Devi

Devi

Wednesday, October 28, 2015

ദിവസം 7 ശ്രീമദ്‌ ദേവീഭാഗവതം 1.2. ഗ്രന്ഥസംഖ്യാവിഷയം

ദിവസം 7  ശ്രീമദ്‌ ദേവീഭാഗവതം 1.2  ഗ്രന്ഥസംഖ്യാവിഷയം   

ധന്യോ fഹമതി മാന്യോ fഹം പാവിതോ fഹം മഹാത്മഭി:
യത് പൃഷ്ടം സുമഹത് പുണ്യം പുരാണം വേദ വിശ്രുതം

സൂതന്‍ പറഞ്ഞു: വേദങ്ങള്‍ വാഴ്ത്തുന്ന ദേവീ ഭാഗവതമെന്ന പുരാണത്തെ പ്രകീര്‍ത്തിക്കാനാണല്ലോ പുണ്യചരിതന്മാരായ നിങ്ങള്‍ എന്നോടാവശ്യപ്പെട്ടത്! ഞാന്‍ ധന്യനായി. മാനിതനും പവിത്രവാനുമായി. സര്‍വ്വശാസ്ത്രങ്ങളിലും വെച്ച് അത്യുത്തമമായ ഭാഗവതപുരാണത്തെക്കുറിച്ച് ഞാന്‍ പറയാം. യോഗികള്‍ക്ക് മുക്തിദായകവും  ബ്രഹ്മാദികളാല്‍ സേവിതവും അതിലളിതവും മാമുനികള്‍ക്ക് ധ്യാനനിദാനവുമായ ആ ഭഗവല്‍ പാദമലരുകളെ നമസ്കരിച്ചുകൊണ്ടു ഞാന്‍ കഥ തുടങ്ങട്ടെ. ഇക്കഥയാണെങ്കില്‍ ഭഗവതിയുടെ നാമത്താല്‍ പ്രസിദ്ധമാണ്. വിവിധരസങ്ങള്‍ നിറഞ്ഞതാണിതിലെ വിഭവങ്ങള്‍.

വേദങ്ങള്‍ വിദ്യയെന്നു വിളിക്കുന്നവളും, ആദിപരാശക്തിയായി സദാ വിളങ്ങുന്നവളും, സംസാരബന്ധത്തില്‍ നിന്നും മുക്തിയേകുന്നവളും ദുഷ്ടന്മാര്‍ക്ക് അപ്രാപ്യമായവളും, ധ്യാനിക്കുന്ന ഉപാസകര്‍ക്ക് ക്ഷിപ്രപ്രസാദമേകുന്നവളുമായ ആ ഭഗവതി സദാ പ്രസന്നയായി സര്‍വ്വസിദ്ധികളെയും പ്രദാനം ചെയ്യട്ടെ. വിശ്വത്തെ സൃഷ്ടിച്ചു പരിപാലിച്ചു സംഹരിക്കുന്ന ആ ജനനിയെ ഞാന്‍ നമസ്കരിക്കുന്നു. വിശ്വനിര്‍മ്മിതി ബ്രഹ്മാവാണ് ചെയ്യുന്നതെന്ന് പ്രസിദ്ധമാണ്. അദ്ദേഹമാകട്ടെ വിഷ്ണുവിന്റെ നാഭിയില്‍ നിന്നുമാണ് ഉത്ഭൂതമായത്. അപ്പോള്‍ സൃഷ്ടികാര്യത്തില്‍ ബ്രഹ്മാവ്‌ സ്വതന്ത്രനല്ല എന്ന് നിശ്ചയം. മഹാവിഷ്ണു ആദിശേഷസര്‍പ്പത്തില്‍ മയങ്ങുന്ന നേരത്താണല്ലോ അദ്ദേഹത്തിന്റെ  നാഭികമലത്തില്‍ നിന്നും വിരിഞ്ജന്‍ ഉണ്ടായത്. ഹരിക്ക് സഹസ്രശീര്‍ഷനായ വിഷ്ണുവാണ് (ആദിശേഷന്‍) അധാരമെങ്കില്‍ ഭഗവാന് സൃഷ്ടി നടത്താന്‍ സാധിക്കുന്നതെങ്ങിനെ? കല്‍പ്പകാലത്തെ പ്രളയജലം രസരൂപമാണ്. അതിനൊരു പാത്രമില്ലാതെ നിലകൊള്ളാനാവില്ല. അതിനെ താങ്ങി നിര്‍ത്തുന്നത് ശക്തിയാണ്, ദേവിയാണ്. അഖിലത്തിനും താങ്ങായ, ശക്തിയായി നിലകൊള്ളുന്ന സര്‍വഭൂതജനനിയെ ഞാന്‍ കൈതൊഴുന്നു.

യോഗനിദ്രയിലാണ്ട വിഷ്ണുഭാഗവാനെക്കണ്ട് താമരയിലയില്‍ ഇരുന്നുകൊണ്ട് ബ്രഹ്മാവ്‌ സ്തുതിച്ചതായ ദേവിയെ ഞാനും ഇതാ നമിക്കുന്നു. അരൂപയും, സുഗുണയും, മായാമയിയും മുക്തിപ്രദായികയുമായ ദേവിയെക്കുറിച്ചുള്ള പുരാണം നിങ്ങള്‍ ശദ്ധിച്ചു കേട്ടാലും. പതിനെണ്ണായിരം സാരഗര്‍ഭങ്ങളായ ഉത്തമശ്ലോകങ്ങളാണ് ഇതിനുള്ളിലുള്ളത്.  പന്ത്രണ്ടു സ്കന്ധങ്ങള്‍, മുന്നൂറ്റിപ്പതിനെട്ടദ്ധ്യായങ്ങള്‍. ഒന്നാം സ്കന്ധത്തില്‍ ഇരുപത്, രണ്ടില്‍ പന്ത്രണ്ട്, മൂന്നില്‍ മുപ്പത്, നാലില്‍ ഇരുപത്തഞ്ച്, അഞ്ചില്‍ മുപ്പത്തിയഞ്ച്, ആറില്‍ മുപ്പത്തിയൊന്ന്, എഴില്‍ നാല്‍പ്പത്, എട്ടില്‍ ഇരുപത്തിനാല്, ഒന്‍പതില്‍ അന്‍പത്, പത്തില്‍ പതിമൂന്ന്, പതിനൊന്നില്‍ ഇരുപത്തിനാല്, പന്ത്രണ്ടില്‍ പതിനാല് എന്നിങ്ങിനെയാണ് അദ്ധ്യായങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സര്‍ഗ്ഗം, പ്രതിസര്‍ഗ്ഗം, വംശം, മന്വന്തരം, വംശാനുചരിതം എന്നിങ്ങിനെ അഞ്ചു ലക്ഷണങ്ങളാണ് പുരാണങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളത്. അവയെല്ലാം ഇതിലുമുണ്ട്.

സര്‍ഗ്ഗം: സര്‍വ്വവ്യാപിയും, സദാ നിത്യയും, നിര്‍ഗ്ഗുണയും, നിശ്ചലയും, മുക്തിദായികയും, യോഗാഭിഗമ്യയും, സര്‍വ്വാശ്രയവുമായ ദേവിയുടെ മൂന്നു പ്രകൃതികളായ സാത്വികം, രാജസികം, താമസം എന്നിവ യഥാക്രമം മാഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നീ ദേവീശക്തിഭാവങ്ങളില്‍ പ്രകടമായിരിക്കുന്നു. ജഗദംബിക ഈ മൂന്നു ശക്തികളെ സൃഷ്ടിക്കായി കൈക്കൊണ്ടതിന്റെ കഥകളാണ് സര്‍ഗ്ഗം എന്നറിയപ്പെടുന്നത്. ബ്രഹ്മാവിഷ്ണുമഹേശ്വര ത്രിമൂര്‍ത്തികളുടെ ആവിര്‍ഭാവങ്ങളാണ് പ്രതിസര്‍ഗ്ഗത്തില്‍ ഉള്ളത്. സൃഷ്ടിസ്ഥിതിസംഹാര പ്രവര്‍ത്തനങ്ങള്‍ ത്രിമൂര്‍ത്തികളുടേതാണല്ലോ. 

വംശത്തില്‍ സൂര്യചന്ദ്രവംശങ്ങളില്‍പ്പെട്ട രാജാക്കന്മാര്‍, അസുരന്മാര്‍ എന്നിവരുടെ വംശങ്ങളെ വര്‍ണ്ണിക്കുകയാണ്. സ്വായംഭുവ മനുതൊട്ടുള്ള രാജാക്കന്മാരെയും അവരുടെ കാലത്തെയും വര്‍ണ്ണിക്കുന്നത് മന്വന്തരം. അവരുടെ വംശങ്ങളെക്കുറിച്ചുള്ള വിവരണമാണ് വംശാനുചരിതം. ഇതുകൂടാതെ വേദ തുല്യമെന്ന് പേരുകേട്ട മഹാഭാരതം എന്ന ഇതിഹാസവും വ്യാസനിര്‍മ്മിതമത്രേ. ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളാണ് മഹാഭാരതത്തിലുള്ളത്.

ശൌനകന്‍ പറഞ്ഞു: എത്രയാണ്, ഏതൊക്കെയാണ് ആ പുരാണങ്ങള്‍ എന്ന് വിസ്തരിച്ചു പറയൂ. ഞങ്ങള്‍ക്കത് കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. കാലഭീതിയിലാണ് ഞങ്ങള്‍ ഈ പുണ്യഭൂമിയില്‍ വസിക്കുന്നത്. മനോമയമായ ഒരു ചക്രം ഞങ്ങള്‍ക്ക് തന്നിട്ട് ബ്രഹ്മാവ് ഞങ്ങളോട് പറഞ്ഞു- ‘ഈ ചക്രത്തിനെ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് പവിത്രമായ ഒരിടത്തെത്താം. അവിടെ കലിക്ക് പ്രവേശനമില്ല. സത്യയുഗം വരെ നിങ്ങള്‍ക്കവിടെ താമസിക്കാം’.

ആ മനോമയചക്രമുരുട്ടി ഞങ്ങള്‍ ഇവിടെയെത്തിയിരിക്കുന്നു. നേമി (ചക്രം) ഇവിടെയെത്തിയപ്പോള്‍ നിശ്ചലമായി. അങ്ങിനെ ഇപ്രദേശത്തിനു നൈമിഷം എന്ന് പേരും സിദ്ധിച്ചു. കലിക്ക് പ്രവേശനമില്ലാത്തയിടമായതിനാല്‍ ഞാന്‍ മാത്രമല്ല, സിദ്ധന്മാരും മുനീന്ദ്രന്മാരുമെല്ലാം ഇവിടെ എന്നോടൊപ്പം കൂടി. അരി, എള്ള്, ഉഴുന്ന്, പഞ്ചസാര, മധു, നെയ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പുരോഡാശം ഉപയോഗിച്ച് പശുക്കളെക്കൂടാതെയുള്ള യാഗങ്ങള്‍ ചെയ്താണ് ഞങ്ങള്‍ സത്യയുഗം വരെ കാലം കഴിക്കുന്നത്. അങ്ങിപ്പോള്‍ വന്നെത്തിയത് ഞങ്ങളുടെ മഹാഭാഗ്യം. ഭാഗവതകഥ ഉടനെതന്നെ തുടങ്ങിയാലും. പറയാന്‍ അങ്ങയെപ്പോലൊരുവനും, കേള്‍ക്കാന്‍ ഉത്സുകരായി ഞങ്ങളും ഉണ്ടല്ലോ! മറ്റുകാര്യങ്ങള്‍ ഒന്നും ചെയ്തു തീര്‍ക്കാനില്ലാത്തതിനാല്‍ എകാഗ്രചിത്തരുമാണ് ഞങ്ങള്‍. താപത്രയങ്ങളില്‍ നിന്നും അങ്ങേയ്ക്ക് മുക്തിയുണ്ടാവട്ടെ.

ധര്‍മ്മാര്‍ത്ഥകാമങ്ങളെക്കൂടാതെ ജ്ഞാനത്തെയും ഭാഗവതത്തില്‍ ഭംഗിയായി വര്‍ണ്ണിച്ചിട്ടുണ്ടല്ലോ! മോക്ഷദായകമാണ് ജ്ഞാനം. കൃഷ്ണദ്വൈപായനന്‍ ചൊല്ലിത്തന്ന കഥകള്‍ കേട്ട് ഞങ്ങള്‍ക്കിനിയും മതിയായിട്ടില്ല. സകലഗുണങ്ങള്‍ക്കും നിദാനമായ, പവിത്രയായ, ജഗജ്ജനനിയുടെ ചരിത്രം എത്ര വിചിത്രം! എല്ലാ പാപങ്ങള്‍ക്കും നാശകാരണവും ആശകളുടെ ആദിമൂലവുമായ ഭഗവതിയെക്കുറിച്ചുള്ള പുരാണം കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് അത്യധികം ആഗ്രഹമുണ്ട്. അങ്ങ് കഥ തുടങ്ങിയാലും. 

No comments:

Post a Comment