Devi

Devi

Saturday, October 14, 2017

ദിവസം 283 ശ്രീമദ്‌ ദേവീഭാഗവതം. 10-11 . മഹാകാളീസമുത്പത്തി

ദിവസം 283  ശ്രീമദ്‌ ദേവീഭാഗവതം. 10-11 .  മഹാകാളീസമുത്പത്തി

കാ സാ ദേവീ ത്വയാ പ്രോക്താ ബ്രൂഹി കാലവിദാം വര
കാ മോഹയതി സത്വാനി കാരണം കിം ഭവേദ് ദ്വിജ
കസ്മാദൂദൂത്പദ്യതേ ദേവീ കിം രൂപാ സാ കിമാത്മികാ
സർവമാഖ്യാഹി ഭൂദേവ കൃപയാ മമ സർവത:

രാജാവ് ചോദിച്ചു: "ആരാണീദേവി?  കാലവിത്തമയും ജീവികളെ മായാവലയത്തിലാഴ്ത്തുകയും ചെയ്യുന്ന ഒരുവളെപ്പറ്റി അങ്ങ് പറഞ്ഞല്ലോ. എന്തിനാണ് ദേവിയതു ചെയ്യുന്നത്? അവളുടെ ഉത്ഭവം എങ്ങിനെയാണ്? എന്താണവളുടെ രൂപം? ഇക്കാര്യങ്ങളെല്ലാം എന്നോട് വിസ്തരിച്ചു പറഞ്ഞു തന്നാലും."

സുമേധസ്സ് പറഞ്ഞു: "ആ ജഗദംബയെക്കുറിച്ച് ഞാൻ പറയാം. യോഗേശ്വരനായ ഭഗവാൻ നാരായണൻ സൃഷ്ടികളെ സംഹരിച്ച് തന്നിലേയ്ക്ക് പിൻവലിച്ച് പാൽക്കടലിൽ ശേഷശയ്യയിൽ പള്ളിയുറക്കത്തിലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചെവിയിലെ ചെളിയിൽ നിന്നും രണ്ട് ദാനവർ ഉണ്ടായി. മധുവെന്നും കൈടഭൻ എന്നുമാണവരുടെ പേരുകൾ. ഭീകരരൂപികളായ ഈ രണ്ടു പേരും കൂടി ബ്രഹ്മാവിനെ പിടിച്ചു കൊല്ലാനൊരുമ്പെട്ടു. അപ്പോൾ വിരിഞ്ചൻ കമലാപതിയെ ശരണം പ്രാപിച്ചു.

ഭഗവാൻ ഹരി നിദ്രയിലാണ്ടിരിക്കുന്നതിനാൽ ഇനിയിപ്പോൾ എന്താണ് ചെയ്യുക എന്ന് വിചാരിച്ചു ഖിന്നനായ ബ്രഹ്മാവ് ചിന്തയിലാണ്ടു. "ആരാണ് ഭഗവാൻ ഹരിയെ നിദ്രയിലാഴ്ത്തിയത്? ആ ശക്തിയെത്തന്നെ ഞാനും സമാശ്രയിക്കാം. സർവ്വലോകത്തിനും ജനനിയാണ് നിദ്രാദേവി."

ബ്രഹ്മാവ് ദേവിയെ സ്തുതിച്ചു: "ജഗദംബികേ, വിശ്വമാതാവേ, ദേവീ, ഭക്തരുടെ അഭീഷ്ടങ്ങൾ നിറവേറ്റിത്തരുന്ന ഭഗവതീ, ജഗൻമായേ, മഹാമായേ, സമുദ്രശയനേ, ശിവേ, നിന്റെയാജ്ഞയാൽ മാത്രമാണ് എല്ലാവരും കർമ്മവശഗരായി നിലകൊള്ളുന്നത്. കാളരാത്രിയും, മഹാരാത്രിയും, മോഹരാത്രിയും മദോത്കടയും സർവ്വവ്യാപിനിയും മഹാനന്ദനിധയും മഹനീയയും മഹാരാധ്യയും മധുമതിയും മഹാമായയും മഹേശ്വരിയും പരാപരയും ആയ ദേവീ അവിടുന്നാണ് ലജ്ജ, പുഷ്ടി, ക്ഷമ, കീർത്തി, കാരുണ്യം, കാന്തി, എന്നിവയ്ക്കെല്ലാം നിദാനമായിരിക്കുന്നത്. ജഗത്തുമുഴുവനും അവിടുത്തെ വന്ദിക്കുന്നു. സ്വരൂപം കൊണ്ട് ജഗത്തായി അറിയപ്പെടുന്നതും അവിടുന്ന് തന്നെയാണ്.

പരമയും പരമേശാനിയും പരമാനന്ദപരായണയും നീ തന്നെ. അദ്വിതീയയും ഏകസ്വരൂപയും എന്നാൽ ദ്വിതീയമായ മായാവസ്തുവിനോടു കൂടിയവളുമാണ് ദേവി. വേദത്രയസ്വരൂപയും മൂവർഗ്ഗനിലയയും, ബ്രഹ്മമയിയും തുരീയസംഖ്യാസ്വരൂപിണിയും പഞ്ചമിയും പഞ്ചഭൂതേശിയും ഷഷ്ഠിയും ഷഷ്ഠപദേശ്വരിയും സപ്തയും സപ്തവരദയും സപ്തവാരേശിയും അഷ്ടമിയും അഷ്ടവസുക്കൾക്ക് നാഥയും നവഗ്രഹാത്മികയും നവസംഖ്യയും ദശമസംഖ്യയും ദശദിക്പൂജിതയും ദശദിക് വ്യാപിനിയും ഏകാദശസംഖ്യാ സ്വരൂപിണിയും പതിനൊന്നുരുദ്രൻമാർക്കും പതിനൊന്ന് ഗണങ്ങൾക്കും പൂജിതയും ദ്വാദശസംഖ്യാ സ്വരൂപിണിയും ദ്വാദശാദിത്യ പുജിതയും പതിമൂന്ന് മാസങ്ങൾക്കും സ്വരൂപമായവളും ത്രയോദശഗണപ്രിയയും ചതുർദ്ദശലോകങ്ങൾക്കും അധിദേവതയും പതിന്നാലു ലോകങ്ങളിലെ ഇന്ദ്രൻമാർക്ക് വരപ്രദയും ചതുർദ്ദശമനുക്കൾക്ക് മാതാവും പഞ്ചദശീവേദ്യയും പതിനഞ്ച് തിഥികൾ സ്വരൂപമായുള്ളവളും പതിനാറ് കൈകളുള്ളവളും പതിനാറു കലകൾക്ക് നിദാനമായവളും പതിനാറ് ചന്ദ്രാംശുകലകൾ വ്യാപിച്ചവളും ദേവേശിയും നിർഗ്ഗുണയും താമസോദയയും ആയ ദേവീ, ഭഗവാൻ ഹരി അവിടുത്തെ അധീനത്തിലാണല്ലോ . മഹാമായേ, കൃപാപൂർവ്വം അദ്ദേഹത്തെ ഉണർത്തി മധുകൈടഭൻമാരെ വധിക്കാൻ ഇടയാക്കിയാലും."

മുനി തുടർന്നു: ബ്രഹ്മസ്തുതി കേട്ട് നിദ്രാദേവി ഹരിയെ വിട്ടു പോയി. ഉറക്കത്തിൽ നിന്നും എഴുന്നേറ്റ ഭഗവാൻ മോഹിതരായിത്തീർന്ന ദാനവൻമാരെ കണ്ടു. അവർ യുദ്ധക്കൊതിയോടെ ഭഗവാനെ സമീപിച്ചു. അവർ ഭഗവാനുമായി അയ്യായിരം വർഷം യുദ്ധം ചെയ്തു.

പിന്നീടാ ദാനവർ ജഗന്മായയുടെ മോഹത്തിനു വശഗതരായി സാക്ഷാൽ വിഷ്ണുവിനോട് "എന്തു വരമാണ് അങ്ങേയ്ക്ക് വേണ്ടതെന്ന് " ചോദിച്ചു.

 "നിങ്ങൾ രണ്ടാളും എനിക്ക് വധ്യരാകണം എന്നതാണ് എനിക്കാവശ്യമുള്ള വരം."

"വെള്ളമില്ലാത്ത ഒരു സ്ഥലത്ത് വച്ചു മാത്രമേ ഞങ്ങളെ കൊല്ലാൻ കഴിയൂ" എന്നവർ ഒരു നിബന്ധന വച്ചു. ഭഗവാൻ ഹരി മധു കൈടഭൻമാരെ തന്റെ തുടമേൽ വച്ച് ശ്രീചക്രം കൊണ്ട് തലയറുത്ത് വധിച്ചു. ഇങ്ങിനെ ബ്രഹ്മസ്തുതിയിൽ പ്രസന്നയായി പിറന്നതാണ് മഹായോഗേശ്വരിയായ മഹാകാളി. ഇനി മഹാലക്ഷ്മി ഉത്പത്തി എങ്ങിനെയെന്നു പറയാം.

Friday, October 13, 2017

ദിവസം 282 ശ്രീമദ്‌ ദേവീഭാഗവതം. 10-10 . സാവർണ്ണിമനുചരിതം

ദിവസം 282  ശ്രീമദ്‌ ദേവീഭാഗവതം. 10-10 .  സാവർണ്ണിമനുചരിതം

സപ്തമോ മനുരാഖ്യാതോ മനുർവൈവസ്വത: പ്രഭു:
ശ്രാദ്ധദേവ: പരാനന്ദഭോക്താ മാന്യസ്തു ഭുഭുജാം
സ ച വൈവസ്വതമനു: പരദേവ്യാ: പ്രസാദത:
തഥാ തത്തപസാ ചൈവ ജാതോ മന്വന്തരാധിപ:

ശ്രീ നാരായണൻ പറഞ്ഞു: ഏഴാമത്തെ മനുവായത് വിവസ്വാന്റെ മകൻ ശ്രാദ്ധദേവനാണ്. പരമാനന്ദത്തിന്റെ അനുഭവമാർജിച്ച അദ്ദേഹം രാജാക്കന്മാരിൽ വച്ച് അതിശ്രേഷ്ഠനായിരുന്നു. ഭഗവതിയെ പ്രസാദിപ്പിച്ചാണ് അദ്ദേഹവും മനുവായത്. എട്ടാമത്തെ മനു സാവർണ്ണിയാണ്. പല പല ജന്മങ്ങളിലായി ദേവീപൂജ ചെയ്ത അദ്ദേഹത്തിൽ മനുസ്ഥാനം വന്നുചേരുകയായിരുന്നു. മഹാവിക്രമിയും ദേവീഭക്തനുമായ സാവർണ്ണി സകലർക്കും ആരാദ്ധ്യനായിരുന്നു.

സ്വാരോചിഷ മന്വന്തരത്തിൽ ചൈത്രകുലത്തിൽ സുരഥൻ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് വിരഥൻ. വിരഥന്റെ പിതാവ് ചൈത്രൻ. ചൈത്രൻ ബുധപുത്രനായിരുന്നു. ബുധന്റെ പിതാവ് ചന്ദ്രൻ. ചന്ദ്രൻ അത്രിപുത്രനാണ്. അത്രി ബ്രഹ്മാവിന്റെ മകനാണ്. ഇങ്ങിനെ ബ്രഹ്മാവിന്റെ നേർപരമ്പരയിലാണ് സുരഥന്റെ ജനനം.

സുരഥൻ വില്ലാളിയും മാന്യനും ശ്രേഷ്ഠഗുണസമ്പന്നനും ആയിരുന്നു. അതിസമ്പത്തിന്റെ ഉടമയും അതിനു ചേർന്ന ഹൃദയവിശാലതയുള്ള ദാനശീലനുമായിരുന്നു അദ്ദേഹം. അസ്ത്രശസ്ത്ര പ്രയോഗങ്ങളിൽ അതിനിപുണനായിരുന്ന സുരഥനെ എതിർക്കാൻ ശത്രു രാജാക്കൻമാർ തീരുമാനിച്ചു.അദ്ദേഹത്തിന്റെ നഗരമായ കോലാപുരത്തെ അവർ വളഞ്ഞു. രാജാവ് നഗരത്തിനു വെളിയിലെത്തിയെങ്കിലും ശത്രുക്കൾ ആ നഗരം കീഴടക്കി. സ്വന്തം മന്ത്രിമാരും സഹായികളും രാജഭണ്ഡാരം കൊള്ളയടിച്ചു. രാജാവ് ഒറ്റപ്പെട്ടു. ആ നാട്ടിൽ നിന്നും അദ്ദേഹത്തിന് പാലായനം ചെയ്യേണ്ടി വന്നു.

വ്യാകുലചിത്തനായ അദ്ദേഹം നായാട്ടിനെന്ന ഭാവത്തിൽ കുതിരപ്പുറത്ത് കയറി വിജന വനപ്രദേശങ്ങളിൽ കറങ്ങി നടന്നു. പെട്ടെന്ന് ഒരാശ്രമത്തിന്റെ സമീപത്തെത്തിയപ്പോൾ അദ്ദേഹത്തിന് പ്രശാന്തി അനുഭവപ്പെട്ടു. സുമേധസ്സ് എന്ന മഹാമുനി ശിഷ്യൻമാരും മൃഗങ്ങളുമൊത്ത് ശാന്തരായി വാഴുന്ന വനസ്ഥലിയാണത്. അദ്ദേഹം ആ ആശ്രമത്തിൽ കുറച്ചുകാലം താമസിച്ചു. മനസ്സ് കാലുഷ്യത്തിൽ നിന്നും അല്പം ശാന്തമായപ്പോൾ രാജാവ് സുമേധസ്സിനെ സമീപിച്ച് വിനയത്തോടെ സംസാരിച്ചു. പൂജകളെല്ലാം കഴിഞ്ഞ് മഹർഷി വിശ്രമിക്കുകയായിരുന്നു.

"മഹർഷേ, സത്യമെന്തെന്ന് എനിക്കറിയാമെങ്കിലും ശത്രുക്കളിൽ നിന്നും ഏറ്റ പരാജയം എന്നെ ഖിന്നനാക്കുന്നു. എന്റെ രാജ്യം അവരെടുത്തു. സമ്പത്തെല്ലാം മറ്റുള്ളവരും കവർന്നെടുത്തു. ഇതൊക്കെയാണെങ്കിലും അവയിൽ എനിക്കുള്ള മമത വിട്ടുപോകുന്നില്ല. ഞാനെന്താണ് ചെയ്യേണ്ടത് ? എങ്ങിനെയാണെനിക്ക് ശാന്തിയും ശുഭവും കൈവരിക? വേദവിത്തമനായ അങ്ങേയ്ക്ക് മാത്രമേ എന്നെ രക്ഷിക്കാനാവൂ."

സുമേധസ്സ് പറഞ്ഞു: "രാജാവേ, അത്യത്ഭുതകരമായ ദേവീ മാഹാത്മ്യം കേട്ടാലും. സർവ്വകാമപ്രദമാണ് ആ ജഗദംബയുടെ ചരിതം. ആ ദേവിയാണ് ബ്രഹ്മാവിഷ്ണു മഹേശ്വരൻമാരുടെ ജനനി. സകലപ്രാണികളുടെയും ചിത്തത്തെ മോഹിപ്പിക്കുന്നതും ദേവിയാണ്. അങ്ങിനെയവർ ദേവിയുടെ മായയ്ക്കധീനരായി കഴിയുന്നു. വിശ്വം ചമച്ചും സദാ പാലിച്ചും കാലമാകുമ്പോൾ സംഹരിച്ചും വിഹരിക്കുന്ന ദേവി ഒരേ സമയം കാമദാത്രിയും കാളരാത്രിയുമാണ്. 

വിശ്വത്തെ സംഹരിക്കുന്ന കാളിയും കമലാവാസിനിയായ ലക്ഷ്മിയും ദേവി തന്നെയാണ്. ജഗത്തിന്റെ ആരംഭവും അവസാനവും അവളിലാണ്. പരാത്പരയായ ദേവിയുടെ കടാക്ഷം കൊണ്ടല്ലാതെ ഒരുവന്റെ മോഹത്തിന് അവസാനമുണ്ടാവില്ല. ആ ദേവിയെ പ്രസാദിപ്പിക്കുക മാത്രമാണ് മോഹജാലത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം."

ദിവസം 281 ശ്രീമദ്‌ ദേവീഭാഗവതം. 10-9 . ചാക്ഷുഷമനു

ദിവസം 281  ശ്രീമദ്‌ ദേവീഭാഗവതം. 10-9 .  ചാക്ഷുഷമനു

അഥാത: ശ്രൂയതാം ചിത്രം ദേവീമഹാത്മ്യമുത്തമം
അംഗ പൂത്രേണ മനുനാ യഥാffപ്തം രാജ്യമുത്തമം
അംഗസ്യ രാജ്ഞ: പൂത്രോfഭുച്ചാക്ഷുഷോ മനുരുത്തമ:
ഷഷ്ഠ: സുപുലഹം നാമ ബ്രഹ്മർഷിം ശരണം ഗത:

ശ്രീ നാരായണൻ പറഞ്ഞു: അംഗപുത്രനായ മനുവിന്റെ ചരിതവും അതിവിശേഷമാണ്. ആ മനുശ്രേഷ്ഠന് ദേവീമാഹാത്മ്യം കൊണ്ട് ഐശ്വര്യ സമ്പൂർണ്ണമായ രാജ്യം കൈവന്നതെങ്ങിനെയെന്ന് ഇനിപ്പറയാം. അംഗരാജാവിന്റെ മകൻ, ആറാമത്തെ മനുവായിത്തീർന്ന ചാക്ഷുഷൻ ബ്രഹ്മർഷിയായ പുലഹനെ സമീപിച്ച് ഇങ്ങിനെ അഭ്യർത്ഥിച്ചു. "ആശ്രിതർക്ക് അനുഗ്രഹം നൽകുന്ന ബ്രഹ്മർഷേ, എനിക്ക് ഐശ്വര്യമുണ്ടാവാനുള്ള ഉപദേശം കനിഞ്ഞു നൽകിയാലും. ഭൂമിയുടെ മേൽ ആധിപത്യവും ഐശ്വര്യ സമ്പൽ സമൃദ്ധിയും ആരോഗ്യവും ദീർഘായുസ്സും സൽപുത്രസമ്പത്തും ശസ്ത്രാശസ്ത്ര പ്രയോഗ സാമർത്ഥ്യവും ഉണ്ടാവാൻ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഉപദേശിച്ചാലും.

ദേവിയെ ആരാധിക്കുക മാത്രമാണ് ഇവയ്ക്കുള്ള ഏക മാർഗ്ഗമെന്ന് മുനി ചാക്ഷുഷനെ ഉപദേശിച്ചു. മുനി പറഞ്ഞു: ദേവീ ആരാധനയെക്കുറിച്ചുള്ള എന്റെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടാലും. ദേവിയെക്കുറിച്ചുള്ളതാകയാൽ അവ മധുരതരങ്ങളാണ്. നീ മുടങ്ങാതെ മഹാസരസ്വതീ ബീജമന്ത്രം ജപിക്കുക. മൂന്നു നേരവും മുടങ്ങാതെ വാഗ്ഭവ ബീജമന്ത്രം ജപിക്കുന്ന മനുഷ്യന് സിദ്ധിയും ബലവൃദ്ധിയും ഉണ്ടാവും. ബ്രഹ്മാവിന് സൃഷ്ടിക്കുള്ള കഴിവുണ്ടായത് ഈ മന്ത്രം ജപിച്ചതിനാലാണ്. വിഷ്ണു വിശ്വപരിപാലകനായതും മഹേശ്വരൻ സംഹാരകനായതും ഇതേ ദേവീമന്ത്രത്തിന്റെ പ്രാഭവം കൊണ്ടു മാത്രമാണ്. മറ്റുള്ള ലോകപാലകരും രാജാക്കൻമാരും നിഗ്രഹാനുഗ്രഹശക്തരായി ഭവിക്കുന്നത് ജഗദംബയെ ധ്യാനിച്ചിട്ടാണ്.

ബ്രഹ്മർഷിയായ പുലഹന്റെ ഉപദേശം കേട്ട് ചാക്ഷുഷൻ ദേവീ ഉപാസനാനിരതനായി വിരജാനദീതീരത്ത് അനേകനാൾ കഠിന തപം ചെയ്തു. വാഗ്‌ബീജ മന്ത്രജപത്തിൽ ആണ്ടു മുഴുകിയ രാജാവ് ഉണങ്ങിയ ഇലകൾ മാത്രമേ വിശപ്പടക്കാൻ ആദ്യവർഷം ഉപയോഗിച്ചുള്ളൂ.  രണ്ടാംവർഷം വെറും ജലം മാത്രം കുടിച്ചും മൂന്നാം വർഷം വായു ഭക്ഷണമാക്കിയും അദ്ദേഹം തപസ്സ് തുടർന്നു. പന്ത്രണ്ടു വർഷമിങ്ങിനെ തപസ്സു ചെയ്ത് അദ്ദേഹം ശുദ്ധാത്മാവായിത്തീർന്നു. ഇങ്ങിനെ ദേവീമന്ത്രം ജപിച്ചിരുന്ന ചാക്ഷുഷന് മുന്നിൽ ദേവി പ്രത്യക്ഷയായി. പരമേശ്വരിയായ ജഗദംബ അതീവ തേജസ്സോടെ പ്രസന്നയായി അംഗപുത്രനോട് വരം എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളാൻ പറഞ്ഞു.

ചാക്ഷുഷൻ പറഞ്ഞു: സകലതിന്റെയും അന്തര്യാമിയാകയാൽ എന്റെയുള്ളിലും എന്താണെന്ന് അവിടേയ്ക്ക് നന്നായറിയാം. അവിടുത്തെദർശനം കിട്ടാൻ എനിക്ക് സൗഭാഗ്യമുണ്ടായി. ഉത്തമ രാജാക്കൻമാർക്ക് ഭരിക്കാൻ യോഗ്യമായ ഐശ്വര്യ സമ്പൂർണ്ണമായ ഒരു രാജ്യം ഭരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.

ശ്രീദേവി അരുളി: ഈ മന്വന്തരം തീരുവോളം നീ ആഗ്രഹിച്ച പോലുള്ള രാജ്യം നിനക്കുണ്ടാവും. നിനക്ക് ശത്രുക്കളുണ്ടാവുകയില്ല. ഒടുവിൽ മുക്തിപദവും നിനക്ക് സ്വന്തമാവും.

ഇത്രയും അനുഗ്രഹമായി പറഞ്ഞ് ദേവി അപ്രത്യക്ഷയായി. ആറാമത്തെ മനുവായ ചാക്ഷുഷൻ സർവ്വൈശ്വര്യങ്ങളും അനുഭവിച്ച് രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ പുത്രൻമാർ ദേവീഭക്തരും ബലവാന്മാരും കാര്യപ്രാപ്തിയുള്ളവരും ആയിരുന്നു. ഒടുവിൽ കാലമായപ്പോൾ അദ്ദേഹം പരമപദം പ്രാപിച്ചു.

ഇതാണ് ദേവീപൂജ കൊണ്ട് ഐശ്വര്യവാനായിത്തീർന്ന ചാക്ഷുഷ മനുവിന്റെ ചരിതം.

Saturday, October 7, 2017

ദിവസം 280 ശ്രീമദ്‌ ദേവീഭാഗവതം. 10-8 . മനുവർണ്ണനം

ദിവസം 280  ശ്രീമദ്‌ ദേവീഭാഗവതം. 10-8 .  മനുവർണ്ണനം

ആദ്യോ മന്വന്തര: പ്രോക്തോ ഭവതാ ചായമുത്തമ:
അന്യേഷാമുദ്ഭവം ബ്രൂഹി മനൂനാം ദിവ്യ തേജസാം
ഏവമാദ്യസ്യ ചോത്പത്തിം ശ്രുത്വാ സ്വായം ഭൂവസ്യ ഹി
അന്യേഷാം ക്രമശസ്തേഷാം സംഭൂതിം പരിപൃച്ഛതി

സൂതൻ പറഞ്ഞു: ദിവ്യതേജസ്വികളായ മറ്റ് മനുക്കളുടെ കഥകളും കേൾക്കണമെന്ന ആഗ്രഹം ദേവീതത്വവിശാരദനായ നാരദൻ ശ്രീനാരായണനെ ഉണർത്തിച്ചു.

ശ്രീ നാരായണൻ പറഞ്ഞു: ആദ്യമനുവായ സ്വായംഭുവമനു ദേവിയെ സംപ്രീതയാക്കി ശത്രുക്കളേതുമില്ലാത്ത രാജ്യത്തിന് അവകാശിയായിത്തീർന്ന കഥ നേരത്തേ പറഞ്ഞുവല്ലോ. ആ മനുവിന് ഉത്താനപാദൻ, സത്യവ്രതൻ എന്നിങ്ങിനെ രണ്ടു മക്കളുണ്ടായി. അതിപ്രതാപവാന്മാരും ബലവാന്മാരുമായിരുന്നു ഈ രാജാക്കന്മാർ.

രണ്ടാമത്തെ മനുവിന്റെ പേര് സ്വാരോചിഷൻ. അദ്ദേഹം പ്രിയവ്രതന്റെ പുത്രനായിരുന്നു. കാളിന്ദീ തീരത്ത് വസിച്ചിരുന്ന ഈ മനു സർവ്വജീവികൾക്കും പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹം ആ നദീതീരത്ത് ഉണക്കയിലകളും മറ്റും മാത്രം ആഹാരമാക്കി കഠിനമായ തപസ്സു ചെയ്തു. ദേവിയുടെ മൃണ്മയവിഗ്രഹമുണ്ടാക്കി  അദ്ദേഹം പന്ത്രണ്ടു വർഷം വനവാസം ചെയ്ത് പൂജകളിൽ മുഴുകി ജീവിച്ചു. സഹസ്രസൂര്യതേജസ്സോടെ ഭഗവതി മനുവിനു മുന്നിൽ പ്രത്യക്ഷയായി. സ്വാരോചിഷ മനുവിന്റെ സ്തുതിയിൽ പ്രസന്നയായ ദേവി അദ്ദേഹത്തിന് ഒരു മന്വന്തരക്കാലം രാജാധിപത്യം അനുഗ്രഹിച്ചു നൽകി. ജഗജ്ജനനിയായ ദേവി 'താരിണി' എന്ന പേരിൽ ലോകപ്രസിദ്ധയായി. ഈ മനുവും താരിണീ ദേവിയെ പൂജിച്ച് ശത്രുരഹിതമായ രാജ്യത്തിന് അവകാശിയായി. അദ്ദേഹം പുത്രന്മാരുമായി ചേർന്ന് ധർമ്മം സ്ഥാപിച്ച് ഭോഗങ്ങൾ വിധിയാംവണ്ണം ആസ്വദിച്ച് ആ മന്വന്തരം കഴിയവേ  മുക്തിയടഞ്ഞു.

മൂന്നാമത്തെ മനു പ്രിയവ്രതപുത്രനായ ഉത്തമനായിരുന്നു. ഗംഗാതീരത്ത് വാഗ്ഭവനിഷ്ഠയോടെ ഭക്തിപുരസ്സരം മൂന്നു വർഷം ദേവീയുപാസന ചെയ്ത് അദ്ദേഹവും ശത്രുക്കളില്ലാത്ത രാജ്യത്തിന്റെ അധിപനായി. അദ്ദേഹത്തിന് ദീർഘായുസ്സുള്ള സന്താനങ്ങൾ ഉണ്ടായി. അദ്ദേഹവും യുഗധർമ്മം അനുഷ്ടിച്ച് ഭോഗങ്ങൾ യഥാവിധി ആസ്വദിച്ച് തന്റെ മന്വന്തരക്കാലം കഴിഞ്ഞ ശേഷം രാജർഷിമാർക്ക് കിട്ടാവുന്ന പരമപദം പ്രാപിച്ചു.

നാലാമത്തെ മനുവും പ്രിയവ്രതപുത്രനായിരുന്നു. 'താമസൻ' എന്ന പേരുള്ള അദ്ദേഹം നർമ്മദാ നദീ തീരത്ത് വച്ച് ജഗന്മയിയായ ദേവിയെ പൂജിച്ചു. ശരത്കാലത്തും വസന്തകാലത്തും ഒൻപതു രാത്രികളിൽ അദ്ദേഹം കാമരാജമഹാമന്ത്രം ജപിച്ച് പൂജിച്ചു. അങ്ങിനെ സ്തോത്രനമസ്ക്കാരങ്ങളാൽ ജലജാക്ഷീദേവിയെ സംപ്രീതയാക്കി അദ്ദേഹവും ദേവിയുടെ വരപ്രസാദത്തിനുടമയായി. അദ്ദേഹത്തിന് ശത്രുരഹിതമായ ഒരു രാജ്യവും വീരന്മാരായ പത്തു പുത്രന്മാരും ഉണ്ടായിരുന്നു. അദ്ദേഹവും ഒരു മന്വന്തരക്കാലം കഴിഞ്ഞ് മുക്തിപദമടഞ്ഞു.

അഞ്ചാമത്തെ മനു താമസന്റെ അനുജനായ രൈവതനായിരുന്നു. അദ്ദേഹവും കാളിന്ദീ തടത്തിൽ ഇരുന്ന് കാമബീജമന്ത്രപുരസ്സരം  മന്ത്രം ജപിച്ച് രാജ്യവും അതുല്യമായ ഐശ്വര്യവും നേടി. അങ്ങിനെ ദേവീകൃപയാൽ രൈവതമനു സർവ്വസിദ്ധികൾക്കും അധിപനായിത്തീർന്നു. അദ്ദേഹവും ആയുസ്സേറിയ പുത്രസമ്പത്തോടെ രാജ്യം ഭരിച്ച് ധാർമ്മികമായ വിഷയസുഖങ്ങൾ ആസ്വദിച്ച് ഒടുവിൽ മഹേന്ദ്രപുരിയിൽ വിശ്രാന്തിയടഞ്ഞു.

Thursday, October 5, 2017

ദിവസം 279 ശ്രീമദ്‌ ദേവീഭാഗവതം. 10-7 . അഗസ്ത്യ വിന്ധ്യോപാഖ്യാനം

ദിവസം 279  ശ്രീമദ്‌ ദേവീഭാഗവതം. 10-7 .  അഗസ്ത്യ വിന്ധ്യോപാഖ്യാനം

ഇതിവാക്യം സമാകർണ്യ വിബുധാനാം ദ്വിജോത്തമ:

കരിഷ്യേ കാര്യമേതദ്വൈ പ്രത്യുവാച തതോ മുനി:
അംഗീകൃതേ തദാ കാര്യേ മുനിനാ കുംഭജന്മനാ
ദേവാ: പ്രമുദിതാ: സർവേ ബഭൂവുർദ്വിജസത്തമാ:

സൂതൻ പറഞ്ഞു: ദേവൻമാരെ സഹായിക്കാമെന്ന് അഗസ്ത്യമഹർഷി സമ്മതിച്ചു. സന്തോഷത്തോടെ അവർ തങ്ങളുടെ വസതികളിലേയ്ക്ക് മടങ്ങിപ്പോയി. 

അഗസ്ത്യൻ തന്റെ പത്നിയായ ലോപാമുദ്രയോട് ഇങ്ങിനെ പറഞ്ഞു: "പ്രിയേ, വിന്ധ്യാചലം അർക്കന്റെ പാത മുടക്കി ഉയർന്നു നിൽക്കുകയാണ്. അതുമൂലം നമുക്ക് അനർത്ഥം വന്നു ചേർന്നിരിക്കുന്നു. മോക്ഷകാംക്ഷികൾ കാശി വിട്ടുപോവരുത് എന്നാണല്ലോ പറയുന്നത്. പക്ഷേ പഴമൊഴിയനുസരിച്ച് കാശിയിലങ്ങിനെ താമസിക്കുന്ന സജ്ജനങ്ങൾക്കു് ഇങ്ങിനെ തടസ്സങ്ങൾ വന്നു കൊണ്ടേയിരിക്കും. അതുപോലെയൊരു വിഘ്നം കാശിവാസികളായ നമ്മെ തേടിയെത്തിയിരിക്കുന്നു." എന്ന്പറഞ്ഞ് മുനി മണി കർണ്ണികയിൽ ഇറങ്ങി കുളിച്ച് വിശ്വനാഥനെ ധ്യാനിച്ചു. 

ദണ്ഡപാണിയെ കൈകൂപ്പി മഹർഷി പ്രാർത്ഥിച്ചു: "കാലഭൈരവാ, ഭക്തരുടെ ഭീതിയകറ്റുന്ന മഹാബാഹോ, എന്തിനാണെന്നെ കാശിയിൽ നിന്നും അകറ്റുന്നത്? ഇവിടെയുള്ളവരുടെ മാലകറ്റുന്നത് അവിടുന്നല്ലേ? ഞാൻ ആരെപ്പറ്റിയും അപവാദം പറഞ്ഞു നടന്നിട്ടില്ല. നുണ പറഞ്ഞിട്ടില്ല. അസത്യം പറഞ്ഞുവെന്ന ദോഷവും എന്നക്കുറിച്ചുണ്ടാവില്ല. പിന്നെയെന്തിനാണ് എന്നെ കാശിയിൽ നിന്നും പറഞ്ഞയക്കുന്നത്? " മഹർഷി പിന്നീട് വിഘ്നേശ്വരനെ ആരാധിച്ചിട്ട് ഭാര്യയോടെപ്പം വാരാണസി വിട്ട് തെക്കു ദേശത്തേക്ക് യാത്ര പുറപ്പെട്ടു. കാശിയെ വിട്ടു പോവുന്നതിൽ മഹർഷിക്ക് വലിയ ദുഃഖമുണ്ടായിരുന്നു.

മുനിയും പത്നിയും ക്ഷണനേരത്തിൽ വിന്ധ്യന്റെ മുന്നിലെത്തി. മഹർഷിയെ അവിചാരിതമായി മുന്നിൽക്കണ്ട പർവ്വതശ്രേഷ്ഠൻ പേടിച്ചു വിറച്ചു. പെട്ടെന്ന് ഭൂമിയോട് എന്തോ പറയാൻ എന്ന ഭാവത്തിൽ വിന്ധ്യൻ തന്റെ തലകുനിച്ചു. പിന്നെ മുനിയെ സാഷ്ടാംഗം നമസ്ക്കരിച്ചു. പ്രസന്നഭാവത്തിൽ മുനി പർവ്വതരാജനോട് പറഞ്ഞു: "ഞാൻ പോയി തിരികെ വരുന്ന സമയം വരെ നീയിങ്ങിനെ താഴ്ന്നു തന്നെ കിടന്നാലും. നിന്റെ കൊടുമുടികൾ കയറിയിറങ്ങാൻ എനിക്ക് കഴിവില്ല." 

മുനി ദക്ഷിണ ദിക്കിലേക്കുള്ള യാത്ര തുടർന്നു. വിന്ധ്യാചലം ചവിട്ടിക്കയറി അഗസ്ത്യമുനി തെക്ക് ദേശത്ത് ശ്രീശൈലം വഴി മലയപർവ്വതത്തിൽ എത്തി അവിടെ ആശ്രമം പണിത് താമസം തുടങ്ങി.  അവിടെ വിന്ധ്യഗിരിയിൽ മനുപൂജിതയായി വാണരുളിയ ദേവിക്ക് വിന്ധ്യാചലവാസിനി എന്നും പേരുണ്ട്.

സൂതൻ തുടർന്നു: അഗസ്ത്യവിന്ധ്യൻമാരുടെ ഈ ചരിതം അതിപാവനമത്രെ. ശത്രുനാശകരവും പാപനാശകരവുമാണ് ഈ കഥ. ബ്രാഹ്മണർക്ക് അറിവ് വർദ്ധിക്കാനും ശൂദ്രർക്ക് സുഖവർദ്ധനവിനും രാജാക്കൻമാർക്ക് വിജയം ഉറപ്പാക്കാനും ഉത്തമമായ ഈ ചരിതം വെറുതെ കേട്ടാൽപ്പോലും അഭീഷ്ടങ്ങൾ നടപ്പാവും. സ്വായംഭുവമനു ഭഗവതിയെ പൂജ ചെയ്ത് രാജ്യം നേടി ഒരു മന്വന്തരക്കാലം ഭൂമിയെ ഭരിച്ചു. ഇതാണ് പ്രഥമ മന്വന്തരത്തിലെ ദേവീകഥ. ഇനിയും അങ്ങേക്ക് എന്താണ് കേൾക്കേണ്ടത്?

ദിവസം 278 ശ്രീമദ്‌ ദേവീഭാഗവതം. 10-6 . അഗസ്ത്യദർശനം

ദിവസം 278  ശ്രീമദ്‌ ദേവീഭാഗവതം. 10-6 .  അഗസ്ത്യദർശനം

ശ്രീശസ്യ വചനാദ്ദേവാ: സന്തുഷ്ടാ: സർവ്വ ഏവ ഹി

പ്രസന്നമനസോ ഭൂത്വാ പുനരേനം സമുചിരേ
ദേവദേവ മഹാവിഷ്ണോ സൃഷ്ടിസ്ഥിത്യന്തകാരണ
വിഷ്ണോ വിന്ധ്യനഗോfർക്കസ്യ മാർഗ്ഗരോധം കരോതി ഹി

സൂതൻ പറഞ്ഞു: ശ്രീപതിയുടെ വാക്കുകൾ കേട്ട് സമാധാനിച്ച് ദേവൻമാർ ഭഗവാനോട് പറഞ്ഞു: "ദേവദേവാ മഹാവിഷ്ണോ, സൃഷ്ടിസ്ഥിതി സംഹാരങ്ങൾക്ക് കാരണമായുള്ള ഭഗവാനേ, വിന്ധ്യ പർവ്വതം ആദിത്യന്റെ മാർഗ്ഗം തടഞ്ഞിരിക്കുന്നു. സൂര്യപ്രകാശം ഇല്ലാത്തതിനാൽ ഞങ്ങൾക്കുള്ള യജ്ഞഭാഗങ്ങൾ ഒന്നും ലഭിക്കുന്നില്ല. ഞങ്ങൾ എന്താണ് ചെയ്യുക?"

ശ്രീഭഗവാൻ പറഞ്ഞു: "ജഗത്തിന്റെ ജനനിയായ, സകലതിന്റെയും കുലവർദ്ധിനിയായ, ഭഗവതിയുടെ പരമഭക്തനായ അഗസ്ത്യമഹർഷി കാശിയിൽ വസിക്കുന്നു. അതിതേജസ്വിയായ മഹർഷി വിചാരിച്ചാൽ വിന്ധ്യന്റെ ശക്തിയെ മറികടക്കാനാവും. പുണ്യകർമ്മങ്ങൾക്ക് ഉത്തമമെന്നു പേരുകേട്ട കാശിയിൽപ്പോയി മഹർഷിയെ സംപ്രീതനാക്കി അപേക്ഷിക്കുക. അദ്ദേഹം നിങ്ങളെ സഹായിക്കും."

ദേവൻമാർ ഭഗവാനെ നമസ്ക്കരിച്ചിട്ട് മുനിയെക്കാണാൻ കാശീപുരിയിൽ ചെന്നു. മണി കർണ്ണികയിൽ ഇറങ്ങി എല്ലാവരും കുളിച്ചു. ദേവൻമാർക്കും പിതൃക്കൾക്കും അവർ തർപ്പണം ചെയ്തു. എന്നിട്ടവർ പരിപാവനമായ അഗസ്ത്യാശ്രമത്തിലെത്തി. ഹിംസ്ര ജന്തുക്കൾ പോലും പ്രശാന്തരായിക്കഴിയുന്ന ആശ്രമപരിസരത്ത് പലതരം പക്ഷിമൃഗാദികൾ വിഹരിക്കുന്നു. കരിമാൻ, പന്നി, കടുവ, കരടി, മാൻ, വാൾപ്പുലി, വണ്ടാരക്കോഴി, മയിൽ, അരയന്നം, ചക്രവാകം, കുളക്കോഴി എന്നിങ്ങിനെ വൈവിദ്ധ്യമാർന്ന പക്ഷിമൃഗാദികൾ ആ വനഭംഗിക്ക് മാറ്റുകൂട്ടി. ദേവഗണം മാമുനിയെ നമസ്ക്കരിച്ചു.

ദേവൻമാർ പറഞ്ഞു: "വാതാപിയെന്ന അസുരന്റെ ബലം കെടുത്തിയ കുംഭസംഭവനായ മുനിശ്രേഷ്ഠാ, അവിടുന്ന് വിജയിച്ചാലും.  ലോപാമുദ്രയുടെ നാഥനായ അവിടുന്ന് മിത്രാവരുണ സംഭവനാണ്. സർവ്വവിദ്യകൾക്കും അധിപതിയാണ്. ആകാശത്തിൽ നക്ഷത്രമായി ആരുദിക്കുമ്പോഴാണോ തോയരാശികൾ വെട്ടിത്തിളങ്ങുന്നത് ആ പ്രതിഭാസത്തെ ഞങ്ങളിതാ കൈകൂപ്പി തൊഴുന്നു. അഗസ്ത്യപുഷ്പം എന്നറിയപ്പെടുന്ന ഓടപ്പൂ വിരിയിക്കുന്ന മഹാമുനേ, വനവാസകാലത്ത് ശ്രീരാമചന്ദ്രന് സഹായം ചെയ്തവനേ, അനേകം ശിഷ്യൻമാരാൽ സമ്പന്നനായവനേ, അങ്ങേയ്ക്ക് നമസ്ക്കാരം. വിണ്ണവർ വാഴ്ത്തുന്ന പത്നീസമേതനായ മഹർഷേ, ഗുണനിധേ, അങ്ങ് മാത്രമാണ് ഞങ്ങൾക്കിനി ഒരാശ്രയം. ഞങ്ങളിൽ സംപ്രീതനായി വിന്ധ്യൻ വരുത്തി വച്ച ഈ ദുർഘടത്തിൽ നിന്നും ഞങ്ങളെ കരകയറ്റിയാലും."

ദേവസ്തുതി കേട്ട് സന്തുഷ്ടനായ മഹർഷി പുഞ്ചിരി തൂകിക്കൊണ്ട് ഇങ്ങിനെ പറഞ്ഞു: "നിങ്ങൾ മൂന്നു ലോകങ്ങൾക്കും അധീശന്മാരും ലോകപാലകരുമാണല്ലോ. നിഗ്രഹാനുഗ്രഹശക്തികളും നിങ്ങൾക്കുണ്ട്. ദേവേന്ദ്രൻ അമരാവതിക്ക് അധീശനും അഷ്ടസിദ്ധികൾ ഉള്ളവനുമാണ്. കയ്യിൽ വജ്രായുധവുമുണ്ട്. ഹവ്യകവ്യങ്ങൾ സദാ വഹിക്കുന്ന വൈശ്വാനരനായ അഗ്നിയും അതിബലവാനാണ്. രക്ഷോഗണാധിപനായ ഭീമനും ദണ്ഡഹസ്തനുമായ നിരൃതിക്ക് അസാധ്യമായി ഒന്നുമില്ല. നിങ്ങൾക്ക് ഇങ്ങിനെയെല്ലാമുള്ള പ്രാഭവമുണ്ടെന്ന് അറിയാമെങ്കിലും നിങ്ങൾ എന്നെത്തിരക്കി വന്നതുകൊണ്ട്  വേണ്ടതെന്തെന്നു പറഞ്ഞാലും. എനിക്കാവുന്നത് ചെയ്തു തരാം."

ദേവൻമാർ അതിവ്യഗ്രതയോടെ മുനിയോട് വിന്ധ്യൻ ആദിത്യന്റെ വഴി മുടക്കുന്ന കാര്യം പറഞ്ഞു. "മൂന്നുലോകവും ജീവനില്ലാത്ത പോലെ വശം കെട്ടിരിക്കുന്നു. അങ്ങയുടെ തപോബലവും തേജസ്സും ഉപയോഗിച്ച് അവന്റെ വളർച്ച തടയണം എന്നതാണ് ഞങ്ങൾ അങ്ങയോട് അഭ്യർത്ഥിക്കുന്നത്."

Sunday, October 1, 2017

ദിവസം 277 ശ്രീമദ്‌ ദേവീഭാഗവതം. 10-5 . വിഷ്ണു സ്തുതി

ദിവസം 277  ശ്രീമദ്‌ ദേവീഭാഗവതം. 10-5 .  വിഷ്ണു സ്തുതി

തേ ഗത്വാ ദേവ ദേവേശം രമാനാഥം ജഗദ് ഗുരും
വിഷ്ണും കമലപത്രാക്ഷം ദദൃശു: പ്രഭയാന്വിതം
സ്തോത്രേണ തുഷ്ടുവുർഭക്ത്യാ ഗദ്ഗദസ്വരസത്കൃതാ:
ജയ വിഷ്ണോ രമേശാദ്യ മഹാപുരുഷപൂർവ്വജ

സൂതൻ പറഞ്ഞു. അവർ വൈകുണ്ഠത്തിലെത്തി ദേവേശനായ കമലാപതിയെ ദർശിച്ചു. ജഗദ്ഗുരുവും താമരക്കണ്ണനും തേജോമയുമായ ദേവേശനെ ദേവഗണം ഗദ്ഗദകണ്ഠരായി സ്തുതിച്ചു വാഴ്ത്തി.

"ആദി പുരുഷനും രമേശനുമായ ഭഗവാനേ. മഹാവിഷ്ണുദേവാ അവിടുന്ന് വിജയിച്ചാലും. അസുരൻമാർക്ക് അങ്ങ് ശത്രുവാണ്. കാമജനകനും മഹാവരാഹനും ഗോവിന്ദനും മഹായജ്ഞ സ്വരൂപകനുമായ അവിടുന്നാണ് ജഗത്തിന്റെ ഉൽപ്പത്തിക്കുതന്നെ കാരണമായത്. മത്സ്യാവതാരമെടുത്തും കൂർമ്മാവതാരമെടുത്തും സൂകരരൂപമെടുത്തും മറ്റും വേദോദ്ധാരണവും ലോകോദ്ധാരണവും നടത്തിയ ഭഗവാനേ, നമസ്കാരം. ദയാനിധേ, ദേവബന്ധോ, അവിടുന്ന് സദാ വിജയിച്ചാലും. നരസിംഹരൂപിയായി മഹാ ദൈത്യനായ ഹിരണ്യകശിപുവിനെ നിഷ്ക്കരണം അവന്റെ മാറു പിളർന്ന് അങ്ങ് നിഗ്രഹിച്ചു. വാമനനായി വന്ന് സ്വന്തം ഐശ്വര്യത്തിൽ മോഹിതനായ മഹാബലിയെ അങ്ങ് കീഴ് പ്പെടുത്തി അവന്റെ ഭൗതികമായ സകലതും കാൽക്കൽ വയ്പ്പിച്ചു. പിന്നീട് പരശുരാമനായി അവതരിച്ച് ക്ഷത്രിയനാശം വരുത്തി കാർത്തവീര്യാർജുനനെ വെന്നു. ദുഷ്ടദശാനനനെ വെല്ലാൻ ദാശരഥിയായും അങ്ങവതരിച്ചു. രാമാവതാരം കൈക്കൊണ്ട ജഗദ് പതേ, നമസ്ക്കാരം. ദുഷ്ടരാജാക്കൻമാരായ കംസൻ, ദുര്യോധനൻ മുതലായവരുടെ പീഢനം കൊണ്ട് പൊറുതിമുട്ടിയ ഭൂമിയെ രക്ഷിക്കാൻ അങ്ങ് കൃഷ്ണാവതാരം കൈക്കൊണ്ടു. ദുഷിച്ച യജ്ഞാചാരങ്ങളും പശുഹിംസയും മറ്റും ഇല്ലാതാക്കാൻ ശ്രീബുദ്ധനായി ജന്മമെടുത്ത ഭഗവാന് നമസ്ക്കാരം. ലോകം മുഴുവൻ മ്ലേച്ഛരും ദുഷ്ടക്കൂട്ടങ്ങളും അഴിഞ്ഞാടുമ്പോൾ ഒടുവിൽ കൽക്കിയായി അവതരിക്കാൻ പോവുന്നതും അവിടുന്ന് തന്നെയാണല്ലോ. അങ്ങയുടെ ദശാവതാരങ്ങളുടെ ലക്ഷ്യം ഭക്തസുരക്ഷയാണ്. ധർമ്മസംസ്ഥാപനമാണ്. ദയാനിധിയായ അങ്ങ് ഭക്തസന്താപം തീർക്കാനായി ജലത്തിലും തീര്യക് യോനികളിൽപ്പോലും ജനിച്ചു. അങ്ങല്ലാതെ ഇത്രമേൽ ദയാനിധിയായി മറ്റാരുണ്ട്?

ദേവഗണങ്ങള്‍ ഇങ്ങിനെ ഭഗവാനെ വാഴ്ത്തി നമസ്ക്കരിച്ചു. സാഷ്ടാംഗം പ്രണമിച്ചു. തന്റെ ഭക്തരായ ആഗതരെ കരുണയോടെ നോക്കി പുഞ്ചിരിച്ച് ഭഗവാൻ ഇങ്ങിനെ പറഞ്ഞു: ദുഖിക്കാതിരിക്കൂ. നിങ്ങളുടെ ഭക്തിയിൽ ഞാൻ പ്രീതനാണ്. നിങ്ങളുടെ ദുഖത്തിന് പരിഹാരവുമുണ്ടാക്കാം. നിങ്ങളീ ചൊല്ലിയ സ്തോത്രവും മഹത്തരമാണ്. പ്രഭാതത്തിൽ ഭക്തിയോടെ ഈ സ്തോത്രം ചൊല്ലുന്നവന്‍റെ ശോകങ്ങൾ ഒഴിഞ്ഞു പോവും. അവന് അകാല മൃത്യു സംഭവിക്കുകയില്ല. ദാരിദ്ര്യവും ദൗർഭാഗ്യവും ദുർന്നിമിത്തവും ഗ്രഹപീഡയും ഉണ്ടാവുകയില്ല. പ്രേതബാധയോ ബ്രഹ്മരക്ഷസ്സ് മുതലായ ശക്തികളിൽ നിന്നുള്ള സ്വാധീനങ്ങളോ അവനെ ബാധിക്കുകയില്ല. ഈ സ്തോത്രം ദിനംതോറും പഠിക്കുന്ന ഗൃഹങ്ങളിൽ സന്താന സൗഭാഗ്യവും ഐശ്വര്യവും വർദ്ധിച്ചു വരും. സർവ്വാർഥസാധകമാണ് ഈ സ്തോത്രമെന്നറിയുക. ഈ സ്തോത്രം ജപിക്കുന്ന ഭക്തന്റെ മുക്തിപദം വിദൂരമല്ല. നിങ്ങളുടെ ദുഖകാരണം പറഞ്ഞാലും. ഞാൻ നിങ്ങളുടെ മാലകറ്റുമെന്ന് ഉറച്ച് വിശ്വസിച്ചാലും.

ഭഗവാന്റെ വാക്കുകൾ കേട്ട് ആശ്വാസഭാവത്തോടെ ദേവൻമാർ മഹാവിഷ്ണുവിനോട് ആഗമനോദ്ദേശം അറിയിച്ചു.