Devi

Devi

Sunday, September 11, 2016

ദിവസം 173 ശ്രീമദ്‌ ദേവീഭാഗവതം. 7-15. വരുണ ശാപം

ദിവസം 173    ശ്രീമദ്‌ ദേവീഭാഗവതം7-15. വരുണ ശാപം

പ്രവൃത്തേ സദനേ തസ്യ രാജ്ഞ: പുത്ര മഹോത്സവേ
ആജഗാമ തദാ പാശീ വിപ്രവേഷധര: ശുഭ:
സ്വസ്തീത്യുക്ത്വാ നൃപം പ്രാഹ വരുണോfഹം നിശാമയ
പുത്രോജാതസ്തവാധീശ  യജാനേന നൃപാംശുമാം

വ്യാസൻ തുടർന്നു. ഹരിശ്ചന്ദ്രപുത്രന്റെ ജന്മോൽസവം നടന്നുകൊണ്ടിരുന്ന കൊട്ടാരത്തിലേയ്ക്ക് വരുണൻ ബ്രാഹ്മണവേഷത്തിൽ ആഗതനായി.  'സ്വസ്തി രാജാവേ, അങ്ങേയ്ക്ക് പുത്രനുണ്ടായതായി കേട്ടു. ഇനി താമസമന്യേ അവനെ എനിക്ക് ബലി നൽകിയാലും. ഞാൻ നൽകിയ വരത്താൽ അങ്ങയുടെ വന്ധ്യത ഇല്ലാതായല്ലോ. ഇനി വാക്ക് പാലിക്കുക.'

വരുണൻ ഇങ്ങിനെ പറഞ്ഞപ്പോൾ രാജാവ് ചിന്താകുലനായി. ‘ഇനി ഞാൻ എന്തു ചെയ്യും? പൂവ്  പോലെ പ്രസന്നമായ ഈ മുഖം കണ്ടു് ഇവനെ എങ്ങിനെ ഞാൻ കാലനു വിട്ടുകൊടുക്കും?പക്ഷേ ഇപ്പോൾ വന്നിരിക്കുന്നത് ലോകപാലകനായ വരുണദേവനാണ്. എങ്കിലും ഞാനെങ്ങിനെ എന്റെ  സത്യം ലംഘിക്കും?പുത്ര സ്നേഹം എല്ലാ പ്രാണികൾക്കും സഹജമായുണ്ട്. അതെങ്ങിനെ എനിക്ക് മറച്ചുവെക്കാനാകും?'

ഇങ്ങിനെ ചിന്തിച്ച് ഒടുവിൽ സധൈര്യം രാജാവ് വരുണദേവനോട് അപേക്ഷിച്ചു.  'ഭഗവൻ, ഞാൻ വേദവിധിയനുസരിച്ച് അങ്ങേയ്ക്ക് അർഹമായ യാഗം ആഘോഷപൂർവ്വം തന്നെ നടത്തിക്കൊള്ളാം.  ശിശുവുണ്ടായി പത്തുനാൾ വാലായ്മയാണ്. അതു കഴിഞ്ഞേ എനിക്ക് കർമ്മങ്ങളിൽ ഭാഗഭാക്കാവാൻ സാധിക്കുകയുള്ളുവല്ലോ. മാത്രമല്ലാ മാതാവിന് ശുദ്ധിയാവാൻ മുപ്പത് ദിവസമെങ്കിലും കഴിയണം. ദമ്പതിമാർ ഒരുമിച്ച് കർമ്മം നടത്തിയാലേ അതിനു ഫലമുണ്ടാവൂ. സർവ്വജ്ഞനായ അങ്ങേയ്ക്ക് ഇതൊക്കെ നന്നായറിയാം. ജലേശാ, ഞങ്ങളിൽ കനിവുണ്ടായി ഒരു മാസം അവധി തരണം.'

ശരി, അങ്ങിനെയാകട്ടെ’ എന്ന് പാശി ശുഭമരുളി രാജാവിനെ അനുഗ്രഹിച്ചു യാത്ര പറഞ്ഞു പോയി. രാജാവിന് അപ്പോൾ സന്തോഷമായി. നിറകുടം പോലുള്ള അകിടുകൾ ഉള്ള കറവപ്പശുക്കളെ രാജാവ് ബ്രാഹ്മണർക്ക് ദാനം ചെയ്തു. കുന്നുപോലെ എള്ളിൻ കൂനകളും രാജാവ് അവര്‍ക്ക്  ദാനം ചെയ്തു. 

രാജാവ്   മകന് രോഹിതാശ്വൻ എന്ന് പേരിട്ടു. പുത്രന്റെ മുഖം കണ്ടു് രാജാവ് അതിയായ സന്തോഷത്തിൽ മതിമറന്നു. പക്ഷേ ആ സന്തോഷം പെട്ടെന്ന് തന്നെ തീർന്നു. കൃത്യം മാസമൊന്നു കഴിഞ്ഞപ്പോൾ പാശി വീണ്ടും കൊട്ടാരത്തിലെത്തി യാഗകാര്യം ഓർമിപ്പിച്ചു.
രാജാവ് വരുണനെ അർഘ്യം നൽകി സ്വീകരിച്ചിരുത്തി. 'അങ്ങയുടെ സന്ദർശനം ഈ ഭവനത്തെ പവിത്രമാക്കിയിരിക്കുന്നു. അങ്ങേയ്ക്കായി യാഗം ചെയ്യാൻ ഞാനൊരുക്കമാണ്. അത് ഭംഗിയായി നടത്തണമല്ലോ. എന്നാൽ പല്ലു മുളയ്ക്കാത്ത യജ്ഞപശു ഉത്തമമല്ല എന്നല്ലേ പ്രമാണം? നമുക്ക് കുറച്ചുനാൾ കാക്കാം. അതിനു ശേഷം യാഗം നടത്താൻ ദയവായി അങ്ങനുവദിക്കണം.’

പാശി അതിനും സമ്മതം മൂളി. രാജാവ് വീണ്ടും ആനന്ദചിത്തനായി. ശിശുവിനു  പല്ലു മുളച്ചപ്പോഴേക്കും അതാ വരുണൻ വീണ്ടുമെത്തിയിരിക്കുന്നു. 'ദേവാ ഞാൻ ധാരാളം ദക്ഷിണയൊക്കെ നൽകി വിപുലമായിത്തന്നെ യാഗം നടത്താമെന്നു വിചാരിക്കുന്നു. പക്ഷേ മകന്റെ ചൗളം കഴിഞ്ഞിട്ടില്ല. ആദ്യമായി മുടി വെട്ടി കുളിപ്പിച്ചതിനു ശേഷമാവട്ടെ ബലി.  മുണ്ഡനം കഴിയാത്ത യജ്ഞപശു യോഗ്യനല്ലെന്ന് ജ്ഞാനവൃദ്ധൻമാർ പറയുന്നു.'

'രാജാവേ, പുത്രസ്നേഹത്താൽ ഇങ്ങിനെയോരോന്ന് പറഞ്ഞ് എനിക്കുള്ള യാഗം അങ്ങ് നീട്ടിക്കൊണ്ടുപോവുകയാണ്. ഇതവസാനത്തെ അവസരമാണ്. മകന് ചൗളം കഴിഞ്ഞാലുടൻ യാഗം. അല്ലെങ്കിൽ എന്റെ ശാപശക്തി നീ അനുഭവിച്ചറിയേണ്ടി വരും. ഇക്ഷ്വാകുവംശത്തിലെ രാജാക്കൻമാർ വാക്കിനു വിലയുള്ളവരായി അറിയപ്പെടുന്നു. അതിന് അങ്ങായി മാറ്റമുണ്ടാക്കരുത്.’

വരുണന്‍ കൊട്ടാരത്തിൽ നിന്നും മടങ്ങിപ്പോയി. രാജാവ് വീണ്ടും തുഷ്ടനായി. പക്ഷേ മുണ്ഡന സമയത്തതാ ദേവന്‍  വീണ്ടും കൊട്ടാരത്തിലെത്തി. രാജ്ഞി മകനെ മടിയിലിരുത്തി ക്ഷുരകന്‍ മുടിയിറക്കുന്ന സമയത്ത് അഗ്നിപോലെ തേജസ്സുള്ള പാശി വിപ്രരൂപത്തിൽ വന്ന് യാഗം ഉടൻ തന്നെ നടത്തണമെന്ന്  ആവശ്യപ്പെട്ടു.

രാജാവ്  കൈകൂപ്പി അദ്ദേഹത്തെ എതിരേറ്റു. 'ഭഗവൻ, അങ്ങയുടെ യാഗം ഞാൻ ഭംഗിയായി നിർവ്വഹിച്ചുകൊള്ളാം. എങ്കിലും ഞാൻ പറയുന്നത് കേൾക്കാൻ അങ്ങ് ദയ കാണിക്കണം. ബ്രാഹ്മണ വൈശ്യ ക്ഷത്രിയൻമാർ എല്ലാവരും ജന്മനാൽ ശൂദ്രരാണ് എന്നെല്ലാവർക്കും അറിയാം. ഉപനയനം കഴിയാതെ ഒരു മനുഷ്യശിശു കർമ്മം ചെയ്യാനുള്ള അർഹത നേടുകയില്ല. ക്ഷത്രിയന് പതിനൊന്നു വയസ്സായാൽ ഉപനയനമാവാം എന്നാണ് വിധി മതം. ബ്രാഹ്മണന് എട്ടു വയസ്സിലും വൈശ്യന് പന്ത്രണ്ടിലുമാണ് ഉപനയനം. ഇപ്പോൾ എന്റെ മകൻ വെറും ശൂദ്രൻ മാത്രമാണല്ലോ. അങ്ങ് സർവ്വശാസ്ത്രങ്ങളും അറിയാവുന്നയാൾ. ധർമജ്ഞനായ അങ്ങ് എന്റെ വാക്കിൽ ധർമ്മം കാണുന്നുണ്ടെങ്കിൽ യാഗം കുറച്ചുകാലം കൂടി നീട്ടിവെക്കാൻ അനുവദിക്കുക.'

രാജാവിന്റെ യുക്തികേട്ട് പാശി   ‘ഓം’ എന്നുച്ചരിച്ച് സമ്മതമറിയിച്ചു. വീണ്ടും കൊട്ടാരത്തിൽ ചിരിയും കളിയും കാണായി. രാജാവും രാജ്ഞിയും പുത്രസ്നേഹത്താൽ മുഗ്ദ്ധരായി വർത്തിച്ചു.
പുത്രന് ഉപനയനത്തിനു കാലമായി. രാജാവ് പ്രൌഢപൂർവ്വം അതിനുള്ള സംഭാരങ്ങൾ തുടങ്ങി. മന്ത്രിമാരുമായി ആലോചിച്ച് പതിനൊന്നാം വയസ്സിൽ പൂണൂൽ കർമ്മം നടത്താനായി എല്ലാമൊരുക്കി വച്ചു. എങ്കിലും വരാൻ പോകുന്ന വിപത്തോർത്ത് രാജാവ് ആകുലനായിരുന്നു. അപ്പോഴേയ്ക്കും അതാ പാശി കൊട്ടാരത്തിലെത്തി.

വരുണനെ വന്ദിച്ച് രാജാവ് പറഞ്ഞു: 'ദേവാ അങ്ങയുടെ യജ്ഞപശുവിനെയിതാ ഉപനയനം കഴിഞ്ഞ് തയ്യാറാക്കിയിരിക്കുന്നു. അങ്ങാണ് എന്റെ വന്ധ്യതക്ക് അന്തം വരുത്തിയത്. വിപുലമായിത്തന്നെ ഞാനായാഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അവന്റെ സമാവർത്തനം കൂടിയൊന്നു കഴിയട്ടെ. പിന്നെ ഒട്ടും താമസമില്ല. അങ്ങ് അതിനെന്നെ അനുവദിക്കണം.'

'രാജാവേ പുത്രസ്നേഹം കൂടിയിട്ട് എന്നെ വഞ്ചിക്കാൻ ഭാവമുണ്ടോ? സമാവർത്തനം നടക്കുമ്പോൾ ഞാനിവിടെയുണ്ടാവും. പിന്നീടു് ഒരവധിയും കിട്ടില്ല.' രാജാവ് തൽക്കാലം ആശ്വസിച്ചു.

രോഹിതാശ്വൻ അച്ഛന്റെ ദുഖകാരണം മനസ്സിലാക്കി. താനാണ് യജ്ഞപശു എന്നാ ബുദ്ധിമാൻ അറിഞ്ഞു. മന്ത്രിപുത്രന്മാരുമായി കുമാരൻ ആലോചിച്ച്  അവൻ കാട്ടിൽപ്പോയി വാഴാൻ തീരുമാനമെടുത്തു. ആരുമറിയാതെ അവന്‍ കൊട്ടാരം വിട്ടിറങ്ങി. പുത്രനെ കാണാഞ്ഞ് രാജാവ് ശോകാകുലനായി നാനാദിക്കുകളിലേയ്ക്കും ആളുകളെ വിട്ടു. രോഹിതനെ കണ്ടു പിടിക്കാൻ അവർക്കായില്ല.

വരുണൻ യഥാസമയം കൊട്ടാരത്തിലെത്തി രാജാവിനോട് യാഗം നടത്താൻ കല്പിച്ചു. രാജാവ് നിസ്സഹായനായി പറഞ്ഞു: 'വരുണദേവാ, എന്റെ മകനെ  ഇപ്പോള്‍   കാണാനില്ല. ഭയം മൂലം അവൻ കൊട്ടാരം വിട്ട് എങ്ങോട്ടോ പോയിരിക്കുന്നു. ദൂതൻമാർ കാടും മലകളും എല്ലാം കയറിയിറങ്ങി അന്വേഷിച്ചു. പക്ഷേ അവനെ കണ്ടുകിട്ടിയില്ല. ഇനി ഞാൻ എന്തു ചെയ്യാനാണ്? ഇതെന്‍റെ കുറ്റമല്ല. കാലക്കേടും ഭാഗ്യദോഷവും തന്നെ കാരണം.'

രാജാവിന്റെ വാക്കുകൾ കേട്ട് വരുണൻ ക്രുദ്ധനായി. വീണ്ടും വീണ്ടും തന്നെ ഒഴികഴിവു പറഞ്ഞു വഞ്ചിച്ച രാജാവിനെ വരുണൻ ശപിച്ചു. 'ജലോദരം എന്ന വ്യാധി നിന്നെ പിടികൂടട്ടെ.'

അതീവ ദു:ഖപ്രദമായ ജലോദരം പിടിപെട്ട് രാജാവ് വലഞ്ഞു. പാശി തന്റെ ആസ്ഥാനത്തേക്ക് മടങ്ങി. രാജാവ് രോഗം ബാധിച്ച് ദുഖിതനായി കൊട്ടാരത്തിൽ  കഴിഞ്ഞു.

No comments:

Post a Comment