ദിവസം 321. ശ്രീമദ് ദേവീഭാഗവതം. 12.12. ചിന്താമണിഗൃഹവർണ്ണനം
തദേവ ദേവീസദനം മദ്ധ്യഭാഗേ വിരാജതേ
സഹസ്രസ്തംഭസംയുക്താശ്ചത്വാരാസ്തേഷു മണ്ഡപാ:
ശൃംഗാരമണ്ഡപശ്ചൈകോ മുക്തിമണ്ഡപ ഏവ ച
ജ്ഞാനമണ്ഡപസംജ്ഞസ്തു തൃതീയ: പരികീർത്തിത:
വ്യാസൻ തുടർന്നു: ആ പ്രകാശധോരണിയുടെ ഒത്ത നടുക്കായി ദേവിയുടെ സദനം കാണാം. ആയിരം സ്തംഭങ്ങളോടെയുള്ള നാലു മണ്ഡപങ്ങൾ അവിടെയുണ്ട്. ശൃംഗാര മണ്ഡപം, മുക്തി മണ്ഡപം, ജ്ഞാനമണ്ഡപം, ഏകാന്തമണ്ഡപം എന്നിവയാണ് ആ സ്ഥാനങ്ങൾ. നാനാധുപങ്ങൾ പുകച്ചും നാനാവിധാനങ്ങളാൽ അലങ്കരിച്ചും ആ മണ്ഡപങ്ങൾ കോടി സൂര്യപ്രഭയോടെ അതിസുന്ദരങ്ങളായി കാണപ്പെടുന്നു.
മണ്ഡപങ്ങൾക്ക് ചുറ്റുമായി കാശ്മീര പൂന്തോട്ടങ്ങളാണ്. പിച്ചകം, മുല്ല, തുടങ്ങിയ സുഗന്ധവല്ലികൾ നിറഞ്ഞ പൂവാടികകളിൽ കസ്തൂരിഗന്ധം ചൊരിഞ്ഞുകൊണ്ട് മാനുകൾ ഓടി നടക്കുന്നു. രത്നനിർമ്മിതമായ കൽപ്പടവുകൾ ഉള്ള മഹാപത്മതടാകത്തിലെ പൂക്കളിൽ നിന്നും തേനുണ്ട് മത്തരായ മധു ഭൃംഗങ്ങൾ മുരളുന്ന നാദമെങ്ങും കേൾക്കാം. അരയന്നങ്ങളും കുളക്കോഴികളും എല്ലായിടത്തും വിഹരിക്കുന്നു. പൂങ്കാവുകൾ കാറ്റിൽ നിറയെ സൗരഭ്യം പരത്തുന്നു.
ശൃംഗാര മണ്ഡപത്തിൽ അപ്സരസ്സുകൾ ദേവിക്കു ചുറ്റുമിരുന്ന് വിവിധ രാഗങ്ങളിൽ ഗാനമാലപിക്കുന്നു. മുക്തി മണ്ഡപത്തിന്റെ മദ്ധ്യത്തിലിരുന്ന് ശിവയായി ദേവി മുക്തിയേകുന്നു. ജ്ഞാനമണ്ഡപത്തിലിരുന്ന് ദേവി അംബികയായി ജ്ഞാനമരുളുന്നു. നാലാമത്തെ മണ്ഡപമായ ഏകാന്ത മണ്ഡപത്തിൽ ഇരുന്നു കൊണ്ട് ജഗത്തിന്റെ രക്ഷയെപ്പറ്റി ദേവി തന്റെ മന്ത്രിമാരുമായി പര്യാലോചിക്കുന്നു.
ചിന്താമണി ഗൃഹത്തിൽ പത്തു സോപാനങ്ങളുള്ള ഒരു മഞ്ചമുണ്ട്. ശക്തി തത്വാത്മകങ്ങളാണ് ആ സോപാനങ്ങൾ ഓരോന്നും. ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, ഈശ്വരൻ, എന്നീ കാലുകളും സദാശിവൻ അതിന്റെ പലകയുമാണ്. അതിനു മുകളിലാണ് ഭുവനേശ്വരിയായ മഹാദേവി ഇരുന്നരുളുന്നത്. ലീലാർത്ഥമായി ദേവിക്ക് ഒരേസമയം മഹാദേവൻ, മഹാദേവി എന്നീ ഭാവങ്ങളുണ്ട്.
സൃഷ്ടിയുടെ സമാരംഭത്തിൽ മഹാദേവിയുടെ പാതിമെയ്യായി കന്ദർപ്പന്റെ ദർപ്പമകറ്റാൻ പോന്ന കാന്തിയോടെ മഹേശ്വരൻ ഉണ്ടായി. മഹേശ്വരന് അഞ്ചു മുഖങ്ങളും മൂന്നു കണ്ണുകളുമാണ്. വരദാഭയങ്ങളും മാനും മഴുവും കൈകളിലേന്തി എന്നും പതിനാറിൽ നിൽക്കുന്ന ആ ദേവദേവൻ സർവ്വേശ്വരൻ തന്നെയാണ്. മണിഭൂഷാവിഭൂഷിതനായ ശുദ്ധസ്ഫടികഛവിയുള്ള ദേവന്റെ കാന്തി കോടി സൂര്യൻമാർക്ക് തുല്യമത്രേ. ആ ദേഹത്തിന് കോടിചന്ദ്രന്റെ ശീതളിമയാണ്. മഹേശ്വരന്റെ വാമാങ്കത്തിൽ ഭുവനേശ്വരിയായി ദേവിയിരിക്കുന്നു.
നവരത്നഖചിതമായ കാഞ്ചിയും അരഞ്ഞാണും വൈരം പതിച്ച മറ്റംഗാഭരണങ്ങളും ധരിച്ച ദേവിയുടെ കാതിൽക്കിടക്കുന്ന തോടകൾക്ക് ശ്രീ ചക്രത്തിന്റെ ശോഭയാണ്. അതിന്റെ തിളക്കം ദേവിയുടെ സ്വതേ പ്രകാശപൂരിതമായ വദന ശോഭയ്ക്ക് ദീപ്തിയേകുന്നു. ദേവിയുടെ നെറ്റിത്തടം ചന്ദ്രക്കലയെ വെല്ലുന്നത്ര തിളക്കമാർന്നതത്രേ. ചെന്തൊണ്ടിപ്പഴം തോൽക്കുന്ന ചുണ്ടുകൾ, തിളക്കമാർന്ന കുങ്കുമപ്പൊട്ട്, കസ്തൂരി കൊണ്ട് തൊടുകുറി, സൂര്യചന്ദ്രപ്രഭമായ ദിവ്യ ചൂഡാമണി, ഉദയസൂര്യ പ്രഭാ കിരണങ്ങൾ പോലെ പ്രഭ.ചൊരിയുന്ന മൂക്കുത്തി, ചിന്താമണിപ്പതക്കം തൂങ്ങുന്ന മുത്തുമാല, ചന്ദനച്ചാറും കർപ്പൂര കുങ്കുമങ്ങളും പുരട്ടിയ കുച കുംഭങ്ങള്‍, ശംഖിനൊത്ത കഴുത്ത്, വിചിത്രങ്ങളായ ആഭരണങ്ങള്‍, താളിമാതളക്കുരുവിനൊക്കുന്ന ദന്തങ്ങള്‍, അമൂല്യ രത്നങ്ങൾ പതിച്ച കിരീടം, പ്രഭാപൂരിതമായ മുഖകമലത്തിനു മുകളിൽ വണ്ടിനങ്ങളെന്ന പോലെ വിലസുന്ന ശ്യാമാഭയാർന്ന അളകങ്ങള്‍. കളങ്കമറ്റ ചന്ദ്രനെപ്പോലെ തെളിഞ്ഞ മുഖം, ഗംഗാജലത്തിലെ നീർച്ചുഴി പോലെ കുഴിഞ്ഞ പൊക്കിള്‍, മാണിക്യ മോതിരങ്ങൾ അണിഞ്ഞവിരലുകള്‍, താമരപ്പൂ ദളങ്ങളെപ്പോലെ നീണ്ട മൂന്നു കണ്ണുകള്‍, രത്ന കിങ്കിണികൾ കിലുങ്ങുന്ന കങ്കണങ്ങള്‍, തേച്ചുമിനുക്കിയ മഹാപത്മരാഗത്തിന്റെ കാന്തി, മാണിക്യ മുത്തൊളി ചിന്നുന്ന പാദസരങ്ങള്‍, രത്നാംഗുലികൾ അലങ്കരിച്ച കൈകള്‍, നാനാഭരണവിഭൂഷിതമായ മാർക്കച്ച, മുടിയിൽ ചൂടിയ പിച്ചകപ്പൂമണത്താൽ ആകൃഷ്ടരായി പറന്നെത്തുന്ന കരിവണ്ടുകള്‍, തടിച്ചുയർന്ന വട്ടപ്പോർ കൊങ്കകള്‍, വരദം, അഭയം, തോട്ടി, കയർ, എന്നിവയേന്തിയ നാലു തൃക്കരങ്ങള്‍, ശൃംഗാരലാവണ്യരസ സമ്പന്നമായ ആടകള്‍ എല്ലാം സമ്യക്കായി ചേര്‍ന്ന് വിരാജിക്കുന്ന ദേവിയുടെ മൊഴികള്‍ വീണാനാദത്തിന്റെ മധുരിമയെ വെല്ലുന്നതാണ്. കോടി കോടി സൂര്യചന്ദ്രൻമാരെ വെല്ലുന്ന കാന്തിയും തേജസ്സും തൂകി ദാസീസഞ്ചയങ്ങളാലും സകലദേവതമാരാലും പരിസേവിതയായി ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി എന്നീ ശക്തിത്രയത്തോട് ചേർന്ന് ദേവിയവിടെ ഉല്ലസിച്ചു വിളയാടുന്നു. ലജ്ജാ, കീർത്തി ക്ഷമാകാന്തി, തുഷ്ടി, പുഷ്ടി, ദയാ, ബുദ്ധി, മേധാ സ്മൃതി, ലക്ഷ്മി എന്നിവ മൂർത്തീരൂപമെടുത്ത അംഗനമാരായി ദേവിയെ സേവിക്കുന്നു. അവിടെ ജയ, വിജയ, നിത്യാ, വിലാസിനി, ദോഗ്ധ്രീ, അഘോരാ, മംഗളാ, നവ എന്നീ പീഠശക്തികളും സേവനനിരതരായിരിക്കുന്നു.
ദേവിയുടെ ഇരു ഭാഗത്തുമുള്ള ശംഖം, പത്മം എന്നീ നിധികളിൽ നിന്നും സപ്തധാധുക്കൾ നിറഞ്ഞ നവരത്നമയവും സ്വർണ്ണമയവുമായ അനേകം നദികൾ ഒഴുകി അമൃതക്കടലിൽ ചെന്ന് പതിക്കുന്നു. ഭുവനേശ്വരിയയ ദേവി ഇടതുഭഗത്ത് വിരാജിക്കുന്നതിനാലാണ് മഹേശന് സർവ്വേശപദവി ലഭിച്ചത്. ഈ ചിന്താമണി ഗൃഹത്തിന് ആയിരം യോജന വലുപ്പമുണ്ടെന്ന് അറിവുള്ളവർ പറയുന്നു. അതിനു ചുറ്റിനും അത്യുയരത്തിൽ മതിലുകളുണ്ട്. ഓരോ കോട്ടയും തൊട്ടു മുൻപിലത്തേതിനേക്കാൾ ഇരട്ടി ഉയരത്തിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. ആ കോട്ടകൾ ആധാരമൊന്നുമില്ലാതെ ആകാശത്ത് നിലകൊള്ളുന്നു. ആ വൻമതിലുകൾ സൃഷ്ടി പ്രളയ ചക്രത്തിന് അനുസരിച്ച് നിവരുകയും ചുരുളുകയും ചെയ്യുന്നു. ദേവിയുടെ സാന്നിദ്ധ്യം മൂലം മറ്റു കോട്ടകളേക്കാൾ പ്രഭാഞ്ചിതമാണ് ചിന്താമണിഗേഹം.
മർത്ത്യലോകത്തും നാഗലോകത്തും ദേവലോകത്തുമെന്നു വേണ്ട ബ്രഹ്മാണ്ഡങ്ങളിലെ ദേവീയുപാസകരെല്ലാം എത്തിച്ചേരുന്നത് ഇവിടെയത്രേ. ദേവ്യർച്ചനയിൽ മുഴുകി ദേവീക്ഷേത്രങ്ങളിൽത്തന്നെ കിടന്ന് ദേഹമുപേക്ഷിക്കാനിടയായവർ ഇവിടുത്തെ നിത്യമഹോത്സവത്തിൽ പങ്കാളികളാവുകതന്നെ ചെയ്യും.
നെയ്യ്, പാല്, തൈര്, തേൻ, അമൃത്, മാമ്പഴച്ചാറ്, കരിമ്പിൻ ചാറ്, ഞാവൽപ്പഴച്ചാറ്, എന്നിവയൊഴുകുന്ന നദികളവിടെ സുലഭമാണ്. ഇവിടുത്തെ വൃക്ഷങ്ങൾ സാധകമനോരഥത്തിലുള്ള ഫലവർഗ്ഗങ്ങളാണ് അപ്പപ്പോൾ ഉതിർക്കുന്നത്. ഇവിടെയുള്ള വാപീകൂപങ്ങൾ നിറഞ്ഞുള്ള തെളിനീർ കുടിച്ചാൽപ്പിന്നെ അവരുടെ വാഞ്ഛിതങ്ങൾ എല്ലാം നടപ്പാവുന്നു. ഇവിടെയുള്ള ഒരാൾക്കും ജരാനരകൾ ബാധിക്കയില്ല. ചാന്താക്ലേശമോ മാത്സര്യബുദ്ധിയോ കാമക്രോധങ്ങളോ അവരെ ബാധിക്കില്ല. എന്നെന്നും അവര്‍ യുവാക്കളായി ഭാര്യമാരുമൊത്ത് ആദിത്യ തേജസ്സോടെ ഭുവനേശ്വരിയെ സദാ ഭജിക്കുന്നു.
അവിടെയുള്ള സാധകരിൽ ചിലർ സാലോക്യരും, ചിലർ സാമീപ്യമാർന്നവരും, ചിലർ സാരൂപ്യമാർന്നവരും ഇനിയും ചിലർ സായൂജ്യം പ്രാപിച്ചവരുമത്രേ. ബ്രഹ്മാണ്ഡത്തിലെല്ലൊടവും ഉള്ള ദേവിമാർ സമഷ്ടി രൂപത്തിൽ ഭുവനേശ്വരിയെ ഉപാസിക്കുന്നു. ഏഴു കോടി മഹാമന്ത്രങ്ങളും വിദ്യകളും ഉടലാർന്ന് മായാശബളരൂപയായി വർത്തിക്കുന്ന ദേവിയെ, സാമ്യാവസ്ഥാത്മികയായ ദേവിയെ, കാരണബ്രഹ്മത്തെ സേവിക്കാനവിടെ നിലകൊള്ളുന്നു.
സൂര്യചന്ദ്രൻമാർക്കോ മിന്നൽപ്പിണരുകൾക്കോ മണി ദ്വീപിന്റെ കോടി അംശം ദ്യുതി പോലുമില്ല. ഒരിടത്ത് പച്ചക്കല്ലൊളി, മറ്റൊരിടത്ത് പവിഴത്തിന്റെ പ്രഭ. ഒരിടത്ത് സൂര്യനും മിന്നലും ചേർന്ന ശോഭ. മറ്റൊരിടത്ത് മദ്ധ്യാഹ്ന സൂര്യപ്രഭ. ഇനിയുമൊരിടത്ത് കോടിമിന്നൽ പ്രവാഹം, ചിലേടത്ത് രത്നത്തിളക്കം. ചിലേടത്ത് കുങ്കുമാഭ. ഇന്ദ്രനീലക്കല്ലിൻ തിളക്കം, മാണിക്യ പ്രദീപ്തി, മരതക്കല്ലിന്റെ പ്രഭാപൂരം, എന്നിവയാൽ മണിദ്വീപിലെ എല്ലാടവും പ്രോജ്വലത്തായി നിലകൊള്ളുന്നു.
ചിലയിടത്ത് കാട്ടുതീ പോലുള്ള വെളിച്ചം പരന്നിരിക്കുന്നു. ചിലയിടത്ത് ഉരുക്കിയ തങ്കത്തിളക്കം കാണാം. ചന്ദ്രകാന്തക്കല്ലും സൂര്യകാന്തക്കല്ലും പരത്തുന്ന വെട്ടമാണ് മറ്റിടങ്ങളിൽ. രത്നക്കുന്നുകൾ, രത്നക്കോട്ടകൾ, ഗോപുരങ്ങൾ, രത്ന പത്രങ്ങളും പഴങ്ങളും പൊഴിക്കുന്ന വൃക്ഷങ്ങൾ, പൂങ്കാവനങ്ങൾ, നൃത്തം വയ്ക്കുന്ന മയിലിനങ്ങൾ, കുയിലുകളുടെ കാകളിപ്പാട്ട് പ്രാവുകളുടെ കുറുകൽ, തത്തകളുടെ കിളിക്കൊഞ്ചൽ, എന്നിവയാൽ മണിദ്വീപ് അതിരമണീയമായി കാണപ്പെടുന്നു.
ലക്ഷക്കണക്കായ തെളിനീർ പൊയ്കകളിൽ നിറയെ പൂക്കളാണ്. അവയുടെ മദ്ധ്യത്തിൽ രത്ന പത്മങ്ങളുണ്ട്. സുഗന്ധ പരിമളം തൂകുന്ന കാറ്റാണെങ്ങും വീശുന്നത്. ചെറുകാറ്റിലിളകിയാടുന്ന വള്ളിച്ചെടികൾ, ചിന്താമണിച്ഛവികളാൽ തിളങ്ങുന്ന ആകാശം, രത്നപ്രഭ പ്രഭാസിക്കുന്ന ദിക്കുകൾ, മന്ദമായി വീശുന്ന സുഗന്ധ മാരുതൻ, മണിദീപങ്ങളും ധൂപങ്ങളും സദാ എരിയുന്ന മണ്ഡപങ്ങൾ, ദീപകോടികൾ പ്രതിഫലിക്കുന്ന കണ്ണാടിച്ചില്ലുകൾ, എന്നിവയാൽ മണി ദ്വീപ് സംഭ്രമാത്മകമായി പ്രശോഭിക്കുന്നു.
സമസ്ത ശൃംഗാരങ്ങൾ, സർവ്വൈശ്വര്യങ്ങൾ, സമസ്ത വിജ്ഞാനങ്ങൾ, സർവ്വ തേജസ്സുകൾ, സർവ്വോത്കൃഷ്ട ഗുണങ്ങൾ, സർവ്വവിക്രമങ്ങൾ, ദയകൾ, എന്നിവയുടെയെല്ലാം സാക്ഷാത്കാരം ഇവിടെയത്രേ.
രാജാനന്ദം മുതൽ ബ്രഹ്മാനന്ദംവരെയുള്ള എല്ലാ ആനന്ദനിലകളും ഇവിടെ അന്തർഭവിച്ചിരിക്കുന്നു. ശ്രീദേവിയുടെ പരമമായ സദനമാണീ സർവ്വ ലോകോത്തമമായ മണിദ്വീപം. ഇതിനെപ്പറ്റി സ്മരിക്കുന്നതു പോലും പാപഹരമാണ്. മരണസമയത്ത് മണിദ്വീപം സ്മരണയിലുണർന്നാൽ ജീവന് അവിടെയെത്തിച്ചേരാം.
ഇത് പഠിച്ചാൽ ഭൂതപ്രേത പിശാചബാധകൾ പഠിതാവിനെ തീണ്ടുകയില്ല. പുതുതായി വീടുണ്ടാക്കുമ്പോഴും വാസ്തു പൂജ ചെയ്യുമ്പോഴും ഇതു വായിക്കുന്നത് അതീവ മംഗളകരമാണ്.