Devi

Devi

Sunday, September 25, 2016

ദിവസം 176 ശ്രീമദ്‌ ദേവീഭാഗവതം 7.18. വിശ്വാമിത്ര വൈരം

ദിവസം 176    ശ്രീമദ്‌ ദേവീഭാഗവതം 7.18. വിശ്വാമിത്ര വൈരം

കദാചിത്തു  ഹരിശ്ചന്ദ്രോ മൃഗയാര്‍ത്ഥം വനം യയൌ
അപശ്യ ദ്രുദതീം  ബാലാം സുന്ദരീം ചാരു ലോചനാം
താമപൃച്ഛന്മഹാരാജ: കാമിനീം കരുണാപര:
പത്മ പത്ര വിശാലാക്ഷീ കിം രോദിഷി വരാനനേ

ഒരു ദിവസം ഹരിശ്ചന്ദ്ര മഹാരാജാവ്  നായാട്ടിനായി കാട്ടിലെത്തി. അവിടെ ചുറ്റി നടക്കുമ്പോൾ സുന്ദരിയായ ഒരു യുവതി അവിടെ ഒറ്റയ്ക്കിരുന്നു കരയുന്നതു കണ്ടു. രാജാവ് അവളോട് കാര്യങ്ങൾ തിരക്കി.  'നീയേതാണ്? നിന്‍റെ പിതാവാര് ? എന്തിനാണിവിടെ നിന്നു  വിലപിക്കുന്നത് ?’ എന്നെല്ലാം അവളോടു ചോദിച്ചു. 

‘എന്റെ രാജ്യത്ത് രാക്ഷസൻമാർ പോലും സ്ത്രീകളെ ഉപദ്രവിക്കകയില്ല. അങ്ങിനെ ആരെങ്കിലും തുനിഞ്ഞാൽ അവനുള്ള തീവ്രമായ ശിക്ഷ കൊടുക്കാൻ മഹാരാജാവായ ഞാനുണ്ടു്.’

രാജാവ് സംരക്ഷയേകാം എന്ന് സമാധാനിപ്പിച്ചപ്പോൾ യുവതി സധൈര്യം ഇങ്ങിനെ പറഞ്ഞു. ‘മഹാരാജൻഎന്നെ പീഡിപ്പിക്കുന്നത് വിശ്വാമിത്രമുനിയാണ്. എന്നെ കിട്ടാനായി ആ മുനി ഇക്കാട്ടിൽ തപസ്സു ചെയ്യുന്നുണ്ട്. മുനിയുടെ തപസ്സിനാൽ കഷ്ടപ്പാടു സഹിക്കുന്ന യുവതിയായ എനിക്ക് ഈ ഹരിശ്ചന്ദ്രമഹാരാജാവിന്‍റെ നാട്ടിലും കരയാനാണ് യോഗം !.’

രാജാവ് അവളെ സമാശ്വസിപ്പിച്ചു. ‘ഞാൻ കൗശികനെ കണ്ടു് തപസ്സ് അവസാനിപ്പിക്കാൻ പറയാം’ -എന്നു പറഞ്ഞ് രാജാവ് മുനി തപസ്സു ചെയ്യുന്ന സ്ഥലത്ത് ചെന്ന് അദ്ദേഹത്തെ ധ്യാനാവസ്ഥയിൽ നിന്നും ഉണർത്തി.

'എന്തിനാണ് മഹർഷേ, കഠിനമായ തപസ്സു ചെയ്ത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്? അങ്ങയുടെ ആവശ്യം നിറവേറ്റാൻ ഞാൻ വേണ്ടത്  ചെയ്യാം. ഇപ്പോൾ തപസ്സ് അവസാനിപ്പിച്ചാലും.’ മുനി തപസ്സു നിർത്തിയെങ്കിലും  രാജാവിന്റെ അനുചിതമായ ഇടപെടൽ ഇഷ്ടപ്പെടാതെ ക്രുദ്ധനായി ആശ്രമത്തിലേയ്ക്ക് മടങ്ങി.

തന്റെ തപം മുടക്കിയ രാജാവിനെ ഒരു പാഠം പഠിപ്പിക്കണമെന്ന തീരുമാനത്തിൽ അദ്ദേഹം പ്രതികാരം ചെയ്യാനുറച്ചു. ബ്രഹ്മപുത്രനായ വസിഷ്ഠനുമായി മുനി നേരത്തേ തന്നെ അസ്വരസത്തിലായിരുന്നല്ലോ. 'ആ വസിഷ്ഠനാണ് ഈ അഹങ്കാരിയായ രാജാവിന്‍റെ ഗുരു.'

 പെട്ടെന്ന് അദ്ദേഹം ഒരു ഭീമാകാര സത്വത്തെ പന്നിയുടെ രൂപത്തിൽ നിർമ്മിച്ച് ഹരിശ്ചന്ദ്രന്റെ നഗരിയിലേയ്ക്ക് പറഞ്ഞയച്ചു. ആ പന്നി മുക്രയിട്ടുകൊണ്ടു് നഗരത്തിലെ പൂന്തോട്ടങ്ങളും മറ്റ് നന്ദനവാടികളും തേറ്റ കൊണ്ട് ഉഴുത് മറിച്ചിടാൻ  തുടങ്ങി. ചെമ്പകം,അശോകം, ഇലഞ്ഞി, കണവീരം തുടങ്ങിയ മരങ്ങളെല്ലാം ആ ജന്തു കടയോടെ വേരുപുഴക്കി മറിച്ചിട്ടു . ഉദ്യാനപാലകരും കാവൽക്കാരും ആകെ ഭയന്ന്  നിൽപ്പായി. മാലകെട്ടുന്നവർ പൂ പറിക്കാനാവാതെ പേടിച്ചരണ്ടു. യാതൊരുവിധ ആയുധം കൊണ്ടും ആ സൂകരത്തെ തടുക്കുവാനാവാതെ കാവൽക്കാർ രാജാവിനോട് പരാതി പറഞ്ഞു.

'രക്ഷിക്കണേ... എന്നു നിലവിളിച്ചു കൊണ്ട് വരുന്ന അവരോടു് രാജാവ് പറഞ്ഞു. ‘നിങ്ങൾ പേടിക്കണ്ട. ദേവനോ അസുരനോ ആരായാലും അവൻ എന്റെ ഒരമ്പിനു തീരാനുള്ളതേയുള്ളു. നിങ്ങൾ സമാധാനമായിരിക്കുക.’

രാജാവേ, ഉദ്യാനമൊക്കെ നശിപ്പിച്ചത് രാക്ഷസനൊന്നുമല്ല. ഒരു തടിമാടൻ പന്നിയാണ്.’

അതു കേട്ടപ്പോൾ രാജാവ് തന്റെ കുതിരപ്പുറത്ത് കയറി പന്നിയെ കീഴ്‌പ്പെടുത്താനായി പാഞ്ഞുചെന്നു. കൂടെ മറ്റ് പടയാളികളും രാജാവിനെ അനുഗമിച്ചു. ഉപവനങ്ങൾ  തകർന്നു കിടക്കുന്നതു കണ്ട രാജാവിന്റെ കോപം അധികരിച്ചു. അദ്ദേഹം വില്ലിൽ അമ്പു കൊടുത്ത് പന്നിയെ എയ്തു. എന്നാലാ പന്നി  ഒഴിഞ്ഞുമാറി ഓടിക്കളഞ്ഞു. ഓരോ അമ്പയക്കുമ്പോഴും പന്നി ഒഴിഞ്ഞുമാറി രാജാവിന്റെ ദൃഷ്ടിയിൽ നിന്നു മറഞ്ഞും തെളിഞ്ഞും കളിപ്പിച്ചു കൊണ്ടിരുന്നു. അങ്ങിനെ രാജാവൊരു കുതിരപ്പുറത്ത് ശരവേഗത്തിൽ പന്നിയുടെ പിന്നാലെ പാഞ്ഞു് മറ്റ് സൈന്യങ്ങൾ എല്ലാം വളരെ പിറകിലായി. വനത്തിൽ രാജാവ് ഒറ്റപ്പെട്ടു. അദ്ദേഹം പന്നിയെ പിൻതുടർന്ന് തളർന്നു പോയിരുന്നു.

മായാവിയായ ആ പന്നി എവിടെയോ പോയി മറഞ്ഞു. രാജാവിനാണെങ്കിൽ നഗരത്തിലേയ്ക്ക് മടങ്ങാനുള്ള വഴിയും അറിയില്ല. വിശപ്പും ദാഹവും കൊണ്ട് അദ്ദേഹം ആകെ വിഷമിച്ചു നീങ്ങുമ്പോൾ നല്ലൊരു തെളിനീരരുവി മുന്നിൽ കണ്ടു. കുതിരയ്ക്ക് വെള്ളം കാണിച്ച് താനും ഇഷ്ടം പോലെ വെള്ളം കുടിച്ചു.  അങ്ങിനെ സമാധാനിച്ചു നിൽക്കുമ്പോൾ അവിടെയൊരു വൃദ്ധ ബ്രാഹ്മണൻ എത്തി. വേഷം മാറി വന്ന കൗശികനായിരുന്നു അത്.

രാജാവ് താനകപ്പെട്ട വിഷമസ്ഥിതി ബ്രാഹ്മണനെ പറഞ്ഞു കേൾപ്പിച്ചു. 'ഭയങ്കരനായ ഒരുപന്നി വന്ന് നഗരത്തിലെ തോട്ടങ്ങൾ നശിപ്പിച്ചു. അവനെ ഓടിച്ചു വന്ന എനിക്കാണെങ്കിൽ വഴി തെറ്റിപ്പോയി. മായാവിയായ ആ പന്നിയെ ഇപ്പോള്‍ കാണാനുമില്ല. ഇപ്പോള്‍ അങ്ങയെ കണ്ടത് നന്നായി. നഗരത്തിലയ്ക്കുള്ള വഴി കാണിച്ചു തന്നാലും. ഞാൻ രാജസൂയമൊക്കെ നടത്തി പ്രസിദ്ധനായ ഹരിശ്ചന്ദ്ര മഹാരാജാവാണ്. അങ്ങ് എന്റെ കൊട്ടാരത്തിൽ വരൂ. ദാനശീലത്തിൽ ആർക്കും പിന്നിലല്ല ഹരിശ്ചന്ദ്രൻ എന്നറിയാനുള്ള ഒരവസരമാവും അത്.  യജ്ഞദക്ഷിണയായി എത്ര വേണമെങ്കിലും ധനം തരാൻ എനിക്കാവും.

Saturday, September 24, 2016

ദിവസം 175 ശ്രീമദ്‌ ദേവീഭാഗവതം. 7. 17. ഹരിശ്ചന്ദ്ര രോഗമുക്തി

ദിവസം 175   ശ്രീമദ്‌ ദേവീഭാഗവതം7. 17. ഹരിശ്ചന്ദ്ര രോഗമുക്തി

രുദന്തം ബാലകം വീക്ഷ്യ വിശ്വാമിത്രോ ദയാതുര:
ശുന:ശേപമുവാചേദം പാർശ്വേf തി ദുഖിതം
മന്ത്രം പ്രചേതസ: പുത്ര മയോക്തം മനസാ സ്മരൻ
ജപതസ്തവ കല്യാണം ഭവിഷ്യതി മമാജ്ഞയാ

വ്യാസൻ പറഞ്ഞു. യജ്ഞയൂപത്തിൽ ബന്ധനത്തിൽക്കിടക്കുന്ന ബാലൻ ദയനീയമായി കരയുന്നതു കണ്ട് മനസ്സലിഞ്ഞ വിശ്വാമിത്രൻ അവന്റെ അരികിലെത്തി ഇങ്ങിനെ പറഞ്ഞു: ‘ഞാൻ നിനക്ക് വരുണമന്ത്രം ഉപദേശിച്ചു തരാം. അത് വരുണദേവനെ സ്മരിച്ച് കൊണ്ടു് ജപിക്കുക. നിനക്കതു കൊണ്ട് സൗഖ്യമുണ്ടാവും.'

ഹൃദയവ്യഥയോടെയാണെങ്കിലും ശുനഃശേപൻ ആ  മന്ത്രം നല്ല സഫുടതയോടെ ജപിച്ചു തുടങ്ങി. ദീനനായ ബാലന്റെ മന്ത്രജപത്താൽ പ്രസന്നനായ  വരുണൻ പെട്ടെന്നവിടെ പ്രത്യക്ഷപ്പെട്ടു. സദസ്യർ വരുണനെ സ്തുതിച്ചു. വ്യാധിയാൽ വലഞ്ഞിരുന്ന രാജാവ് വരുണനെ നമസ്ക്കരിച്ചു.

ഹരിശ്ചന്ദ്രൻ പറഞ്ഞു. ‘ഞാൻ അതി മൂഢനും പാപിയുമാണെങ്കിലും അങ്ങ് എന്നോടു് ദയവു കാണിച്ച് ഇവിടെ വന്നിരിക്കുന്നു. എന്റെ തെറ്റുകളെ പൊറുത്തിരിക്കുന്നു. പുത്രവാത്സല്യത്താൽ അങ്ങയെ ഞാൻ കബളിപ്പിച്ചു. എന്റെ തെറ്റുകളെ പൊറുത്ത് മാപ്പു തന്നാലും. കാര്യം നേടാൻ പാപകർമ്മങ്ങൾ പോലും അനുഷ്ഠിക്കാൻ മനുഷ്യർ തയ്യാറാണ്. നരക ഭയത്താലാണ് ഞാൻ ഒരു പുത്രനെ കിട്ടാനായി അർത്ഥിച്ചത്. ആ പുത്രനെ നഷ്ടപ്പെടുമെന്നായപ്പോൾ ഞാൻ അങ്ങയെപ്പോലും വഞ്ചിക്കാൻ തുനിഞ്ഞു.  പ്രഭോ വിവരമില്ലാത്തവൻ ചെയത ഒരു നിന്ദമാത്രമായി എന്റെ പ്രവൃത്തികളെ കണക്കാക്കി എനിക്ക് രോഗശമനം വരുത്തിയാലും. മകൻ എന്നെ വഞ്ചിച്ചു കടന്നുകളഞ്ഞതിനാൽ ഈ ബാലനെ വിലയ്ക്ക് വാങ്ങി ഞാന്‍ യജ്ഞപശുവാക്കിയതാണ്.  എന്റെ മകൻ പ്രാണഭീതികൊണ്ട് കാട്ടിലെവിടെയോ ഒളിച്ചു കഴിയുകയാണ്. അങ്ങയുടെ ദർശനം കൊണ്ടു തന്നെ എന്നെ ബാധിച്ചിരുന്ന ജലോദരം എന്ന ഹീന രോഗത്തിനു ശമനമായി.’

കുമാരന്റെ സ്തുതിയില്‍ പ്രസന്നനായ വരുണൻ രാജാവിനോട് പറഞ്ഞു: 'ഈ പാവം വിപ്രകുമാരനെ മോചിപ്പിക്കുക. അങ്ങയുടെ യജ്ഞം പൂർത്തിയായിരിക്കുന്നു. അങ്ങയുടെ രോഗത്തിന് ശമനമുണ്ടാവട്ടെ.’

വരുണൻ സദസ്യർ കാൺകെ രാജാവിന്റെ അസുഖം മാറ്റി. ശൂന:ശേഫൻ ബന്ധനത്തിൽ നിന്നും സ്വതന്ത്രനായി. സദസ്യരിൽ നിന്നും ജയ ജയ ശബ്ദം മുഴങ്ങി.

ശൂന:ശേഫൻ കൈകൂപ്പിക്കൊണ്ടു് സദസ്യരോടു് ചോദിച്ചു.'ഇതെന്‍റെ  പുതു ജന്മമാണ്.  ഇനി മുതൽ ഞാൻ ആരുടെ മകനാണ്? നിങ്ങൾ ധർമ്മനീതികൾ അറിയുന്നവരാണല്ലോ.’

സദസ്യർ പറഞ്ഞു: ‘അജീഗർത്തന്റെ പുത്രൻ തന്നെയാണ് നീ. ഇത്രയും നാൾ സ്നേഹത്തോടെ പോറ്റി വളർത്തിയ അജീഗർത്തനിൽ നിന്നുമാണ് നിന്റെ അംഗങ്ങൾ ഓരോന്നുമുണ്ടായത്. അതുകൊണ്ട് സംശയത്തിനവകാശമില്ല.’

അപ്പോൾ വരുണദേവൻ പറഞ്ഞു. ‘ധനമോഹം നിമിത്തം അവനെയാ പിതാവ് വിറ്റതാണല്ലോ. അതുകൊണ്ടു് വില കൊടുത്ത് വാങ്ങിയ രാജാവിന്റെ പുത്രനാവും ഇവൻ.'

'അല്ലെങ്കിൽ അവനെ മുക്തനാക്കിയ വരുണൻ തന്നെയാവാം അവന്റെ പിതാവിന്‍റെ സ്ഥാനത്ത്.  ആഹാരം, അഭയം, വിദ്യ, ധനം, ജന്മം എന്നിവ നൽകുന്ന അഞ്ചു പേരും പിതാക്കൻമാരാണെന്ന് ശാസ്ത്രം പറയുന്നു.'  സദസ്യരിൽ  വീണ്ടും ചർച്ച തുടർന്നു. ചിലർ അജീഗർത്തനുവേണ്ടിയും മറ്റു ചിലർ രാജാവിനു വേണ്ടിയും ഇനിയും ചിലർ വരുണനു വേണ്ടിയും വാദിച്ചു. 

തർക്കം തുടരവേ വസിഷ്ഠമുനി എഴുന്നേറ്റു നിന്ന് സദസ്യരെ അഭിസംബോധന ചെയ്തു.
മഹാത്മാക്കളേ, ഇക്കാര്യത്തില്‍ ശ്രുതിസമ്മതമായ കാര്യം ഞാൻ പറയാം. എപ്പോഴാണോ അച്ഛൻ മകനെ വിറ്റത്, അപ്പോൾത്തന്നെ ആ പിതൃപുത്ര ബന്ധം അറ്റുപോയി. അന്നു മുതൽ ഇവൻ ഹരിശ്ചന്ദ്രന്റെ ക്രീതപുത്രനാണ്. എന്നാൽ ബലി കൊടുക്കാനായി ബാലനെ യജ്ഞയൂപത്തിൽ ബന്ധിച്ചപ്പോൾ ആ ബന്ധവും അറ്റു. യജ്ഞയൂപത്തിൽ ബന്ധനസ്ഥനായ ഇവൻ സ്തുതിച്ചു പ്രീതനാക്കിയാണ് വരുണൻ വന്ന് അവനെ രക്ഷിച്ചത്. അതിനാൽ പാശിക്കും ശൂന:ശേഫന്റെ പിതൃസ്ഥാനം നൽകാൻ സാധിക്കില്ല. സ്തുതിച്ച് സന്താഷിപ്പിച്ചാൽ ധനവും പ്രാണനും ഭൂമിയും പശുവും മറ്റും നൽകുന്ന ദേവൻമാർ അനേകമുണ്ടു്. എന്നാൽ ഉചിതമായ സമയത്ത് വന്ന് അതിഭയങ്കരമായ ആ അവസ്ഥയെ അതിജീവിക്കാനുള്ള ശ്രേഷ്ഠമായ വരുണമന്ത്രം ഉപദേശിച്ചത് മഹർഷി വിശ്വാമിത്രനാകയാൽ അദ്ദേഹമാണ് ഇനി ഇവന്റെ പിതാവ്.'

സദസ്യർ മഹർഷിയുടെ വാക്കുകൾ സഹർഷം അഗീകരിച്ചു. വിശ്വാമിത്രൻ ബാലന്റെ കൈ പിടിച്ച് ‘മകനേ എന്റെ ആശ്രമത്തിലേയ്ക്ക് പോന്നാലും' എന്ന് പറഞ്ഞ് അവനെ കൂട്ടിക്കൊണ്ടുപോയി. വരുണനും മറ്റ് സദസ്യരും സഭയിൽ നിന്നു പോയി. രാജാവ് രോഗവിമുക്തനായി പ്രജകളെ പരിപാലിച്ചുകൊണ്ടു് ധർമ്മിഷ്ഠനായി ശേഷകാലം കഴിഞ്ഞു.

അച്ഛന്റെ വൃത്താന്തങ്ങൾ മനസ്സിലായ രോഹിതാശ്വന്‍ വനത്തിൽ നിന്നു മടങ്ങി. രാജാവ് അവനെ സ്വീകരിക്കാൻ ചെന്നു. രോഹിതൻ നിറകണ്ണുകളോടെ അച്ഛനെ നമസ്ക്കരിച്ചു. അച്ഛൻ മകനെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. നരബലിയുടെ കാര്യമെല്ലാം രാജാവ് മകനോടു പറഞ്ഞു.
രാജാവ് വസിഷ്ഠനെ ഹോതാവാക്കി രാജസൂയം നടത്തി. യജ്ഞം പൂർത്തിയാക്കിയ  മഹർഷി അങ്ങിനെ പരമസംപൂജ്യനായി. അദ്ദേഹം ഇന്ദ്രഭവനത്തിലേയ്ക്ക് പോയപ്പോൾ വിശ്വാമിത്രനും അവിടെയെത്തി.  വസിഷ്ഠന് ദേവസദസ്സിൽ ഇത്ര സമാരാധ്യമായ സ്ഥാനം എങ്ങിനെ കിട്ടി എന്ന് വിശ്വാമിത്രൻ വിസ്മയം പൂണ്ടു.

വസിഷ്ഠന്‍ പറഞ്ഞു: ‘അതിപ്രതാപവാനായ ഹരിശ്ചന്ദ്ര മഹാരാജാവ് യജമാനനായ യാഗത്തിന്റെ ഹോതാവ് ഞാനായിരുന്നു. എന്റെയാ ശിഷ്യൻ രാജസൂയം നടത്തി പ്രഖ്യാതനായി. സത്യധർമ്മ ദാനാദി കാര്യങ്ങളിൽ ഹരിശ്ചന്ദ്രനോളം പുകൾപെറ്റ ആരുണ്ടീ ലോകത്ത്? ആ മഹാരാജാവ് ചെയ്ത യജ്ഞത്തിന്റെ മാഹാത്മ്യമാണ് എനിക്കീ ആദരവും സ്ഥാനവും നേടിത്തന്നത്. സത്യവാദിയും ദാനശീലനുമായി ഹരിശ്ചന്ദ്രനോളം പോന്ന മറ്റൊരു രാജാവും ഭൂമിയിൽ ഇല്ല തന്നെ.’

വസിഷ്ഠൻ തന്റെ സ്വന്തം ശിഷ്യനെയിങ്ങിനെ പുകഴ്ത്തിയതു കേട്ട് കൗശികൻ ക്രുദ്ധനായി. 'എന്ത്? കള്ളം പറയുന്ന ആ കപട സത്യവാദിയെ നിങ്ങൾ പുകഴ്ത്തുന്നു. വരം വാങ്ങിയ ശേഷം വാക്കുപാലിക്കാതെ അയാൾ വരുണനെ വഞ്ചിച്ചില്ലേ? അയാളുടെ കാപട്യം ഞാൻ ഇനിയും കാണിച്ചു തരാം. ഞാനിതുവരെയാർജിച്ച എല്ലാ തപ: ശക്തികളും വാതുവച്ച് ഞാനിതാ പറയുന്നു അയാളെയൊരു കള്ളനായും ദാനം നൽകാൻ മടിയുള്ളവനായും നമുക്ക് ഇനിയും കാണാൻ കഴിയുമെന്ന്. അങ്ങയുടെ  ആർജിത പുണ്യങ്ങളുമെല്ലാം വാതുവയ്ക്കുക. എനിക്ക് അയാളുടെ തനിനിറം കാണിച്ചു തരാൻ കഴിഞ്ഞില്ലെങ്കിൽ എന്നിലെ എല്ലാ പ്രാഭവങ്ങളും നഷ്ടമായിക്കൊള്ളട്ടെ. അല്ല, ഞാൻ പറഞ്ഞത് സത്യമായി വന്നാൽ അങ്ങയുടെ തപ: ശക്തികൾ മുഴുവനും ഇല്ലാതാകട്ടെ.’

ഇങ്ങിനെ വാതുവച്ചു കോപത്തോടെ രണ്ടു മുനിപുംഗവന്മാരും സ്വർഗ്ഗത്തിൽ നിന്നും മടങ്ങി അവരവരുടെ ആശ്രമങ്ങളിൽ ചെന്നു ചേർന്നു.

Friday, September 16, 2016

ദിവസം 174 ശ്രീമദ്‌ ദേവീഭാഗവതം. 7.16. ശൂനശ്ശേഫ കഥ

ദിവസം 174    ശ്രീമദ്‌ ദേവീഭാഗവതം.  7.16. ശൂനശ്ശേഫ കഥ

ഗതേfഥ വരുണേ രാജാ  രോഗേണാതീവ പീഡിത:
ദുഖാദ്ദുഖം പരംപ്രാപ്യ വ്യഥിfതോ ഭൂദ്ഭൃശം തദാ
കുമാരോ സൗ വനേ ശ്രുത്വാ പിതരം രോഗപീഡിതം
ഗമനായ മതിം രാജൻ ച കാര സ്നേഹ യന്ത്രിത :

വ്യാസൻ തുടർന്നു: വരുണൻ ശാപവും നൽകി മടങ്ങിയപ്പോൾ രാജാവ് ക്ഷീണിതനും രോഗപീഡിതനുമായി കൊട്ടാരത്തിൽ കഴിഞ്ഞു. കാട്ടിൽ ഒളിച്ചു താമസിച്ചിരുന്ന രോഹിതാശ്വൻ തന്റെ പിതാവിന്റെ ദുരവസ്ഥ അറിഞ്ഞു ദുഖിതനായി. 'കൊട്ടാരത്തിൽ നിന്നും പോന്നിട്ട് ഒരു കൊല്ലമായി. അച്ഛനെ ചെന്ന് കാണണം' എന്നയാൾ തീർച്ചയാക്കി പുറപ്പെടാൻ ഒരുങ്ങുമ്പോൾ ദേവേന്ദ്രൻ അവിടെയെത്തി. ബ്രാഹ്മണവേഷത്തിലെത്തിയ ശക്രൻ ഒരോരോ കാര്യങ്ങൾ പറഞ്ഞ് അവനെ കൊട്ടാരത്തിലേയ്ക്ക് മടങ്ങുന്നതിൽ നിന്നും പിൻതിരിപ്പിച്ചു.

ഇന്ദ്രൻ പറഞ്ഞു: ‘നിനക്കുണ്ടോ രാജനീതിയെപ്പറ്റി എന്തെങ്കിലും വിവരം ? കൊട്ടാരത്തിൽ ചെല്ലേണ്ട താമസം നിന്നെയവർ വരുണന് ബലി കൊടുക്കും. അച്ഛൻ മഹാ പണ്ഡിതന്മാരെക്കൊണ്ടു് മന്ത്രമൊക്കെ ജപിപ്പിച്ച് അതിനുള്ള തയ്യാറെടുപ്പ് നടത്തുകയാണ്. സ്വജീവനാണ് എല്ലാവർക്കും പ്രിയമാകുന്നത്. അച്ഛന്റെ ആത്മരക്ഷയ്ക്കായി മകനെപ്പോലും ബലികഴിക്കും. എങ്കിലേ അദ്ദേഹത്തിന് രോഗശമനം സാദ്ധ്യമാവൂ. അച്ഛൻ മരിക്കുന്നതു വരെ കാത്തിരിക്കുക. അതിനു ശേഷം നിനക്ക് കൊട്ടാരത്തിലെത്തി രാജാവായി വാഴാം.’

ഇന്ദ്രന്റെ വാക്കു കേട്ട് രാജകുമാരൻ ഒരു വർഷം കൂടി കാട്ടിൽത്തന്നെ കഴിഞ്ഞു. അപ്പോൾ കുമാരനിൽ പിതൃസ്നേഹം വീണ്ടുമുണർന്നു. 'എന്റെ മരണം അങ്ങിനെയാണെങ്കിൽ ആയിക്കൊള്ളട്ടെ.  രോഗപീഡിതനായ അച്ഛനെ ചെന്നു കണ്ടിട്ടു തന്നെ കാര്യം.’
അപ്പോൾ ഇന്ദ്രൻ വീണ്ടും രോഹിതാശ്വനെ തടയാനെത്തി.പല യുക്തികളും പറഞ്ഞ് രാജകുമാരനെ അവിടെത്തന്നെ തടഞ്ഞുനിർത്തി.

ദുഖിതനായ ഹരിശ്ചന്ദ്രൻ വസിഷ്ഠമുനിയോട് രോഗവിമുക്തി നേടാൻ മാര്‍ഗ്ഗമാരാഞ്ഞു.  മുനി  പറഞ്ഞു 'ഇനിയൊരു പുത്രനെ വിലയ്ക്ക് വാങ്ങി അവനെ സ്വന്തം പുത്രനാക്കുകയേ മാര്‍ഗ്ഗമുള്ളു. എന്നിട്ടവനെ ബലികഴിക്കാം. പുത്രൻമാർ പത്തു വിധമാണ്.   അതിലൊന്നാണ് വിലയ്ക്ക് വാങ്ങി സ്വന്തമാക്കിയ ‘ക്രീത പുത്രന്‍’. അങ്ങിനെയുള്ള പുത്രനെ ബലി കൊടുത്തായാലും  വരുണനെ സംതൃപ്തനാക്കണം'.

മുനിയുടെ വാക്കു കേട്ട രാജാവ് നാട്ടിൽ എവിടെയെങ്കിലും സ്വന്തം മകനെ വിൽക്കാൻ തയ്യാറാവുന്ന ലോഭികൾ ഉണ്ടോ എന്നന്യോഷിക്കാൻ മന്ത്രിമാരെ പറഞ്ഞയച്ചു. ആ നാട്ടിൽ അജീഗർത്തൻ എന്നു പേരായ ഒരു ദരിദ്ര വിപ്രൻ ജീവിച്ചിരുന്നു. അയാൾക്ക് ശൂനപുച്ഛൻ, ശൂ ന:ശേഫൻ, ശൂ നോലാംഗുലൻ എന്നിങ്ങനെ മൂന്നു പുത്രൻമാരുണ്ടായിരുന്നു. ആ പാവം ബ്രാഹ്മണനോട് 'നിന്റെ പുത്രൻമാരിൽ ഒരാളെ തന്നാൽ നൂറ് പശുക്കളെ തരാം അങ്ങിനെ നിന്റെ ദാരിദ്യം ഇല്ലാതാവും' എന്ന് പറഞ്ഞു മന്ത്രിമാർ പ്രലോഭിപ്പിച്ചു.

വിശപ്പിനാൽ വലയുന്ന കുടുംബത്തെയോർത്ത് ആ ബ്രാഹ്മണൻ ഒരു മകനെ വിൽക്കാം എന്ന തീരുമാനത്തിലെത്തി. എന്നാൽ മൂവരിൽ ആരെ ഞാൻ വിൽക്കും?' എന്നയാൾ ആധി പൂണ്ടു. മൂത്ത പുത്രൻ 'എനിക്ക് കൊള്ളിവയ്ക്കേണ്ടവനാണ് അതിനാല്‍ അവൻ വേണ്ട' എന്നദ്ദേഹം തീരുമാനിച്ചു. ഇളയവനെ കൈവിടാൻ അമ്മയും തയ്യാറായില്ല. ഒടുവിൽ മധ്യമ പുത്രനായ ശൂന:ശേഫനെ നൂറ് പശുക്കൾ പ്രതിഫലമായി വാങ്ങി അജീഗർത്തൻ രാജാവിന് വിറ്റു.

യാഗത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി യജ്ഞപശുവായി ശുന:ശേപനെ യൂപത്തിൽ കെട്ടിയിട്ടു. ബ്രാഹ്മണ കുമാരൻ പേടിച്ചു നിലവിളിച്ചു. അതു കണ്ടു് മുനിമാർക്കു പോലും കണ്ണു നിറഞ്ഞു. രാജാവ് നരബലി നടത്തുന്നവനെ ആയുധമേൽപ്പിച്ച് കൃത്യം നടത്താൻ കല്പിച്ചു. എന്നാൽ അവനിലും ദയാവായ്പ്പുണ്ടായിട്ട്  ബലി നടത്താൻ അവൻ പോലും തയ്യാറായില്ല. 'ഇനിയെന്തു ചെയ്യും' എന്ന് ആലോചിച്ചിരിക്കവേ സദസ്യരിൽ നിന്നും 'കില കില' എന്ന ശബ്ദമുയർന്നു.

അജീഗർത്തൻ സദസ്സിൽ നിന്നും എഴുന്നേറ്റ് വന്ന് 'ഞാനാ കാര്യം ചെയ്യാം. എനിക്ക് ഇരട്ടി പ്രതിഫലം തന്നാല്‍ മതി ' എന്ന് വിളിച്ചു പറഞ്ഞു. ധനാർത്ഥിയായ  ഒരുവനിൽ എപ്പോഴും ലോഭചിന്ത സജീവമായിരിക്കുമല്ലോ.

അജീഗർത്തന്റെ നിബന്ധന രാജാവ് അംഗീകരിച്ചു. 'അങ്ങേയ്ക്ക് നൂറു് പശുക്കളെക്കൂടി തന്നുകൊള്ളാം.'

അജീഗർത്തൻ ബലിപീഠത്തിലെത്തി  പുത്രന്റെ കഴുത്തിൽ കത്തിവയ്ക്കാൻ തയ്യാറായി . പുത്രവധത്തിനൊരുങ്ങിയ ബ്രാഹ്മണനെ 'ഇവൻ മഹാപാപി, ചണ്ഡാലൻ' എന്നിങ്ങിനെ സഭാവാസികൾ ശകാരിച്ചു. ' മകനെ കൊന്നിട്ട് നിനക്കെന്തു കിട്ടാനാണ്? പുത്രൻ എന്നാൽ സ്വന്തം അംഗത്തിൽ നിന്നും ഉണ്ടായവൻ തന്നെയല്ലേ? അങ്ങിനെ വരുമ്പോൾ മഹാപാപീ, നീയിപ്പോൾ ചെയ്യാനൊരുങ്ങുന്നത് ആത്മഹത്യ തന്നെയാണ്.'

സഭയിൽ ഇങ്ങിനെ ബഹളം നടക്കുമ്പോൾ മഹർഷി വിശ്വാമിത്രൻ അവിടെ സമാഗതനായി. രാജാവിനോട് ബലി നിർത്തിവയ്ക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

'രാജാവേ, ശുന:ശേപനെ വിട്ടയച്ചാലും. അവനാൽ ദയ കാണിക്കുക. അതിനേക്കാൾ വലിയ പുണ്യമൊന്നുമില്ല. അങ്ങയുടെ യജ്ഞം പൂർത്തിയായതായി കണക്കാക്കിയാലും. അങ്ങേയ്ക്ക് രോഗശാന്തിയുണ്ടവും.’

വേദവിധികളായി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വിഷയാസക്തരെ തൃപ്തിപ്പെടുത്താനായിട്ടാണ്. അവയെല്ലാം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കേണ്ട കാര്യമില്ല. അതായത് യാഗത്തിൽ ഹിംസ വേണ്ട. സ്വന്തം ദേഹത്തെ സംരക്ഷിക്കാൻ മറ്റൊരു ദേഹത്തെ എന്തിനാണ് നശിപ്പിക്കുന്നത്?

ശുഭേച്ഛുക്കൾ ഹിംസ പൂർണ്ണമായും വർജിക്കണം. കിട്ടുന്നതിൽ തൃപ്തനായി എല്ലാവരോടും ദയാവായ്പോടെ, എല്ലാ ജീവജാലങ്ങളെയും തന്നെപ്പോലെ കണക്കാക്കി സുഖിയായി ജീവിക്കുക. ഈ ബാലനും സ്വന്തം ജീവൻ രക്ഷിക്കാൻ ഉഴറുകയാണ്. അങ്ങേയ്ക്ക് അവനോട് പൂർവ്വജന്മ വൈരാഗ്യമൊന്നും ഇല്ലല്ലോ. അപ്പോൾപ്പിന്നെ ഈ ബ്രാഹ്മണകുമാരനെ വധിക്കുന്നത് വെറും സ്വാർത്ഥത്തിനാണെന്നു വരുന്നു. അവനെ കാരണമൊന്നുമില്ലാതെ വധിക്കുകയാണെങ്കിൽ ജന്മാന്തരത്തിൽ അവൻ വന്ന് തന്നെ കൊന്നവനെ വധിക്കും എന്നത് നിശ്ചയം.’

നരബലിക്കാണേന്നറിഞ്ഞുകൊണ്ട്  മകനെ വിറ്റ പിതാവ് മഹാപാപിയും മൂർഖനുമാണ്. അനേകം മക്കളുണ്ടെങ്കിൽ അതിലൊരാൾ പിതാവിനു വേണ്ടി അതിപ്രശസ്തമായ  ഗയാശ്രാദ്ധം പോലും നടത്തിയേക്കാം എന്നയാൾ ചിന്തിച്ചില്ല.  മാത്രമല്ല മക്കളിലൊരാൾ ചിലപ്പോൾ അശ്വമേധം വരെ നടത്തി പുകള്‍ നേടിയേക്കാം.  അത്  മാത്രമല്ല അവർ ചിലപ്പോൾ പാപകർമ്മങ്ങളിൽ ഏർപ്പെട്ടുവെന്നും വരാം. നാട്ടിൽ നടമാടുന്ന പാപത്തിന്റെ ആറിലൊന്ന് രാജാവിൽ ചെന്നുചേരും.  സ്വപുത്രനെ വിൽക്കാൻ തുനിഞ്ഞവനെ സൂര്യവംശത്തിൽ പിറന്ന  മഹാനായ ത്രിശങ്കുവിന്റെ പുത്രനായ  അങ്ങെന്തുകൊണ്ടു് തടഞ്ഞില്ല? ശ്രേഷ്ഠൻമാർ നീചകർമ്മങ്ങളെ തടഞ്ഞില്ലെങ്കിൽ ആരാണത് ചെയ്യുക?

കുമാരനെ യജ്ഞയൂപത്തിൽ നിന്നും  മോചിപ്പിച്ച് ഞാൻ പറയുന്നത് പോലെ ചെയ്താൽ അങ്ങേയ്ക്ക് രോഗശമനം ഉണ്ടാവും. അങ്ങയുടെ പിതാവിന് ശാപം മൂലം ചണ്ഡാലത്വം ഉണ്ടായല്ലോ. അങ്ങിനെയുള്ള അദ്ദേഹത്തെ  ഉടലോടെ സ്വർഗ്ഗലോകത്ത് എത്തിച്ച മഹർഷിയാണ് ഞാൻ. ആ നന്ദി കാണിക്കാനെങ്കിലും നീ എന്റെ വാക്കുകൾ കേൾക്കണം.  മാത്രമല്ല രാജസൂയത്തിൽ ആരെന്തു യാചിച്ചാലും അവനൽകാൻ രാജാവ് ബാദ്ധ്യസ്ഥനാണ്. ഈ  കുമാരനെ വിട്ടയക്കുക എന്നതാണ് ഞാൻ യാചിക്കുന്നത്. യാഗത്തിലെ യാചന നിറവേറ്റാതിരിക്കുന്ന പക്ഷം അതിന്റെ പാപം കൂടി അങ്ങിൽ പതിക്കും'

ഇതൊക്കെ കേട്ടിട്ടും രാജാവ് കുമാരനെ വിടാൻ തയ്യാറായില്ല. 'മഹർഷേ ഞാൻ ജലോദരം എന്ന മഹാവ്യാധി പിടിപെട്ട് വലയുകയാണ്. ഇവന്റെ മോചനമൊഴികെ എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളൂ. ഇക്കാര്യത്തിൽ അങ്ങയുടെ വൃഥാശാഠ്യം ഉപേക്ഷിച്ചാലും.'

രാജാവിന്റെ വാക്കുകൾകേട്ട് വിശ്വാമിത്രൻ ക്രുദ്ധനായി. ബ്രാഹ്മണകുമാരന്റെ ദൈന്യഭാവം കണ്ട് മഹർഷി ദുഖിതനായിത്തീര്‍ന്നു.

Sunday, September 11, 2016

ദിവസം 173 ശ്രീമദ്‌ ദേവീഭാഗവതം. 7-15. വരുണ ശാപം

ദിവസം 173    ശ്രീമദ്‌ ദേവീഭാഗവതം7-15. വരുണ ശാപം

പ്രവൃത്തേ സദനേ തസ്യ രാജ്ഞ: പുത്ര മഹോത്സവേ
ആജഗാമ തദാ പാശീ വിപ്രവേഷധര: ശുഭ:
സ്വസ്തീത്യുക്ത്വാ നൃപം പ്രാഹ വരുണോfഹം നിശാമയ
പുത്രോജാതസ്തവാധീശ  യജാനേന നൃപാംശുമാം

വ്യാസൻ തുടർന്നു. ഹരിശ്ചന്ദ്രപുത്രന്റെ ജന്മോൽസവം നടന്നുകൊണ്ടിരുന്ന കൊട്ടാരത്തിലേയ്ക്ക് വരുണൻ ബ്രാഹ്മണവേഷത്തിൽ ആഗതനായി.  'സ്വസ്തി രാജാവേ, അങ്ങേയ്ക്ക് പുത്രനുണ്ടായതായി കേട്ടു. ഇനി താമസമന്യേ അവനെ എനിക്ക് ബലി നൽകിയാലും. ഞാൻ നൽകിയ വരത്താൽ അങ്ങയുടെ വന്ധ്യത ഇല്ലാതായല്ലോ. ഇനി വാക്ക് പാലിക്കുക.'

വരുണൻ ഇങ്ങിനെ പറഞ്ഞപ്പോൾ രാജാവ് ചിന്താകുലനായി. ‘ഇനി ഞാൻ എന്തു ചെയ്യും? പൂവ്  പോലെ പ്രസന്നമായ ഈ മുഖം കണ്ടു് ഇവനെ എങ്ങിനെ ഞാൻ കാലനു വിട്ടുകൊടുക്കും?പക്ഷേ ഇപ്പോൾ വന്നിരിക്കുന്നത് ലോകപാലകനായ വരുണദേവനാണ്. എങ്കിലും ഞാനെങ്ങിനെ എന്റെ  സത്യം ലംഘിക്കും?പുത്ര സ്നേഹം എല്ലാ പ്രാണികൾക്കും സഹജമായുണ്ട്. അതെങ്ങിനെ എനിക്ക് മറച്ചുവെക്കാനാകും?'

ഇങ്ങിനെ ചിന്തിച്ച് ഒടുവിൽ സധൈര്യം രാജാവ് വരുണദേവനോട് അപേക്ഷിച്ചു.  'ഭഗവൻ, ഞാൻ വേദവിധിയനുസരിച്ച് അങ്ങേയ്ക്ക് അർഹമായ യാഗം ആഘോഷപൂർവ്വം തന്നെ നടത്തിക്കൊള്ളാം.  ശിശുവുണ്ടായി പത്തുനാൾ വാലായ്മയാണ്. അതു കഴിഞ്ഞേ എനിക്ക് കർമ്മങ്ങളിൽ ഭാഗഭാക്കാവാൻ സാധിക്കുകയുള്ളുവല്ലോ. മാത്രമല്ലാ മാതാവിന് ശുദ്ധിയാവാൻ മുപ്പത് ദിവസമെങ്കിലും കഴിയണം. ദമ്പതിമാർ ഒരുമിച്ച് കർമ്മം നടത്തിയാലേ അതിനു ഫലമുണ്ടാവൂ. സർവ്വജ്ഞനായ അങ്ങേയ്ക്ക് ഇതൊക്കെ നന്നായറിയാം. ജലേശാ, ഞങ്ങളിൽ കനിവുണ്ടായി ഒരു മാസം അവധി തരണം.'

ശരി, അങ്ങിനെയാകട്ടെ’ എന്ന് പാശി ശുഭമരുളി രാജാവിനെ അനുഗ്രഹിച്ചു യാത്ര പറഞ്ഞു പോയി. രാജാവിന് അപ്പോൾ സന്തോഷമായി. നിറകുടം പോലുള്ള അകിടുകൾ ഉള്ള കറവപ്പശുക്കളെ രാജാവ് ബ്രാഹ്മണർക്ക് ദാനം ചെയ്തു. കുന്നുപോലെ എള്ളിൻ കൂനകളും രാജാവ് അവര്‍ക്ക്  ദാനം ചെയ്തു. 

രാജാവ്   മകന് രോഹിതാശ്വൻ എന്ന് പേരിട്ടു. പുത്രന്റെ മുഖം കണ്ടു് രാജാവ് അതിയായ സന്തോഷത്തിൽ മതിമറന്നു. പക്ഷേ ആ സന്തോഷം പെട്ടെന്ന് തന്നെ തീർന്നു. കൃത്യം മാസമൊന്നു കഴിഞ്ഞപ്പോൾ പാശി വീണ്ടും കൊട്ടാരത്തിലെത്തി യാഗകാര്യം ഓർമിപ്പിച്ചു.
രാജാവ് വരുണനെ അർഘ്യം നൽകി സ്വീകരിച്ചിരുത്തി. 'അങ്ങയുടെ സന്ദർശനം ഈ ഭവനത്തെ പവിത്രമാക്കിയിരിക്കുന്നു. അങ്ങേയ്ക്കായി യാഗം ചെയ്യാൻ ഞാനൊരുക്കമാണ്. അത് ഭംഗിയായി നടത്തണമല്ലോ. എന്നാൽ പല്ലു മുളയ്ക്കാത്ത യജ്ഞപശു ഉത്തമമല്ല എന്നല്ലേ പ്രമാണം? നമുക്ക് കുറച്ചുനാൾ കാക്കാം. അതിനു ശേഷം യാഗം നടത്താൻ ദയവായി അങ്ങനുവദിക്കണം.’

പാശി അതിനും സമ്മതം മൂളി. രാജാവ് വീണ്ടും ആനന്ദചിത്തനായി. ശിശുവിനു  പല്ലു മുളച്ചപ്പോഴേക്കും അതാ വരുണൻ വീണ്ടുമെത്തിയിരിക്കുന്നു. 'ദേവാ ഞാൻ ധാരാളം ദക്ഷിണയൊക്കെ നൽകി വിപുലമായിത്തന്നെ യാഗം നടത്താമെന്നു വിചാരിക്കുന്നു. പക്ഷേ മകന്റെ ചൗളം കഴിഞ്ഞിട്ടില്ല. ആദ്യമായി മുടി വെട്ടി കുളിപ്പിച്ചതിനു ശേഷമാവട്ടെ ബലി.  മുണ്ഡനം കഴിയാത്ത യജ്ഞപശു യോഗ്യനല്ലെന്ന് ജ്ഞാനവൃദ്ധൻമാർ പറയുന്നു.'

'രാജാവേ, പുത്രസ്നേഹത്താൽ ഇങ്ങിനെയോരോന്ന് പറഞ്ഞ് എനിക്കുള്ള യാഗം അങ്ങ് നീട്ടിക്കൊണ്ടുപോവുകയാണ്. ഇതവസാനത്തെ അവസരമാണ്. മകന് ചൗളം കഴിഞ്ഞാലുടൻ യാഗം. അല്ലെങ്കിൽ എന്റെ ശാപശക്തി നീ അനുഭവിച്ചറിയേണ്ടി വരും. ഇക്ഷ്വാകുവംശത്തിലെ രാജാക്കൻമാർ വാക്കിനു വിലയുള്ളവരായി അറിയപ്പെടുന്നു. അതിന് അങ്ങായി മാറ്റമുണ്ടാക്കരുത്.’

വരുണന്‍ കൊട്ടാരത്തിൽ നിന്നും മടങ്ങിപ്പോയി. രാജാവ് വീണ്ടും തുഷ്ടനായി. പക്ഷേ മുണ്ഡന സമയത്തതാ ദേവന്‍  വീണ്ടും കൊട്ടാരത്തിലെത്തി. രാജ്ഞി മകനെ മടിയിലിരുത്തി ക്ഷുരകന്‍ മുടിയിറക്കുന്ന സമയത്ത് അഗ്നിപോലെ തേജസ്സുള്ള പാശി വിപ്രരൂപത്തിൽ വന്ന് യാഗം ഉടൻ തന്നെ നടത്തണമെന്ന്  ആവശ്യപ്പെട്ടു.

രാജാവ്  കൈകൂപ്പി അദ്ദേഹത്തെ എതിരേറ്റു. 'ഭഗവൻ, അങ്ങയുടെ യാഗം ഞാൻ ഭംഗിയായി നിർവ്വഹിച്ചുകൊള്ളാം. എങ്കിലും ഞാൻ പറയുന്നത് കേൾക്കാൻ അങ്ങ് ദയ കാണിക്കണം. ബ്രാഹ്മണ വൈശ്യ ക്ഷത്രിയൻമാർ എല്ലാവരും ജന്മനാൽ ശൂദ്രരാണ് എന്നെല്ലാവർക്കും അറിയാം. ഉപനയനം കഴിയാതെ ഒരു മനുഷ്യശിശു കർമ്മം ചെയ്യാനുള്ള അർഹത നേടുകയില്ല. ക്ഷത്രിയന് പതിനൊന്നു വയസ്സായാൽ ഉപനയനമാവാം എന്നാണ് വിധി മതം. ബ്രാഹ്മണന് എട്ടു വയസ്സിലും വൈശ്യന് പന്ത്രണ്ടിലുമാണ് ഉപനയനം. ഇപ്പോൾ എന്റെ മകൻ വെറും ശൂദ്രൻ മാത്രമാണല്ലോ. അങ്ങ് സർവ്വശാസ്ത്രങ്ങളും അറിയാവുന്നയാൾ. ധർമജ്ഞനായ അങ്ങ് എന്റെ വാക്കിൽ ധർമ്മം കാണുന്നുണ്ടെങ്കിൽ യാഗം കുറച്ചുകാലം കൂടി നീട്ടിവെക്കാൻ അനുവദിക്കുക.'

രാജാവിന്റെ യുക്തികേട്ട് പാശി   ‘ഓം’ എന്നുച്ചരിച്ച് സമ്മതമറിയിച്ചു. വീണ്ടും കൊട്ടാരത്തിൽ ചിരിയും കളിയും കാണായി. രാജാവും രാജ്ഞിയും പുത്രസ്നേഹത്താൽ മുഗ്ദ്ധരായി വർത്തിച്ചു.
പുത്രന് ഉപനയനത്തിനു കാലമായി. രാജാവ് പ്രൌഢപൂർവ്വം അതിനുള്ള സംഭാരങ്ങൾ തുടങ്ങി. മന്ത്രിമാരുമായി ആലോചിച്ച് പതിനൊന്നാം വയസ്സിൽ പൂണൂൽ കർമ്മം നടത്താനായി എല്ലാമൊരുക്കി വച്ചു. എങ്കിലും വരാൻ പോകുന്ന വിപത്തോർത്ത് രാജാവ് ആകുലനായിരുന്നു. അപ്പോഴേയ്ക്കും അതാ പാശി കൊട്ടാരത്തിലെത്തി.

വരുണനെ വന്ദിച്ച് രാജാവ് പറഞ്ഞു: 'ദേവാ അങ്ങയുടെ യജ്ഞപശുവിനെയിതാ ഉപനയനം കഴിഞ്ഞ് തയ്യാറാക്കിയിരിക്കുന്നു. അങ്ങാണ് എന്റെ വന്ധ്യതക്ക് അന്തം വരുത്തിയത്. വിപുലമായിത്തന്നെ ഞാനായാഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അവന്റെ സമാവർത്തനം കൂടിയൊന്നു കഴിയട്ടെ. പിന്നെ ഒട്ടും താമസമില്ല. അങ്ങ് അതിനെന്നെ അനുവദിക്കണം.'

'രാജാവേ പുത്രസ്നേഹം കൂടിയിട്ട് എന്നെ വഞ്ചിക്കാൻ ഭാവമുണ്ടോ? സമാവർത്തനം നടക്കുമ്പോൾ ഞാനിവിടെയുണ്ടാവും. പിന്നീടു് ഒരവധിയും കിട്ടില്ല.' രാജാവ് തൽക്കാലം ആശ്വസിച്ചു.

രോഹിതാശ്വൻ അച്ഛന്റെ ദുഖകാരണം മനസ്സിലാക്കി. താനാണ് യജ്ഞപശു എന്നാ ബുദ്ധിമാൻ അറിഞ്ഞു. മന്ത്രിപുത്രന്മാരുമായി കുമാരൻ ആലോചിച്ച്  അവൻ കാട്ടിൽപ്പോയി വാഴാൻ തീരുമാനമെടുത്തു. ആരുമറിയാതെ അവന്‍ കൊട്ടാരം വിട്ടിറങ്ങി. പുത്രനെ കാണാഞ്ഞ് രാജാവ് ശോകാകുലനായി നാനാദിക്കുകളിലേയ്ക്കും ആളുകളെ വിട്ടു. രോഹിതനെ കണ്ടു പിടിക്കാൻ അവർക്കായില്ല.

വരുണൻ യഥാസമയം കൊട്ടാരത്തിലെത്തി രാജാവിനോട് യാഗം നടത്താൻ കല്പിച്ചു. രാജാവ് നിസ്സഹായനായി പറഞ്ഞു: 'വരുണദേവാ, എന്റെ മകനെ  ഇപ്പോള്‍   കാണാനില്ല. ഭയം മൂലം അവൻ കൊട്ടാരം വിട്ട് എങ്ങോട്ടോ പോയിരിക്കുന്നു. ദൂതൻമാർ കാടും മലകളും എല്ലാം കയറിയിറങ്ങി അന്വേഷിച്ചു. പക്ഷേ അവനെ കണ്ടുകിട്ടിയില്ല. ഇനി ഞാൻ എന്തു ചെയ്യാനാണ്? ഇതെന്‍റെ കുറ്റമല്ല. കാലക്കേടും ഭാഗ്യദോഷവും തന്നെ കാരണം.'

രാജാവിന്റെ വാക്കുകൾ കേട്ട് വരുണൻ ക്രുദ്ധനായി. വീണ്ടും വീണ്ടും തന്നെ ഒഴികഴിവു പറഞ്ഞു വഞ്ചിച്ച രാജാവിനെ വരുണൻ ശപിച്ചു. 'ജലോദരം എന്ന വ്യാധി നിന്നെ പിടികൂടട്ടെ.'

അതീവ ദു:ഖപ്രദമായ ജലോദരം പിടിപെട്ട് രാജാവ് വലഞ്ഞു. പാശി തന്റെ ആസ്ഥാനത്തേക്ക് മടങ്ങി. രാജാവ് രോഗം ബാധിച്ച് ദുഖിതനായി കൊട്ടാരത്തിൽ  കഴിഞ്ഞു.

Friday, September 9, 2016

ദിവസം 172 ശ്രീമദ്‌ ദേവീഭാഗവതം. 7. 14. ഹരിശ്ചന്ദ്രകഥ

ദിവസം 172    ശ്രീമദ്‌ ദേവീഭാഗവതം7. 14. ഹരിശ്ചന്ദ്രകഥ

വിചിന്ത്യ മനസാ കൃത്യം ഗാധിസൂനുർ മഹാതപാ :
പ്രകല്പ്യ യജ്ഞസംഭാരാൻ മുനീനാ മന്ത്രയത്തദാ
മുനയസ്തം മഖം ജ്ഞാത്വാ വിശ്വാമിത്ര നിമന്ത്രി താ:
നാഗതാ: സർവ്വ ഏവൈതേ വസിഷ്ഠേന നിവാരിതാ:

വ്യാസൻ തുടർന്നു. വിശ്വാമിത്രൻ നല്ലപോലെ ആലോചിച്ച് ഒരു യജ്ഞത്തിനുള്ള പദ്ധതി ആവിഷ്ക്കരിച്ചു. മറ്റു മഹർഷിമാരെ അതിനായി ക്ഷണിക്കുകയും ചെയ്തു എന്നാൽ വസിഷ്ഠമുനി ആ മഹർഷിമാരോട് ഈ യാഗത്തിൽ പങ്കെടുക്കരുത് എന്ന് പറഞ്ഞതിനാൽ ക്ഷണിക്കപ്പെട്ട മുനിമാർ യജ്ഞത്തിനായി എത്തിയില്ല. വിശ്വാമിത്രന് ദുഖം തോന്നി. അദ്ദേഹം സത്യവ്രതൻ വാഴുന്ന ആശ്രമത്തിലേയ്ക്ക് ചെന്ന് ഇങ്ങിനെ പറഞ്ഞു. 'മഹാരാജൻ, ആ വസിഷ്ഠൻ വിലക്കിയതുകൊണ്ട് മുനിമാരാരും യജ്ഞത്തിന് വരാൻ കൂട്ടാക്കുന്നില്ല. പക്ഷേ അങ്ങ് വിഷമിക്കണ്ട. എന്റെ തപോബലം മുഴുവൻ എടുത്തായാലും ഞാൻ അങ്ങയെ ഉടലോടെ സ്വർഗ്ഗത്തിലെത്തിക്കാം.

മുനി ഗായത്രീമന്ത്രം ജപിച്ച് കമണ്ഡലുവിലെ ജലം സത്യവ്രതന് നല്കി. 'രാജർഷേ, അങ്ങ് സ്വർഗ്ഗത്തിലേയ്ക്ക് പൊയ്ക്കൊൾക. ഞാൻ ഏറെക്കാലം തപസ്സു ചെയ്ത് ആർജിച്ച പുണ്യം മൂലം അങ്ങേയ്ക്ക് സ്വർഗ്ഗഗമനം സാദ്ധ്യമാവട്ടെ. അങ്ങേയ്ക്ക് ശക്രപുരിയിൽ മംഗളമുണ്ടാവട്ടെ.'

വിശ്വാമിത്രന്റെ അനുഗ്രഹം ലഭിച്ച ഉടനെതന്നെ  ത്രിശങ്കു ഒരു പറവയെപ്പോലെ ആകാശത്തേക്ക് ഉയർന്നുയര്‍ന്നു പോയി. ഇന്ദ്രലോകത്ത് ചണ്ഡാളവേഷത്തിൽ ഒരാളെത്തിയത് കണ്ട ദേവൻമാർ ഇന്ദ്രനെ വിവരമറിയിച്ചു. ദേവേന്ദ്രന് ആളെ മനസ്സിലായി. ത്രിശങ്കുവിനെ തിരിച്ചറിഞ്ഞ ശക്രൻ അദ്ദേഹത്തെ ഭർസിച്ചു. "ചണ്ഡാളനായ നീയെന്തിനു സ്വർഗ്ഗത്തിൽ വന്നു.? നിനക്കിവിടെ സ്ഥാനമില്ല.ഈക്ഷണത്തിൽ നീ ഭൂമിയിലേയ്ക്ക് തിരികെ പൊയ്ക്കൊള്ളുക.”

ഇന്ദ്രന്റെ ശകാരം കേട്ട ത്രിശങ്കു പൂണ്യനാശം വന്ന ദേവനെപ്പോലെ വേഗത്തിൽ താഴേക്ക് പതിക്കാൻ തുടങ്ങി. 'ഞാനിതാ സ്വർഗ്ഗത്തിൽ നിന്നു താഴെ വീഴുന്നേ' എന്ന് ത്രിശങ്കു ആർത്ത് വിളിച്ച് കരയാൻ തുടങ്ങി. കൗശികൻ ആ നിലവിളി കേട്ടു് 'നിൽക്ക്, നിൽക്ക്' എന്ന് കൽപ്പിച്ചു. മുനിയുടെ തപോബലം മൂലം താഴോട്ട് പൊയ്ക്കൊണ്ടിരുന്ന ത്രിശങ്കു ആകാശത്ത് അവിടെത്തന്നെ നിന്നു പോയി.

'എന്നാൽ ഞാനിനി മറ്റൊരു സ്വർഗ്ഗത്തെ ഉണ്ടാക്കിയിട്ടു തന്നെ കാര്യം' എന്നു നിശ്ചയിച്ച കൗശീകൻ ജലമെടുത്ത് ആചമിച്ച് യജ്ഞാരംഭം കുറിച്ചു. മുനി പുതിയൊരു സ്വർഗ്ഗം നിർമ്മിക്കാൻ ഒരുങ്ങുന്നു എന്നറിഞ്ഞ ഇന്ദ്രൻ ഗാധിസുതനായ  വിശ്വാമിത്രന്റെ അടുക്കൽ പാഞ്ഞെത്തി. 'അങ്ങേയ്ക്ക് എന്താണ് വേണ്ടത്? കോപമരുതേ.  ദയവായി അങ്ങ് സ്വർഗ്ഗസൃഷ്ടി തുടരരുത്. അങ്ങേയ്ക്ക് വേണ്ടി ഞാൻ എന്തുവേണമെങ്കിലും ചെയ്തു തരാം.'

'നീ സ്വർഗ്ഗത്തിൽ നിന്നു താഴേക്ക് പറഞ്ഞയച്ച രാജാവിനെ സ്വർഗ്ഗത്തിൽ തിരികെ പ്രവേശിപ്പിക്കുക. ഇപ്പോള്‍ അതുമാത്രം മതി.'

കുറച്ചു മടിച്ചിട്ടാണെങ്കിലും മുനിശാപം ഭയന്ന ഇന്ദ്രൻ 'ഓം' എന്നു പറഞ്ഞ് മുനിയോടു് സമ്മതമറിയിച്ചു. ഇന്ദ്രൻ ത്രിശങ്കുവിന് ദിവ്യമായ ഒരു ദേഹം നല്കി വിമാനത്തിലേറി ശക്രപുരിക്ക് പോയി. വിശ്വാമിത്രൻ തന്റെ ആശ്രമത്തിലേക്ക് മടങ്ങി സുഖമായി ജീവിച്ചു.

തന്റെ അച്ഛനു വേണ്ടി വിശ്വാമിത്ര മഹർഷി ഹിതം ചെയ്തതറിഞ്ഞ ഹരിശ്ചന്ദ്രൻ സന്തുഷ്ടനായി രാജ്യഭാരം തുടർന്നു. രൂപയൗവനഗുണസമ്പന്നയായ ഭാര്യയുമൊത്ത് ഹരിശ്ചന്ദ്രൻ അയോദ്ധ്യാധിപതിയായി വാണു. കാലമേറെക്കഴിഞ്ഞിട്ടും അവർക്ക് പുത്രഭാഗ്യം ഉണ്ടായില്ല. രാജാവ് ദുഖിതനായി  ഗുരുവായ വസിഷ്ഠനോട് സങ്കടം പറഞ്ഞു. 'ബ്രാഹ്മണശ്രേഷ്ഠാ പുത്രനില്ലാത്തവന് ഗതിയുണ്ടാവില്ല എന്നങ്ങേയ്ക്കറിയാം.ദിവ്യജ്ഞനായ അങ്ങ് മന്ത്രവിദ്യാനിപുണനായ മഹാമുനിയാണല്ലോ. ഞങ്ങളുടെ ദുഖമകറ്റാൻ ഒരുപായം അങ്ങ് പറഞ്ഞു തരണം. എന്റെ ദുഖം അങ്ങേയ്ക്ക് അറിയായ്കയല്ല. പിന്നെ എന്തിനാണീ അമാന്തം? തന്റെ കുഞ്ഞുങ്ങളെ താലോലിക്കുന്ന  കുരുവികളുടെ ജീവിതം പോലും എത്ര ധന്യം! എന്നാൽ എന്റെയീ  ജന്മം വിഫലമാണെന്നു തോന്നിപ്പോകുന്നു. രാപ്പകൽ എന്നെ മഥിക്കുന്നത് ഈ ചിന്ത മാത്രമാണ്.'

'അപുത്രത പോലെ തീവ്രമായ മറ്റ് ദുഖങ്ങൾ ഇല്ല എന്ന് അങ്ങ് പറഞ്ഞത് ശരിയാണ്. ജലപതിയായ വരുണനെ പ്രസന്നനാക്കിയാൽ അങ്ങേക്ക് പുത്രഭാഗ്യം സാദ്ധ്യമാണ്. വരുണദേവനേക്കാൾ ഇക്കാര്യം നടത്തിത്തരാൻ സമർത്ഥനായി ആരുമില്ല. അദ്ധ്വാനവും വിധിയിലുള്ള വിശ്വാസവും ചേർന്നാലേ കാര്യസാദ്ധ്യമുണ്ടാവൂ. അതിനാൽ ബുദ്ധിയുള്ളവർ യഥാവിധി കർമ്മം ചെയ്യണം.'

മുനി വചനം കേട്ട രാജാവ് തപസ്സു ചെയ്യാനുള്ള നിശ്ചയത്തോടെ ഗംഗാ തീരത്ത് ചെന്ന് പദ്മാസനസ്ഥനായി. വരുണനെ ധ്യാനിച്ചുകൊണ്ടു് അദ്ദേഹം കഠിനമായ തപസ്സാരംഭിച്ചു.
കാലം കുറച്ചു കടന്നപ്പോള്‍  വരുണൻ അദ്ദേഹത്തിൽ പ്രസന്നനായി. രാജാവിനു മുന്നിൽ പ്രത്യക്ഷപ്പെട്ട വരുണൻ ഇഷ്ടവരം സ്വീകരിക്കാൻ രാജാവിനോടാവശ്യപ്പെട്ടു.

'ദേവാ ഞാൻ ഋണത്രയങ്ങളെ ഇല്ലാതാക്കാനായി ഒരു പുത്രനെയാണ് കാംക്ഷിക്കുന്നത് '

'ശരി നിനക്ക് പുത്രനുണ്ടാവാനായി ഞാൻ സഹായിക്കാം.പക്ഷെ അങ്ങയുടെ കാര്യലബ്ധി കഴിഞ്ഞാൽ എനിക്കെന്താണ് പ്രയോജനം? ഒരുകാര്യം ചെയ്യൂ, അങ്ങേയ്ക്കുണ്ടാകുന്ന ആദ്യജാതനെ എനിക്കു വേണ്ടി ബലി കഴിക്കുക. അങ്ങിനെ അങ്ങയുടെ വന്ധ്യത്വം ഞാൻ ഒഴിവാക്കിത്തരാം.'

ഹരിശ്ചന്ദ്രൻ സമ്മതം മൂളി. 'എനിക്കുണ്ടാകുന്ന ആദ്യപുത്രനെ ഞാൻ അങ്ങേയ്ക്ക് ബലിയർപ്പിക്കാം.'

വരുണൻ രാജാവിനെ അനുഗ്രഹിച്ചു. രാജാവ് കൊട്ടാരത്തിലേക്ക് തിരിച്ചു പോയി. അദ്ദേഹം വരുണൻ നൽകിയ വരദാനത്തെപ്പറ്റി ഭാര്യയോടു പറഞ്ഞു. ഹരിശ്ചന്ദ്രന് സൗന്ദര്യവതികളായ  നൂറ് പത്നിമാർ ഉണ്ടായിരുന്നു. അവരിൽ പട്ടമഹിഷി ശൈബ്യയായിരുന്നു. ആ രാജ്ഞി കാലക്രമത്തിൽ ഗർഭിണിയായി. രാജാവ് പ്രസന്നനായി ഗർഭിണിക്കു വേണ്ട ശുശ്രൂഷകൾ യഥാവിധി നടത്തി. പത്ത്മാസം കഴിഞ്ഞപ്പോൾ രാജ്ഞി ദേവതുല്യനായ ഒരു പുത്രന് ജന്മം നൽകി.

രാജാവ് അതീവ സന്തോഷത്തോടെ പുത്രജനനം കൊണ്ടാടി. ജാതകർമം, ബ്രാഹ്മണപൂജ, ദാന കർമ്മങ്ങൾഗീതവാദ്യഘോഷങ്ങൾ എല്ലാം ഭംഗിയായി നടത്തി രാജ്യത്ത് അത്  ഒരുത്സവം തന്നെയായിരുന്നു.