ദിവസം 169 ശ്രീമദ് ദേവീഭാഗവതം. 7.11. അരുണരാജോപദേശം
വസിഷ്ഠേ ച ശപ്തോ സൗ ത്രിശങ്കൂർ നൃപതേ:
സുത:
കഥം ശാപാദ്വിനിർമുക്തസ്തന്മേ ബ്രൂഹിമഹാമതേ
സത്യവ്രതസ്തഥാ ശപ്ത: പിശാചത്വമവാപ്തവാൻ
തസ്മിന്നേവാശ്രമേ തസ്ഥൗ ദേവീ ഭക്തിപരായണ:
ജനമേജയൻ ചോദിച്ചു: വസിഷ്ഠ മുനിയുടെ
ശാപമേറ്റ ത്രിശങ്കു എങ്ങിനെയാണ് പാപമുക്തനായത്?
വ്യാസൻ പറഞ്ഞു: ശാപം മൂലം പിശാചത്വം
പ്രാപിച്ച സത്യവ്രതൻ ദേവീ ഉപാസന ചെയ്ത് കാട്ടിൽത്തന്നെ കഴിഞ്ഞുകൂടി. നവാക്ഷരീ
മന്ത്രം ജപിച്ച് ഹോമിക്കാനായി അദ്ദേഹം ബ്രാഹ്മണരെ ചെന്നു കണ്ട് ക്ഷണിച്ചു. 'നിങ്ങൾ ഭൂസുരൻമാർ എല്ലാവരും ചേർന്ന്
എന്റെയീ യജ്ഞം ഭംഗിയായി നടത്തിത്തരണം. ജപത്തിന്റെ പത്തിലൊന്ന് കൊണ്ട് ഹോമം നടത്താം
എന്നാണല്ലോ ശാസ്ത്രം. എന്റെ കാര്യസിദ്ധിക്കായി ദ്വിജന്മാരും കൃപാലുക്കളുമായ നിങ്ങൾ
എന്നെ തുണയ്ക്കണം.'
എന്നാൽ ബ്രാഹ്മണർ പറഞ്ഞു: ഗുരുശാപം മൂലം പിശാചത്വം അനുഭവിക്കുന്ന നീ യാഗം
ചെയ്യാൻ യോഗ്യനല്ല. വേദാധികാരം നഷ്ടപ്പെട്ട് നിന്ദ്യമായ പൈശാചികത്വം
നിനക്കുള്ളതിനാൽ ഞങ്ങൾ നിന്നെ സഹായിക്കുകയില്ല.'
ത്രിശങ്കു ദുഖിതനായി. 'എന്റെ ജീവിതം തന്നെ വ്യർത്ഥം. അച്ഛന്‍
ശപിച്ചു. രാജ്യ ഭ്രഷ്ടനാക്കി, പോരാഞ്ഞ് പൈശാചികത്വവും
എന്നെ ബാധിച്ചിരിക്കുന്നു.' ഇങ്ങിനെ ചിന്തിച്ച്
വിഷണ്ണനായ രാജാവ് വലിയൊരു ചിത കൂട്ടി പ്രാണാഹൂതി ക്കായി തയ്യാറെടുത്തു. മഹാമായയെ
മനസ്സിലുറപ്പിച്ച് കൈകൂപ്പി അദ്ദേഹം ചിതയിൽച്ചാടാൻ തുടങ്ങവേ പെട്ടെന്ന് ആകാശത്ത്
ദേവി പ്രത്യക്ഷയായി. സിംഹാരൂഢയായ ദേവി മേഘനാദത്തിൽ അവനോട് പറഞ്ഞു: ‘സാധോ, നീയെന്തു ചെയ്യാനാണ് ഭാവം? വെറുതെ ശരീരം നശിപ്പിക്കണ്ട. ധൈര്യം
കൈക്കൊണ്ടാലും. നിന്റെ പിതാവിന് വാർദ്ധക്യമായി. മറ്റന്നാൾ തന്നെ നിനക്ക് രാജ്യഭാരം
കൈമാറി അദ്ദേഹം വനവാസത്തിനു പുറപ്പെടും. നിന്നെ ബഹുമാനിച്ച് കൂട്ടിക്കൊണ്ടുപോവാൻ
അദ്ദേഹം മന്ത്രിമാരെ അയക്കും. എന്റെ പ്രസാദം നിന്നിൽ ഉള്ളതുകൊണ്ട് അദ്ദേഹം സ്വമനസാ
നിന്നെ സിംഹാസനത്തിൽ ഇരുത്തും. അത് കഴിഞ്ഞ് അദ്ദേഹം ധന്യനായി ബ്രഹ്മലോകം പൂകും.' ഇങ്ങിനെ അരുളിച്ചെയ്ത ദേവി വാനിൽ
നിന്നു മറഞ്ഞു.
രാജകുമാരൻ ചിതയിൽ ചാടാനുള്ള ശ്രമം
ഉപേക്ഷിച്ചു. ആ സമയം നാരദമഹർഷി അയോദ്ധ്യയിൽ ചെന്ന് രാജാവിനെ വിവരമറിയിച്ചു.
നിരാശമൂലം മകൻ ആത്മാഹൂതി ചെയ്യാൻ ശ്രമിച്ചതറിഞ്ഞ രാജാവ് ഏറെ ദു:ഖിച്ചു. ‘എന്റെ
ബുദ്ധിമാനായ മകനെ ഞാൻ കാട്ടിൽ
ഉപേക്ഷിച്ചു. എങ്കിലും ആ മിടുക്കൻ ദേവീഭജനം ചെയ്ത് വനത്തിൽ കഴിഞ്ഞുകൂടുകയാണ്.
വാസ്തവത്തിൽ അവൻ സിംഹാസനത്തിന് അർഹനാണ്. വസിഷ്ഠ ശാപമാണ് അവനെ പിശാചതുല്യനാക്കി
മാറ്റിയത്. ജഗദംബ നേരിട്ടു വന്ന് തടഞ്ഞില്ലായിരുന്നുവെങ്കിൽ എന്റെ മകൻ ഇപ്പോൾ
ചിതയിൽ എരിഞ്ഞമർന്നേനെ. അവനെ നിങ്ങൾ മന്ത്രിമാർ പോയി നല്ല വാക്കു പറഞ്ഞു
സമാധാനിപ്പിച്ചു കൂട്ടിക്കൊണ്ടുവരിക. അവനാണല്ലോ മൂത്ത പുത്രൻ. അതുകൊണ്ടു്
രാജ്യാധികാരം അവനുള്ളത് തന്നെയാണ്. മകനെ രാജ്യഭാരമേൽപ്പിച്ച് വനത്തിലേക്ക്
പുറപ്പെടാൻ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു.'
മന്ത്രിമാർ സസന്തോഷം രാജകുമാരനെ
കൂട്ടിക്കൊണ്ടുവന്നു. ക്ഷീണിച്ച് കീറത്തുണി അരയിൽ ചുറ്റിയ കുമാരനെ കണ്ടു് രാജാവ്
സങ്കടപ്പെട്ടു. 'കഷ്ടം ഇവനെ ഞാൻ ആട്ടി
പുറത്താക്കാൻ ഇടയായല്ലോ.' രാജകുമാരനെ അദ്ദേഹം
കെട്ടിപ്പുണർന്ന് സിംഹാസനത്തിനടുത്ത് ഉത്തമമായ ഒരു പീഠത്തിൽ അവന് ആസനം നൽകി.
ഇടറുന്ന സ്വരത്തോടെ രാജാവ് മകനോട്
പറഞ്ഞു: ‘മകനേ, നീയെന്നും ധർമ്മത്തിന്റെ വഴിയേ ചരിച്ചാലും. ബ്രഹ്മാവിന്റെ മുഖത്തു
നിന്നും ഉണ്ടായ ഭൂസുരൻമാരെ നീയെന്നും മാനിക്കണം. ധര്‍മ്മ മാർഗ്ഗത്തിൽ വിത്തമാർജിച്ച്
പ്രജാ സംരക്ഷണം ചെയ്യണം. അസത്യം പറയരുത്. തെറ്റായ വഴിയിൽ ചരിക്കാതെ തപസ്വികളെ
പൂജിച്ച് ബഹുമാനിക്കുക. ശത്രുക്കളോട് ദയ വേണ്ട. ഇന്ദ്രിയങ്ങളെ ജയിച്ച് ശിഷ്ടരായ
മന്ത്രിമാരോട് ആലോചിച്ച് സദാ കർമ്മനിരതനായി വാഴുക. ശത്രു നിസ്സാരനാണെന്ന് കരുതി
ഒരിക്കലും അലംഭാവം പാടില്ല. ഏറാൻ മൂളികളായ അവസരവാദികളെ തിരിച്ചറിഞ്ഞ് അവരെ മാറ്റി
നിർത്തണം. മിത്രങ്ങളുടെ ഇടയിലും ചാരൻമാരെ നിയോഗിക്കണം. രാജപദവിക്ക്
നിദാനമായിരിക്കുന്നത് ധർമം മാത്രമായിരിക്കണം. നിത്യദാനം മുടക്കരുത്. വൃഥാവാദത്തിൽ
ഒരിക്കലും ഏർപ്പെടരുത്. ദുഷ്ടസംഗം ത്യജിച്ച് ഋഷിമാരുമായുള്ള സത്സംഗത്തിന് സമയം കണ്ടെത്തുക. യജ്ഞങ്ങൾ യഥാവിധി
അനുഷ്ടിക്കുക. സ്ത്രീ, ചതി, ചൂത്
എന്നിവയിൽ ഭ്രമമുള്ളവരെ അകറ്റി നിർത്തുക. നായാട്ടിലും അമിതമായ താൽപര്യം പാടില്ല.
മദ്യം, വേശ്യ, ചൂത് എന്നിവയിൽ രാജാവിനും
പ്രജകൾക്കും ആസക്തിയരുത്. ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് സ്നാനാദികൾ ചെയ്ത്
നിത്യവും മുടങ്ങാതെ പരാശക്തിയെ പൂജിക്കുക. ദേവീ പദഭജനത്തേക്കാൾ വലുതായ ജന്മസാഫല്യം
മറ്റൊന്നുമില്ല. ദേവീപൂജ ചെയ്ത് ആ പാദതീർത്ഥം സേവിക്കുന്നവന് ജന്മദുഖം
ഇനിയുണ്ടാവുകയില്ല. ദൃഷ്ടാവ്, ദൃഷ്ടി, ദൃശ്യം
എന്നീ ത്രിപുടികൾ സാക്ഷാൽ ദേവി തന്നെയാണെന്ന് മനസ്സിലുറപ്പിച്ച് നിർഭയനായി
വർത്തിച്ചാലും. നിത്യകർമങ്ങൾ ചെയ്തിട്ടു് സംശയങ്ങൾ ഉണ്ടെങ്കിൽ പണ്ഡിതരായ
ബ്രാഹ്മണരെ സമീപിക്കണം. വേദപാരംഗതരായ പണ്ഡിതൻമാരെ പൂജിക്കുകയും അവർക്ക് ഭൂമി,
ധനം, ധാന്യം, പശു മുതലായവ
യഥാവിധി സമ്മാനിക്കുകയും വേണം. എന്നാൽ അവിദ്വാനായ വിപ്രന് ആഹാരത്തിനുള്ള വക
മാത്രമേ ദാനം ചെയ്യാവൂ. ലോഭം കൊണ്ടു് നീയൊരിക്കലും ധർമ്മത്തിനെതിരായി
പ്രവർത്തിക്കാൻ ഇടവരരുത്. വിപ്രരെ ഒരിക്കലും അപമാനിക്കരുത്. പാറയിൽ ലോഹമെന്നത്
പോലെ ബ്രാഹ്മണരാണ് ക്ഷത്രിയർക്ക് കാരണഭൂതരായിരിക്കുന്നത്. വെള്ളത്തിൽ നിന്നാണ്
അഗ്നി. അതാത് വസ്തുവിന്റെ വീര്യവും തേജസും ആ വസ്തുവിന്റെ കാരണത്തിൽ അടങ്ങുന്നു
എന്നറിയുക. അതിനാൽ ബുദ്ധിയുള്ള രാജാവ് ബ്രാഹ്മണരെ ദാനാദികളാൽ പൂജിച്ച്
സംപ്രീതരാക്കുന്നു. ധർമ്മശാസ്ത്രാനുസാരമായി ദണ്ഡനീതി നടപ്പാക്കുന്നതും രാജവിന്റെ
കർത്തവ്യങ്ങളിൽ പെടുന്നു. ധാർമ്മികമായ രീതിയിൽ കൈവരുന്ന ധനം മാത്രമേ രാജാവ്
പ്രജാക്ഷേമത്തിനായി വിനിയോഗിക്കാവൂ.'
No comments:
Post a Comment