ദിവസം 320. ശ്രീമദ് ദേവീഭാഗവതം. 12.11. നാനാപ്രാകാരവർണ്ണനം
പുഷ്യരാഗമയാദഗ്രേ കുങ്കുമാരുണവിഗ്രഹ:
പത്മാരാഗമയ: ശാലോ മദ്ധ്യേ ഭൂശ്ചൈവ താദൃശീ
ദശയോജനവാൻ ദൈർഘ്യേ ഗോപുരദ്വാരസംയുത:
തന്മണിസ്തംഭ സംയുക്താ മണ്ഡപാ: ശതശോ നൃപ
വ്യാസൻ പറഞ്ഞു: പുഷ്യരാഗ കോട്ടയ്ക്ക് അപ്പുറം കുങ്കുമ നിറത്തോടെ പത്മരാഗ മതിലാണ്. ഈ കോട്ടകൾക്കിടയിലുള്ള സ്ഥലം പത്മരാഗവർണ്ണത്തിൽത്തന്നെയാണുള്ളത്. ദശയോജന വലുപ്പമുള്ള ആ കോട്ട മതിലിന് അസംഖ്യം ഗോപുരങ്ങളും വാതിലുകളും മണിസ്തംഭങ്ങളും മണ്ഡപങ്ങളുമുണ്ട്. വിവിധായുധങ്ങളും രത്നം പതിച്ച ആഭരണങ്ങളും ധരിച്ച അറുപത്തിനാല് കലാരൂപിണികൾ ഇവിടെയാണ് വാഴുന്നത്. അവർക്കോരോരുത്തർക്കും ഓരോരോ ലോകങ്ങളാണ്. അതത് ലോകത്തിന്റെ അധീശ്വരിമാരുമാണവർ. അവർ തങ്ങളുടെ വാഹനം, തേജസ്സ്, ഗണങ്ങൾ, എന്നിവയോടെ അവിടങ്ങളിൽ വിരാജിക്കുന്നു -
പിംഗളാക്ഷി, വിശാലാക്ഷി, സമൃദ്ധി, വൃദ്ധി, ശ്രദ്ധാ, സ്വാഹാ, സ്വധാ, മായാ, സംജ്ഞാ, വസുന്ധര, ത്രിലോക ധാത്രീ, സാവിത്രീ, ഗായത്രീ, ത്രിദശേശ്വരീ, സുരൂപാ, ബഹുരൂപാ, സ്കന്ദമാതാ, അച്ചുതപ്രിയ, വിമലാ, അമലാ, അരുണി, ആരുണി, പ്രകൃതി, വികൃതി, സൃഷ്ടി, സ്ഥിതി, സംഹൃതി, സന്ധ്യാ , മാതാ, സതീ, ഹംസീ, മർദീകാ, വജ്രികാ ദേവമാതാ, ഭഗവതീ, ദേവകീ, കമലാസനാ, ത്രിമുഖീ, സപ്തമുഖീ, സുരാസുരവിമർദ്ദിനീ, ലംബോഷ്ഠീ, ഊർധ്വ കേശീ, ബഹുശീർഷാ, വൃകോദരീ, രഥരേഖാ, ശശിരേഖാ, ഗഗന വേഗാ, പവന വേഗാ, വേഗാ , ഭുവനപാലാ, മദനാതുരാ, അനംഗാ, അനംഗമഥനാ, അനംഗമേഖലാ, അനംഗകുസുമാ, വിശ്വരൂപാ, സുരാദികാ, ക്ഷയംകരീ, ശക്തീ, അക്ഷോഭ്യാ, സത്യവാദിനീ, ബഹുരൂപാ, ശുചിവ്രതാ, ഉദാരാ, വാഗീശാ, എന്നിവരാണ് അറുപത്തിനാല് കലകളായി ആ ലോകങ്ങളെ സംരക്ഷിക്കുന്നത്.
അവർക്കെല്ലാം തീജ്വാല വമിയ്ക്കുന്ന വക്ത്രങ്ങളുണ്ട്. 'ഭൂമിയിലെ ജലമെല്ലാം ഞാൻ കുടിച്ചു വറ്റിയ്ക്കും, അഗ്നിയെ സംഹരിക്കും, വായുവിനെ സ്തംഭിപ്പിക്കും, ലോകമൊക്കെ വിഴുങ്ങിക്കളയും' എന്നെല്ലാം പറയുന്നതുപോലെ കോപത്താൽ ചുവന്ന കണ്ണുകളോടെയിരിക്കുന്ന അവർ പോരിൽ ഭ്രമമുള്ളവരും അമ്പു വില്ലും കൈയ്യിലേന്തിയവുമാണ്. അവരുടെ പല്ലിറുമ്പൽ കേട്ട് ദിഗന്തങ്ങൾ വിറകൊള്ളുന്നു. അവർ സദാ ചെമ്പൻ തലമുടി മേലോട്ട് കെട്ടി വച്ച് കൂടെയുള്ള നൂറ് അക്ഷൗഹിണിപ്പടയുമായി നിലകൊള്ളുന്നു.
അവയിലാരോ ശക്തിയും ബ്രഹ്മാണ്ഡ ലക്ഷങ്ങൾ നശിപ്പിക്കാൻ പ്രാപ്തിയുള്ളവരത്രേ. നൂറ് അക്ഷാഹിണി സൈന്യവും അതിനൊത്ത ആയുധങ്ങളുമുണ്ടെങ്കിൽ ഇവർക്ക് സാദ്ധ്യമല്ലാത്തതായി എന്തുണ്ട്? കോട്ടയ്ക്കുള്ളിലുള്ള രഥങ്ങളും കുതിരകളും ആനകളും സേനകളും ആർക്കും എണ്ണാനാവില്ല -
പത്മരാഗക്കോട്ട കഴിഞ്ഞാൽ പത്തുയോജന നീളമുള്ള, ഗോമേദകരത്നം കൊണ്ടു നിർമ്മിച്ച കോട്ടയാണ്. ചെമ്പരുത്തിപ്പൂവിന്റെ നിറമാണാ കോട്ടയ്ക്കുള്ളിൽ. ഗോമേദകമാണ് അവിടുത്തെ ഭവനനിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. പക്ഷികൾ, തൂണുകൾ, കുളങ്ങൾ, കാവുകൾ, എന്നു വേണ്ട എല്ലാറ്റിനും കുങ്കുമ നിറമാണ്. അവിടെ ശക്തി സ്വരൂപിണികളായി മുപ്പത്തിരണ്ട് മഹാദേവിമാർ വസിക്കുന്നു. പോരിൽ വിദഗ്ധരായ ദേവിമാരും കുങ്കുമ വർണ്ണത്തിലുള്ള ഗോമേദക ഭൂഷണങ്ങൾ ചാർത്തി നില്ക്കുന്നു.
യുദ്ധ സന്നദ്ധരായി നില്ക്കുന്ന ദേവിമാർ പോർക്കലി കൊണ്ട് കണ്ണു ചുവപ്പിച്ച് പിശാചവദനവുമായാണ് നിൽപ്പ്. സകലതും തകർക്കാനെന്ന പോലെ ബ്രഹ്മാണ്ഡ ലക്ഷങ്ങൾ ഒറ്റയ്ക്ക് തകർക്കാൻ തയ്യാറായി നിൽക്കുന്ന ദേവിമാരെ സേവിക്കാൻ പത്ത് അക്ഷൗഹിണി സൈന്യങ്ങൾ വീതമുണ്ട്. അവിടെയും അസംഖ്യം തേരുകളും കുതിരകളും ആനകളും ഉണ്ട്.
വിദ്യാ, ഹ്രീ, പുഷ്ടി ,പ്രജ്ഞാ, സിനീ വാലീ, കൂഹൂ, രുദ്ര വീര്യാ, പ്രഭാ, നന്ദാ, പോഷിണീ, ഋദ്ധിദാ, കാളരാത്രി, മഹാരാത്രീ, ഭദ്രകാളീ, കപർദ്ദിനി, വികൃതി, ദണ്ഡിനീ, മുണ്ഡിനീ, ഇന്ദുഖണ്ഡാ, ശിഖണ്ഡിനീ, നിശുംഭശുംഭമഥിനീ, മഹിഷാസുരമർദിനീ, ഇന്ദ്രാണീ, രുദ്രാണീ, ശങ്കരാർധ ശരീരിണി, നാരീ, നാരായണീ, ത്രിശൂലിനീ, പാലിനീ, അംബികാ, ഹ്രാദിനീ, എന്നീ നാമങ്ങളിൽ ഈ മുപ്പത്തിരണ്ടു ദേവിമാർ പ്രഖ്യാതരത്രേ. ബ്രഹ്മാണ്ഡത്തെ സംഹരിക്കാൻ പോന്ന ശക്തിയാണവർ ഓരോരുത്തർക്കും. ഒരിടത്തും അവർക്ക് പരാജയമില്ല.
ഇനിയുള്ള കോട്ട വജ്രമയമാണ്. പത്തുയോജന ഉയരമാണതിന്. അവിടെ കമനീയമായ ഗോപുരങ്ങളും ചങ്ങലകൊണ്ട് ബന്ധിപ്പിച്ച കവാടങ്ങളുമുണ്ട്. ഇവിടെയുള്ള ഗൃഹങ്ങൾ, പാതകൾ, രാജവീഥികൾ, കാവുകൾ, മരങ്ങൾ, മാൻ കൂട്ടങ്ങൾ, കിണറുകൾ, തടാകങ്ങൾ, നീർച്ചോലകൾ, കുളങ്ങൾ, എന്നു വേണ്ട എല്ലാമെല്ലാം വൈരക്കല്ലിനാൽ നിർമ്മിച്ചതോ ആ നിറമുള്ളതോ ആണ്.
ഭുവനേശ്വരിയുടെ എട്ട് ശക്തികൾ ലക്ഷം ദാസിമാരുമൊത്ത് അവിടെ വസിക്കുന്നു. അവരിൽ ചിലർ താലം പിടിച്ചും വിശറി പിടിച്ചും താംബൂലപാത്രങ്ങൾ കൈയിലേന്തിയും ഛത്രം, ചാമരം, ആടകൾ, പൂക്കൾ, കണ്ണാടി, കണ്മഷി, കുങ്കുമം എന്നിവ തയ്യാറാക്കിയും നിൽക്കുന്നു. ചിലർ പത്തിക്കീറ്റണിയിക്കാൻ വിദഗ്ധകളാണ്. മറ്റു ചിലർ കാൽ തീരുമ്മാനും ചിലർ ആഭരണങ്ങൾ അണിയിക്കാനും മിടുക്കരാണ്. പൂമാല കെട്ടുന്നവർ, മറ്റു ദാസീ വേലകളിൽ സമൃദ്ധർ, എന്നിങ്ങിനെ വിലാസ ചതുതരകളാണ് ദേവിമാരുടെ ദാസീവൃന്ദം.
ഇനിയുള്ള ചിലർ പോരിൽ താല്പര്യവും മിടുക്കുമുള്ളവരാണ്. എല്ലാവരും ഉടുത്തൊരുങ്ങി നിൽക്കുന്നവരാണെങ്കിലും ദേവിയുടെ കൃപാകടാക്ഷം കൊണ്ട് സദാ അവരെ നോക്കാനുള്ളതുകൊണ്ട് ഈ തോഴിമാർ ലോകത്തെ പുല്ലുപോലെ അവഗണിക്കുന്നവരത്രേ. അനംഗരൂപാ, അനംഗ മദനാ മദനാതുര, ഭുവന വേഗാ, ഭുവനപാലിക, സർവ ശിശിരാ, അനംഗവേദനാ, അനംഗമേഖലാ എന്നിവരാണ് ദേവിയുടെ ദൂതിമാരായ എട്ടു പേർ.
മിന്നൽപ്പിണരിന്റെ കാന്തിയാണവർക്ക് . കയ്യിൽ ചൂരലേന്തി ഓടി നടക്കുന്ന ഇവർ എല്ലാക്കാര്യത്തിലും സാമർത്ഥ്യമുള്ളവരാണ്. പ്രാകാരത്തിന് വെളിയിലായി ഇവർക്കുള്ള എട്ട് കൊട്ടാരങ്ങളുണ്ട്. അവിടെ അനേകം വാഹനങ്ങളും ആയുധങ്ങളും അവയെ അലങ്കരിക്കുന്നു.
വജ്രമതിലിനപ്പുറം വൈഡൂര്യനിർമ്മിതമായ മറ്റൊരു കോട്ടയുണ്ട്. അതിനും പത്തുയോജന ഉയരമുണ്ട്. അവിടുത്തെ ഗൃഹങ്ങളും വീഥികളും തടാകങ്ങളുമെല്ലാം വൈഡൂര്യനിർമ്മിതങ്ങളാണ്. അവിടെ ചുറ്റുമായി എട്ടുദിക്കുകളിൽ ബ്രഹ്മാണ്ഡമാതാക്കളായ ബ്രാഹ്മീ, മാഹേശ്വരീ, കൗമാരീ, വൈഷ്ണവീ, വാരാഹീ, ഇന്ത്രാണീ, ചാമുണ്ഡാ എന്നിവരെക്കൂടാതെ മഹാലക്ഷ്മിയും നിലകൊള്ളുന്നു. ഇവർ ബ്രഹ്മ രുദ്രാദികളുടെ ആകാരമുള്ളവരത്രേ. ലോകകല്യാണ ലക്ഷ്യത്തോടെയിരിക്കുന്ന ഇവർക്കും ലക്ഷക്കണക്കായ സൈനങ്ങൾ ഉണ്ട്. കോട്ട മതിലിനു ചുറ്റും മഹേശ്വരിയുടെ വാഹനങ്ങൾ തയ്യാറായി നില്ക്കുന്നു.
കോടിക്കണക്കിന് കുതിരകൾ, ആനകൾ, രഥങ്ങൾ, പല്ലക്കുകൾ, മഹാധ്വജങ്ങൾ, കാലാൾപ്പട, വിമാനപ്പട, എന്നിവ എപ്പോഴും ദേവീ കല്പനയും കാത്തു വാദ്യഘോഷം മുഴക്കി രണസമര്‍ദ്ധരായി നിൽക്കുന്നു.
വൈഡൂര്യക്കോട്ടയ്ക്കപ്പുറം പത്തുയോജന നീളത്തിൽ ഇന്ദ്രനീല നിർമ്മിതമായ കോട്ടയാണ്. അവിടുത്തെ നിർമ്മിതികൾ ഇത്രം നീലക്കല്ല് കൊണ്ടാണ്. അവിടെയുള്ള എല്ലാറ്റിനും ഇത്ര നീലാഭയുമാണ്. അവിടെ അതിവിശേഷമായ ഒരു പതിനാറിതൾ താമരയുണ്ട്. സുദർശന സമാനമാണത്. ദേവിയുടെ പതിനാറ് ശക്തികൾ സർവ്വസമൃദ്ധിയോടെ വാഴുന്ന സ്ഥാനങ്ങളാണവ.
കരാളീ, വികരാളീ, ഉമാ, സരസ്വതീ, ശ്രീ, ദുർഗ, ഉഷ, ലക്ഷ്മി, ശ്രുതി, സ്മൃതി, ധൃതി, ശ്രദ്ധാ മേധാ മതി, കാന്തി, ആര്യാ എന്നിവരാണ് പത്മത്തിൽ കുടികൊള്ളുന്ന പതിനാറ് ശക്തികൾ. നീലമേഘത്തിന്റെ നിറമാണവർക്ക്. കൈയ്യിൽ ആയുധങ്ങളേന്തി യുദ്ധക്കൊതിപൂണ്ട് നിൽക്കുന്ന ഇവരാണ് ശ്രീദേവിയുടെ സേനാനികൾ. ബ്രഹ്മാണ്ഡ ശക്തികളുടെയെല്ലാം അധിദേവതമാരാണിവർ. ബ്രഹ്മാണ്ഡങ്ങളെ വിറപ്പിക്കാൻ പോന്ന ശക്തിയുണ്ടിവർക്ക്. ആയിരം നാവുള്ള അനന്തനു പോലും ഇവരുടെ വിക്രമം വർണ്ണിക്കാനാവില്ല.
ഇന്ദ്രനീലക്കോട്ടയ്ക്കുമപ്പുറം പത്തുയോജന നീളത്തിൽ മുത്തു കൊണ്ട് തീർത്ത കോട്ടയാണ്. അതിന്റെ മദ്ധ്യഭാഗത്ത് തൂമുത്തിന്റെ പ്രഭയോടു കൂടിയ ഒരഷ്ടദളപത്മമുണ്ട്. അതിന് നാല് കേസരങ്ങളുമുണ്ട്. അവിടെ ശ്രീദേവിയ്ക്ക് ഉള്ള പോലെ ആയുധാദികളും സർവ്വസമ്പത്തുകളും ആകാരഭംഗിയുമായി എട്ടു മന്ത്രിണിമാർ വസിക്കുന്നു. അവരാണ് മൂത്ത ലോകത്തിലേയും പ്രാണികളുടെ വാർത്തകൾ ദേവിയെ അറിയിക്കുന്നത്. മാത്രമല്ലാ, ദേവിയുടെ ഇംഗിതമറിഞ്ഞുസേവ ചെയ്യുന്നതിൽ സദാ ജാഗരൂകരാണവർ. എന്തിനും പോന്ന ശക്തികളാണെങ്കിലും പേലവ പാണികളുമാണവർ.
അനംഗ കുസുമ, അനംഗ കുസുമാതുരാ, അനംഗ മദനാ, അനംഗ മദനാതുരാ, ഭുവനപാലാ, ഗഗന വേഗാ, ശശി രേഖാ, ഗഗനരേഖാ, എന്നിവരാണാ അഷ്ടദേവിമാർ. പാശാങ്കുശവരാഭയമുദ്രകൾ ധരിച്ച ഈ ദേവിമാർ കുങ്കുമ വർണ്ണമുള്ളവരാണ്. വിശ്വവാർത്തകൾ അനുനിമിഷം ദേവിയെ അറിയിക്കാൻ വ്യഗ്രത പൂണ്ടാണവർ കഴിയുന്നത്.
മുത്തു കൊണ്ട് നിർമ്മിച്ച കോട്ടയ്ക്കപ്പുറം പത്തുയോജന നീളത്തിൽ നാനാ സൗഭാഗ്യങ്ങളും ഐശ്വര്യവും നിറഞ്ഞ മരതകമയമായ ഒരു കോട്ടയുണ്ട്. അവിടെയുള്ള സൗധങ്ങൾ പച്ചക്കല്ലുകൊണ്ട് പണിതൊരുക്കിയതാണ്. ആറു കോൺ വിസ്താരമുള്ള ഈ കോട്ടയ്ക്കുള്ളിലാണ് ദേവതകൾ വാഴുന്നത്.
കിഴക്ക് കോണിൽ ഗായത്രിയുമൊത്ത് നാന്മുഖൻ വാഴുന്നു. ബ്രഹ്മദേവൻ കൈകളിൽ കിണ്ടിയും അഭയവും അക്ഷമാലയും ദണ്ഡായുധവും ധരിച്ചിട്ടുണ്ട്. ഗായത്രീദേവിയും സമാനങ്ങളായ ആയുധങ്ങൾ ധരിച്ചിട്ടുണ്ട്. സകലപുരാണങ്ങളും വേദങ്ങളും സ്മൃതികളും ഉടലാണ്ട് അവിടെ വാഴുന്നു. ബ്രഹ്മാവിന്റെയും ഗായത്രിയുടേയും വ്യാഹുതികൾ അവതാരങ്ങളോടെ അവിടെക്കഴിയുന്നു.
രക്ഷാ കോണിൽ ശംഖം ,ചക്രം, ഗദാ, പങ്കജം, ഇവ നാലു തൃക്കരങ്ങളിൽ പിടിച്ച് സാവിത്രിയും വിഷ്ണുവും വാഴുന്നു. മത്സ്യക്കൂർമ്മാദി അവതാരങ്ങളും സാവിത്രീ ദേവിയുടെ അവതാരങ്ങളും അവിടെയുണ്ട്.
വായു കോണിൽ മഹാരുദ്രൻ ഗൗരീ ഭേദങ്ങളോടെ, സ്വന്തം ദക്ഷിണാ മുഖൻ തുടങ്ങിയ മൂർത്തി ഭേദങ്ങൾ സഹിതം വസിക്കുന്നു. അറുപത്തിനാല് ആഗമങ്ങളും മറ്റനേകം ശാസ്ത്രങ്ങളും മൂർത്തിമത്തായി അവിടെ വിരാജിക്കുന്നു.
അഗ്നികോണിൽ ധനനാഥനായ കുബേരൻ രത്നകുംഭം, മണിക്കിണ്ടി എന്നിവയോടെ മഹാലക്ഷ്മിയോടു കൂടി വസിക്കുന്നു.
വരുണ കോണിൽ രതിയുമായി മദനൻ വാഴുന്നു. പാശാങ്കുശ ധനുർബാണങ്ങൾ മദനന്റെ കയ്യിലുണ്ട്. ശൃംഗാരാദി രസങ്ങൾ മൂർത്തി മത്തായി നിലകൊള്ളുന്നതവിടെയത്രേ.
ഈശാന കോണിൽ വിഘ്നേശ്വരനാണ്. പർവ്വ വിഭൂതികളും മഹദൈശ്വര്യങ്ങളും നിറഞ്ഞ് വിഘ്നമൊടുക്കാൻ ഗണനാഥനവിടെ വാണരുളുന്നു.
അഖില ബ്രഹ്മാണ്ഡങ്ങളിലുമുള്ള ബ്രഹ്മാദികൾ സമഷ്ടി രൂപത്തിൽ ജഗദംബികയെ സേവിക്കാനായി അവിടെ വാഴുന്നു. ഇപ്പോൾ വിവരിച്ച മഹാമരതകക്കോട്ടയ്ക്ക് അപ്പുറം നൂറ് യോജന വലുപ്പത്തിൽ പവിഴക്കോട്ടയുണ്ട്. ആ പ്രദേശവും അവിടുളള കൊട്ടാരങ്ങളും പവിഴത്താൽ നിർമ്മിച്ചവയാണ്. കുങ്കുമഛവിയോടെ അവയവിടെ സദാ പ്രശോഭിക്കുന്നു. അതിന്റെ നടുവിലായി പഞ്ചഭൂതങ്ങളുടെ അധിദേവതകളായ ഹൃല്ലേഖാ, ഗഗനാ, രക്താ, കരാളികാ, മഹോച്ഛുഷ്മാ എന്നീ പേരുകളോടെ അഞ്ചു ദേവിമാർ വാഴുന്നു. പഞ്ചഭൂതങ്ങളെപ്പോലെ പ്രഭാസിക്കുന്നവരാണീ ദേവിമാർ. പാശാങ്കുശവരദാഭയങ്ങൾ ധരിച്ച ഈ ദേവിമാർ നവയൗവനയുക്തകളുമാണ്.
പവിഴക്കോട്ടയ്ക്കുമപ്പുറം നവരത്ന നിർമ്മിതമായ അനേകംയോജന വിസ്തൃതിയുള്ള ഒരു കോട്ടയുണ്ട്. അവിടെയുള്ള സകലതും നവരത്നത്താൽ പടുത്തവയാണ്. ആമ്നായ ദേവകളുടെ നവരത്ന നിർമ്മിതമായ കൊട്ടാരങ്ങൾ അവിടെയാണ്. ശ്രീദേവിയുടെ അവതാരങ്ങളായ പാശാങ്കുശേശ്വരി, ഭുവനേശ്വരി, ഭൈരവി, കപാല ഭുവനേശ്വരി, പ്രസാദ ഭുവനേശ്വരി, ശ്രീ ക്രോധ ഭുവനേശ്വരി, ത്രിപുട, അശ്വാരൂഢ , നിത്യ ക്ളിന്ന, അന്നപൂർണ്ണ ,ത്വരിത എന്നിവരും മഹാവിദ്യാഭേദങ്ങളായ കാളി, താര, മഹാവിദ്യ, ഷോഡശി, എന്നിവരും വാഴുന്നതവിടെയാണ്.
എല്ലാ ദേവിമാരും അവരുടെ ആവരണദേവിമാരൊത്ത് സ്വന്തം വാഹനസഞ്ചയങ്ങളോടെ അതികമനീയങ്ങളായ ആഭരണങ്ങൾ അണിഞ്ഞ് അവിടെ വാഴുന്നു. അവിടെ ഏഴു കോടി മഹാമന്ത്ര ദേവതകളുണ്ട്.
നവരത്നക്കോട്ടയ്ക്കപ്പുറം ചിന്താമണി ഗൃഹം നിലകൊള്ളുന്നു. അവിടെയുള്ള സകലതും ചിന്താമണിയാൽ നിർമ്മിതമത്രേ. സൂര്യകാന്തക്കല്ലുകളും ചന്ദ്രകാന്തക്കല്ലുകളും മിന്നൽപ്പിണർക്കല്ലുകളും കൊണ്ട് നിർമ്മിച്ച തൂണുകൾ തൂകുന്ന പ്രഭാ പൂരത്തിൽ കണ്ണഞ്ചിപ്പോകുന്നതിനാൽ അവിടെയുള്ള ഒന്നും തന്നെ വെറും കണ്ണുകള്‍കൊണ്ട് കാണാനാവില്ല.