എന്നിവയായും ജന്മമെടുത്ത് ഒടുവിൽ അവനു മനുഷ്യ ജന്മം കിട്ടും. നിത്യരോഗിയും ദരിദ്രനുമായി ജീവിക്കുന്ന അവന് ബന്ധുമിത്രാദികൾ ഉണ്ടാവില്ല. എങ്കിലും ദുരിത ജീവിതത്തിനൊടുവിൽ അവനും ശുദ്ധതയെ പ്രാപിക്കും.

സാധാരണ വസ്തുക്കൾ മോഷ്ടിക്കുന്ന കള്ളൻമാർ നക്രമുഖ നരകത്തിൽ യമഭടൻമാരുടെ അടിയും കൊണ്ടു് മൂന്നു വർഷം കിടക്കണം. പിന്നെയവൻ അസുഖം പിടിച്ച ഒരു കാളയായി ഏഴു ജന്മം ജീവിച്ച് ഒടുവിൽ മനുഷ്യജന്മം കിട്ടി ശുദ്ധനാവും.

പശുക്കൾ, ആനകൾ, കുതിരകൾ, എന്നിവയെ ഉപദ്രവിക്കുകയും വൃക്ഷങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന കശ്മലൻമാർ എട്ടു  യുഗപര്യന്തം ഗജദംശം എന്ന നരകത്തിൽ കഴിയേണ്ടി വരും. ആനക്കൊമ്പു കൊണ്ടുള്ള അടി കൊണ്ടു് അവിടെക്കഴിഞ്ഞ ശേഷം മമ്മൂന്നു ജന്മങ്ങൾ വീതം ആനയായും കുതിരയായും പശുവായും മ്ലേച്ഛനായും പിറന്ന് അവനും ശുദ്ധനാവാം.

ദാഹിച്ചു വെള്ളം കുടിക്കുന്ന പശുക്കളെ തടയുന്നവൻ ഗോമുഖ നരകത്തിൽ വീഴും. അവിടെ ഒരു മന്വന്തരം കൃമികടി കൊണ്ട് ചൂടുവെള്ളത്തിലാണ് അവന്‍ വെന്തുനീറി കഴിയേണ്ടത്. അതു കഴിഞ്ഞുള്ള മനുഷ്യ ജന്മത്തിൽ അവൻ പശു സമ്പത്തുക്കളില്ലാത്തവനും മഹാദരിദ്രനും ചണ്ഡാലനുമായിരിക്കും.

ഗോഹത്യ, ബ്രാഹ്മണഹത്യ, ഗുരുഹത്യ, ഭ്രൂണഹത്യ, സ്ത്രീഹത്യ, ഭിക്ഷുഹത്യ എന്നിവ ചെയ്തവരും അഗമ്യഗമനം നടത്തുന്നവരും കുംഭീപാകമെന്ന നരകത്തിലേക്കാണ് എത്തുക. പതിന്നാല് ഇന്ദ്രൻമാരുടെ കാലത്തോളം അവിടെയവരെ യമഭടൻമാർ താഡിച്ചും തീയിലിട്ടു പൊള്ളിച്ചും എണ്ണയിൽ വറുത്തും മുള്ളിലിട്ടു വലിച്ചും ലോഹദ്രവത്തിൽ മുക്കിയും രസിക്കും. അതു കഴിഞ്ഞാൽ ആയിരം ജന്മങ്ങൾ കഴുകനായും നൂറു ജന്മങ്ങൾ പന്നിയായും ഏഴു ജന്മങ്ങൾ കാക്കയായും പിന്നെ ഏഴു ജന്മങ്ങൾ പാമ്പായും, അറുപതിനായിരം കൊല്ലം മലത്തിലെ കൃമിയായും കുറേ ജന്മങ്ങൾ കാളയായും ജീവിച്ച് ഒടുവിൽ കുഷ്ഠം പിടിച്ച മനുഷ്യനായി ജനിച്ചാണ് അവനും ശുദ്ധനാവുക.

സാവിത്രി ചോദിച്ചു.: ഭഗവൻ, ഗോഹത്യയും ബ്രഹ്മഹത്യയും മറ്റും എത്രവിധത്തിലാണ് ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുള്ളത്? പുരുഷന് അഗമ്യരായുള്ള സ്ത്രീകൾ ആരൊക്കെയാണ്? സന്ധ്യാവിഹീനനായി ആരാണുള്ളത്? ആരാണ് അദീക്ഷിതൻ? തീർത്ഥ പ്രതിഗ്രാഹി ആരാണ്? ആരാണ് ദേവലൻ? ആരാണ് ഗ്രാമയാജി? പ്രമത്തൻ ആരാണ്? ആരാണ് വൃഷലീപതി ? ശൂദ്രർക്ക് പാചകം ചെയ്യുന്ന ബ്രാഹ്മണൻ ആരാണ്? അവരുടെ ലക്ഷണങ്ങളും മറ്റും പറഞ്ഞു തന്നാലും.

ധർമ്മരാജൻ പറഞ്ഞു: അല്ലയോ സതീമണീ, ശ്രീകൃഷ്ണനിലും ശ്രീകൃഷ്ണവിഗ്രഹത്തിലും മറ്റു ദേവൻമാരിലും അവരുടെ പ്രതിമകളിലും ശിവനിലും ശിവലിംഗത്തിലും ഗണേശനിലും ഗണേശ വിഗ്രഹത്തിലും ദുർഗ്ഗയിലും ദുർഗ്ഗാ പ്രതിമയിലും സൂര്യനിലും സൂര്യമണിയിലും ഭേദബുദ്ധിയുള്ളവൻ ബ്രഹ്മഹത്യാ പാപത്തെ വരുത്തിവയ്ക്കുന്നു.

വിഷ്ണുഭക്തരേയും ബ്രാഹ്മണരേയും മറ്റും ഭേദബുദ്ധിയോടെ കാണുന്നവരും ബ്രഹ്മഹത്യാ പാപികളാണ്. അതുപോലെ തന്നെയാണ് വിപ്രപാദതീർത്ഥത്തേയും സാളഗ്രാമതീർത്ഥത്തേയും വേറിട്ടു കാണുന്നത്. ശിവ നൈവേദ്യവും വിഷ്ണു നൈവേദ്യവും വെവ്വേറെ കാണുന്നതും ബ്രഹ്മഹത്യക്ക് തുല്യമാണ്.

സർവ്വേശ്വരനും സകലതിനും ആശ്രയവും സർവ്വവന്ദ്യനും സർവ്വാന്തര്യാമിയും ആയ കൃഷ്ണനും മഹേശ്വരനും തമ്മിൽ അന്തരമുണ്ടെന്നു കരുതുന്നതു പോലും ബ്രഹ്മഹത്യാ പാപമാണ്.

പരാശക്തിഭജനവും ശക്തിശാസ്ത്രവും ഭേദബുദ്ധിയോടെ കാണുന്നത് ബ്രഹ്മഹത്യയാണ്.

ഏകനും നിർഗുണനുമാണെങ്കിലും മായ കൊണ്ട് വൈവിദ്ധ്യമാർന്ന രൂപഭാവങ്ങൾ കൈക്കൊള്ളുന്ന കൃഷ്ണ ഭഗവാനും മഹാദേവനും ഒന്നാണെന്ന അറിവ് ഇല്ലാതിരിക്കുന്നതും  ബ്രഹ്മഹത്യ പോലുള്ള പാപമത്രേ.

വേദോക്തങ്ങളായ പിതൃപൂജകളും ദേവാരാധനകളും ചെയ്യാതിരിക്കുന്നവരും നിഷിദ്ധാചാരങ്ങൾ അനുഷ്ഠിക്കുന്നവരും ബ്രഹ്മഹത്യാപാപികളാണ്.

ആനന്ദചിന്മയനും നിത്യനും സർവ്വദേവ നമസ്കൃത്യനും വൈഷ്ണവ മുഖ്യനുമായ ഹൃഷീകേശനെയും തദ്മ ന്ത്രോപാസകനേയും നിന്ദിക്കുന്നവൻ ബ്രഹ്മഹത്യാ പാപത്തെ വരുത്തി വയ്ക്കുന്നു.

സർവ്വ വന്ദിതയും, സർവ്വദേവസ്വരൂപിണിയും മൂലപ്രകൃതിയും സർവ്വശക്തിസ്വരൂപിണിയും ചിന്മയിയും കാരണബ്രഹ്മ രൂപയും സകലർക്കും അമ്മയുമായ പരാശക്തിയെ നിന്ദിക്കുന്നത് ബ്രഹ്മഹത്യയാണ്.

രാമനവമി, കൃഷ്ണജന്മാഷ്ടമി, ശിവരാത്രി, ഏകാദശി, രവിവാരം, എന്നിവ ആചരിക്കാത്തവർ ചണ്ഡാളരേക്കാൾ പാപികളാണ്. അവരും ബ്രഹ്മഹത്യയാണ് ചെയ്യുന്നത്.

ഭൂമി ഋതുവായിരിക്കുമ്പോൾ ഭൂമി കിളച്ചു മറിക്കുന്നതും ജലശൗചാദികൾ ചെയ്യുന്നതും ബ്രഹ്മഹത്യയാണ്.

ഗുരു,മാതാപിതാക്കൾ എന്നിവരെ നിന്ദിക്കുന്നതും ഭാര്യാ പുത്രാദികളെ സംരക്ഷിക്കാതിരിക്കുന്നതും അപ്രകാരമുളള പാപമാണ്.

അവിവാഹിതനും പുത്രനെ കാണാൻ ഭാഗ്യമില്ലാത്തവനും ഹരി ഭക്തിയില്ലാത്തവനും ഭഗവാന് നിവേദിക്കാതെ ഉണ്ണുന്നവനും വിഷ്ണുപൂജയോ ശിവലിംഗാർച്ചനയോ ചെയ്യാത്തവനും പശുവിനെ തല്ലുന്നവനും അത് തടയാത്തവനും പശുവിനും ബ്രാഹ്മണനും ഇടക്ക് നടക്കുന്നവനും ബ്രഹ്മഹത്യാ പാപികളാണ്.

പശുക്കൾക്ക് എച്ചിൽ ഭക്ഷണം കൊടുക്കുക, കാളപ്പുറത്തേറി നടക്കുന്നവനെ ഊട്ടുക, അവന്റെ ചോറുണ്ണുക എന്നിവയെല്ലാം ഗോഹത്യ പോലെയാണ്. ദാസീ പതിയെക്കൊണ്ട് യാഗം ചെയ്യിപ്പിക്കുന്നതും അവന്റെ അന്നം കഴിക്കുന്നതും നൂറ് ഗോഹത്യക്ക് തുല്യമത്രേ.

പശുവിനെ ചവിട്ടുക, തീയിൽ കാലിടുക, കുളിച്ചിട്ട് കാലു കഴുകാതെ ക്ഷേത്രദർശനം ചെയ്യുക, കാലിൽ എണ്ണ പുരട്ടിയിട്ട് ഭക്ഷണം കഴിക്കുക, അങ്ങിനെ ഉറങ്ങുക, വെളുപ്പിനേ തന്നെ ചോറുണ്ണുക എന്നിവയെല്ലാം ഗോഹത്യാപാപത്തെ വിളിച്ചു വരുത്തുന്നു.

ഭർത്താവും സന്താനവുമില്ലാത്ത സ്ത്രീ, വ്യഭിചാരിണി എന്നിവരിൽ നിന്നും ആഹാരം വാങ്ങിക്കഴിക്കുന്ന വിപ്രനും സന്ധ്യാവന്ദനമാചരിക്കാത്ത ബ്രാഹ്മണനും ഗോഹത്യാ പാപം ലഭിക്കും.

സ്വകാന്തനേയും ദൈവത്തേയും ഭേദബുദ്ധിയോടെ കാണുക, ഭർത്താവിനോട് കയർത്ത പറയുക എന്നിവയും ഗോഹത്യക്ക് തുല്യമായ പാപമാണ്.

പശുക്കൾക്ക് മേയാനുള്ള ഇടങ്ങൾ അവയ്ക്ക് തിന്നാന്‍ പറ്റാത്ത മറ്റു സസ്യജാലങ്ങളെക്കൊണ്ടു് നിറച്ച് തടസ്സമുണ്ടാക്കുന്നത് ഗോഹത്യക്ക് തുല്യമാണ്.

ഗോഹത്യാ പാപം ചെയ്ത സ്വപുത്രനെക്കൊണ്ട് പ്രായശ്ചിത്തം ചെയ്യിക്കാതെ പുത്ര സ്നേഹം പ്രകടിപ്പിക്കുന്നത് ഗോഹത്യാ പാപം തന്നെയാണ്.

ഗോക്കളെ വേണ്ട പോലെ സംരക്ഷിക്കാതെ അവയെ പീഡിപ്പിക്കുന്നവൻ ഗോഹത്യാ ഫലം അനുഭവിക്കും.

പ്രാണികൾ, വിഗ്രഹങ്ങൾ, പൂജാദ്രവ്യങ്ങൾ, അഗ്നി, ജലം, നൈവേദ്യം, പുഷ്പം, അന്നം എന്നിവയെ മറികടന്ന് ചാടി നടക്കുന്നവർ ഗോഹത്യാഫലം അനുഭവിക്കും.

ഭിക്ഷാംദേഹിയോടും അതിഥിയോടും  'ഇവിടെയൊന്നുമില്ല' എന്ന കള്ളംപറയുക, ഗുരുക്കൻമാരെയും ദേവൻമാരെയും ദുഷിച്ചു സംസാരിക്കുക, ഗുരു, ബ്രാഹ്മണൻ, എന്നിവരെ വണങ്ങാതിരിക്കുക, ദേവവിഗ്രഹത്തെ വണങ്ങാതിരികുക എന്നിവയെല്ലാം ഗോഹത്യക്ക് തുല്യമാണ്.

തന്നെ നമസ്ക്കരിക്കുന്നവന് ആശിസ്സു നൽകാത്തവനും, വിദ്യ ചോദിച്ചു വരുന്നവന് അത് നൽകാത്തവനും ഗോഹത്യാ പാപിയാണ്.

ഇനി പുരുഷൻമാർക്ക് ഗമ്യഗമ്യകളായ സ്ത്രീകൾ ആരൊക്കെയെന്ന് പറയാം. സ്വന്തം പത്നിയാണ് പുരുഷന് ഗമ്യ. സാമാന്യ നിയമമനുസരിച്ച് മറ്റു സ്ത്രീകൾ എല്ലാം അവന് അഗമ്യകളാണ്.

ശൂദ്രൻമാർക്ക് വിപ്രപത്നിയും വിപ്രന് ശൂദ്രപത്നിയും അത്യാഗമ്യകളാണ്. അത് നിന്ദ്യവുമാണ്. ശൂദ്രൻ ബ്രാഹ്മണ സ്ത്രീയെ പ്രാപിച്ചാൽ നൂറ് ബ്രഹ്മഹത്യക്ക് തുല്യമാണത്. ആ വിപ്രപത്നിയും പതിതയായി കുംഭീപാകത്തിൽ പതിക്കും.

വിപ്രൻ ശൂദ്ര സ്ത്രീയെ പ്രാപിക്കുമ്പോൾ അയാൾ വൃഷലീപതിയായി. അവൻ ബ്രാഹ്മണ്യം നഷ്ടപ്പെട്ടു ചണ്ഡാലനേക്കാൾ നികൃഷ്ടനാവും. അവൻ നൽകുന്ന പിണ്ഡതർപ്പണാദികൾ പിതൃക്കൾ സ്വീകരിക്കില്ല. അവൻ കോടിജന്മങ്ങൾ കൊണ്ട് നേടിയ പുണ്യം മുഴുവൻ നഷ്ടമാവും.

മദ്യ സേവ ചെയ്യുന്ന വിപ്രനും വൃഷലീപതിയായ ബ്രാഹ്മണനും ദേഹത്ത് മുദ്രകുത്താനായി പൊള്ളിച്ചവനും ശൂലമുദ്ര ദേഹത്തു ധരിച്ചവനും ഹരിവാസര സമയത്ത് ഭക്ഷണം കഴിക്കുന്നവനും കുംഭീപാകത്തിൽ വീഴുമെന്ന് നിശ്ചയം.

ഗുരു പത്നി, രാജപത്നി , പുത്രി, പുത്രവധു. സപത്നീ മാതാവ്, ഗർഭിണി, ഭാര്യാമാതാവ്, പത്രിവ്രത, അമ്മായി, സഹോദര ഭാര്യ, സഹോദര പുത്രി, സഹോദരി, മുത്തശ്ശി, അച്ഛമ്മ ,അവരുടെ സഹോദരിമാർ, ശിഷ്യ, ശിഷ്യന്റെ ഭാര്യ, അനന്തിരവന്റെ ഭാര്യ, സഹോദരപുത്രന്റെ ഭാര്യ എന്നിവരെ പ്രാപിക്കുന്നത് സ്വന്തം മാതാവിനെ പ്രാപിക്കുന്നത്ര നീചമാണ്. അങ്ങിനെ ചെയ്യുന്നവന്‍ ബ്രഹ്മഹത്യാ പാപം അനുഭവിക്കണം. അവന് കർമ്മാവകാശമില്ല. കുംഭീപാകമെന്ന ഭീകരനരകം അവനെ കാത്തിരിക്കുന്നു.

വിധിപോലെ സന്ധ്യാവന്ദനം ചെയ്യാത്ത ബ്രാഹ്മണൻ സന്ധ്യാഹീനനാണ്. വൈഷ്ണവ, ശൈവ, ശാക്ത, സൗര, ഗാണപത്യ, മന്ത്രങ്ങൾ അഹങ്കാരത്തോടെ നിരാകരിക്കുന്നവൻ അദീക്ഷിതനാണ്.

ഗംഗയുടെ ജലനിരപ്പിന് നാലടി കീഴെയാണ് ഗംഗാ ഗർഭം. നാരായണസ്വാമിയുടെ ധാമം അവിടെയാണ്. അവിടെ വച്ച് മരിക്കുന്നയാൾ ഹരിപദമണയും എന്നു നിശ്ചയം.

ഗംഗ കടലിൽ ചെന്ന് ചേരുന്നയിടം, കാശി, ബദരി, പുഷ്കരം, ത്ര്യംബകം പ്രഭാവം, കാമരൂപം, ഹരിദ്വാരം, കേദാരം, രേണുകാ സ്ഥാനം, സരസ്വതീ തീരം, ത്രിവേണി, ഹിമാലയം, മുതലായ തീർത്ഥ സ്ഥാനങ്ങളിൽ വച്ച് അത്യാഗ്രഹത്തോടെ ദക്ഷിണ വാങ്ങുന്നവൻ തീർത്ഥ പ്രതിഗ്രാഹിയാകുന്നു. അവനും കുംഭീപാകത്തിൽ പതിക്കും.

ശൂദ്രനെ സേവിക്കുന്നവനും ശൂദ്രനെക്കൊണ്ട് യാഗം ചെയ്യിക്കുന്നവനും ഗ്രാമയാജി എന്നറിയപ്പെടുന്നു. ശൂദ്രനെ ആശ്രയിച്ചു കഴിയുന്നവൻ ദേവലൻ. ശൂദ്രന് വെച്ചുവിളമ്പുന്നവൻ സുപ്രകാരകൻ. സന്ധ്യാ പൂജയില്ലാത്ത വിപ്രൻ പ്രമത്തൻ. ഇവർക്കും വൃഷലീപതിയായ വിപ്രനും കുംഭീപാക നരകത്തിൽ വസിക്കേണ്ടി വരും. മറ്റു നരകങ്ങളിൽ വീഴുന്നവരുടെ കാര്യം ഇനിപ്പറയാം.

No comments:

Post a Comment