ദിവസം 5 ഭാഗവത ശ്രവണവിധി
സൂത സൂത മഹാഭാഗ ശ്രുതം
മാഹാത്മ്യമുത്തമം
അധുനാ ശ്രോതുമിച്ഛാമ:
പുരാണശ്രവണേ വിധിം
ശ്രൂയതാം മുനയ: സര്‍വ്വേ
പുരാണശ്രവണേ വിധിം
നരാണാം ശൃണ്വതാം യേന
സിദ്ധി: സ്യാത് സര്‍വ്വകാമികീ
ഉത്തമമായ ഭാഗവതമാഹാത്മ്യം
കേള്‍പ്പിച്ചതുപോലെ ഈ പുരാണശ്രവണത്തിനായുള്ള ക്രമംകൂടി വിധിയാംവണ്ണം പറഞ്ഞു തരണമെന്ന് ഋഷിമാര്‍
സൂതനോട് അഭ്യര്‍ത്ഥിച്ചു. പുരാണശ്രവണ വിധി കേള്‍ക്കുന്നതുപോലും മനുഷ്യര്‍ക്ക്
ശുഭമണയ്ക്കും എന്ന് പറഞ്ഞുകൊണ്ട് സൂതന്‍ തുടങ്ങി. ആദ്യമായി ദൈവജ്ഞനായ ഒരാളെ
വിളിച്ച് ഉചിതമായ മുഹൂര്‍ത്തം നിശ്ചയിക്കണം. മിഥുനം തുടങ്ങി ആറുമാസം
പുരാണപഠനത്തിനുത്തമമാണ്. അത്തം, അശ്വതി, മൂലം, പൂരം, രോഹിണി, തിരുവോണം മകയിരം,
അനിഴം എന്നീ നാളുകളും നല്ല ആഴ്ചയും തിഥിയുമൊക്കെ ഉത്തമങ്ങളാണ്.
വ്യാഴം ഏതു നക്ഷത്രത്തിലാണെന്ന്
നോക്കുക. അന്നാള് മുതല്‍ ദിനങ്ങള്‍ എണ്ണി നാല്, നാല്, ഒന്ന്‍, അഞ്ച്, ആറ്, നാല്,
മൂന്ന്‍, നാളുകളില്‍ പുരാണം കേട്ടാല്‍ യഥാക്രമം ധര്‍മ്മപ്രാപ്തി, ധനസംപ്രാപ്തി,
കഥാസിദ്ധി, മഹാസുഖം, രോഗപീഡ, രാജഭയം, ജ്ഞാനപ്രാപ്തി എന്നിവയാണ് ഫലം. ഈ ഫലചക്രം
സാക്ഷാല്‍ ശങ്കരനാല്‍ നിര്‍മ്മിതമാണ്. നാല് നവരാത്രികളിലും നാളും തിഥിയുമൊക്കെ
നോക്കി മറ്റുള്ള മാസങ്ങളിലും ദേവീ ഭാഗവതം കേള്‍ക്കാം. ദേവീഭാഗവതം വായനയുണ്ടെന്ന്
സജ്ജനങ്ങളെ അറിയിച്ച് ഒരു വിവാഹത്തിനു വേണ്ട ഒരുക്കങ്ങള്‍ ഇതിനും ചെയ്യണം. ദംഭാദികള്‍
ഇല്ലാത്ത സ്വയംസേവകരും ഈ പുരാണഘോഷനടത്തിപ്പിന് അത്യാവശ്യമാണ്.
സൂര്യന്‍, ചന്ദ്രന്‍,
ഗണപതി, ശിവന്‍ തുടങ്ങിയ മറ്റു ദേവതമാരെ ഭജിക്കുന്നവര്‍ക്കും ദേവീ ഉപാസന ചെയ്യാം.
കാരണം ‘ശക്തി’യില്ലാതെ ദേവതയില്ലല്ലോ! ബ്രാഹ്മണാദി നാല് വര്‍ണ്ണക്കാരും, സ്ത്രീകളും,
ബ്രഹ്മചാരികളും, ലൌകീകസുഖകാംക്ഷികളും, അല്ലാത്തവരും ഒക്കെ ഇപ്പുരാണശ്രവണത്തിനു
യോഗ്യരത്രേ. ഒന്‍പതുനാളും കേള്‍ക്കാനായില്ലെങ്കിലും പറ്റുന്ന ദിവസങ്ങള്‍ എല്ലാവരും
വരിക. വൃത്തിയായി ചാണകം മെഴുകിയൊരുക്കിയ പാരായണ വേദിയില്‍ അതിഥികളെ വേണ്ട രീതിയില്‍
ഉപച്ചരിച്ച് ഇരുത്തി ബഹുമാനിക്കണം. കൊടിതോരണങ്ങള്‍, വാഴത്തടകൊണ്ടുള്ള ശ്രീകോവില്‍
അലങ്കാരങ്ങള്‍ ഒക്കെ വേണം. പുരാണം വായിക്കുന്നയാള്‍ കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി
ആസനസ്ഥനാവണം.
ശാസ്ത്രജ്ഞാനിയും സമര്‍ത്ഥനും
വാക്ചാതുരിയുള്ളവനും അനാസക്തനും ധീരനും ദേവീഭക്തനുമായിരിക്കണം വക്താവ്.
ദേവനിന്ദകനും, സ്ത്രീജിതനും, കോപിഷ്ഠനും, ധര്‍മ്മനാട്യക്കാരനും, ലുബ്ധനും
വക്താവാകാന്‍ യോഗ്യതയില്ല. ഗുണവാനും പണ്ഡിതനും സംശയനിവാരണം ചെയ്യാന്‍
കഴിവുള്ളവനുമായ ഒരാള്‍ വക്താവിന് സഹായിയായി വേണം. കഥാരസികനും വിനയവാനും
ബ്രഹ്മജ്ഞാനിയും ദേവതാഭക്തനും ഉദാരവാനും വിഷയാസക്തി ഇല്ലാത്തവനും
അഹിംസവാനുമായിരിക്കണം ശ്രോതാവ്.
വക്താവും ശ്രോതാക്കളും
മുഹൂര്‍ത്തനാളിനു മുന്നേതന്നെ ക്ഷൌരാദികള്‍ ചെയ്ത് വൃത്തിയായി തയ്യാറെടുക്കണം.
യജ്ഞനിയമങ്ങള്‍ തീരുമാനിക്കണം. സൂര്യോദയത്തില്‍ത്തന്നെ കുളി, സന്ധ്യാവന്ദനം എല്ലാം
ചുരുക്കമായി ചെയ്ത് തയ്യാറാവണം. ഗണപതി ഹോമം, പശുദ്ദാനം എന്നിവ തീര്‍ച്ചയായും വേണം.
സപ്തമാതാക്കള്‍, അഷ്ടയോഗിനികള്‍, ക്ഷേത്രപാലന്‍, തുളസി, ശങ്കരന്‍, നവഗ്രഹങ്ങള്‍,
എന്നിവര്‍ക്കായി കലശം സ്ഥാപിച്ചു പൂജ ചെയ്യണം. നവാക്ഷരമന്ത്രത്താല്‍ ജഗദംബികയെ
പൂജിക്കണം. ശ്രീദേവിയുടെ വാഗ്രൂപമായ ഭാഗവതത്തെ എല്ലാ ഉപചാരങ്ങളും നല്‍കി
പൂജിക്കണം. കഥാശ്രവണവിഘ്നം വരാതിരിക്കാന്‍ അഞ്ചു ബ്രാഹ്മണരെ സ്വീകരിച്ചാനയിച്ച്
അവരെക്കൊണ്ടു ദേവീസപ്തശതീ മന്ത്രം, നവാര്‍ണ്ണവം എന്നിവ ജപിപ്പിക്കണം.
‘കാര്‍ത്ത്യായനീ, മഹാമായേ,
ഭവാനീ, ഭുവനേശ്വരീ’ എന്ന നാമജപത്തോടെ അമ്മയെ പ്രദക്ഷിണം ചെയ്ത് നമസ്കരിക്കുക. ‘ഈ
ഭാവാബ്ധിയില്‍ ആണ്ടുമുങ്ങിയ എന്നെ കൈക്കൊള്ളണമേ, ബ്രഹ്മവിഷ്ണുശിവന്മാര്‍ക്ക് പോലും
ആരാധ്യയായ അമ്മേ, എന്നെ അഭീഷ്ടവരങ്ങളേകി
അനുഗ്രഹിച്ചാലും’ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു വേണം കഥ കേള്‍ക്കാന്‍.
വക്താവിനെ വ്യാസനായി കണക്കാക്കി,
യജ്ഞവേദിയില്‍ അദ്ദേഹത്തെ അലങ്കാര വിഭൂഷകളോടെ ഉപവിഷ്ടനാക്കണം. ‘സര്‍വ്വശാസ്ത്രവിഷാരദനായ,
വ്യാസരൂപനായ, അങ്ങയെ ഞങ്ങള്‍ നമസ്കരിക്കുന്നു. ദേവിയുടെ കഥകളാകുന്ന വെണ്ണിലാവ്
എന്നിലെ ഇരുട്ടിനെയകറ്റുമാറാകട്ടെ എന്ന് ശ്രോതാവ് സങ്കല്‍പ്പിക്കണം.
ആദ്യദിവസത്തെ ചിട്ടകള്‍തന്നെ
ഒന്‍പതു ദിവസവും പാലിക്കണം. ബ്രാഹ്മണാദികളെ ഉപവിഷ്ടരാക്കിയ ശേഷമേ യജമാനന്‍
ഇരിക്കാവൂ. ഗൃഹപുത്രധനാദി ചിന്തകള്‍ വെടിഞ്ഞ് ശ്രദ്ധാഭക്തിപുരസ്സരം കഥ കേള്‍ക്കുക.
സൂര്യോദയം മുതല്‍ അസ്തമയം വരെയാണ് കഥ വായിക്കേണ്ടത്. മദ്ധ്യാഹ്നത്തില്‍ ഒരു
മണിക്കൂര്‍ വിശ്രമം, ലഘുഭക്ഷണം, എന്നിങ്ങിനെ ചിട്ടയായി വേണം കഥ കേള്‍ക്കാന്‍. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളെ
പ്രദാനം ചെയ്യുന്നതാണ് ഇക്കഥാശ്രവണം.
ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരില്‍
ഭേദദൃഷ്ടിയുള്ളവരും, ഹിംസകരും, നാസ്തികരും, ദുഷ്ടരും, വേദവിരോധികളും, കള്ളന്മാരും,
ബ്രഹ്മസ്വം, ദേവസ്വം, പരധനം, പരസ്ത്രീകള്‍, എന്നിവ അപഹരിക്കുന്നവരും അതില്‍ താല്‍പ്പരരായവരും
ഇക്കഥകേള്‍ക്കാന്‍ അനര്‍ഹരാണ്.
നവാഹദിനങ്ങളില്‍ ബ്രഹ്മചര്യം വേണം, തറയില്‍ കിടന്നുറങ്ങുക, സത്യം പറയുക,
ജിതേന്ദ്രിയനാവുക, മുതലായ വ്രതങ്ങള്‍ കൃത്യമായി പാലിക്കണം. വഴുതിനങ്ങ, താന്നിക്ക,
എണ്ണ, പരിപ്പ്, തേന്‍, ഉള്ളി, വെള്ളുള്ളി, കുമ്പളങ്ങ, മുരിങ്ങ, വെന്തുകരിഞ്ഞ
ഭക്ഷണം, രജസ്വല തൊട്ട ചോറ്, കിഴങ്ങുകള്‍, കടല, ഇവയൊന്നും ഭക്ഷിക്കരുത്.
കാമാക്രോധലോഭദംഭമാനങ്ങള്‍ വര്‍ജ്ജിക്കണം. ബ്രാഹ്മണദ്രോഹി, ജാതിമര്യാദകള്‍
പാലിക്കാത്തവന്‍, ചണ്ഡാളന്‍, ആര്‍ത്തവകളായ സ്ത്രീകള്‍, മ്ലേച്ഛര്‍, അന്ത്യജര്‍,
വേദനിന്ദചെയ്യുന്നവര്‍ എന്നിവരോടോന്നും സംസാരിക്കപോലും അരുത്. വേദങ്ങള്‍, ഗോക്കള്‍,ഗുരുക്കന്മാര്‍,
ബ്രാഹ്മണര്‍, സ്ത്രീകള്‍, രാജാക്കന്മാര്‍, മഹാത്മാക്കള്‍, ഭക്തന്മാര്‍ തുടങ്ങിയ
സത്വമതികളെ നിന്ദിക്കുകയോ അത്തരം വാര്‍ത്തകള്‍ കേള്‍ക്കുകയോ അരുത്.
വിനയം, സത്യസന്ധത, ഭൂതദയ,
വൃത്തി, മിതമായ സംസാരം എന്നീ ഗുണങ്ങള്‍ ഉള്ളവരാണ് കഥാ ശ്രവണവ്രതമെടുക്കേണ്ടത്.
കുഷ്ഠം, പാണ്ട്, തുടങ്ങിയ രോഗങ്ങളാല്‍ വലയുന്നവരും, ദാരിദ്ര്യദുഃഖം പേറുന്നവരും,
പാപികളും, സന്താനസൌഭാഗ്യമില്ലാത്തവരും, ഒറ്റക്കുഞ്ഞുള്ളവരും, ഗര്‍ഭമലസിയവരും,
ചാപിള്ളകള്‍ ഉണ്ടാകുന്നവരും എല്ലാം ഭാഗവത ശ്രവണത്താല്‍ ദുഖനിവൃത്തരാവും.
ജീവിതത്തില്‍ ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍
വലിയ ബുദ്ധിമുട്ട് കൂടാതെ ആര്‍ജ്ജിക്കാനായി ഭാഗവതം കേള്‍ക്കുക. ഒന്‍പതു നാളുകള്‍
ഓരോന്നും ഓരോ നവാഹയജ്ഞത്തിന്റെ ഫലം ചെയ്യും. കഥയുടെ എല്ലാ ദിനങ്ങളിലും
വക്താവിനെയും പുസ്തകത്തെയും പൂജിച്ച് പ്രസാദം സ്വീകരിക്കണം. അപ്പോള്‍ച്ചെയ്യുന്ന
ജപം, ദാനം ഹോമം എന്നിവയ്ക്ക് വലിയ ഫലമാണുള്ളത്. കുമാരീപൂജ, സുമംഗലീപൂജ,
ബ്രാഹ്മണപൂജ എന്നിവയും വേണം. സര്‍വ്വദോഷങ്ങളും ഇല്ലാതാക്കാന്‍ ഓരോ
ദിനാന്ത്യത്തിലും ഗായത്രീ സഹസ്രനാമമോ വിഷ്ണു സഹസ്രനാമമോ ജപിക്കണം. യജ്ഞപൂര്‍ണ്ണതയ്ക്കായി
വിഷ്ണുവിനെ സ്തുതിക്കണം. കഥയുടെ പരിസമാപ്തിയില്‍ ദേവീസപ്തശതീമന്ത്രം അലെങ്കില്‍
നവാക്ഷരമന്ത്രം ജപിക്കണം. ഗായത്രിചൊല്ലി നെയ്പായസം നിവേദിക്കയുമാകാം.
മഹാഷ്ടമീവ്രതമെന്നപോലെ ഒന്‍പതാം
ദിനം യജ്ഞം പൂര്‍ത്തിയാക്കണം. നിഷ്കാമന്‍മാര്‍ക്ക് മുക്തിയും സകാമന്മാര്‍ക്ക്
അഭീഷ്ടസിദ്ധിയും ഇതിനാല്‍ ലഭ്യമാകും. വസ്ത്രാദികളും ധനവും മറ്റു സമ്മാനങ്ങളും
ദക്ഷിണ നല്‍കി വക്താവിനെയും ബ്രാഹ്മണരെയും
സന്തോഷിപ്പിക്കണം. കുമാരിമാരെയും സുമംഗലികളെയും ദേവീഭാവത്തില്‍ ഊട്ടണം. സ്വര്‍ണ്ണം,
കറവപ്പശു, ആന, കുതിര, ഭൂമി എന്നിവയെല്ലാം ദാനം ചെയ്യാന്‍ ഉത്തമമാണ്. നല്ല വടിവൊത്ത
അക്ഷരത്തില്‍ എഴുതി ഈ ഗ്രന്ഥം പട്ടില്‍പ്പൊതിഞ്ഞ് എട്ടാം ദിനമോ ഒന്‍പതാം ദിനമോ
വക്താവിന് നല്‍കണം. ദാരിദ്രനായാലും, ബാലനായാലും, വൃദ്ധനായാലും, പുരാണപാരംഗതന്‍
എന്നും ബഹുമാന്യനാണ്. പലതരത്തിലുള്ള പുരാണമറിയുന്നയാളാണ് ഗുരുക്കന്മാരുള്ളതില്‍
ഏറ്റവും ശ്രേഷ്ഠം. കഥയുടെ ഇടയ്ക്ക് വ്യാസപീഠത്തില്‍ ഉപവിഷ്ടനായ വക്താവിനെ മാത്രമേ സാധകര്‍
നമിക്കാവൂ.
ഭക്തിയില്ലാതെ ഇക്കഥ കേള്‍ക്കുന്നതുകൊണ്ട്
പുണ്യം ലഭിക്കുന്നില്ല. പൂവ്, താംബൂലം എന്നിവയാല്‍ അര്‍ച്ചന ചെയ്തുവേണം ഇക്കഥ കേള്‍ക്കാന്‍.
അല്ലെങ്കില്‍ ദാരിദ്ര്യമാകും ഫലം. കഥാശ്രവണത്തിനിടയ്ക്ക് മറ്റു കാര്യങ്ങള്‍
ശ്രദ്ധിച്ചാല്‍ ധനസമ്പത്തും കളത്രവുമെല്ലാം നഷ്ടമാവും. ദംഭോടെയാണിക്കഥ കേള്‍ക്കുന്നതെങ്കില്‍
നരകവാസം കഴിഞ്ഞ് അടുത്ത ജന്മം കാക്കയായി ജനിക്കും. സിംഹാസനത്തിലും വീരാസനത്തിലും
ഇരുന്ന് കഥ കേള്‍ക്കുന്നവര്‍ അടുത്ത ജന്മത്തില്‍ നീര്‍മരുതുകളായിപ്പിറക്കും. കഥയ്ക്കിടയ്ക്ക് വേണ്ടാത്ത
വര്‍ത്തമാനം പറയുന്നവര്‍ ആദ്യം കഴുതകളായും പിന്നീട് ഓന്തുകളായും പിറക്കും. പുരാണം
പറയുന്നവരെയും കേള്‍ക്കുന്നവരെയും നിന്ദിക്കുന്നവര്‍ നൂറു ജന്മം പട്ടിയായി
ജീവിക്കും. വക്താവിനൊപ്പം ഉയര്‍ന്ന പീഠത്തില്‍ ഇരുന്നു കഥ കേള്‍ക്കുന്നവര്‍ക്ക് ഗുരുപത്നിയെ
പ്രാപിച്ചാലുള്ള പാപം ലഭിക്കും. തലകുമ്പിട്ടു കഥ കേള്‍ക്കുന്നവര്‍ വിഷവൃക്ഷങ്ങളും,
കിടന്നുകൊണ്ട് കേള്‍ക്കുന്നവര്‍ പെരുമ്പാമ്പുകളുമാവും. ഒരു ദിവസം പോലും ഇപ്പുരാണം
കേള്‍ക്കാത്തവര്‍ അടുത്ത ജന്മം കാട്ടുപന്നികളായി ജനിക്കും. ഇക്കഥ കേട്ട്
രസിക്കാത്തവരും ഇതിനു വിഘ്നം ഉണ്ടാക്കുന്നവരും നരകയാതനകള്‍ അനുഭവിച്ച ശേഷം
നാട്ടുപന്നികളായി ജനിക്കും.
പുരാണപാരായണം ചെയ്യുന്നയാള്‍ക്ക്
ഉചിത സമ്മാനങ്ങള്‍ - വസ്ത്രം, ആസനം, പാത്രം, കമ്പിളി മുതലായവ നല്‍കുന്നവര്‍ക്ക്
വിഷ്ണുപദം ലഭ്യം. പുരാണഗ്രന്ഥം പൊതിഞ്ഞു വയ്ക്കാന്‍ പട്ടും ചരടും നല്‍കുന്നവര്‍
സുഖികളാവും. ദേവീഭാഗവതം കേട്ടാല്‍ അത് നൂറു പുരാണങ്ങള്‍ കേട്ടതിന്റെ ഫലം ചെയ്യും.
നദികളില്‍ ഗംഗ, ദൈവതങ്ങളില്‍ ശങ്കരന്‍, കാവ്യങ്ങളില്‍ രാമായണം, ഗ്രഹങ്ങളില്‍
സൂര്യന്‍, ധനങ്ങളില്‍ യശസ്സ്, ആഹ്ലാദകാരികളില്‍ ചന്ദ്രന്‍, ക്ഷമയില്‍ ഭൂമി, ഗാംഭീര്യത്തില്‍
സമുദ്രം, മന്ത്രങ്ങളില്‍ ഗായത്രി, പുണ്യങ്ങളില്‍ ഹരിസ്മരണ, എന്നതുപോലെ
പുരാണങ്ങളില്‍ അത്യുത്തമമത്രേ ദേവീഭാഗവതം.
നവാഹമായി ഇപ്പുരാണം മുഴുവന്‍
കേള്‍ക്കുന്നവന്‍ ജീവന്മുക്തനാവും. രാജാവില്‍ നിന്നും, ശത്രുക്കളില്‍ നിന്നും,
ഭൂകമ്പം മുതലായ പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നും പട്ടിണിയില്‍ നിന്നും രാഷ്ട്രനാശത്തില്‍നിന്നും
രക്ഷ നേടാനും, ഭൂതപ്രേതനാശത്തിനും ശത്രു കീഴടക്കിയ രാജ്യം തിരിച്ചു പിടിക്കാനും,
പുത്രലാഭത്തിനും ദേവീ ഭാഗവതം കേള്‍ക്കുക. ഇത് കേള്‍ക്കുകയോ പഠിക്കുകയോ ഒരു ശ്ലോകമോ
അതിന്റെ ഭാഗമോ എങ്കിലും ഹൃദിസ്ഥമാക്കുകയോ ചെയ്യുന്നവന്‍ പരമഗതിയടയും. ഭഗവതീദേവി
ഇപ്പുരാണം ആദ്യമായി ചൊല്ലിയത് ഒരു ശ്ലോകാര്‍ത്ഥത്തിലാണ്. അത് പിന്നീട്
ശിഷ്യപ്രശിഷ്യ വിപുലമായി വലിയൊരു പുരാണമായതാണ്.
ഗായത്രിക്ക് മുകളിലായി ധര്‍മ്മമോ,
തപസ്സോ, മന്ത്രമോ, അതിനു സമനായ ദൈവതമോ ഇല്ല. ഗായത്രി എന്ന പേരുണ്ടായത് അത് ഗാനം
ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നു എന്നതിനാലാണ്. ആ ഗായത്രീദേവി ഭാഗവതത്തില്‍
പ്രതിഷ്ഠിതയത്രേ. മഹാപുരാണങ്ങള്‍ മറ്റൊന്നും ഇതിന്റെ പതിനാറിലൊന്നു പ്രാഭവം
പോലുമില്ലാത്തവയാണ്.
നാരായണസ്വരൂപിയായ ധര്‍മ്മനന്ദനന്‍
ഇതിലൂടെ ധര്‍മ്മമുപദേശിക്കുന്നു. ഗായത്രീ മന്ത്ര രഹസ്യം, മണിദ്വീപവര്‍ണ്ണനം,
ഹിമാദ്രിഗീത എന്നിവയും ദേവീഭാഗവതത്തിലുണ്ട്. ഇതിനു സമാനമായി
മറ്റൊന്നില്ലാത്തതിനാല്‍, മഹാന്മാരേ, ഈ പുരാണത്തെ സദാ ഉപാസിക്കൂ. ആരുടെ പ്രഭാവമാണോ
ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്കോ അനന്തനോ പോലും അറിയാനോ അളക്കാനോ കഴിയാത്തത്, ആ
പരാശക്തിയെ ഞാന്‍ നമസ്കരിക്കുന്നു. ആരുടെ
കാല്‍പ്പാദധൂളീകണങ്ങളാണോ വിശ്വനിര്‍മ്മിതിക്കായി ബ്രഹ്മാവ് ഉപയോഗിച്ചത്, ആ ജഗദംബികയെ
ഞാന്‍ സദാ നമസ്കരിക്കുന്നു. സുധാസമുദ്രത്തില്‍ ദേവവാടികയില്‍ പ്രശോഭിക്കുന്ന മണിദ്വീപത്തില്‍
ചിന്താമണിമയമായ ഗേഹത്തില്‍ വിരാജിക്കുന്നവളും
ശിവന്റെ ഹൃദയത്തില്‍ മൃദുമന്ദഹാസത്തോടെ ഇരുന്നരുളുന്നവളുമായ ജഗദംബികയെ
ധ്യാനിച്ചാല്‍ സര്‍വവിധ ഐശ്വര്യങ്ങളും ലഭിക്കും. ത്രിമൂര്‍ത്തികളും ദേവ-ഋഷി
വൃന്ദങ്ങളും ഉപാസിക്കുന്ന മണിദ്വീപാധിപയായ ദേവി, ജഗത്തിന് ശുഭമണയ്ക്കട്ടെ.
ദേവീഭാഗവതമാഹാത്മ്യം
അവസാനിച്ചു.
ദേവിയുടെ കഥകളാകുന്ന വെണ്ണിലാവ് എന്നിലെ ഇരുട്ടിനെയകറ്റുമാറാകട്ടെ
ReplyDeleteശ്രേഷ്ഠം ഈ അറിവ്...
ReplyDeleteനന്ദി
വളരെ ശ്രേഷ്ഠമായ അറിവ് അതു പകർന്ന അങ്ങേയ്ക്ക് നന്ദി
ReplyDelete