Devi

Devi

Monday, May 15, 2017

ദിവസം 254. ശ്രീമദ്‌ ദേവീഭാഗവതം 9- 32. നരകകുണ്ഡകഥനം

ദിവസം 254.  ശ്രീമദ്‌ ദേവീഭാഗവതം  9- 32.  നരകകുണ്ഡകഥനം 

മായാബീജം മഹാമന്ത്രം പ്രദത്വാ വിധിപൂര്‍വ്വകം
കര്‍മ്മാശുഭവിപാകം ച താമുവാച രവേ: സുത:
ശുഭാകര്‍മ്മവിപാകാന്ന നരകം യാതി മാനവ:
കര്‍മ്മാശുഭവിപാകം ച കഥയാമി നിശാമയ  

ശ്രീ നാരായണൻ പറഞ്ഞു.: മായാബീജസഹിതം മഹാമന്ത്രത്തെ ഉപദേശിച്ചശേഷം യമധർമ്മൻ അശുഭമായ കർമവിപാകത്തെപ്പറ്റി സാവിത്രിക്ക് പറഞ്ഞു കൊടുത്തു.

ധർമ്മരാജാവ് പറഞ്ഞു: ശുഭകർമ്മങ്ങൾ ഒരുവനെ നരകത്തിലേക്ക് കൊണ്ടുപോവുകയില്ല. അശുഭങ്ങളായ കർമ്മങ്ങൾ എങ്ങിനെയാണ് ഒരുവനെ വൈവിധ്യമാർന്ന നരകങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുന്നതെന്ന് ഇനി പറയാം. പലപല പുരാണങ്ങളിലായി വിവിധങ്ങളായ സ്വർഗ്ഗങ്ങളെപ്പറ്റി പറയുന്നുണ്ട്. അതുപോലെ പല തരം നരകങ്ങളുമുണ്ട്. കർമ്മഭേദാനുസാരം ജീവികൾ അവിടങ്ങളിൽ എത്തിച്ചേരുന്നു. ദുഷ്ടകർമ്മങ്ങൾ ചെയ്തവന്‍ നരകങ്ങളിലേയ്ക്ക് എത്തും  എന്ന് നിശ്ചയം.

പല ശാസ്ത്രങ്ങളിലുമായി വൈവിദ്ധ്യമാർന്ന തരങ്ങളിൽ ഉള്ള നരകങ്ങളെപ്പറ്റി വർണ്ണനകൾ കാണാം. അവയിൽ ചിലത് അഗാധമാണ്. ചിലത് അതിവിസ്തൃതവുമാണ്. കർമ്മഭേദമനുസരിച്ചാണ് ആ നരകങ്ങളിലേയ്ക്കുള്ള പ്രവേശനം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഘോരമായ നിന്ദ്യപാപങ്ങൾ ചെയ്തവരെ തപിപ്പിക്കാൻ ഭയാനകങ്ങളായ നരകുണ്ഡങ്ങൾ തയ്യാറാക്കി വച്ചിട്ടുണ്ട്. അവയിൽ എൺപത്തിയാറെണ്ണമാണ് ഏറ്റവും പ്രമുഖം.

വഹ്നികുണ്ഡം, തപ്തകുണ്ഡം, ക്ഷാരകുണ്ഡം, വിട്കുണ്ഡം, മൂത്രകുണ്ഡം, ശ്ലേഷ്മകുണ്ഡം, ഗരകുണ്ഡം, ദുഷീകുണ്ഡം, വസാകുണ്ഡം, ശുക്രകുണ്ഡം, അസൃക്കുണ്ഡം, അശ്രുകുണ്ഡം,  ഗാത്രമലകുണ്ഡം, കർണ്ണമലകുണ്ഡം, മജ്ജാകുണ്ഡം, മാംസകുണ്ഡം, നക്രകുണ്ഡം,  ലോമകുണ്ഡം, കേശകുണ്ഡം, അസ്ഥികുണ്ഡം, താമ്രകുണ്ഡം, ലോഹകുണ്ഡം, ചർമ്മകുണ്ഡം, സുരാകുണ്ഡം, കണ്ടകകുണ്ഡം, വിഷ കുണ്ഡം, തൈലകുണ്ഡം, കുന്തകുണ്ഡം, കൃമികുണ്ഡം, പൂയകുണ്ഡം, സർപ്പകുണ്ഡം, മശകുണ്ഡം, ദംശകകുണ്ഡം, ഗരളകകുണ്ഡം,  വജ്രതപ്തപാഷാണകുണ്ഡം,  തീക്ഷ്ണപാഷാണകുണ്ഡം,  ലാലാകുണ്ഡം,  മസീകുണ്ഡം,  ചൂർണ്ണകുണ്ഡം, ചക്രകുണ്ഡം, വക്രകുണ്ഡം, കൂർമ്മകുണ്ഡം, ജ്വാലാകുണ്ഡം,  ഭസ്മകുണ്ഡം, ദഗ്ദ്ധകുണ്ഡം, തപ്തസൂചികുണ്ഡം, അസിപത്രം ക്ഷൂരധാരം, ഗോകാമുഖം നക്രമുഖം, ഗോമുഖം, ഗജദംശം, കുംഭീപാകം, കാലസൂത്രം, മത്സ്യോദം, കൃമിതന്തുകം, പാംസുഭോജ്യം, പാശവേഷ്ടം, ശൂലപ്രോതം, പ്രകമ്പനം, ഉൽക്കാമുഖം, അന്ധകൂപം, വേധനം, താഡനം, ജാലരന്ധ്രം, ദേഹചൂർണ്ണം, ദലനം, ശോഷണം, കഷം, ശൂർപ്പം, ജ്വാലാമുഖം, ധൂമാന്ധം, നാഗവേഷ്ടനം, എന്നീ കുണ്ഡങ്ങളിൽ പാപികൾക്കുള്ള ശിക്ഷാവിധികൾ നടപ്പിലാക്കാൻ ആയിരക്കണക്കായ കിങ്കരൻമാർ കാത്തിരിക്കുന്നു.

അവർ കയറും ദണ്ഡും വേലും വാളുമൊക്കെ പിടിച്ച് ഭയാനകരൂപത്തോടെ നിലകൊള്ളുന്നു. അവരെ ആർക്കും തടുക്കാനാവില്ല. തമസ്സുമുറ്റിയ ദയാഹീനരാണവർ. ചുവന്നകണ്ണുകളോടെ  നിശ്ശങ്കരായി നിൽക്കുന്ന ഇവർ യോഗയുക്തരും സിദ്ധരും തേജോമയരുമാണ്. മരണസമയത്ത് പാപികൾക്ക് ഇവരെ കാണാൻ കഴിയും. എന്നാൽ സ്വകർമനിരതരായ ശാക്തൻമാരും സൗരൻമാരും ഗണപത്യരും പുണ്യവാൻമാരും യോഗികളുമൊന്നും ഇക്കൂട്ടരെ കാണുന്നതേയില്ല. സ്വപ്നത്തിലെങ്കിലും ഈശ്വരദർശന സൗഭാഗ്യം ലഭിച്ചവർക്കും ഈ നരകകിങ്കരന്മാരെ കാണേണ്ടതായി വരില്ല.

നരകകുണ്ഡങ്ങളുടെ പേരുകൾ കേട്ടല്ലോ. ഇനി ഏതെല്ലാം പാപങ്ങളാണ് ജീവനെ ഓരോരോ കുണ്ഡങ്ങളിലേക്ക് തള്ളിയിടുന്നതെന്ന് പറയാം.

No comments:

Post a Comment