ദിവസം 171 ശ്രീമദ് ദേവീഭാഗവതം. 7. 13. കൌശിക
സമാഗമം
ഹരിശ്ചന്ദ്ര: കൃതോ രാജാ സചിവൈർ നൃപ
ശാസനാത്
ത്രിശങ്കുസ്തു കഥം മുക്തസ്തസ്മച്ചാണ്ഡാലദേഹത:
മൃതോ വാ വനമദ്ധ്യേ തുഗംഗാ തീരേ
പരിപ്ളുത:
ഗുരുണാ വാ കൃപാം കൃത്വാ
ശാപാത്തസ്മാദ്വിമോചിത:
രാജാവ് ചോദിച്ചു: ഹരിശ്ചന്ദ്രനെ
രാജാവാക്കിയശേഷം ത്രിശങ്കു എങ്ങിനെയാണ് തന്റെ ചണ്ഡാളദേഹം കൈവിട്ടത്? അത് ഗുരുവിന്റെ പ്രസാദം നേടിയിട്ടാണോ? അതോ ഗംഗാതീരത്തുള്ള വനങ്ങളിൽ താപസനായി
അലഞ്ഞു നടന്ന് അവസാനം അദ്ദേഹം മരണപ്പെടുകയാണോ ഉണ്ടായത്? ത്രിശങ്കുവിന്റെ കഥ തുടർന്നും
കേൾക്കാൻ എനിക്ക് ഏറെ ആകാംക്ഷയുണ്ട്.
വ്യാസൻ പറഞ്ഞു: മകന്റെ പട്ടാഭിഷേകം
കഴിഞ്ഞതിന്റെ സംതൃപ്തിയോടെ അദ്ദേഹം ദേവീഭജനവുമായി കാട്ടിൽത്തന്നെ കഴിഞ്ഞുകൂടി. അക്കാലത്ത്
കൗശികൻ തപസ്സുകഴിഞ്ഞ് തന്റെ കുടുംബത്തെ കാണാനായി നാട്ടിൽ മടങ്ങിയെത്തി. തന്റെ
കുടുബം സുഖമായിക്കഴിയുന്നു എന്നു കണ്ട വിശ്വാമിത്രൻ ഭാര്യയോട് ചോദിച്ചു: 'നിങ്ങൾ ഇക്കാലമത്രയും എങ്ങിനെ
പട്ടിണിയില്ലാതെ കഴിഞ്ഞുകൂടി? നാട്ടിൽ
ക്ഷാമമായിരുന്നല്ലോ. ഞാൻ തപസ്സിൽ പൂർണ്ണമായും ലയിച്ചിരുന്നതിനാൽ അപ്പോള്‍ അതിനെപ്പറ്റി യാതൊന്നും
അറിഞ്ഞിരുന്നില്ല. കുട്ടികളുടെ വിശപ്പടക്കാൻ നീയെന്തുചെയ്തു? നാട്ടിലെ പട്ടിണിയെപ്പറ്റി പിന്നീടു്
ഞാനുമറിഞ്ഞുവെങ്കിലും വെറും കയ്യോടെ നിന്നെ വന്നു കാണാൻ വയ്യാത്തതിനാൽ ഞാൻ
കാട്ടിൽത്തന്നെ കഴിഞ്ഞു. വനത്തിൽ എനിക്കും പട്ടിണിതന്നെയായിരുന്നു.
ഒരിക്കൽ വിശപ്പു സഹിക്കാതെ ഞാനൊരു
ചണ്ഡാളക്കുടിയിൽ കള്ളനെപ്പോലെ കടന്നു ചെന്നു . ഗൃഹനാഥൻ നല്ല ഉറക്കത്തിലായിരുന്നു.
ഞാൻ അടുക്കളയിൽ കയറി. പാത്രം തുറന്ന് പാകം ചെയ്തു വച്ചിരുന്ന നായ് മാംസം
എടുക്കാൻ ഒരുങ്ങി. അപ്പോഴേക്കും ഗൃഹനാഥനായ
ചണ്ഡാളൻ ഉറക്കമുണർന്നു വന്നു.
'നീയാരാണ്? എന്റെ വീട്ടിൽക്കയറി എന്തിനാണ്
അടുക്കളയിലെ കലം തുറന്നു നോക്കിയത്?.'
'ഞാനൊരു ബ്രാഹ്മണനാണ്. വിശപ്പ്
സഹിക്കുന്നില്ല. കള്ളനെപ്പോലെ ഇവിടെ കയറിയത് വല്ലതും ആഹരിക്കാൻ കിട്ടുമോ എന്ന്
തിരക്കിയാണ്. കള്ളനെപ്പോലെ നിന്റെ വീട്ടിൽ കയറിയ എന്നെ ഒരഥിയായി കണക്കാക്കാനുള്ള
മഹാമനസ്കത നീ കാണിക്കണം. എനിക്ക് ക്ഷുത്തടക്കാൻ എന്തെങ്കിലും തരിക.'
ദീനനായി ഞാൻ അവനോടു് ഭക്ഷണത്തിനായി
യാചിച്ചപ്പോൾ അവൻ പറഞ്ഞു. 'അരുത്, അരുത്. ഇതൊരു ചണ്ഡാളക്കുടിയാണ്.
ബ്രാഹ്മണനായ അങ്ങേയ്ക്ക് യോജിച്ചതല്ല ഈ ഭക്ഷണം. മനുഷ്യജന്മം ദുർലഭം. അതിൽ ദ്വിജത്വം
അതീവ ദുർലഭം. ഉൽകൃഷ്ടലോകഗമനം ലക്ഷ്യമാക്കിയവർ നികൃഷ്ടമായ ഭക്ഷണം ഉപേക്ഷിക്കുകതന്നെ
വേണം. മനുസംഹിതയിൽ കർമം കൊണ്ട് വർജ്യരായ ഏഴുതരം ചണ്ഡാള വർഗ്ഗങ്ങളെപ്പറ്റി
പറയുന്നുണ്ടു്. അക്കൂട്ടത്തിൽപ്പെട്ട ഞാൻ ത്യാജ്യനാണ്. ഞാൻ ലോഭം കൊണ്ടു
പറയുന്നതല്ല. ഭക്ഷണം ഞാൻ തരില്ല. അങ്ങിത് കഴിക്കരുത്. അങ്ങ് ജാതിഭ്രഷ്ഠനാവുന്നത്
ഞാൻ മൂലമാകരുത്. അങ്ങയെ വർണ്ണസങ്കരദോഷം ബാധിക്കാതിരിക്കട്ടെ.'
വിശ്വാമിത്രൻ പറഞ്ഞു: ' ശരിയാണ്. സത്യമാണ് നിന്റെ മൊഴി.
ധർമ്മത്തെപ്പറ്റി നിനക്കറിയാം. എങ്കിലും ഞാനൊന്നു പറയട്ടെ. ആപദ്ധർമ്മത്തിന്റെ
സൂക്ഷ്മമായ ഗതി വേറെയാണെന്ന് നീയറിയുക. ആത്മസംരക്ഷണാർത്ഥം ഏതുമാർഗ്ഗവും
സ്വീകരിക്കാം എന്നു വിധിയുണ്ടു്. പാപങ്ങൾ ചെയ്താണെങ്കിലും ദേഹസംരക്ഷ
ചെയ്തുകഴിഞ്ഞാൽ ആ പാപം പോക്കാനുള്ള പ്രായശ്ചിത്തങ്ങൾ ചെയ്യണം എന്നേയുള്ളു.
ആപത്തില്ലാത്തപ്പോൾ ചെയ്യുന്ന അധാർമ്മിക പ്രവൃത്തികൾക്ക് ദോഷമുണ്ടു്. എന്നാൽ
ആപത്തിൽ അധർമ്മം ചെയ്യേണ്ടതായി വന്നാലും അതിൽ ദോഷമില്ല. വിശന്നു മരിക്കുന്നവന്
നരകമാണ് പറഞ്ഞിട്ടുള്ളത്. അതിനാൽ മോഷ്ടിച്ചായാലും ഒരുവൻ ക്ഷുത്തടക്കുകതന്നെ വേണം.
അതുകൊണ്ടാണ് ഞാൻ നിന്റെ അടുക്കളയിൽ
കയറിയത്. മഴയില്ലാത്തതുകൊണ്ട് ഒരുവൻ വിശപ്പടക്കാനായി ചെയ്യുന്ന പാപം
മേഘങ്ങളെക്കൊണ്ട് മഴ പെയ്യിക്കാതിരിക്കുന്ന ഇന്ദ്രനിൽത്തന്നെ ചെന്നുചേരും.'
ഞാനിത്രയും പറഞ്ഞതും തുമ്പിക്കൈ
വണ്ണത്തിൽ ഇടിവെട്ടോടെ മഴ പെയ്യാൻ തുടങ്ങി. ഇടിയും മിന്നലും വർഷവും കണ്ടു്
സംതൃപ്തനായി ഞാനാ കുടിലിൽ നിന്നുമിറങ്ങി. എല്ലാവർക്കും കഷ്ടകാലമായിരുന്ന ആ വറുതി
സമയം പ്രിയേ നീയെങ്ങിനെ കഴിച്ചുകൂട്ടി?’
വിശ്വാമിത്രൻ ഇങ്ങിനെ ചോദിച്ചപ്പോൾ ആ
പതിവ്രത പറഞ്ഞു: ‘അങ്ങ് തപസ്സിനായി പുറപ്പെട്ട് അധികം കഴിയും മുൻപേ നാട്ടില്‍ ക്ഷാമം വന്നു.
മക്കൾ വിശന്നുവലഞ്ഞു. മക്കൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്കുന്നതിനായി ഞാൻ കാട്ടിൽ
പലയിടത്തും നടന്നു. പിന്നെ കുറച്ചു വരിനെല്ലു കിട്ടിയതുകൊണ്ടു് ഏതാനും ദിനങ്ങള്‍ കഴിച്ചുകൂട്ടി. അത് തീർന്നപ്പോൾ ആകെ വിഷമിച്ചു. നാട്ടിൽ ആരും ആര്‍ക്കും ഭിക്ഷ നൽകാതായി.
ഉണ്ടെങ്കിലല്ലേ ദിക്ഷ കൊടുക്കാൻ
ഗ്രഹസ്ഥർക്ക് സാധിക്കൂ. വൃക്ഷങ്ങളിൽ ഫലങ്ങൾ ഉണ്ടാകുന്നില്ല. മണ്ണിൽ
കിഴങ്ങുകളുമില്ല. കാട്ടരി പോലും കിട്ടാനില്ല. എല്ലാവരും പട്ടിണി കൊണ്ട് വലഞ്ഞു.
ഒടുവിൽ പണക്കാരനായ ഒരാൾക്ക് നമ്മുടെ
ഒരു മക്കളില്‍ ഒരാളെ വിറ്റ് ആ ധനം കൊണ്ട് മറ്റ് കുട്ടികളുടെ ക്ഷുത്തകറ്റാം എന്നൊരു കഠിനമായ
തീരുമാനം ഞാനെടുത്തു. മധ്യമപുത്രനെ അതിനു തിരഞ്ഞെടുത്തു. മിടുക്കനാണെങ്കിലും അവൻ
വിവരമറിഞ്ഞ് ആർത്തലച്ചു കരഞ്ഞു. കയറുകൊണ്ട് അവന്റെ കഴുത്തിലൊരു കെട്ടുകെട്ടി നാണമില്ലാതെ
ഞാനവനെ വില്ക്കാൻ വേണ്ടി നമ്മുടെ കുടില്‍ വിട്ടിറങ്ങി. അങ്ങിനെ വഴിയില്‍ നടക്കുന്ന എന്നെ സത്യവ്രതൻ
കാണുകയുണ്ടായി. അദ്ദേഹം കാരുണ്യത്തോടെ എന്നോട് ചോദിച്ചു: ‘എന്തിനാണ് ഈ
കുട്ടിയിങ്ങനെ കരയുന്നത്?’
‘ഞാനിവനെ വിൽക്കാനായി കൊണ്ടുപോവുകയാണ്. കുട്ടികളുടെ വിശപ്പകറ്റാൻ ഇനി എനിക്ക് അതേയുള്ളു ഒരു മാർഗ്ഗം.’
‘അതു വേണ്ട, ഭവതി മകനെയും കൊണ്ടു് വീട്ടിലേയ്ക്ക്
പൊയ്ക്കൊള്ളു’ എന്നാ മഹാമനസ്കൻ എന്നോട് പറഞ്ഞു.
'മാമുനി മടങ്ങി വരുന്നത് വരെ
കുഞ്ഞുങ്ങൾക്ക് കഴിക്കാനുള്ളത് ഞാൻ നായാടി കൊണ്ടുവന്നു തന്നുകൊള്ളാം’ എന്നദ്ദേഹം
വാക്കു എനിക്ക് തന്നു. പിന്നീടു് ഒരുനാളും തെറ്റാതെയാ കൃപാനിധി ഞങ്ങൾക്കുള്ള മാംസം
അതാ ആ മരക്കൊമ്പിൽ തൂക്കിയിടും. ഞാനത് പാകം ചെയ്ത് കുഞ്ഞുങ്ങൾക്ക് നൽകും.
അങ്ങിനെയാണാ രാജകുമാരൻ ഞങ്ങളുടെ ജീവൻ നിലനിർത്തിച്ചത്.
പക്ഷേ നാഥാ, ഞാൻ മൂലം ആ രാജകുമാരൻ
തീവ്രമായ ഒരു ശാപത്തിനിരയായി. ഒരു ദിവസം മറ്റ് മൃഗങ്ങളെയൊന്നും വേട്ടയാടാൻ
ലഭിക്കാതെ സത്യവ്രതൻ വസിഷ്ഠമുനിയുടെ നന്ദിനിപ്പശുവിനെ കൊന്ന് മാംസമെടുത്തു. ക്രുദ്ധനായ മുനി
അദ്ദേഹത്തെ ശപിച്ച് 'ത്രിശങ്കു'വാക്കി. അങ്ങിനെയാ രാജകുമാരൻ
ചണ്ഡാളനായി. ദേഹം കറുത്തിരുണ്ട് വികൃതമായി. ഞാൻ മൂലം അദ്ദേഹത്തിന് ഈ ഗതി
വന്നുവല്ലോ എന്നു ഞാനിപ്പോൾ ദുഖിക്കുന്നു. മഹാമുനേ ഏതെങ്കിലും വിധത്തിൽ അങ്ങയുടെ
തപോബലം കൊണ്ടു് രാജാവിന്റെ മേലുള്ള ശാപത്തിന് അറുതി വരുത്തണം.
വിശ്വാമിത്രൻ പ്രിയതമയെ
ആശ്വസിപ്പിച്ചു. 'നിന്നെ
കാട്ടിൽ വെച്ച് സഹായിച്ചു സംരക്ഷിച്ച അദ്ദേഹത്തെ സഹായിക്കുന്നത് എന്റെ ധർമ്മമാണ്.
അതിനായി ഞാൻ എന്റെ വിദ്യയും തപോബലവും വിനിയോഗിക്കും."
സത്യവ്രതൻ ദുഖിതനായി
കിടക്കുന്ന ചണ്ഡാളപ്പുരയിൽ മഹര്‍ഷി കടന്നു ചെന്നു. ത്രിശങ്കു മഹർഷിയെ ദണ്ഡനമസ്കാരം ചെയ്തു.
മുനി ചോദിച്ചു:'അങ്ങ് എന്റെ കുടുംബം സംരക്ഷിക്കാനായി
മുനിശാപമേറ്റുവല്ലോ. ഞാനെന്താണ് അങ്ങേയ്ക്കായി ചെയ്യേണ്ടത്?.'
സത്യവ്രതൻ പറഞ്ഞു.: മഹാമുനേ പണ്ടു ഞാൻ വസിഷ്ഠമുനിയോടു്
എനിക്കു വേണ്ടി ഒരു യാഗം നടത്തിത്തരാൻ അപേക്ഷിച്ചിരുന്നു. എന്റെയീ ഉടലോടെ
നാകലോകത്ത് ജീവിക്കാനുള്ള ആഗ്രഹമാണ് യാഗത്തിലൂടെ എനിക്ക് നേടേണ്ടിയിരുന്നത്.
‘എന്റെ മോഹം സഫലമാകാനുള്ള യജ്ഞം അങ്ങ് നടത്തിത്തന്നാലും’ എന്ന പ്രാർത്ഥന മുനി
നിഷ്ക്കരുണം തള്ളിക്കളഞ്ഞു. മാത്രമല്ല എന്നെ ശകാരിക്കുകയും ചെയ്തു. അപ്പോൾ ‘ഞാൻ
മറ്റാരെയെങ്കിലും പുരോഹിതനാക്കി യാഗം നടത്തിക്കൊള്ളാം' എന്നു പറഞ്ഞത് അദ്ദേഹത്തെ
കൂടുതല്‍ ക്രുദ്ധനാക്കി.
അദ്ദേഹം
എന്നെ ശപിച്ചു. 'മൂർഖ, നീയൊരു
ചണ്ഡാലനായിപ്പോകട്ടെ. എനിക്കുണ്ടായ ശാപത്തിന്റെ വൃത്താന്തം ഇതാണ്. അങ്ങ് ദിവ്യജ്ഞനാണ്. എല്ലാമറിയുന്നവൻ.
എന്റെ ദുഖമില്ലാതാക്കാൻ വേണ്ടുന്നത് ചെയ്തു തന്നാലും.
വിശ്വാമിത്രൻ എന്താണിനി കരണീയം എന്നു
ചിന്തിക്കാൻ തുടങ്ങി.
No comments:
Post a Comment