Devi

Devi

Saturday, October 22, 2016

ദിവസം 183 ശ്രീമദ്‌ ദേവീഭാഗവതം. 7-25. ഹരിശ്ചന്ദ്രപത്നീപുത്രകഥ

ദിവസം 183  ശ്രീമദ്‌ ദേവീഭാഗവതം. 7-25. ഹരിശ്ചന്ദ്രപത്നീപുത്രകഥ

ഏകദാ  തു ഗതോ രന്തും ബാലകൈ: സഹിതോ ബഹി:
വാരാണസ്യാ നാതിദൂരേ രോഹിതാഖ്യ: കുമാരക:
ക്രീഡാം കൃത്വാ തതോ ദർഭാൻ ഗൃഹീതുമുപചക്രമേ
കോമളാനല്പമൂലാംശ്ച സാഗ്രാൻ ശക്ത്യനുസാരത:

സൂതൻ പറഞ്ഞു: രോഹിതൻ ഒരു ദിവസം കാശി നഗരത്തിൽ നിന്നും അധികം ദൂരത്തല്ലാത്ത ഒരിടത്ത് മറ്റ് ബാലൻമാരുമായി കളിക്കാൻ പോയി. കളി കഴിഞ്ഞ് സ്വാമിയെ സന്തുഷ്ടിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ അവൻ തന്റെ കുഞ്ഞുകൈകൾ കൊണ്ടു് നല്ല ദർഭപ്പുല്ലുകൾ ശേഖരിച്ചു. കൂടെ ചമതയും പ്ലാശിൻ കുഴയും അവൻ തന്നാലാവുന്നതു പോലെ സ്വരുക്കൂട്ടി വച്ചു.

ഹോമത്തിനുള്ള വിറക് കെട്ടും മറ്റും തലയിൽ കെട്ടിവച്ച് ചുമടുമായി അവർ അടിവച്ചടിവച്ച് നടക്കുമ്പോൾ നല്ലൊരു ജലാശയം കാണായി. അവൻ ചുമടിറക്കി വെള്ളം കുടിച്ചിട്ട് അവിടെയുള്ള  മരത്തണലിൽ അല്പനേരം വിശ്രമിച്ചു.

വിറകുകെട്ട് താങ്ങി വച്ചിരുന്നത് ഒരു മൺപുറ്റിന് മുകളിലായിരുന്നു. വിശ്രമം കഴിഞ്ഞ് കെട്ടുമെടുത്ത് പുറപ്പെടാൻ തുടങ്ങവേ മൺപുറ്റിൽ നിന്നും വൻ വിഷമുള്ള ഒരു കൃഷ്ണസർപ്പം പുറത്തുവന്നു. വിശ്വാമിത്രന്റെ അനുജ്ഞ പ്രകാരമാണ് സർപ്പമവിടെ ആഗതനായത്. ആ സർപ്പം രോഹിതനെ ആഞ്ഞു കൊത്തി. ആ  ക്ഷണത്തിൽ അവൻ മരിച്ചു വീണു. കൂടെയുള്ള ബാലൻമാർ  ബ്രാഹ്മണന്റെ ഗൃഹത്തിൽപ്പോയി അവന്‍റെ അമ്മയോട് കാര്യം പറഞ്ഞു. ‘അല്ലയോ ദാസീ, നിങ്ങളുടെ മകൻ സർപ്പദംശമേറ്റ് അതാ അവിടെ മരിച്ചു കിടക്കുന്നു’.

വജ്രായുധം കൊണ്ടതുപോലുള്ള ഈ വാർത്ത കേട്ട് ആ അമ്മ മൂർച്ഛിച്ചു താഴെ വീണു. അതു കണ്ട് ക്രുദ്ധനായ ബ്രാഹ്മണൻ അവളുടെ മുഖത്ത് വെള്ളം തളിച്ചിട്ട് ഇങ്ങിനെ ഭർസിച്ചു.  ‘അശ്രീകരം! സന്ധ്യാനേരത്ത് കിടന്ന് കരയുന്നു. നാണമില്ലാത്ത സാധനം. ഞാൻ വിലയ്ക്ക് വാങ്ങിയതാണ് നിന്നെ. കരഞ്ഞു വിളിച്ച് നിലത്തു വീണ് എന്റെ പണികൾ ചെയ്യാതിരിക്കാനുള്ള സൂത്രം തന്നെയിത്. അതൊന്നും ഇവിടെ നടക്കില്ല!’

‘സ്വാമി, എന്റെ മകനവിടെ മരിച്ചു കിടക്കുന്നു. ഞാനൊന്നു കണ്ടു വന്നുകൊള്ളട്ടെ.’ എന്നു പറഞ്ഞ് അവൾ വീണ്ടും കരഞ്ഞു.

‘നീയെന്റെ കയ്യിൽ നിന്നും പണം പറ്റിയിട്ട് എന്റെ കാര്യം മുടക്കുന്നു. മര്യാദയില്ലാത്ത കൂട്ടം!  വേതനം പറ്റിയിട്ട് സ്വാമി കാര്യത്തിനു ലോപം വരുത്തുന്നത് മഹാരൗരവമെന്ന ഘോരനരകത്തിൽ പതിക്കാൻ പോന്ന പാപമാണെന്ന് നിനക്കറിയാമോ? ആ നരകവാസം കഴിഞ്ഞാൽ കോഴിയുടെ ജന്മമാണ് നിനക്കൊക്കെ കിട്ടുക. അല്ലെങ്കിലും ഈ വക നിന്ദ്യവർഗ്ഗങ്ങളോടു് ധർമ്മകാര്യം പറഞ്ഞു കൊടുത്തിട്ട് കാര്യമൊന്നുമില്ല. ഊഷരമായ മണ്ണിൽ വിത്തിട്ടാൽ അതുണ്ടോ മുളയ്ക്കുന്നു.പരലോകത്തെ നിനക്ക് പേടിയുണ്ടെങ്കിൽ വന്ന് സ്വന്തം പണി തീർക്കാൻ നോക്ക്. ബാക്കി കാര്യം അതുകഴിഞ്ഞ് ആലോചിക്കാം’

‘ഒരു നിമിഷം മതി  സ്വാമീ ഞാനെന്റെ മകനെ എടുത്തു കൊണ്ട് വരട്ടെ.’ എന്നു പറഞ്ഞ് അവൾ ബ്രാഹ്മണന്റെ കാൽക്കൽ വീണു.

‘അല്ലെങ്കിലും ഒരു കഴിവുമില്ലാത്ത നിന്റെ മകനെക്കൊണ്ട് എനിക്കൊരുപകാരവും ഇല്ല. ഇപ്പോള്‍ ജീവനുമില്ല. എന്റെ കോപം നിനക്കറിയാമല്ലോ. ചാട്ടവാറിന്റെ അടിയേൽക്കാനാണ് നിനക്ക് വിധിഎന്ന് തോന്നുന്നു.’

അവൾ ധൈര്യമുൾക്കൊണ്ടു് തന്റെ ജോലി തുടർന്നു ആ ദുഷ്ടബ്രാഹ്മണന്റെ കാലുകൾ തടവിക്കൊടുക്കുക പോലും ചെയ്തു. ഒടുവിൽ അയാൾ പറഞ്ഞു. ‘ശരി, വേഗം പോയി നിന്റെ മകന്റെ ശവദാഹം നടത്തി വരിക. എന്നിട്ട് വേഗം മടങ്ങി വന്ന് ബാക്കി വീട്ടുജോലികൾ തീർക്കണം !’

അവൾ ആ പാതിരായ്ക്ക് പുത്രന്റെ പിണം കിടക്കുന്നയിടത്ത് ചെന്നു. വിറകിന്റെയും ദർഭയുടെയും നടുക്ക് മറ്റൊരു വിറകുകഷണം  പോലെ നിശ്ചേതനമായി കിടക്കുന്ന മകനെക്കണ്ട് ആ അമ്മയുടെ ഹൃദയമുരുകി. ‘നീയെന്താണുണ്ണീ അമ്മയെ വിളിക്കാത്തത്? എന്നോട് ദേഷ്യത്തിലാണോ?' എന്നെല്ലാം പുലമ്പിക്കൊണ്ടു് അവൾ മകന്‍റെ ശവത്തിനു മുകളിൽ മോഹാലസ്യപ്പെട്ടു വീണു.

പിന്നീട് ബോധം തെളിഞ്ഞപ്പോൾ, സ്വന്തം മുഖത്തും മാറത്തും കൈ കൊണ്ട് താഡിച്ചു കൊണ്ട് അവൾ വീണ്ടും വിലാപം തുടർന്നു. ‘സുന്ദരനായ എന്റെ മകനേ, നീയെങ്ങോട്ടാണ് പോയത്? നിന്റെ അച്ഛനായ  മഹാരാജാവും അടുത്തില്ലല്ലോ. ഇവനെ അദ്ദേഹം വന്നു കാണുന്നതു പോലും ഇല്ലല്ലോ. മതി,  ഇനി കിടന്നുറങ്ങിയത് മതിയെടാ, നീയെഴുന്നേൽക്ക്. പാതിരാത്രി കഴിഞ്ഞു. കാളിയും കൂളിയും പ്രേതങ്ങളും വിളയാടുന്ന നേരമാണിത്. നിന്റെ കൂട്ടുകാരൊക്കെ അവരുടെ വീടുകളിലക്ക് മടങ്ങി. കേട്ടില്ലേ കറുനരികൾ  ഒച്ചയിടുന്നത്? എന്താണ് നീയൊന്നും മിണ്ടാത്തത്? നിന്റെ അമ്മയാണ് വിളിക്കുന്നത്. സ്വന്തം ഭർത്താവ് വിറ്റു കളഞ്ഞിട്ടും നിന്നെപ്പോറ്റുന്ന അമ്മയാണിത്. കണ്ണ് തുറക്കൂ,  എന്നോട് സംസാരിക്കൂ. നീ ജനിച്ചപ്പോൾ ബ്രാഹ്മണർ എന്തൊക്കെയാണ് പറഞ്ഞത്? ആയുഷ്മാനും കീർത്തിമാനും പുത്രപൗത്രാദികളുമൊത്ത് വാഴുന്നവനുമാകും നീയെന്നവർ പറഞ്ഞത് പച്ചക്കള്ളമായിരുന്നോ? നീ മാതാപിതാക്കൾക്കും ഗുരുജനങ്ങൾക്കും പ്രിയപ്പെട്ടവനും, ധർമ്മിഷ്ഠനും സത്യദമാദികളിൽ നിഷ്ണാതനുമാകും എന്നവർ പറഞ്ഞിരുന്നു. നിന്റെ ദേഹത്തവർ രാജ ചിഹ്നങ്ങൾ കണ്ടിരുന്നു. അതെല്ലാം ഇപ്പോൾ എവിടെപ്പോയി? ചക്രം, മീൻ, സ്വസ്തികം, ഛത്രം, ശ്രീവത്സം, കൊടി, ചാമരം, കലശം, എന്നിങ്ങിനെയുള്ള മുദ്രകൾ നിന്റെ കുഞ്ഞു കൈത്തലത്തിൽ അവർ കണ്ടുവത്രേ. അയോദ്ധ്യയും മണിമാളികകളും വെൺകൊറ്റക്കുടയും സിംഹാസനവും ചതുരംഗപ്പടയും മന്ത്രിമാരും എല്ലാമെല്ലാം എവിടെ മകനെ?'

'ഹാ നാഥാ, പ്രാണപ്രിയനേ, നമ്മുടെ മകന്റെ കിടപ്പു കണ്ടാലും. പണ്ട് അങ്ങയുടെ വിരിമാറിൽ ചാർത്തിയ  കുങ്കുമം ഇവന്റെ പിഞ്ചുമേനിയാൽ മലിനപ്പെട്ടത് ഓർമ്മയുണ്ടോ? അങ്ങയുടെ നെറ്റിയിലെ കസ്തൂരിക്കുറി ഇവൻ പണ്ട് കുഞ്ഞിക്കൈ കൊണ്ട്  തൂത്തുമായ്ച്ചു കളഞ്ഞതും അങ്ങോർക്കുന്നുണ്ടോ? അങ്ങിനെ കുസൃതി കാട്ടിയ അവനെ അങ്ങപ്പോൾ  സ്നേഹപാരവശ്യത്തോടെ  ചുംബിച്ചതും ഞാനോർക്കുന്നു. ആ മുഖം ഇപ്പോളിതാ പുഴുവരിച്ചും ഈച്ചയാർത്തും ഈ പെരുവഴിയിൽ കിടക്കുന്നു! ഈശ്വരാ എന്തെന്തു ദുഷ്കർമ്മങ്ങളാണ് ഞാൻ പൂർവ്വജന്മങ്ങളിൽ ചെയ്തു കൂട്ടിയിട്ടുണ്ടാവുക?’

ദാസിയുടെ വിലാപം കേട്ട് നഗരപാലകർ അടുത്തെത്തി അവളെ ചോദ്യം ചെയ്തു. അവൾ ഉത്തരമൊന്നും പറയാതെ വീണ്ടും കരഞ്ഞുകൊണ്ടിരുന്നു. ചോദിച്ച കാര്യങ്ങൾക്ക് മറുപടി കിട്ടാതെ വന്നപ്പോള്‍  അവർ തമ്മിൽപ്പറഞ്ഞു.  ‘ഇവളെ കണ്ടിട്ട് സാധാരണക്കാരിയല്ല. കുഞ്ഞുങ്ങളെ കൊല്ലുന്ന ദുർമന്ത്രവാദിനിയാണിവൾ എന്നു തോന്നുന്നു. ആരുടേയോ  കുഞ്ഞിനെ കൊന്നു കൊണ്ടുവന്നു കിടത്തിയിരിക്കുന്നു. നല്ല പെണ്ണുങ്ങൾ പാതിരാ കഴിഞ്ഞ് വഴിയിലിങ്ങിനെ വന്നു നിൽക്കുമോ?ഇവളെയൊന്നും ജീവനോടെ വെച്ചേക്കരുത്.’

ഭടൻമാർ അവളുടെ മുടി ചുറ്റിപ്പിടിച്ച്  കൈയും കഴുത്തും ചേർത്ത് പിടിച്ച്, ‘അല്ലെങ്കിൽ ഇവൾ ചിലപ്പോൾ ആകാശത്തേക്ക് പറന്നു പോവും’ എന്നു വിളിച്ചുപറഞ്ഞ് അവർ കൂടുതൽ ആളെക്കൂട്ടി. പിന്നെ അവളെ വലിച്ചിഴച്ച് ചണ്ഡാളപ്പുരയിലേക്ക് കൊണ്ടുപോയി.

‘ഇവളെ പെരുവഴിയിൽ നിന്നും കിട്ടിയതാണ്. കുഞ്ഞുങ്ങളെ കൊല്ലുന്ന ഇവളെ കൊന്നുകളയണം.’

‘അറിയാം അറിയാം. ഇവളെ കണ്ടാലറിയാം അത്തരക്കാരിയാണെന്ന്. നിങ്ങൾ ചെയ്തത് നല്ല കാര്യമാണ്. ഇതിനാൽ നിങ്ങൾക്ക് നല്ല പേരുണ്ടാവട്ടെ. മറ്റാർക്കും ഇവളെ പിടിച്ചു കൊണ്ടുവരാൻ പറ്റിയില്ലല്ലോ. ബ്രാഹ്മണപുത്രനെ കൊന്നവൻ, പശുവിനെ കൊന്നവൻ, പുരയ്ക്ക് തീവെച്ചവൻ, സ്വർണ്ണം കട്ടെടുത്തവൻ, വഴിമുടക്കുന്നവൻ, മദ്യപൻ, ഗുരുപത്നിയെ പ്രാപിച്ചവൻ, ഇവരെയൊക്കെ സമൂഹത്തിന്‍റെ നന്മയ്ക്കായി വധിക്കുന്നതിൽ തെറ്റില്ല. ഇവള്‍ അക്കൂട്ടത്തിൽപ്പെട്ടവൾ തന്നെയാണ്’,  എന്നു പറഞ്ഞു് ചണ്ഡാളന്‍  വലിയൊരു കയറിട്ട് അവളെ കെട്ടിയിട്ട്  അവളുടെ മുടി ചുറ്റിവലിച്ചു.

ചണ്ഡാളൻ ഹരിശ്ചന്ദ്രനെ വിളിച്ചു പറഞ്ഞു: ‘താന്‍ ഇവളെ കൊണ്ടുപോയി കൊന്നുകളയിൻ! യാതൊരു മടിയും വേണ്ട.’

അപ്പോൾ ഹരിശ്ചന്ദ്രൻ സ്ത്രീവധാശങ്ക മൂലം ചണ്ഡാളനോടു പറഞ്ഞു. ‘പ്രഭോ ഈ കൃത്യം തനിച്ചു ചെയ്യാൻ എനിക്കാവില്ല. ദയവായി ഒരു ഭൃത്യനെ ഏർപ്പാടാക്കിത്തന്നാൽ ഞങ്ങൾ രണ്ടാളും കൂടി അങ്ങ് പറയുന്ന എന്തും ചെയ്യാം.’

‘നീ പേടിക്കണ്ട. ഇവളെ കൊല്ലാൻ മടിക്കണ്ട കാര്യമില്ല. കുഞ്ഞുങ്ങളെ പിടിച്ചു കൊല്ലുന്ന നീചയാണിവൾ. നീയാവാൾ   എടുക്കൂ.    നീചൻമാരെ വധിക്കുന്നത് പുണ്യപ്രദമാണ്.'

എന്നാൽ ഹരിശ്ചന്ദ്രൻ പറഞ്ഞു: ‘പക്ഷെ, പ്രഭോ, സ്ത്രീ വധം ഏതുവിധേനെയും പാപം തന്നെയാണ്. അറിഞ്ഞോ അറിയാതെയോ നാമത് ചെയ്തു കൂടാ. മഹാരൗരവം സ്ത്രീ ഘാതകർക്കുള്ള മഹാനരകമാണ്.’

‘ഇനി അധികമാരും ഒരക്ഷരം മിണ്ടരുത്. നല്ല മൂർച്ചയുള്ള വാളെടുക്ക്. ഒരെണ്ണത്തിനെ കൊന്നാൽ സമൂഹത്തിലെ അനേകർക്ക് രക്ഷ കിട്ടുമെങ്കിൽ അത് പാപമല്ല. മറിച്ച് പുണ്യമാണത്. ധാരാളം കുഞ്ഞുങ്ങളെ കൊന്നു തിന്ന ഇവളെ ഇല്ലാതാക്കി  ലോകത്തിന് സമാധാനം ഉണ്ടാകട്ടെ.’

‘ചണ്ഡാല പ്രഭോ, ക്ഷമിക്കണം.സ്ത്രീ വധം ചെയ്യുകയില്ല എന്നു ഞാൻ ചെറുപ്പത്തിൽ ഒരു പ്രതിജ്ഞയെടുത്തിട്ടുണ്ട് എന്നെ നിർബന്ധിക്കരുത്.’

‘ദുഷ്ടാ, യജമാനൻ പറയുന്ന കാര്യമല്ലാതെ നിനക്ക് സ്വന്തമായ അഭിപ്രായം ഉണ്ടാകാൻ പാടില്ല എന്നറിയില്ലേ?. എന്റെ ദയവാൽ കഴിയുന്ന നീ എന്നെ ധിക്കരിക്കുന്നോ? സ്വാമി കാര്യം മുടക്കുന്നവനും നരകത്തിലാണ് ചെല്ലുക.’

‘പ്രഭോ, ഇത്ര കൂടിയ ക്രൂരപ്രവൃത്തി ചെയ്യാൻ കല്പിക്കരുതേ. അങ്ങേയ്ക്ക് ദേവാസുരനരവർഗ്ഗങ്ങളിൽ ശത്രുവായ ആരെങ്കിലും ഉണ്ടെങ്കിൽ ഞാനവരെ നിഷ് പ്രയാസം ഹനിക്കാം. സിദ്ധ ഗന്ധർവ്വ നാഗങ്ങളാണെങ്കിലും ഞാൻ കൊല്ലാം. സാക്ഷാൽ ദേവേന്ദ്രൻ തന്നെയാണെങ്കിലും ഞാൻ മടി കാണിക്കില്ല.’

‘എടോ, ഒരു ഭൃത്യന് ചേരുന്ന വാക്കുകളല്ല നിന്റെ വായിൽ നിന്നും വരുന്നത്. ചണ്ഡാളന്റെ അടിമ പറയുന്നത് ദേവൻമാരുടെ ഭാഷയോ? നാണംകെട്ട് ചണ്ഡാളന് വിടുപണി ചെയ്യാൻ വന്നിട്ട് അനുസരണക്കേട് കാണിക്കുകയോ?  വേറൊന്നും പറയണ്ട. ഞാൻ പറഞ്ഞത് അനുസരിക്കുക. ഈ വാളെടുത്ത് അവളുടെ ഗളച്ഛേദം ചെയ്യുക. പെട്ടെന്നാവട്ടെ.’

Monday, October 17, 2016

ദിവസം 182 ശ്രീമദ്‌ ദേവീഭാഗവതം. 7.24. ചണ്ഡാളാജ്ഞാനുവർത്തനം

ദിവസം 182  ശ്രീമദ്‌ ദേവീഭാഗവതം.  7.24. ചണ്ഡാളാജ്ഞാനുവർത്തനം

തത: കിമകരോദ്രാജാ ചണ്ഡാലസ്യ ഗൃഹേ ഗത:
തദ് ബ്രൂഹി സൂതവര്യ ത്വം പൃച്ഛത: സത്വരം ഹി മേ
വിശ്വാമിത്രേ ഗതേ വിപ്രേ  ശ്വപചോ ഹൃഷ്ടമാനസ:
വിശ്വാമിത്രായ തദ്രവ്യം ദത്വാ ബദ്ധ്വാ നരേശ്വരം

ശൗനകൻ ചോദിച്ചു.  ‘ചണ്ഡാള ഗൃഹത്തിൽ എത്തിയ ശേഷം അവരെന്തു ചെയ്തു?’

സൂതൻ പറഞ്ഞു. വിശ്വാമിത്രൻ ധനവുമായി പോയിക്കഴിഞ്ഞപ്പോൾ ചണ്ഡാളൻ രാജാവിനെ ഒരു കയറുകൊണ്ടു് കെട്ടി വരിഞ്ഞിട്ട് ചാട്ടവാറുകൊണ്ടു് നല്ല പ്രഹരം നൽകി. “അടിച്ചു നിലയ്ക്ക്  നിര്‍ത്തിയില്ലെങ്കില്‍  ഈ കള്ളൻ ഓടിപ്പോകും” എന്നൊരു ന്യായവും പറഞ്ഞു.

രാജാവ് വേദനിച്ചു തളർന്ന് നിന്നു. ചണ്ഡാളൻ അദ്ദേഹത്തെ തന്റെ വീട്ടിലൊരു മുറിയിൽ ചങ്ങലകൊണ്ടു് പൂട്ടിയിട്ടു. എന്നിട്ടയാൾ സന്തോഷത്തോടെ ഉറങ്ങാൻ പോയി. ആ പറയക്കുടിലിൽ ആഹാര നീഹാരങ്ങൾ കൂടാതെ ചിന്താവിവശനായി രാജാവ് നേരം വെളുപ്പിച്ചു. ‘എന്റെ മകന്റെ മുഖം മനസ്സിൽ തെളിഞ്ഞു വരുന്നു. എന്നെക്കാണാതെ എന്റെ പ്രിയതമ ഇപ്പോൾ എന്തു ചെയ്യുകയാവും? 

‘എന്റെ കാന്തൻ നമ്മെ മോചിപ്പിക്കും’ എന്നവൾ കിനാവു കാണുന്നുണ്ടാവും. ‘മുനിക്ക് നൽകാനുള്ള ദക്ഷിണ നൽകി നമ്മെ അദ്ദേഹം  കൂട്ടിക്കൊണ്ടുപോകാൻ വരും.’ 

അച്ഛനെ വിളിച്ചു കരയുന്ന മകനോടു് ‘നമുക്ക് അച്ഛനെ കാണാൻ പോവാം’ എന്നവൾ സമാധാനിപ്പിക്കുന്നുണ്ടാവും.’

‘കഷ്ടം! ഞാനിപ്പോൾ ഒരു ചണ്ഡാള ജീവിതമാണ് നയിക്കുന്നതെന്ന് അവളുണ്ടോ അറിയുന്നു? രാജ്യം പോയി, സുഹൃത്തുക്കൾ ഇല്ലാതായി. ഭാര്യയെയും പുത്രനേയും വിൽക്കേണ്ടി വന്നു, ഇതൊക്കെ പോരാഞ്ഞ് ഇപ്പോളിതാ ചണ്ഡാലത്വവും. എന്റെ അഴലിന് ഒരവസാനമില്ല എന്നു വരുമോ?’ ഇങ്ങിനെ സങ്കടപ്പെട്ട് ഭാര്യയെയും മകനെയും മനസ്സിലോർത്ത് ഹരിശ്ചന്ദ്രൻ എന്ന നാലു ദിവസങ്ങൾ ആ തുറുങ്കിൽ കിടന്നു.

പിന്നെയൊരു ദിവസം അദ്ദേഹത്തെ ചങ്ങലയിൽ നിന്നും സ്വതന്ത്രനാക്കി  ചണ്ഡാളൻ പരുഷ വാക്കുകളോടെ പറഞ്ഞു. 'എടോ, കാശിയുടെ തെക്കുഭാഗത്തുള്ള ശ്മശാനത്തിൽ എരിയുന്ന പിണങ്ങൾക്കുള്ള കൂലി വാങ്ങിക്കൊണ്ടുവരാൻ നിന്നെ ഞാൻ നിയോഗിക്കുന്നു. മറ്റൊരിടത്തും പോകാൻ നിനക്ക് സ്വാതന്ത്ര്യമില്ല. ഈ ജീർണ്ണിച്ച ദണ്ഡ് നിനക്കുള്ള അധികാരത്തിനെ കാണിക്കും. വീരബാഹുവിന്റെ ദണ്ഡാണിത് എന്നെല്ലാവരും അറിയട്ടെ.’

കുറച്ചുകാലം ഹരിശ്ചന്ദ്രൻ ശ്മശാനത്തിൽ ശവം എരിക്കുന്നതിന്റെ കൂലി പിരിച്ചെടുക്കുന്ന ജോലിയിൽ വ്യാപൃതനായി കഴിഞ്ഞു. പിന്നീടു് ചണ്ഡാളന്‍ അദ്ദേഹത്തിന്‍റെ ജോലി മറ്റൊരു ചുടലക്കാട്ടിലേക്ക് മാറ്റി. കാശിക്ക് തെക്കുഭാഗത്ത് തിരക്കുപിടിച്ച ഒരു ശ്മശാനത്തിലാണ് ഹരിശ്ചന്ദ്രനെ പിന്നീട്  നിയോഗിച്ചത്. സദാ ശവമെരിയുന്ന ദുർഗന്ധം മാത്രം. അനവധി  കുറുക്കനും കഴുകനും ചെന്നായും പട്ടികളും  നിറഞ്ഞ  അവിടെ വെന്തു ബാക്കിയാവുമ്പോള്‍  പല്ലിളിച്ചുകാട്ടുന്ന ശവങ്ങൾ കാണാം. അസ്ഥികൂടങ്ങള്‍ ആ ഇളിയിലൂടെ മനുഷ്യദേഹത്തിന്റെ അവസ്ഥയെ കളിയാക്കി ചിരിക്കുകയാണോ എന്നു തോന്നും. എമ്പാടും ശവങ്ങള്‍ തിന്നാൻ ആർത്തു വരുന്ന മാംസഭോജികളായ മൃഗങ്ങള്‍. മരിച്ചവരുടെ  ബന്ധുക്കളും മിത്രങ്ങളും വാവിട്ടു കരയുന്ന ശബ്ദവും മൃഗങ്ങൾ കടി പിടി കൂടുന്ന ശബ്ദവും കൊണ്ട് ചുടലക്കളമാകെ ശബ്ദായമാനമാണ്. മാംസം ദഹിക്കുമ്പോൾ  ‘ഛും ഛും..’ നാദവും വിറകെരിയുന്ന ‘ചടചടാ’ ശബ്ദവും എപ്പോഴും കേൾക്കുന്നു. അതിഭീകരമാണ് ആ ചുടലക്കാടിന്റെ അന്തരീക്ഷം.

തനിച്ചിരിക്കുമ്പോള്‍ ‘അല്ലയോ മിത്രങ്ങളേ, ഭൃത്യരേ, മന്ത്രിമാരേ, മകനേ, നിങ്ങളൊക്കെ എവിടെയാണ്? എന്റെ രാജ്യവും ഭാര്യയും മകനും ആരുമിപ്പോൾ എനിക്ക് തുണയില്ല. ഭാഗ്യം കെട്ട എനിക്ക് ബ്രാഹ്മണ ശാപം മൂലം വന്ന ദുരന്തങ്ങൾ എത്ര വലുതാണ്? ധർമ്മം  വെടിഞ്ഞ് നടക്കുന്നവന് എങ്ങിനെ ശുഭമുണ്ടാകാനാണ്?’ എന്നിങ്ങിനെ ഹരിശ്ചന്ദ്രന്‍ വിലപിച്ചുകൊണ്ട് കാലം കഴിച്ചു കൂട്ടി.   എരി തീയ്ക്കരികിൽ നിന്നും ശവങ്ങള്‍ എണ്ണി കണക്കെടുത്ത്, രാജാവിന്റെ ദേഹം കറുത്തിരുണ്ടു് വിറകുകമ്പുപോലെ ശോഷിച്ചു.

ശവം ഏരിക്കുന്നതിന്റെ കൂലിക്കണക്ക് ‘ഈ ശവത്തിന് നൂറു പണം കൂലി വാങ്ങണം, അതിൽ രാജാവിനിത്ര പണം, യജമാനനായ ചണ്ഡാലനിത്ര പണം,’ തുടങ്ങിയ കാര്യങ്ങൾ കൂട്ടിയും കിഴിച്ചും രാജാവ് കഷ്ടപ്പെട്ടു. കീറിപ്പഴകിയ ഒരൊറ്റ മുണ്ട് അരയിലും അതുപോലൊന്ന് തോളത്തുമാണ് വേഷം. മേലാകെ ചിതാഭസ്മം പുരണ്ടിരിക്കുന്നു. കൈ വിരലുകളിൽ മൃതദേഹങ്ങളില്‍ നിന്നുള്ള മേദസ്സും വസയും മജ്ജയും പറ്റിപ്പിടിച്ചിരിക്കുന്നു. ശവത്തിനു വായ്ക്കരിയിടാൻ ബന്ധുക്കള്‍ കൊണ്ടുവരുന്ന ചോറാണ് ദിവസവും തിന്നാൻ കിട്ടുന്നത്. കഴുത്തിലിടാൻ ശവങ്ങളെ  അണിയിച്ച പൂമാലകൾ ആവശ്യത്തിനുണ്ട്. രാപകൽ ജോലി ചെയ്ത് രാജാവ് തളർന്നു. അങ്ങിനെ പന്ത്രണ്ടു മാസം ഹരിശ്ചന്ദ്രൻ അവിടെ തള്ളി നീക്കി. എന്നാല്‍ അതൊരു നൂറു കൊല്ലമായി എന്നാണ് അദ്ദേഹത്തിനു തോന്നിയത്.

Friday, October 14, 2016

ദിവസം 181 ശ്രീമദ്‌ ദേവീഭാഗവതം. 7. 23. ആത്മ വിക്രയം

ദിവസം 181  ശ്രീമദ്‌ ദേവീഭാഗവതം. 7. 23.  ആത്മ വിക്രയം

തമേവ മുക്ത്വാ രാജാനം നിർഘൃണം നിഷ്ഠൂരം വച:
തദാദായ ധനം പൂർണ്ണം കുപിത: കൗശികോ യയൗ
വിശ്വാമിത്രേഗതേ രാജാ തതഃ ശോകമുപാഗത:
ശ്വാസോച്ഛ്വാസം മുഹു: കൃത്വാ പ്രോവാചോച്ചൈരധോമുഖ:

നിർദ്ദയമായി ഹരിശ്ചന്ദ്രനോട് പണത്തിന്റെ കണക്കു പറഞ്ഞ് ദക്ഷിണാധനമായി കിട്ടിയ പണവും വാങ്ങി കൗശികൻ മടങ്ങിപ്പോയി. മുനി പോയിക്കഴിഞ്ഞപ്പോൾ ദുഖം പൊറുക്കാനാവാതെ രാജാവ് ഓരോന്ന് പറഞ്ഞ് എണ്ണിപ്പെറുക്കി കരഞ്ഞു. പിന്നെ നെടുവീർപ്പിട്ടുകൊണ്ടു് അദ്ദേഹം വിളിച്ചു പറഞ്ഞു. “ഞാനെന്ന ഈ ദേഹത്തെ  ഞാനിതാ വില്‍ക്കുന്നു. ആർക്കെങ്കിലും വേണമെങ്കിൽ വാങ്ങിക്കൊള്ളൂ. ഇനി സന്ധ്യയാവാൻ ഒരു യാമമേ ബാക്കിയുള്ളു. അതിനു മുൻപ് ഈ വിക്രയം നടന്നേ തീരൂ.”

പെട്ടെന്നവിടെ ഒരു ചണ്ഡാളന്റെ വേഷത്തിൽ യമധർമ്മൻ ആഗതനായി. വികൃതരൂപം, ദുര്‍ഗന്ധം, കുടവയർ, കോന്ത്രൻ പല്ല്, കപ്പടാമീശ എല്ലാമായി വല്ലാത്തൊരു രൂപമായിരുന്നു അവന്. കയ്യിൽ ഒരസ്ഥിമാലയും ഉണ്ടായിരുന്നു. കരിമെഴുക്ക് നിറഞ്ഞ ദേഹം, കയ്യിൽ 
ജീർണ്ണിച്ചൊരു വടിയും പിടിച്ച് അയാൾ വന്നു നിന്നപ്പോൾ രാജാവ് ചോദിച്ചു. 'നീയാരാണ്?

‘ഞാൻ ഇവിടുത്തെ പേരു കേട്ട ചണ്ഡാളനാണ്. പേര് പ്രവീരൻ. നിന്നെ എനിക്ക് ദാസനാക്കാനായി വിലക്ക് വേണം. ശവം എരിക്കുന്നതിന്റെ കൂലി ശേഖരിച്ച് എന്നെയേൽപ്പിക്കുക എന്നതാണ് ജോലി.  നിനക്ക് എത്ര ധനമാണ് വിലയായി തരേണ്ടത് ?.

‘ഒരു ബ്രാഹ്മണനോ ക്ഷത്രിയനോ എന്നെ വാങ്ങുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്’ എന്നായി ഹരിശ്ചന്ദ്രൻ. ‘ഉത്തമന് ഉത്തമ ധർമ്മം, അതുപോലെ മധ്യമനും അധമനും അവരവരുടെ ധർമ്മങ്ങൾ ഉണ്ടല്ലോ.’

അപ്പോൾ ചണ്ഡാളൻ പറഞ്ഞു. ‘ധർമത്തിന്റെ കാര്യം പറഞ്ഞത് നേരാണ്. പക്ഷേ നീ നിന്നെത്തന്നെ വിൽക്കാനായി വിളിച്ചു പറഞ്ഞത് സാമാന്യമായി ‘ആർക്കും എന്നെ വാങ്ങാം’ എന്നാണല്ലോ. അതായത് ഈ വിക്രയത്തിൽ നീ യാതൊരു നിബന്ധനയും വെച്ചിട്ടില്ല. അപ്പോൾ ചണ്ഡാളനായ എനിക്കും നിന്നെ വാങ്ങാമെന്നു വരുന്നു. നീ സത്യവാനാണെങ്കിൽ പറഞ്ഞ വാക്കിൽ നിന്നും പിൻമാറുകയില്ല.’

‘ശരി. സത്യം മറന്നു ജീവിക്കുന്നതിലും ഭേദം ചണ്ഡാള ജീവിതമാണ്.’ രാജാവ് സമ്മതിച്ചു.

അപ്പോഴേക്കും കൗശികൻ ക്രോധത്തോടെ അവിടെയെത്തി. ‘ഈ ചണ്ഡാളൻ നിനക്ക് കടം തീർക്കാനുള്ള പണം തരുമല്ലോ. എന്നിട്ടും എന്നാണൊരമാന്തം? ദക്ഷിണ ബാക്കി തന്നു തീർത്ത് എന്ന പറഞ്ഞയച്ചാലും.’

ഹരിശ്ചന്ദ്രൻ പറഞ്ഞു. ‘ഞാൻ സൂര്യവംശത്തിൽപ്പിറന്ന ഒരു രാജാവാണ്. ധനത്തിനായി ഞാൻ ഒരു ഹീനജാതിക്കാരന്റെ ഭൃത്യനാവാനാണ് അങ്ങ് പറയുന്നത്.’

‘അതെന്തുമാകട്ടെ. നീ നിന്നെ വിറ്റ് കിട്ടുന്ന പണം എനിക്കിപ്പോൾ തന്നില്ലെങ്കിൽ നീയതിന്റെ ഫലം അനുഭവിക്കുക തന്നെ ചെയ്യും. എന്റെ ശാപശക്തി നിനക്കറിയാമെന്നു തോന്നുന്നു. ഇവനല്ലെങ്കിൽ ഏതെങ്കിലും ബ്രാഹ്മണനെ കണ്ടു പിടിച്ച് എനിക്കുള്ള ധനം തരിക. സൂര്യാസ്തമയത്തിന് ഇനി നേരമധികമില്ല. എന്‍റെ ശാപാഗ്നിയിൽ ദഹിക്കാനാവും നിന്റെ യോഗം.’

രാജാവ് മഹർഷിയുടെ കാൽ പിടിച്ച് ദയക്കായി യാചിച്ചു. ‘ബാക്കിയുള്ള ധനത്തിന് പകരമായി ഞാൻ അങ്ങയുടെ ദാസനായിക്കൊള്ളാം’ എന്നും രാജാവ് പറഞ്ഞു നോക്കി.

പെട്ടെന്ന് മുനി ആ അപേക്ഷയ്ക്ക് സമ്മതം നൽകി. 'ശരി. ഇനി മുതൽ നീയെന്റെ ഭൃത്യൻ. ഞാൻ പറയുന്നതുപോലെ അനുസരണയോടെ കഴിയണം.'

രാജാവിന് സമാധാനമായി. ‘അങ്ങയുടെ കൽപ്പന അനുസരിച്ച് ഞാൻ നടന്നു കൊള്ളാം. മഹർഷേ ആജ്ഞാപിച്ചാലും.’

അപ്പോൾ വിശ്വാമിത്രന്റെ സ്വരം മാറി. അദ്ദേഹം അടുത്തു നിന്ന ചണ്ഡാളനോട് പറഞ്ഞു. ‘എന്റെയീ ഭൃത്യന് നീയെത്ര വില തരും? എനിക്ക് കൂടെയൊരു ദാസനുണ്ടായതുകൊണ്ടെന്തു കാര്യം? അവന്‍റെ ചിലവിനുള്ളതുകൂടി ഞാന്‍ കണ്ടെത്തണം. ഇപ്പോള്‍ എനിക്കു വേണ്ടത് ധനം മാത്രമാണ്.’

‘മഹാ ബ്രാഹ്മണാ, ഞാൻ അങ്ങേയ്ക്കായി പത്തുയോജന വിസ്താരത്തിൽ പ്രയാഗ മണ്ഡലത്തിലുള്ള ഭൂമിയിൽ രത്നക്കല്ലുകൾ പാകി നൽകാം. ഇയാളുടെ ദുഖത്തിനും അങ്ങിനെ ശമനമാകട്ടെ.’

ചണ്ഡാളൻ നൽകിയ മുത്തും രത്നവുമെല്ലാം മുനി സ്വീകരിച്ചു. ഹരിശ്ചന്ദ്രനെ അവന് വിറ്റു.
രാജാവ് ഇതെല്ലാം സമചിത്തതയോടെ കേട്ടുനിന്നു. വിശ്വാമിത്രൻ തന്റെ ഉടമയാണല്ലോ. അദ്ദേഹം പറയുന്നതും ചെയ്യുന്നതും ഒന്നും അടിമയായ തനിക്ക് ചോദ്യം ചെയ്യാൻ അവകാശമില്ല.

ഉടനെ രാജാവിന്റെ തലയിൽ ആകാശത്തു നിന്നും പുഷ്പങ്ങൾ വീണു. 'രാജാവേ, അങ്ങയുടെ കടം വീടിക്കഴിഞ്ഞു.' എന്നൊരശരീരി ശബ്ദവും കേൾക്കായി.

ദേവൻമാർ സന്തോഷത്തോടെ ‘നന്ന്, നന്ന്’ എന്ന് ഘോഷിച്ചു.  സംതൃപ്തനായ രാജാവ് വിശ്വാമിത്രനോടു് ‘എന്നെ ഋണമോചിതനാക്കിയ അങ്ങ് എന്റെ മാതാപിതാക്കൾക്ക് തുല്യനാണ്. ഇനി ഞാനെന്താണ് ചെയ്യാന്നുള്ളതെന്ന് ആജ്ഞാപിച്ചാലും.’

'ഇനി മുതൽ നായയെ ചുട്ടു തിന്നുന്ന ഇയാളാണ് നിന്റെ യജമാനൻ. അവനെ അനുസരിക്കുക. നിനക്ക് മംഗളം നേരുന്നു.' എന്നു പറഞ്ഞ്  മുനി കിട്ടിയ ധനവും കൈയിൽപ്പിടിച്ച് ധൃതിയിൽ അവിടം വിട്ടു പോയി. ചണ്ഡാളന്‍ ഹരിശ്ചന്ദ്രനെ കയറുകൊണ്ട് ബന്ധിച്ച്  അവന്‍റെ കുടിലിലേയ്ക്ക് നടന്നു.

Thursday, October 13, 2016

ദിവസം 180 ശ്രീമദ്‌ ദേവീഭാഗവതം. 7. 22. പത്നീപുത്രവിക്രയം

ദിവസം 180   ശ്രീമദ്‌ ദേവീഭാഗവതം. 7. 22. പത്നീപുത്രവിക്രയം

സ തയാ നോദ്യമാനസ്തു രാജാ പത്ന്യാ പുന: പുന:
പ്രാഹ ഭദ്രേ കരോമ്യേഷ വിക്രയം തേ സുനീർഘൃണ:
നൃശംസൈരപി യത്കർത്തും ന ശക്യം തത്കരോമ്യഹം
യദി തേ ഭ്രാജതേ വാണീ വക്തുമീദൃക്  സുനിഷ്ഠുരം

ഭാര്യ വീണ്ടും നിർബന്ധിച്ചപ്പോൾ ഹരിശ്ചന്ദ്രൻ പറഞ്ഞു. 'ശരി നിർദ്ദയം നിന്നെ വിറ്റിട്ടും മുനിയുടെ കടം തീർത്തുകളയാം. കഠിനഹൃദയൻമാർ പോലും ചെയ്യാൻ മടിക്കുന്ന ഇക്കാര്യം ചെയ്യാൻ നീയെന്നോട് പറഞ്ഞുവല്ലോ.' ഇത്രയും പറഞ്ഞ് കണ്ണീരോടെ ആ മന്നൻ വഴിയരുകിൽ ഭാര്യയെ മുന്നിൽ നിർത്തി ഇങ്ങിനെ വിളിച്ചു പറഞ്ഞു. "അല്ലയോ നാട്ടുകാരേ, എന്റെ പ്രാണപ്രിയയായ ഈ നാരിയെ ദാസിവേലയ്ക്കായി വിൽക്കാൻ ഞാൻ തയ്യാറാണ്. എനിക്കു വേണ്ടത്ര പണം തന്ന് നിങ്ങൾ വാങ്ങിക്കൊണ്ടു പെയ്ക്കൊള്ളുക.”

‘സ്വന്തം ഭാര്യയെ വിൽക്കാൻ നോക്കുന്ന നിങ്ങൾ ആരാണ്?’ എന്ന് നഗരത്തിലെ ചിലർ ചോദിച്ചു.

അതിനുത്തരമായി “ഞാനൊരു ക്രൂരൻ! മനുഷ്യത്വമില്ലാത്ത രാക്ഷസൻ, മഹാപാപി" എന്നാ രാജാവ് ആത്മനിന്ദയോടെ ഉത്തരം പറഞ്ഞു.

ശബ്ദം കേട്ട് വിശ്വാമിത്രൻ ഒരു ബ്രാഹ്മണവേഷത്തിൽ വന്ന് ‘ഞാനിവളെ ദാസിയായി വാങ്ങാം’, എന്നറിയിച്ചു. ‘ആവശ്യത്തിനു ധനം ഞാൻ തരാം. എന്റെ ഭാര്യ സുന്ദരിയാണ് പക്ഷേ വീട്ടുജോലിക്കായി പ്രാപ്തിയുള്ള ഒരാളെയാണ് എനിക്കാവശ്യം. എത്ര പണമാണ് അങ്ങേയ്ക്ക് വേണ്ടത്?’

രാജാവ് ഒന്നും മിണ്ടാതെ ദുഖിതനായി നിന്നു.

ബ്രാഹ്മണൻ വീണ്ടും പറഞ്ഞു. ‘ശാസ്ത്രങ്ങളിൽ ആണിനും പെണ്ണിനും വില പറഞ്ഞു വച്ചിട്ടുണ്ട്. പ്രവൃത്തി, രൂപശീലങ്ങൾ എന്നിവയ്ക്ക് അനുസരിച്ചാണ് വില നിശ്ചയിച്ചിട്ടുള്ളത്. മുപ്പത്തിരണ്ടു ലക്ഷണങ്ങളും ഗുണശീലങ്ങളും തികഞ്ഞ സ്ത്രീയ്ക്ക് ഒരു കോടി പവൻ. അങ്ങിനെയുള്ള പുരുഷനാണെങ്കിൽ പത്തുകോടിയാണ് നിരക്ക്. എന്താ പോരേ?’ വീണ്ടും ഹരിശ്ചന്ദ്രൻ ഒന്നും മിണ്ടിയില്ല.

ധനം മരവുരിക്ക് മുകളില്‍ വച്ച് ബ്രാഹ്മണൻ രാജ്ഞിയുടെ മുടിക്കെട്ടിൽ പിടിച്ചു വലിച്ച് അവളെ നടത്താന്‍ തുടങ്ങി. 

“എന്നെയൊന്നു വിടണേ, ഞാനെന്റെ മകനെ ഒന്നുകൂടി കണ്ടുകൊള്ളട്ടെ. ഇനിയെന്നാണവന്റെ മുഖമൊന്നു കാണാൻ എനിക്കു യോഗമുണ്ടാവുക? മകനേ, നീയെന്നെ ഒന്നു നോക്കിയാൽ മതി. ദാസിയായി പോകുന്ന എന്നെ രാജകുമാരനായ നീയിനി തൊടാൻ പാടില്ല.” എന്നൊക്കെ ആ അമ്മ നിലവിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

അമ്മയുടെ കഷ്ടസ്ഥിതി കണ്ടിട്ട് ബാലൻ ‘അമ്മേ, അമ്മേ’ എന്ന നിലവിളിച്ചുകൊണ്ടു് രാജ്ഞിയെ ചുറ്റിപ്പിടിച്ചു കൂടെ ചെന്നു. തലയിൽ ചെറിയൊരു കുടുമയുള്ള ആ കോമളകുമാരൻ അമ്മയുടെ ചേല പിടിച്ചുവലിച്ചു.

അപ്പോൾ രാജ്ഞി ബ്രാഹ്മണനോടു് പറഞ്ഞു. 'ദയവുണ്ടായി ഈ കുഞ്ഞിനെക്കൂടി അങ്ങ് വാങ്ങണം. അവനെക്കുടാതെ എനിക്ക് ഒന്നും ചെയ്യാനാവില്ല.'

‘ശരി. എന്നാൽ ഈ പണം കൂടിയെടുത്ത് ഇവനെയും വിലയ്ക്ക് തരിക. ധർമ്മശാസ്ത്രങ്ങൾ പറയുന്ന വിലയായ പത്തുകോടി പവന്‍ ഞാൻ തരാം.’ അദ്ദേഹം പണം വീണ്ടും മരവുരിക്ക് മുകളില്‍ വച്ചു.

അമ്മയെയും മകനെയും ഒരു കയറാല്‍ ബന്ധിച്ച് ബ്രാഹ്മണൻ സ്വന്തം വീട്ടിലേയ്‌ക്ക് പുറപ്പെട്ടു. രാജ്ഞി ഹരിശ്ചന്ദ്രനെ വലംവച്ച് നമസ്ക്കരിച്ച്   ഇങ്ങിനെ പ്രാര്‍ത്ഥിച്ചു.  'ഭഗവാനേ, ഇതുവരെ ഞാൻ ചെയ്ത ദാനധർമ്മങ്ങളും വിപ്രപൂജയും അങ്ങ് സ്വീകരിച്ചുവെങ്കിൽ ഇനിയുള്ള   ജന്മത്തിലും ഈ മഹാരഥൻ എന്റെ കാന്തനായി തീരേണമേ'.

പ്രാണപ്രിയ ഇങ്ങിനെ നമസ്കരിച്ചു നിൽക്കുമ്പോൾ രാജാവ് കണ്ണീരൊഴുക്കി. 'ഹാ ഹാ ' എന്നദ്ദേഹം നിലവിളിച്ചു. 'മരത്തിനെ അതിന്‍റെ തണൽ വേർപിരിയുമോ? എന്നെ വിട്ട് നിനക്കെങ്ങിനെ പോവാനാകും? ഇതുപോലെ സദ്ഗുണശീലയായ ആരുണ്ടീ ലോകത്ത് ?  എന്റെ മകനേ, നീയും എന്നെ വിട്ട് എങ്ങോട്ടാണ് പോവുന്നത്? ഇനി ഞാൻ എവിടെപ്പോവും? എന്റെ രാജ്യം പോയതിലും വനവാസവിധിയിലും എനിക്ക് വിഷമമില്ല. എന്നാൽ സ്വന്തം പുത്രനെ ഞാനെങ്ങിനെ പിരിഞ്ഞു ജീവിക്കും? നല്ല ഭർത്താക്കൻമാർക്ക് സുഖഭോഗം നൽകുന്നവളാണ് ഭാര്യ. എന്നാലിപ്പോൾ നീയിതാ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവളായി. ഇക്ഷ്വാകു കുലത്തിൽ പിറന്ന രാജാവിന്റെ ഭാര്യക്കാണ് ഈ ഗതി വന്നത്! ഈ ദുഖസമുദ്രത്തിൽ നിന്നു കരകയറ്റി എനിക്ക് സമാധാനം തരാൻ ഏതു പഴംപുരാണം ആര് പറഞ്ഞാലാണ് മതിയാവുക?

ആ രാജാവ് നോക്കിനിൽക്കെ ചാട്ടവാർ കൊണ്ടു് പ്രഹരിച്ച് രണ്ടാളെയും വിപ്രൻ ആട്ടിത്തെളിച്ചു. 

‘സൂര്യചന്ദ്രൻമാരടക്കം പരപുരുഷൻമാർ ആരും കണ്ടിട്ടില്ലാത്ത എന്‍റെ മഹാരാജ്ഞിയിതാ നഗരവീഥിയിലൂടെ ദാസിയായി പോകുന്നു! പൂംപട്ടുവിരലുകളുള്ള എന്റെ മകൻ, രാജകുമാരനായി ജനിച്ചിട്ടുമിതാ നീചനായ എന്റെ ദുർനയങ്ങൾ മൂലം ഈ ഗതിയിലായി. ഇത്രയൊക്കെ വിധിവൈപരീത്യങ്ങൾ വന്നിട്ടും  എന്റെ പ്രാണൻ എന്നെ വിട്ടു പോവാത്തതെന്തേ?'

കാശിയിലെ ഉയർന്ന മരങ്ങളും രമ്യഹർമ്യങ്ങളും നിറഞ്ഞ ആ വീഥിയിൽ രാജ്ഞിയും കുമാരനും നടന്നു മറഞ്ഞു. അപ്പോഴേക്കും വിശ്വാമിത്രൻ അവിടെയെത്തി. അദ്ദേഹത്തിന്റെ ശിഷ്യൻമാരും കൂടെയുണ്ട്.

‘നീ തരാമെന്ന് പറഞ്ഞദക്ഷിണയെവിടെ? സത്യത്തെ മാനിക്കുന്നുവെങ്കിൽ അതിപ്പോൾത്തന്നെ തരിക.’

‘ഇതാ അങ്ങേക്ക് തരാനുള്ള പണം. ഞാൻ രാജസൂയദക്ഷിണ തരാമെന്നേറ്റിരുന്നത് മുഴുവനുമുണ്ട്.’

‘നിനക്കീ പണം എങ്ങിനെ കിട്ടി?’ എന്നായി മുനി.

‘അത് അങ്ങെന്തിന്നറിയണം.? അക്കഥ പറഞ്ഞ് എന്റെ ദുഖം വർദ്ധിപ്പിക്കാൻ ഞാനുദ്ദേശിക്കുന്നില്ല.’

‘ഞാൻ ശുദ്ധമായ ധനമേ സ്വീകരിക്കൂ. അതുകൊണ്ടു്  ദ്രവ്യം ഉണ്ടാക്കിയത് എങ്ങിനെയെന്ന് എനിക്കറിഞ്ഞേ തീരൂ.’ മാമുനി വിട്ടില്ല.

‘ഞാൻ പതിനൊന്നു കോടി പവൻ വിലയ്ക്ക് എന്റെ മകനെയും പ്രിയ പത്നിയെയും വിറ്റുകിട്ടിയ പണമാണിത്. അങ്ങതു സ്വീകരിച്ചാലും.’

'ഇതു മതിയാവില്ല രാജാവേ, പണം ഇനിയും ഉണ്ടെങ്കിലല്ലേ ദക്ഷിണയുടെ തുക മുഴുവനുമാവൂ. അതു കൊണ്ട് ഇനിയും പണമുണ്ടാക്കാൻ വേണ്ടത് ചെയ്യുക. ക്ഷത്രിയാധമനായ നീ ‘ദക്ഷിണയായിട്ട് ഉള്ളതു മതി’ എന്നു തീരുമാനിച്ചാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും. എന്റെ ശാപശക്തി എന്തെന്ന്, ഈ ബ്രാഹ്മണന്റെ ആത്മപ്രഭാവം, ശുദ്ധമായ അദ്ധ്യയനം എന്നിവയുടെ ശക്തി നിനക്കറിയണമെന്നുണ്ടോ?

‘ഭഗവൻ, ക്ഷമിക്കൂ ഞാൻ ബാക്കി ധനം എങ്ങിനെയും തന്നുതീർത്തു കൊള്ളാം. കുറച്ചു സാവകാശം തന്നാലും.’

‘ശരി, ഇനിയും ദിവസത്തിന്റെ നാലിലൊന്ന് തീരാനുണ്ടല്ലോ. അതുവരെ ക്ഷമിക്കാം. പിന്നെ അവധിക്കായി ചോദിച്ചേക്കരുത്.

Saturday, October 8, 2016

ദിവസം 179 ശ്രീമദ്‌ ദേവീഭാഗവതം. 7.21. ഹരിശ്ചന്ദ്രശോകം

ദിവസം 179    ശ്രീമദ്‌ ദേവീഭാഗവതം.  7.21. ഹരിശ്ചന്ദ്രശോകം

ഏതസ്മിന്നന്തരേ പ്രാപ്തോ വിശ്വാമിത്രോ മഹാതപാ:
അന്തകേന സമ: ക്രുദ്ധോ ധനം സ്വം യാചിതും ഹൃദാ
തമാലോക്യ ഹരിശ്ചന്ദ്ര: പപാത ഭുവി മൂർച്ഛിത:
സവാരിണാ തമഭ്യുക്ഷ്യ രാജാനമിദമബ്രവീത്

മഹാ തപസ്വിയാണെങ്കിലും ക്രുദ്ധനായ കൗശികൻ തനിക്ക് കിട്ടാനുള്ള പണത്തിനായി ഹരിശ്ചന്ദ്രന്റെ മുന്നിൽ ഒരന്തകനെപ്പോലെ ആഗതനായി. മുനിയെ കണ്ട് മോഹാലസ്യപ്പെട്ട രാജാവിനെ വിശ്വാമിത്രൻ വെള്ളം മുഖത്തു തളിച്ച് എന്നേൽപ്പിച്ചു. ‘വേഗമാകട്ടെ തരാനുള്ള പണം ഉടനെ തന്നു തീർക്കണം. അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ വർദ്ധിക്കുകയേയുള്ളൂ.’

മുഖത്ത് തണുത്ത ജലം വീണപ്പോൾ ഉണർന്നുവെങ്കിലും രാജാവ് വീണ്ടും മൂർഛിച്ചു വീണു. മുനി വീണ്ടും പറഞ്ഞു: ‘വാക്കിനു വിലയുണ്ടെങ്കിൽ എനിക്കുള്ള ദക്ഷിണ ഉടനെ തന്നെ തരിക. ശ്രേഷ്ഠൻമാർ സത്യം വെടിഞ്ഞു നടക്കുകയില്ല. ഭൂമിയുടെ നിലനില്പ് സത്യത്തെ അടിസ്ഥാനമാക്കിയാണ്. സൂര്യൻ ജ്വലിക്കുന്നതും സ്വർഗ്ഗ നരകങ്ങൾ നിലകൊള്ളുന്നതും സത്യത്താലത്രേ. സത്യം ഒരു തട്ടിലും മറ്റേ തട്ടിൽ ആയിരം അശ്വമേധയാഗഫലങ്ങളും വച്ചാൽ സത്യത്തിന്റെ തട്ട് താഴ്ന്നു തന്നെയിരിക്കും. ഇന്ന് അസ്തമയത്തിനു മുൻപ് തരാനുള്ള പണം തന്നില്ലെങ്കിൽ എന്‍റെ  ശാപശക്തി നീയനുഭവിക്കുകതന്നെ ചെയ്യും.’

ഇങ്ങിനെ ഭീഷണിപ്പെടുത്തി കൌശി കൻ പോയപ്പോൾ രാജാവ് ‘ഇനിയെന്താണു ചെയ്യുക’ എന്ന് വേവലാതിപ്പെട്ടു. 

ആ സമയത്ത് ജ്ഞാനിയായ  ഒരു ബ്രാഹ്മണൻ മറ്റു ബ്രാഹ്മണരുമൊത്ത് തന്‍റെ വീട്ടിൽ നിന്നും പുറത്തിറങ്ങിപ്പോവുന്നത് കണ്ടു. അവർ വരുന്നതുകണ്ട രാജ്ഞി പറഞ്ഞു: ‘വർണ്ണങ്ങളിൽ പിതാവായി കണക്കാക്കുന്നത് ബ്രാഹ്മണരെയാണല്ലോ. അപ്പോൾപ്പിന്നെ അവരോടു് സഹായമഭ്യർത്ഥിക്കുന്നതിൽ അപാകതയൊന്നുമില്ല. മകന് അച്ഛനോടു് ധനം ചോദിക്കാം. അതു കൊണ്ട് മഹാരാജാവേ, കടം വീട്ടാനുള്ള ധനം ഇവരോട് ചോദിച്ചാലും.’

‘രാജാവായ ക്ഷത്രിയന് സംഭാവന വാങ്ങാൻ വിധിയില്ലല്ലോ. വിപ്രർക്ക് യാചനയാവാം. പക്ഷേ ക്ഷത്രിയന് അത് നിഷിദ്ധമല്ലേ? ബ്രാഹ്മണർ എല്ലാവരാലും പൂജിക്കപ്പെടേണ്ടവരാണ്.  ദാനം, അദ്ധ്യയനം, യജ്ഞം, ശരണാഗത രക്ഷണം എന്നിവ ക്ഷത്രിയ ധർമ്മമാണ്. പ്രജകളെ പരിപാലിക്കൽ രാജാവിന്റെ ചുമതലയാണ്. “ധനം സംഭാവനയായി തരൂ” എന്ന് പറയാൻ എന്‍റെ നാവു പൊന്തുന്നില്ല. മറിച്ച്  “ഞാനിതാ തരുന്നു” എന്നേ വായിൽ വരുന്നുള്ളു. അതാണല്ലാ ഇതുവരെ ശീലിച്ചത്. എവിടെ നിന്നെങ്കിലും കുറച്ച് ധനം സംഘടിപ്പിച്ച് ആ വിപ്രന് നല്കണമെന്നാണ് ഇപ്പോഴും എന്റെയുള്ളിൽ തോന്നുന്നത്.’

അപ്പോൾ രാജ്ഞി ചിതം പറഞ്ഞു. ‘അങ്ങ് പറഞ്ഞത് രാജനീതി. പക്ഷേ കാലം ഒരാളെ ധനികനായും മറ്റൊരാളെ പിച്ചക്കാരനായും മാറ്റുന്നു. മാനാപമാനഭാവങ്ങൾക്ക് കാലം ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നു. മറ്റൊരു ബ്രാഹ്മണനല്ലേ നമ്മുടെ ഐശ്വര്യമെല്ലാം കവർന്നെടുത്ത് നമ്മെ പെരുവഴിയിൽ തള്ളിയത്?’

‘എന്റെ നാവറുത്താലും “എനിക്ക്  സഹായം  തരണേ” എന്നു  യാചിക്കാൻ എനിക്കാവില്ല. ക്ഷത്രിയനായ ഞാൻ കയ്യൂക്ക് കൊണ്ട് ധനം സമ്പാദിച്ചിട്ടാണെങ്കിലും ദാനം ചെയ്യേണ്ടവനാണ് ഇരക്കേണ്ടവനല്ല.’

‘ശരി, അങ്ങേയ്ക്ക് ദാനം യാചിക്കാൻ വയ്യെങ്കിൽ വേണ്ട എന്നെ   വിറ്റു കൊള്ളൂ. അങ്ങിനെ സ്വന്തം  ബ്രാഹ്മണ ഋണത്തിൽ നിന്നും മോചിതനാവൂ. അങ്ങ് വിധി പ്രകാരം എന്നെ വേട്ട് രക്ഷിച്ചു വരുന്നു. സംരക്ഷിക്കുന്ന  ഭർത്താവിന് ഭാര്യയെ ശിക്ഷിക്കാനും അവകാശമുണ്ട്.  എന്നെ  ശിക്ഷിക്കുന്നത്  പാപമാവില്ല.’

ഭാര്യയുടെ വാക്കുകൾ കേട്ട് ഹരിശ്ചന്ദ്രൻ “കഷ്ടം കഷ്ടം” എന്നു   വിലപിച്ചു.

വീണ്ടും രാജ്ഞി അദ്ദേഹത്തെ ഓർമിപ്പിച്ചു: ‘വെറുതേ മുനിശാപം  വാങ്ങി ആ ദു:ഖം കൂടി അനുഭവിക്കാൻ ഇട വരേണ്ട രാജാവേ. അങ്ങ് ഭാര്യയെ വിൽക്കുന്നത് ചൂതുകളിക്കാനോ മദ്യപിക്കാനോ മറ്റു രാജ്യങ്ങള്‍  കീഴടക്കാനോ പരനാരികളുമായി രമിക്കാനോ അല്ലല്ലോ? സത്യ സംരക്ഷണത്തിനായി സ്വന്തം പത്നിയെപ്പോലും വിറ്റ് ഗുരുദക്ഷിണയുടെ കടം വീട്ടിയ ഹരിശ്ചന്ദ്രൻ എന്നേ ആളുകൾ അങ്ങയെപ്പറ്റി പറയൂ.’